എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, April 17, 2009

സത്യം‍‍, ലോക സാമ്പത്തിക മാന്ദ്യം 2009 15

അമേരിക്കയില്‍ ഒബാമ വന്ന് 85 ദിവസം കഴിയും മുന്‍പേ സാമ്പത്തിക മാന്ദ്യം അവസാനിച്ചു പോലും! 3ഓ 5ഓ കൊല്ലം വേണ്ടി വരുമെന്ന് ഒബാമ തന്നെ പറഞ്ഞിരുന്നതാണ്. എന്നിട്ട് ഇപ്പോള്‍ ഇത്രപെട്ടെന്ന് ഇത് എങ്ങിനെ സംഭവിപ്പിച്ചു?

ചൊവ്വാഴ്ച ഒബാമ നടത്തിയ പ്രസംഗത്തില്‍ അമേരിക്കന്‍ സാമ്പത്തികം തിരിച്ചു വരുന്നു എന്ന് പറയുമ്പോള്‍ തന്നെ തൊഴിലില്ലായ്മ ഇനിയും വര്‍ദ്ധിക്കുമെന്ന് പറയുകയുണ്ടായി. തൊട്ട് പുറകേ കമ്പനികള്‍ കൂടുതല്‍ ആളുകളെ പിരിച്ച് വിടുമെന്ന് പ്രഖ്യാപിച്ചും കഴിഞ്ഞു. തൊഴിലില്ലായ്മ 10%ത്തില്‍ എത്തുമെന്നും വിദഗ്ദ്ധര്‍. അപ്പോള്‍ പിന്നെ സാമ്പത്തിക രംഗം പച്ചപിടിക്കുന്നു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലായിരിക്കാം?

യാഹൂ ന്യൂസ് അതിന് ഉത്തരം തരുന്നു. ഭരണത്തിലേറിയതിന്റെ 100 ദിവസം അടുത്ത് വരുന്നു. ഇത് വരെ ബുഷാണ് കാരണം എന്ന് പറഞ്ഞിരുന്നു. ഇനിയും സാമ്പത്തികം വളരുന്നില്ല എന്ന് വന്നാല്‍ ആളുകള്‍ പതുക്കെ ഒബാമയ്ക്കെതിരെ തിരിയും. മറ്റൊന്ന് സാമ്പത്തിക രംഗം കൂടുതല്‍ രൂക്ഷമാണ് എന്ന പ്രചരണം മൂലം ജനങ്ങള്‍ പണം ചെലവാക്കുന്നത് കുറച്ചു. ഇത് പല വ്യവസായങ്ങളെയും, സ്ഥാപനങ്ങളെയും തളര്‍ത്തിയിരിക്കുന്നു. ഇനിയും സാമ്പത്തിക രംഗത്ത് പ്രതിസന്ധിയുണ്ടെന്നറിഞ്ഞാല്‍ ജനങ്ങള്‍ വിപണിയില്‍ നിന്ന് പിന്വാങ്ങും. സാമ്പത്തിക രംഗം കൂടുതല്‍ വഷളാകും.

വരും ദിനങ്ങള്‍ കൂടുതല്‍ “നല്ല” വാര്‍ത്തകള്‍ ജനങ്ങള്‍ക്കായി വരുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ 10% തൊഴിലില്ലായ്മയുണ്ടാകുമെന്ന മുങ്കൂര്‍ ജാമ്യം ഒബാമയെ സഹായിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഐ.എം.എഫ്. പറയുന്നത് ലോക സാമ്പത്തിക മാന്ദ്യം ആഴമേറിയതും, കൂടുതല്‍ കാലം നിലനില്‍ക്കുവാന്‍ സാധ്യതയുണ്ടെന്നുമാണ്!

ചൈനയില്‍ ആദ്യ ക്വാര്‍ട്ടറില്‍ പ്രതീക്ഷിച്ച വളര്‍ച്ചയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നിരുന്നാലും 6%ത്തിന് മുകളില്‍ വളര്‍ച്ച കാണിച്ചു.

ഇന്ത്യയില്‍ ഫെബ്രുവരിയിലെ കണക്കനുസരിച്ച് വ്യവസായിക ഉല്‍പ്പാദനം ഊര്‍ദ്ധ ശ്വാസം വലിക്കുകയാണ്. മൈനിങ്ങ്, മാനുഫാക്റ്റര്‍ രംഗം (-)1.6%, (-)1.4% “വളര്‍ച്ച”യാണ് കാട്ടിയത് 2008 ഫെബ്രുവരിയില്‍ ഇത് 7.9%വും, 9.6%വും ആയിരുന്നു! നെഗറ്റീവ് വളര്‍ച്ച ഇപ്പോഴും തുടരുന്നു എന്നര്‍ത്ഥം! കണ്‍സ്യൂമര്‍ ഗുഡ്സിന്റെ വളര്‍ച്ച (-)3.0% ആണ് 2008 ഫെബ്രുവരിയില്‍ ഇത് 11.7% ആയിരുന്നു!

ഇതിന് പുറമേ ഇന്ത്യ ഡീഫ്ലേഷന്‍ എന്ന പ്രതിഭാസത്തെ അഭിമുഖീകരിക്കുവാന്‍ പോകുന്നു. ആളുകള്‍ സാധനങ്ങള്‍ വാങ്ങുവാന്‍ ഇനിയും രംഗത്തിറങ്ങിയിട്ടില്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രൂപയുടെ മൂല്യം കൂടുമെന്നതിനാലും, വ്യവസായികള്‍ക്ക് നഷ്ടം സംഭവിക്കുമെന്നതിനാലും തൊഴില്‍ ഭീഷണി ഉയരുമെന്നതാണ് ഡീഫ്ലേഷന്റെ ഉപദ്രവം.

വളര്‍ച്ച കാണിക്കുമെന്ന് പറയുമ്പോള്‍ തന്നെ സാധാരണ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നതിനാല്‍ “ആരാണ്” യഥാര്‍ത്ഥത്തില്‍ വളരുവാന്‍ പോകുന്നത് എന്നതാണ് കാണേണ്ടത്!

Tuesday, April 14, 2009

ഇന്ത്യയില്‍ കുടുംമ്പവാഴ്ച!

പ്രിയങ്ക വദര തന്റെ രണ്ട് മക്കളെ അവരുടെ അമ്മാവന്റെ ഇലക്ഷന്‍ പ്രചരണത്തിനിറക്കിയിരിക്കുന്നു. പെട്ടെന്ന് നോക്കുമ്പോള്‍ ഇതിലെന്താ ഇത്ര കാര്യമുള്ളത് എന്ന് തോന്നാം.

എന്നാല്‍ ഇതിന് പിന്നിലുള്ള ഭീകരത അറിയണമെങ്കില്‍ മാധ്യമങ്ങള്‍ ഇതിനെ കുറിച്ചെഴുതിയിരിക്കുന്നത് നോക്കണം. ഗാന്ധിയുടെ (നെഹ്രുവിന്റെ) അഞ്ചാം തലമുറ ഇതാ ഇലക്ഷനില്‍ എന്നാണ് എല്ലാവരും കൊടുത്തിരിക്കുന്നത്!

ഇന്ത്യ കുടുംമ്പവാഴ്ചയിലേയ്ക്കോ? രാഹുല്‍ എന്ന “അതി”ബുദ്ധിമാന് ശേഷം പ്രിയങ്കയുടെ മക്കളായ രേഹനും, Mairaയും ഇന്ത്യ ഭരിക്കുമെന്നും അത് സഹിച്ച് ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് ഇന്ത്യക്കാരെന്നും പ്രിയങ്ക വരദയും, സോണിയയും, രാഹുലും തുറന്ന് കാട്ടിതരുന്നു!

വരദയുടെ മക്കള്‍ക്ക് “ഗാന്ധി/നെഹ്രു” പട്ടം കൊടുക്കുവാന്‍ മാധ്യമങ്ങളുടെ സഹായം തേടുന്ന കോണ്‍ഗ്രസ്സിന്റെ അധപതനത്തിന്റെ ദയനീയ കാഴ്ച. പാവം വരദ!

പാവം ഇന്ത്യ!

1977ല്‍ Raebareliയും അമേതിയും ഇന്ദിരയെയും കോണ്‍ഗ്രസ്സിനെയും തോല്‍പ്പിച്ചത് പോലെ ഈ ഇലക്ഷനില്‍ സോണിയയ്ക്കും, രാഹുലിനും എതിരെ ജനങ്ങള്‍ പ്രതികരിക്കുമോ? ഇല്ല എന്നറിയാം. എന്തെന്നാല്‍ പുതു തലമുറയും അടിമകളായിരിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്..... ഇന്ത്യയും!!!!!!!!

Sunday, April 12, 2009

പ്രതീക്ഷ‍‍, ലോക സാമ്പത്തിക മാന്ദ്യം 2009 14

ജി20 സമ്മേളനത്തെ തുടര്‍ന്ന് വിപണിയില്‍ ഉണര്‍വുണ്ടായി. ഒട്ടുമിക്ക സ്റ്റോക്ക് എക്സ്ചേഞ്ചിലും സൂചിക ഉയര്‍ന്നു. എന്നാല്‍ ആദ്യം കണ്ട ഉണര്‍വ് ആഴ്ചയുടെ അവസാനത്തോടെ കാണുവാന്‍ കഴിഞ്ഞില്ല.

ഇതിനിടയില്‍ അമേരിക്കയില്‍ പുറകോട്ടുള്ള വളര്‍ച്ച അവസാനിച്ചു എന്നും തിരിച്ച് വരവ് തുടങ്ങിയെന്നും ഒബാമ. ചൈനയിലും വളര്‍ച്ച തുടങ്ങി കഴിഞ്ഞതായി റീപ്പോര്‍ട്ടുകള്‍.

എന്നിരുന്നാലും വളര്‍ച്ച പഴയ പോലെ വേഗത്തിലാകുകയില്ല എന്നാണ് വിലയിരുത്തല്‍.

മറ്റൊരു ആകാംഷ ഇപ്പോള്‍ കാണുന്നത് താല്‍ക്കാലികമാണോ എന്നുള്ളതാണ്. വരാനിരിക്കുന്ന ഭീകരതയ്ക്ക് മുന്‍പുള്ള ഒരു നിമിഷം!

ജി20 സമ്മേളനത്തിലൂടെ ഗ്രീന്‍ വ്യവസായത്തിന് പ്രാമുഖ്യം നല്‍കുമെന്നത് “ആഗോള താപനം” എന്ന കള്ളത്തിന് പിന്‍ ബലമേകാന്‍ ‍വേണ്ടിയുള്ളതാണെന്ന് വ്യക്തം. മൂന്നാം രാജ്യങ്ങളെ പുരോഗതിയില്‍ എത്തിക്കരുതെന്നുള്ളതും, എണ്ണ ഉല്‍പ്പാദന രാജ്യങ്ങളെ തകര്‍ക്കുക എന്നുള്ളതുമായ അജണ്ട ഈ സമയത്തും വികസിത രാജ്യങ്ങള്‍ ഉപേക്ഷിക്കുന്നില്ല എന്നത് ഖേദകരം തന്നെ. അത് ജി20 രാജ്യങ്ങളെ കൊണ്ട് അംഗീകരിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു.

Saturday, April 11, 2009

രാഹുല്‍ എന്ന ഭാവി പ്രധാനമന്ത്രിയുടെ ഐ.ക്യു.

ഭാവി പ്രധാനമന്ത്രിയായി വാഴ്ത്തുന്ന രാഹുലിന്റെ ഐ.ക്യൂ. അറിയണമെങ്കില്‍ ദാ ഇവിടെയൊന്നു ഞെക്കൂ.
പ്രത്യേകിച്ച് 04:52 മിനിറ്റു മുതല്‍ ശ്രദ്ധിക്കുക.

അഹമ്മദാബാദില്‍ നടന്ന യുവ പ്രൊഫഷണല്‍മാരുടെ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ നേരിട്ട ഭാവി പ്രധാനമന്ത്രിയുടെ വിശദീകരണം ഇതാ.

1) ഗുജറാത്തിന്റെ (196,077 km² ) വിസ്തീര്‍ണ്ണം യു.കെ.യെക്കാള്‍ (244,820 km2) വലുതാണ് (യുവ രക്തങ്ങളില്‍ നിന്നും കയ്യടി)
2) ഇന്ത്യയേക്കാള്‍ വലിയ മറ്റൊരു ഡെമോക്രാട്ടിക്ക് രാജ്യവും ഇല്ല (!)
3) യൂറോപ്പിന്റെയും (10,180,000 km²) , യു.എസ്സി.ന്റെയും (9,826,630 km2) കൂടിയുള്ള വലുപ്പത്തേക്കാള്‍ കൂടുതലാണ് ഇന്ത്യ (3,287,240 km2)
[ഏരിയ വാല്യൂസിന് കടപ്പാട്: വിക്കിപീഡിയ]

ഇന്നലെ സഹോദരിയുടെ വകയായിരുന്നു. കോണ്‍ഗ്രസ്സിന് വയസ്സായി എന്ന് ബി.ജെ.പി. പറഞ്ഞതിന് മറുപടി. എന്നെയും, അമ്മയേയും, സഹോദരനെയും കണ്ടാല്‍ കോണ്‍ഗ്രസ്സിന് വയസ്സായെന്ന് പറയുമോ!

Thursday, April 9, 2009

ദീപികയുടെ ഇലക്ഷന്‍ തമാശ പംക്തി

ദീപികയില്‍ രാജുനായരുടെ പംക്തി മതിയാകാഞ്ഞിട്ട് ആളുകളെ ചിരിപ്പിക്കുവാന്‍ ഇലക്ഷന്‍ കാലത്ത് ദീപിക പുതിയ പരമ്പര തുടങ്ങിയിരിക്കുന്നു. “മുറിവ്” എന്നാണ് പേരിട്ടിരിക്കുന്നത്.

ഇന്നത്തെ വിഷയം "ആ ഗുരുദക്ഷിണ ആര്‍ക്ക് മറക്കാനാകും” എന്നതാണ്. എം.ജി.യൂണിവേഴ്സിറ്റിയിലെ മുന്‍ വി.സി.ക്കെതിരെ നടന്ന സമരത്തെ കുറിച്ചാണ്. ഒരു പെണ്ണായിരുന്നിട്ട് പോലും അവരെ വെറുതെ വിട്ടില്ല എന്നാണ് ദീപിക പറയുന്നത്! (എസ്സ്.എം.ഇ. കേസില്‍ വിദ്യാര്‍ത്ഥികള്‍ ചോദിച്ചതും ഇത് തന്നെയായിരുന്നല്ലോ? ഒരു സ്ത്രീയായിരുന്നിട്ടും, ഒരു അമ്മയായിരുന്നിട്ടും, ഒരു അദ്ധ്യാപികയായിരുന്നിട്ടും ഒരു വ്യക്തിയെന്ന നിലയില്‍ എങ്ങിനെ അവര്‍ക്ക് അതിന് കഴിഞ്ഞു എന്ന്!). വി.സി.ക്കെതിരെ നടന്നു എന്ന് പറയുന്ന സമരം നടന്നത് എന്തിനായിരുന്നു എന്ന സത്യം ദീപിക മറച്ച് വെയ്ക്കുന്നു. (അത് പറഞ്ഞാല്‍ തിരിഞ്ഞ് കൊത്തുമല്ലോ!)

അവര്‍ നല്ല അദ്ധ്യാപികയായിരുന്നിരിക്കാം പക്ഷേ ആ അദ്ധ്യാപികയെയല്ല മറിച്ച് എം.ജി.യൂണിവേഴ്സിറ്റിയിലെ വി.സി.യായിരുന്ന അഡ്മിനിസ്ട്രേറ്ററെയാണ് സമരക്കാര്‍ തടഞ്ഞത്. ഈ വനിതാ വി.സി.യുടെ അഡ്മിനിസ്ട്രേഷന്‍ മികവറിയാന്‍ അവരുടെ കാലത്ത് യൂണിവേഴ്സിറ്റിയില്‍ നടന്ന സംഭവ വികാസങ്ങള്‍ ഒന്ന് പരിശോധിച്ചാല്‍ മതിയാകും.

അവിടെ ഇതിന് മുന്‍പിരുന്ന വി.സി.മാര്‍ ഇതിലും ഭീകരമായ സമരങ്ങള്‍ നേരിട്ടുള്ളവരാണ്. അതു പോലെയുള്ളവ ഇവര്‍ നേരിട്ടിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? വി.സി. എന്ന പദവിയിലേയ്ക്ക് വന്നപ്പോള്‍ അദ്യത്തെ വനിതയെന്നും, ധീരയെന്നും പുകഴ്ത്തിയവര്‍ തന്നെ ആളുകളുടെ സഹതാപം പിടിച്ച് പറ്റുവാന്‍ സ്ത്രീ എന്ന വക്കുപയോഗിച്ച്, അമ്മയെന്ന പരിച ഉപയോഗിക്കുന്നത് വില കുറഞ്ഞ നിലപാടാണ്.

പണക്കൊതിയില്‍ ആറാടുന്നവര്‍ക്കെതിരെ നടന്ന സമരങ്ങളെ അടിച്ചമര്‍ത്തുവാന്‍ 18 അടവും ഉന്നതര്‍‍ക്ക് ഓശാനപാടിയ ഭരണകൂടം പ്രയോഗിച്ചതിന്റെ കാഠിന്യം ശരീരത്തില്‍ ഏറ്റ് വാങ്ങിയ പി.കെ. ബിജുവിനെയും, സിന്ധുവിനെയും പോലെയുള്ള യുവ രക്തങ്ങളെ താഴ്ത്തി കെട്ടുമ്പോള്‍ പുറത്ത് വരുന്നത് ഡോ.ജെസ്മിയെ പോലെയുള്ളവര്‍ തുറന്ന് കാട്ടിയ ചിലരുടെ പണക്കൊതിയുടെയും, അധികാരമോഹത്തിന്റെയും വൃത്തികെട്ട മുഖമാണ്.

അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയവരെ, അത് ഏത് (അ)രാഷ്ട്രീയത്തിന്റെ നിറമുള്ള കൊടി പിടിക്കുന്നവരായാലും, ഒരിക്കലും ഇത്തരത്തില്‍ അപമാനിക്കരുത്, പ്രത്യേകിച്ച് സഹനത്തിന്റെയും, സ്നേഹത്തിന്റെയും സന്തേശ പ്രചാരകരെന്ന് പറയപ്പെടുന്നവര്‍.

Wednesday, April 8, 2009

വൈദികര്‍ കേരളത്തെ ഭ്രാന്താലയമാക്കുമോ?

തങ്ങളുടെ ആധിപത്യം തകര്‍ന്ന് പോകുമെന്ന ഭയം എല്ലാ ഭരണകൂടങ്ങള്‍‍ക്കും ഉണ്ടായിരുന്നു, ഉണ്ടാകും. ഇപ്പോല്‍ കേരളത്തില്‍ വൈദികര്‍ക്കിടയിലും ആ ഭയം എത്തിയത് കൊണ്ടോ എന്തോ വൈദികര്‍ വീട് വീടാന്തരം കയറിയിറങ്ങി ഇലക്ഷന്‍ പ്രചരണം നടത്തുന്നു പോലും.

ഞായറാഴ്ച പള്ളികളില്‍ ആരാധനയ്ക്കെത്തിയവര്‍ക്ക് സര്‍ക്കലറുകള്‍ വിതരണം നല്‍കിയാണത്രേ വൈദിക പ്രചരണം ആരംഭിച്ചത്. (ഇലക്ഷന്‍ കമ്മീഷന്റെ നിയമങ്ങളെ വെല്ല് വിളിച്ചാണ് തുടക്കം!)

ബിജെപി പണ്ട് നോര്‍ത്തില്‍ സന്യാസിമാരെ തെരഞ്ഞെടുപ്പില്‍ ഇറക്കിയപ്പോള്‍ കേരളം നെറ്റി ചുളിച്ചുവെങ്കില്‍ ഈ ഇലക്ഷനോടെ കേരളിയര്‍ക്ക് തലകുനിക്കാം. മതത്തിന്റെ അധികാരം ഉപയോഗിച്ച് വൈദികര്‍ നടത്തുന്ന ഈ പ്രചരണം തെറ്റായ കീഴ്വഴക്കത്തിലേയ്ക്ക് നയിക്കുമെന്നതിലും കേരളം പഴയ ഭ്രാന്താലയമാകും എന്നതിലും സംശയമില്ല.

മതപുരോഹിതര്‍ പരസ്യമായി രാഷ്ട്രീയത്തിലിടപ്പെടുന്നത് മത സ്പര്‍ദ്ധയ്ക്ക് കാരണമാകുമെന്ന തിരിച്ചറിവ് സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന് അഭിമാനിക്കുന്ന കേരളിയര്‍ മനസ്സിലാക്കാത്തത് എന്ത്?

Monday, April 6, 2009

ഇടയലേഖനം നിയമവിരുദ്ധം?

ഇലക്ഷന്‍ കമ്മീഷന്റെ മോഡല്‍ കോഡ് ഓഫ് കോണ്ഡാക്റ്റില്‍
“Q.55. Are their any restrictions in using religious places for election propaganda?
Ans. Yes. Religious places like Temple, Mosque, Church, Gurudwara or other places of worship shall not be used as forum for election propaganda. Further, there shall be no appeal to caste or
communal feelings for securing votes.”

ഇത് പ്രകാരം ഇപ്പോള്‍ കേരളത്തില്‍ പുറപ്പെടുവിക്കുന്ന ഇടയലേഖനങ്ങളും, ബിഷപ്പ് സര്‍ക്കുലറുകളും നിയമവിരുദ്ധമല്ലേ?

ബിഷപ്പന്മാര്‍ ഏപ്രില്‍ 29ന് ഇറക്കിയ സര്‍ക്കുലറില്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് കൊടുക്കരുതെന്ന് നിശ്ചയമായും പറയുന്നുണ്ടെന്ന് കത്തോലിക്ക മുഖപത്രത്തില്‍ മോണ്‍. ചെറിയാന്‍ എടുത്ത് പറയുന്നു.

ഇത് പോലെയുള്ള സര്‍ക്കുലറും ഇടയലേഖനങ്ങളും ഇലക്ഷന്‍ നിയമങ്ങളെ വെല്ല് വിളിക്കുന്നതാണോ എന്ന് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

Friday, April 3, 2009

‍‍ജി20 സമ്മേളനം, ലോ.സാ.മാ. 2009 13

വന്‍ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ കൊട്ടിഘോഷിച്ച ലണ്ടന്‍ ജി20 സമ്മേളനം തീര്‍ന്നു. പങ്കെടുത്ത രാജ്യങ്ങളെല്ലാം ചേര്‍ന്ന് കൂട്ടായ തീരുമനങ്ങളില്‍ എത്തിചേര്‍ന്നു എന്നും സമ്മേളനം ഭംഗിയായി അവസാനിച്ചു എന്നും അവകാശം.

എന്തായിരുന്നു, ആര്‍ക്കായിരുന്നു ജി20 കൊണ്ട് നേട്ടമുണ്ടായത് എന്ന ചോദ്യത്തിന് പെട്ടെന്ന് ഒരുത്തരം നല്‍കുവാന്‍ പ്രയാസം. ചുരുക്കി പറഞ്ഞാല്‍ ഐ.എം.എഫ്., വേള്‍ഡ് ബാങ്ക് തുടങ്ങിയ ലോക സാമ്പത്തിക സ്ഥാപനങ്ങളിലെ അമേരിക്കന്‍ ഏകാധിപത്യം ജി20ന്റെ സഹായത്തോടെ ജര്‍മ്മനിയും, ഫ്രാന്‍സും, ബ്രിട്ടണും തകര്‍ത്തു. ഇനിയുള്ള നാളുകള്‍ ഏകാധിപത്യത്തിന്റെയല്ല മറിച്ച് കൂട്ടായ്മയുടെയാണെന്ന് ജി20 സമ്മേളനം ഊന്നി പറയുന്നു. ഐ.എം.എഫ്., വേള്‍ഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങള്‍ മെറിന്റെ അടിസ്ഥാനത്തില്‍ നികത്തണമെന്ന തീരുമാനം ഇതുവരെ നടത്തിപ്പോന്ന രാഷ്ട്രീയ കളികള്‍ക്ക് അന്ത്യം കുറിക്കുവാന്‍ സാധിക്കും(?)

ഏപ്രില്‍ 2ന് ലണ്ടനില്‍ നടന്ന ജി20 രാജ്യങ്ങളുടെ തീരുമാനങ്ങളുടെ ചുരുക്കത്തിലേയ്ക്ക് ഒന്ന് എത്തി നോക്കാം.

ജോലി, വളര്‍ച്ച, ആതമവിശ്വാസം എന്നിവ തിരികെ കൊണ്ടു വരുവാന്‍ $1.1 ട്രില്ല്യണ്‍ ലോക സാമ്പത്തിക രംഗത്തേയ്ക്ക് കൊടുക്കുവാന്‍ തീരുമാനമായി. അമേരിക്ക തങ്ങളുടെ രാജ്യത്ത് അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യം കുറയ്ക്കുവാന്‍ ഇതു വരെ $2 ട്രില്ല്യണോളം ഇറക്കി, ചൈനയില്‍ അവിടത്തെ ഗവണ്മെന്റ് $0.6 ട്രില്ല്യണും ഇറക്കി. ഈ സാഹചര്യത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്കെല്ലാമായി $1.1 ട്രില്ല്യണ്‍ എന്തിന് തികയുമെന്നത് കണ്ടറിയണം. സമയ ബന്ധിതമായ വളര്‍ച്ച നടക്കുന്നുണ്ടോയെന്ന് നോക്കുവാനുള്ള പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് ജി20 രാജ്യങ്ങള്‍ പറഞ്ഞിരിക്കുന്നത് ആശയ്ക്ക് വക നല്‍കുന്നു.

ലോക സാമ്പത്തിക രംഗത്ത് കൂടുതല്‍ കടിഞ്ഞാണ്‍ ഇടുവാന്‍ തീരുമാനമായി. പഴയ പോലെ ചൂതാട്ടം നടത്തുവാന്‍ വങ്കിട ബാങ്കുകള്‍ക്കും, ധനകാര്യ സ്ഥാപനങ്ങള്‍ക്കും, ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സികള്‍ക്കും കഴിയില്ല. ലോക സാമ്പത്തിക രംഗത്ത് നടപ്പിലാക്കേണ്ട മാറ്റങ്ങളെ കുറിച്ചുള്ള ബ്ലൂപ്രിന്റിന് രാജ്യങ്ങള്‍ രൂപം നല്‍കി കഴിഞ്ഞു. ജി20 രാജ്യങ്ങളുടെയും ഫിനാന്‍സിയല്‍ സ്റ്റബിലിറ്റി ബോര്‍ഡിന്റെയും മേല്‍നോട്ടത്തിലായിരിക്കും നിയന്ത്രണങ്ങള്‍ കൊണ്ടു വരിക. ഇതും അമേരിക്കന്‍ ഏകാധിപത്യത്തിന് തിരിച്ചടിയാണ്.

ലോക ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ധന സഹായവും, കടിഞ്ഞാണും. ലോക ധനകാര്യ സ്ഥാപനങ്ങള്‍ക്ക് $850 ബില്ല്യണ്‍ അധികം നല്‍കുവാന്‍ രാജ്യങ്ങള്‍ തയ്യാറായിരിക്കുന്നു. എന്നാല്‍ പഴയത് പോലെ തന്നിഷ്ടക്കാര്‍ക്ക് മാത്രം കടം നല്‍കുന്നത് ഒഴിവാക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകും. അതിനായി ഈ സ്ഥാപനങ്ങളുടെ ഘടന ഉടച്ച് വാര്‍ക്കുവാന്‍ തീരുമാനമായി. ഐ.എം.എഫ്. സമീപകാലത്ത് നടപ്പിലാക്കിയ ഫ്ലെക്സിബിള്‍ ക്രെഡിറ്റ് ലൈനിനെ ജി20 രാജ്യങ്ങള്‍ സ്വാഗതം ചെയ്തനിനൊപ്പം ലോക രാജ്യങ്ങളെ ഒരു പോലെ കാണുവാന്‍ വേണ്ട നടപടികള്‍ ഐ.എം.എഫും., വേള്‍ഡ് ബാങ്കും മറ്റും സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. ഇന്റര്‍നാഷണല്‍ ഫിനാന്‍സിയല്‍ ഇന്‍സ്റ്റിറ്റുട്ട്സിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുവാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. അതില്‍ പ്രധാനപ്പെട്ടത് ഐ.എം.എഫ്., വേള്‍ഡ് ബാങ്ക് എന്നിവയുടെ തലവന്മാരെ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കണമെന്നതും, ഈ സ്ഥാപനങ്ങളില്‍ രാജ്യങ്ങളുടെ പ്രതിനിധാനം ഉറപ്പാക്കാന്‍ വേണ്ട ഉടച്ച് വാര്‍ക്കല്‍ 2011 ഓടെ നടപ്പിലാക്കണം എന്നതുമാണ്. ഇതും നിലവിലുള്ള ഏകാധിപത്യത്തിന് തിരിച്ചടിയാണ്.

ആഗോള വ്യാപാരം പുനരുജ്ജീവിപ്പിക്കുവാന്‍ വേണ്ട നടപടികള്‍. പ്രൊട്ടക്ഷിനസത്തിനെതിരെ ശക്തമയ ശബ്ദം സമ്മേളനത്തില്‍ ഉയര്‍ന്നത് ഒബാമയുടെയും മറ്റും സ്വദേശി വസ്തുക്കള്‍ മാത്രം വാങ്ങുക എന്ന നടപടിക്കുള്ള വെല്ലുവിളിയായി. മന്ദ ഗതിയിലായ ലോക വ്യാപാരത്തെ ഉത്തേജിപ്പിക്കുവാന്‍ $250 ബില്ല്യണ്‍ ലോക സാമ്പത്തിക സ്ഥാപനങ്ങള്‍ വഴി ലഭിക്കുവാന്‍ വേണ്ട നടപടികള്‍ ഉണ്ടാകും. ട്രേഡ് ബാരിയേഴ്സ് കുറച്ച് ലോക രാജ്യങ്ങള്‍ക്കെല്ലാം തന്നെ ട്രേഡില്‍ പങ്കെടുക്കുവാന്‍ അവസരം നല്‍കണമെന്ന 2001ലെ ദോഹ റൌണ്ടിന് പ്രാധാന്യം കൊടുക്കുവാനും തീരുമാനമായി.

ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് വേണ്ടി. $50 ബില്ല്യണ്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കുവാന്‍ ഐ.എം.എഫ്.നോട് ആവശ്യപ്പെടും. ഇതിലേയ്ക്കായി സ്വര്‍ണ്ണം വില്‍ക്കുവാനും ഐ.എം.എഫി.നോട് ആവശ്യപ്പെടും. കൂടാതെ ലോ കാര്‍ബണ്‍ വ്യവസായങ്ങള്‍ക്കും, ഗ്രീന്‍ ബിസിനസ്സ് പരിപോഷിപ്പിക്കുവാനും തീരുമാനമായി. ഇത് എണ്ണ ഉല്‍പ്പാദന രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നത് തീര്‍ച്ച.

ഈ വര്‍ഷമൊടുവില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ ജി20 രാജ്യങ്ങള്‍ വീണ്ടും സമ്മേളിക്കും.

ഒറ്റ നോട്ടത്തില്‍ സമസ്ത മേഖലയിലും വന്‍ അഴിച്ച് പണി നടത്തുവാന്‍ തീരുമാനിച്ചതായി തോന്നുമെങ്കിലും മന്ദ ഗതിയിലായ ബിസിനസ്സിനെ ഉത്തേജിപ്പിക്കുവാനും, ഐ.എം.എഫ്. വേള്‍ഡ് ബാങ്ക് തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുവാനും എന്നാല്‍ പഴയ പോലെ ഏകാധിപത്യ വാഴ്ച അനുവദിക്കുകയില്ല എന്നുമുള്ള വ്യക്തമായ സൂചനയാണ് നല്‍കുന്നത്. 90 മില്ല്യണ്‍ പട്ടിണി പാവങ്ങളെ ഓര്‍മ്മിക്കുവാന്‍ കുറച്ച് സ്ഥലം കളയുവാന്‍ ലണ്ടന്‍ ജി20 സമ്മേളനത്തിന് തോന്നി എന്നത് തന്നെ ആശ്വാസജനകം.

ജി20 സമ്മേളനത്തിനിടയിലും ലോക രാജ്യങ്ങളില്‍ കമ്പനികള്‍ തൊഴിലാളികളെ പിരിച്ച് വിടുകയായിരുന്നു.

അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് 8.3% ആയി. കഴിഞ്ഞ മാസം മാത്രം 6,63,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ജി.എം., ക്രിസ്റ്റലര്‍ തുടങ്ങിയ കാര്‍ കമ്പനികള്‍ പാപ്പര്‍ ഹര്‍ജിയിലേയ്ക്ക് നീങ്ങുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. സര്‍ക്കാര്‍ ധനസഹായം കിട്ടുവാനായി ഇവര്‍ സമര്‍പ്പിച്ച ഭാവി പദ്ധതികള്‍ ഒബാമ നിരസിച്ചതാണ് ഇവരുടെ നില അനിശ്ചിതത്തിലാക്കിയിരിക്കുന്നത്. കാറുകള്‍ മേടിക്കുന്നവര്‍ക്ക് അടയ്ക്കുവാന്‍ പണമില്ലെങ്കില്‍ ഒരു വര്‍ഷത്തേയ്ക്ക് മാസം $600-$700 എന്ന നിരക്കില്‍ കാര്‍ കമ്പനികള്‍ തന്നെ അടക്കുമെന്ന പരസ്യം ജനങ്ങള്‍ നെഞ്ചിലേറ്റിയിട്ടില്ല എന്നതും അനിശ്ചിതത്വത്തിന് ആക്കം കൂട്ടുന്നു. ഫിയറ്റ് കമ്പനിയാണ് ഈ പദ്ധതി ആദ്യം ആരംഭിച്ചത്.

ഇതിനിടയില്‍ അമേരിക്കയില്‍ നടക്കുന്ന വെടിവെയ്പ്പ് സംഭവങ്ങള്‍ സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ടതാണെന്ന് വിദഗ്ദ്ധര്‍ ശങ്കിക്കുന്നു. വെള്ളിയാഴ്ച രാവിലെ ന്യൂയോര്‍ക്കിന് സമീപം 13 പേരെ വെടിവെച്ച് കൊന്നതിന് ശേഷം ഒരാള്‍ ആത്മഹത്യ ചെയ്തത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ലോക രാജ്യങ്ങളിലെല്ലാം ഇത് പോലെയുള്ള സംഭവങ്ങള്‍ ഉണ്ടായി തുടങ്ങിയിരിക്കുന്നു.

ജി20 രാജ്യങ്ങളുടെ സമ്മേളനത്തിന് ഒടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞത് പോലെ നടപടികള്‍ എടുക്കുന്നതിലൂടെ പെട്ടെന്ന് മാന്ദ്യം അവസാനിക്കുകയില്ല എന്നാല്‍ നീണ്ടു പോകാവുന്ന മാന്ദ്യത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുവാന്‍ ഇത് സഹായിക്കും. ജി20 സമ്മേളനം തീരുമ്പോഴും എന്ന് ഈ മാന്ദ്യം അവസാനിക്കുമെന്നറിയാതെ ലോകം പഴയ സ്ഥലത്ത് തന്നെ നില്‍ക്കുന്നു.