എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, October 31, 2008

പട്ടിണി പാവങ്ങളുടെ അമേരിക്ക...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആവേശകരമായി മുന്നേറുകയാണ്. പഴക്കം ചെന്ന ജനാധിപത്യ രാജ്യത്ത് ആദ്യമായി ഒരു കറുമ്പന്‍ വിജയിക്കുമോ എന്ന് ലോകം നോക്കിയിരിക്കുന്നു. ഒരു കൊല്ലം മുന്‍പ് എല്ലാവരെയും അത്ഭുതപ്പെടുത്തി അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഹിലാരിക്കെതിരെ ലീഡ് നേടി ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഒബാമ ഇതുവരെ മുന്നിട്ട് നില്‍ക്കുന്നു. പക്ഷേ അമേരിക്കന്‍ ജനതയുടെ വെളുത്ത തൊലി പ്രേമത്തില്‍ താന്‍ വിജയിക്കുമെന്ന് മെക്കയ്ന്‍ കണക്ക് കൂട്ടുന്നു. ഫലം എന്തായാലും ഈ തെരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തില്‍ എഴുതപ്പെട്ടു കഴിഞ്ഞു. പല കാരണങ്ങാല്‍... ഏറ്റവും കൂടുതല്‍ പണം ഒഴുകിയ തെരഞ്ഞെടുപ്പ് (സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും!), പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ആദ്യമായി ഒരു സ്ഥാനാര്‍ത്ഥി ടെലിവിഷന്‍ പരസ്യം പ്രക്ഷേപണം ചെയ്തു, ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള വോട്ട് പിടുത്തം... ഇതെല്ലാം ചെയ്തത് ഒബാമ... നവമ്പര്‍ 4ന് ജനങ്ങള്‍ ഇതിനെല്ലാം അംഗീകാരം കൊടുക്കുമെങ്കില്‍ അത് ഒബാമയുടെയും പുള്ളിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു സംഘം ബുദ്ധിരാക്ഷസന്മാരുടെയും വിജയമായിരിക്കും...

ഒബാമ ഈ തെരഞ്ഞെടുപ്പില്‍ 30 മിനിറ്റ് പരസ്യത്തിനായി (യൂടൂബില്‍ കാണാം) 3 മില്ല്യണ്‍ ഡോളര്‍ മുടക്കിയെന്ന് കണ്ടപ്പോള്‍ മാധ്യമങ്ങളും, മക്കെയ്നും എതിര്‍പ്പുകളുമായി രംഗത്തെത്തി . ഇതോടെ ഒബാമയുടെ ഇമേജ് ഇടിയുമെന്ന പ്രചരണവും. എന്നാല്‍ പരസ്യം കാണുന്ന ഒരു നിക്ഷപക്ഷക്കാരന്‍ ഒബാമയ്ക്ക് വോട്ട് ചെയ്യുമെന്നത് ആ പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി രാക്ഷസന്മാരുടെ കഴിവാണ്. വിളഞ്ഞ് നില്‍ക്കുന്ന പാടങ്ങളിലൂടെ കടന്ന് രണ്ട് മിനിറ്റോളം ക്യാമറ കട്ട് ചെയ്യാതെ ഒബാമ ക്യാമറയില്‍ നോക്കി വാക്കുകളെ അമ്മാനമ്മാടി അവിടെ നിന്നും പെട്രോള്‍ ബങ്കിലേയ്ക്കും അവിടെ നിന്ന് പലരിലൂടേയും കടന്ന് തന്റെ അനാഥ ബാല്യത്തെ വോട്ടര്‍മാരുടെ മുന്നില്‍ അവതരിപ്പിച്ച് ഒടുവില്‍ ലൈവ് ഷോയില്‍ എത്തി നിന്ന് ഒബാമ മാറ്റത്തിന് വേണ്ടി അഭ്യര്‍ത്ഥിച്ച് അവസാനിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ വരെ തരിച്ചിരുന്നിട്ടുണ്ടാകണം.... ഒപ്പം 34 മില്ല്യണ്‍ കാഴ്ചക്കാരും.......

പക്ഷേ ഈ പരസ്യം ലോകത്തിന് മുന്നില്‍ യഥാര്‍ത്ഥ അമേരിക്കന്‍ ജീവിതം ആദ്യമായി തുറന്ന് കാട്ടുന്നു. ഒബാമ പറയുന്നത് പോലെ വിരലിലെണ്ണാവുന്ന ബില്ല്യണര്‍മാരിലൂടയല്ല ടിപ്പ് കിട്ടിയ കാശ് കൊണ്ട് ഒരവധിയെടുത്ത് രോഗിയായ ഭര്‍ത്താവിനെ നോക്കി ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന ഭീതിയില്‍ തിരിച്ച് വരുന്ന സാധാരണക്കാരിലൂടെയാകണം അമേരിക്ക അറിയപ്പെടേണ്ടത് (ഈ ഡയലോഗ് കേട്ടപ്പോള്‍ പഴയ ദി കിങ് ഓര്‍മ്മ വന്നു... കളക്ടര്‍ സബ് കളക്ടറോട് പറയുന്ന മമ്മുക്ക ഡയലോഗ്, ഒബാമയുടെ ഈ പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരു മലയാളിയുണ്ടായിരുന്നോ!). ലോക സമ്പന്ന രാഷ്ട്രമായ അമേരിക്കയില്‍ ഇന്ന് ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാട് വളരെ ഹൃദയ സ്പര്‍ശിയായി 30 മിനിറ്റ് കൊണ്ട് അവതരിപ്പിച്ചു. നിറങ്ങള്‍ കൊണ്ട് പൂശിയ അമേരിക്കക്കാരനയല്ല മറിച്ച് ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കുവാന്‍ കഷ്ടപ്പെടുന്നവരെയാണ് ഒബാമ ഇവിടെ അവതരിപ്പിച്ചത്, ഒപ്പം കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒട്ടേറേ പ്രതിസന്ധികളെ തരണം ചെയ്താണ് താന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നതെന്നും കാട്ടുന്നു. നമ്മുടെ ഇന്ത്യന്‍ ഭരണകൂടം കണ്ണ് തുറന്ന് ഈ പരസ്യം കാണണം. വിരലിലെണ്ണാവുന്ന കോടീശ്വരന്മാരെയല്ല മറിച്ച് പട്ടിണി കിടക്കുന്ന കോടിക്കണക്കിന് മനുഷ്യരെയാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്. (എന്നാല്‍ വിദേശ സ്വകാര്യ ബാങ്കുകളും ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങലും പൊട്ടി പാളീസായിട്ടും നമ്മുടെ ഗവണ്മെന്റ് ഇപ്പോഴും മൂഢ സ്വര്‍ഗ്ഗത്തിലാണ്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം 25% ത്തില്‍ നിന്ന് 46% ആയി ഉയര്‍ത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു!! ഇന്ത്യന്‍ സര്‍ക്കാരിനെ മണ്ടനെന്നോ, അഹങ്കാരിയെന്നോ, അതോ സ്വേഛാദിപതിയെന്നോ വിളിക്കേണ്ടത്) . അമേരിക്കന്‍ ഗവണ്മെന്റിന്റെ തെറ്റായ നീക്കങ്ങളാണ് ഇന്നത്തെ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ഒബാമ പരസ്യത്തിലൂടെ പറയുന്നുണ്ട്. പെന്‍ഷന്‍ സ്കീമിലെ പണം സ്റ്റോക്കില്‍ നിക്ഷേപിച്ചത് മൂലം റിട്ടയേര്‍ഡ് ആളുകള്‍ ഇപ്പോള്‍ നരകിക്കുന്നത് ഇതില്‍ വരച്ച് കാട്ടുന്നുണ്ട് (എന്നാല്‍ ഇന്ത്യന്‍ ഗവണ്മെന്റ് ഇപ്പോഴും പെന്‍ഷന്‍ ഫണ്ട് സ്റ്റോക്കില്‍ ഇട്ടേ അടങ്ങൂ എന്ന് വാശി പിടിക്കുകയാണ്!!!).

മാധ്യമങ്ങളിലൂടെ ലോകമറിയുന്ന ബഹുനില മന്തിരങ്ങളുള്ള, ഹൈ ഫൈ ജീവിതമുള്ള ന്യൂയോര്‍ക്കില്‍ പോലും ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കുവാന്‍ ജനങ്ങള്‍ പെടാപെടുന്നു എന്ന് ഒബാമ ഈ പരസ്യത്തിലൂടെ ലോകത്തെ അറിയിക്കുന്നതോടൊപ്പം, താന്‍ വന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറയുമ്പോള്‍ മക്കെയ്ന്‍ കുറ്റപ്പെടുത്തുന്നത് പോലെ ഒരു സോഷ്യലിസ്റ്റ്കാരനെ നമുക്ക് ഒബാമയില്‍ കാണാന്‍ കഴിയുന്നു എങ്കില്‍ അതിന് കാരണം ഇന്ന് അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ്...... ഒബാമയുടെ വാക്കുകള്‍ ദി കിംങിലെ ഡയലോഗ് പോലെ ആക്കിയാല്‍ “.......പട്ടിണി പാവങ്ങളുടെ അമേരിക്ക.......”. അമേരിക്കക്കാര്‍ മാറ്റത്തിനെ അനുകൂലിക്കുമോ എന്ന് നവമ്പര്‍ 4ന് അറിയാം... (പക്ഷേ ഇന്ത്യക്കാര്‍ക്ക് ഇന്നത്തെ മുതലാളിത്ത-സ്വേഛാദിപതി സര്‍ക്കാരിനെ അടുത്ത മാര്‍ച്ച് വരെയെങ്കിലും സഹിക്കണം.......)

സാമ്പത്തിക പ്രതിസന്ധിയും അമേരിക്കന്‍ ഇന്ത്യക്കാരും

അമേരിക്കന്‍ ഇന്ത്യക്കാര്‍ വല്ലാത്ത മാനസികാവസ്ഥയിലെത്തി നില്‍ക്കുന്നു. ഒക്ടോബര്‍ 6 ന് കാര്‍ത്തിക് രാജാറാം എന്ന ഇന്ത്യക്കാരന്‍ ഭാര്യയും, മക്കളെയും, അമ്മായിയമ്മയും വെടിവെച്ച് കൊന്ന് സ്വയം വെടി വെച്ച് മരിച്ചു. ഒക്ടോബര്‍ 30ന് ലക്ഷ്മി റാവു എന്ന സോഫ്റ്റ് വെയര്‍ എഞ്ജിനിയറുടെ ഭാര്യയേയും, മക്കളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ലക്ഷ്മി റാവുവിനെ പറ്റി വിവരമില്ലെന്നും എന്നാല്‍ പുള്ളി ആത്മഹ്ത്യ ചെയ്തു എന്നും രണ്ട് വാര്‍ത്തകള്‍ കേള്‍ക്കുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി രണ്ട് കൂട്ടരും നല്ല നിലയില്‍ കഴിഞ്ഞിരുന്നവര്‍. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലിയും, സ്റ്റോക്കില്‍ പണവും നഷ്ടപ്പെട്ടവരാണ്. ഇവര്‍ ഇന്ന് അമേരിക്കയില്‍ ജീവിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരുടെ പ്രതിനിധികളാണ്. പലരുടെയും ജോലി നഷ്ടപ്പെട്ടു. പുതിയ ജോലിക്കായി പരക്കം പായുന്നു. ഗ്രീന്‍ കാര്‍ഡും, കടവും എടുത്തവരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നവര്‍. അല്ലാത്തവര്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചു പോകുന്നു.

ബ്ലോഗുലകത്ത് ഒരാള്‍ ഒരു സോഫ്റ്റ് വെയര്‍കാരന്‍ തന്റെ നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എഴുതുന്ന എഴുത്ത് പ്രസിദ്ധീകരിച്ചിരുന്നു. തമാശ രൂപത്തിലായിരുന്നെങ്കിലും അത് ഇന്നത്തെ അമേരിക്കന്‍ ഇന്ത്യക്കാരന്റെ അവസ്ഥയായിരുന്നു. തിരിച്ച് ഇന്ത്യയിലെത്തിയാല്‍ ജനങ്ങള്‍ എന്ത് പറയുമെന്ന നാണക്കേട്. ഇവിടെ കുമിഞ്ഞ് കൂടിയ കട ബാധ്യത തീര്‍ക്കാതെ എങ്ങിനെ തിരിച്ച് ഇന്ത്യയിലേയ്ക്ക് പോകുമെന്ന അങ്കലാപ്പ്. എല്ലാം ചെന്ന് എത്തിക്കുന്നത് ആത്മഹത്യയിലേയ്ക്ക്. പണ്ട് കുവൈറ്റ് യുദ്ധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന ഇന്ത്യക്കാരുടെ അതേ അവസ്ഥ.

ഇന്ത്യയിലെ ഗവണ്മെന്റുകള്‍ ഇത് വളരെ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു........ കാരണം ഇന്ത്യയില്‍ 25-30% ജോലിക്കാരെ പിരിച്ച് വിടുവാന്‍ കമ്പനികള്‍ തയ്യാറായി നില്‍ക്കുകയാണ്..... എന്തിനും പ്രതിവിധി ആത്മഹത്യയാണെന്ന ഇന്ത്യക്കാരുടെ ധാരണ മാറ്റിയെടുത്ത് അവര്‍ക്ക് ധൈര്യം നല്‍കുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം...... ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന അമേരിക്കയില്‍ പോലും ഇപ്പോള്‍ ആത്മഹത്യ സാധാരണമായിരിക്കുന്നു എന്നത് അത്ഭുതമാണ്.

Tuesday, October 28, 2008

തീവ്രവാദികളുടെ സ്വന്തം കേരളം

കേരളത്തിലെ ചെറുപ്പക്കാര്‍ മതം മാറി തീവ്രവാദികളാകുന്നു. മുസ്ലീം തീവ്രവാദം എന്ന് പരക്കേ പ്രചരിപ്പിക്കപ്പെടുന്ന ഈ തീവ്രവാദം മുസ്ലീം മതത്തെ മാത്രം പഴി പറയാനാവില്ല എന്ന് തെളിയിച്ചിരിക്കുന്നു. മുസ്ലീം മതത്തോട് അത്രയ്ക്ക് ആത്മാര്‍ത്ഥതയുണ്ടായത് കൊണ്ടാണോ പിടിയിലായവര്‍ മതം മാറി തീവ്രവാദികളായത്? പണത്തിന് വേണ്ടി മാത്രം, അതും കൊട്ടേഷന്‍ വര്‍ക്കിന് പോകുന്നവരാണ് ഇങ്ങനെ മതം മാറി കാശ്മീരില്‍ എത്തിപ്പെട്ടിരിക്കുന്നത്.

എന്ത് കൊണ്ട് ചെറുപ്പക്കാര്‍ ഇങ്ങനെ വഴി തെറ്റുന്നു? അരാഷ്ട്രീയമായിരിക്കണം പ്രധാന കാരണം. എങ്കില്‍ എന്ത് കൊണ്ട് ചെറുപ്പക്കാര്‍ അരാഷ്ട്രീയരാകുന്നു? പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചെറുപ്പക്കാര്‍ക്ക് കാണിച്ചു കൊടുത്ത ലക്ഷ്യങ്ങളും ആദര്‍ശങ്ങളും ഇന്നത്തെ തലമുറയ്ക്ക് നല്‍കുവാന്‍ കേരളത്തില്‍ ഇപ്പോഴുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിയുന്നുണ്ടോ? രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ കഴിവില്ലായമയല്ലേ ഇതിനെല്ലാം പ്രധാന കാരണം. കേരളത്തില്‍ ഒരു തലമുറ ജാതിയോ മതമോ ഇല്ലാതെ ജീവിച്ചിരുന്നു എന്നത് അന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുടര്‍ന്ന ആദര്‍ശങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഫലമായിരുന്നു. എന്നാല്‍ പിന്നീട് എപ്പോഴോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുവാന്‍ ഒരു ലക്ഷ്യമില്ലാതായി എന്ന് മാത്രമല്ല ആദര്‍ശങ്ങളും കൈ വിടുവാന്‍ തുടങ്ങി. പണത്തിന് മീതെ ഒന്നുമില്ല എന്നാണ് എല്ലാവരുടെയും അജണ്ട എന്ന് വന്നതോടെ പലരും പുതിയ അഭയ കേന്ദ്രങ്ങള്‍ തേടി. ഭക്തി മാര്‍ഗ്ഗത്തിലേയ്ക്കും, ഗുണ്ടാ പ്രവര്‍ത്തനത്തിലേയ്ക്കും, തീവ്രപക്ഷ രാഷ്ട്രീയത്തിലേയ്ക്കും പുതു തലമുറ നടന്ന് ചെല്ലുന്നത് കാണുവാന്‍ ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തെയ്യാറായില്ല എന്നതല്ലേ ശരി. പാര്‍ട്ടികള്‍ക്ക് അംഗ ബലം കിട്ടുവാന്‍ ഒരു പരിധി വരെ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു. ഇപ്പോള്‍ ദാ തീവ്രവാദവും....

ഇനിയെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം... ഇല്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് തീവ്രവാദികളുടെ പറുദീസയായി മാറും.....

രാഷ്ട്രീയ നേതൃത്വം ഉണര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒപ്പം കേരള ജനതയും.....

Friday, October 24, 2008

ലോക സാമ്പത്തികവും മാര്‍ക്സും

ലോക സാമ്പത്തിക ചരിത്രത്തില്‍ ഒക്ടോബര്‍ 10 ഒരു കറുത്ത വെള്ളിയാഴ്ചയായിരുന്നു (http://vyathakal.blogspot.com/2008/10/blog-post_10.html). ആ ആഴ്ച അമേരിക്കന്‍ സ്റ്റോക്ക് നിക്ഷേപകര്‍ക്ക് മാത്രം നഷ്ടം 1.5 ട്രില്ല്യണ്‍ ഡോളറായിരുന്നു. അതിന് ശേഷമുള്ള തിങ്കളാഴ്ച ലോക സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഉണര്‍ന്നു. എന്നാല്‍ വിപണി പിന്നീട് ചാഞ്ചാടി നീങ്ങുന്നതാണ് കാണുവാന്‍ കഴിഞ്ഞത്. പല രാജ്യങ്ങളും രക്ഷാ മാര്‍ഗ്ഗങ്ങള്‍ വെളിപ്പെടുത്തി എന്നാല്‍ പിടിച്ച് നില്‍ക്കുവാന്‍ കഴിയാതെ വിപണി ഇന്ന് മറ്റൊരു കറുത്ത വെള്ളിയാഴ്ച കൂടി ചരിത്രത്തിന് സമ്മാനിച്ചു. ഒക്ടോബര്‍ 24ന് ഭൂമിയുടെ കിഴക്കേ രാജ്യത്തില്‍ നിന്ന് തുടങ്ങിയ വിപണിയിടിവ് പടിഞ്ഞാറ് അമേരിക്കയില്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെ തുടര്‍ന്നു.

സൌത്ത് കൊറിയയില്‍ 11% വരെ ഓഹരി വിപണി ഇടിഞ്ഞു. ജപ്പാന്‍, ഇന്ത്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്കകള്‍ എല്ലായിടത്തും 5-10% ഇടയിലാണ് വിപണി താണത്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം യെന്‍ ഡോളറിനെതിരെ ശക്തി പ്രാപിക്കുന്നത് കണ്ടപ്പോള്‍ രൂപ ഡോളറിന് മുന്നില്‍ മൂക്ക് കുത്തി. ഒരു ഡോളറിന് 50 രൂപ എന്ന മാര്‍ക്ക് കടന്നു. ഇന്ത്യന്‍ സെന്‍സെക്സ് 9000 ത്തിന് താഴേയായി. അമേരിക്കയില്‍ സ്റ്റോക്ക് പ്രവര്‍ത്തനം തുടങ്ങിയത് തന്നെ 500 പോയിന്റിന് താഴെ നിന്നാണ്. കുറേ സമയം ഇവിടെ പ്രവര്‍ത്തനവും നിര്‍ത്തി വെച്ചു.

ലോകം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കാടന്നു എന്ന് ഒടുവില്‍ വിപണിയും അംഗീകരിച്ചു. ആളുകള്‍ കിട്ടിയ വിലയ്ക്ക് തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതാണ് ഇപ്പോള്‍ കാണുവാന്‍ കഴിയുന്നത്.

ഇവിടെ നോക്കി കാണേണ്ട ഒരു പ്രത്യേകത. ദീര്‍ഘ കാല ഗവണ്മെന്റ് ബോണ്ടുകളുടെ വില്പനയിലെ ഉയര്‍ച്ചയാണ്. അമേരിക്കയിലാണ് ഈ ബോണ്ടുകള്‍ക്ക് പ്രിയമേറിയതെന്നുള്ളതും എടുത്ത് കാണേണ്ടതാണ്. ആളുകള്‍ നിക്ഷേപത്തിന് സുരക്ഷിത സ്ഥലം തേടിയതിനാലാണ് പ്രൈവറ്റ് സ്ഥാപനങ്ങളുടെ ഓഹരികള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത് എന്ന് ഇതില്‍ നിന്നും മനസ്സിലാകും.

മാര്‍ക്സും സാമ്പത്തിക രംഗവും
ഇതിനിടയില്‍ മറ്റൊരു സംഗതി കൂടി നടക്കുന്നു. യൂറോപ്പില്‍ കഴിഞ്ഞ മൂന്ന്-നാല് ആഴ്ച കൊണ്ട് മാര്‍ക്സിന്റെ പുസ്തകങ്ങളുടെ വില്പന 300% ത്തിന് മീതെയായിരിക്കുന്നു എന്ന് ബ്രിട്ടന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു (http://www.timesonline.co.uk/tol/news/politics/article4981065.ece , http://www.guardian.co.uk/books/2008/oct/15/marx-germany-popularity-financial-crisis) . മാര്‍ക്സുമായി ബന്ധമുള്ള പുരാതന സ്ഥലങ്ങളില്‍ സന്തര്‍ശകരുടെ എണ്ണം കൂടി വരുന്നു എത്രേ! മാര്‍ക്സിനെ തള്ളി കളഞ്ഞവരുടെ പിന്‍ഗാമികള്‍ മാര്‍ക്സ് എഴുതിയത് എന്ത് എന്ന് മനസ്സിലാക്കുവാന്‍ തുനിഞ്ഞിരിക്കുന്നു എന്നത് നവ-ലിബറല്‍ ആശയങ്ങളില്‍ പുതു തലമുറയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്നതല്ലേ കാണിക്കുന്നത്? യൂറോപ്പ്യന്‍ ,അമേരിക്കന്‍ രാജ്യങ്ങള്‍ സോഷ്യലിസ്റ്റ് ആശയങ്ങളിലേയ്ക്ക് തിരിയുവാന്‍ നിര്‍ബന്ധിതരായത് കണ്ട യുവ തലമുറ മാര്‍ക്സിന്റെ രചകള്‍ തേടുന്നതില്‍ അത്ഭുതപ്പെടുവാനില്ലല്ലോ...

ലോകം ദയനിയമായ അവസ്ഥയിലേയ്ക്ക്
പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 13 രാജ്യങ്ങളാണ് ഭയാനകമായ സാമ്പത്തിക തകര്‍ച്ച നേരിടേണ്ടി വരിക എന്ന കണക്ക് രണ്ടാഴ്ചയ്ക്ക് ശേഷം തിരുത്തിയിരിക്കുന്നു. 20-25 രാജ്യങ്ങള്‍ എന്നതാണ് പുതിയ കണക്ക്.
ഐ.എം.എഫി.ന്റെ 33 പരമ ദരിദ്ര രാജ്യങ്ങള്‍ക്ക് (http://www.imf.org/external/np/exr/facts/hipc.htm) പുറമേ സമ്പന്ന രാഷ്ട്രമായിരുന്ന ഐസ്ലന്റ് പോലെയുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടെ കടക്കെണിയിലാണെന്ന് ഐ.എം.എഫ്. വെളിപ്പെടുത്തിയിരിക്കുന്നത് ലോകം ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ രൂക്ഷത വെളിവാക്കുന്നു. 1930ല്‍ ലോകം കണ്ടതിലും ഭയാനകമായ സാമ്പത്തിക മാന്ദ്യമാണ് ഇന്ന് നേരിടുന്നതെന്നും രാജ്യങ്ങള്‍ പരസ്പരം സഹകരിക്കണമെന്നും പാക്കിസ്ഥാന്‍ പോലെയുള്ള തകര്‍ന്നടിയാന്‍ തയ്യാറായി നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പണം നല്‍കി സഹായിക്കണമെന്നും ഐ.എം.എഫ്. വെളിപ്പെടുത്തിയിരിക്കുന്നു (http://www.imf.org/external/pubs/ft/survey/so/2008/NEW102108A.htm).

ഇന്ത്യയുടെ പുതിയ വിശേഷം
ലോകപ്രതിസന്ധിക്ക് കാരണം വികസിത രാജ്യങ്ങളിലെ സ്വകാര്യ മേഖലയുടെ കെടുകാര്യസ്ഥതയാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ബെയ്ജിംഗില്‍ പ്രസംഗിച്ചു അത്രേ. ഇന്ത്യ ഇതില്‍ നിന്ന് രക്ഷപ്പെട്ടത് വിദേശ-സ്വകാര്യ മേഖലയ്ക്ക് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് അധികം മുതല്‍ മുടക്കില്ലാത്തത് കൊണ്ടാണെന്നും പറഞ്ഞുവത്രേ!!!! [വാ സിംഗ്ജി വാ... താങ്കളുടെ പഴയ നവ ലിബറല്‍ സ്നേഹം എങ്ങു പോയി? ബാങ്കുകള്‍-ഇന്‍ഷ്വറന്‍സ്-വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാത്തിലും വിദേശിയര്‍ക്ക് തുറന്ന് കൊടുക്കണമെന്ന് പറഞ്ഞിരുന്ന താങ്കള്‍ എന്ന് മുതലാണാവോ പൊതു മേഖലയെ സ്നേഹിക്കുവാന്‍ തുടങ്ങിയത്? ആ തിരുവായില്‍ നിന്ന് ഇനി മാര്‍ക്സിനെ പുകഴ്ത്തുന്ന വാക്യങ്ങള്‍ കൂടി വരുന്നത് കാണുവാനുള്ള ശക്തി ഇന്ത്യക്കാര്‍ക്കുണ്ടാവട്ടേ]

Tuesday, October 14, 2008

അല്‍ഫോണ്‍സാമ്മയും സര്‍ക്കാരുകളും കാ.സഭയും

ഫാ. മാത്യു ചന്ദ്രകുന്നേല്‍ എന്ന മഹാന്‍ “വത്തിക്കാനില്‍ ഉയര്‍ന്ന ദേശീയ പതാകയും വാ തുറക്കാത്ത നേതാക്കളും” എന്ന തലകെട്ടോടെ ദീപിക ദിന പത്രത്തില്‍ തിരുവെഴുത്ത് നടത്തുകയുണ്ടായി. “ഇന്ത്യ ദര്‍ശിച്ച ഏറ്റവും വലിയ അത്ഭുതം” നടന്നിട്ടും “ഇവിടത്തെ സര്‍ക്കാരുകളും രാഷ്ട്രീയ നേതാക്കളും അതൊന്നും അറിഞ്ഞ ഭാവം നടിച്ചില്ല” എന്ന് വിലപിച്ച് കൊണ്ടാണ് പുള്ളി ലേഖനം അവസാനിപ്പിക്കുന്നത്.

മാത്യുവിനോട് ഒരേഒരു ചോദ്യമേ ചോദിക്കുവാനുള്ളൂ. ആരാണ് ഈ അല്‍ഫോണ്‍സാമ്മ? മദര്‍ തെരസ്സ ചെയ്തത് പോലെ എന്തെങ്കിലും സാമൂഹിക പ്രവൃത്തി ചെയ്തവരാണോ ഇവര്‍? ആ വിഷയം പോട്ടേ... പിന്നെ അല്‍ഫോണ്‍സാമ്മ നടത്തിയെന്ന് പറയുന്ന അത്ഭുതവും, ആറ്റുകാല്‍ ചാത്തന്റെ അത്ഭുതവും തമ്മില്‍ എന്താണാവോ വ്യത്യാസം? അപ്പോള്‍ ചാത്തനെയും, അത് പറയുന്നവരെയും കള്ളന്മാരാണെന്ന് പറയുന്ന ഇക്കാലത്ത് അത് പോലെയുള്ള അത്ഭുതം കാണിച്ചത് കൊണ്ട് ഒരു അല്‍ഫോണ്‍സാമ്മയെ “മാലാഖമാരുടെ അടുത്തേയ്ക്ക് ഉയര്‍ത്തിയ ചടങ്ങിനെ” ജനകീയ സര്‍ക്കാരുകള്‍ (കേന്ദ്രത്തിലെയും, കേരളത്തിലെയും) പൂവും, താലവും വെച്ച് കൊട്ടിഘോഷിക്കണമെന്നാണോ മാത്യു സ്വപ്നം കാണുന്നത്! അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നാണോ കാ.സഭാ മേലാളര്‍ ദീപികയിലൂടെ അരുളി ചെയ്യുന്നത്!

കഷ്ടം........

Friday, October 10, 2008

ലോക സാമ്പത്തിക രംഗം എങ്ങോട്ട്

സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് ഒരു കറുത്ത വെള്ളിയാഴ്ച കൂടി സമ്മാനിച്ചിരിക്കുന്നു. അമേരിക്കയുടെയും, യൂറോപ്പിന്റെയും ഇടപെടലുകള്‍ വൈകിപ്പോയി എന്ന് തെളിയിച്ച് കൊണ്ട് ലോക സാമ്പത്തിക രംഗം കൂടുതല്‍ വഷളായിരിക്കുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികകള്‍ താഴേയ്ക്ക് വീണുകൊണ്ടേയിരിക്കുന്നു. ജനങ്ങള്‍ സുരക്ഷിതമായ നിക്ഷേപകങ്ങള്‍ തേടിയലയുന്നു. സ്വര്‍ണ്ണത്തിന് വില കൂടി കൊണ്ടേയിരിക്കുന്നു.

എക്കണോമിസ്റ്റ് ബ്രയാന്‍ ഫാബ്രി പറഞ്ഞത് പോലെ “ഇരുണ്ട തുരങ്കത്തിലൂടെ ലോകം നീങ്ങുകയാണിപ്പോള്‍. മുന്നോട്ട് പോകും തോറും കൂടുതല്‍ പുതിയ വിടവുകള്‍ കാണാന്‍ കഴിയുന്നു.” ഈ തുരങ്കത്തില്‍ നിന്ന് എന്ന് രക്ഷപ്പെടുമെന്ന് ആര്‍ക്കും പറയുവാന്‍ കഴിയുന്നില്ല. ഏഷ്യന്‍, യൂറോപ്പ്, അമേരിക്കന്‍ ഗവണ്‍മെന്റുകള്‍ ശക്തമായ ഇടപെടലുകളുമായി രംഗത്തുണ്ടെങ്കിലും കാര്യങ്ങള്‍ കൈ വിട്ട് പോയിരിക്കുകയാണ്. ഐസ്ലാന്റ് എന്ന രാജ്യം പാപ്പരായി പ്രഖ്യാപിക്കുവാന്‍ പോകുന്നു എന്ന വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. ആളോഹരി വരുമാനത്തില്‍ മുന്‍പന്തിയില്‍ നിന്ന ഒരു രാജ്യം ഒരു സുപ്രഭാതത്തില്‍ തകര്‍ന്ന് തരിപ്പണമാകുന്നു. ഇത് ഈ രാജ്യത്തെ മാത്രമല്ല യൂറോപ്പിന്റെ സമ്പത് വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഒന്നാണ്. ഐസ്ലാന്റിലെ പ്രമുഖ ബാങ്കില്‍ യൂറോപ്പിലെ ജനങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഐസ്ലന്റ് യൂറോപ്പിലെ പല കമ്പനികളുടെ ഷെയര്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. എന്തിനേറേ ചില യൂറോപ്പ്യന്‍ ഫുഡ്ബോള്‍ ക്ലബുകള്‍ വരെ ഐസ്ലാന്റിന്റെ കരുണയിലാണ് നീങ്ങുന്നത്. ഇത് കൊണ്ടാണ് ലോകം ഞെട്ടലോടെ ഈ വാര്‍ത്ത കാണുന്നത്. അമേരിക്ക ഉള്‍പ്പെടേ ജനങ്ങളുടെ പെന്‍ഷന്‍ ഫണ്ട് സ്റ്റോക്കില്‍ നിക്ഷേപിച്ചിരുന്നു. ബില്ല്യണ്‍ ഡോളറാണ് നഷ്ടം വന്നിരിക്കുന്നത്. ഇന്ത്യയില്‍ സിംഗനും, ചിതംബരനും ഇതുപോലെ കളിക്കുവാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യക്ക്കരുടെ ഭാഗ്യത്തിന് പെന്‍ഷന്‍ ഫണ്ട് ഇതു വരെ നിക്ഷേപിച്ചിരുന്നില്ല (മൂക്ക് കയര്‍ ഉണ്ടായിരുന്നു... ഇപ്പോഴില്ല എന്നത് മറ്റൊരു അപകടമാണ്).

കറുത്ത വെള്ളിയാഴ്ച
സൂചിക 10%ത്തില്‍ കൂടുതല്‍ താഴാതെ നോക്കുന്നതിനാല്‍ ലോകത്തിന്റെ പല ഭാഗത്തും സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം അരമണിക്കൂറോളം മരവിപ്പിച്ചു. ബ്രസീല്‍, തായലന്റ്, ആസ്ട്രേലിയ, ജപ്പാന്‍ അങ്ങിനെ പല രാജ്യങ്ങളും. ഇന്ത്യയില്‍ സെന്‍സെക്സ് 1000 പോയിന്റ് വരെ ഇടിഞ്ഞു.

മറുമരുന്ന്
ലോകമെങ്ങും പല പ്രമുഖ സ്വകാര്യ ബാങ്കുകളെ ഗവണ്മെന്റുകള്‍ ഏറ്റെടുക്കുവാന്‍ തുടങ്ങി കഴിഞ്ഞു. എന്നിട്ടും നിക്ഷേപകരുടെ വിശ്വാസ്യത നേടുവാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. അതിന് പുറമേ സ്വകാര്യ ബാങ്കുകളെ തങ്ങളുടെ നികുതി പണം ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നതിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉഅയര്‍ന്നു കഴിഞ്ഞു. സ്വകാര്യ ഭീമന്മാരെ മാത്രം രക്ഷിക്കുവാനുള്ള അടവാണിതെന്ന ഭയമാണ് നികുതിദായകര്‍ക്ക്. ഇന്ത്യയിലും പൊതു മേഖലകളോട് സ്വകാര്യ കമ്പനികളുടെ സ്റ്റോക്കുകള്‍ വാങ്ങുവാന്‍ സിംഗ് ഗവണ്‍മെന്റ് മുന്‍പേ തന്നെ ഉത്തരവിട്ട് കഴിഞ്ഞിരുന്നു.

മറ്റൊരു തമാശ ചൈനയുടെ നിലപാട് എന്തെന്ന് ലോകം ഉറ്റ് നോക്കുന്നു. കടത്തില്‍ മുങ്ങിയിരിക്കുന്ന അമേരിക്കന്‍ വിപണിയെ രക്ഷിക്കുവാന്‍ ബാങ്ക് ഓഫ് ചൈന ഇടപെടുമോ എന്നാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ട്രില്ല്യണ്‍ ഡോളര്‍ കൊണ്ട് പോലും മെച്ചം വരാത്ത തമോഗര്‍ത്തമായിരിക്കുന്ന അമേരിക്കന്‍ സാമ്പത്തികത്തില്‍ അവര്‍ ഇടപെടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

വാല്‍ കഷണം: സ്വകാര്യ മേഖലയാണ് പൊതു മേഖലയേക്കാള്‍ നല്ലതെന്ന് വീമ്പിളക്കിയിരുന്ന വികസിത രാഷ്ട്രക്കാരും അവരെ അനുകരിക്കുവാന്‍ ശ്രമിച്ചിരുന്ന ചില ഇന്ത്യക്കാരും ഒടുവില്‍ പൊതുമേഖല തന്നെയാണ് നല്ലതെന്ന് സമ്മതിക്കുന്നു (പൊതുമേഖ് മൂലമാണ് ഇന്ത്യ രക്ഷപ്പെട്ടിരിക്കുന്നതെന്ന് നമ്മുടെ സ്വകാര്യ കമ്പക്കരന്‍ ചിതമ്പരന്‍ യാതൊരു ഉളിപ്പുമില്ലാതെ പറഞ്ഞ് കഴിഞ്ഞല്ലോ). പക്ഷേ സമയം വൈകിയിരിക്കുന്നു.

Wednesday, October 8, 2008

മോഡിയെ കണ്ട് പഠിക്കൂ

നാനോ-ടാറ്റ ബംഗാളില്‍ നിന്ന് ഗുജറാത്തില്‍. കര്‍ഷകര്‍ 1100 ഏക്കര്‍ കൃഷി ഭൂമി ചതുരശ്ര മീറ്ററിന് 1000 രൂപ മാത്രം വാങ്ങി “സന്തോഷത്തോടെ” നടന്നകലുന്നു. മാര്‍ക്കറ്റ് വില 2500 രൂപ ഉള്ളപ്പോഴാണിതത്രേ! തൊഴിലാളി സമരവും ഉണ്ടാകില്ല. ടാറ്റയുടെ ഭാഗ്യം. ഏത് സംസ്ഥാനത്ത് കിട്ടും ഇതു പോലെയുള്ള പരവതാനി?

1000 രൂപയെങ്കിലും കിട്ടിയല്ലോ എന്ന “സന്തോഷത്തോടെ”യായിരിക്കാം ആ കര്‍ഷകര്‍ ഓടി പോയത്. മറ്റ് സ്ഥലങ്ങളിലെ പോലെ സമരം ചെയ്തിരുന്നുവെങ്കില്‍ ‍ആ കര്‍ഷകരുടെ അവസ്ഥ എന്താകുമായിരുന്നു (ഗുജറാത്തോ അതോ ഒറീസയോ?). കര്‍ഷകരുടെയും, തൊഴിലാളികളുടെയും രക്ഷകര്‍ എവിടെ പോയോ ആവോ? പൊടിപോലുമില്ല കണ്ട് പിടിക്കുവാന്‍.....

ഇന്ത്യയ്ക്ക് ഇന്ന് ആവശ്യം മോഡിയെ പോലെയുള്ളവരെയാണ്. എങ്കിലേ ഇന്ത്യക്കാര്‍ പഠിക്കൂ....... സ്വാതന്ത്ര്യത്തിന്റെ വില അന്നേ നമ്മള്‍ തിരിച്ചറിയൂ........

Sunday, October 5, 2008

ക്രിസ്ത്യന്‍ തീവ്രവാദം ഇന്ത്യയിലും


ഒറീസയില്‍ മാവോയിസ്റ്റ് തീവ്രവാദി നേതാവ് പാണ്ട തങ്ങളാണ് ലക്ഷമണാനന്ദ സരസ്വതിയെ കൊന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നു. ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുമുള്ള ആവശ്യപ്രകാരമാണ് ഇത് ചെയ്യേണ്ടി വന്നതെന്നും തങ്ങളുടെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണെന്നുമുള്ള പാണ്ടയുടെ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ തലപ്പൊക്കിയിരിക്കുന്ന പുതിയ തീവ്രവാദത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു - ക്രിസ്ത്യന്‍ സ്പോണ്‍സേര്‍ഡ് തീവ്രവാദം.

തൃപുരയിലും, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ സഭകളാണ് അവിടത്തെ തീവ്രവാദികളെ സംരക്ഷിക്കുന്നതെന്ന് ഇതിനകം തന്നെ വെളിവായതാണ് (ലോകത്ത് ഇസ്രായേല്‍-പാലസ്റ്റീന്‍ [ക്രിസ്ത്യന്‍-മുസ്ലീം] തീവ്രവാദം ഉണ്ടായിട്ട് അധികം കാലമായിട്ടില്ല) ഇത് ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളിലേയ്ക്കും പടര്‍ന്നിരിക്കുന്നു എന്ന് വിശ്വസിക്കത്തക്ക വിവരമാണ് പാണ്ടയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

രാജ്യത്ത് അടിക്കടിക്ക് നടക്കുന്ന സ്ഫോടനങ്ങള്‍ക്ക് പിന്നിലുള്ള യഥാര്‍ത്ഥ പ്രതികളെ കണ്ട് പിടിക്കുവാന്‍ പരാജയപ്പെട്ട പാട്ടീലും കോണ്‍ഗ്രസ്സും ഇപ്പോള്‍ ഒറീസ ഗവണ്മെന്റിനെതിരെ 356 പുറപ്പെടുവിക്കുമെന്ന് വീമ്പിളക്കി രംഗത്തെത്തിയതിന് തൊട്ട് പിന്നാലയാണ് രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് പാണ്ട പ്രസ്താവനയുമായി വരുന്നത്. ഇതിനെ പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതെ തങ്ങളുടെ കഴിവില്ലായ്മ മറയ്ക്കുവാനുള്ള തന്ത്രപാടിലാണ് മന്ത്രി പാട്ടീലും, സിംഗിന്റെ കോണ്‍ഗ്രസ്സും.

കര്‍ണ്ണാടക തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് അവിടത്തെ മുഖ്യമന്ത്രി പ്രസ്താവിച്ച് കഴിഞ്ഞു. മുസ്ലീം തീവ്രവാദികളാണ് അവിടെ എന്നാണ് ഇത്ര്യയും നാള്‍ പറഞ്ഞിരുന്നത് എന്നാള്‍ അവിടെയും ഒറീസയിലെ പോലെ ക്രിസ്ത്യന്‍-ഹിന്ദു സംഘട്ടനങ്ങള്‍ നടക്കുന്നു എന്നത് പാണ്ടയുടെ വെളിപ്പെടുത്തല്‍ മുന്‍ നിറുത്തി വായിച്ചാല്‍ ഇന്ത്യ വലിയ ഒരു അപകടത്തിലേയ്ക്ക് നീങ്ങുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. മുസ്ലീം, ഹിന്ദു തീവ്രവാദത്തിന് പുറകെ ക്രിസ്ത്യന്‍ തീവ്രവാദവും രംഗ പ്രവേശനം ചെയ്യുന്നു.

ചുരുക്കി പറഞ്ഞാല്‍ ഇന്ത്യ പുതിയ തീവ്രവാദത്തിന് വേദിയാകുന്നു- ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം (മത) തീവ്രവാദത്തിന് . എന്നാല്‍ തീവ്ര മതത്തില്‍ വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് മതത്തിന്റെ പേരില്‍ സാധാരണ ജനങ്ങളുടെ ജീവിതം നരക തുല്ല്യമാക്കുന്നത് എന്നുള്ളതാണ് ദു:ഖകരമായ സംഗതി. ഇത് മുളയിലേ നുള്ളിയില്ലെങ്കില്‍ ഗുജറാത്തും, ഒറീസയും, തൃപുരയും, നാഗാലാന്റും, ആസാമും, കര്‍ണ്ണാടകവും രാജ്യമൊട്ടാകെ സംഭവിക്കും.


തിരുത്ത്: “(ലോകത്ത് ഇസ്രായേല്‍-പാലസ്റ്റീന്‍ [ക്രിസ്ത്യന്‍-മുസ്ലീം] തീവ്രവാദം ഉണ്ടായിട്ട് അധികം കാലമായിട്ടില്ല)” എന്നത് “(ലോകത്ത് ഇസ്രായേല്‍-പാലസ്റ്റീന്‍, ക്രിസ്ത്യന്‍-മുസ്ലീം തീവ്രവാദം ഉണ്ടായിട്ട് അധികം കാലമായിട്ടില്ല)” എന്ന് വായിക്കുവാന്‍ അപേക്ഷ.

Wednesday, October 1, 2008

123 ആണവ കരാര്‍: തിരകഥ പോലെ തന്നെ അവസാനിച്ചു



ഒടുവില്‍ ബുഷിന്റെ തിരകഥ പോലെ തന്നെ 123 കരാര്‍ പ്രശ്നം പരിഹരിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ്സ് വില്ലനാകുമെന്ന് കരുതിയെങ്കിലും ഫ്രാന്‍സ് ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടതോടെ (അമേരിക്കയുമായി ആദ്യം ഒപ്പിടണമെന്ന സിംഗിന്റെ ആഗ്രഹം നടക്കാഞ്ഞ വിഷമം ഫ്രാന്‍സുമായി ഒപ്പിടുന്നതിന്റെ ചിത്രങ്ങളില്‍ വ്യക്തമായി കാണാം) സാമ്പത്തിക പ്രതിസന്ധിയില്‍ കുഴയുന്ന അമേരിക്കയെ രക്ഷിക്കുവാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിന് ഒടുവില്‍ സമ്മതിക്കേണ്ടി വന്നു. എന്നിരുന്നാലും ഹൈഡ് ആക്ടാണ് 123നെ നിയന്ത്രിക്കുക എന്ന ഉറപ്പിന്മേലാണ് ഇപ്പോള്‍ ഇത് അംഗീകരിച്ചിരിക്കുന്നത് (ഇന്ത്യ പറയുന്ന പോലെ 123 മാത്രമല്ല എന്ന് ബുഷിനും കോണ്‍ഗ്രസ്സില്‍ സമ്മതിക്കേണ്ടി വന്നു). ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ അമേരിക്കയ്ക്ക് ഏക പക്ഷീയമായി പിന്‍ വാങ്ങാനും അനുബന്ധത്തില്‍ വ്യക്തമായി വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.

ഇതോടേ അമേരിക്കയിലെ രണ്ട് ആണവ കമ്പനികള്‍ക്ക് ഇന്ത്യ നടത്തുവാന്‍ പോകുന്ന ബില്ല്യണ്‍ ഡോളര്‍ ബിസിനസ്സ് കിട്ടുമെന്ന് ഉറപ്പായി. അതോടൊപ്പം ദിനം പ്രതി തൊഴില്‍ നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴിലും ലഭിക്കും.

ബുഷിനും, സിംഗിനും ആഹ്ലാദിക്കാം. അവരാണല്ലോ സാമ്പത്തിക പ്രതിസന്ധിയിലായ അമേരിക്കയെ രക്ഷിച്ചിരിക്കുന്നത്- ബുഷിന്റെ $700 ബില്ല്യണ്‍ ഉപയോഗിച്ച് നഷ്ടത്തിലായ വമ്പന്‍ കമ്പനികളെ രക്ഷിക്കുന്നതും, സിംഗിന്റെ 123 കരാറും. ഇന്ത്യക്കാരനായതില്‍ നമുക്കും അഭിമാനിക്കാം ഒരു വികസിത ഭീമനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുവാന്‍ നാം സഹായിക്കുന്നു.....