എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, February 1, 2009

മറ്റൊരു “ഇസ്”ത്തിന്റെ തകര്‍ച്ച

ഇസങ്ങള്‍ പലതും വന്നും പോയും ഇരുന്നു. ഇനി ക്യാപറ്റലിസത്തിനേ രക്ഷയുള്ളു എന്ന് നമ്മളെ കൊണ്ട് സമ്മതിപ്പിച്ച് കോര്‍പ്പറേറ്റ് ഭീമന്മാര്‍ വിലസുകയായിരുന്നു. ഗവണ്മെന്റുകള്‍ ജനങ്ങളുടെ നികുതി പണം കൊണ്ട് വ്യവസായങ്ങളെയും, ബാങ്കുകളെയും സഹായിക്കരുതെന്ന് അവര്‍ വാശി പിടിച്ചു. ദാ ഞങ്ങളെ നോക്കൂ ഇങ്ങനെയാണ് വേണ്ടതെന്നും എങ്കിലേ ഇനി ലോകം രക്ഷപ്പെടൂ എന്നും അവര്‍ വാദിച്ചു.

എന്നാല്‍ പല “ഇസ”ങ്ങളെ പോലെയും കോര്‍പ്പറേറ്റുകളുടെ “ഇസ”വും തകരുന്നു. അമേരിക്കയില്‍ തുടക്കമിട്ട തകര്‍ച്ച ഇന്ന് ലോകം മുഴുവന്‍ ഭീകര താണ്ടവം ആടുന്നു. കോര്‍പ്പറേറ്റ് ധനാഢ്യതയില്‍ വിലസിയിരുന്ന ഐസ്ലാന്റ് എന്ന രാജ്യം നിമിഷങ്ങള്‍ക്കുള്ളില്‍ പാപ്പരായി. ലോക രാജ്യങ്ങളിലെ കേര്‍പ്പറേറ്റ് ഭീമന്മാര്‍ യാതൊരു ഉളിപ്പുമില്ലാതെ പണ്ട് തങ്ങള്‍ തള്ളി പറഞ്ഞ നികുതി പണത്തിന് ക്യൂ നില്‍ക്കുന്നു.

ഇന്ത്യയില്‍ ബാങ്കുകളും, ഇന്‍ഷ്വറന്‍സ് മേഖലയും സ്വകാര്യ വല്‍ക്കരിക്കുവാന്‍ കോര്‍പ്പറേറ്റ് ആശയ അടിമകളായ മന്മോഹനും, ചിദംബരവും കിണഞ്ഞ് പരിശ്രമിച്ചിരുന്നു (പണ്ട് ബി.ജെ.പി. ഗവണ്മെന്റും ഇത് ചെയ്ത). എന്നാല്‍ മറ്റൊരു “ഇസ”ത്തിന്റെ ലേബളില്‍ നില്‍ക്കുന്ന ഇടത് പക്ഷം സ്വന്തം മുഖം രക്ഷിക്കുവാന്‍ വേണ്ടി കൂടി ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഈ എടുത്ത് ചാട്ടത്തെ എതിര്‍ത്തു. അതു കൊണ്ട് മാത്രം ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ രൂക്ഷമായില്ല എന്ന് മന്മോഹനും, ചിദംബരം വെളിപ്പെടുത്തി. എന്നാല്‍ ജനിച്ച സ്വഭാവം തുടച്ചാല്‍ പോകില്ല എന്ന് പറഞ്ഞ പോലെ അവര്‍ ഇപ്പോഴും വിദേശ വല്‍ക്കരണത്തിന് വേണ്ടി നിയമങ്ങള്‍ പാസ്സാക്കുന്നു!

അമേരിക്കന്‍, യൂറോപ്പ്യന്‍, ഏഷ്യന്‍ ഗവണ്മെന്റുകള്‍ തകര്‍ന്ന കമ്പനികളെയും ബാങ്കുകളേയും രക്ഷിക്കുവാന്‍ ജനങ്ങളുടെ പണം ഉപയോഗിക്കുന്നതിനായി ആ കമ്പനികളെ ഗവണ്മെന്റ് ഏറ്റെടുക്കുന്നു. എന്നിട്ടും ഇത് പൊതുമേഖലയിലേയ്ക്കുള്ള തിരിച്ച് പോക്കല്ല എന്നും ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാനുള്ള ഏക മാര്‍ഗ്ഗമാണെന്ന മുട്ട് ന്യായവും. കോര്‍പ്പറേറ്റ് ഭീമന്മാര്‍ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും ബോണസ് വാങ്ങിയതിനെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വിമര്‍ശിച്ചു. ദാ, ഇപ്പോള്‍ അമേരിക്കയില്‍ ഗവണ്മെന്റ് സഹായം ലഭിച്ച ബാങ്കുകള്‍ അമേരിക്കന്‍ പൌരന്മാരെ തഴഞ്ഞ് വിദേശ പൌരന്മാരെ ഉയര്‍ന്ന പോസ്റ്റുകളിലേയ്ക്ക് നിയമിക്കുന്നു എന്ന് പറഞ്ഞ് വാവിട്ട് കരയുന്നു! ലാഭം മാത്രം ലക്ഷ്യമിട്ടിരുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് മൂക്ക് കയര്‍ വീഴുന്നുവോ? മറ്റൊരു “ഇസ”ത്തിന്റെ കൂടി ചരമ ഗീതം കേള്‍ക്കുന്നുവോ?

1 comment:

Manoj മനോജ് said...

ലോക രാജ്യങ്ങളിലെ കേര്‍പ്പറേറ്റ് ഭീമന്മാര്‍ യാതൊരു ഉളിപ്പുമില്ലാതെ പണ്ട് തങ്ങള്‍ തള്ളി പറഞ്ഞ നികുതി പണത്തിന് ക്യൂ നില്‍ക്കുന്നു.