എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, January 28, 2009

ലാവലിനും എസ്സ്.എന്‍.ഡി.പി.യും

മൂന്നാര്‍ കത്തി നിന്ന സമയത്താണ് പാഠപുസ്തക വിവാദം വരുന്നത്. അതിന് പുറകേ അഭയ വന്നപ്പോള്‍ പാഠപുസ്തക വിവാദം കെട്ടടങ്ങി. ഇപ്പോള്‍ ഇതാ ലാവലിന്‍, അഭയ എവിടെ?. അടുത്ത ദിവസങ്ങളില്‍ ഒരു പക്ഷേ ലാവലിനും അകാല ചരമമടയും! പുതിയ വിവാദം എസ്സ്.എന്‍.ഡി.പി.യി.ല്‍ പുകയുന്നു.

കഴിഞ്ഞദിവസം വെള്ളാപ്പള്ളിയുടെ ഉടമസ്‌ഥതയിലുള്ള, ചേര്‍ത്തലയിലെ അശ്വനി ബാര്‍ ഹോട്ടലില്‍ നടന്ന യോഗത്തില്‍” ശ്രീകുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നെന്ന് മംഗളം. തുടര്‍ന്ന് നടേശന്‍ നടത്തിയ പത്രപ്രസ്താവനയില്‍ ശ്രീകുമാര്‍ കാരണമാണ് എന്‍.എസ്സ്.എസ്സും, യു.ഡി.എഫും ആയും തെറ്റാന്‍ കാരണമെന്നും, ദേവസം ബേര്‍ഡില്‍ ശ്രീകുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും(!) ശ്രീകുമാര്‍ രാജി വെയ്ക്കണമെന്നും വെളിപ്പെടുത്തി. എന്നാല്‍ ഇതിനെല്ലാം കാരണക്കാരന്‍ എന്‍.എസ്സ്.എസ്സി.ലെ സുകുമാരന്‍ നായരാണെന്നായിരുന്നു പണ്ട് നടേശന്‍ പറഞ്ഞിരുന്നത്!

കേരള കൌമുദിക്കെതിരെ പണ്ടേ അരിശമുള്ള ദീപിക സംഭവം ഏറ്റെടുത്ത് കഴിഞ്ഞു. “സമുദായ സംഘടന സ്വകാര്യ ലിമിറ്റഡ് കമ്പനിയായപ്പോള്‍..” എന്ന വാര്‍ത്തയുമായി ദീപിക രംഗ പ്രവേശനം ചെയ്യുന്നു.

ദീപികയുടെ ഭാഷയില്‍ “ശാശ്വതീകാനന്ദ ശുഭപ്രതീക്ഷയോടെ യോഗം നേതൃത്വത്തിലേയ്ക്ക് അവതരിപ്പിച്ച” (എന്നാല്‍
പണ്ട് രാഘവന്‍ വക്കീലാണ് അന്നത്തെ ചേരി തിരിവില്‍ സമവായ സ്ഥാനാര്‍ത്ഥിയാക്കി നടേശനെ കൊണ്ട് വരുന്നത്) നടേശനും ശ്രീകുമാറും ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന ബന്ധം അവസാനിക്കുന്നതോടെ വലിയ പൊട്ടിതെറി കേരളം കാണും. എന്നാല്‍ നടേശനെ പൂട്ടാനുള്ളത് ശ്രീകുമാറിന്റെയും ശ്രീകുമാറിനെ പൂട്ടാനുള്ളത് നടേശന്റെയും കയ്യില്‍ ഉള്ളതിനാല്‍ പരസ്പരം “കടുംകൈകള്‍” ചെയ്യില്ല എന്ന് ഉറപ്പ്.

ദീപിക പറയുന്നത് എസ്.എന്‍.ഡി.പി. പരിപാടികളില്‍ ഇപ്പോള്‍ തിരികൊളുത്തുന്നത് അച്ചനും, അമ്മയും, മകനും ആണെന്നാണ്, ശ്രീനാരായണഗുരു സ്മാരകങ്ങളേക്കാള്‍ വേഗത്തില്‍ ഉയരുന്നത് വെള്ളാപ്പള്ളി സപ്തതി സ്മാരകങ്ങളാണ്.

പണ്ട് വിദ്യാസാഗര്‍ പടിയിറങ്ങിയപ്പോള്‍ ചില പടക്കങ്ങള്‍ പൊട്ടിക്കുവാന്‍ നോക്കിയെങ്കിലും അത് ഏശിയിരുന്നില്ല. എന്നാല്‍ പതിറ്റാണ്ടുകളായി നടേശന്റെ “മാനസ പുത്രനായിരുന്ന” ശ്രീകുമാറില്‍ നിന്ന് കേരള ജനതയെ ഞെട്ടിക്കുന്ന പല “സത്യങ്ങളും” പുറത്ത് വരുമെന്നാണ് ദീപികയും, മംഗളവും കാത്തിരിക്കുന്നത്! കേരളത്തിലെ ബിസിനസ്സ് മാഗനറ്റ് ഗോകുലം ഗോപാലനും ശ്രീകുമാറും നടത്തുന്ന വിരുദ്ധ ചേരിയുടെ രഹസ്യ യോഗങ്ങള്‍ വരും ദിവസങ്ങളില്‍ പരസ്യമാകുമെന്നും കൂടുതല്‍ ആളുകള്‍ വിരുദ്ധ ചേരിയില്‍ അണി ചേരുമെന്നും രണ്ട് പത്രങ്ങളും വിലയിരുത്തുന്നു. മൈക്രോ ഫിനാന്‍സുമായി അനുബന്ധിച്ച് എസ്സ്.എന്‍.ഡി.പി. നേതാക്കള്‍ക്കെതിരെ 5 മുന്‍ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്യുകയും അവര്‍ക്കായി കേന്ദ്ര മന്ത്രി ചിദംബരത്തിന്റെ ഭാര്യ വക്കീലായി വരികയും ചെയ്തത് (!) വിരുദ്ധ ചേരിയുടെ ശക്തമായ നീക്കത്തിന്റെ സൂചനയായിരിക്കാം.

വരും ദിവസങ്ങളില്‍ “സത്യങ്ങള്‍” പുറത്ത് വരുന്നുവെങ്കില്‍ മൂന്നാര്‍‍, പാഠപുസ്തകം, അഭയ എന്നിവയെ പോലെ കേരളത്തിലെ ഇന്നത്തെ ചര്‍ച്ചാ വിഷയമായ ലാവലിനും അകാല ചരമം പ്രാപിക്കും. പിന്നെ കേരളം ചര്‍ച്ച ചെയ്യുക ശാശ്വതികാനന്ദ മരണവും, മുന്‍ ദേവസം ബോര്‍ഡ് അഴിമതികളും, പഴയ തന്ത്രി കേസും ആയിരിക്കും. അതോ വരുവാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ അലയടിയില്‍ ഇതൊക്കെയും വിസ്മൃതിയിലാകുമോ? കാത്തിരുന്നു കാണാം......

6 comments:

Manoj മനോജ് said...

ഇതെല്ലാം കണ്ട് പണ്ടു മുതല്‍ വിരുദ്ധചേരിയില്‍ ഉറച്ച് നിന്നിരുന്നവര്‍, ഭീഷണിയുടെ മുന്നില്‍ തളരാതെ നിന്നവര്‍ പുഞ്ചിരിക്കുന്നുണ്ടാകാം.

Harold said...

മനോജേ
നല്ല കുറിപ്പ്
പക്ഷെ എല്ലായിടത്തും ഒരേ ലിങ്കാണല്ലോ?
സമയം കുറെ പോയിക്കിട്ടി
:(

അജീഷ് മാത്യു കറുകയില്‍ said...

നടേശനെ പൂട്ടാനുള്ളത് ശ്രീകുമാറിന്റെയും ശ്രീകുമാറിനെ പൂട്ടാനുള്ളത് നടേശന്റെയും കയ്യില്‍ ഉള്ളതിനാല്‍ പരസ്പരം “കടുംകൈകള്‍” ചെയ്യില്ല എന്ന് ഉറപ്പ്.

ശ്രീകുമാര്‍ രാജി വെക്കെണ്ടാതില്ല എന്ന ഇന്നത്തെ വാര്‍ത്തയും കൂടി വായിച്ചാല്‍ എല്ലാം വ്യക്തമല്ലേ

dethan said...

മനോജിന്റെ പ്രവചനം ഫലിച്ചല്ലോ.ചപ്പച്ചിക്കു ചവറു നായര്‍ എന്ന പോലെ ചേര്‍ന്നിരിക്കുന്ന നടേശനും ശ്രീകുമാറും വേര്‍പിരിയാന്‍ യാതൊരു സാദ്ധ്യതയുമില്ല.എസ് എന്‍ ഡി പിയുടെ ദുര്യോഗം
അടുത്തെങ്ങും അവസാനിക്കുന്ന പോകുന്നില്ലെന്നു സാരം.
-ദത്തന്‍

manoj said...

ഹെറോള്‍ഡ്: ലിങ്കുകള്‍ എല്ലാം ഒന്നല്ലല്ലോ. പല വാര്‍ത്തകളാണത്. പത്രങ്ങളില്‍ നിന്നും എടുക്കുന്നത് കൊണ്ടാണ് ലിങ്കുകള്‍ കൊടുക്കുന്നത്. അല്ലെങ്കില്‍ കോപ്പിറൈറ്റും പറഞ്ഞ് ആരെങ്കിലും... വയ്യ...

അജീഷ്, ദത്തന്‍: അല്ലെങ്കിലും ഇത് ഇങ്ങനെയേ അവസാനിപ്പിക്കുവാന്‍ പറ്റൂ. അല്ല എന്നുണ്ടെങ്കില്‍.... അതൊക്കെ കാണുവാനും കേള്‍ക്കുവാനും ഉള്ള ത്രാണി കേരളീയര്‍ക്കുണ്ടാകില്ല.

നാട്ടുകാരന്‍ said...

നന്നായിട്ടുണ്ട് ......അഭിനന്ദനങ്ങള്‍!
എന്‍റെ നാട്ടു കാഴ്ചകള്‍ കണ്ടിട്ടുണ്ടോ?