എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, June 2, 2009

ലോക സാമ്പത്തിക മാന്ദ്യം: മെയ്

കഴിഞ്ഞ മാസം ലോക സാമ്പത്തിക രംഗത്ത് വന്‍ ചാഞ്ചാട്ടമാണുണ്ടായത്.

പല കമ്പനികളും പാപ്പര്‍ ഹര്‍ജി നല്‍കി “രക്ഷപ്പെട്ടു”.

അമേരിക്കയില്‍ മാസാവസാനത്തോടേ ജി.എം. കാര്‍ കമ്പനി പാപ്പര്‍ ഹര്‍ജി നല്‍കുവാന്‍ തീരുമാനിച്ചു. ഗവണ്മെന്റിന്റെ രക്ഷാ പണം ലഭിക്കുവാനുള്ള അവസാന ശ്രമങ്ങള്‍ നടത്തി നോക്കിയെങ്കിലും എല്ലാവരും പ്രതീക്ഷിച്ചത് പോലെ, ക്രിസ്റ്റലര്‍ ഒരു മാസം മുന്‍പ് ചെയ്തത് പോലെ, ജി.എം. പാപ്പര്‍ ഹര്‍ജിയിലേയ്ക്ക് നീങ്ങി. അങ്ങിനെ ഒടുവില്‍ ഗവണ്മെന്റിന് ആവശ്യമുള്ള രീതിയില്‍ തന്നെ കാര്യങ്ങള്‍ അവസാനിച്ചു. നഷ്ടം ഷെയര്‍ ഹോള്‍ഡേഴ്സിനും പിന്നെ തൊഴിലാളികള്‍ക്കും മാത്രം. പെന്‍ഷന്‍ ലഭിച്ചിരുന്ന മുന്‍ തൊഴിലാളികള്‍ക്ക് ഇനി പെന്‍ഷന്‍ ലഭിക്കില്ല എന്ന് മാത്രമല്ല നിലവിലുള്ള തൊഴിലാളികള്‍ക്ക് ജോലിയും നഷ്ടപ്പെടും. ഇതോടൊപ്പം ഡീലര്‍മാരും അവരെ ആശ്രയിച്ച് കച്ചവടം നടത്തുന്നവരും, വര്‍ക്ക് ഷോപ്പുകളും എന്തിന് കമ്പനികള്‍ക്ക് ദിവസവും പൂച്ചെണ്ട് നല്‍കിയിരുന്നവര്‍ വരെ വരുമാനമില്ലാതെയാകും. ഗവണ്മെന്റ് രക്ഷാ പണം നല്‍കുന്നതോടേ അവര്‍ക്ക് നേരിട്ട് കമ്പനിയെ നിയന്ത്രിക്കുവാനുള്ള അവകാശം ലഭിക്കും. അതായത് പൊതുമേഖലാ സ്ഥാപനമായി മാറിയെന്ന് ചുരുക്കം. ഇനി ഇപ്പോള്‍ ജി.എം., ക്രിസ്റ്റലര്‍ എന്നിവയെ ഇന്ത്യയില്‍ ചെയ്യുന്നതു പോലെ കഷ്ണമാക്കി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കും. ചോദിക്കുവാന്‍ ഷെയര്‍ ഹോള്‍ഡേഴ്സോ തൊഴിലാളികളോ ഇല്ല. ഒരു ചൈനീസ് കമ്പനി ജി.എം.ന്റെ ചില കാറുകള്‍ ഏറ്റെടുക്കുവാന്‍ രംഗത്തെത്തി കഴിഞ്ഞു. ഇത് ജോലി നഷ്ടപ്പെട്ട തൊഴിലാളികളില്‍ ചിലര്‍ക്ക് ഉപകാരമാകുമെന്ന് കരുതാം. എന്നിരുന്നാളും പഴയ പെന്‍ഷന്‍ തൊഴിലാളികളുടെ കാര്യമായിരിക്കും കഷ്ടത്തിലാവുക.

പതിവ് പോലെ അമേരിക്കയില്‍ 6 ലക്ഷത്തിന് മുകലീല്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. ഷെയര്‍ മാര്‍ക്കറ്റില്‍ ഉണര്‍വ്വുണ്ടെങ്കിലും ആളുകള്‍ തൊഴില്‍ രഹിതരായി കൊണ്ടേയിരിക്കുന്നു. എന്നിട്ടും രാജ്യം മാന്ദ്യത്തില്‍ നിന്ന് കരകയറി എന്ന് തന്നെയാണ് ഒബാമ ഗവണ്മെന്റ് പറയുന്നത്!

വീടുകള്‍ വിറ്റ് പോകുവാന്‍ തുടങ്ങിയെന്നതാണ് അമേരിക്കക്കാരെ സംബന്ധിച്ചുള്ള ശുഭ വാര്‍ത്ത. എന്നാല്‍ മേടിച്ചതിനേക്കാള്‍ വളരെ താഴ്ന്ന വിലയ്ക്കാണ് വില്‍ക്കപ്പെടുന്നത്. എങ്കിലും കടക്കെണിയില്‍ നിന്ന് തലയൂരാം എന്നതിനാല്‍ അവര്‍ വില്പനയുമായി മുന്നോട്ട് പോകുന്നു.

ഇന്ത്യയിലാകട്ടെ പുതിയ ഗവണ്മെന്റ് സ്വകാര്യ മേഖലയ്ക്കനുകൂലമായിരിക്കുമെന്ന വിശ്വാസം മൂലം വിദേശിയര്‍ സ്റ്റോക്കില്‍ പണമിറക്കുവാന്‍ തുടങ്ങി. ഇത് സ്റ്റോക്ക് മാര്‍ക്കറ്റ് വീണ്ടും ഉയരുന്നതിന് കാരണമായി. പക്ഷേ പതിവ് പോലെ പ്രൊഡക്ഷന്‍ മേഖല നെഗറ്റീവ് വളര്‍ച്ചയില്‍ തന്നെയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിശീര്‍ഷ വരുമാനം 3000ത്തില്‍ എത്തി എന്നാല്‍ മാസം 1750 രൂപയ്ക്ക് വകയില്ലാത്തവരുടെ എണ്ണം 42%ന് മുകളിലാണെന്നുള്ളത് ഇന്ന് ഇന്ത്യയില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചതിനെ ചൂണ്ടികാണിക്കുന്നു!

ചൈന തങ്ങളുടെ കയ്യിലെ പണം ഉപയോഗിച്ച് ഈ അവസരം മുതലെടുക്കുവാന്‍ രംഗത്തിറങ്ങി കഴിഞ്ഞു. പല വിദേശീയ കമ്പനികളും, ബാങ്കുകളും അവര്‍ വിലയ്ക്കെടുത്ത് കഴിഞ്ഞു. ചൈനയുമായുള്ള ബന്ധം യൂറോപ്പിന്റെ സാമ്പത്തിക നിലയെ മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ട്രില്ല്യണ്‍ കണക്കിന് ഡോളര്‍ കമ്മിയുള്ള അമേരിക്കയും ചൈനയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്ന് അമേരിക്കന്‍ ട്രെഷറീ സെക്രട്ടറിയുടെ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ചൈന സന്ദര്‍ശനം വിളിച്ച് പറയുന്നു.

ജി20 രാജ്യങ്ങളുടെ അടുത്ത സമ്മേളനം അമേരിക്കയിലെ പിത്സ്ബര്‍ഗ്ഗില്‍ സെപ്തമ്പര്‍ 24, 25 തിയതികളില്‍ നടക്കും. ജി8 എന്ന ക്രീമില്‍ നിന്ന് നിന്ന് ജി20ലേയ്ക്ക് നീങ്ങേണ്ടി വന്ന ലോകം ഇന്ന് ഇന്ത്യയെയും ചൈനയെയും ഉറ്റ് നോക്കുന്നു. ചൈന തങ്ങളുടെ കയ്യിലെ ഡോളറുകള്‍ ബുദ്ധി പൂര്‍വ്വം മറ്റ് രാജ്യങ്ങളില്‍ നിക്ഷേപിച്ച് കൊണ്ടിരിക്കുന്നു. ഇന്ത്യ അമേരിക്കയ്ക്ക് പറ്റിയ മണ്ടത്തരങ്ങള്‍ (പെന്‍ഷന്‍ പണം സ്റ്റോക്കില്‍ നിക്ഷേപിക്കുക, സ്വകാര്യ കമ്പനികളെ കണ്ണുമടച്ച് വിശ്വസിക്കുക, റിയല്‍ എസ്റ്റേറ്റില്‍ കൂടുതല്‍ അയവ് വരുത്തുക .....) ആവര്‍ത്തിക്കുമോ എന്ന് വരും ദിനങ്ങളില്‍ അറിയാം. സെപ്തമ്പറീല്‍ ജി20 രാജ്യങ്ങള്‍ ഏപ്രിലിന് ശേഷമുള്ള സാമ്പത്തിക പുരോഗതി വിലയിരുത്തും.

2 comments:

Manoj മനോജ് said...

പ്രതിശീര്‍ഷ വരുമാനം 3000ത്തില്‍ എത്തി എന്നാല്‍ മാസം 1750 രൂപയ്ക്ക് വകയില്ലാത്തവരുടെ എണ്ണം 42%ന് മുകളിലാണെന്നുള്ളത് ഇന്ന് ഇന്ത്യയില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചതിനെ ചൂണ്ടികാണിക്കുന്നു!

ചൈന തങ്ങളുടെ കയ്യിലെ ഡോളറുകള്‍ ബുദ്ധി പൂര്‍വ്വം മറ്റ് രാജ്യങ്ങളില്‍ നിക്ഷേപിച്ച് കൊണ്ടിരിക്കുന്നു. ഇന്ത്യ അമേരിക്കയ്ക്ക് പറ്റിയ മണ്ടത്തരങ്ങള്‍ (പെന്‍ഷന്‍ പണം സ്റ്റോക്കില്‍ നിക്ഷേപിക്കുക, സ്വകാര്യ കമ്പനികളെ കണ്ണുമടച്ച് വിശ്വസിക്കുക, റിയല്‍ എസ്റ്റേറ്റില്‍ കൂടുതല്‍ അയവ് വരുത്തുക .....) ആവര്‍ത്തിക്കുമോ എന്ന് വരും ദിനങ്ങളില്‍ അറിയാം.

Melethil said...

Thnx Manoj!