1965ല്‍ കണ്ടലയിലാണ് ഏഷ്യയിലെ ആദ്യത്തെ എക്സ്പോര്‍ട്ട് പ്രോസെസിംഗ് സോണ്‍ തുടങ്ങിയത്. എന്നാല്‍ 2000 ഏപ്രിലിലാണ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ എന്ന സെസ്സിന്റെ തുടക്കം. 2000 ഏപ്രില്‍ വളരെ പ്രാധാന്യമുള്ള വര്‍ഷമാണ്. അക്കൊല്ലമാണ് ഇന്ത്യയില്‍ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായം, സെര്‍വീസ്, ലീഗല്‍ തുടങ്ങിയ മേഖല എങ്ങിനെ പരിവര്‍ത്തനം നടത്താം എന്ന് പഠിക്കുവാന്‍ അന്നത്തെ എന്‍.ഡി.എ. ഗവണ്മെന്റ് അംബാനി, ബിര്‍ള, ഗോയങ്ക, ടാറ്റാ, ബജാജ് എന്നിവരെ കണ്വീനര്‍മാരാക്കി നിശ്ചയിച്ച പ്രധാനമന്ത്രി കൌണ്‍സില്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത് (
http://indiaimage.nic.in/pmcouncils/reports/). പ്രതീക്ഷിക്കുന്നത് പോലെ തന്നെ സ്വകാര്യ മേഖലയെ സംരക്ഷിക്കുന്ന നിര്‍ദ്ദേശങ്ങളാണ് അവര്‍ സമര്‍പ്പിച്ചത്. അംബാനിയുടെ വിദ്യാഭ്യാസ റിപ്പോര്‍ട്ട് മാത്രമേ കുറച്ചെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടുള്ളൂ. ഈ റിപ്പോര്‍ട്ടുകളില്‍ എല്ലാം തന്നെ അത് വരെ ഇന്ത്യയിലെ തൊഴിലാളി-കര്‍ഷക-വിദ്യാര്‍ത്ഥി വര്‍ഗ്ഗങ്ങള്‍ സമരത്തിലൂടെ നേടിയെടുത്ത നിയമങ്ങളെ വളരെ തന്ത്രപൂര്‍വ്വം അട്ടിമറിക്കുന്നത് കാണാം. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി നില കൊണ്ടവര്‍ പോലും ഇതിനെ ശക്തമായി എതിര്‍ത്തില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍.
ഈ റിപ്പോര്‍ട്ടുകളില്‍ ഉരുത്തിരിഞ്ഞ് വന്ന വാദമാണ് സെസ്സ് വേണമെന്ന്. എന്നാല്‍ മാറി വന്ന കോണ്‍ഗ്രസ്സ് ഗവണ്മെന്റാണ് മെയ് 2005ല്‍ സെസ്സ് നിയമം കൊണ്ടു വരുന്നത്. സെസ്സ് ആക്ട്, 2005 എന്ന പേരില്‍ 10 ഫെബ്രുവരി 2006ല്‍ നിലവില്‍ വന്നു.
ഇനി 2005ലെ നിയമങ്ങളിലേയ്ക്ക് (
http://sezindia.nic.in/HTMLS/SEZ%20Act,%202005.pdf) [പ്രധാനപ്പെട്ടത് മാത്രം എഴുതുന്നു]
3.(2) സെസ്സ് വേണമെന്നാവശ്യമുള്ള ഒരാള്‍ക്ക് ആദ്യം ഇഷ്ടമുള്ള സ്ഥലം ഇന്ത്യയില്‍ എവിടെയും തെരഞ്ഞെടുക്കാം. ശേഷം ഈ സ്ഥലം വേണമെന്ന് പറഞ്ഞ് സ്റ്റേറ്റ് ഗവണ്മെന്റിന് അപേക്ഷ കൊടുക്കുക.
3.(3) സെസ്സ് കേന്ദ്ര ബോര്‍ഡില്‍ വേണമെങ്കില്‍ നേരിട്ട് അപേക്ഷ കൊടുക്കാം.
3.(6) സ്റ്റേറ്റ് ഗവണ്മെന്റ് അപേക്ഷ കേന്ദ്ര ബോര്‍ഡിലേയ്ക്ക് അഴയ്ക്കുന്നു.
3.(8) (എ) സെസ്സിന് വേണ്ട മിനിമം സ്ഥല വിസ്തൃതി കേന്ദ്ര ഗവണ്മെന്റ് നിശ്ചയിക്കും.
3.(9) (എ) ബോര്‍ഡ് സമ്മതിച്ച് കഴിഞ്ഞാല്‍ കേന്ദ്ര ഗവണ്മെന്റിലേയ്ക്ക്.
3.(10) ഡെവലപ്പറിന് അപ്രുവല്‍ ലെറ്റര്‍ കേന്ദ്ര ഗവണ്മെന്റ് നല്‍കുന്നു.
ഇനി സെസ്സ് നിയമം 2006 (
http://sezindia.nic.in/HTMLS/sez-rules2006.pdf):
2.(എ) സെസ്സിന് മിനിമം 1000 ഹെക്ടര്‍ ഭൂമി വേണം. ചെറിയ സംസ്ഥാനങ്ങളില്‍ 200 ഹെക്ടര്‍ മതി.
5. സ്റ്റേറ്റ് ഗവണ്മെന്റ് ചെയ്യേണ്ടത്
(എ) സ്റ്റാമ്പ് ഡ്യൂട്ടി, ടാക്സുകള്‍ തുടങ്ങിയവ ഇളവ് ചെയ്യുക
(ബി) വൈദ്യുതി ഇളവ്
(സി) അവര്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള അനുവാദം
(ഡി) വെള്ളവും, വൈദ്യുതിയും നല്‍കുക
6. ബോര്‍ഡ് അംഗീകരിച്ച് കഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ അനുമതി പത്രം ഡെവലപ്പറിന് നല്‍കണം. ഇതിന് 3 കൊല്ലത്തെ വാലിഡിറ്റി.
7. ഇരുപത് കൊല്ലത്തേയ്ക്കെങ്കിലും ലീസ് കൊടുക്കണം.
ആഗസ്റ്റ് 2006ല്‍ ഈ നിയമം അമെന്റ് ചെയ്തു (
http://sezindia.nic.in/HTMLS/dated-10-8-06-amending-sez-rules06.pdf):
2.(1). പ്രോസസിങ്ങ് ഏരിയ 35% എന്നത് 25% ആക്കുന്നു.
മാര്‍ച്ച് 2007ല്‍ വീണ്ടും അമെന്റ്മെന്റ് (
http://sezindia.nic.in/HTMLS/sez-snd-amend-rules2007.pdf):
ഒക്ടോബര്‍ 2007ന് വീണ്ടും (
http://sezindia.nic.in/HTMLS/Third_Amendment-3rd_October_2007.pdf):
5.(2) അമെന്റ് ചെയ്യുന്നു: മിനിമം 1000 ഹെക്ടര്‍, എന്നാല്‍ 5000 ഹെക്ടറില്‍ കൂടരുത്.
നന്ദിഗാമില്‍ സംഭവിച്ചത്:
റ്റാറ്റ സെസ്സ് സ്ഥലമായി നന്ദിഗാം തിരഞ്ഞെടുക്കുന്നു. കേന്ദ്രം അനുമതി നല്‍കുന്നു. സ്വാഭാവികമായും ലാന്റ് അക്വസിഷന്‍ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുത്ത് റ്റാറ്റയ്ക്ക് കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പതിവ് പോലെ പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ ഇറങ്ങുന്നു. എന്നാല്‍ വില പോരെന്ന് പറഞ്ഞ് കര്‍ഷകര്‍ രംഗത്തിറങ്ങുന്നു. പോലീസ് രംഗത്ത്. ഇതിനിടയില്‍ മാവോയിസ്റ്റുകളും, നക്സ്ലെറ്റുകളും, സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളും സമരം ഏറ്റെടുക്കുന്നു. അടി, വെടി വെയ്പ്പ്, മരണങ്ങള്‍.....
ഈ സംഭവത്തിന് ശേഷം ഇന്ത്യയില്‍ എങ്ങും സെസ്സ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ശക്തമാകുന്നു. ഒടുവില്‍ കേന്ദ്ര ഗവണ്മെന്റ് 2007 ഒക്ടോബറിലെ സെസ്സ് അമെന്മെന്റ് കൊണ്ടുവന്ന് 5000 ഹെക്ടറില്‍ കൂടുതല്‍ സ്ഥലം സെസ്സില്‍ പാടില്ല എന്ന നിയമം കൊണ്ടു വരുന്നു.
പോസ്കോയുടെ സെസ്സ് സ്ഥലം ഏറ്റെടുക്കുവാന്‍ ഒറീസ സര്‍ക്കാരിന്റെ മേല്‍ ഇന്ത്യന്‍ ഗവണ്മെന്റ് വഴി കൊറിയ സമ്മര്‍ദ്ധം ചെലുത്തുന്നു. പട്ടാളവും, പോലീസും രംഗത്ത്. പക്ഷേ പട്നായിക്ക് (ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബുദ്ധിമാനായ മുഖ്യമന്ത്രി) ജഗത്സിംഗ്പൂരിനെ മറ്റൊരു നന്ദിഗാം ആക്കാന്‍ ഇഷ്ടപ്പെട്ടില്ല. 4000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ മാറി നില്‍ക്കുന്നു. പോസ്കോയ്ക്ക് വേണമെങ്കില്‍ നേരിട്ട് കര്‍ഷകരുടെ കയ്യില്‍ നിന്ന് ഭൂമി വാങ്ങാം എന്ന നിലപാട്.
ഇന്ന് പല സംസ്ഥാന ഗവണ്മെന്റും ഈ നിലപാടിലേയ്ക്ക് മാറിയിരിക്കുന്നു. രാഷ്ട്രീയ-നക്സലൈറ്റ് തോന്നിയവാസം നടന്നത് ഒഴുവാക്കിയാല്‍ നന്ദിഗാമിലെ കര്‍ഷകര്‍ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ ഡെവലപ്പര്‍മാര്‍ ചൂണ്ടി കാട്ടുന്ന ഭൂമി സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നല്‍കുന്ന കാഴ്ച നമുക്ക് കാണേണ്ടി വരുമായിരുന്നു.
സെസ്സ് കൊണ്ടുള്ള ഭീഷണി?
പഴയ ജന്മിയെ ഓര്‍മ്മവരുന്നു. കണ്ട് ഇഷ്ടപ്പെടുന്ന സ്ഥലം പുള്ളിയുടെ ഗുണ്ടകള്‍ ഏത് വിധേനയും പിടിച്ചെടുത്ത് പുള്ളിക്ക് നല്‍കുന്നു. അത് വരെ കൃഷി ചെയ്തവന്‍ പുറത്ത്. എന്ത് തൊഴില്‍ ചെയ്യും?
പണ്ട് ആദിവാസികളെ തെളിച്ച് നാട്ടിലെത്തിച്ചു. എന്നിട്ട് വാഗ്ദാനം ചെയ്തത് അവര്‍ക്ക് കിട്ടിയോ? കിട്ടിയതോ മറ്റുള്ളവര്‍ അടിച്ചും മാറ്റി. ഇന്ന് ഭൂമിയില്ലാതെ അവര്‍ തേങ്ങുന്നു. അവരെ മുതലെടുക്കുവാന്‍ ചില കീടങ്ങളും. ഇതേ അവസ്ഥ തന്നെ ഇന്ത്യയില്‍ കര്‍ഷകര്‍ നേരിടേണ്ടി വരും. കാരണം സെസ്സിനായി കൃഷി ഭൂമിയാണ് ഏറ്റെടുക്കുന്നത്. വില കുറച്ച് നല്‍കി ഹെക്ടര്‍ കണക്കിന് സ്ഥലം കൈക്കലാക്കാം എന്നത് തന്നെ.
പക്ഷേ കൃഷിഭൂമി പോകുമ്പോള്‍ ഉല്‍പ്പാദനം കുറയും. കുറഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് ഇന്ന് ലോക ജനത മനസ്സിലാക്കി, അമേരിക്ക വരെ. ഇപ്പോള്‍ കൃഷി ചെയ്യുന്ന ഭൂമി കൂടി ഇല്ലാതായാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യക്കാര്‍ എവിടെ നിന്ന്, എന്ത് ഭക്ഷിക്കും? പൈസ കയ്യിലുണ്ടെങ്കിലും ഭക്ഷിക്കുവാന്‍ സാധനം കിട്ടുന്നില്ല എങ്കില്‍ ആ പൈസ കൊണ്ട് എന്ത് ഗുണം.
സെസ്സ് വന്നാല്‍ ആളുകള്‍ക്ക് ജോലി കിട്ടും എന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ സെസ്സ് സൈറ്റില്‍ തന്നെ കൊടുത്തിട്ടുള്ള കണക്ക് നോക്കുക. 206 സെസ്സുകളില്‍ നിന്നും 2448246 പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തിട്ട് ആകെ
97993 പേര്‍ക്ക് ജോലി കിട്ടി. സെസ്സില്‍ പെടുന്ന കേരളത്തിന്റെ ഇന്‍ഫോ പാര്‍ക്കില്‍ 4 യൂണിറ്റിലായി 15700 ജോലി വാഗ്ദാനം ചെയ്തിട്ട് 1610 പേരാണ് അവിടെ 4 യൂണിറ്റിലായി ജോലി ചെയ്യുന്നത്!
ഇന്ന് കേരളത്തില്‍ വി.എസ്സ്. വളരെ കരുതലോടെ വേണം സെസ്സിനെ സമീപിക്കുവാന്‍ എന്ന് പറയുമ്പോള്‍ പിണറായി സെസ്സ് കേരളത്തിന്റെ ആവശ്യമാണെന്ന് പറയുകയും, കോണ്‍ഗ്രസ്സ് മിണ്ടാതിരിക്കുകയും ചെയ്യുന്നതെല്ലാം വോട്ടിനും, എതിരാളികളെ മലര്‍ത്തിയടിക്കുവാനും വേണ്ടി മാത്രമാണെന്നത് ദു:ഖകരമായ സത്യമാണ്.
നമുക്ക് പുരോഗതി വേണം. പക്ഷേ അതിന് നമ്മുടെ കൃഷി ഭൂമിയല്ല നശിപ്പിക്കേണ്ടത്. കാര്‍ഷികവൃത്തി മാത്രം അറിയുന്നവരെ കൃഷിയിടങ്ങളില്‍ നിന്ന് പുറം തള്ളി അവരെ ആദിവാസികളോട് ചെയ്തത് പോലെ ചെയ്യരുത്. നന്ദിഗാം എല്ലാവര്‍ക്കും ഒരു പാഠമായിരിക്കണം. നിരാലംബരായവര്‍ സംഘടിക്കും. അതിനെ മുതലെടുക്കുവാന്‍ കുറുക്കന്മാര്‍ കാത്തിരിക്കുന്നു എന്ന് തിരിച്ചറിയണം. രാഷ്ട്രത്തിന്റെ പുരോഗതിക്ക് എല്ലാ ജനങ്ങള്‍ക്കും ക്ഷേമം വരുന്നതേ ചെയ്യാവൂ. ഇവിടെയാണ് പഴയ സുബാഷ് ചന്ദ്ര ബോസിന്റെ പ്രസക്തി. ഇന്ത്യ പിടിച്ചെടുത്തു കഴിഞ്ഞാല്‍ സ്വതന്ത്ര്യ ഇന്ത്യയിലെ വ്യവസായ-വിദ്യാഭ്യാസ-സാമ്പത്തിക മേഖല എങ്ങിനെയായിരിക്കണമെന്ന് വളരെ വിശദമായി രേഖപ്പെടുത്തിയിരുന്നു. പക്ഷേ ആറ്റം ബോംബ് എല്ലാം തകിടം മറിച്ചു. സ്വതന്ത്ര്യ ഇന്ത്യ ഭരിച്ചവരും ഭരിക്കുന്നവരും വീര്‍ക്കുന്നതല്ലാതെ 61 കൊല്ലം കൊണ്ട് സാധാരണ ഇന്ത്യക്കാരന്‍ എന്ത് നേടി?