എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, December 22, 2009

കോപ്പന്‍ ഹേഗനും ഇന്ത്യയും

കോപ്പന്‍ ഹേഗനെ പറ്റി കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചത് പോലെ പതിനായിരക്കണക്കിന് ഡെലിഗേറ്റുകള്‍ രണ്ടാഴ്ച കോപ്പന്‍ ഹേഗില്‍ അടിച്ച് പൊളിച്ച് ആഘോഷിച്ച് പിരിഞ്ഞ് പോയി. വല്ല കരാറും ഒപ്പിടുമെന്ന് കരുതിയ പാവം പരിസ്ഥിതിവാദികള്‍ക്ക് വീണ്ടും സ്വപ്നം കാണുവാന്‍ അടുത്ത കൊല്ലം മെക്സിക്കോ അവസരമൊരുക്കും (അവിടെ അപ്പോഴേയ്ക്കും മയക്ക് മരുന്ന് വേട്ട കഴിയുമായിരിക്കും). അത് വരെ വീണ്ടും താപന വാദവുമായി മാദ്ധ്യമങ്ങളില്‍ നിറയാം.

ക്വയാട്ടോ കരാറില്‍ നിന്ന് പുറകോട്ടില്ല എന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍ ശാഠ്യം പിടിച്ചപ്പോള്‍ തന്നെ കോപ്പന്‍ ഹേഗന്‍ പരാജയമാകുമെന്ന് ഉറപ്പായിരുന്നു. കാരണം അമേരിക്ക അതിനെതിരാണ് എന്നുള്ളത് തന്നെ. അമേരിക്കന്‍ കോണ്‍ഗ്രസ്സ് സമ്മതിക്കാതെ പ്രസിഡന്റിന് ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്ന് അറിയാമായിരുന്നിട്ടും കോപ്പന്‍ ഹേഗില്‍ ഒബാമ വല്ലതും നടത്തുമെന്ന് പ്രചരിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു?

ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടി വരുന്ന ഒബാമയ്ക്ക് താന്‍ വല്ലതും ചെയ്തു വെച്ചു എന്ന് വരുത്തേണ്ടത് ലോകത്തിന് മുന്നില്‍ മാത്രമല്ല അമേരിക്കയില്‍ താഴേയ്ക്ക് പോകുന്ന തന്റെ ശതമാനം പിടിച്ച് നിര്‍ത്തേണ്ടതും ആയത് കൊണ്ടാണ്. കോപ്പന്‍ ഹേഗന്‍ പരാജയമാകുന്നുവെന്ന് അവസാന നാളുകളില്‍ പ്രചരിപ്പിച്ച് ഒബാമ എല്ലാ നേതാക്കളുമായി ആശയവിനിമയം നടത്തുന്നതുമായ നാടകത്തിന് ഒടുവില്‍ ചൈനയുടെ സഹായത്താല്‍ ഒരു തട്ടിക്കൂട്ട് ഒപ്പിച്ചെടുത്തു. എല്ലാവരെയും അത്ഭുതപ്പെടുത്തി ഇന്ത്യയും അവസാന ചര്‍ച്ചയില്‍ ഉണ്ടായിരുന്നു (ഇന്ത്യക്കാര്‍ക്ക് അതില്‍ അത്ഭുതമൊന്നും തോന്നേണ്ട ആവശ്യമില്ലല്ലോ). സൌത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നിവയായിരുന്നു മറ്റ് രാജ്യങ്ങള്‍.

തങ്ങള്‍ എന്തെല്ലാം ആണ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് രാജ്യങ്ങള്‍ വെളിപ്പെടുത്തണം എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ക്വയാട്ടോയെ അട്ടിമറിക്കുന്നതാണിത് എന്നത് വിദഗ്ദ്ധമായി മറച്ച് പിടിച്ചു. ഇതനുസരിച്ച് രാജ്യങ്ങള്‍ക്ക് കര്‍ശനമായ ഒരു ടാര്‍ജറ്റും മുന്നോട്ട് വെയ്ക്കപ്പെടുന്നില്ല. മലിനീകരണത്തില്‍ മുന്നിലേയ്ക്ക് വരുന്ന ചൈനയ്ക്കും ഇത് ആവശ്യമായിരുന്നു. എന്നാല്‍ ഇന്ത്യ ഈ ഇടപാടില്‍ വന്നത് എന്തിനാണ്? തങ്ങള്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ പോകുന്നു എന്ന് കോപ്പന്‍ ഹേഗ് സമ്മേളനം തുടങ്ങും മുന്‍പേ ഇന്ത്യ വെളിപ്പെടുത്തിയതാണ്!

ഒടുവില്‍ കോപ്പന്‍ ഹേഗിനെ ഒബാമ രക്ഷിച്ചു എന്ന് ലോകത്തൊട് യു.എന്‍.ഉം വിളിച്ച് പറഞ്ഞതോടെ അമേരിക്കന്‍ ജനതയ്ക്ക് മുന്നില്‍ ഒബാമ മുഖം മിനുക്കി. ഈ “ഉടമ്പടി” കോണ്‍ഗ്രസ്സ് അംഗീകരിക്കുമെന്നത് ഉറപ്പ്. എന്തെന്നാല്‍ അമേരിക്കയ്ക്ക് നഷ്ടപ്പെടുവാന്‍ ഒന്നുമില്ല. എന്ന് മാത്രമല്ല ക്വയാട്ടോയിലൂടെ ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന വന്‍ തുക വെട്ടിക്കുറച്ച് കിട്ടുകയും ചെയ്തിരിക്കുന്നു.

ഇതിന് കൂട്ടു നിന്ന ഇന്ത്യയ്ക്ക് അടി കിട്ടിയത് രണ്ട് ദിവസം കഴിഞ്ഞാണ്. ഈ “ഉടമ്പടി” “ഒപ്പിട്ടതോടെ” ചൈനയെയും ഇന്ത്യയെയും തങ്ങള്‍ നിരീക്ഷിക്കുമെന്നും അവര്‍ പിന്നോക്കം പോയാല്‍ യു.എന്‍.ല്‍ ചോദ്യം ചെയ്യുമെന്നും അമേരിക്ക വ്യക്തമാക്കിയിരിക്കുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ഒടുവില്‍ രാജ്യ സഭയില്‍ ഇത് “കരാറൊന്നുമല്ല” എന്ന് സര്‍ക്കാരിന് പറയേണ്ടി വന്നിരിക്കുന്നു. ഇതിനിടയില്‍ ഐ.പി.സി.സി. ചെയര്‍മാന്‍ പച്ചൌരിയുടെ വാക്കുകള്‍ ഈ “കരാറിന്റെ” പിന്നിലുള്ള സത്യം വെളിച്ചത്ത് കൊണ്ട് വരുന്നു.

ചുരുക്കത്തില്‍ താപന വാദം വീണ്ടും പഴയ പടി തന്നെ. പാവം പരിസ്ഥിതി പ്രവര്‍ത്തകരെ യു.എന്‍.ഉം സംഘവും ചുട് ചോറ് വാരിച്ച് അത് ഒന്ന് നിലത്ത് വെയ്ക്കുവാന്‍ അവസരം നല്‍കുന്നില്ല. അടുത്ത മെക്സിക്കന്‍ സമ്മേളനത്തിലും ഇതൊക്കെ തന്നെ അരങ്ങേറും. താപന വാദികള്‍ കാര്‍ബണ്‍ കുറയ്ക്കാന്‍ ഒരു കൊല്ലത്തിന് ശേഷം പതിനായിരക്കണക്കിന് ടണ്‍ കാര്‍ബണ്‍ പുറത്ത് വിട്ട് മെക്സിക്കോയില്‍ കൂടും അത് വരെ നമുക്കും പറയാം കാര്‍ബണ്‍ കുറയ്ക്കൂ ഭൂമിയെ താപനത്തില്‍ നിന്ന് രക്ഷിക്കൂ....

അമേരിക്കയില്‍ 20 ഇഞ്ച് മഞ്ഞ് വീഴ്ച ഉണ്ടാകുമെന്ന കാരണത്താല്‍ ഒബാമ സമ്മേളനം തീരുന്നതിന് മുന്നേ തന്നെ കോപ്പന്‍ ഹേഗില്‍ നിന്ന് ഡി.സി.യിലേയ്ക്ക് വിമാനം കയറി പോലും!

Thursday, December 17, 2009

ക്രിസ്ത്യന്‍ ജാതി തിരിവ്!

സ്വാതന്ത്ര്യ സമരത്തോടൊപ്പം കേരളം കണ്ട മറ്റൊരു മാറ്റമായിരുന്നു ഹിന്ദു മതത്തിലെ അയിത്ത വ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടുവാന്‍ താഴ്ന്ന ജാതിയില്‍ നിന്ന് പലരും മതം മാറിയത്. ഹിന്ദു മതത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് ഉയര്‍ന്ന ജാതിക്കാര്‍ ഉപയോഗിക്കുന്ന വഴികളിലൂടെ പോലും നടക്കുവാന്‍ വിലക്കുള്ള കാലം. താഴ്ന്ന ജാതിയില്‍ ജനിച്ചു എന്ന കാരണത്താല്‍ അവരുടെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കുവാന്‍ പറ്റാതിരുന്ന കാലം.  എന്നാല്‍ അതേ താഴ്ന്ന ജാതിക്കാരന്‍ മതം മാറിയാല്‍ പിന്നെ മേല്‍ ജാതിക്കാരന് തന്നോട് അയിത്തമില്ല എന്ന് വന്നതോടെ, സ്ത്രീകള്‍ക്ക് മാറ് മറയ്ക്കുവാന്‍ കുഴപ്പമില്ല എന്ന് വന്നതോടെ താഴ്ന്ന ജാതിയില്‍ നിന്ന് പലരും മറ്റ് മതങ്ങളിലേയ്ക്ക് ചേക്കേറി. ഇതില്‍ ഭൂരിപക്ഷവും ചെന്നെത്തിയത് ക്രിസ്ത്യന്‍ സമുദായത്തിലായിരുന്നു. മതം വിട്ടെറിഞ്ഞ് പോകുവാന്‍ മടിച്ചവരില്‍ നിന്ന് വ്യത്യസ്തമായി ഇവര്‍ ഹിന്ദു മതത്തിലെ മേല്‍ജാതിക്കാര്‍ക്ക് മുന്നില്‍ ജീവിച്ചു എന്ന് ചരിത്രം.

എന്നാല്‍ അങ്ങിനെ മതം മാറിയവരുടെ ഇന്നത്തെ തലമുറ പഴയ തലമുറയെ കുറ്റപ്പെടുത്തുകയാണോ? ദളിത് ക്രിസ്ത്യാനികള്‍ക്ക് അവകാശം എന്ന പ്രയോഗത്തിന് പിന്നാലെ ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന നാടാര്‍ ക്രിസ്ത്യാനികള്‍ക്കും അവകാശം എന്ന പ്രയോഗം അതിലേയ്ക്കല്ലേ വിരല്‍ ചൂണ്ടുന്നത്?

അന്ന് അയിത്തത്തിന്റെ പീഢനങ്ങള്‍ അനുഭവിച്ച ഹിന്ദു മതത്തിലെ താഴ്ന്ന ജാതിക്കാരന് ഇന്ത്യന്‍ ഭരണഘടന പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയപ്പോള്‍ അന്ന് അയിത്ത പീഢനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് മതം മാറിയവര്‍ തങ്ങള്‍ ചെന്നെത്തിയിടത്ത് സമത്വം ലഭിച്ചില്ല എന്ന് മാത്രമല്ല തങ്ങള്‍ക്കും കിട്ടുമായിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു എന്നത് വൈകിയാണ് മനസ്സിലായതെന്ന് തോന്നുന്നു.  ഈയിടെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതിന്റെ മാറ്റൊലി കേട്ട് തുടങ്ങിയിരുന്നു.

എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞ് പോകാതിരിക്കുവാന്‍ ക്രിസ്ത്യാനികളില്‍ തന്നെ ജാതി തിരിവ് സൃഷ്ടിക്കുവാന്‍ ഇപ്പോള്‍ ക്രിസ്ത്യന്‍ സമുദായം തയ്യാറായിരിക്കുന്നു! താമസിയാതെ ഈഴവ ക്രിസ്ത്യാനി (അവര്‍ കൂട്ടത്തോടെ പൊഴിഞ്ഞ് പോകുമെന്ന ഭയമാണ് ക്ഷേത്ര പ്രവേശന വിളംബരത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടല്ലോ) എന്നും ഒടുവില്‍ ബ്രാഹ്മണ ക്രിസ്ത്യാനിയെന്നും (ഇവരെയല്ലേ ആദ്യമായി ക്രിസ്ത്യാനികളാക്കി മാറ്റിയതെന്ന് പറയപ്പെടുന്നത്) വിളിച്ച് ക്രിസ്ത്യന്‍ സമുദായത്തിലും ജാതിയുടെ തട്ടുകള്‍ പണിയുവാന്‍ തയ്യാറെടുക്കുകയാണോ?

അന്ധവിശ്വാസങ്ങളുടെയും മത-ജാതീയ ഭ്രാന്തിന്റെയും ചങ്ങലകളില്‍ നിന്ന് കുറേയെങ്കിലും മോചനം നേടിയ കേരള സമൂഹത്തിനെ വീണ്ടും ചങ്ങലയ്ക്കിടുവാന്‍ പഴയ ബാധ വീണ്ടും എത്തിയോ? ഈ പ്രാവശ്യം ഹിന്ദു മതത്തിനെ മാത്രമല്ല ക്രിസ്ത്യന്‍ മതത്തിനെയും ഈ ബാധ ആക്രമിച്ചിരിക്കുന്നുവോ!

ജാതി ഭ്രാന്തിന്റെ തീവ്രത ഏറ്റവും കൂടിയ അളവില്‍ അനുഭവിച്ച പഴയ തലമുറയുടെ നിസ്സഹായവസ്ഥയിലേയ്ക്ക് കേരളത്തെ വീണ്ടും തള്ളിയിടുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന സത്യം എന്നാണ് നാം തിരിച്ചറിയുക!

Wednesday, December 9, 2009

വീണ്ടും തകര്‍ച്ചയിലേയ്ക്ക്! ലോക സാമ്പത്തിക മാന്ദ്യം

2007 ഡിസമ്പറില്‍ സാമ്പത്തിക മാന്ദ്യം തുടങ്ങിയെന്ന് അമേരിക്ക 2008ല്‍ പതുക്കെ സമ്മതിച്ചുവെങ്കിലും അതിനും എത്രയോ മുന്‍പേ ജനങ്ങള്‍ അത് അനുഭവിച്ച് തുടങ്ങിയിരുന്നു. അമേരിക്കന്‍ പ്രസ്താവനയ്ക്ക് പുറകേ പിന്നീട് ലോകം കാണുന്നത് സാമ്പത്തിക മേഖലയിലെ തകര്‍ച്ചയാണ്. അതിന്റെ അലയടിയില്‍ നിന്ന് ഒരു രാജ്യത്തിനും രക്ഷപ്പെടാനായില്ല. ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് അമേരിക്കയില്‍ സാമ്പത്തിക തിരിച്ച് വരവ് കാണുന്നുവെന്ന് പറയുന്നുവെങ്കിലും യാഥാര്‍ത്ഥ്യം അതെല്ലെന്ന് ജനങ്ങള്‍ക്കറീയാം.

അമേരിക്കയിലെ തകര്‍ച്ച ലോക രാജ്യങ്ങളെ ബാധിക്കുമെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു. അമേരിക്കയിലെ വിരലില്ലെണ്ണാവുന്ന ചില വമ്പന്മാരുടെ ചൂത് കളിയിലെ പിഴവാണ് ലോകം കഴിഞ്ഞ രണ്ട് കൊല്ലമായിട്ട് അനുഭവിക്കുന്നത്. എന്നാല്‍ ആ വമ്പന്മാര്‍ക്ക് എന്ത് സംഭവിച്ചു? ഒന്നും തന്നെ നഷ്ടപ്പെട്ടില്ല. കാരണം അവര്‍ കളിച്ചത് സാധാരണക്കാരന്റെ പെന്‍ഷന്‍ ഫണ്ടും, സംസ്ഥാനങ്ങളുടെ വികസന ഫണ്ടും മറ്റും കൊണ്ടായിരുന്നു. അവര്‍ ഇന്നും സുരക്ഷിതരായി വിലസുന്നു. അവരുടെ കമ്പനികളും ബാങ്കുകളും അമേരിക്കന്‍ ഗവണ്മെന്റ് ഏറ്റെടുത്ത് നഷ്ടം നികത്തി കൊടുക്കുന്നു. അവ കരകയറുമ്പോള്‍ സര്‍ക്കാര്‍ അവ തിരിച്ച് ഇവര്‍ക്ക് തന്നെ കൊടുക്കും അടുത്ത ചൂതാട്ടത്തിന് വേണ്ടി.

സേവിങ് എന്നതിനെ പുറകാലിനടിച്ച് ക്രെഡിറ്റ് സംവിധാനത്തില്‍ നീങ്ങിയിരുന്ന അമേരിക്കക്കാര്‍ക്ക് മുന്നില്‍ വന്ന് പെട്ട ലോട്ടറിയായിരുന്നു എല്ലാവര്‍ക്കും വീടെന്ന വാര്‍ത്ത. തിരിച്ചടയ്ക്കുവാന്‍ സാമ്പത്തിക ശേഷിയില്ല എന്നറിഞ്ഞിട്ടും അത്തരക്കാര്‍ക്ക് ബാങ്കുകളും ക്രെഡിറ്റ് സ്ഥാപനങ്ങളും കടം നല്‍കി. ഈ സ്ഥാപനങ്ങളാകട്ടെ ഇവ (റിസ്ക് ബോണ്ടുകള്‍) ഉപയോഗിച്ച് ചൂതാട്ടം നടത്തുവാന്‍ അവസരമൊരുക്കി. അതില്‍ അന്യ ദേശക്കാരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കുമിള പോലെ വീര്‍ത്ത് വന്നത് പെട്ടെന്ന് പൊട്ടി. കിട്ടാ കടത്തിന്റെ ബോണ്ടുകള്‍ ചൂതാട്ടത്തില്‍ നേടിയവര്‍ക്ക് പണം തിരിച്ച് കിട്ടാതായി. ഒടുവില്‍ നില്‍ക്കുവാനാകാതെ പലരും പാപ്പര്‍ ഹര്‍ജിയിലേയ്ക്ക് നീങ്ങി. അത് ലോകത്തെ മുഴവന്‍ ബാധിച്ചു. കാരണം ഇവര്‍ ലോകമെമ്പാടും ബിസിനസ്സ് നടത്തുകയും അവരെ വിശ്വസിച്ച് അന്യനാട്ടിലുള്ളവരും ചൂതാട്ടത്തില്‍ ഇറങ്ങിയിരുന്നു. അവര്‍ക്കൊക്കെ കടം കൊടുത്തിരുന്ന ലേമാന്‍ ബ്രദേഴ്സ് വീണതോടെ അവരെ സംരക്ഷിച്ചിരുന്ന എ.ഐ.ജി.യും തകര്‍ച്ചയിലേയ്ക്ക് വീണു. ഈ ഭീന്മാരുടെ പതനം ലോക സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴി വെച്ചു. പിന്നെ കാണുന്നത് വമ്പന്‍ ബാങ്കുകളുടെ പതനമാണ്.

പ്രശ്നമുണ്ടാക്കിയവരെ രക്ഷിക്കുവാന്‍ ക്യാപ്പറ്റിലസിന്റെ പറുദീസയായ അമേരിക്കയില്‍ ഗവണ്മെന്റ് നികുതി പണം ഉപയോഗിക്കുവാന്‍ തീരുമാനമായി. പൊതുമേഖലയില്‍ നിന്ന് സാമ്പത്തിക നിയന്ത്രണം സ്വകാര്യമേഖലയിലേയ്ക്ക് നീക്കണമെന്ന് വാദിച്ചിരുന്ന ക്യാപ്പറ്റിലിസ്റ്റുകാര്‍ യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ ഇപ്പോള്‍ പൊതുഗജനാവിലെ പണം സ്വീകരിച്ചു. ഗവണ്മെന്റ് പണം കിട്ടുവാന്‍ സ്വകാര്യന്മാര്‍ വാഷിങ്ടണ്ണീലേയ്ക്ക് പോയ പോക്ക് തന്നെ അവര്‍ എത്രമാത്രം നിസ്സാരമായാണ് ഇക്കാര്യങ്ങള്‍ കണ്ടിരുന്നതെന്ന് തെളിയിക്കുന്നു. ഗവണ്മെന്റിന്റെ ഭിക്ഷ കൂടുതല്‍ കിട്ടുവാനുള്ള ചര്‍ച്ചയ്ക്കായി പാപ്പര്‍ കമ്പനികളുടെ സി.ഇ.ഓ.കള്‍ പ്രത്യേക സ്വകാര്യ വിമാനം വാടകയ്ക്കെടുത്താണ് പോയത്. അത് പോലെ തന്നെ എ.ഐ.ജി. എന്ന കമ്പനി പാപ്പരാണെന്ന് ആദ്യം അറിയുന്ന അവരുടെ സി.ഇ.ഒ.മാര്‍ ലക്ഷ്വറി ഹോളിഡേ ആഘോഷിച്ചതും വിവാദത്തിലായിരുന്നു. ഇങ്ങനെയുള്ളവരെ രക്ഷിക്കുവാന്‍ ജനങ്ങളുടെ നികുതി പണമെടുക്കുന്നതിനെതിരെ അമേരിക്കയില്‍ പ്രതിഷേധമുയര്‍ന്നു. എങ്കിലും രാഷ്ട്രീയക്കാരെ നിലനിര്‍ത്തുന്നത് ഈ സ്വകാര്യന്മാരാണെന്നതിനാല്‍ ഗജനാവില്‍ നിന്ന് ട്രില്ല്യണ്‍ കണക്കിന് ഡോളറുകള്‍ ഒഴുകി.

ഇതിനിടയില്‍ അമേരിക്കയില്‍ ഭരണം മാറി. സോഷ്യലിസ്റ്റ് എന്ന് എതിരാളികള്‍ വിളിക്കുന്ന ഒബാമ പ്രസിഡന്റ് ആയതോടെ ഗജനാവിലെ പണം സ്വകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിലേയ്ക്ക് നീക്കി വെയ്ക്കപ്പെട്ടു. രക്ഷിക്കാനാവാത്തവയെ പാപ്പര്‍ ഹര്‍ജി നല്‍കുവാന്‍ നിര്‍ബന്ധിച്ചു.

ഇതേ നയം തന്നെയാണ് യൂറോപ്പിലും മറ്റ് സ്ഥലങ്ങളിലും ഉള്ള ഗവണ്മെന്റുകള്‍ സ്വീകരിച്ചത്. പൊതുഗജനാവില്‍ നിന്ന് പണമെടുത്ത് സ്വകാര്യക്കാരെ രക്ഷിക്കുക. ബാക്കിയുള്ളവ പാപ്പര്‍ ഹര്‍ജി നല്‍കി രംഗം വിട്ടു. എന്നാല്‍ ഈ സമയത്തും ഇന്ത്യന്‍ ഗവണ്മെന്റ് തലതിരിഞ്ഞാണ് ചിന്തിച്ചത്. അവര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുവാന്‍ കച്ചകെട്ടിയെന്നത് ഒരു പക്ഷേ ലോകത്തെ ഞെട്ടിച്ചിരിക്കണം. വിദേശ ബാങ്കുകള്‍ക്ക് അവസരം നല്‍കിയ രാജ്യങ്ങള്‍ സാമ്പത്തിക തകര്‍ച്ചയിലേയ്ക്ക് കൂപ്പ് കുത്തുന്നത് കണ്ടിട്ടും പൊതുമേഖലയെ ഒഴിവാക്കി വിദേശ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അവസരം എങ്ങിനെയുണ്ടാക്കാമെന്നാണ് ഇന്ത്യന്‍ ഗവണ്മെന്റ് ചര്‍ച്ച ചെയ്തത്.

ലോക രാജ്യങ്ങളിലെല്ലാം തൊഴില്‍ നഷ്ടപ്പെടുവാന്‍ തുടങ്ങി. അമേരിക്കയിലെ 3 വമ്പന്‍ കാര്‍ ഫാക്ടറികള്‍ തര്‍ന്നടിഞ്ഞു. ചൈനയിലും അത് പ്രതിഫലിച്ചു. എന്നാല്‍ ചൈന കയറ്റ്മതിയിലൂടെ ഇതിനകം ഡോളറുകള്‍ നേടിയിരുന്നു. മറ്റ് രാജ്യങ്ങള്‍ ചൈനയെ രക്ഷകനായി കാണുവാനിത് ഇടയാക്കി. അമേരിക്കയുടെ ഗവണ്മെന്റ് ബോണ്ടുകള്‍ ചൈനയ്ക്ക് ലഭിച്ചതോടെ അവര്‍ കൂടുതല്‍ ശക്തരാകുന്നതാണ് കണ്ടത്. വില പേശുന്ന ചൈനയ്ക്ക് മുന്നില്‍ മറ്റ് രാഷ്ട്രങ്ങള്‍ തലകുനിച്ചു. ചൈന മുതല്‍ മുടക്കുന്നത് തങ്ങളുടെ രാജ്യത്തിലായിരിക്കണമെന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ മത്സരമായി. ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് ചൈനയുടെ മനുഷ്യാവകാശ ലംഘനത്തെ പറ്റി മിണ്ടാതെ ഏഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത് ഇന്ന് ചൈനയ്ക്കുള്ള ഡിമാന്റിനെ കാണിക്കുന്നു.

ഇതിനിടയില്‍ ജി8 രാജ്യങ്ങള്‍ക്ക് പകരം ജി20 രാജ്യങ്ങളുടെ സംഘം നിലവില്‍ വന്നു. പണം മാര്‍ക്കറ്റിലിറക്കി ക്യാപറ്റിലസത്തിന്റെ ജീവന്‍ നിലനിര്‍ത്തുവാന്‍ എല്ലാവരും പ്രതിജ്ഞ എടുത്തു. എങ്കിലും തൊഴിലില്ലായ്മയും, കണ്‍സ്യൂമിങും കുറഞ്ഞതോടെ റീട്ടെയില്‍ സ്ഥാപനങ്ങളും, ചെറീയ ബാങ്കുകളും തകര്‍ന്നടിയുവാന്‍ തുടങ്ങി. എങ്ങും അരക്ഷിതാവസ്ഥ മാത്രം.

മറ്റ് രാജ്യങ്ങള്‍ എണ്ണ ഉപയോഗം കുറച്ചതും, എണ്ണ വില കുത്തനെ താഴേയ്ക്ക് പോയതും ഗള്‍ഫ് മേഖലയെയും ബാധിച്ച് തുടങ്ങി. വിദേശ കമ്പനികള്‍ക്ക് ക്രെഡിറ്റ് കിട്ടാതായതോടെ കെട്ടിട സമൂഹങ്ങള്‍ പണിത് കൂട്ടുന്ന ദുബായിയില്‍ നിര്‍മ്മാണ മേഖല സ്തംഭിച്ചു. ദുബായിലെ പ്രമുഖ കമ്പനികള്‍ അമേരിക്കയിലും യൂറോപ്പിലും വങ്കിട ഹോട്ടലുകളും ക്യാസിനോകളും കയ്യടക്കിയിരുന്നു. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തോടെ അവിടെ നിന്നുള്ള വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നു. ഇത് കൂടാതെ പണിതതും പണിത് കൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങളുടെ വായ്പ അടവില്‍ വിദേശികള്‍ വീഴ്ച വരുത്തുവാനും തുടങ്ങി. ഇത് ഒടുവില്‍ ദുബായ് കമ്പനികളെ കടക്കെണിയിലേയ്ക്ക് തള്ളിയിട്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യാസ്തമായി ദുബായ് ഗവണ്മെന്റ് കമ്പനികളുടെ കടം ഏറ്റെടുക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നത് മറ്റൊരു വന്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.

ഇനി ഈ കമ്പനികള്‍ക്ക് രക്ഷപ്പെടണമെങ്കില്‍ വിദേശത്തുള്ള തങ്ങളുടെ വസ്തുക്കള്‍ വില്‍ക്കണം. ഈ സമയത്ത് അവ ആരും ഏറ്റെടുക്കില്ല എന്നതിനാല്‍ അത് അമേരിക്കയ്ക്കും യുറോപ്പിനും ബാധ്യതയാകും. അത് ഒടുവില്‍ മറ്റൊരു കുപ്പ് കുത്തലിലേയ്ക്ക് വഴി തെളിക്കും.

നവമ്പര്‍ 13ന് അമേരിക്കയുടെ കടം 11.99 ട്രില്ല്യണ്‍ ഡോളര്‍ (11,991,219,535,897) ആയിരുന്നു. ഇത് ഡിസമ്പര്‍ 7 ആയപ്പോള്‍ 12.09 ട്രില്ല്യണായി (12,086,172,114,368). അതായത് നാലാഴ്ച കൊണ്ട് കടം 94,952,578,471 ഡോളര്‍ ആയി കൂടിയിരിക്കുന്നു. ഇത് കൂടി കൊണ്ടിരുന്നാല്‍ വിദേശ നിക്ഷേപകര്‍ അമേരിക്കന്‍ വിപണിയില്‍ നിന്ന് പിന്മാറും എന്ന് മാത്രമല്ല അവര്‍ ഡോളറിന് പകരം മറ്റ് കറന്‍സികള്‍ തേടും. ഇതെല്ലാം അമേരിക്കന്‍ സാമ്പത്തികം വീണ്ടും കുഴപ്പത്തിലാക്കും. ഒപ്പം ലോക സാമ്പത്തികവും.

അമേരിക്കയില്‍ തൊഴിലില്ലായ്മ ശതമാനം രണ്ട് വര്‍ഷത്തിനിടയില്‍ ആദ്യമായി താഴേയ്ക്ക് പോയിരിക്കുന്നു എന്ന് കണക്കുകള്‍ കാണുന്നു 10.2% ത്തില്‍ നിന്ന് 10% ആയി. എന്നാല്‍ ഇത് ഹോളിഡേ സീസണ്‍ ആണെന്നതിനാല്‍ പലര്‍ക്കും താല്‍ക്കാലിക ജോലി കിട്ടിയതാകാന്‍ വഴിയുണ്ട്. ഇതാണ് ശരിയെങ്കില്‍ പുറത്ത് വരുന്ന “അനുകൂല” വാര്‍ത്തകള്‍ വെറും താല്‍ക്കാലികമായിരിക്കും.

ചൊവ്വാഴ്ച പുറത്ത് വന്ന യു.എസ്സ്. മേയര്‍സ് കോണ്‍ഫറന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയിലെ ബോസ്റ്റണ്‍, ഡെന്വര്‍, ഡള്ളാസ്, ചിക്കഗോ, ലോസ് ഏഞത്സ്, സാന്‍ഫ്രാന്‍സിക്കോ തുടങ്ങിയ പ്രധാനപ്പെട്ട 27 നഗരങ്ങളില്‍ ഭക്ഷണം സഹായമായി വാങ്ങുന്നവരുടെ എണ്ണം 2008-2009ല്‍ 26% ആയി വര്‍ദ്ധിച്ചിരിക്കുന്നു (അമേരിക്കയില്‍ ഭക്ഷണത്തിന് പാങ്ങില്ലാത്തവര്‍ക്കായി ഫുഡ് ഹൌസുകള്‍ പോലെയുള്ളവ ഗവണ്മെന്റുകളും സംഘടനകളും നടത്തുന്നുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്). ഇതില്‍ മിഡില്‍ ക്ലാസ്സ് ആളുകളില്‍ പലരും ഇതിന് മുന്‍പ് ഭക്ഷണം ദാനമായി നല്‍കിയിരുന്നവരായിരുന്നു എന്നത് പ്രത്യേകം ചൂണ്ടി കാണിച്ചിരികൂന്നു.കൂടാതെ വീടില്ലാത്ത കുടുമ്പങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു എന്നും കാണുന്നു.

ദുബായ് പ്രതിസന്ധിയെ പോലെ തന്നെ ഗ്രീസില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയും, ക്രെഡിറ്റ് ഇപ്പോഴും മുടന്തി നീങ്ങുന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് വിലയിരുത്തുന്നു. ഇതിനിടയില്‍ ജപ്പാന്‍ തങ്ങളുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് വെട്ടി കുറച്ചത് എല്ലായിടത്തുമുള്ള സ്റ്റോക്ക് സൂചിക താഴേയ്ക്ക് ആക്കിയിരിക്കുന്നു.

ലോക ഗവണ്മെന്റുകള്‍ ശുഭ സൂചകമായ വാര്‍ത്തകള്‍ മാത്രം നല്‍കി ജനങ്ങളെ ആശ്വസിപ്പിക്കുന്നുവെങ്കിലും അശുഭകരമായവ ചിലപ്പോഴൊക്കെ പുറത്ത് വരുന്നുണ്ട്. അവയില്‍ നിന്ന് മനസ്സിലാക്കാവുന്നത് ലോക രാജ്യങ്ങള്‍ വീണ്ടും ഒരു തകര്‍ച്ച പ്രതീക്ഷിച്ചിരിക്കുന്നു എന്നാണ്. അത് എത്ര മാത്രം ആഘാതം ഉണ്ടാക്കുമെന്ന് മാത്രമേ നോക്കേണ്ടതുള്ളൂ.

Sunday, December 6, 2009

കോപ്പന്‍ ഹേഗ് സമ്മേളനമെന്ന പ്രഹസനം

ഡിസമ്പര്‍ 7 മുതല്‍ 18 വരെ ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹേഗിലേയ്ക്ക് പരിസ്ഥിതി വാദികള്‍ ഉറ്റ് നോക്കും. അന്നാണ് 192ഓളം രാജ്യങ്ങളില്‍ നിന്നുള്ള 15,000ത്തോളം പ്രതിനിധികള്‍ ഒത്ത് ചേര്‍ന്ന് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും അതിനെ തടയിടാന്‍ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ ചെയ്യുന്നതിനായി കോപ്പന്‍ ഹേഗില്‍  സമ്മേളിക്കുന്നത്.

പ്രധാനമായും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് ആഗോള താപനത്തിന് കാരണമെന്നും അത് കൊണ്ട് ഇന്ന് നാം ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ നിര്‍ത്തി പുതിയ മാര്‍ഗ്ഗങ്ങളിലേയ്ക്ക് തിരിയണമെന്ന “കടുത്ത” തീരുമാനം ഈ സമ്മേളനത്തില്‍ ഉരുതിരിയുമെന്നാണ് “വിശ്വസിക്കുന്നത്”.

ടണ്‍ കണക്കിന് കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ദിനം പ്രതി ജനങ്ങള്‍ വാഹനോപയോഗത്താലും, ഊര്‍ജ്ജ ഉപയോഗത്തിലൂടെയും പുറം തള്ളുന്നത്. വളരെ വില കുറഞ്ഞ് കിട്ടുന്ന ഈ ഇന്ധനങ്ങള്‍ക്ക് പകരം വില കൂടിയ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ സ്വീകരിക്കണമെന്നാണ് ദരിദ്ര രാജ്യങ്ങളോട് സമ്പന്ന രാജ്യങ്ങള്‍ ഉത്തരവിറക്കാന്‍ ഇരിക്കുന്നത്. തങ്ങള്‍ ഇത്രയും കാലം പുറം തള്ളിയവയെ കുറിച്ചോ പുറം തള്ളി കൊണ്ടിരിക്കുന്നവയെ കുറിച്ചോ ചര്‍ച്ചകളില്‍ കാണില്ല. എന്നാല്‍ നാളെ മുതല്‍ രാജ്യങ്ങളെല്ലാം വില കൂടിയ ഊര്‍ജ്ജം ഉപയോഗിക്കുക തന്നെ വേണമെന്ന് ഉത്തരവിടാന്‍ സമ്മേളിക്കുന്ന ഈ സമ്മേളനത്തിന് എത്തുന്നവര്‍ പുറം തള്ളാനിരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഒന്ന് കണ്ട് നോക്കിയാല്‍ ഈ “പരിസ്ഥിതി” വാദികളുടെ ഉള്ള് പുറത്താകും. വില കൂടിയ പുതിയ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുവാനുള്ള സാങ്കേതികത്വവും വിഭവവും സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രമേയുള്ളൂ എന്നതും ഈ നീക്കത്തിന് പിന്നിലുള്ള “താല്പര്യം” പുറത്ത് കൊണ്ട് വരും.

ഡെല്‍ഹിയില്‍ നിന്ന് ഒരു പ്രതിനിധി കോപ്പണ്‍ ഹേഗിലേയ്ക്ക് പറക്കുമ്പോള്‍ ഏകദേശം 4 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വിമാന ഉപയോഗത്തിലൂടെ മാത്രം പുറത്ത് വിടുന്നു. ഇത് അമേരിക്കയില്‍ നിന്നാകുമ്പോള്‍ 5 ടണ്ണും, ആസ്ട്രേലിയയില്‍ നിന്നാകുമ്പോള്‍ 8 ടണ്ണുമായി മാറുന്നു. അതായത് 192 രാജ്യങ്ങളില്‍ നിന്നും കൂടി 15,000ത്തോളം പ്രതിനിധികള്‍ ഏകദേശം 70000ത്തിലധികം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോക്ക് വരവിനായി പുറം തള്ളുവാന്‍ പോകുന്നു. ഇത് വിമാനം വഴി പുറത്ത് വിടുന്ന അളവ്. വിമാന താവളത്തിലേയ്ക്കുള്ള വാഹനങ്ങള്‍ പുറത്ത് വിടുവാന്‍ പോകുന്നത് വേറെ. പ്രതിനിധികള്‍ കോപ്പണ്‍ ഹേഗില്‍ കറങ്ങുവാന്‍ പുറത്ത് വിടുന്നത് എത്രയെന്നത് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങിനെ കാര്‍ബണ്‍ കുറയ്ക്കണമെന്ന് പറയുവാന്‍ കൂടുന്ന ഈ സമ്മേളനത്തില്‍ പുറത്ത് വിടുവാന്‍ പോകുന്ന കാര്‍ബണിന്റെ അളവ് ഒരു കൊല്ലം കൊണ്ട് പുറം തള്ളുന്നതിനേക്കാള്‍ എത്ര മടങ്ങായിരിക്കുമെന്ന് ഒന്ന് കണക്കാക്കുവാന്‍ ഈ “ഭൌമ സ്നേഹികള്‍” തുനിഞ്ഞിരുന്നുവെങ്കില്‍!

ഇന്ധന വില കൂടിയപ്പോള്‍ അമേരിക്കക്കാര്‍ കാര്‍ ഷെയറീങ്ങ് എന്ന വിദ്യയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്ധന വില താഴ്ന്നപ്പോള്‍ അന്നത്തെ കാര്‍ ഷെയേര്‍സിന്റെ പൊടിപോലുമില്ല. അമേരിക്കയില്‍ പലയിടത്തും ആള്‍ട്രനേറ്റീവ് ഊര്‍ജ്ജത്തിന് ഗവണ്മെന്റ് സബ്സിഡി തീര്‍ന്നതിന്റെ ഫലം ജനങ്ങള്‍ ബില്ലുകളില്‍ കണ്ട് തുടങ്ങി. അമേരിക്കയിലെ ജനങ്ങളെ ഇത് ഞെട്ടിക്കുന്നുവെങ്കില്‍ മറ്റ് “ദരിദ്ര” രാജ്യങ്ങളുടെ കാര്യമെന്തായിരിക്കും. സബ്സിഡികള്‍ നിന്ന് പോയാല്‍ എന്ത് സംഭവിക്കുമെന്ന് ഇന്ത്യ ഇന്ന് അവശ്യ സാധങ്ങളുടെ വില കയറ്റത്തിലൂടെ മനസ്സിലാക്കുന്നുണ്ടല്ലോ. ഇത് തന്നെയാണ് കോപ്പന്‍ ഹേഗ് പോലെയുള്ള സമ്മേളനങ്ങള്‍ വഴി മുട്ടുന്നതും. “ദരിദ്ര” രാജ്യങ്ങളെ ആര് എങ്ങിനെ സഹായിക്കും.

ഈ പ്രതിസന്ധിയെ മറി കടക്കുവാന്‍ 2012ല്‍ ലോകം അവസാനിക്കുമെന്ന ആശയമുള്ള “2012” എന്ന സിനിമയിലെ  പ്രൊഡ്യൂസേഴ്സ് ചെയ്ത പോലെ 100 വര്‍ഷത്തിനുള്ളില്‍ ലോകം അവസാനിക്കുമെന്ന് “പേടിപ്പിച്ച്” ജനങ്ങളെ അവരുടെ സര്‍ക്കാരുകള്‍ക്കെതിരെ തിരിക്കുവാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. അതിന് കൂട്ടായി കുറച്ച് ശാസ്ത്രജ്ഞരെ “സ്പോണ്‍സര്‍” ചെയ്ത് കൂടെ നിര്‍ത്തിയിട്ടുമുണ്ട്.

എണ്ണ ഉല്‍പ്പാദന രാജ്യങ്ങളെ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വില പേശുക എന്നത് മാത്രമാണ് സമ്പന്ന രാജ്യങ്ങള്‍ ഈ സമ്മേളനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. 1970കളില്‍ എണ്ണ വില കൂടിയപ്പോള്‍ ഇത് പോലെ ആള്‍ട്രനേറ്റീവ് ഉര്‍ജ്ജമെന്ന ആശയം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ എണ്ണ വില താഴ്ന്നതോടെ സര്‍ക്കാരുകള്‍ പതുക്കെ രംഗം വിട്ടു. ഇപ്പോള്‍ 2007-2008ല്‍ എണ്ണ വില പിന്നെയും വര്‍ദ്ധിക്കുകയും എണ്ണ ഉല്‍പ്പാദന രാജ്യങ്ങള്‍ മേല്‍ കൈ നേടുമെന്ന് വന്നപ്പോഴേയ്ക്കും പഴയ ചാക്ക് പൊടി തട്ടിയെടുത്ത് അവര്‍ ഇറങ്ങി. കോപ്പന്‍ ഹേഗ് തീരുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ആരും കരുതുന്നില്ല. പതിവ് പോലെ പത്ര പ്രസ്താവനങ്ങളും നേതാക്കള്‍ പരസ്പരം സൌഹൃദം പങ്കിടുന്നതും അവരുടെ കൂട്ടായ കുറേ വാഗ്ദ്ധാനങ്ങളും....

ആത്മാര്‍ത്ഥതയുള്ളവരെങ്കില്‍ അന്തരീക്ഷ മലിനീകരണം ജനങ്ങളില്‍ ഏല്‍പ്പിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. തങ്ങള്‍ നടത്തുന്ന ഈ മലിനീകരണം ആസ്ത്മ-ക്യാന്‍സര്‍-ഹൃദയ രോഗങ്ങള്‍ക്ക് വഴി വെയ്ക്കുമെന്ന് ജനങ്ങള്‍ തിരിച്ചറിയണം, ജീവിച്ചിരിക്കുന്ന തങ്ങളെ മാത്രമല്ല ജനിക്കാനിരിക്കുന്ന കുട്ടികളെയും ഇത് ബാധിക്കുമെന്ന് അവര്‍ തിരിച്ചറിയണം.  അത് വഴി മാത്രമേ സാധാരണ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാന്‍ കഴിയൂ. അല്ലാതെ ആഗോള താപനവും, കാര്‍ബണ്‍ ഡൈ ഓക്സൈഡും, സമ്മേളനങ്ങളും മറ്റും പത്ര താളുകള്‍ നിറയ്ക്കുവാനും മേല്‍ തട്ടിലെ കുറേ വൈറ്റ് കോളേര്‍സിന്റെ ഒരു ചെവിയിലൂടെ കടന്ന് മറു ചെവിയിലൂടെ കടന്നു പോകുവാനുമേ സഹായിക്കുകയുള്ളൂ. അത് ഇനിയെങ്കിലും ഈ “ഭൌമ വാദികള്‍” തിരിച്ചറിയുക.

Friday, December 4, 2009

മുരളിയും ഗാന്ധിജിയും കോണ്‍ഗ്രസ്സും

കെ. മുരളീധരന്‍ നാല് രൂപ മെമ്പര്‍ഷിപ്പിനായി കോണ്‍ഗ്രസ്സിന് പുറത്ത് കാത്തിരിക്കുന്ന സമയത്ത് നടന്ന കെ.എസ്സ്.യു.വിന്റെ തെരഞ്ഞെടുപ്പില്‍ തന്റെ പ്രതിനിധികളെ തെരഞ്ഞെടുപ്പിക്കുവാന്‍ കഴിഞ്ഞു എന്ന് വാര്‍ത്ത.

ഈ വാര്‍ത്ത വായിച്ചപ്പോള്‍ 1934ന് ശേഷമുള്ള എം. കെ. ഗാന്ധിയെ ഓര്‍മ്മ വന്നു. കോണ്‍ഗ്രസ്സിന്റെ നാലണ മെമ്പര്‍ഷിപ്പ് 1934ല്‍ ഗാന്ധി ഉപേക്ഷിച്ചു. അതായത് ഗാന്ധി കോണ്‍ഗ്രസ്സ്കാരനല്ലാതായി. എന്നിട്ടും കോണ്‍ഗ്രസ്സിലെ “തെരഞ്ഞെടുപ്പുകളില്‍” ഗാന്ധി നിശ്ചയിക്കുന്നവരായിരുന്നു തെരഞ്ഞെടുക്കപ്പെട്ട് കൊണ്ടിരുന്നത്.  ആദ്യമായും അവസാനമായും 1939ല്‍ സുബാഷ് ചന്ദ്രബോസ് ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയെ മറികടന്ന് പ്രസിഡന്റായെങ്കിലും കോണ്‍ഗ്രസ്സ് അംഗമല്ലാത്ത ഗാന്ധി തന്റെ സ്ഥാനാര്‍ത്ഥി തോറ്റതില്‍ സെന്റിമെന്റ് വര്‍ക്കൌട്ട് ചെയ്തതിനെ തുടര്‍ന്ന് സുബാഷ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത് കോണ്‍ഗ്രസ്സ് ചരിത്രം.

പറഞ്ഞ് വന്നത് കോണ്‍ഗ്രസ്സ് അംഗത്വം സ്വയം ഉപേക്ഷിച്ച ഗാന്ധിക്ക് കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞത് പോലെ കോണ്‍ഗ്രസ്സ് പുറത്താക്കിയ മുരളീധരനും കോണ്‍ഗ്രസ്സിന് വെളിയില്‍ നിന്ന് നിയന്ത്രിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു! അപ്പോള്‍ എം. കെ. ഗാന്ധി “സ്റ്റൈല്‍” കെ. മുരളീധരന്‍ ഏറ്റെടുക്കുമോ?

ഗാന്ധി കോണ്‍ഗ്രസ്സ് മെമ്പറല്ലാതിരുന്നതിനാല്‍ നെഹ്രുവിന് പ്രധാനമന്ത്രി പദത്തില്‍ മത്സരമുണ്ടായില്ല. ഇതാണല്ലോ ഇപ്പോഴത്തെ കേരളത്തിലെ കോണ്‍ഗ്രസ്സിലെ “ചില” നേതാക്കളുടെ ഉള്ളിലിരിപ്പും..... 

Thursday, December 3, 2009

നരബലി പുനരാരംഭിക്കുമോ?

തൊഗാഡിയ പശുവിനെ കൊല്ലരുതെന്ന് പറഞ്ഞതില്‍ തൂങ്ങി ഒരു പുതിയ നീക്കം നടക്കുന്നുവോ എന്ന് സംശയം. പശു പ്രശ്നവുമായി ഉയര്‍ന്ന് വന്ന ചര്‍ച്ചകളില്‍ മൃഗബലി പ്രശ്നം ഉള്‍പ്പെടുത്തി മൃഗബലിയെ എന്തിന് എതിര്‍ക്കണം എന്ന് ചോദിച്ച് ചിലര്‍ കേരളത്തെ വീണ്ടും ആ പഴയ കറുത്ത യുഗത്തിലേയ്ക്ക് തള്ളിയിടുവാന്‍ കരുക്കള്‍ നീക്കുന്നു. ഇതിനെ എതിര്‍ത്താല്‍ നിങ്ങള്‍ തൊഗാഡീയയുടെ കൂടെയാകുമെന്നതിനാല്‍ ഡിഫന്റ് മോഡിലേയ്ക്ക് നീങ്ങേണ്ടി വരും. ഈ കൂട്ടര്‍ക്കും അത് തന്നെയാണ് ആവശ്യം. നിങ്ങളുടെ വായ അടയ്ക്കുവാന്‍ തൊഗാഡിയയെ കൂട്ട് പിടിക്കുക.

കേരളത്തിലെ എന്തിന് ഇന്ത്യയിലെ തന്നെ പഴയ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ജന്തു ബലിക്കെതിരെ പോരാടി വിജയം നേടിയിരുന്നു. അവരില്‍ ഭൂരിപക്ഷവും വിശ്വാസികളുമായിരുന്നു. അതിനാല്‍ തന്നെ ജന്തു ബലിയെ എതിര്‍ക്കുന്നവര്‍ അവിശ്വാസികളും, തൊഗാഡിയമാരുമാണെന്ന മൂടന്തന്‍ ന്യായം പൊളിയുന്നു. ഇത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ത്തില്ല എങ്കില്‍ നരബലിയും പുനര്‍ജനിക്കുമെന്നതില്‍ സംശയം ഇല്ല.

ഒരു വശത്ത് തൊഗാഡിയമാര്‍ ഹിന്ദു വര്‍ഗ്ഗിയത വളര്‍ത്തുമ്പോള്‍ മറുവശത്ത് അതേ നാണയത്തില്‍ പഴയ ദുരാചാരങ്ങള്‍ തിരിച്ച് കൊണ്ടുവരുവാന്‍ തന്ത്രപ്പെടുന്നു. വോട്ട് ബാങ്കിന് വേണ്ടി ഇക്കൂട്ടരെ പ്രീണിപ്പിക്കുന്നതിന്റെ ഫലമാണ് ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നത്. മതഭ്രാന്തിന്റെ പേരില്‍ ജനങ്ങളെ കൊല്ലുവാന്‍ വരെ ഇവര്‍ക്ക് മടിയില്ല. കൊല്ലിപ്പിക്കുന്നവര്‍ക്ക് മത വ്യത്യാസമില്ല എന്ന് നാം കണ്ട് കഴിഞ്ഞു.  ഇത് ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കണമെങ്കില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലാതാകണം. അതിന് കഴിയുമോ?

ഇല്ല എങ്കില്‍, കേരളം മാത്രമല്ല ഇന്ത്യ മുഴുവന്‍, വിവേകാനന്ദന്‍ വിളിച്ച് പറഞ്ഞ ആ പഴയ ഭ്രാന്താലായമായി മാറും. അന്ധവിശ്വാസങ്ങളുടെ കറുത്ത യുഗത്തിലേയ്ക്ക് വീണ്ടും നാം പതിക്കും.