എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Thursday, July 31, 2008

ആധുനിക മനുഷ്യന്‍ എത്ര നിസ്സാരന്‍

ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ടെക്നോളജിയില്‍ നമ്മളാണ് മുന്‍പര്‍ എന്ന അഹങ്കാരം 21ആം നൂറ്റാണ്ടിലെ മനുഷ്യര്‍ക്കുണ്ട്. ജനിതക രഹസ്യം കണ്ടെത്തിയെന്നും, അന്യഗ്രഹങ്ങളില്‍ വെള്ളമുണ്ടെന്ന് കണ്ടെന്നും അഭിമാനത്തോടെ നാം വിളിച്ച് പറയുന്നു.


എന്നാല്‍ ഈ ആഴ്ച നേച്ചര്‍ ജേര്‍ണലില്‍ വന്ന ഒരു ഗവേഷണ പ്രബന്ധം (http://www.nature.com/nature/journal/v454/n7204/abs/nature07130.html) (http://www.nature.com/nature/journal/v454/n7204/extref/nature07130-s1.pdf) നമ്മുടെ ആധുനിക കഴിവിനെ വെല്ലുവിളിച്ചിരിക്കുന്നു. ഈ വീഡിയോ കാണുക http://www.nature.com/nature/videoarchive/antikythera



1901ല്‍ ഗ്രീക്ക് സ്പോഞ്ച് ഡൈവേഴ്സ് കണ്ടെത്തിയ സാധനം (33 x 18x 10 സെ.മി. യുള്ള പെട്ടി) കഴിഞ്ഞ 100 കൊല്ലമായി ശാസ്ത്രജ്ഞരെ വലക്കുവാന്‍ തുടങ്ങിയിട്ട്. 100 ബി.സി.യില്‍ ഉണ്ടായിരുന്ന ഒരു ക്ലോക്കാണിതെന്ന് ഏതാണ്ട് കണ്ടു പിടിക്കുവാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ 2 വര്‍ഷമായിട്ട് നടന്ന “അത്യാധുനിക” ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനങ്ങളില്‍ നിന്നും ഇതില്‍ നിന്ന് ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുന്ന വര്‍ഷങ്ങള്‍ കൂടി മനസ്സിലാക്കാം എന്ന് കണ്ടെത്തിയിരിക്കുന്നു.











ഈ സാധനം എങ്ങിനെ ഉപയോഗിക്കണമെന്നുള്ള നിര്‍ദ്ദേശം ഇതില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.


സങ്കീര്‍ണ്ണമായ പല്‍ചക്രങ്ങളുടെ ചലനമാണ് ക്ലോക്കുകളില്‍ ഉള്ളതെന്ന് നമുക്കറിയാം.


ഈ ഉപകരണത്തിന്റെ ഒരു വശത്ത് നാം എന്തെങ്കിലും ഡാറ്റാ കൊടുത്ത് കഴിഞ്ഞാല്‍ അതിന്റെ റിസള്‍ട്ട് മുന്‍പിലും പുറകിലുമുള്ള ഡയത്സില്‍ കിട്ടും.


മുന്നിലെ ഡയലിനെ പറ്റി ഏകദേശ ധാരണ നേരത്തേ തെന്നെ കിട്ടിയിട്ടുണ്ട്. മുന്നിലുള്ളതില്‍ ഒന്ന് സോഡിയാക്ക് ഡയലും, രണ്ടാമത്തേത് ഈജിപ്ഷ്യന്‍ കലണ്ടറുമാണ്. സൂര്യ-ചന്ദ്രന്മാര്‍ മത്രമല്ല അന്ന് അറിയാമായിരുന്ന 5 ഗ്രഹങ്ങളെയും പ്രനിധാനം ചെയ്യുന്ന സൂപ്പര്‍ ടെക്നോളജിയാണ് ഇതില്‍ കാണുവാന്‍ കഴിയുന്നത്.


ഈ ഗ്രീക്ക് ക്ലോക്കിലെ പുറകിലെ ഡയലില്‍ നടന്ന പുനരന്വേഷണമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനായി അത്യാധുനിക ക്യാമറകളും, എക്സ്-റേകളും, 3ഡി-സി.ഡി. സ്കാനുമാണ് ഉപയോഗിച്ചത്. ഇവിടെ മൂന്ന് തരം കലണ്ടറുകള്‍ ഒരേ സമയം പല്‍ചക്രങ്ങള്‍ കൊണ്ട് നിയന്ത്രിച്ചിരിക്കുന്നു എന്നതാണ് അത്ഭുതം. ഒരണ്ണം 19 കൊല്ലത്തെ മെറ്റോണിക്ക് സൈക്കിള്‍ കലണ്ടറും, രണ്ടാമത്തേത് സറോസ് ഗ്രഹണം പ്രവചിക്കുവാനും, മൂന്നാമത്തേത് ഒളിമ്പിക്സിനുള്ള ഡയലും ആണ്. ഇതിന് മുന്‍പ് വിചാരിച്ചിരുന്നത് മൂന്നാമത്തേത് 76 വര്‍ഷത്തേക്കുള്ള കാലിപ്പിക് ഡയല്‍ ആണെന്നാണ്.


ഇപ്പോള്‍ കണ്ട് പിടിച്ചിരിക്കുന്നതും ശരിയാണോ എന്നത് കണ്ടറിയേണ്ടത് തന്നെ. അതു പോലെ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന വിവരത്തിലും ഈ ഉപകരണത്തിന്റെ മുഴുവന്‍ ഉപയോഗവും വെളിവായിട്ടില്ല.



ഇതു വരെയുള്ള വിവരമനുസരിച്ച് നാം ഡാറ്റ കൊടുത്തു കഴിഞ്ഞാല്‍ മുന്‍ വശത്തുള്ള ഡയലില്‍ നിന്നും സോഡിയാക്ക്, ഈജിപ്ഷ്യന്‍ കലണ്ടര്‍ വിവരങ്ങളും പുറകിലെ ഡയലില്‍ നിന്ന് മെറ്റോണിക്ക്, ഒളിമ്പിക്ക് കലണ്ടറും, വരാന്‍ പോകുന്ന ഗ്രഹണത്തെ കുറിച്ചുള്ള വിവരവും കിട്ടും.


പക്ഷേ ഇവിടെത്തെ അത്ഭുതം വ്യത്യസ്ത കലണ്ടറുകള്‍ ഒരൊറ്റ ക്ലോക്കില്‍ ഉണ്ടാക്കിയിരിക്കുന്നു. അതും ആസ്ട്രോണമിയുമായി ബന്ധപ്പെട്ട്. ഇതിനായി പല വലിപ്പത്തിലും രൂപത്തിലുമുള്ള പല്‍ചക്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. ഈ ഉപകരണം ഉണ്ടാക്കുവാന്‍ ഇന്നത്തെ ആധുനിക ടെക്നോളജിയുടെ തലവന്മാര്‍ക്ക് കഴിയുമോ!

എന്നിട്ടും നമ്മളാണ് അതിബുദ്ധിമാന്മാര്‍ എന്നും 19-20ആം നൂറ്റാണ്ടാണ് ആധുനിക സയന്‍സ്&ടെക്നോളജിയുടെ സുവര്‍ണ്ണകാലമെന്നും നാം പറയുന്നു!
യഥാര്‍ത്ഥത്തില്‍ പണ്ടുണ്ടായിരുന്നവ നാം ഇന്ന് “റീ-ഡിസ്കവര്‍” ചെയ്യുകയല്ലേ! അധിനിവേശങ്ങള്‍ പല കാര്യങ്ങളും ഇല്ലായ്മ ചെയ്തു. അന്നിന്റെ അവശിഷടങ്ങള്‍ കണ്ട് നാം ഇന്ന് അത്ഭുതപ്പെടുന്നു. അതെല്ലാം അന്യഗ്രഹ ജീവികള്‍ കൊണ്ടു വെച്ചതാണെന്ന് പറഞ്ഞ് നാം നമ്മുടെ അഭിമാനം സംരക്ഷിക്കുന്നു. ആയിരമാണ്ടുകള്‍ക്ക് മുന്‍പ് നമ്മളേക്കാള്‍ അത്യാധുനിക രീതിയില്‍ അവര്‍ ജീവിച്ചിരുന്നിരിക്കണം. അധികാര കൊതിയുടെ ഫലമായി കയ്യൂക്കുള്ളവര്‍ അതെല്ലാം നശിപ്പിച്ചു. ഇന്ന് നാം ഒന്നില്‍ നിന്ന് തുടങ്ങിയിരിക്കുന്നു........ അന്നത്തെ അവരുടെ അറിവില്‍ എത്തുവാന്‍ നാം ഇനി എത്ര കാലം കാത്തിരിക്കേണ്ടി വരും? ഇന്ന് നാം ആകാശങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ അന്ന് ജീവിച്ചിരുന്നവര്‍ നമ്മെ നോക്കി പരിഹസിക്കുന്നാണ്ടാവാം!

Monday, July 28, 2008

മോഹന്‍ലാല്‍ നായര്‍സെന്‍ ആകരുതായിരുന്നു

സംവിധായകന്‍ ആല്‍ബര്‍ട്ട് ഇന്തോ-ജപ്പാന്‍ പ്രൊജക്ടിന്റെ ഭാഗമായി മോഹന്‍ലാലിനെയും, ജാക്കിച്ചായനെയും ഉള്‍പ്പെടുത്തി ഒരു പുതിയ സിനിമ നിര്‍മ്മിക്കുന്നു. തിരകഥ എം.ടി., സിനിമയുടെ പേര് “നായര്‍സെന്‍”(നായര്‍സെന്‍ എന്നാല്‍ നായര്‍ജി എന്നാണ്). കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഉയരുന്ന ചോദ്യം: ആരാണ് നായര്‍സെന്‍?

ആരുമറിയാത്ത ജപ്പാനിലിരുന്ന് ബ്രിട്ടീഷുക്കാര്‍ക്കെതിരെ പൊരുതിയ ഒരു ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാളിയാണ് എന്ന് ആല്‍ബര്‍ട്ട് അവകാശപ്പെടുന്നു. തന്റെ അച്ഛന്‍ പറഞ്ഞ് തനിക്ക് തന്റെ നാട്ടുകാരനായ നായര്‍സെനിനെ അറിയാം എന്ന് മോഹന്‍ലാലും. പുള്ളി ബോസിന്റെ “എല്ലാം എല്ലാം ആണ്“ എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ബോസിന്റെ “എല്ലാമായ” ഇങ്ങനെ ഒരു മലയാളി എന്ത് കൊണ്ട് ചരിത്രത്തിലൊന്നും സ്ഥാനം ലഭിക്കാതിരുന്നത്? വക്കം ഖാദര്‍, എന്‍. രാഘവന്‍, കെ.പി.കെ.മേനോന്‍ തുടങ്ങിയ മലയാളികള്‍ ആദ്യകാല ഐ.എന്‍.എ.യില്‍ (ഐ.ഐ.എല്‍.) അംഗങ്ങളായിരുന്നു എന്നും, പിന്നീട് ഐ.എന്‍.എ. പുനര്‍ജീവിപ്പിച്ചപ്പോള്‍ സുബാഷ് രാഘവനെ തന്റെ എക്സൈല്‍ ഗവണ്മെന്റിന്റെ ഫൈനാന്‍സ് മന്ത്രിയാക്കിയിരുന്നു എന്നും രേഖകള്‍ ഉണ്ട്.

സുബാഷ് ചന്ദ്ര ബോസിനെ പറ്റിയും, ഐ.എന്‍.എ.യെയും കുറിച്ച് പലരും പല തവണ എഴുതിയിട്ടുണ്ട്. പക്ഷേ അവിടെയൊന്നും നായര്‍സെന്‍ എന്ന എ.എം.നായരെ കുറിച്ച് ഒരു സൂചന പോലുമില്ല! പിന്നെ ആല്‍ബര്‍ട്ടും, മോഹന്‍ലാലും അവകാശപ്പെടുന്ന നായര്‍സെന്‍ ആരായിരുന്നു? ഇതറിയണമെങ്കില്‍ നായര്‍സെന്‍ എന്ന എ.എം.നായറിന്റെ ജീവചരിത്രം വായിക്കണം (ഐ.എന്‍.എ.യെ കുറിച്ചും, സുബാഷിനെ കുറിച്ചും ഗവേഷണം നടത്തുന്നവര്‍ ഈ പുസ്തകം അംഗീകരിക്കുന്നില്ല, http://www.ihr.org/jhr/v14/v14_Montgomery.html ) . അതായത് പുള്ളിയല്ലാതെ പുള്ളിയെ പറ്റി മറ്റാരും തന്നെ ഇങ്ങേര്‍ ഒരു സ്വാതന്ത്ര്യ സമര പോരാളിയാണെന്ന് എഴുതി കണ്ടിട്ടില്ല.

ആരാണ് യഥാര്‍ത്ഥത്തില്‍ നായര്‍സെന്‍?
18ആം വയസ്സില്‍ പഠിക്കുവാനായി ജപ്പാനില്‍ എത്തി അവിടത്തെ ഭാഷ ഹൃദസ്ത്യമാക്കുകയും ജപ്പാന്‍ പൌരത്വം സ്വീകരിക്കുകയും ചെയ്തു. ഒരു ജപ്പാന്‍കാരിയെ വിവാഹം കഴിച്ചു. കൂടുതല്‍ ദാ ഇവിടെ (http://histrography.blogspot.com ).

ഇന്ത്യ സ്വാതന്ത്രമായതിന് ശേഷം ജപ്പാന്‍ അംബാസിഡര്‍ പദവി വേണമെന്ന് പറഞ്ഞ് നെഹ്രുവിന്റെ അടുത്ത് എത്തി. എന്നാല്‍ നെഹ്രു സുബാഷ് എന്ന പേര്‍ പോലും തനിക്ക് പാരയാകാതിരിക്കുവാന്‍ ശ്രമിച്ചിരുന്ന അക്കാലത്ത് ഐ.എന്‍.എ.ക്കാരെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു എന്ന് മനസ്സിലാക്കിയ നായര്‍സെന്‍ തിരിച്ച് ജപ്പാനില്‍ എത്തി തന്റെ റെസ്റ്റൊറന്റെ പണി തുടര്‍ന്നു. പിന്നീട് ഇന്ദിര ഗാന്ധി വന്നപ്പോള്‍ തന്റെ കറി പൊടിക്ക് ഇന്ദിരാ കറി പൌഡര്‍ എന്ന പേരിട്ട് നോക്കിയെങ്കിലും ഇന്ദിരയും ഒരു നല്ല പദവി നല്‍കിയില്ല.

തന്റെ കടയില്‍ വരുന്നവരോട് തന്നെ കുറിച്ച് പൊക്കി പറയുക എന്ന വിനോദം അദ്ദേഹം തുടര്‍ന്നു (http://www.rediff.com/news/2006/jan/23tps.htm ). ഒടുവില്‍ തന്നെ പുകഴ്ത്തി ഒരു പുസ്തകവും രചിച്ചു. അതില്‍ തന്നെ ബോസിനെ “ഫാസിസ്റ്റ്” എന്നാണ് പുള്ളി വിളിക്കുന്നത്. അങ്ങിനെയുള്ള ഒരാള്‍ സുബാഷിന്റെ രണ്ടാം ഐ.എന്‍.എ.യുമായി സഹകരിക്കും എന്ന് വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടാണ്. പിന്നീട് എങ്ങിനെയാണ് ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ ഐ.എന്‍.എ.യില്‍ നിന്ന് നായര്‍സെന്‍ പോരാടുന്നത്. ഒരു പക്ഷേ കെ.പി.കെ.മേനോനെ പോലെ ഇദ്ദേഹം സുബാഷുമായി തെറ്റി ഐ.എന്‍.എ.യില്‍ നിന്ന് വിട്ട് പോയിട്ടുണ്ടാകാം. എന്നിരുന്നാലും മേനോനെ പോലെ റാഷ് ബിഹാരിയുമായി അടുത്ത് ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ നായര്‍സെനിന്റെ പേര്‍ ആരെങ്കിലും ഏതെങ്കിലും സ്ഥലത്ത് രേഖപ്പെടുത്തേണ്ടതായിരുന്നില്ലേ?

ഇത്രയും “പ്രശസ്തനായ” ഒരു വ്യക്തിയെ കുറിച്ച് പടം എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ ചരിത്ര പടം എന്ന് ഒരിക്കലും പറയരുത്. അങ്ങിനെ പറഞ്ഞാല്‍ ജോധാ-അക്ബര്‍ എന്ന പടത്തിന് സംഭവിച്ച പോലെ ചരിത്ര മണ്ടത്തരമാകും (ചരിത്ര രേഖകളില്‍ ജോധാ എന്ന വനിത അക്ബറിന്റെ മരുമകളാണ് [http://en.wikipedia.org/wiki/Jodhaa_Akbar#Historical_Accuracy ]).

അത് കൊണ്ട് കാലാപാനി പോലുള്ള പടത്തില്‍ അഭിനയിച്ച മോഹന്‍ലാല്‍ ചരിത്ര സത്യം എന്ന് അവകാശപ്പെടുന്ന ഈ പടത്തില്‍ അഭിനയിക്കരുതായിരുന്നു. ഇതിപ്പോള്‍ ഒരേ നാട്ടുകാരനായതു കൊണ്ടും, രണ്ട് പേര്‍ക്കും കറി പൌഡര്‍ ബിസിനസ്സ് ഉള്ളത് കൊണ്ടുമാണ് ഈ പടത്തില്‍ അഭിനയിക്കുന്നതെന്ന് ആളുകള്‍ പറയും (http://maddy06.blogspot.com/2008/01/nair-curry-bose-and-mohanlal.html ).

ആ കാത്തിരുന്ന് കാണാം.... ആല്‍ബര്‍ട്ടിന്റെ നായര്‍സെന്‍ എന്ന സിനിമ ചരിത്രത്തോട് എത്രമാത്രം നീതി പുലര്‍ത്തുമെന്ന്.

ലൈംഗിക അരാചകത്വം കേരളത്തില്‍

തിരുവല്ലയില്‍ സ്വന്തം മകളെ ഒരച്ഛനും, ചെറിയച്ഛനും ചേര്‍ന്ന് പീഡിപ്പിച്ചു; പാലക്കാട് തന്റെ മകളല്ല എന്ന സംശയത്തിന്റെ പേരില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് മാനഭംഗപ്പെടുത്തി എന്ന വെളിപ്പെടുത്തലും കേരളത്തിലെ ലൈംഗിക അരാചകത്വം അതിന്റെ ഉന്നതിയില്‍ എത്തി നില്‍ക്കുന്നു എന്ന് തുറന്ന് കാട്ടുന്നു.

ഇതിന് മുന്‍പും പെണ്‍കുട്ടികളെ ബന്ധുക്കള്‍ ചതിയില്‍ പെടുത്തിയ സംഭവങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട് അത് പണത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ ഇന്ന് പുറത്ത് വരുന്നത് ലൈംഗിക സംതൃപ്തിക്ക് വേണ്ടിയുള്ള സംഭവങ്ങളാണ്. കഴിഞ്ഞ ദിവസം ഗൌരിനാഥിന്റെ മായകാഴ്ചകളിലെ ഒരു പോസ്റ്റ് (http://mayakazhchakal.blogspot.com/2008/07/blog-post_21.html ) കാണാനിടയായി. അതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നവയാണ്. 2003ല്‍ 150ഓളം പെണ്‍കുട്ടികളില്‍ 12ഓളം കുട്ടികള്‍ അടുത്ത ബന്ധുക്കളാലോ, അയല്‍ക്കാര്‍ മൂലമോ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു അത്രേ! ഗൌരിയോട് 12 പേര്‍ വെളിപ്പെടുത്തിയെങ്കില്‍ വെളിപ്പെടുത്തുവാന്‍ ധൈര്യമില്ലാത്ത എത്രയോ പേര്‍ കാണണം. ഇത് പെണ്‍കുട്ടികളുടെ കാര്യം ആണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളതോ?

ഈ കാര്യങ്ങളെല്ലാം ചൂണ്ടികാട്ടുന്നത് കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന ലൈംഗിക അരാജകത്വത്തെയാണ്. എന്തായിരിക്കാം ഇതിന് കാരണം? പലതും.. അതിലൊന്ന് പീഡനം തുറന്ന് പറയുവാന്‍ കുട്ടികള്‍ മുന്‍പോട്ട് വന്നത് തന്നെ. ഇതിന് മുന്‍പും ഇതു പോലെ നടന്നിരിക്കണം പക്ഷേ അവ വെളിച്ചം കാണാതെ പോയി. അമേരിക്കയിലും മറ്റും ചില പുരോഹിതര്‍ ചെറിയ കുട്ടികളെ പ്രകൃതി വിരുദ്ധതയ്ക്ക് വിധേയമാക്കി എന്ന് പരാതി ഉയര്‍ന്നപ്പോള്‍ 1950കളില്‍ പോലും ഇത്തരം പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ് ആളുകള്‍ ഇന്ന് രംഗത്തെത്തിയിരിക്കുന്നു. ലൈംഗിക വിദ്യാഭ്യാസത്തില്‍ മുന്‍പില്‍ നില്‍ക്കുന്നവരായ അമേരിക്കയില്‍ പോലും പീഡനത്തിനിരയാകുകയും, അത് വെളിയില്‍ പറയാന്‍ മടിക്കുകയും ചെയ്യുന്നു. അപ്പോള്‍ കേരളത്തിന്റെ കാര്യം പറയാതിരിക്കുന്നതായിരിക്കും നല്ലത്.

ലൈംഗിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു കുട്ടിയെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനാവൂ. വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം എന്ന് പറഞ്ഞപ്പോള്‍ ചില മത സംഘടനകളും രാഷ്ട്രീയക്കാരും എന്തെല്ലാം പുകിലാണ് ഉണ്ടാക്കിയത്. അധ്യാപകര്‍ എങ്ങിനെ ഇത് ക്ലാസ്സില്‍ അവതരിപ്പിക്കും, എങ്ങിനെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കും എന്നൊക്കെ പറഞ്ഞ് അത് ഇതു വരെ നടപ്പിലാക്കുവാന്‍ സമ്മതിച്ചിട്ടില്ല. എന്നാല്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ധൈര്യപൂര്‍വ്വം ലൈംഗിക വിദ്യാഭ്യാസം സിലബസ്സില്‍ ഉള്‍പ്പെടുത്തി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. ലൈംഗികതയെ സംബന്ധിച്ച് ആര്‍ക്ക് എന്ത് എത്ര കൊടുക്കണമെന്ന് പരിശീലനം കിട്ടിയവര്‍ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട് അവരുടെ സഹായം തേടണം. അവര്‍ ഇക്കാര്യങ്ങള്‍ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യും എന്നതില്‍ സംശയമില്ല.

ആധുനിക യുഗത്തിന്റെ വേഗതയ്ക്കൊത്ത് നാം ചലിക്കാതിരുന്നതല്ലേ നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഇന്റര്‍നെറ്റിന്റെയും മറ്റ് ആധുനിക സാങ്കേതിക വിദ്യകളുടെയും കടന്ന് കയറ്റം നമ്മുടെ കുട്ടികളെയും മുതിര്‍ന്നവരെയും മറ്റൊരു ലോകത്തേയ്ക്ക് തള്ളി വിട്ടിരിക്കുകയാണ്. പൊതുസ്ഥലത്ത് ഇടേണ്ട വസ്ത്രങ്ങളെ പറ്റിയും, എങ്ങിനെ പെരുമാറണം എന്നതിനെ പറ്റിയും ഇന്നത്തെ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്ക് അന്യമായിരിക്കുന്നു. സിനിമകളിലും, ഇന്റര്‍ നെറ്റുകളിലും കാണുന്നതാണ് ജീവിതം എന്ന് അവര്‍ കരുതുന്നു. ഇത് തിരുത്തുവാന്‍ മുതിര്‍ന്നവര്‍ക്ക് സമയവുമില്ല. അണുകുടുമ്പത്തിന്റെ ഏറ്റവും വലിയ പോരായ്മയാണിത്. പണ്ട് നിയന്ത്രിക്കുവാന്‍ അമ്മൂമ്മമാരും, അപ്പൂപ്പന്മാരുമുണ്ടായിരുന്നു. ഇന്നോ?

അതായത് ആധുനിക മാധ്യമങ്ങളിലൂടെ കടന്നു വരുന്ന ലൈംഗികതയെ നേരിടുവാന്‍ ഇന്നത്തെ വിദ്യാഭ്യാസത്തിന് കഴിയുന്നില്ല. ഇവര്‍ക്ക് ശരിയായ സമയത്ത് ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം കിട്ടിയിരുന്നെങ്കില്‍ ഇന്ന് കേരളത്തില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നോ? ഇനിയും വൈകി കൂടാ. നാം പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു. അടുത്ത തലമുറയെ നാം രക്ഷിക്കേണ്ടതുണ്ട്. പീഡന സാഹചര്യങ്ങളെ ധൈര്യപൂര്‍വ്വം കൈകാര്യം ചെയ്യുവാനും, തുറന്ന് പറയുവാനും കഴിവുള്ളവരാക്കി മാറ്റാന്‍ പീഡിപ്പിച്ചു എന്ന് തെളിയുന്നവര്‍ക്ക് (അത് ആരായാലും) കടുത്ത ശിക്ഷ നല്‍കേണ്ടിയിരിക്കുന്നു.

Sunday, July 27, 2008

ഗാന്ധിയെന്ന പരാജിതന്‍

സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് നേതൃത്വം കൊടുത്ത ഗാന്ധിയുടെ പൂര്‍ണ്ണ പരാജയം 1945ല്‍ തന്നെ കാണാം. അതുവരെ മുന്നില്‍ നിന്ന് പൊരുതിയ ഗാന്ധിയെ പിന്നീട് കര്‍ട്ടന്റെ പുറകിലേയ്ക്ക് ചിലര്‍ ചേര്‍ന്ന് വലിച്ചെറിയുന്നതാണ് കാണുന്നത്.


കൂടുതല്‍ വായിക്കുവാന്‍ ദാ ഇവിടെ സന്ദര്‍ശിക്കുക http://histrography.blogspot.com
http://histrography.blogspot.com/2008/07/did-india-abandon-gandhi.html


നാം ഗാന്ധിയെയും, ഗാന്ധിസത്തെയും പുകഴ്ത്തുമ്പോഴും എന്ത് കൊണ്ടാണ് ഗാന്ധിക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം കിട്ടാഞ്ഞത് എന്ന നോബല്‍ കമ്മിറ്റിയുടെ വെളിപ്പെടുത്തല്‍ ഗാന്ധിയെന്ന പരാജിതന്റെ ചിത്രം പുറത്ത് കൊണ്ട് വരുന്നു.

Saturday, July 26, 2008

ഫാദര്‍ മാത്യു എന്ന വിവരദോഷി



മിശ്രവിവാഹിതന്‍ കൊല ചെയ്തു എന്ന് വിവരദോഷിയായ ഫാ. മാത്യു ചന്ദ്രകുന്നേല്‍ പറഞ്ഞത് ദീപികയും ഇട്ടു. ഇന്നലെ ദീപിക ഈ കൊലപാതക വാര്‍ത്ത ഇട്ടപ്പോള്‍ തന്നെ റെജി മിശ്രവിവാഹിതനാണ് എന്ന് എടുത്ത് പറയുകയുണ്ടായി. ഇപ്പോള്‍ ദാ ചന്ദ്രകുന്നേല്‍ അത് വ്യക്തമാക്കി. മിശ്രവിവാഹമല്ലാഞ്ഞിട്ടും ലോകത്ത് എത്രയോ ഹീനമായ കൊലപാതകങ്ങള്‍ നടക്കുന്നു. ഇതിനെ മാത്യുവും ക്രിസ്ത്യന്‍സഭയും എങ്ങ്നെ ന്യായീകരിക്കും?

ചന്ദ്രകുന്നേലിന്റെ മറ്റൊരു ഗുരുതരമായ ആരോപണം റെജിയാണ് കൊലപാതകം ചെയ്തെന്നാണ്. പോലീസ് പോലും പറയുന്നില്ല. അങ്ങ് യു.പി.യില്‍ ഇതു പോലെ ഒരു ഡോക്ടര്‍ മകളെ കൊന്നു എന്ന് ലോക്കല്‍ പോലീസ് തെളിയിച്ച് ആവസാനം സി.ബി.ഐ. അന്വേഷിച്ചപ്പോള്‍ കൊലപാതകി മറ്റൊരാളാണന്ന് വ്യക്തമായി. അത് പോലെയും ഇത് ആയിക്കുടേ? (ഇനി റെജിയാണ് ഈ നീച കൃത്യം ചെയ്ത് എങ്കില്‍ പിന്നീട് ഒരാളും ചെയ്യാത്ത തരത്തില് ഉള്ള ശിക്ഷ നല്‍കണം) ഇവിടെ റെജിയെന്താ മാത്യുവിന്റെ അടുത്ത് കുമ്പസാരിച്ചോ? ഈ പറയുന്ന ആള്‍ എന്ത് കൊണ്ട് അഭയ കേസിലെ പ്രതികളെ കുറ്റക്കാരാണെന്ന് സമ്മതിക്കാത്തത്? ഒരച്ചനും, ക്ന്യാസ്ത്രീയുമാണ് അതിന് പിന്നില്‍ എന്ന് പറഞ്ഞപ്പോള്‍ ക്രിസ്ത്യന്‍സഭ എന്തിനാണ് കലി തുള്ളി ഇറങ്ങിയത്. ഇവിടെ റെജി കുറ്റം ചെയ്തു എന്ന് തെളിയിക്കുന്നത് വരെ പുള്ളിയെ കൊലപാതകി എന്ന് വിളിക്കുവാന്‍ പാടില്ല എന്ന വിവരം പോലും മറന്ന് തോന്നുന്നത് പുലമ്പുന്ന മാത്യുവിനെ പോലെയുള്ള തെര്‍ഡ് റേറ്റ് കപട ളോഹക്കാരെ എന്താണ് ചെയ്യേണ്ടത്?

Thursday, July 24, 2008

മന്മോഹന്‍ ഇന്ത്യക്കാരെ വഞ്ചിച്ചുവോ


ഹൈഡ് ആക്ട് ആണ് പ്രശ്നമെന്ന് മന്മോഹന്‍ ഒഴികെ എല്ലാവരും പറഞ്ഞപ്പോള്‍ അതിന് പുല്ല് വില പോലും പുള്ളി കല്പിക്കാഞ്ഞത് ഒടുവില്‍ സര്‍ക്കാരിന്റെ നിലനില്പിനെ തന്നെ ബാധിച്ചു. വിശ്വാസ പ്രമേയ സമയത്തു പോലും ഹൈഡ് ആക്ട് ഇന്ത്യയെ ബാധിക്കില്ല എന്ന് പ്രസംഗിച്ച മന്മോഹന്‍ തന്നെ ഇതാ ഇന്ത്യന്‍ ന്യൂക്ലിയാര്‍ നിയമം അമെന്റ് ചെയ്യുവാന്‍ പോകുന്നു (http://www.rediff.com/news/2008/jul/24ndeal5.htm). മറ്റ് രാജ്യക്കാരുടെ നിയമം നമ്മളെ ബാധിക്കാതിരിക്കാന്‍ എന്ന് പറഞ്ഞാണ് നീക്കം. അപ്പോള്‍ ഹൈഡ് ആക്ടില്‍ പ്രശ്നമുണ്ട് എന്നല്ലേ ഇപ്പോള്‍ മന്മോഹന്‍ സമ്മതിക്കുന്നത്.

ഇത് പണ്ടേ അങ്ങ് സമ്മതിച്ച് ഈ അമന്മെന്റ് ഉണ്ടാക്കിയിരുന്നെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് മുന്‍പില്‍ ഇങ്ങനെ നാണം കെടുമായിരുന്നോ?

ഇന്ത്യന്‍ ജനാധിപത്യം കോടികള്‍ കൊടുത്ത് വാങ്ങാം എന്ന സന്ദേശം നല്‍കിയ മന്മോഹന്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും വഞ്ചിക്കുകയായിരുന്നില്ലേ......

ചരിത്രത്തില്‍ മന്മോഹന്‍ 21ആം നൂറ്റാണ്ടിന്റെ മുഹമ്മദ് ബിന്‍ തുക്ലക്ക് എന്ന് അറിയപ്പെടുമെന്നതില്‍ സംശയമില്ല.

Tuesday, July 22, 2008

സ്ത്രീപീഡന പരമ്പരയില്‍ നീലന്‍ നിരപരാധിയോ

അങ്ങ് വടക്ക് ഗില്‍ എന്ന “സിങ്കം” ഒരു പാര്‍ട്ടിക്കിടയില്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതില്‍ കോടതി ഗില്ലിനെ ശിക്ഷിച്ചു. അന്ന് പീഡനത്തിരയാകുന്നവര്‍ക്ക് അത് ധൈര്യം പകര്‍ന്നു. പല ഞെട്ടിക്കുന്ന സംഭവങ്ങളും പിന്നീട് പുറത്ത് വന്നു. ഇങ്ങ് കേരളത്തില്‍ നീലനെന്ന “സിങ്കത്തി”നെതിരെ രണ്ട് സ്ത്രീകള്‍ പരാതി നല്‍കി. പക്ഷേ ആ “സിങ്കത്തിനെ” ദാ വെറുതെ വിട്ടിരിക്കുന്നു. അതും ജഡ്ജി ഒരു സ്ത്രീ തന്നെയെന്നത് വിരോധാഭാസവും. വെറുതെ വിടുവാന്‍ പ്രധാന കാരണം പരാതി കൊടുക്കുവാന്‍ താമസിച്ചതത്രേ!!!!!!
ഒരു സാധാരണക്കാരിക്ക് വരെ തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ ആര്‍ത്തട്ടഹസിക്കുന്ന നാട്ടുകാരെ ഓര്‍മ്മ വരും. ഇവിടെ മന്ത്രിക്കെതിരെ ഐ.എ.എസ്സ്. ഓഫീസറാണ് പരാതിപ്പെടുന്നത്.
എന്നും മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് പീഡനത്തിരയായവരെ ചുറ്റിയായിരിക്കും എന്നത് നളിനിയുടെയും, പ്രകൃതിയുടെയും, ഉഷയുടെയും, എന്തിന് റെജീനയുടെ വരെ കാര്യത്തില്‍ നാം കണ്ട്ടതാണ്.
ഇത്തരം വിധികള്‍ കാണുന്ന “ഇരകളാകപ്പെട്ട” ഏതെങ്കിലും സ്ത്രീകള്‍ ഇനി ധൈര്യത്തോടെ മുന്നോട്ട് വരുമോ?
പ്രകൃതി ഇപ്പോള്‍ പറഞ്ഞത് പോലെ സ്ത്രീ എന്നും പുരുഷന്റെ അടിമയായിരിക്കണം എന്ന ധ്വനിയാണ് ഈ വിധി.

ഇങ്ങനെയും ജനാ‍ാധിപത്യം വിജയിപ്പിക്കാം‍

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ മറ്റൊരു കളങ്കം കൂടി.

ബി.ജെ.പി.ക്ക് എസ്.പി. കോഴ കൊടുത്തു എന്നും ഐ.ബി.എന്‍. ചാനല്‍ അതിന്റെ വീഡിയോ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു എന്നും അവകാശപ്പെടുന്നു. ഈ വിജയം മുലായത്തിന്റേത് മാ‍ത്രമെന്ന് അമര്‍സിംഗും പറയുന്നു.

ഭരണ-പ്രതിപക്ഷങ്ങള്‍ പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

Monday, July 21, 2008

ഈ കുതിരകച്ചവടത്തില്‍ ജയം ആര്‍ക്ക്



ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഭാവി ക്ലൈമാക്സില്‍ എത്തിയിരിക്കുന്നു. അതോ അംബാനി സഹോദരന്മാരുടെ ഭാവിയോ? കോടികള്‍ ഒഴുക്കി മുകേഷും, അനിലും രംഗം കൊഴുപ്പിക്കുന്നുണ്ടെന്നാണ് കേള്‍വി. ഇവരോടൊപ്പം മള്‍ട്ടിനാഷണല്‍ കമ്പനികളും ഉണ്ടെത്രേ. പണ്ട് കുത്തകകള്‍ക്ക് ഉപകാരം ചെയ്ത മന്മോഹന് വിജയം നേടി കൊടുത്ത് അവര്‍ ഉപകാരസ്മരണ കാണിക്കാതിരിക്കുമോ?


ആരായിരിക്കും ജയിക്കുക?


ആര് ജയിച്ചാലും അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരാജയമായിരിക്കും.


ഇന്ത്യയുടെ “പരമോന്നത ജനാധിപത്യ വ്യവസ്ഥിതിയിലൂടെ” വിജയിച്ചവര്‍ വിലപേശി ലാഭം കൊയ്യുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം നോക്കു കുത്തിയാകുന്നു!!!!!


Sunday, July 20, 2008

രക്തസാക്ഷി പാഠപുസ്തക വിവാദത്തിന്


ജെയിംസ് അഗസ്റ്റിന്‍: പാഠപുസ്തക വിവാദത്തിനൊരു രക്തസാക്ഷി.
നാളത്തെ ചരിത്ര പാഠത്തില്‍ ഇതും ഒരു സംഭവമാകും!
ചവിട്ടേറ്റതായാലും, തള്ളി മറിച്ചിട്ടപ്പോള്‍ ക്ഷതമേറ്റതായാലും ആ കുഞ്ഞുങ്ങള്‍ക്ക് അച്ഛനില്ലാതായി.

Friday, July 18, 2008

ഹൈഡ് ആക്ട് വിവാദമാകുന്നത് എങ്ങിനെ

ഇന്ത്യ അമേരിക്കയുമായി ആണവ കരാറില്‍ ഏര്‍പ്പെടുന്നതിനെ സംബന്ധിച്ചുള്ള വിവാദം കോണ്‍ഗ്രസ്സ് മന്ത്രി സഭയുടെ സ്ഥിരതയെ തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

123 എന്ന കരാര്‍ ഇന്ത്യക്ക് അനുകൂലമാണെന്ന് പറയുമ്പോള്‍ തന്നെ അതിനൊപ്പമുള്ള ഹൈഡ് ആക്ടിനെ കുറിച്ച് പല സംശയങ്ങളും ഇതുവരെ ദുരീകരിക്കുവാന്‍ ആരും തന്നെ തയ്യാറായിട്ടില്ല.

ഒരു വര്‍ഷത്തോളം എടുത്താണ് അമേരിക്കന്‍ കോണ്‍ഗ്രസ്സ് 123 അംഗീകരിച്ചത്. അതും ഹൈഡ് ആക്ട് കൂടി ഉള്‍പ്പെടുത്തി അതിന്മേല്‍ ചര്‍ച്ചകളും, മാറ്റങ്ങളും വരുത്തിയ ശേഷം. ഇനി ഈ കരാര്‍ ഇന്ത്യ അംഗീകരിച്ച്, ഐ.എ.ഇ.എ.യുടെയും, എന്‍.എസ്.ജി.യുടെയും അംഗീകാരം കിട്ടി അതെല്ലാം കൂടി വീണ്ടും അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ എത്തിയതിന് ശേഷം അവര്‍ക്ക് ബോധിച്ചാല്‍ 100 ബില്ല്യണ്‍ ഡോളറിന്റെ ബിസിനസ്സ് ആരംഭിക്കുകയായി.

123 മാത്രമേ ഇന്ത്യയെ ബാധിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകള്‍ക്കകം ഹൈഡ് ആക്ടാണ് മുഖ്യമെന്ന് അമേരിക്കയില്‍ വെളിപ്പെടുത്തിയപ്പോള്‍ സംശയങ്ങള്‍ മുളയ്ക്കുവാന്‍ തുടങ്ങി. എന്നാല്‍ ഇന്ത്യയ്ക്ക് 123 മാത്രമേ ബാധകമാകൂ എന്ന് ആരോ അമേരിക്കയില്‍ പറഞ്ഞതോടെ വീണ്ടും 123ലായി ശ്രദ്ധ. എന്നാല്‍ ഈ ഫെബ്രുവരിയില്‍ ഹൈഡ് ആക്ടില്‍ നിന്ന് വ്യതിചലിച്ചാല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് ഇന്ത്യയുമായുള്ള കരാറിന് അംഗീകാരം നല്‍കുമെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് കോണ്ടോലിസ റൈസ് അമേരിക്കന്‍ വിദേശകാര്യാലയത്തിലെ ഉന്നതരോട് പറഞ്ഞത് എന്ന വാര്‍ത്ത വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ തുടങ്ങി.

ഇന്ത്യ എന്തൊക്കെ പറഞ്ഞാലും ഹഡ് ആക്ട് അനുസരിച്ചല്ലാതെ ഈ കരാര്‍ മുന്നോട്ട് പോകില്ല. എങ്കില്‍ പിന്നെ എന്ത് കൊണ്ട് ഹൈഡ് ആക്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നില്ല? ഇതില്‍ ഇന്ത്യക്ക് പേടിക്കേണ്ട ഒന്നുമില്ലെന്ന് മന്മോഹന്‍ സഭ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാത്തത് എന്തേ?

ഹൈഡ് ആക്ടിലെ ചില കാര്യങ്ങളിലേയ്ക്ക് ഒരെത്തി നോട്ടം.

സെകഷന്‍ 103 പോളിസി: അമേരിക്കയുടെ ഇറാനെതിരെയുള്ള നിലപാട് ഇന്ത്യയെ കൊണ്ട് അംഗീകരിപ്പിക്കുക.

സെക്ഷന്‍ 104 (ബി) അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരം:
ഇന്ത്യ ഐ.എ.ഇ.എ.യുമായും, എന്‍.എസ്.ജി.യുമായും അവര്‍ പറയുന്ന കാര്യങ്ങളില്‍ സമ്മതിച്ചാല്‍, ആണവ നിര്‍വ്യാപനത്തില്‍ അമേരിക്കന്‍ നിലപാടുകളുമായി സഹകരിച്ചാല്‍, മിസൈല്‍ ടെക്നോളജി റെജിമിന്റെയും, എന്‍.എസ്.ജിയുടെയും നിയമം അനുസരിച്ച് ഇന്ത്യ അതിന്റെ നയങ്ങളിലും, നിയമങ്ങളിലും മാറ്റം വരുത്തുന്നു എങ്കില്‍ ഇളവ് അനുവദിക്കുവാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ട്.

(സി) അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ എന്തൊക്കെ അറിയിക്കണം:
ഇന്ത്യ നല്‍കിയ എല്ലാ വിവരങ്ങളും, ഇറാനെതിരെ ഇന്ത്യ എന്ത് നടപടി സ്വീകരിച്ചു എന്നും.

(3) അവസാനിപ്പിക്കണ്ടത് എങ്ങിനെ: ഏതെങ്കിലും ഒരിന്ത്യന്‍ പൌരന്‍ കരാറിനെതിരെ പ്രവര്‍ത്തിച്ചാല്‍.
അപ്പോള്‍ ഇന്ത്യക്കിട്ട് ടോര്‍പ്പിടോ വെയ്ക്കാന്‍ ഏതെങ്കിലും വ്യക്തികളോ രാജ്യങ്ങളോ ശ്രമിച്ചാല്‍? ഈ ആളിനെ തങ്ങള്‍ക്ക് അറിയില്ല എന്ന് ഇന്ത്യ തെളിയിക്കണം. ഇല്ലെങ്കില്‍ അതുവരെ നല്‍കിയതെല്ലാം തിരിച്ച് കൊടുക്കണം.

(ജി) (1)(എ-ഡി) അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ അറിയിക്കേണ്ടത്:
2005ല്‍ നടന്ന കരാറിനെ കുറിച്ച്, 2006ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയെ കുറിച്ച്, ഐ.എ.ഇ.എ., എന്‍.എസ്.ജി. എന്നിവയുമായി ഏര്‍പ്പെട്ട കരാറിന്റെ വിശദാംശങ്ങള്‍, ഇന്ത്യ എന്തൊക്കെ ചെയ്യുന്നു...

(ജി) (1)(ഇ)(1) ഇറാനെതിരെ ഇന്ത്യ എന്ത് നിലപാട് സ്വീകരിച്ചു (11) അമേരിക്കയുടെ നയം അനുസരിച്ചിട്ടില്ല എങ്കില്‍ അനുനയിപ്പിക്കുവാന്‍ എന്ത് നടപടി സ്വീകരിച്ചു, അതിന് ഇന്ത്യയുടെ പ്രതികരണം (111) ഭാവിയില്‍ ഇന്ത്യ അമേരിക്കയുടെ നിലപാട് അംഗീകരിക്കുവാന്‍ എന്ത് നടപടി സ്വീകരിക്കും

(എച്ച്) ഇന്ത്യയില്‍ കുഴിച്ചെടുക്കുന്ന യുറേനിയത്തിന്റെ അളവ് എത്ര. ഇത് എന്തിന് ഉപയോഗിക്കുന്നു. റിയാക്ടറില്‍ ഉണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ ആണ്വായുധങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നുണ്ടോ

സെക്ഷന്‍ 109 അമേരിക്കന്‍ ജനതയെ അറിയിക്കേണ്ടത് എന്ത്


ചുരുക്കി പറഞ്ഞാല്‍...

ഇന്ത്യയില്‍ ആണവ പരീക്ഷണങ്ങളില്‍ എന്ത് നടക്കുന്നു എന്ന് ലോകത്തിനറിയില്ല. അത് ഈ കരാറിലൂടെ കുറേയെങ്കിലും ലോകം അറിയും. അതിനായി വര്‍ഷങ്ങളായി ഒപ്പ് വെയ്ക്കാതെ മാറിനിന്ന ഐ.എ.ഇ.എ.യുടെ മുന്നില്‍ അടിയറ വെയ്ക്കണം.

ഇറാനോടുള്ള ഇന്ത്യയുടെ നയം തിരുത്തണം. നെഹ്രു തുടങ്ങി വെച്ച ചേരിചേരാ നയം നെഹ്രുവിന്റെ കോണ്‍ഗ്രസ്സ് തന്നെ ഇല്ലാതാക്കുവാന്‍ കൂട്ട് നില്‍ക്കണം.

40000മെഗാവോള്‍ട്ട് വൈദ്യുതി കിട്ടുവാന്‍ 2030 വരെ കാത്തിരിക്കണം. അപ്പോഴേയ്ക്കും ഇതു വരെ കണ്ടെത്തിയിട്ടുള്ള യുറേനിയം നിക്ഷേപം തീരാറായിട്ടുണ്ടാകും (ഇനി 60 കൊല്ലത്തേയ്ക്കുള്ള നിക്ഷേപമേ ഇതു വരെ കണ്ടെത്തിയിട്ടുള്ളൂ), കൂടാതെ 100 ബില്ല്യണ്‍ ഡോളേഴ്സ് എടുക്കുവാന്‍ ഇല്ലാത്തതിനാല്‍ ലോക ബാങ്കില്‍ നിന്ന് കടം എടുക്കേണ്ടി വരും. അപ്പോള്‍ അന്ന് യൂണിറ്റിന് എന്ത് വില കൊടുക്കേണ്ടി വരും? 20ഓ, 40ഓ അതോ 100ഓ?

രാജ്യത്തിന്റെ സുരക്ഷാകാര്യങ്ങള്‍ വരുമ്പോള്‍ രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കേണ്ടത് എങ്ങിനെയെന്നും, ജനങ്ങളെ എന്തൊക്കെ അറിയിക്കണം, ജനങ്ങളുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ അഭിവൃദ്ധിക്കും എങ്ങിനെ നിയമം ഉണ്ടാക്കണമെന്നും ഒക്കെ അമേരിക്കയെ കണ്ട് ഇന്ത്യ പഠിക്കണം.

Monday, July 14, 2008

വൈകി വന്ന അംഗീകാരം

അടൂര്‍ സഹോദരിമാര്‍.... അഭ്രപാളികളില്‍ നിറം മങ്ങി നില്‍ക്കുമ്പോള്‍ അവരുടെ കഴിവിനുള്ള അംഗീകാരമായി കേരള സംഗീനാടക അക്കാഡമിയുടെ പുരസ്കാരം...

Friday, July 11, 2008

നമ്മുടെ തോറിയം റിയാക്ടറിനെ നാം തന്നെ തുരങ്കം വെയ്ക്കുന്നു

ഇന്ത്യ-അമേരിക്കന്‍ കരാറിന്റെ പേരില്‍ ഇന്ത്യന്‍ ഭരണം തന്നെ തുലാസിലായിരിക്കുന്നു. എന്നാല്‍ ഈ ബഹളത്തിനിടയില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ അഭിമാനത്തോടെ ലോകത്തിന് സമര്‍പ്പിച്ച സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ തോറിയം റിയാക്ടറിന് വേണ്ട പരിഗണന കിട്ടുനില്ല.

എന്താണ് നമ്മുടെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം?

യുറേനിയം റിയാക്ടറിന്റെ പ്രവര്‍ത്തനം ആദ്യം നോക്കാം. യുറേനിയം238 (യു-238) ആണ് ഇതിനായി വേണ്ടത്. എന്നാല്‍ ഇത് വിഘടിക്കണമെങ്കില്‍ യു-235 വേണം (ഇത് ഉപയോഗിച്ച് അണ്വായുധം ഉണ്ടാക്കാം എന്നതാണ് ഈ നിയന്ത്രണങ്ങള്‍ക്കെല്ലാം കാരണം). ഇനി യു-238 വിഘടിച്ച് കഴിഞ്ഞാലോ? അവസാനം കിട്ടുന്നത് പ്ലൂട്ടോണിയം-239. ഇത് യുറേനിയം റിയാക്ടറിന്റെ വേയ്സ്റ്റ് ആണ്. പക്ഷേ ഇത് അപകടകാരിയും ആണ്. വികരണങ്ങള്‍ പുറപ്പെടുവിക്കും എന്ന്തിനാല്‍ ഇവ ഓക്സിജനുമായി പ്രവര്‍ത്തിപ്പിച്ച് നശിപ്പിക്കണം. ഇതാണ് യുറേനിയം റിയാക്ടറുകള്‍ക്ക് ചിലവ് കൂട്ടുന്നത്. ഇനി യു-235 ന്റെ അളവ് 0.3% ആകുമ്പോള്‍ ഇവ റിയാക്ടറില്‍ നിന്ന് മാറ്റണം. പക്ഷേ ഇവ പുറത്ത് വിടുന്ന വികിരണങ്ങള്‍ അപകടകാരികളാണ്. ഈ വസ്തുവിനെ വലിയ ഈയ പെട്ടികളിലാക്കി പതിനായിരം വര്‍ഷങ്ങളോളം സൂക്ഷിക്കണം! ഇനി മര്യാദയ്ക്ക് നോക്കിയില്ലെങ്കില്‍ എല്ലാം കൂടി കൂട്ടിയിടിച്ച് പൊട്ടിതെറിച്ച് അപകടകാരികളായ വികര‍ണങ്ങള്‍ പുറത്തേയ്ക്ക് വരും (ചെര്‍ണോബിലും മറ്റും സംഭവിച്ചത് പോലെ).

ഇനി തോറിയം റിയാക്ടറിനെ പറ്റി ബാര്‍ക്കിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത എ.ടി.ബി.ആര്‍. (http://shaastram.blogspot.com/2008/07/blog-post.html) രണ്ട് കൊല്ലത്തേയ്ക്ക് 600എം.ഡ്ബ്ല്യൂ. വൈദ്യുതി. ഈ രണ്ട് കൊല്ലത്തേയ്ക്ക്... റീ-ഫില്ല് ചെയ്യണ്ടാ, യാതൊരു കണ്ട്രോളും ആവശ്യമില്ല. (ഇത് ചെറു പതിപ്പാണ്). ഇവിടെ തോറിയം232 ന്റെ കൂടെ കുറച്ച് പ്ലൂട്ടോണിയം-239 (പിയു-239) പ്രത്യേക രൂപത്തില്‍ അടുക്കി വെയ്ക്കുന്നു. പിന്നീട് തിരിഞ്ഞ് നോക്കണ്ട എന്നാണിതിന്റെ ഒരു ഗുണം. യുറേനിയം റിയാക്ടറില്‍ പണം ധാരാളം മുടക്കി വെറുതെ പാഴാക്കി കളയുന്ന പിയു-239നെയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. കൂടാതെ ഇതില്‍ നിന്ന് ഉണ്ടാകുന്ന വേയ്സ്റ്റ് 500 വര്‍ഷം വരെ സൂക്ഷിച്ചാല്‍ മതിയാകും. പിന്നെ ഇന്ത്യ തോറിയത്താല്‍ അനുഗ്രഹിതയുമാണ്. ഇത് വഴി ഊര്‍ജ്ജ-വ്യവസായ മേഖലയില്‍ ഇന്ത്യയ്ക്ക് സ്ഥാനം പിടിക്കാം.

അതായത് തോറിയം റിയാക്ടര്‍ യുറേനിയം റിയാക്ടറിന്റെ അത്രയും പരിസ്ഥിതിക്ക് ഹാനികരമാകുന്നില്ല. അണ്വായുധങ്ങള്‍ നിര്‍മ്മിക്കപ്പെടുമെന്നും പേടിക്കണ്ടാ. പിന്നെ ഇപ്പോഴുള്ള യുറേനിയം റിയാക്ടറില്‍ വേയ്സ്റ്റ് ആയി വരുന്ന പിയു-239 പുനരുപയോഗിക്കാം.

പിന്നെ എന്തേ ഇന്ത്യ ഈ ശാസ്ത്രജ്ഞരെയും, പ്രതികൂല സാഹചര്യത്തില്‍ അവര്‍ കണ്ടുപിടിച്ച എ.ടി.ബി.ആറിനെയും അംഗീകരിക്കാത്തത്?

Wednesday, July 9, 2008

ഡെല്‍ഹിയില്‍ ഇനി രാഷ്ട്രീയ കുതിര കച്ചവടം

ഭരണം നിലനിര്‍ത്തുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ സജീവമായി വ്യവസായികളാണ്. തങ്ങളുടെ കൊയ്ത്ത് ആര് ഭരിച്ചാല്‍ എന്ന് അവര്‍ മുന്‍ കൂട്ടി കണ്ട് പണമിറക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി വ്യവസായികള്‍ കൊടുത്ത പണത്തിന്റെ ഔദ്യോഗിക കണക്കാണിത്. അപ്പോള്‍ ഈ ഭരണം അട്ടിമറിക്കുവാനും, നിലനിര്‍ത്തുവാനും സ്വദേശ-വിദേശ വ്യവസായികള്‍ എന്തും ചെയ്യും. കര്‍ണ്ണാടകയില്‍ നാം ഇത് കണ്ട് തീര്‍ന്നതെയുള്ളൂ. കാത്തിരുന്നു കാണാം.. കുതിര കച്ചവടത്തില്‍ ആര്‍ ജയിക്കുമെന്ന്....
ഇനി ആര് ജയിച്ചാലും അത് ഇന്ത്യയുടെ പരാജയം തന്നെ...... അതോടൊപ്പം ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞരുടെയും....

Saturday, July 5, 2008

സെയ്ന്റ് തോമസ്സ് സിനിമ എന്തിന് വേണ്ടിയായിരിക്കാം

എന്തിനായിരിക്കാം ക്രിസ്ത്യന്‍ സഭ ഒടുവില്‍ സെയ്ന്റ് തോമസ്സിനെ കുറിച്ച് പടം എടുക്കുന്നത്?

2006 സെപ്റ്റമ്പര്‍ 27ന് പോപ്പ് ബെനഡിക്റ്റ് ബുധനാഴ്ച കൂടുന്ന വിശ്വാസികളോടായി പറഞ്ഞു.. സെയ്ന്റ് തോമസ്സ് കേരളം സന്ദര്‍ശിച്ചിട്ടില്ല എന്ന് (http://timesofindia.indiatimes.com/articleshow/msid-926822,prtpage-1.cms) സിറിയ, പേര്‍ഷ്യ വഴി പാക്കിസ്ഥാനില്‍ എത്തി എന്നും. ഇന്ത്യയിലെ ക്രിസ്ത്യന്‍ പാരമ്പര്യം മുഴുവന്‍ കെട്ടിപൊക്കിയിരിക്കുന്നത് കേരളത്തിലൂടെ വന്നു എന്ന് വിശ്വസിക്കുന്ന ഈ ഒരൊറ്റ ആളില്‍ നിന്നാണ്. ആ ആണികല്ലാണ് ബെനഡിക്ട് ഇളക്കിയെറിഞ്ഞത്. കേരളത്തിലെ കാ.സഭാ ബിഷപ്പന്മാരാണ് ഇത് പറഞ്ഞതെങ്കില്‍ നമുക്ക് വിശ്വസിക്കാതിരിക്കാം... പക്ഷേ ഇത് ഒരു പോപ്പാണ് പറഞ്ഞിരിക്കുന്നത്. തെളിവൊന്നുമില്ലാതെ ഒരു പോപ്പ് ഇങ്ങനെ പറയുമോ? പക്ഷേ ക്രിസ്ത്യാനികള്‍ എന്ന് പറയുന്നത് കാ.സഭ മാത്രമല്ലല്ലോ... പ്രശ്നം വശളാകുമെന്ന് കണ്ട് ഒടുവില്‍ വത്തിക്കാന്‍ ആ പ്രസ്താവന വളച്ച് തിരിച്ചൊടിച്ച് തല്‍ക്കാലം പോപ്പിനെ രക്ഷിച്ചു...
പക്ഷേ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു... അപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കാം സംഭവിച്ചത്?

യേശുവിന്റെ ശിഷ്യനായി വിശ്വസിക്കുന്ന ഇദ്ദേഹം പോപ്പ് പറഞ്ഞപോലെ ഇന്നത്തെ സിറിയ, പേര്‍ഷ്യ വഴി പാക്കിസ്ഥാനില്‍ എത്തി എന്നുണ്ടെങ്കില്‍ 2007ല്‍ ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്ത പോലെ (http://www.bbc.co.uk/bbcfour/documentaries/features/did-jesus-die.shtml) കാശ്മീരില്‍ കാണുന്ന ശവകല്ലറ യേശുവിന്റേതായിരിക്കില്ലേ (http://travel.news.yahoo.com/b/rba_daily/rba_daily4339)? കുരിശില്‍ നിന്ന് രക്ഷപ്പെട്ട് എ.ഡി. 30ല്‍ യേശു ഇന്ത്യയില്‍ എത്തിയിരുന്നോ?

ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള വഴിയാണോ പുതിയ സിനിമാപിടുത്തം?

Friday, July 4, 2008

പാഠ പുസ്തക വിവാദത്തിനെതിരെ ജര്‍മനിയില്‍

video

പാഠപുസ്തക വിവാദത്തിനെതിരെ ജര്‍മനിയിലെ മലയാളികള്‍ .....

Thursday, July 3, 2008

ഇനി പാഠ സമിതി വിവാദം


പാഠപുസ്തകം പരിശോധിക്കുവാന്‍ 18 അംഗ സമിതി രൂപീകരിച്ചു എന്ന വാര്‍ത്ത വന്നതോടെ അതിനെതിരെ സ്വാഭാവിക എതിര്‍പ്പുമായി എതിരാളികള്‍ രംഗത്തിറങ്ങി 18ല്‍ 17ഉം ഇടതന്മാര്‍ എന്ന് ചെന്നിതല. അല്ല 16 എണ്ണമേയുള്ളൂ എന്ന് ദീപിക. (അവര്‍ ഒരു ഒത്തുതീര്‍പ്പ് സംഖ്യയില്‍ ഉടനെ എത്തുമായിരിക്കും). ഒരു അച്ചന്‍ കൂട്ടത്തില്‍ ഉണ്ടെങ്കിലും ഇവര്‍ക്ക് വിശ്വാസം പോരാ കാരണം പുള്ളി (പോടാ പുല്ലേ.. എന്ന് പറഞ്ഞ്) വിവാദ പാഠം കുട്ടികള്‍ക്ക് എടുത്തയാളാണ്. പിന്നെ ഒരു ബിഷപ്പന്‍ ഉണ്ട് അങ്ങേരെ എവിടെ കൂട്ടണമെന്ന് ഇത് വരെ ദീപിക തീരുമാനിച്ചിട്ടില്ല എന്ന് തോന്നുന്നു.

വിവാദമുണ്ടാക്കിയവരോട് സമിതിയിലേയ്ക്ക് പേര് നിര്‍ദ്ദേശിക്കുവാന്‍ മന്ത്രി അഭ്യര്‍ത്ഥിച്ചതായി എന്‍.എസ്സ്.എസ്സ്. സമ്മതിച്ചിട്ടുണ്ട്. പക്ഷേ തങ്ങള്‍ പങ്ക് ചേരില്ല എന്ന് അവര്‍. താഴത്ത് ആകട്ടെ ഒന്നിനുമില്ല പുസ്തകം പിന്‍ വലിക്കണമെന്ന് ഒരു കുറിപ്പ് (ഭാഗ്യം ഇടയ ലേഖനമല്ലല്ലോ...).

എന്തായാലും സര്‍ക്കാര്‍ സമിതിയെ നിയമിക്കാമെന്ന് സമ്മതിക്കരുതായിരുന്നു. എങ്കിലും ചരിത്ര പഠനത്തില്‍ പ്രസിദ്ധരായവരെ ഉള്‍പ്പെടുത്തി ഇങ്ങനെ ഒരു സമിതിയുണ്ടാക്കിയ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍.

ഓ.ടോ.: ഇടത് അനുഭാവിയല്ലാത്ത ഏതെങ്കിലും ഒരു മുതിര്‍ന്ന കേരള ചരിത്രക്കാരനെ (എം.ജി.എസ്. പണ്ട് ഇടതനായിരുന്നു) ഇവര്‍ക്ക് ചൂണ്ടിക്കാണിക്കുവാന്‍ കഴിയുമോ (തൃശൂര്‍-വരാപ്പുഴ-എറണാകുളം ബിഷപ്പന്മാരെ ഒഴിച്ച്)

Wednesday, July 2, 2008

ഒളിമ്പിക്സ് യോഗ്യത നേടാന്‍ കൈക്കൂലി

ഹോക്കിക്ക് ശേഷം ഇതാ വെയ്റ്റ് ലിഫ്റ്റിംഗില്‍.... കൈക്കൂലി എങ്ങിനെ മേടിക്കാം എന്ന് മറ്റ് രാജ്യക്കാര്‍ക്ക് നാം മാതൃകയാകുന്നു... അടുത്തത് ഇനി ഏത് രംഗത്താണാവോ?

ചരിത്രത്തെ എന്തിന് ഭയപ്പെടണം?

ആര്‍ക്കാണ് ചരിത്രത്തെ ഇത്ര പേടി? ചരിത്രത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നാണ് (http://histrography.blogspot.com/2008/07/why-fear-history.html) ഈ പോസ്റ്റ് ചര്‍ച്ച ചെയ്യുന്നത്.