എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Monday, July 28, 2008

ലൈംഗിക അരാചകത്വം കേരളത്തില്‍

തിരുവല്ലയില്‍ സ്വന്തം മകളെ ഒരച്ഛനും, ചെറിയച്ഛനും ചേര്‍ന്ന് പീഡിപ്പിച്ചു; പാലക്കാട് തന്റെ മകളല്ല എന്ന സംശയത്തിന്റെ പേരില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് മാനഭംഗപ്പെടുത്തി എന്ന വെളിപ്പെടുത്തലും കേരളത്തിലെ ലൈംഗിക അരാചകത്വം അതിന്റെ ഉന്നതിയില്‍ എത്തി നില്‍ക്കുന്നു എന്ന് തുറന്ന് കാട്ടുന്നു.

ഇതിന് മുന്‍പും പെണ്‍കുട്ടികളെ ബന്ധുക്കള്‍ ചതിയില്‍ പെടുത്തിയ സംഭവങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട് അത് പണത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ ഇന്ന് പുറത്ത് വരുന്നത് ലൈംഗിക സംതൃപ്തിക്ക് വേണ്ടിയുള്ള സംഭവങ്ങളാണ്. കഴിഞ്ഞ ദിവസം ഗൌരിനാഥിന്റെ മായകാഴ്ചകളിലെ ഒരു പോസ്റ്റ് (http://mayakazhchakal.blogspot.com/2008/07/blog-post_21.html ) കാണാനിടയായി. അതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നവയാണ്. 2003ല്‍ 150ഓളം പെണ്‍കുട്ടികളില്‍ 12ഓളം കുട്ടികള്‍ അടുത്ത ബന്ധുക്കളാലോ, അയല്‍ക്കാര്‍ മൂലമോ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു അത്രേ! ഗൌരിയോട് 12 പേര്‍ വെളിപ്പെടുത്തിയെങ്കില്‍ വെളിപ്പെടുത്തുവാന്‍ ധൈര്യമില്ലാത്ത എത്രയോ പേര്‍ കാണണം. ഇത് പെണ്‍കുട്ടികളുടെ കാര്യം ആണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളതോ?

ഈ കാര്യങ്ങളെല്ലാം ചൂണ്ടികാട്ടുന്നത് കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന ലൈംഗിക അരാജകത്വത്തെയാണ്. എന്തായിരിക്കാം ഇതിന് കാരണം? പലതും.. അതിലൊന്ന് പീഡനം തുറന്ന് പറയുവാന്‍ കുട്ടികള്‍ മുന്‍പോട്ട് വന്നത് തന്നെ. ഇതിന് മുന്‍പും ഇതു പോലെ നടന്നിരിക്കണം പക്ഷേ അവ വെളിച്ചം കാണാതെ പോയി. അമേരിക്കയിലും മറ്റും ചില പുരോഹിതര്‍ ചെറിയ കുട്ടികളെ പ്രകൃതി വിരുദ്ധതയ്ക്ക് വിധേയമാക്കി എന്ന് പരാതി ഉയര്‍ന്നപ്പോള്‍ 1950കളില്‍ പോലും ഇത്തരം പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ് ആളുകള്‍ ഇന്ന് രംഗത്തെത്തിയിരിക്കുന്നു. ലൈംഗിക വിദ്യാഭ്യാസത്തില്‍ മുന്‍പില്‍ നില്‍ക്കുന്നവരായ അമേരിക്കയില്‍ പോലും പീഡനത്തിനിരയാകുകയും, അത് വെളിയില്‍ പറയാന്‍ മടിക്കുകയും ചെയ്യുന്നു. അപ്പോള്‍ കേരളത്തിന്റെ കാര്യം പറയാതിരിക്കുന്നതായിരിക്കും നല്ലത്.

ലൈംഗിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു കുട്ടിയെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനാവൂ. വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം എന്ന് പറഞ്ഞപ്പോള്‍ ചില മത സംഘടനകളും രാഷ്ട്രീയക്കാരും എന്തെല്ലാം പുകിലാണ് ഉണ്ടാക്കിയത്. അധ്യാപകര്‍ എങ്ങിനെ ഇത് ക്ലാസ്സില്‍ അവതരിപ്പിക്കും, എങ്ങിനെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കും എന്നൊക്കെ പറഞ്ഞ് അത് ഇതു വരെ നടപ്പിലാക്കുവാന്‍ സമ്മതിച്ചിട്ടില്ല. എന്നാല്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ധൈര്യപൂര്‍വ്വം ലൈംഗിക വിദ്യാഭ്യാസം സിലബസ്സില്‍ ഉള്‍പ്പെടുത്തി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. ലൈംഗികതയെ സംബന്ധിച്ച് ആര്‍ക്ക് എന്ത് എത്ര കൊടുക്കണമെന്ന് പരിശീലനം കിട്ടിയവര്‍ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട് അവരുടെ സഹായം തേടണം. അവര്‍ ഇക്കാര്യങ്ങള്‍ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യും എന്നതില്‍ സംശയമില്ല.

ആധുനിക യുഗത്തിന്റെ വേഗതയ്ക്കൊത്ത് നാം ചലിക്കാതിരുന്നതല്ലേ നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഇന്റര്‍നെറ്റിന്റെയും മറ്റ് ആധുനിക സാങ്കേതിക വിദ്യകളുടെയും കടന്ന് കയറ്റം നമ്മുടെ കുട്ടികളെയും മുതിര്‍ന്നവരെയും മറ്റൊരു ലോകത്തേയ്ക്ക് തള്ളി വിട്ടിരിക്കുകയാണ്. പൊതുസ്ഥലത്ത് ഇടേണ്ട വസ്ത്രങ്ങളെ പറ്റിയും, എങ്ങിനെ പെരുമാറണം എന്നതിനെ പറ്റിയും ഇന്നത്തെ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്ക് അന്യമായിരിക്കുന്നു. സിനിമകളിലും, ഇന്റര്‍ നെറ്റുകളിലും കാണുന്നതാണ് ജീവിതം എന്ന് അവര്‍ കരുതുന്നു. ഇത് തിരുത്തുവാന്‍ മുതിര്‍ന്നവര്‍ക്ക് സമയവുമില്ല. അണുകുടുമ്പത്തിന്റെ ഏറ്റവും വലിയ പോരായ്മയാണിത്. പണ്ട് നിയന്ത്രിക്കുവാന്‍ അമ്മൂമ്മമാരും, അപ്പൂപ്പന്മാരുമുണ്ടായിരുന്നു. ഇന്നോ?

അതായത് ആധുനിക മാധ്യമങ്ങളിലൂടെ കടന്നു വരുന്ന ലൈംഗികതയെ നേരിടുവാന്‍ ഇന്നത്തെ വിദ്യാഭ്യാസത്തിന് കഴിയുന്നില്ല. ഇവര്‍ക്ക് ശരിയായ സമയത്ത് ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം കിട്ടിയിരുന്നെങ്കില്‍ ഇന്ന് കേരളത്തില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നോ? ഇനിയും വൈകി കൂടാ. നാം പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു. അടുത്ത തലമുറയെ നാം രക്ഷിക്കേണ്ടതുണ്ട്. പീഡന സാഹചര്യങ്ങളെ ധൈര്യപൂര്‍വ്വം കൈകാര്യം ചെയ്യുവാനും, തുറന്ന് പറയുവാനും കഴിവുള്ളവരാക്കി മാറ്റാന്‍ പീഡിപ്പിച്ചു എന്ന് തെളിയുന്നവര്‍ക്ക് (അത് ആരായാലും) കടുത്ത ശിക്ഷ നല്‍കേണ്ടിയിരിക്കുന്നു.

2 comments:

mljagadees said...

ഇതിനൊക്കെ ഒരു പ്രധാന കരണം നമ്മുടെ മാധ്യമങ്ങളും സിനിമയുമാണ്.
സിനിമക്കും പരസ്യങ്ങള്‍ക്കും പണം നല്‍കാതിരിക്കുക. സിനിമ കാണണമെന്നുവെച്ചാല്‍ അത് കോപ്പിചെയ്തോ, ഡൗണ്‍ലോഡ് ചെയ്തോ, ലൈബ്രറിയില്‍ നിന്ന് സിഡി എടുത്തോ കാണുക. ഏറ്റവും കുറവ് പരസ്യങ്ങള്‍ ഉള്ള ഉത്പന്നങ്ങള്‍ വാങ്ങുക. ആഭാസ പരസ്യങ്ങള്‍ ഉള്ള ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.
ഇത് നമ്മുടെ സുഹൃത്തുക്കളേയും അറിയിക്കുക.

അനില്‍@ബ്ലോഗ് said...

ഒറ്റപ്പെട്ടസംഭവങ്ങളെ വിട്ടുകളയുക.അതു ഒരു ജനതയുടെ മുഴുവന്‍ സംസ്കാരം ആണെന്നു പറഞ്ഞു പരത്താതിരിക്കുക.
പിന്നെ ലൈഗികതയുടെ കാര്യം.ഇവിടെ ആണും പെണ്ണും നേര്‍ക്കുനേര്‍ വന്നാല്‍ ഉടന്‍ ചിന്തകള്‍ വഴിതെറ്റുന്നു, സത്യമാണു. എന്താണു കാരണമെന്നു ആലോചിക്കണം.ഇവിടുത്തെ കപടസദാചാരമാണു ആദ്യം മാറേണ്ടതു.