എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Saturday, March 14, 2009

വഴിതിരിവ്‍‍, ലോക സാമ്പത്തിക മാന്ദ്യം 2009 10

ഒബാമ ഭരണത്തില്‍ കയറിയ ഉടനെ തന്നെ ചൈന തങ്ങളുടെ യുവാന്‍ കറന്‍സി “മാനിപ്പുലേറ്റ്” ചെയ്യുന്നു എന്നും, ചൈനയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും പറയുകയുണ്ടായി. എന്നാല്‍ ഈ കഴിഞ്ഞ വെള്ളിയാഴ്ച ചൈനയുടെ പുതിയ പ്രസ്താവന കേട്ട് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒന്ന് കിടിങ്ങിയിരിക്കുന്നു. ചൈന പറയുന്നത് അമേരിക്ക ഡോളറിനെ അണ്ടര്‍വാല്യു ചെയ്യുന്നു എന്നും ഇത് തങ്ങളുടെ കയ്യിലിരിക്കുന്ന അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകളെ ബാധിക്കുമെന്നും. അതിനാല്‍ ഈ ബോണ്ടുകള്‍ തങ്ങള്‍ക്ക് ബാധ്യതയാകുമെന്നും പറഞ്ഞിരിക്കുന്നു. ഏകദേശം $1 ട്രില്ല്യണ്‍ മൂല്യമുള്ള ഇത്തരം ബോണ്ടുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ചൈന പറയുന്നു!

ഈ ബോണ്ടുകള്‍ ചൈന അമേരിക്കയ്ക്ക് തിരിച്ച് നല്‍കിയാല്‍? കടക്കെണിയില്‍ നില്‍ക്കുന്ന അമേരിക്കന്‍ സര്‍ക്കാരിന് പിന്നെ പിടിച്ച് നില്‍ക്കുവാന്‍ കഴിയില്ല. $1 ട്രില്യണ്‍ കൂടി ഉണ്ടാക്കേണ്ട ഗതികേടിലാക്കും അവര്‍. ഇത് ഡോളറീന്റെ വില ഇടിക്കുമെന്ന് മാത്രമല്ല ലോക സാമ്പത്തിക വ്യവസ്ഥിതിയെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്യും. ഇത് ചൈനയ്ക്കും അറിയാം. അതിനാല്‍ തന്നെ അവര്‍ അതിന് മുതിരില്ല. ഇപ്പോഴത്തെ പ്രസ്താവന അമേരിക്കയെ വരുതിയിലാക്കുവാനുള്ള ചൈനയുടെ ഒരു അടവ് മാത്രമാണ്. എന്നാല്‍ വരും നാളുകളില്‍ തങ്ങള്‍ പറയുന്നത് പോലെ അമേരിക്കയ്ക്ക് ചെയ്യേണ്ടി വരുമെന്ന സൂചന ഇതില്‍ തെളിഞ്ഞ് കാണാം!!

ഈ ഒരു ചതി കുഴി പണ്ടേ അമേരിക്ക കണ്ടിട്ടുണ്ട്. അവര്‍ എന്ത് പ്രതിരോധമാണ് ഉപയോഗിക്കുന്നത് എന്ന് വരും നാളുകളില്‍ കാണാം.

തങ്ങള്‍ ചെയ്യുന്നത് പോലെയുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ചെയ്യുന്നില്ല എന്ന് അമേരിക്ക തുറന്നടിച്ചിരിക്കുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോ രാജ്യങ്ങള്‍ വ്യക്തമാക്കി. ഈ വാഗ് യുദ്ധങ്ങളെല്ലാം തന്നെ ഏപ്രിലില്‍ ചേരുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തിന് മുന്‍പായുള്ളവയാണ്. ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പുതിയ അച്ചു തണ്ട് രൂപം കൊള്ളുമെന്ന് ജര്‍മ്മനിയും, ഫ്രാന്‍സും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പറഞ്ഞ് കഴിഞ്ഞിട്ടുണ്ട്. ചൈനയുടെ പുതിയ പ്രസ്താവനയും കൂടി കൂട്ടി വായിക്കുമ്പോള്‍ പുതിയ സംഭവ വികാസങ്ങള്‍ക്ക് ഏപ്രില്‍ സാക്ഷ്യം വഹിക്കും എന്ന് കരുതാം. അമേരിക്ക ഇതിനെ എങ്ങിനെ പ്രതിരോധിക്കുമെന്നും കാണാം.

പതിവ് പോലെ കമ്പനികള്‍ രക്ഷപ്പെടുവാന്‍ ആളുകളെ പിരിച്ച് വിട്ട് കൊണ്ടേയിരിക്കുന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിന് പുതിയതായി അപേക്ഷിക്കുന്നവരുടെ എണ്ണം കൂടി. സെയിത്സ് വീണ്ടും താഴെയ്ക്ക്. വമ്പന്‍ കടകളെല്ലാം വില കുറച്ച് സാധനങ്ങള്‍ വില്‍ക്കുകയാണ്. എന്നിട്ടും അമേരിക്കന്‍ ജനത വിപണിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നു!

അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുവാന്‍ രാജ്യത്തുടനീളമുള്ള പല സ്കൂളുകളും പ്രവര്‍ത്തന സമയം ആഴ്ചയില്‍ 4 ദിവസമാക്കിയിരിക്കുന്നു. കമ്പനികളും, ഓഫീസുകളും ഈ രീതിയിലേയ്ക്ക് മാറ്റുവാന്‍ അലോചിക്കുന്നു. അമേരിക്കയിലെ സര്‍ക്കാര്‍ തപാല്‍ സര്‍വീസ് ഒരു ദിവസം കൂടി ഒഴിവ് കൊടുക്കുവാന്‍ തീരുമാനിച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ ജനുവരിയിലെ വ്യവസായിക ഉല്‍പ്പാദന ഇന്‍ഡെക്സ് പുറത്ത് വിട്ടു. സാമ്പത്തിക മാന്ദ്യം ഇന്തയെ നിസ്സാരമായേ ബാധിച്ചിട്ടുള്ളൂ എന്നാണ് ഇപ്പോഴും ഗവണ്മെന്റ് പറയുന്നത്. എന്നാല്‍ കണക്കുകള്‍ അങ്ങിനെയല്ല സൂചിപ്പിക്കുന്നത്. ജനുവരിയിലെ കണക്കനുസരിച്ച് 2007-2008ല്‍ 2.9% ഉണ്ടായിരുന്ന മൈനിങ്ങ് മേഖല 2008-2009ല്‍ നെഗറ്റീവ് 0.4% (-0.4%) ആയി നിലമ്പതിച്ചിരിക്കുന്നു. മാനുഫാക്റ്ററിങ്ങ് 6.7%ത്തില്‍ നിന്ന് നെഗറ്റീവ് 0.8% (-0.8%) ത്തിലേയ്ക്ക് കൂപ്പ് കുത്തി. ഇലക്ട്രിസിറ്റി മേഖല 3.7%ത്തില്‍ നിന്ന് തകര്‍ന്ന് 1.8%ത്തില്‍ എത്തി നില്‍ക്കുന്നു. ജനറല്‍ ഇന്‍ഡെക്സ് 6.2%ത്തില്‍ നിന്ന് നെഗറ്റീവ് 0.5% (-0.5%)ത്തിലേയ്ക്ക് പതിച്ചിരിക്കുന്നു! ഏപ്രില്‍-ജനുവരി മാസങ്ങളിലെ ഇന്‍ഡെക്സ് നോക്കിയാല്‍ 2007-2008ല്‍ 8.7% ഉണ്ടായിരുന്ന ജനറല്‍ ഇന്‍ഡെക്സ് 3.0% ആയി കുത്തനെ കുറഞ്ഞിരിക്കുന്നു. ഇന്‍ഡസ്ട്രി ഇന്‍ഡെക്സ് 9.3%ത്തില്‍ നിന്ന് 3.0%ത്തിലേയ്ക്കും, മൈനിങ്ങ് 4.9%ത്തില്‍ നിന്ന് 2.7%ത്തിലേയ്ക്കും ഇലക്ട്രിസിറ്റി മേഖല 6.3%ത്തില്‍ നിന്ന് 2.6%ത്തിലേയ്ക്കും വീണിരിക്കുന്നു.

ലോക സാമ്പത്തിക രംഗത്തിന്റെ 80%ത്തെ പ്രതിനിധീകരികുന്ന ജി20 രാജ്യങ്ങളുടെ തലവന്മാരുടെ സമ്മേളനത്തിന് മുന്നോടിയായി മാര്‍ച്ച് 14ന് ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം നടന്ന് കൊണ്ടിരിക്കുന്നു. ഏപ്രില്‍ 2ന് ലണ്ടനില്‍ കൂടുന്ന ജി20 തലവന്മാരുടെ സമ്മേളനത്തില്‍ പുതിയ തന്ത്രങ്ങള്‍ ഉരുതിരിയുമെന്ന് പ്രതീക്ഷിക്കാം. ചൈന തങ്ങളുടെ കയ്യിലിരിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ ബോണ്ടുകള്‍ കൊണ്ട് എന്തെല്ലാം വിലപേശലുകള്‍ നടത്തുമെന്നും വരും നാളുകളില്‍ കാണാം.

4 comments:

Manoj മനോജ് said...

സാമ്പത്തിക മാന്ദ്യം ഇന്തയെ നിസ്സാരമായേ ബാധിച്ചിട്ടുള്ളൂ എന്നാണ് ഇപ്പോഴും ഗവണ്മെന്റ് പറയുന്നത്. എന്നാല്‍ കണക്കുകള്‍ അങ്ങിനെയല്ല സൂചിപ്പിക്കുന്നത്.

ചൈന പറയുന്നത് അമേരിക്ക ഡോളറിനെ അണ്ടര്‍വാല്യു ചെയ്യുന്നു എന്നും ഇത് തങ്ങളുടെ കയ്യിലിരിക്കുന്ന അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകളെ ബാധിക്കുമെന്നും. അതിനാല്‍ ഈ ബോണ്ടുകള്‍ തങ്ങള്‍ക്ക് ബാധ്യതയാകുമെന്നും പറഞ്ഞിരിക്കുന്നു. ഏകദേശം $1 ട്രില്ല്യണ്‍ മൂല്യമുള്ള ഇത്തരം ബോണ്ടുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ചൈന പറയുന്നു!ഈ ബോണ്ടുകള്‍ ചൈന അമേരിക്കയ്ക്ക് തിരിച്ച് നല്‍കിയാല്‍? ഇത് ഡോളറീന്റെ വില ഇടിക്കുമെന്ന് മാത്രമല്ല ലോക സാമ്പത്തിക വ്യവസ്ഥിതിയെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്യും.

maithreyi said...

ലോകപോലീസ്‌ ചമഞ്ഞ്‌ യുദ്ധങ്ങള്‍ നടത്തിയും ഒരുപാടു പൈസ അമേരിക്ക പപ്പടം പൊടിച്ചില്ലേ?സോഷ്യലിസം റഷ്യ പൊളിച്ചു.ക്യാപ്പിറ്റലിസം അമേരിക്കയും.ഇതിന്റെ രണ്ടിന്റേയും ഇടയിലുള്ളതേ നിലനില്‍ക്കൂ.

മരത്തലയന്‍ said...

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തടിയേൽ തട്ടുന്ന കാര്യം വരുമ്പോൾ എന്താ മനോജേ ഒരു വിമ്മിഷ്‌ടം..അതങ്ങനൊന്നും തകരൂല്ല എന്നും മറ്റും

ഒന്നു രണ്ടു പോസ്റ്റായി ശ്രദ്ധിക്കുവാ

ചുമ്മാ..പ്രകോപ്പിപ്പിക്കുവാൻ
:)

പ്രവൃത്തി ദിവസം ആഴ്ചയിൽ നാലു ദിവസം ആക്കിയാൽ ആളുകൾക്ക് കൂടുതൽ വിനോദം..കൂടുതൽ വീശ്രമം..അമേരിക്ക സോഷ്യലിസത്തിലേക്കോ?

ഹരിശ്രീ said...

നല്ലനിരീക്ഷണം....

:)