ചിന്ത വാരികയില്‍ (http://www.deshabhimani.com/htmlpages/chintha/desharea/index.htm#b5) രഘു എഴുതിയ ലേഖനം.
പെട്രോളിയം വില കുറയ്ക്കാത്തതെന്തേ?
രഘു
സാധാരണക്കാരുടെ ക്ഷേമമല്ല തങ്ങളുടെ അജണ്ടയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കുന്നു. യാത്രാ വിമാനങ്ങളുടെ ഇന്ധനവില കുറയ്ക്കുന്നു. എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുറയ്്ക്കുന്നുമില്ല! അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്ന ഓരോ സന്ദര്‍ഭത്തിലും ആഭ്യന്തര വിപണിയിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച ചരിത്രമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ആഗോള ധനപ്രതിസന്ധിയുടെ പ്രതിഫലനമെന്ന നിലയില്‍ എണ്ണ വിലയിലും അന്താരാഷ്ട്ര വിപണിയില്‍ ഇടിവുണ്ടായി. എന്നല്ല രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയുടെ നേര്‍പകുതിയിലും താഴെയെത്തി, കഴിഞ്ഞ ഒരുമാസത്തിലധികമായി അസംസ്കൃത എണ്ണയുടെ വില. എന്നിട്ടും ഇന്ത്യയിലെ ഭരണകൂടം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു വിലകുറയ്ക്കില്ലെന്ന കടുംപിടുത്തത്തിലാണ്. ഇതിനു ന്യായമായി സര്‍ക്കാര്‍ നിരത്തുന്നത് എണ്ണക്കമ്പനികളുടെ നഷ്ടത്തിന്റെ കണക്കുകളാണ്. ഇവിടെയും സാധാരണക്കാര്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കുപുറത്ത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില, ഏറ്റവുമവസാനം വര്‍ധിപ്പിച്ചതെങ്കിലും കുറച്ചാല്‍ ബഹുഭൂരിപക്ഷത്തിനും ആശ്വാസമാവുമെന്നതിനാലും ആഗോള ധനപ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്നും കുറച്ചെങ്കിലും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയുമെന്നതിനാലുമാണ് സിപിഐ എം വിലകുറയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയതിനുശേഷം അവശ്യവസ്തുക്കളുടെ വില ഗണ്യമായി ഉയര്‍ന്നിരുന്നു; നാണപ്പെരുപ്പനിരക്ക് റെക്കോഡിലെത്തുകയും ചെയ്തു. ഇവ നിയന്ത്രിക്കുന്നതിനും എണ്ണവില കുറയ്ക്കേണ്ടത് അനിവാര്യമാണ്.
അസംസ്കൃത എണ്ണയുടെ വില ബാരലിന് 140 ഡോളറായിരുന്നപ്പോഴാണ് കേന്ദ്രം പെട്രോളിന് ലിറ്ററിന് നാലു രൂപയും ഡീസലിന് രണ്ടുരൂപയും വീതം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലും താഴ്ന്നിരിക്കുന്നു. വില 61 ഡോളറായി താഴ്ന്നാല്‍ ആഭ്യന്തര വിപണിയിലെ വില കുറയ്ക്കാം എന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്റ പാര്‍ലമെണ്ടില്‍ പ്രസ്താവിച്ചിരുന്നു. ആഴ്ചകളായി ശരാശരി 60 ഡോളറില്‍ തന്നെ വില നിലനിന്നിട്ടും വില കുറച്ചില്ലെന്നു മാത്രമല്ല, വില കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ലെന്നാണ് ഏറ്റവുമവസാനമായി മാധ്യമങ്ങളോട് പെട്രോളിയം മന്ത്രി പറഞ്ഞത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വില ഇടിഞ്ഞതാണ് ന്യായമായി പറയുന്നത്. അതുകൊണ്ട് എണ്ണവില കുറഞ്ഞതിനാല്‍ വലിയ ലാഭമൊന്നുമുണ്ടാവുന്നില്ലെന്നും കമ്പനികള്‍ ഇപ്പോഴും കനത്ത നഷ്ടത്തിലാണെന്നും സര്‍ക്കാര്‍ പറയുന്നു. വ്യോമയാന ഇന്ധനത്തിനു വിലകുറച്ചു എന്നത് വിരോധാഭാസമാവുന്നു. രൂപയുടെ മൂല്യം ഏകദേശം ഇരുപത്തഞ്ച് ശതമാനം മാത്രമേ കുറഞ്ഞിട്ടുള്ളൂ; എന്നാല്‍ എണ്ണവില അമ്പത്ശതമാനത്തിലും താഴ്ന്നിരിക്കുന്നു. അപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിലൂടെ വന്‍നഷ്ടം ഉണ്ടാവില്ലെന്നു വ്യക്തം.
കഴിഞ്ഞ ജൂണില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച അവസരത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലൊന്നിന് 140 ഡോളറായിരുന്നു. അത് ജൂലൈ മാസത്തില്‍ 147 ഡോളര്‍ വരെ എത്തി. 2004 ജൂണില്‍ 36 ഡോളര്‍ വിലയുണ്ടായിരുന്നത് നാലുവര്‍ഷത്തിനിടയില്‍ നാലുമടങ്ങ് കണ്ട് വര്‍ധിച്ചു. അമേരിക്കന്‍ അധിനിവേശമാണ് ഒരു കാരണം. മറ്റൊന്ന്, ഈ രംഗത്തെ ഊഹക്കച്ചവടമാണ്. ഇപ്പോഴത്തെ വിലയിടിവിനു കാരണം രണ്ടാമതു പറഞ്ഞതാണ്. ആഗോളധനകാര്യ പ്രതിസന്ധി ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണല്ലേ. അതിനാല്‍ എണ്ണയുടെ അവധി വ്യാപാരവും തിരിച്ചടി നേരിടുന്നു. 86 ഡോളറില്‍ നിന്നും 147 ഡോളറിലെത്തിച്ച അവധി വ്യാപാരം തന്നെ വിലയിടിവിനും കാരണമായി. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം വെട്ടിക്കുറച്ചിട്ടും വില ഉയരുന്നില്ല. ന്യൂയോര്‍ക്കിലെ സിറ്റിഗ്രൂപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയത് ആഗോളതലത്തില്‍ ആവശ്യമായത്ര എണ്ണ ഇന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ്. അപ്പോള്‍ ഉല്‍പ്പന്നത്തിന്റെ ക്ഷാമം കാരണം വില കൂടേണ്ടതില്ല. വിദേശബാങ്കുകളും പെന്‍ഷന്‍ ഫണ്ടുകളും എണ്ണയുടെ അവധി വ്യാപാരത്തിലേക്കു പ്രവേശിച്ചതായിരുന്നു വിലകയറാന്‍ കാരണം. ഇപ്പോഴത്തെ ഓഹരി വിപണിയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ 2008 ഡിസംബറിലെ എണ്ണയുടെ അവധിവ്യാപാര വില 60 ഡോളറില്‍ താഴെയായാണ് നിശ്ചയിച്ചിരിക്കുന്നത്. എണ്ണ വില അടുത്ത കാലത്തൊന്നും ഗണ്യമായി ഉയരാന്‍പോവുന്നില്ലെന്നു ചുരുക്കം.
ഈയൊരു സാഹചര്യത്തിലും ഇന്ത്യന്‍ വിപണിയില്‍ എണ്ണവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഗള്‍ഫ് പര്യടനം കഴിഞ്ഞുമടങ്ങവേ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയിലും എണ്ണവില കുറയ്ക്കില്ലെന്നാണ് പറഞ്ഞത്. അസംസ്കൃത എണ്ണ വില ബാരലിന് 140 രൂപയായിരുന്ന സമയത്ത് വര്‍ധിപ്പിച്ച വിലയാണ് ഇന്നും ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നത്. ഇപ്പോള്‍ രണ്ടാഴ്ചയിലധികമായി എണ്ണവില ശരാശരി 60 ഡോളറോ അതില്‍ താഴെയോ ആയി നില്‍ക്കുന്നു. ഇറക്കുമതി നിരക്കാവട്ടെ ഒക്ടോബര്‍ 28ന് ബാരലിന് 56.72 ഡോളറും നവംബര്‍ നാലിന് 58.62 ഡോളറും നവംബര്‍ അഞ്ചിന് 60.10 ഡോളറുമായിരുന്നു. ഈ വിലനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വിപണിയില്‍ വിലകുറയ്ക്കണമെന്ന ന്യായമായ ആവശ്യം ഉയരുന്നത്.
എണ്ണ കമ്പനികളാവട്ടെ ഇപ്പോള്‍ ലാഭം കൊയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ടാംവാരത്തിലെ അസംസ്കൃത എണ്ണയുടെ വിലയുടെ അടിസ്ഥാനത്തില്‍ പെട്രോള്‍ ഒരു ലിറ്ററില്‍ നിന്നും 4.12 രൂപ വീതം ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ലാഭം നേടുന്നുണ്ട്. എന്നാല്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില്‍പനയില്‍ നഷ്ടം നേരിടുന്നതായും പറയുന്നു. ലിറ്ററൊന്നിന് 96 പൈസയും 22.40 രൂപയും യഥാക്രമം ഡീസലിനും മണ്ണെണ്ണയ്ക്കും നഷ്ടം ഉണ്ടെന്നാണ് കമ്പനികളുടെ വാദം. കമ്പനികള്‍ക്ക് അനുകൂല തീരുമാനം എടുക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരെ അവഗണിക്കുന്നു. എണ്ണവില വര്‍ധിപ്പിച്ച കാലത്ത് നികുതിഘടനയില്‍ മാറ്റം വരുത്തി വില വര്‍ധിപ്പിക്കാതെ, സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാം എന്ന ഇടതുപക്ഷ നിര്‍ദേശം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. അതേ സമയം ഇപ്പോള്‍ സ്വകാര്യവ്യോമയാന കമ്പനികളുടെ നിര്‍ബന്ധത്തിനു വഴങ്ങി വിമാനങ്ങള്‍ക്കുള്ള ഇന്ധനവില കുറച്ചു സര്‍ക്കാര്‍. ഒരു ലിറ്ററിന് 26 രൂപയാണ് കുറവ്. എക്സൈസ് ഡ്യൂട്ടിയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടേതിനേക്കാളും കുറവാണിപ്പോള്‍. വിമാനത്തിന്റെ ഇന്ധനത്തിന് ലിറ്ററിന് 1.80 രൂപ എക്സൈസ് ഡ്യൂട്ടി ചുമത്തുമ്പോള്‍ പെട്രോള്‍ ലിറ്ററൊന്നിന് 13.35 രൂപയും ഡീസല്‍ ലിറ്ററിന് 3.60 രൂപയും എക്സൈസ് ഡ്യൂട്ടിയായി നല്‍കണം. ഇറക്കുമതിത്തീരുവയുടെ കാര്യത്തിലും ഇതേ പോലെ തന്നെ.
പെട്രോളിന്റെ യഥാര്‍ഥ വിലയേക്കാള്‍ കൂടിയതാണ് അതിന്മേലുള്ള നികുതികള്‍. ഈ രീതിയില്‍ ലഭിക്കുന്ന നികുതിയാണ് സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം. ഇത് ഓരോ വര്‍ഷവും കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനുശേഷം വില വര്‍ധിപ്പിച്ചതു വഴി ബജറ്റില്‍ പ്രതീക്ഷിച്ചതിലും കവിഞ്ഞ വരുമാനം കേന്ദ്രത്തിനു ലഭിക്കുകയുണ്ടായി. ഇത്തരത്തില്‍ വില കൂടുന്നതിനനുസരിച്ച് നികുതി വരുമാനം കൂടുന്ന സമ്പ്രദായം മാറ്റി, ലിറ്ററിന് ഇത്ര എന്നു നിശ്ചയിച്ചാല്‍ അധികഭാരം ജനങ്ങളുടെമേല്‍ എല്‍പിക്കാതിരിക്കാം. അതേപോലെ തന്നെ കുത്തക കമ്പനികളുടെ നിര്‍ബന്ധത്തിനു വഴങ്ങി നടപ്പിലാക്കിയതാണ് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെ വിലയും ഇറക്കുമതിചെയ്യുന്ന എണ്ണയുടെ വിലയും തുല്യമാക്കിയത്. ആഭ്യന്തരമായി എണ്ണപര്യവേഷണ, വിതരണ രംഗത്തുള്ള വമ്പന്‍ കുത്തകകള്‍ക്ക് (റിലയന്‍സ്, എസ്സാര്‍, കെയ്ന്‍സ്) യാതൊരുവിധ മൂല്യവര്‍ധനവും നടത്താതെ, അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തില്‍ നിന്നും കൊള്ള ലാഭം കിട്ടുന്നു. ഇതിന്മേല്‍ നികുതി ചുമത്തണമെന്ന ഇടതുപക്ഷത്തിന്റെ നിര്‍ദേശവും ബധിരകര്‍ണ്ണങ്ങളിലാണ് പതിച്ചത്.
ഗള്‍ഫ് പര്യടനം കഴിഞ്ഞുമടങ്ങവേ പ്രധാനമന്ത്രി എണ്ണവില കുറയ്ക്കുന്നതിനേക്കുറിച്ചാലോചിക്കുന്നില്ല എന്നാണ് പറഞ്ഞത്. അതേ സമയം വിമാനഇന്ധനങ്ങളുടെ വില കുറച്ചതിനെ ന്യായീകരിക്കുകയും ചെയ്തു. വ്യാവസായിക പുരോഗതിക്കുവേണ്ടിയാണ് വ്യോമയാന ഇന്ധനവില കുറച്ചത് എന്നാണ് വാദം. എന്നാല്‍ സ്വകാര്യ വിമാനകമ്പനികള്‍ യാത്രാ കൂലിയില്‍ ഇതുവരെയും കുറവുവരുത്തിയിട്ടില്ല. വ്യാവസായിക പുരോഗതിയെന്നാല്‍ ഏതാനും കുത്തകകളുടെ പുരോഗതി എന്നാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ ഉള്ളടക്കം. കമ്പനികള്‍ ലാഭം കൂട്ടുമ്പോള്‍ സാധാരണക്കാര്‍ കഷ്ടപ്പെടട്ടെ. അല്ലെങ്കില്‍ നവംബര്‍ 11ന് അസംസ്കൃത എണ്ണവില ബാരലിന് 55 ഡോളറെത്തിയിട്ടും (പ്രധാനമന്ത്രി എണ്ണ വിലകുറയ്ക്കില്ലെന്നു പറഞ്ഞ ദിവസം തന്നെ), ആഴ്ചകളായി വില ശരാശരി 60 ഡോളറില്‍ താഴെയായിരുന്നിട്ടും ആഭ്യന്തര രംഗത്ത് വിലകുറയ്ക്കാതിരിക്കുമോ? ജനങ്ങളെ ദ്രോഹിക്കുന്ന നവലിബറല്‍ നയങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് മന്‍മോഹന്‍സിങ്ങും കൂട്ടരും ഇക്കാര്യത്തിലും കാണിക്കുന്നത്.
Tuesday, November 18, 2008
Subscribe to:
Post Comments (Atom)


4 comments:
വ്യാവസായിക പുരോഗതിയെന്നാല്‍ ഏതാനും കുത്തകകളുടെ പുരോഗതി എന്നാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ ഉള്ളടക്കം. കമ്പനികള്‍ ലാഭം കൂട്ടുമ്പോള്‍ സാധാരണക്കാര്‍ കഷ്ടപ്പെടട്ടെ.
ജനങ്ങളെ ദ്രോഹിക്കുന്ന നവലിബറല്‍ നയങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് മന്‍മോഹന്‍സിങ്ങും കൂട്ടരും ഇക്കാര്യത്തിലും കാണിക്കുന്നത്.
രൂപയുടെ വില ഇടിഞ്ഞത് കൊണ്ടു ആഭ്യന്തര വില കുറഞ്ഞിട്ടില്ല എന്ന് മനസ്സിലാവാത്ത മണ്ടന്മാര്‍ക്കായി ഒരു ചെറിയ കണക്കു:
ബാരലിന് 140$ ആയപ്പോള്‍ അതിന്റെ വില രൂപയില്‍: 140*40=5600.
ബാരലിന് 60$ ആയപ്പോള്‍ അതിന്റെ വില രൂപയില്‍: 60*50 = 3000.
ഇനി ബ്രാക്കറ്റില്‍ നിന്നും ശെരി ആയ ഉത്തരം എടുത്തെഴുതൂ...
ചോ: 5600 .... 3000
a) >
b) <
c) =
d) ഇതൊന്നും അല്ല..
പ്രധാനമന്ത്രി ഉത്തരം പറഞ്ഞു കഴിഞ്ഞു :-)
സാര്‍ ഇവിടെ സാധാരണക്കാരെ ആരാണ് മുഖവിലക്കെടുക്കുന്നത്. റിലയന്‍സ് അടക്കമുള്ള യുപീഎ ഘടകകക്ഷികള്‍ക്ക് ലാഭം ആവോളം കിട്ടാനുള്ള പദ്ധതിയാണ് ഇതെന്ന് ചിലര്‍ പറയൂന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ പാളും എന്ന് കോണ്‍ഗ്രസ്സിനറിയാം. അത് കൊണ്ട് കത്തുന്ന പുരയില്‍നിന്ന് ഊരിയെടുക്കുന്ന കഴുക്കോല്‍ ലാഭം എന്ന് സാരം.
തെരെഞ്ഞെടുപ്പ് അടുപ്പിച്ച് വില ഒരു പക്ഷെ കുറയുമായിരിക്കും എന്ന് പ്രത്യാശിക്കാം.
അവസാനം പതിയേ ചില സംഘടനകള്‍ ഇതിനെതിരേ ശബ്ദമുയര്‍ത്തിത്തുടങ്ങി. പെട്രോളിന് ഇപ്പോള്‍ വേണമെങ്കില്‍ മുപ്പതു രൂപയില്‍ താഴെ വിലയില്‍ നല്‍കാന്‍ സാധിക്കും.( ഇന്നത്തെ കേരളകൌമുദി വാര്‍ത്ത) പക്ഷേ ജനങ്ങളെ എത്ര നേരം പിഴിയാം എന്നാണിപ്പോള്‍ സര്‍ക്കാര്‍ നോട്ടം.
ഇതും കൂടി നോക്കൂ
http://kizhakkunokkiyandram.blogspot.com/2008/10/blog-post_13.html
Post a Comment