Friday, January 30, 2009
ഭയാനകം, ലോക സാമ്പത്തിക മാന്ദ്യം 2009 4
വെള്ളിയാഴ്ച ജപ്പാന്‍ കമ്പനികളായ എന്‍.എ.സി.യും (20,000), ഹിറ്റാച്ചിയും (7,000) ചേര്‍ന്ന് 27,000 പേരെ പറഞ്ഞഴയ്ക്കും എന്ന് വെളിപ്പെടുത്തി. കഴിഞ്ഞ മാസം സോണി 15,000 പേരെയോളം പിരിച്ച് വിടുമെന്ന് പറഞ്ഞിരുന്നു.
വ്യാഴാഴ്ച ബോയിംങ് കമ്പനി ഏകദേശം 6,000 പേരെ പിരിച്ചു വിടുമെന്ന് അറിയിച്ചിരുന്നു. കാറ്റപില്ലര്‍ എന്ന കമ്പനി തിങ്കളാഴ്ച 20,000 പേരെ പിരിച്ച് വിടുമെന്ന് പറഞ്ഞിരുന്നതിന് പുറകേ വെള്ളിയാഴ്ച മറ്റൊരു 2100 പേരെ കൂടി പിരിച്ച് വിടുന്നതായി വെളിപ്പെടുത്തി!
അമേരിക്കയില്‍ ന്യുയോര്‍ക്ക് മേയര്‍ ബ്ലൂംബെര്‍ഗ് 23,000 സ്റ്റേറ്റ് ജീവനക്കാരെ പിരിച്ച് വിടുന്നു. ഇതില്‍ 15,000 പേര്‍ അദ്ധ്യാപകര്‍! ഗവണ്മെന്റ് ജോലികളും സുരക്ഷിതമല്ല എന്ന് അമേരിക്കക്കാര്‍ തിരിച്ചറിയുന്നു. നാലാം പാദത്തില്‍ അമേരിക്കയുടെ വളര്‍ച്ച 3.8% പുറകോട്ടായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഡവ് കെമിക്കല്‍ 500 പേരെ പിരിച്ച് വിടും.
കൊറിയയില്‍ ഈ വര്‍ഷം 1 ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടപ്പെടുമെന്നറിയിച്ചു. ഓസ്ട്രേലിയയിലും, ജപ്പാനിലും, യൂറോപ്പിലും, അമേരിക്കയിലും സാമ്പത്തിക മാന്ദ്യം അതിന്റെ തീവ്രതയിലേയ്ക്ക് കയറി കൊണ്ടിരിക്കുന്നു. വരാനിരിക്കുന്ന ദിനങ്ങളില്‍ ഇത് കൂടുതല്‍ വഷളാകുമെന്നാണ് വിലയിരുത്തുന്നത്. വാങ്ങാന്‍ ആളുകളില്ലെങ്കില്‍ ചൈനയിലെയും, ഇന്ത്യയിലെയും കയറ്റ്മതി മേഖല കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് വീഴും.
ഇന്ത്യയെ കൂടുതല്‍ കുഴപ്പത്തിലാക്കുന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ച സ്വിസ്സ് ബാങ്കായ യു.ബി.എസ്സ്. പുറത്ത് വിട്ടു. ദുബായില്‍ ഈ വര്‍ഷം 20% പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും അതിനാല്‍ ദുബായിലെ താമസക്കാരുടെ എണ്ണം 8% കണ്ട് കുറയുമെന്നും ബാങ്കിന്റെ റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലയാണ് ഇവിടെ പ്രതിസന്ധിയിലായിരിക്കുന്നത്. 40%ത്തോളം കണ്‍സ്ട്രക്ഷന്‍ ജോലികള്‍ വേണ്ടയെന്ന് വെച്ചിരിക്കുന്നു. ഇപ്പോള്‍ ദുബായിയില്‍ ഒരു ദിവസം ശരാശരി 1500 വിസകള്‍ ക്യാന്‍സല്‍ ചെയ്യുന്നുണ്ടത്രേ! ആര്‍ക്കിടെക്റ്റ് കമ്പനിയായ ബര്‍ട്ട് ഹില്‍ 111 പേരെ പിരിച്ച് വിട്ടു. അള്‍ദാര്‍ 320 പേരെ പിരിച്ച് വിട്ടു. കഴിഞ്ഞ മാസം നക്കീല്‍ 500 പേരെ പിരിച്ച് വിട്ടിരുന്നു.
ഇതിനിടയില്‍ ദുബായിയിലെ മരുഭൂമിയില്‍ 8 ഇഞ്ച് മഞ്ഞും പെയ്തിരിക്കുന്നു!!!
Wednesday, January 28, 2009
ലാവലിനും എസ്സ്.എന്‍.ഡി.പി.യും
“കഴിഞ്ഞദിവസം വെള്ളാപ്പള്ളിയുടെ ഉടമസ്‌ഥതയിലുള്ള, ചേര്‍ത്തലയിലെ അശ്വനി ബാര്‍ ഹോട്ടലില്‍ നടന്ന യോഗത്തില്‍” ശ്രീകുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നെന്ന് മംഗളം. തുടര്‍ന്ന് നടേശന്‍ നടത്തിയ പത്രപ്രസ്താവനയില്‍ ശ്രീകുമാര്‍ കാരണമാണ് എന്‍.എസ്സ്.എസ്സും, യു.ഡി.എഫും ആയും തെറ്റാന്‍ കാരണമെന്നും, ദേവസം ബേര്‍ഡില്‍ ശ്രീകുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും(!) ശ്രീകുമാര്‍ രാജി വെയ്ക്കണമെന്നും വെളിപ്പെടുത്തി. എന്നാല്‍ ഇതിനെല്ലാം കാരണക്കാരന്‍ എന്‍.എസ്സ്.എസ്സി.ലെ സുകുമാരന്‍ നായരാണെന്നായിരുന്നു പണ്ട് നടേശന്‍ പറഞ്ഞിരുന്നത്!
കേരള കൌമുദിക്കെതിരെ പണ്ടേ അരിശമുള്ള ദീപിക സംഭവം ഏറ്റെടുത്ത് കഴിഞ്ഞു. “സമുദായ സംഘടന സ്വകാര്യ ലിമിറ്റഡ് കമ്പനിയായപ്പോള്‍..” എന്ന വാര്‍ത്തയുമായി ദീപിക രംഗ പ്രവേശനം ചെയ്യുന്നു.
ദീപികയുടെ ഭാഷയില്‍ “ശാശ്വതീകാനന്ദ ശുഭപ്രതീക്ഷയോടെ യോഗം നേതൃത്വത്തിലേയ്ക്ക് അവതരിപ്പിച്ച” (എന്നാല്‍ പണ്ട് രാഘവന്‍ വക്കീലാണ് അന്നത്തെ ചേരി തിരിവില്‍ സമവായ സ്ഥാനാര്‍ത്ഥിയാക്കി നടേശനെ കൊണ്ട് വരുന്നത്) നടേശനും ശ്രീകുമാറും ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന ബന്ധം അവസാനിക്കുന്നതോടെ വലിയ പൊട്ടിതെറി കേരളം കാണും. എന്നാല്‍ നടേശനെ പൂട്ടാനുള്ളത് ശ്രീകുമാറിന്റെയും ശ്രീകുമാറിനെ പൂട്ടാനുള്ളത് നടേശന്റെയും കയ്യില്‍ ഉള്ളതിനാല്‍ പരസ്പരം “കടുംകൈകള്‍” ചെയ്യില്ല എന്ന് ഉറപ്പ്.
ദീപിക പറയുന്നത് എസ്.എന്‍.ഡി.പി. പരിപാടികളില്‍ ഇപ്പോള്‍ തിരികൊളുത്തുന്നത് അച്ചനും, അമ്മയും, മകനും ആണെന്നാണ്, ശ്രീനാരായണഗുരു സ്മാരകങ്ങളേക്കാള്‍ വേഗത്തില്‍ ഉയരുന്നത് വെള്ളാപ്പള്ളി സപ്തതി സ്മാരകങ്ങളാണ്.
പണ്ട് വിദ്യാസാഗര്‍ പടിയിറങ്ങിയപ്പോള്‍ ചില പടക്കങ്ങള്‍ പൊട്ടിക്കുവാന്‍ നോക്കിയെങ്കിലും അത് ഏശിയിരുന്നില്ല. എന്നാല്‍ പതിറ്റാണ്ടുകളായി നടേശന്റെ “മാനസ പുത്രനായിരുന്ന” ശ്രീകുമാറില്‍ നിന്ന് കേരള ജനതയെ ഞെട്ടിക്കുന്ന പല “സത്യങ്ങളും” പുറത്ത് വരുമെന്നാണ് ദീപികയും, മംഗളവും കാത്തിരിക്കുന്നത്! കേരളത്തിലെ ബിസിനസ്സ് മാഗനറ്റ് ഗോകുലം ഗോപാലനും ശ്രീകുമാറും നടത്തുന്ന വിരുദ്ധ ചേരിയുടെ രഹസ്യ യോഗങ്ങള്‍ വരും ദിവസങ്ങളില്‍ പരസ്യമാകുമെന്നും കൂടുതല്‍ ആളുകള്‍ വിരുദ്ധ ചേരിയില്‍ അണി ചേരുമെന്നും രണ്ട് പത്രങ്ങളും വിലയിരുത്തുന്നു. മൈക്രോ ഫിനാന്‍സുമായി അനുബന്ധിച്ച് എസ്സ്.എന്‍.ഡി.പി. നേതാക്കള്‍ക്കെതിരെ 5 മുന്‍ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്യുകയും അവര്‍ക്കായി കേന്ദ്ര മന്ത്രി ചിദംബരത്തിന്റെ ഭാര്യ വക്കീലായി വരികയും ചെയ്തത് (!) വിരുദ്ധ ചേരിയുടെ ശക്തമായ നീക്കത്തിന്റെ സൂചനയായിരിക്കാം.
വരും ദിവസങ്ങളില്‍ “സത്യങ്ങള്‍” പുറത്ത് വരുന്നുവെങ്കില്‍ മൂന്നാര്‍, പാഠപുസ്തകം, അഭയ എന്നിവയെ പോലെ കേരളത്തിലെ ഇന്നത്തെ ചര്‍ച്ചാ വിഷയമായ ലാവലിനും അകാല ചരമം പ്രാപിക്കും. പിന്നെ കേരളം ചര്‍ച്ച ചെയ്യുക ശാശ്വതികാനന്ദ മരണവും, മുന്‍ ദേവസം ബോര്‍ഡ് അഴിമതികളും, പഴയ തന്ത്രി കേസും ആയിരിക്കും. അതോ വരുവാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ അലയടിയില്‍ ഇതൊക്കെയും വിസ്മൃതിയിലാകുമോ? കാത്തിരുന്നു കാണാം......
Tuesday, January 27, 2009
കറുത്ത തിങ്കള്‍
പക്ഷേ ജനുവരി 26 ലോക ചരിത്രത്തില്‍ കറുത്ത തിങ്കളാഴ്ചയായി. വിവിധ കമ്പനികള്‍ ഒറ്റ ദിവസം തന്നെ 72,000 പേരെ പിരിച്ച് വിടുമെന്ന് പ്രസ്താവന ഇറക്കി!
അമേരിക്കയില്‍ Pfizer എന്ന മരുന്ന് കമ്പനി 26,000 പേരെ പിരിച്ചു വിടും, Caterpillar എന്ന കണ്‍സ്ട്രക്ഷന്‍ വണ്ടികള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം 20,000 പേരെ പിരിച്ചു വിടുന്നു, ആശയ വിനിമയ രംഗത്തുള്ള Sprint Nextel Corp. എന്ന കമ്പനി 8,000 പേരെയാണ് പറഞ്ഞ് വിടുക.
വീട്ട് സാധനങ്ങള്‍ വില്‍ക്കുന്ന Home Depot ഉം, ഡച്ച് കമ്പനിയായ INGയും 14,000 (7000+7000) പേരെ പിരിച്ച് വിടും. Texas Instruments എന്ന കമ്പനി 3,400 പേരെ പറഞ്ഞഴയ്ക്കുന്നു.
3500 പേരെ പറഞ്ഞഴയ്ക്കുവാന്‍ യൂറോപ്പ്യന്‍ കമ്പനിയായ Corus തീരുമാനിച്ചു.
Deere& Co. എന്ന കമ്പനി ബ്രസീലില്‍ 700 പേരെ പറഞ്ഞഴയ്ക്കുന്നു.
മൂന്നാഴ്ച കൊണ്ട് ഇതു വരെ 2 ലക്ഷം പേരെ പിരിച്ചു വിടുമെന്ന് കമ്പനികള്‍ പറഞ്ഞ് കഴിഞ്ഞു!
Saturday, January 24, 2009
കന്യാസ്ത്രീകളില്‍ അസംതൃപ്തര്‍ എന്ന് പഠനം
ഫാ. ജോയിയുടെ പഠനത്തില്‍ 5% കന്യാസ്ത്രീകള്‍ “കരയില്‍ പിടിച്ചിട്ട മത്സ്യത്തെ” പോലെയാണ്. 20% പേര്‍ പലപ്പോഴും “തങ്ങള്‍ അവഗണിക്കപ്പെടുന്നു” എന്ന് ചിന്തിച്ചിട്ടുള്ളവരാണ്.
കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ 14 കന്യാസ്ത്രീകള്‍ ആത്മഹത്യ ചെയ്തത് മനസ്സിലാക്കിയത് കൊണ്ടാണത്രേ “Psycho Social Adjustmental Problems of Religious Nuns in the Community Life” എന്ന പഠനത്തിന് മുന്നിട്ടിറങ്ങിയത്.
കേരളത്തിലെ ഇരിങ്ങാലക്കുട അതിരൂപതയുടെ കീഴിലുള്ള 4 സ്ഥാപനത്തില്‍ നിന്നും 30-40നും ഇടയില്‍ പ്രായമുള്ള 60 കന്യാസ്ത്രീകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇതില്‍ 15% പേര്‍ സമ്പന്ന പശ്ചാത്തലമുള്ളവരും, 50% പേര്‍ മിഡില്‍ ക്ലാസ്സും, ബാക്കിയുള്ളവര്‍ പാവപ്പെട്ട കുടുമ്പ പശ്ചാത്തലമുള്ളവരുമാണ്. 25% അസംതൃപ്തരും മിഡില്‍ ക്ലാസ്സിനും താഴെയും കുടുമ്പ പശ്ചാത്തലമുള്ളവരാണ്.
കന്യാസ്ത്രീ സമൂഹത്തില്‍ കൂടുതല്‍ പഠിപ്പും ഉയര്‍ന്ന ജോലിയും ഉള്ളവര്‍ക്കാണ് അധികാരമെന്നും ബാക്കിയുള്ളവര്‍ അവഗണിക്കപ്പെടുകയും, സൈഡ് ലൈന്‍ ചെയ്യപ്പെടുകയും ചെയ്യുന്നു എന്നും ഇത് കന്യാസ്ത്രീ സമൂഹത്തിനിടയില്‍ തട്ടുകള്‍ സൃഷ്ടിക്കുവാന്‍ ഇടയാക്കുന്നുവെന്നും പഠനത്തില്‍ നിന്ന് വ്യക്തമാകുന്നു.
60ല്‍ 3 പേര്‍ ഇത് തങ്ങള്‍ സ്വതന്ത്രമായി തെരഞ്ഞെടുത്ത മാര്‍ഗ്ഗമല്ല എന്ന് വെളിപ്പെടുത്തി.
പരസ്പര സ്നേഹവും, അംഗീകാരവും കന്യാസ്ത്രീ സമൂഹത്തില്‍ കുറഞ്ഞതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കരുതുന്നതായി ഫാ. ജോയ് പറയുന്നു. മിഡില്‍ ക്ലാസ്സും അതിന് താഴെ നിന്നും വരുന്നവര്‍ വലിയ പ്രതീക്ഷകളുമായാണ് കന്യാസ്ത്രികളാകുന്നതെന്നും അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായത് സംഭവിക്കുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നും ഫാ. ജോയ് പറയുന്നു.
പുരുഷന്മാര്‍ക്ക് പൌരോഹിത്യം സ്വീകരിക്കണമോ വോണ്ടയോ എന്ന് തീരുമാനിക്കുവാന്‍ 15 വര്‍ഷത്തോളം സമയം കിട്ടുമ്പോള്‍ സ്ത്രീകള്‍ക്ക് 4-5 വര്‍ഷം മാത്രമാണ് ലഭിക്കുക. കന്യാസ്ത്രി ജീവിതത്തെ ഗൌരവത്തോടെ കണ്ട് വരുമ്പോഴേയ്ക്കും ഇവര്‍ കന്യാസ്ത്രീ ജീവിതം തുടങ്ങിയിരിക്കും.
അവഗണന അനുഭവിക്കുന്നവര്‍ ഉള്‍വലിയുകയും, മറ്റുള്ളവരില്‍ കുറ്റങ്ങള്‍ കാണുവാന്‍ തുടങ്ങുകയും ചെയ്യുമെന്നും ഒടുവില്‍ ഇത് ആത്മഹത്യയിലേയ്ക്കോ, ഒറ്റപ്പെടലിലേയ്ക്കോ, മാനസിക സംഘര്‍ഷത്തിലേയ്ക്കും ചെന്നെത്തുകയും ചെയ്യുമത്രേ.
ഹോളി ഡെയ്സിന് വീട്ടില്‍ പോകുന്നവര്‍ തിരിച്ച് വരുമ്പോള്‍ മാതാപിതാക്കള്‍ കൊടുക്കുന്ന “പോക്കറ്റ് മണി” പലരും സുപീരിയറെ ഏല്‍പ്പിക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്ക് ചെല വഴിക്കുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടത്രേ.
ഇന്ന് അഡ്ജസ്റ്റ്മെന്റ് ചെയ്യാനും പുരോഹിതര്‍ക്ക് (ആണുങ്ങള്‍ക്കും, പെണ്ണുങ്ങള്‍ക്കും) മടിയാണത്രേ. കുടുമ്പ ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റുകള്‍ എളുപ്പത്തില്‍ നടക്കുമെങ്കിലും പുരോഹിതര്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് അധികം വില കൊടുക്കാറില്ല. സഭ പറഞ്ഞ് വിടുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുവാന്‍ ഇന്ന് പലര്‍ക്കും മടിയാണെന്ന് ഫാ. ജോയ് പറയുന്നു.
കന്യാസ്ത്രീകള്‍ക്കിടയിലുള്ള ആതമഹത്യയുടെയും, ഒറ്റപ്പെടലിന്റെയും, കൊഴിഞ്ഞ് പോക്കിന്റെയും ഗ്രാഫ് സാവധാനം മുകളിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്നുവത്രേ.
ഇന്ന് പൌരോഹിത ജീവിതത്തിലേയ്ക്ക് “കണ്‍സ്യൂമറിസം” കടന്ന് കയറിയിട്ടുണ്ടെന്നും. പണത്തിന്റെ സ്വാധീനവും, ആര്‍ഭാട ജീവിതവും പുരോഹിതരെ ബാധിച്ചു തുടങ്ങിയെന്നും ഇത് പതിയെ ആത്മീയ വൃത്തിയെ ഇല്ലാതാക്കുമെന്നും ഫാ. ജോയ് പറയുന്നു.
കടപ്പാട്: സത്യദീപം (ഇംഗ്ലീഷ്)
Friday, January 23, 2009
അമേരിക്കന്‍ പേടി, ലോക സാമ്പത്തിക മാന്ദ്യം 2009 3
മൈക്രോസോഫ്റ്റ് ബീമന്‍ 5000 പേരെ പിരിച്ചു വിടുന്നു! ആര്‍.&ഡി. വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള 1,400 പേരെ വ്യാഴാഴ്ച പിരിച്ച് വിട്ടു. ആളുകള്‍ വില കുറഞ്ഞ നെറ്റ് ബുക്കിലേയ്ക്ക് തിരിഞ്ഞതോടെ വിസ്തയ്ക്ക് വില്‍പ്പനയില്ലാതായിരിക്കുന്നു. കൂടുതല്‍ ആളുകളെ പിരിച്ച് വിടുവാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗൂഗിളും പ്രതിസന്ധിയിലാണ്.
ഇന്ത്യയില്‍ റാന്‍ബാക്സി എന്ന മരുന്ന് കമ്പിനി നഷ്ടത്തിലായി.
ബ്രിട്ടണ്‍ മാന്ദ്യത്തിലേയ്ക്ക് കൂപ്പ് കുത്തിയതായി കഴിഞ്ഞ ദിവസം സമ്മതിക്കേണ്ടി വന്നു. നാലാം പാദത്തില്‍ വളര്‍ച്ച 1.5% താഴേയ്ക്കാണ്. 1.2% മാതമാണ് ഇക്കണോമിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത്. ഇതോടേ യൂറോപ്പ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് താഴേയ്ക്കായി. ജര്‍മ്മനി, അമേരിക്ക, ജപ്പാന്‍ തുടങ്ങിയവയ്ക്കൊപ്പം ബ്രിട്ടണും ഔദ്യോഗികമായി മാന്ദ്യത്തിലേയ്ക്ക് പ്രവേശിച്ചു.
യൂറോപ്പ്യന്‍ കാര്‍ വ്യവസായം 24.4% താഴേയ്ക്കായി. ഇറ്റലിയിലെ ഫിയറ്റ് കമ്പനി ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തി. ഫ്രാന്‍സിലെ റിനോള്‍ട്ട്, പി.എസ്സ്.എ. എന്നീ കമ്പനികളും ഇതില്‍പ്പെടും. ലോക വമ്പന്മാരായ ടൊയാറ്റ ബ്രിട്ടണിലെയും, നോര്‍ത്ത് അമേരിക്കയിലെയും തൊഴിലാളികളെ പിരിച്ച് വിടുമെന്ന് പറഞ്ഞ് കഴിഞ്ഞു! യു.എസ്സി.ലും യൂറോപ്പിലും കാര്‍ കമ്പനികളെ രക്ഷിക്കുവാന്‍ ഗവണ്മെന്റുകള്‍ രംഗത്തിറങ്ങി കഴിഞ്ഞു. അമേരിക്കയിലെ ക്രിസ്റ്റലര്‍ ഏറ്റെടുക്കുവാന്‍ ഫിയറ്റ് തയ്യാറായതിനാല്‍ ക്രിസ്റ്റലറിന്റെ കടങ്ങള്‍ ഏറ്റെടുക്കുവാന്‍ അമേരിക്കന്‍ ഗവണ്മെന്റ് നീക്കങ്ങള്‍ ആരംഭിച്ചു. ബ്രിട്ടണിലെ ടാറ്റയുടെ ജഗ്വാര്‍ കമ്പിനി തങ്ങള്‍ക്ക് ഗവണ്മെന്റിന്റെ സഹായം വേണ്ട മറിച്ച് ലോണ്‍ മതിയെന്ന് പറഞ്ഞിരിക്കുന്നു.
എന്നാല്‍ ചൈനയിലെ പ്രമുഖ കാര്‍ കമ്പനിയായ എഫ്.എ.ഡ്ബ്ല്യു. 2009ല്‍ അവര്‍ക്ക് 100% ത്തിന് മുകളില്‍ പ്രൊഫിറ്റ് കാണുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു!
ഓസ്ട്രേലിയയിലെ മൈനിങ്ങ് മേഖലയിലെ ഭീമനായ ബില്‍ട്ടണ്‍ 6% പേരെ പിരിച്ച് വിടുന്നു. ചൈനയും വളര്‍ന്ന് വരുന്ന മറ്റ് മൂന്നാം ലോക രാജ്യങ്ങളും നേരിടുന്ന മാന്ദ്യമാണ് ബില്‍ട്ടണെ ബാധിച്ചതെന്നാണ് പറയുന്നത്. ഓസ്ട്രേലിയയുടെ സമ്പത്ത് വ്യവസ്ഥ പതിറ്റാണ്ടുകളായി മൈനിങ്ങിനെയാണ് ആശ്രയിച്ചിരിക്കുന്നത്. നിക്കലിന് 2007ല്‍ ഒരു മെട്രിക്ക് ടണ്ണിന് $51,000 ഉണ്ടായിരുന്നത് ഇപ്പോള്‍ $11,000 മാത്രമാണ്.
ഗള്‍ഫ് നാടുകളിലും മാന്ദ്യത്തിന്റെ കാറ്റ് അടിച്ച് തുടങ്ങി. അടുത്ത മാസത്തോടെ എത്ര പേരെ ഇത് ബാധിക്കുന്നു എന്ന് കണ്ടറിയാം. ഇന്ത്യന്‍ സ്കൂളുകള്‍ മാര്‍ച്ചിലാണ് തുറക്കുന്നതെന്നതിനാല്‍ കമ്പനികള്‍ ഫെബ്രുവരി-മാര്‍ച്ച് മുതല്‍ പിരിച്ച് വിടല്‍ നോട്ടീസ് കൊടുത്ത് തുടങ്ങുമെന്നാണ് കേള്‍ക്കുന്നത്.
അമേരിക്കയില്‍ ഒബാമ 20ആം തിയതി സത്യപ്രതിജ്ഞ ചെയ്തു ഭരണത്തില്‍ കയറി. പിറ്റേ ദിവസം തന്നെ താന്‍ എന്താണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അമേരിക്കക്കാര്‍ക്ക് കാണിച്ച് കൊടുത്തു. ഭരണത്തിന്റെ പിന്നാമ്പുറത്തുള്ളവരെ പുറത്താക്കുക മാത്രമല്ല വൈറ്റ് ഹൌസില്‍ $1 ലക്ഷം ഡോളറിന് മുകളില്‍ മേടിക്കുന്ന 100 ഓളം ആളുകളുടെ ശമ്പളം മരവിപ്പിച്ചു.
അമേരിക്ക മാന്ദ്യത്തിന്റെ കൂടുതല്‍ ആഴത്തിലേയ്ക്ക് പോകുന്ന സൂചന കാണിച്ച് തുടങ്ങി. സെര്‍ക്യൂട്ട് സിറ്റി എന്ന റീട്ടെയില്‍ സ്ഥാപനം 30,000 ജോലിക്കാരെ വഴിയിലാക്കിയതിന് തൊട്ടു പുറകേ പ്രമുഖരായ പല റീട്ടെയലര്‍മാരും തങ്ങളുടെ കടകള്‍ അടയ്ക്കുവാന്‍ തുടങ്ങിയിരിക്കുന്നു.
ജനറല്‍ ഇലക്ട്രിക്ക് കമ്പനി നാലാം പാദത്തില്‍ 46% കുറവ് അനുഭവിച്ചു. എന്‍.ബി.സി. യൂണിവേഴ്സലിനാകട്ടേ 6% കുറവും.മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി 1,100 പേരെ പിരിച്ച് വിടും. തങ്ങളുടെ ചില സ്ഥാപനങ്ങളും അടച്ചിടുമെന്നും അവര്‍ വെളിപ്പെടുത്തി. കഴിഞ്ഞ കൊല്ലം 3,000 പേരെ പിരിച്ച് വിട്ട സിറോക്സ് കമ്പനിക്ക് നാലാം പാദത്തിലും കനത്ത നഷ്ടം. കെമിക്കല്‍ കമ്പനിയായ റൊഹം&ഹസ്സ് എന്ന കമ്പനി 1000ത്തോളം പേരെ പിരിച്ച് വിടുന്നു.
മെരിലാന്റ് ഗവര്‍ണര്‍ 700 സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ച് വിടുമെന്ന് ബുധനാഴ്ച വെളിപ്പെടുത്തിയത് സര്‍ക്കാര്‍ തലത്തിലും ജീവനക്കാരെ പിരിച്ച് വിടുവാന്‍ തീരുമാനിച്ചതിന്റെ സൂചനയാണ്.
അമേരിക്കയില്‍ എല്ലാ മേഖലയിലും തൊഴില്‍ നഷ്ടപ്പെട്ടപ്പോഴും വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നതായാണ് കഴിഞ്ഞ ഒരു വര്‍ഷമായി കണ്ടിരുന്നത് എന്നാല്‍ ബുധനാഴ്ച പെന്‍സില്‍വാനിയയിലെ ഒരാശുപത്രി 40 പേരെ പിരിച്ച് വിടുമെന്ന് അറിയിച്ചിരിക്കുന്നു! നഴ്സുകളെ പിരിച്ചു വിടില്ല എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നു.
ഇതിനിടയില്‍ തൊഴിലില്ലായ്മ സഹായത്തിന് പുതിയതായി അപേക്ഷിക്കുന്നവരുടെ എണ്ണം ജനുവരി 17ന് അവസാനിച്ച ആഴ്ചയില്‍ 5,89,000 പേരാണ് അപേക്ഷിച്ചത്. കഴിഞ്ഞാഴ്ച ഇത് 5,27,000 ആയിരുന്നു. ഒരാഴ്ചയില്‍ 62,000 പേര്‍ അപേക്ഷ നല്‍കിയിരിക്കുന്നു. മിച്ചിഗണ്‍, കാലിഫോര്‍ണിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍.
ബ്രിട്ടണും ഔദ്യോഗികമായി മാന്ദ്യത്തിലായി എന്ന് പറഞ്ഞതോടെ യൂറോപ്പ് മൊത്തം മാന്ദ്യത്തിലേയ്ക്ക് വീണിരിക്കുന്നു. മാന്ദ്യത്തിന്റെ കാറ്റില്‍ എല്ലാ രാജ്യങ്ങളും അകപ്പെട്ടു കഴിഞ്ഞു. പരസ്പര സഹകരണമില്ലാതെ ഇതില്‍ നിന്ന് കരകയറുക ബുദ്ധിമുട്ടാണ്.
Thursday, January 22, 2009
112 വയസ്സ് , ജനുവരി 23ന്
സ്വതന്ത്ര ഭാരതം എങ്ങിനെയായിരിക്കണം എന്നും അതില്‍ ഓരോരുത്തര്‍ക്കും എന്തായിരിക്കണം പങ്ക് എന്നും വ്യക്തമായ അജണ്ടയുമായി മുന്നേറിയ വ്യക്തി. ഗാന്ധിയുടെ സഹന സമരം പരിഹാരമല്ല എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ യുവ രക്തം അദ്ദേഹത്തിന് പുറകില്‍ അണിനിരന്നു. ഗാന്ധിയുടെ നിഴലില്‍ കഴിഞ്ഞിരുന്ന നെഹ്രുവും നേതാജിയെ പിന്തുണച്ചിരുന്നു. ആ ഒരു ആവേശമാണ് നെഹ്രുവിന് രണ്ടാം ലോക മഹാ യുദ്ധത്തില്‍ ഗാന്ധിയുടെ വാക്കുകള്‍ക്കെതിരെ നില്‍ക്കുവാനും ഒടുവില്‍ ഗാന്ധിക്ക് നെഹ്രുവിന് മുന്നില്‍ മുട്ട് മടക്കി തുടങ്ങുവാനും ഇടയാക്കിയത്. എന്നാല്‍ സ്വതന്ത്ര ഭാരതത്തില്‍ നേതാജിയുടെ സാന്നിധ്യം നെഹ്രു ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആഗ്രഹിക്കാതിരുന്നത് ഇന്ത്യയുടെ ദുര്യോഗം.
സ്ത്രീ സമത്വം ഉയര്‍ത്തിപ്പിടിച്ചിരുന്ന നേതാജി തന്റെ നേതൃത്വത്തിലുള്ള ഐ.എന്‍.എ.യില്‍ റാണി റെജിമെന്റ് ഉണ്ടാക്കി സ്ത്രീകളെ യുദ്ധ സജ്ജരാക്കി. അതിന് മുന്‍പേ 1938ല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ സ്വതന്ത്ര ഭാരതം എങ്ങിനെയായിരിക്കണം എന്ന് തീരുമാനിക്കുവാനുള്ള പ്ലാനിങ്ങ് കമ്മീഷനില്‍ സ്വതന്ത്ര ഭാരതത്തില്‍ സ്ത്രീകളുടെ പങ്ക് എന്തായിരിക്കണം എന്ന് തീരുമാനിക്കുവാന്‍ സ്ത്രീകളെ തന്നെ നിയമിക്കുവാനുള്ള ചങ്കുറ്റം നേതാജി കാട്ടി. എന്നാല്‍ നേതാജിയില്ലാതെയുണ്ടായ സ്വതന്ത്ര ഭാരതത്തില്‍ 60 കൊല്ലം കഴിഞ്ഞിട്ടും സ്ത്രീകള്‍ തങ്ങളുടെ അവകാശത്തിനായി (പാര്‍ലമെന്റില്‍ 33% സീറ്റ് പോലുള്ള പ്രശ്നങ്ങള്‍) കാത്തിരിക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ജപ്പാനില്‍ അണുബോംബിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഗതി ഇതാകുമായിരുന്നില്ല. നേതാജിയുടെ ഐ.എന്‍.എ. ബ്രിട്ടീഷ്കാരെ തോല്‍പ്പിച്ച് ഒരു “യുണൈറ്ററ്റ്” ഇന്ത്യ ഉണ്ടാക്കുമായിരുന്നു. ലക്ഷ്യ ബോധമുണ്ടായിരുന്ന നേതാജി ഇന്ത്യയെ മറ്റൊരു ലോക ശക്തിയായി വളര്‍ത്തുമായിരുന്നു.
സ്വതന്ത്ര ഭാരത്തിന്റെ ദേശിയ ഗാനത്തിന്റെ സംഗീതം നേതാജിയുടെ ഐ.എന്‍.എ. ഭടന്മാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന ക്വാമി തരാനയുടെ സംഗീതമാണെന്നുള്ളത് ഇന്ന് എത്ര പേര്‍ ഓര്‍ക്കുന്നു?
നേതാജിയുടെ തിരോധാനത്തെ തുടര്‍ന്ന് പിടിയിലാകുന്ന ഐ.എന്‍.എ. ഭടന്മാരില്‍ ഷാനവാസ്, ദില്ലന്‍, സൈഗള്‍ എന്നീ 3 പേരെ പൊതു വിചാരണ നടത്തുവാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യക്കാരില്‍, പ്രത്യേകിച്ച് പട്ടാളത്തില്‍, ഉയര്‍ന്ന പ്രതിഷേധ കൊടുങ്കാറ്റാണ് ബ്രിട്ടീഷുകാര്‍ പെട്ടെന്ന് ഇന്ത്യ വിട്ടുപോകുവാന്‍ നിര്‍ബന്ധമാക്കിയതെന്ന് പുതു തലമുറയിലെ എത്രപേര്‍ക്കറിയാം?
നാം ഇനിയെങ്കിലും തെറ്റ് തിരുത്തേണ്ടിയിരിക്കുന്നു. നേതാജിയെന്ന മഹാനെ യവനികള്‍ക്കുള്ളില്‍ നിന്നും പുറത്തെടുക്കേണ്ടിയിരിക്കുന്നു.
എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുവെങ്കില്‍ ജനുവരി 23ന് 112 വയസ്സ് തികയുന്ന നേതാജിക്ക് സല്യൂട്ട്... “ജയ് ഹിന്ദ്”
റഹ്മാന് 3 ഓസ്കാര്‍ നോമിനേഷനുകള്‍
കൂടാതെ ഇതില്‍ റഹ്മാന്‍ സംഗീതം നല്‍കിയ രണ്ട് പാട്ടുകള്‍ കൂടി ഓസ്കാര്‍ നോമിനേഷനില്‍.
രണ്ട് പാട്ട് ഉള്‍പ്പെടേ 10 നോമിനേഷനുകള്‍ ഈ സിനിമയ്ക്ക് കിട്ടി.
സിനിമാറ്റോഗ്രാഫി, ഡയറക്ടിങ്ങ്, എഡിറ്റിങ്ങ്, മ്യൂസിക്ക് (സ്കോര്‍), മൂസിക്ക് (സോങ്ങ്: ജയ് ഹോ; ഓ സയ), ബെസ്റ്റ് പിക്റ്റര്‍, സൌണ്ട് എഡിറ്റിങ്ങ്, സൌണ്ട് മിക്സിങ്ങ്, തിരകഥ (അഡാപ്റ്ററ്റ്),
ഡാനി ബോയല്‍ സംവിധാനം ചെയ്ത “സ്ലം ഡോഗ് മില്ല്യനേര്‍” എന്ന ഇംഗ്ലീഷ് സിനിമ അമിതാഭ് ബച്ചന്റെ കോണ്‍ ബനേഗാ കരോട്പദി എന്ന പോലെയുള്ള “ഹു വാണ്ട്സ് ടു ബി എ മില്ല്യണയര്‍” പ്രോഗ്രാമില്‍ മുബൈ തെരുവില്‍ നിന്നും വരുന്ന ബാലന്‍ സമ്മാനം നേടുന്നതും ഇത് അവന്‍ എന്തോ ചതി ചെയ്താണ് നേടുന്നതെന്ന സംശയത്തില്‍ പോലീസ് ചോദ്യം ചെയ്യുന്നതും എന്നാല്‍ താന്‍ ചോദ്യങ്ങള്‍ക്ക് തന്റെ ജീവിതാനുഭവങ്ങളിലൂടെ എങ്ങിനെ ശരിയുത്തരം നല്‍കി എന്ന് പറയുന്നതുമാണ് കഥ. ഇതിനിടയില്‍ ഒരു പ്രണയവും. ഇന്ത്യയെ താഴ്ത്തികെട്ടുന്നതാണ് പടമെന്ന് പറഞ്ഞ് പലരും രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ മുംബൈയെന്ന നഗരത്തിലെ തെരുവില്‍ താമസിക്കുന്നവരുടെ പച്ചയായ ജീവിതം ആവിഷ്കരിക്കുന്നതില്‍ ഒരു പരിധി വരെ സ്ലം ഡോഗിന് കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.
ആന്റ് ദി ഓസ്കാര്‍ ഗോസ് ടു..... റഹ്മാന്‍... എന്ന് കേള്‍ക്കുവാന്‍ ഫെബ്രുവരി 22 വരെ കാത്തിരിക്കാം...
Tuesday, January 20, 2009
ഒബാമയില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ടത്
“അതു കൊണ്ട് എന്നെ സഹായിക്കൂ ദൈവമേ” എന്ന് പറഞ്ഞ് കൊണ്ട്; അമേരിക്കയുടെ, ലോകത്തിന്റെ തന്നെ, ചരിത്രത്തില്‍ സ്ഥാനം പിടിച്ച് അമേരിക്കയുടെ 44ആം പ്രസിഡന്റായി ബറാക്ക് ഹുസൈന്‍ ഒബാമ (ജൂനിയര്‍) സത്യ പ്രതിജ്ഞ ചെയ്തു.
തുടര്‍ന്ന് തന്റെ സ്ഥിരം ശൈലിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രത്തില്‍ സ്ഥാനം പിടിച്ച് വാങ്ങി (യു ട്യൂബ്). പതിവിന് വിപരീതമായി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ തങ്ങളാണ് ലോക പോലീസെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലെ ഒരു അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് പ്രതീക്ഷിക്കുന്ന സ്ഥിരം വാക്കുകള്‍ മുഴച്ച് നിന്നിരുന്നു.
“രാജ്യത്തിന് നല്‍കിയ സേവനത്തിനും, ഭരണ കൈമാറ്റം സുഖകരമാക്കിയതിനും” ബുഷിന് നന്ദി പറഞ്ഞ് തുടങ്ങിയ പ്രസംഗം പിന്നീട് ഇന്നത്തെ അമേരിക്കയുടെ ദയനീയ അവസ്ഥയിലേയ്ക്ക് വിരല്‍ ചൂണ്ടി. “ചിലരുടെ ആര്‍ത്തിയും, ഉത്തരവാദിത്തമില്ലായ്മയുമാണ്” ഇതിന് കാരണം എന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്ക ഇന്ന് എല്ലാ മേഖലയിലും തകര്‍ന്നിരിക്കുന്നു എന്നത് ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇതില്‍ നിന്ന് കരകയറാന്‍ ഒരുമിച്ച് പ്രയത്നിക്കേണ്ടിയിരിക്കുന്നു. പാലിക്കുവാന്‍ കഴിയാത്ത വാഗ്ദാനങ്ങളായിരുന്നു മുന്‍പ് അമേരിക്കക്കാര്‍ കേട്ടിരുന്നത്. വിശ്വാസത്തേക്കാളേറേ പ്രതീക്ഷകളാണ് വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എല്ലാവരും ഒരു പോലെയാണെന്നും, ഒരു പോലെ സ്വതന്ത്രരാണെന്നും ഓര്‍മ്മപ്പെടുത്തി.
മഹത്വം ഒരു വരദാനമല്ലെന്നും അത് പ്രയത്നത്തിലൂടെ നേടിയെടൂക്കേണ്ടതാണെന്നും. കഴിഞ്ഞ് പോയതെല്ലാം മറന്ന് ശക്തവും, വിട്ടുവീഴ്ചയില്ലാത്തതുമായ തീരുമാനങ്ങളോടെ ഇന്നു മുതല്‍ പ്രയത്നിച്ച് അമേരിക്കയെ പുനര്‍ജീവിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സൂര്യനില്‍ നിന്നും, കാറ്റില്‍ നിന്നും, മണ്ണില്‍ നിന്നും ഊര്‍ജ്ജം എടുത്ത് കാറുകളും ഫാക്ടറികളും ഓടിക്കണമെന്നും, സ്കൂള്‍-കോളേജ്-യൂണിവേഴ്സിറ്റി പഠനങ്ങള്‍ പുതിയ കാലഘട്ടത്തിനനുസരിച്ച് പുതുക്കേണ്ടിയിരിക്കുന്നു എന്നും. ചെലവഴിക്കുന്ന ഓരോ പണത്തിന്റെയും കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും. ഇനി മുതല്‍ എല്ലാത്തിലും ഒരു “മേല്‍ നോട്ടം” ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. “ഇവിടെ നിന്നും ഒരിക്കല്‍ കൂടി നമുക്ക് ജീവിച്ചു തുടങ്ങാം”.
ലോകം മാറിയിരിക്കുന്നു അതനുസരിച്ച് അമേരിക്കയും മാറണം. അമേരിക്കന്‍ ജനത പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ലോകത്തിലെ ശക്തമായ രാഷ്ട്രമായി തുടരണമെന്നും, ലോക സമാധാനത്തെ കെടുത്തുന്ന ശക്തികള്‍ ഒന്ന് മനസ്സിലാക്കുക ഞങ്ങള്‍ നിങ്ങളെ നശിപ്പിച്ചിരിക്കുമെന്ന താക്കീതും അമേരിക്കയുടെ ലോക പോലീസിന്റെ സ്വരത്തെ ഓര്‍മ്മപ്പെടുത്തുന്നു.
“ക്രിസ്ത്യന്‍, മുസ്ലിം, ജൂതര്‍, ഹിന്ദുക്കള്‍, അവിശ്വാസികള്‍ എല്ലാവരും ചേര്‍ന്നതാണ് അമേരിക്ക”. ഈ വാക്കുകള്‍ അമേരിക്കന്‍ ജനതയുടെ കാഴ്ചപ്പാടുകളുടെ മാറ്റത്തിന്റെ മാറ്റൊലിയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.
“ഈ തണുപ്പില്‍ നിന്ന് കൊണ്ട് പണ്ട് അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി തങ്ങളുടെ ചോര മഞ്ഞില്‍ കുതിര്‍ത്തിയ പൂര്‍വികരെ ഓര്‍മ്മിക്കുക”. ആ സ്വാതന്ത്ര്യമെന്ന നിധി; പ്രതിസന്ധി ഘട്ടത്തിലും; അകലെയുള്ള ഉദയത്തെ ലക്ഷ്യം വെച്ച് തളരാതെ, പിന്മാറാതെ; ഭാവി തലമുറയുടെ കൈകളില്‍ എത്തിച്ചു എന്ന് നമ്മുടെ കുട്ടികളുടെ കുട്ടികള്‍ നമ്മളെ കുറിച്ച് പറയുവാന്‍ കഴിയണം എന്ന് ഒബാമ പറയുമ്പോള്‍ പഴയതിനെ ഓര്‍മ്മിപ്പിച്ച് വരാനിരിക്കുന്ന ഉത്തരവാദിത്വത്തെ അമേരിക്കന്‍ ജനതയുടെ മുന്നില്‍ തുറന്ന് കാട്ടുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവം യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ് നിറുത്തുമ്പോള്‍ അവിടെ കൂടിയ 2 മില്ല്യണ്‍ പോരുന്ന ജനങ്ങള്‍ കൈയ്യടിയും ആര്‍പ്പു വിളിയുമായി ഒബാമയുടെ പ്രസംഗത്തെ നെഞ്ചിലേറ്റിയത് കാണുമ്പോള്‍ ഒരു ഇന്ത്യക്കാരനായ എനിക്ക് നെടുവീര്‍പ്പിടാനേ കഴിയുന്നുള്ളൂ.
ഇന്ത്യയില്‍ എന്ന് ഇതുപോലെ പ്രതിസന്ധിഘട്ടത്തിലും സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനൊപ്പം രാജ്യത്തിന്റെ സമസ്ത മേഖലയിലുള്ള വളര്‍ച്ചയ്ക്കും പ്രാധാന്യം കൊടുക്കുവാന്‍ കഴിയുന്ന ഒരു നട്ടെല്ലുള്ള, ദീര്‍ഘദൃഷ്ടിയുള്ള നേതാവിനെ കാണുവാന്‍ കഴിയുക?
Friday, January 16, 2009
ഭീകരം ഈ ലോക സാമ്പത്തിക മാന്ദ്യം 2009 2

11.4% ഉണ്ടായിരുന്ന ചൈനയ്ക്ക് ഇപ്പോള്‍ 9.1% വും, 8.9% ഉണ്ടായിരുന്ന ഇന്ത്യയ്ക്ക് 7.5% വും വളര്‍ച്ചയേയുള്ളൂ. ആഗോള വ്യാപാരം 6.3% ത്തില്‍ നിന്നും 4.4%ആയി കൂപ്പ് കുത്തി. യു.എന്‍. റിപ്പോര്‍ട്ട് അനുസരിച്ച് ലോക വിപണിയിലെ വില വര്‍ദ്ധനവ് 2000 ത്തിലേതിനേക്കാള്‍ ഭയാനകമാം വണ്ണം കൂടിയിരിക്കുന്നു. ഭക്ഷണത്തിന്റെ വില 247% വര്‍ദ്ധനവ് കാണിക്കുന്നു. എണ്ണ വില 335%വും ലോഹ വില 365%വും വര്‍ദ്ധിച്ചിരിക്കുന്നു! സാമ്പത്തിക മാന്ദ്യത്തിനിടയിലും 2007 ആദ്യം അനുഭവപ്പെട്ട ഭക്ഷ്യ ക്ഷാമം എന്ന പ്രശ്നം മറക്കരുതെന്ന അറിയിപ്പും യു.എന്‍. നല്‍കുന്നു.
2008ല്‍ ഇന്ത്യയില്‍ വാഹന വില്‍പ്പന താഴേയ്ക്ക് പോയതായി കണക്കുകള്‍ കാണിക്കുന്നു. 2007ല്‍ 16% അധിക വില്‍പ്പന നടന്നപ്പോള്‍ 2008ല്‍ അത് 1.7% മാത്രമാണ്. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ 2.5% കുറവ് വന്നു എന്നത് തന്നെ ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ തുറന്ന് കാട്ടുന്നു. ബസ്സ്, ട്രക്ക് വില്‍പ്പനകളില്‍ 10%ത്തോളം കുറവ് വന്നു!
ഇന്ത്യയില്‍ “സത്യ“ത്തിന് പുറകേ വിപ്രോ ഉള്‍പ്പെടേ 5 കമ്പനികള്‍ കൂടി കരിമ്പട്ടികയില്‍. (കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നത് പോലെ “സത്യ”ത്തിന് പുറകേ 5 എണ്ണം കൂടി വന്നിരിക്കുന്നു... ഇനിയും എത്ര എണ്ണം വരുവാന്‍ കിടക്കുന്നു!).
യൂറോപ്പ്യന്‍ സെണ്ട്രല്‍ ബാങ്ക് പലിശ 2% ആയി കുറച്ചു. ജര്‍മ്മനിയിലെ വമ്പന്മാരില്‍ ഒരാളായ ഡുയിഷ് ബാങ്കിന് നാലാം പാദത്തില്‍ 4.8 ബില്ല്യണ്‍ യൂറോയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ബ്രിട്ടണിലെ നാലാമത്തെ വലിയ ബാങ്കായ ബാര്‍ക്ലേയ്സ് 2100 പേരെ ഒഴിവാക്കുവാന്‍ തീരുമാനിച്ചു. തങ്ങളുടെ ഷെയര്‍ ഗവണ്മെന്റിന് കൊടുക്കേണ്ടി വരുമെന്നതിനാല്‍ കഴിഞ്ഞ കൊല്ലം ഗവണ്മെന്റ് നീട്ടിയ വാഗ്ദാനം വേണ്ട എന്ന് വെച്ചവരാണ് ഈ ബാങ്ക്. 2008ല്‍ ബ്രിട്ടണില്‍ ഫിനാന്‍സ്യല്‍ മേഖലയില്‍ 25,000 പേരോളം ജോലി ഇല്ലാത്തവരായി. ഇക്കൊല്ലം മറ്റൊരു 34,000 പേര്‍ക്കെങ്കിലും ജോലി നഷ്ടപ്പെടുമെന്ന് കരുതുന്നു.
ആശയവിനിമയ രംഗത്തെ ഭീന്മാരില്‍ ഒരാളായ നോര്‍ട്ടല്‍ കാനഡയില്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചു. യൂറോപ്പില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്ന് സൂചിപ്പിച്ച് കഴിഞ്ഞു!
അമേരിക്കയില്‍ തങ്ങളുടെ കയ്യിലുള്ള “അസെറ്റ്സിന്റെ” യഥാര്‍ത്ഥവില വെളിപ്പെടുത്തുവാന്‍ ബാങ്കുകളുടെ മേല്‍ സമ്മര്‍ദ്ധം ഏറി വരുന്നു. സിറ്റി, ബാങ്ക് ഓഫ് അമേരിക്ക (നാലാം പാദത്തില്‍ $1.79 ബില്ല്യണ്‍ നഷ്ടം) തുടങ്ങിയ ബാങ്കുകള്‍ നഷ്ട കണക്ക് വെളിപ്പെടുത്തി. ബാങ്ക് ഓഫ് അമേരിക്കയ്ക്ക് $20 ബില്ല്യണ്‍ കൂടി കൊടുക്കുവാന്‍ അമേരിക്കന്‍ ഗവണ്മെന്റ് വെള്ളിയാഴ്ച തീരുമാനിച്ചു. അവരുടെ $118 ബില്ല്യണ്‍ വരെയുള്ള ബാധ്യതകള്‍ക്ക് ഗ്യാരണ്ടിയും കൊടുത്തിരിക്കുന്നു. സിറ്റി ഗ്രൂപ്പ് രണ്ടായി പിളര്‍ന്നു. സിറ്റിയ്ക്കും, ബാങ്ക് ഓഫ് അമേരിക്കയ്ക്കും $25 ബില്ല്യണ്‍ വീതം ഗവണ്മെന്റില്‍ നിന്ന് നേരത്തേ ലഭിച്ചിരുന്നു.
അമേരിക്കയില്‍ ഡിസമ്പറില്‍ റീട്ടേയ്ല് സേയിത്സ് 2.7% കുറവ് രേഖപ്പെടുത്തി. ഇത് കച്ചവട സ്ഥാപനങ്ങളെ കാര്യമായി തന്നെ ബാധിച്ചിരിക്കുന്നു. Gottschalks Inc., Goody's Family Clothing തുടങ്ങിയവര്‍ പാപ്പര്‍ ഹര്‍ജി നല്‍കി കഴിഞ്ഞു. ഓട്ടോ റീട്ടേയ്ല് സേയ്ല്സില്‍ 22.4% തകര്‍ച്ചയാണ് കാണിക്കുന്നത്. ആളുകള്‍ വിലകുറവുള്ള സാധനങ്ങളിലേയ്ക്ക് തിരിഞ്ഞു എന്നതിന്റെ തെളിവാണ് Walmartല്‍ മാത്രം ഡിസമ്പറില്‍ കൂടുതല്‍ കച്ചവടം നടന്നത്. എന്നാല്‍ ഇതും പ്രതീക്ഷിച്ച അത്രയും ആയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോണി കമ്പനിക്ക് നാലാം പാദത്തില്‍ നഷ്ടം. ലാപ്പ് ടോപ്പുകള്‍ 50% വരെ വിലക്കുറവില്‍ വില്‍ക്കുവാന്‍ സോണി ഉള്‍പ്പെടെയുള്ള കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുന്നു.
കാര്‍ നിര്‍മ്മാതാക്കളായ ക്രിസ്ലറിന് $1.5 ബില്ല്യണ്‍ കൂടി കൊടുക്കുവാന്‍ ഗവണ്മെന്റ് തീരുമാനിച്ചു.
2008ല്‍ 2.3 മില്ല്യണ്‍ അമേരിക്കകാര്‍ വീടിന്റെ ലോണടക്കാനാകാതെ ജപ്തി ഭീഷണി നേരിടുന്നു. ഇതിനിടയില്‍ തൊഴിലില്ലായ്മ സംരക്ഷണത്തിനായി പുതുതായി 5,24,000 പേര്‍ കഴിഞ്ഞാഴ്ച രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. 5 ലക്ഷമാണ് പ്രതീക്ഷിച്ചിരുന്നത്!
ജോലിക്കാരെ പിരിച്ച് വിടുന്ന കമ്പനികളുടെ എണ്ണം കൂടി കൂടി വരുന്നതാണ് ഈ ആഴ്ച കണ്ടത്. ഭീമന്മാരായ ഗൂഗിള്‍ 3 എഞ്ചിനിയറിങ്ങ് ഓഫീസുകള്‍ പൂട്ടുവാന്‍ തീരുമാനിച്ചു. ഒപ്പം 100 പേരെ ഒഴിവാക്കുവാനും! സീഗേയ്റ്റ് ആകട്ടേ 3000 പേരെയാണ് പുറത്താക്കുന്നത്. സോഫ്റ്റ്വേയര്‍ കമ്പനിയായ ഓട്ടോ ഡെസ്ക് 10% പേരെയാണ് പറഞ്ഞയക്കുന്നത്. MeadWestvaco എന്ന പേപ്പര്‍-പ്ലാസ്റ്റിക്ക് നിര്‍മ്മാണ കമ്പനി 2000ത്തോളം പേരെ പിരിച്ച് വിടുന്നു. കൂടുതല്‍ പേരെ പിരിച്ച് വിടുമെന്ന് Pfizer Inc., Motorola Inc., Textron Inc., Cummins Inc. തുടങ്ങിയവര്‍ വെളിപ്പെടുത്തി കഴിഞ്ഞു. മോട്ടോറോള 4000 പേരെയാണ് പിരിച്ചു വിടുക. കഴിഞ്ഞ വര്‍ഷം ഇവര്‍ 3000 പേരെ പറഞ്ഞ് വിട്ടിരുന്നു.
60 കൊല്ലത്തെ പ്രവര്‍ത്തി പാരമ്പര്യമുള്ള Circuit City തങ്ങളുടെ അമേരിക്കയിലുള്ള ബാക്കിയുള്ള 567 കടകള്‍ കൂടി പൂട്ടുവാന്‍ തീരുമാനിച്ചു. 34,000 ജീവനക്കാര്‍ക്കാണ് തൊഴില്ലാതാകുന്നത്! കഴിഞ്ഞ രണ്ട് മാസം കൊണ്ട് 155 കടകള്‍ അവര്‍ അടച്ചിരുന്നു.
ലോക രാജ്യങ്ങളുടെ കണ്ണുകള്‍ ഇപ്പോള്‍ 20ആം തിയതി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ഒബാമയിലാണ്. അദ്ദേഹത്തിന്റെ $850 ബില്ല്യണ്‍ പദ്ധതി എങ്ങിനെ നടപ്പാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള കാര്യങ്ങള്‍. തങ്ങള്‍ പറയുന്ന വ്യവസ്ഥിതിയാണ് ശരിയെന്ന് അഹങ്കരിച്ചിരുന്ന അമേരിക്കന്‍ വ്യവസായികള്‍ ഇന്ന് ഗവണ്മെന്റ് ഗ്യാരണ്ടിയും, സഹായവും വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ദയനീയ കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. ലോക രാജ്യങ്ങളുടെ വിധി ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നതിനെ കഴിഞ്ഞ ആഴ്ച ജര്‍മ്മനിയും ബ്രിട്ടണും വിമര്‍ശിച്ചതിന് പുറകേ യു.എന്‍.ഉം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. $1.5 ട്രില്ല്യണ്‍ നഷ്ടവുമായി വലയുന്ന അമേരിക്കയ്ക്ക് ഒബാമയുടെ മറ്റൊരു $1 ട്രില്ല്യണ്‍ കടം കൂടി താങ്ങുവാന്‍ കഴിയുമോ എന്ന് 2009ല്‍ അറിയാം.
Tuesday, January 13, 2009
കന്യാചര്‍മ്മ വിവാദം വീണ്ടും; അഭയ വധം
ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ ജ. ഹേമ ഇതു വരെയുള്ള എല്ലാ റിക്കോര്‍ഡുകളും പരിശോധിച്ച് ജാമ്യം അനുവദിക്കുന്നതോടൊപ്പം ഇതുവരെയുള്ള വിവരങ്ങള്‍ വെച്ച് അറസ്റ്റിലായിരുന്ന 3 പേരും നിരപരാധികളാണെന്നും, തെളിവുകളെല്ലാം നിലനില്‍ക്കുന്നതല്ല എന്നും വിലയിരുത്തിയിരുന്നു. ആ വിധിയില്‍ കന്യാചര്‍മ്മ പരിശോധനയെ പറ്റിയും പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയില്‍ കന്യാചര്‍മ്മം വെച്ച് പിടിപ്പിക്കുന്ന ശസ്ത്ര ക്രിയ നടക്കുന്നില്ല എന്ന് ഡിഫന്‍സ് കൌണ്‍സില്‍ പറഞ്ഞിരുന്നു (താഴെ കൊടുത്തിരിക്കുന്ന ജ. ഹേമയുടെ വിധി വായിക്കുക). ഇന്ത്യയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കന്യാചര്‍മ്മം വെച്ച് പിടിപ്പിക്കുന്ന ശസ്ത്ര ക്രിയ നടക്കുന്നുണ്ടെന്ന് ‘ദി ടെലിഗ്രാഫിന്റെ’ 2006ലെ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസ്സിലാകും. വില കുറച്ച് ഇന്ത്യയില്‍ കന്യാ ചര്‍മ്മം പിടിപ്പിക്കാമെന്ന് മെഡിക്കല്‍ ട്യൂറുകാര്‍ വരെ പറയുന്നു.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ എന്ത് കൊണ്ട് ജ. ഹേമ തന്റെ വിധിയില്‍ ഡിഫന്‍സ് കൌണ്‍സില്‍ പറഞ്ഞത് ഒരു വലിയ നുണയാണ് എന്ന് ചൂണ്ടിക്കാണിക്കാതിരുന്നത്?
കന്യാ ചര്‍മ്മ പരിശോധനയെ കുറിച്ച് ജ. ഹേമയുടെ വിധിയില്‍ നിന്ന്:
87. Then, the virginity test. Was it necessary for the CBI to
prove in this case that the third accused is not a virgin?
Learned defence counsel pointed out that having made to
undergo the virginity test and alleged hymenoplasty is done,
now it is the duty of the third accused to disprove the concocted
piece of evidence relating to hymenoplasty, if she has to
survive in the society. She is prepared to undergo any test
before any Medical Board of the choice of this court, to prove
that she had not undergone any such surgery as alleged by
prosecution, it is submitted. According to learned defence
counsel, hymenoplasty can be conducted only outside India and
third accused has not gone out of India in her entire life.
88. On the facts of this case, in my view, a virginity test
was totally unnecessary. It was unfortunate that the third
accused was subjected to such a ridicule, which does not serve
any purpose, other than making an attempt to throw mud on a
nun in public. It is even more unfortunate that the private parts
of a nun are made to be discussed in public, without serving any
purpose for the case. The virginity test has helped only to
[B.A.7311,7508 & 7551/08] 47
make a nun a subject of public ridicule and nothing more. I
really wonder whether CBI will embark upon the task of proving
potency of the alleged male partners! I maintain my judicial
restraint because, this is only a bail application.
-----------------------------------------------------------------------------------------
"Was it necessary for the CBI to prove in this case that the third accused is not a virgin?" എന്ന് ന്യായമായ ചോദ്യം ജഡ്ജി ചോദിച്ചു.
എന്നാല്‍ പിന്നീട് “It was unfortunate that the third accused was subjected to such a ridicule, which does not serve any purpose, other than making an attempt to throw mud on a nun in public.” എന്ന് പറയുന്നുണ്ടെങ്കിലും എന്ത് കൊണ്ട് “does not serve any purpose” എന്നത് വിശദീകരിക്കാതിരിക്കുകയും “I really wonder whether CBI will embark upon the task of proving potency of the alleged male partners!” എന്ന വാക്കുകള്‍ ഉപയോഗിച്ചതിലൂടേ കന്യകയാണെന്ന് തെളിയിക്കുന്നതിന് കന്യാചര്‍മ്മ പരിശോധന വേണമെന്ന് അനുകൂലിക്കുന്ന തലത്തിലേയ്ക്ക് പോയിരിക്കുന്നു എന്നത് വളരെ ദു:ഖകരം തന്നെ.
കന്യാചര്‍മ്മ പരിശോധനയിലൂടെ കന്യകയാണെന്ന് പറയുന്നതിനെ ശക്തമായി വിമര്‍ശിക്കുവാന്‍ കിട്ടിയ ഒരവസരം നഷ്ടപ്പെട്ടിരിക്കുന്നു.
Sunday, January 11, 2009
ആദിവാസി കുടിയിറക്ക് വീണ്ടും
വനത്തില്‍ നിന്ന് ആദിവാസികള്‍ ഒഴിഞ്ഞ് പോകേണ്ടി വരില്ല എന്ന് മന്ത്രി ബിനോയ് പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രം അതിന് സമ്മതിക്കുന്നില്ലത്രേ. വനത്തില്‍ ആളുകളുടെ സാന്നിദ്ധ്യമുണ്ടായാല്‍ പുലികള്‍ക്ക് സ്വൈര്യമായി പ്രജനനം നടത്തുവാന്‍ കഴിയില്ലത്രേ. അതിനാല്‍ ആദിവാസികളെ നിര്‍ബന്ധമായും വനത്തില്‍ നിന്ന് പുറത്താക്കണം! വെറുതെ അല്ല ഓരോ കുടുംമ്പത്തിനും 1 മുതല്‍ 10 ലക്ഷം വെച്ച് കൊടുക്കും! കയ്യി നിറയെ കാസ്.... ഇതില്‍ പരം ആനന്ദം ഇനി ആദിവാസികള്‍ക്ക് ലഭിക്കാനുണ്ടോ? 6 കോളനികളിലായി ഏകദേശം 1,200 പേര്‍ ഇപ്പോള്‍ വനത്തിലുണ്ട്. ഒരു കോളനിയില്‍ ഏകദേശം 50-60 കുടുംമ്പങ്ങള്‍! ഇവരെ ഇപ്പോള്‍ ബോധവല്‍ക്കരിക്കുകയാണ്!
പക്ഷേ ഇവര്‍ അറിയുന്നില്ലല്ലോ ഭാവിയില്‍ ഇവരും നിയമസഭയ്ക്ക് മുന്നില്‍ കുടില്‍ കെട്ടേണ്ടി വരുമെന്ന്, ഭൂമിക്ക് വേണ്ടി പലരുടെയും കൈയ്യിലെ പാവകളായി വനം കയ്യേറി പോലീസ് ഏമാന്മാരുടെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ നെഞ്ച് വിരിക്കേണ്ടി വരുമെന്ന്.
പുനരധിവാസം എന്നും ലോകത്തെ എല്ലാ ഗവണ്മെന്റുകള്‍ക്കും തലവേദനയും പരാജയവുമാണെന്ന് ചരിത്രം കാണിച്ച് തന്നിട്ടും ഇന്നും അധികാര വര്‍ഗ്ഗം കുടിയിറക്കുകളും, പുനരധിവാസങ്ങളുമായി മുന്നോട്ട് പോകുന്നു.
കാടിനെ ആശ്രയിച്ച് ജീവിച്ചിരുന്ന ഈ 1200 പേര്‍ 10 ലക്ഷവുമായി നാട്ടിലെത്തി ഇവര്‍ ഈ പണം ബാങ്കിലിട്ട് അതിന്റെ പലിശ കൊണ്ട് സുഖമായി ജീവിക്കുമെന്നും പ്രതീക്ഷിക്കാം.
ഇത് പറമ്പിക്കുളത്ത് മാത്രമല്ല ഇന്ത്യയില്‍ 17 സംസ്ഥാനങ്ങളിലാണ് വനങ്ങളെ പുലി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച് അവിടെയുള്ള ആദിവാസികളെ കുടിയിറക്കുന്നത്.
Friday, January 9, 2009
ലോക സാമ്പത്തിക മാന്ദ്യം 2009 1
സാമ്പത്തിക രംഗം കൂടുതല്‍ സങ്കീര്‍ണ്ണതയിലേയ്ക്ക് നീങ്ങുന്നതാണ് ഈ ആഴ്ച കണ്ടത്. അമേരിക്കയില്‍ മാഡോഫ് എന്ന വ്യക്തിയുടെ ചതിയില്‍പ്പെട്ട് ലോക സാമ്പത്തിക രംഗം ഉലയുന്നതിനിടയില്‍ ഇന്ത്യയില്‍ സത്യം കമ്പ്യൂട്ടേഴ്സിന്റെ രാജു നടത്തിയ വഞ്ചന ഇന്ത്യന്‍ സ്റ്റോക്കിനെ മാത്രമല്ല സത്യം എന്ന കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഭാവിയെ വരെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ജനുവരി 20ന് അമേരിക്കയില്‍ ഒബാമ പ്രസിഡന്റ് പധവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി അദ്ദേഹം മുന്നോട്ട് വെച്ച സാമ്പത്തിക “രക്ഷപ്പെടുത്ത”ലിനെതിരെ ആളുകള്‍ രംഗത്ത് വന്നു കഴിഞ്ഞു. എന്നാല്‍ താന്‍ മുന്നോട്ട് വെച്ചതിന് ബദല്‍ കൊണ്ട് വരുവാന്‍ ഒബാമ വെല്ല് വിളിച്ചിരിക്കുന്നു. ഈ വെല്ല് വിളി യഥാര്‍ത്ഥത്തില്‍ ലോക നേതാക്കളോടുള്ള വെല്ലുവിളി തന്നെയാണ്.
അമേരിക്കയെന്ന “നായകനില്‍” നിന്ന് ലോകം പുറത്ത് വരണമെന്ന അടക്കി പറച്ചിലുകള്‍ ലോക നേതാക്കള്‍ ധൈര്യപൂര്‍വ്വം വിളിച്ച് പറയുവാന്‍ തുനിഞ്ഞിരിക്കുന്നു. യു.എന്‍. സെക്യൂരിറ്റി കൌണ്‍സില്‍ പോലെ തന്നെ ഒരു ഇക്കണോമിക്ക് കൌണ്‍സില്‍ വേണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലയും, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസും അഭിപ്രായപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത വരും നാളുകളില്‍ വരാനിരിക്കുന്ന നീക്കു പോക്കുകള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരൊറ്റ രാജ്യം ബാക്കിയുള്ളവര്‍ എന്ത് ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കുന്നത് ഉചിതമല്ല എന്ന് പാരീസില്‍ 8ആം തിയതി നടന്ന ഇന്റെര്‍നാഷണല്‍ സിമ്പോസിയത്തില്‍ നിക്കോളാസ് തുറന്നടിച്ചു. ആഞ്ചലയും ഇതിന് പിന്തുണ നല്‍കി. ഏപ്രില്‍ 2ന് ലണ്ടനില്‍ വെച്ച് ഇക്കണോമിക്ക് കൌണ്‍സിലിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടക്കും, അതും ജി20 രാജ്യങ്ങളുടെ സമ്മേളനത്തിന് ശേഷം. അമേരിക്കയ്ക്ക് വേണമെങ്കില്‍ സഹകരിക്കാം എന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത് വരാനിരിക്കുന്ന വന്‍ മാറ്റത്തിന്റെ തുടക്കം മാത്രമായിരിക്കണം.
ഗള്‍ഫ് നാടുകളില്‍ ജോലി വെട്ടിക്കുറക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നു തുടങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്ക് പലിശ 1.5% ആയി കുറച്ചു. ബ്രിട്ടന്റെ 300 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ. ബ്രിട്ടന്‍ യൂറോ നാണയത്തിലേയ്ക്ക് തിരിയുമോ എന്നാണ് സാമ്പത്തിക വിദഗ്ദര്‍ നോക്കിയിരിക്കുന്നത്. കൊറിയന്‍ സര്‍ക്കാരും ബാങ്ക് പലിശ വെട്ടി കുറച്ചു. ബ്രിട്ടണില്‍ ഒരു പ്രമുഖ കമ്പനി കൂടി പാപ്പര്‍ ഹര്‍ജി നല്‍കി. ക്രിസ്റ്റല്‍, ചൈന പാത്ര നിര്‍മ്മാതാക്കളായ വാട്ടര്‍ ഫോര്‍ഡ് എന്ന കമ്പനിയാണ് തിങ്കളാഴ്ച പാപ്പര്‍ ഹര്‍ജി നല്‍കിയത്.
ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണ മേഖല പ്രതിസന്ധി നേരിടുന്നു. കയറ്റ്മതി മേഖലയില്‍ കയര്‍ മേഖലയില്‍ പ്രതിസന്ധി ബാധിച്ചതായി കേരളത്തിലെ വ്യവസായികള്‍ വ്യക്തമാക്കി. ഇന്ത്യന്‍ സാമ്പത്തിക ഭീമന്മാര്‍ക്ക് ഉത്തേജനം നല്‍കുന്നതിനടയിലാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സത്യം കമ്പനിയുടെ രാജു താന്‍ കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ തിരിമറി നടത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ച് വിടുവാന്‍ തീരുമാനമായി. അടുത്ത രണ്ട് മാസം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ല എന്നും അറിയിച്ചു കഴിഞ്ഞു. ഇത് പോലെ എത്ര കമ്പനികള്‍ ഇനി രംഗത്ത് വരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ബാങ്കുകള്‍ തകര്‍ന്നടിയാന്‍ തുടങ്ങിയത് ഇത് പോലെ തന്നെയായിരുന്നു.
വിചാരിച്ചത് പോലെ തന്നെ അമേരിക്കയില്‍ കാര്‍ വില്‍പ്പനയില്‍ വന്‍ കുറവ് രേഖപ്പെടുത്തി. ഡിസമ്പറില്‍ ക്രിസ്റ്റലര്‍ 53%, ടൊയാറ്റോ 37%, ഹോണ്ട 35%, ഫോര്‍ഡ് 32%, ജി.എം. 31%, നിസ്സാന്‍ 31% എന്നിങ്ങനെയാണ് കുറവ് വന്നിരിക്കുന്നത്!
അമേരിക്കയിലെ തുണിവില്‍പ്പനക്കാരായ മേസീസ് 11 സ്റ്റോറികള്‍ പൂട്ടുന്നതായി പ്രഖ്യാപിച്ചു. ഏകദേശം 1000 പേരുടെ ജോലിയെയാണ് ഇത് നേരിട്ട് ബാധിക്കുക. ഹോളിഡേ സേയിലില്‍ 7.5% കുറവാണ് കണ്ടത്! ഹോളിഡേ സേയിലില്‍ വാള്‍മാര്‍ട്ട് ഒഴികെ മിക്ക കടകളും പ്രതീക്ഷിച്ച വില്‍പ്പന നടന്നിട്ടില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.
അലോക്ക എന്ന കമ്പനി ആഗോള തലത്തില്‍ 15,000 പേരെ പിരിച്ച് വിടുവാന്‍ തീരുമാനിച്ചു. മരുന്നു വില്‍പ്പന ശൃംഘലയായ വാള്‍ ഗ്രീന്‍, സിഗ്ന, ഇ.എം.സി., ലോജിടെക്ക് എന്നിവരും ആളുകളെ പിരിച്ചു വിടുമെന്ന് അറിയിച്ചു കഴിഞ്ഞു. ഡിസമ്പര്‍ അവസാനത്തോടേ 4.6 മില്ല്യണ്‍ അമേരിക്കക്കാരാണ് തൊഴിലില്ലായ്മ വേതനം കൈ പറ്റുന്നത്. ഒരു കൊല്ലം മുന്‍പ് ഇത് 2.7 മില്ല്യണ്‍ മാത്രമായിരുന്നു.
അമേരിക്കയിലെ തൊഴില്‍ സംബന്ധമായ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നു. തൊഴിലില്ലായ്മ 6.7%ല്‍ നിന്നും 7% ആകുമെന്നായിരുന്നു പ്രവചനം. എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച് തൊഴിലില്ലായ്മ 7.2% ആയി! രാവിലെ ഈ വാര്‍ത്ത വന്നതോടേ ലോകമെമ്പാടുമുള്ള സ്റ്റോക്ക് സൂചിക താഴേയ്ക്ക് പതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉത്സവ അവധിയായിരുന്നതിനാലും, കമ്പ്യൂട്ടര്‍ തകരാര്‍ മൂലവും പല സ്ഥലങ്ങളിലെയും കണക്കുകള്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ ഈ ശതമാനം ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്.

ഒരു വര്‍ഷം കൊണ്ട് തൊഴില്ലില്ലായ്മ 4.9% ത്തില്‍ നിന്നും 7.2% ആയി. ഇതില്‍ ആണുങ്ങള്‍ 5%ത്തില്‍ നിന്നും 7.9%, പെണ്ണുങ്ങള്‍ 4.8%ല്‍ നിന്ന് 6.4%, വെള്ളക്കാര്‍ 4.3% ത്തില്‍ നിന്നും 6.6%, കറുത്ത വര്‍ഗ്ഗക്കാര്‍ 8.9%ല്‍ നിന്നും 11.9%, ഹിസ്പാനിക്കുകള്‍ 6.2%ല്‍ നിന്നും 9.2%, ഏഷ്യക്കാര്‍ 3.7%ല്‍ നിന്നും 5.1% എന്നിങ്ങനെയാണ് തൊഴിലില്ലായ്മ ശതമാനം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് താഴെയുള്ളവര്‍ 7.5% ത്തില്‍ നിന്നും 10.5% ആയി മാറിയെന്നത് സാധാരണ ജനജീവിതത്തെ എങ്ങിനെ ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം. തൊഴിലില്ലാത്തവരില്‍ തന്നെ 27 ആഴ്ചയില്‍ കൂടുതല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ 17.5%ല്‍ നിന്നും 23.2% ആയി വര്‍ദ്ധിച്ചിരിക്കുന്നു!
കാര്‍ഷികേതര പേറോളില്‍ 524000 പേരുടെ കുറവാണ് ഡിസമ്പറില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 4 മാസം കൊണ്ട് 1.9 മില്ല്യണ്‍ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ കൂടുതലും നിര്‍മ്മാണ മേഖലയിലുള്ളവരാണ്. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയില്‍ 18.3% ആണ് തൊഴിലില്ലാതായത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലാകട്ടെ 15.3%വും. ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട മേഖലയില്‍ 10% ആളുകള്‍ തൊഴിലില്ലാത്തവരായി.
ഇതിനിടയിലാണ് ഒബാമ തന്റെ രക്ഷാ പ്ലാനുമായി രംഗത്ത് എത്തിയിരിക്കുന്നത് (യൂ ട്യൂബില്‍). തെരഞ്ഞെടുപ്പില്‍ പറഞ്ഞത് പോലെ തന്നെ സാധാരണ ജനങ്ങള്‍ക്ക് ടാക്സ് കുറക്കുക, തൊഴില്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ തന്നെയാണ് പ്രധാനപ്പെട്ടവ. എന്നാല്‍ ടാക്സ് വെട്ടി കുറക്കലില്‍ മാത്രം ഏകദേശം $300 ബില്ല്യണ്‍ ഗവണ്മെന്റിന് നഷ്ടമാകുമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. മൊത്തം ഏകദേശം ഒരു ട്രില്ല്യണ്‍ ഡോളര്‍ ആണ് ഒബാമയുടെ പ്ലാന്‍ നടപ്പിയാക്കിയാല്‍ ഗവണ്മെന്റിന് നഷ്ടമാകുക. ഇപ്പോഴത്തെ നിലയില്‍ ദേശീയ കടം ഏകദേശം 1.2 ട്രില്ല്യണോളം കടത്തില്‍ മുങ്ങിനില്‍ക്കുന്ന അമേരിക്കയ്ക്ക് ഇത് ഒരു ഭാരമാകുമത്രേ. എന്നാല്‍ ഒബാമയുടെ പ്ലാന്‍ മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്ന് വ്യതി ചലിച്ച് പൊതുമേഖലാ ആശയം മുന്നോട്ട് വെയ്ക്കുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇതിനെ എതിര്‍ക്കുന്നത്. ഇതിന് മറുപടിയായി താന്‍ വെച്ചതിലും നല്ല ആശയവുമായി മുന്നോട്ട് വരുവാന്‍ ഒബാമ വെല്ലുവിളിച്ചിരിക്കുന്നു.
Sunday, January 4, 2009
അഭയ വധക്കേസ്സും രാജ്യ സുരക്ഷയും
അഭയ വധക്കേസ്സിലെ (പോസ്റ്റ്മാര്ട്ടം നടത്തിയ ഡോ.രാധാകൃഷ്ണന് അഭയ കൊല്ലപ്പെട്ടത് തന്നെയാണെന്നും തന്റെ മുന്‍ റീപ്പോര്ട്ടില്‍ ആത്മഹത്യ ചെയ്തു എന്ന് എഴുതിയിട്ടില്ലെന്നും മൊഴി നല്കിയിരിക്കുന്നതായി മംഗളം ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ റീപ്പോര്‍ട്ട് ചെയ്തിരിക്കുന്നു) പുതിയ വിധിന്യായം ലോകരാജ്യങ്ങള്ക്ക് മുന്പില്‍ ഇന്ത്യയുടെ വിശ്വാസ്യതയെ തകര്ക്കുമോ? ജനുവരി 3ആം തിയതിയിലെ കേരള കൌമുദി വായിച്ചാല് ഉടലെടുക്കുന്ന സംശയം....
ജനുവരി 3ആം തിയതി കേരള കൌമുദി ഒന്നാം പേയ്ജില് ഒരു ചോദ്യം ചോദിച്ചിരിക്കുന്നു. “ഡോ.മാലിനിക്കെതിരായ പരാമര്ശം ദേശീയ സുരക്ഷയെ ബാധിക്കും?”
മുന്പ് നാര്ക്കോ സി.ഡി.യില് കൃത്രിമമം കാട്ടിയെന്ന് കോടതി സംശയം പറഞ്ഞപ്പോള് അന്ന് സംശയങ്ങളുടെ മുന ഡോ.മാലിനിക്ക് നേരെയായിരുന്നു. എന്നാല് താന് തന്നെ തയ്യാറാക്കിയ ചോദ്യാവലിയില് നിന്നും ജ. രാംകുമാര് മാലിനിയും നാര്ക്കോ സെന്ററും കുറ്റക്കാരല്ലെന്നും, അവരുടെ കഴിവിനെ പ്രശംസിക്കുകയും ചെയ്തു എന്ന് എല്ലാ മാധ്യമങ്ങളും അന്ന് റിപ്പോര്ട്ട് ചെയ്തിരുന്നു (3ആം തിയതിയിലെ കേ.കൌമുദിയില് വിശദമായി കൊടുത്തിട്ടുണ്ട്).
എന്നാല് കഴിഞ്ഞ ദിവസത്തെ ജ. ഹേമയുടെ വിധിന്യായത്തില് സി.ഡി.യില് മാലിനി കൃത്രിമമം കാട്ടിയിട്ടുണ്ടെന്ന പരാമര്ശം ഉള്ളതായി മാധ്യമ റിപ്പോര്ട്ടുകള് പുറത്ത് വന്നിരിക്കുന്നു. ഇതില് ആര്ക്കാണ് തെറ്റ് പറ്റിയതെന്ന ചോദ്യത്തിനേക്കാള് പുതിയ വിധി ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നുണ്ടോ എന്ന കേ.കൌമുദിയുടെ ചോദ്യത്തിനാണ് പ്രസക്തിയെന്ന് തോന്നുന്നു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസുകളില് സൈന്യം പോലും മാലിനിയെയാണ് ആശ്രയിക്കുന്നതെന്നും 2006 ലെയും, 2007ലെയും സ്ഫോടനങ്ങളിലെ പ്രതികളെയും, 2008ല് മുബെയ് ആക്രമണത്തില് പിടിയിലായ കസബിന്റെയും നാര്ക്കോ പരിശോധന നടത്തിയത് മാലിനിയാണെന്നും കൌമുദി പറയുന്നു.
അങ്ങിനെയെങ്കില് അഭയ വധകേസ്സിന്റെ പുതിയ വിധിന്യായത്തില് സംശയത്തിന്റെ മുനയില് നില്ക്കുന്ന മാലിനിയുടെ റിപ്പോര്ട്ടുകളുടെ വിശ്വാസനിയത എവിടെയും ചോദ്യം ചെയ്യപ്പെടുമെന്ന് കേ.കൌമുദി പറഞ്ഞു വെയ്ക്കുന്നു.
കൌമുദി റിപ്പോര്‍ട്ട് വായിച്ച് കഴിഞ്ഞാല്‍ ഉണ്ടാകാവുന്ന സശയം: പാക്കിസ്ഥാനാണ് ഇന്ത്യയിലെ സ്ഫോടനങ്ങള്ക്ക് പിന്നിലെന്ന് ഇന്ത്യ വാദിക്കുന്നു. ഇന്ത്യ നുണ പറയുന്നു എന്ന് പാക്കിസ്ഥാനും. പാക്കിസ്ഥാന്റെ വാദത്തിന് കൂടുതല് ബലം നല്കുന്നതിന് ഒരു പക്ഷേ അവര് ഉയര്ത്തികാട്ടുവാന് പോകുന്നത് അഭയ വധക്കേസിലെ മാലിനിക്കെതിരെയുള്ള വിധിന്യായമായിരിക്കില്ലേ.
Friday, January 2, 2009
ലോക സാമ്പത്തിക മാന്ദ്യം 2008ലെ അവസാന ആഴ്ച
ഈ രാജ്യങ്ങളിലെല്ലാം തന്നെ- പ്രത്യേകിച്ച് ഇന്ത്യയിലും, ചൈനയിലും- കയറ്റുമതി മേഖല തകര്‍ന്നടിയുന്ന കാഴ്ചയാണ് 2008ന്റെ അവസാന മാസം ദൃശ്യമായത്. മറ്റ് രാജ്യങ്ങളിലെ പോലെ ഇവിടെയും ജോലികള്‍ നഷ്ടപ്പെടുവാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യം കയറ്റുമതി മേഖലയിലാണ് ഇത് ദൃശ്യമായത്. ഇപ്പോള്‍ അത് നിര്‍മ്മാണ മേഖലയിലേയ്ക്കും കടന്നിരിക്കുന്നു.
അംബാനിമാര്‍ക്കും, മിത്തല്‍മാര്‍ക്കും ഇന്ത്യയില്‍ തകര്‍ച്ച നേരിടുന്നത് തടയാന്‍ പൊതു വിപണിയില്‍ പെട്രോളിന് വില കുറയ്ക്കാതെയും, ഇന്‍ഷ്യുറന്‍സ് മേഖലയില്‍ വിദേശ പങ്കാളിത്തം അനുവദിച്ചും മറ്റ് രാജ്യങ്ങളിലെ പോലെ ഇന്ത്യന്‍ ഗവണ്മെന്റും കഷ്ടപ്പെടുന്നു. ഇതും പോരാതെ ജനുവരി 2ആം തിയതി ഗവണ്മെന്റ് വിപണിയില്‍ രണ്ടാമത്തെ ഇടപെടല്‍ വെളിപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്ക് 30,000 കോടി രൂപ വരെ വിദേശ കടം മേടിക്കുവാനുള്ള അവസരം നല്‍കിയിരിക്കുന്നു! റിസര്‍വ് ബാങ്ക് ആകട്ടെ റിപ്പോ, റിവേഴ്സ് റിപ്പോ, സി.ആര്‍.ആര്‍. എന്നിവ വെട്ടി കുറച്ചു. മുന്‍പ് വെട്ടി കുറച്ചതിന്റെ ഫലം ബാങ്കുകള്‍ ജനങ്ങളിലേയ്ക്ക് എത്തിച്ചിട്ടില്ല എന്ന പരാതി നിലനില്‍ക്കേ ഈ പുതിയ ഇടപെടല്‍ സാധാരണ ജനങ്ങള്‍ക്ക് എത്രമാത്രം ഉപകാരമാകുമെന്ന് കാണേണ്ടിയിരിക്കുന്നു. അവസാന ക്വാര്‍ട്ടറില്‍ ഒരു മുന്നേറ്റം കാഴ്ച വെച്ച് വളര്‍ച്ച 7%ത്തിലെങ്കിലും പിടിച്ചു നിര്‍ത്തുവാനുള്ള ഈ ശ്രമങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കുവാനുള്ള അവസാന ശ്രമം മാത്രമായി പോകുന്നു എന്നതാണ് ഇന്ത്യക്കാരുടെ ഗതികേട്.
മറ്റ് രാജ്യങ്ങളിലും പതിവ് പോലെ തൊഴിലുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കയറ്റ്മതി മേഖലയും ഊര്‍ദ്ധശ്വാസം വലിക്കുന്നു. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ പല മേയര്‍മാരും ഗവണ്മെന്റ് പുതുവത്സര പരിപാടികള്‍ ഉപേക്ഷിച്ചു. പുതുവത്സരത്തോടനുബന്ധിച്ച് തിരക്ക് കൂടുന്ന ഹവായ്, ലാസ് വേഗസ്സ് എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ തിരക്ക് തീരെ കുറഞ്ഞിരിക്കുന്നത് സാമ്പത്തിക മാന്ദ്യം ഇവിടത്തെ ജനങ്ങളെ എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നതിന് തെളിവാണ്. കടകള്‍ ഇപ്പോഴും കുറഞ്ഞ വിലകള്‍ പരസ്യപ്പെടുത്തി ആളുകളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നു. തൊഴിലില്ലായ്മ വേതനം മേടിക്കുന്നവര്‍ 4.5 മില്ല്യണ്‍ ആയി. കഴിഞ്ഞ കൊല്ലം ഇത് 2.7 മില്ല്യണായിരുന്നു. ജനുവരിയില്‍ ഇത് 5.5 മില്ല്യണ്‍ ആകുമെന്നാണ് കണക്കാക്കുന്നത്. തൊഴിലില്ലായ്മ നവമ്പറില്‍ 6.7 ആയിരുന്നത് 2009 അവസാനത്തോടേ 8-10% വരെയാകുമെന്ന് ഭയപ്പെടുന്നു. അറ്റ് ലാന്റ, ബ്രിസ്റ്റോള്‍, യുനിസിസ് തുടങ്ങിയവ ആളുകളെ പിരിച്ചു വിടുമെന്ന് അറിയിച്ചു കഴിഞ്ഞു. കാര്‍ കമ്പനികളെ തല്‍ക്കാലം രക്ഷിക്കുവാന്‍ കുറച്ച് പണം കൊടുത്തുവെങ്കിലും ദീര്‍ഘകാലം പിടിച്ച് നില്‍ക്കാനാകാതെ തകര്‍ന്നടിയും എന്ന് ഉറപ്പാണ്. തന്റെ കാലത്ത് ഇത് സംഭവിച്ചു എന്ന പേര് ദോഷം വരരുതെന്ന് തന്നെയാണ് ബുഷ് ആഗ്രഹിക്കുന്നതും.
ഇതൊക്കെയാണെങ്കിലും ഭൂരിപക്ഷം അമേരിക്കക്കാരും 2009 ജനുവരി 20 ആം തിയതിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നു. അന്നാണ് ഒബാമ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. താന്‍ അധികാരത്തില്‍ വന്നാല്‍ അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, ടാക്സുകളില്‍ ഇളവ് വരുത്തുമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് അവര്‍ 2009നെ വരവേല്‍ക്കുന്നു. പക്ഷേ ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാം. ഔട്ട് സോഴ്സിങ്ങ് ഇല്ലാതാക്കിയാണ് ഒബാമ അമേരിക്കയില്‍ തൊഴില്‍ അവസരം സൃഷ്ടിക്കുവാന്‍ പോകുന്നത്.
ഈ സാമ്പത്തിക ഭൂതത്തില്‍ നിന്ന് ലോക രാജ്യങ്ങള്‍ക്ക് രക്ഷപ്പെടാനാകില്ല എന്ന് വ്യക്തമായി. പരസ്പര സഹരണമില്ലാതെ ഈ ഭൂതത്തെ കീഴടക്കുവാന്‍ ആര്‍ക്കും കഴിയില്ല എന്നും.
പുതു വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭീകരമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. എന്തിനെയും നേരിടുമെന്ന പ്രഖ്യാപനത്തോടെ 2009ലേയ്ക്ക് കടക്കാം.

