എം. ജി. സര്‍വകലാശാലയില്‍ കഴിഞ്ഞ മാസം നടന്ന അദ്ധ്യാപക നിയമനങ്ങള്‍ ശരിയല്ല എന്ന് പറഞ്ഞ് കെ.എസ്സ്.യു. സമര രംഗത്തിറങ്ങിയത്രേ!
സര്‍വകലാശാലകളിലെ നിയമനങ്ങള്‍ മെറിറ്റടിസ്ഥാനത്തില്‍ മാത്രം നടത്തിയാല്‍ മതി എന്ന വി.സി.മാരുടെ സമ്മേളനത്തിന് പിന്തുണ നല്‍കുവാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ഒറ്റ വാര്‍ത്തയുടെ ആടിസ്ഥാനത്തില്‍ അദ്ധ്യാപക തസ്തികയിലേയ്ക്ക് അപേക്ഷിക്കുകയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും ചെയ്ത എനിക്ക് ഈ വാര്‍ത്ത കണ്ടപ്പോള്‍ എങ്ങിനെ പ്രതികരിക്കണമെന്ന് പിടികിട്ടുന്നില്ല.
കഴിഞ്ഞ യു.ഡി.എഫിന്റെ കാലത്ത് കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിയമനം നടത്തിയ അദ്ധ്യാപകരില്‍ പലരുടെയും “അദ്ധ്യാപന കഴിവിന്റെ” ഫലമാണ് ഇക്കൊല്ലം മെറിറ്റില്‍ തന്നെ നിയമനം നടത്തുവാന്‍ വി.സി.മാര്‍ നിര്‍ദ്ദേശം വെച്ചതും സര്‍ക്കാര്‍ അതിനെ അനുകൂലിച്ചതും എന്ന കാര്യം ഈ കെ.എസ്സ്.യു. നേതാക്കളും അവരുടെ ചരട് വലിക്കുന്നവരും തിരിച്ചറിയുന്നത് എപ്പോഴാണാവോ? അന്ന് എം.ജി.യില്‍ ഇപ്പോള്‍ വിവാദമുയര്‍ത്തിയിരിക്കുന്ന ഡിപ്പാര്‍ട്ട്മെന്റില്‍ ഒന്നില്‍ ഒരു കക്ഷിയെ നിയമിച്ചപ്പോള്‍ അന്നത്തെ സബ്ജക്റ്റ് എക്സ്പേര്‍ട്ടുകളും ഡിപ്പാര്‍ട്ട്മെന്റ് ഹെഡും എന്താണ് എഴുതിയതെന്ന് കെ.എസ്സ്.യു. നേതാക്കള്‍ ഒന്ന് നോക്കിയിരുന്നെങ്കില്‍.
ഈ ജനുവരിയില്‍ നടന്ന ഇന്റര്‍വ്യൂവിനെ പറ്റി എനിക്കും പരാതിയുണ്ട്. ഞാന്‍ പങ്കെടുത്ത ഇന്റെര്‍വ്യൂവിനെ പറ്റി പറയുവാനുള്ളത് ഇവിടെ കുറിക്കുന്നു. കഴിഞ്ഞ ദിവസം സര്‍വകലാശാല പുറത്ത് വിട്ട പ്രസ്താവന പോലെ കഴിവ് നോക്കി തന്നെയാണ് ഞാന്‍ അപേക്ഷിച്ച പോസ്റ്റിന് നിയമനം നടത്തിയത്. പങ്കെടുത്തവരില്‍ റിസര്‍ച്ച്-അദ്ധ്യാപന എക്സ്പീരിയന്‍സ് ഉള്ള ആള്‍ തന്നെയാണ് നിയമിതനായത്. എന്നാല്‍ വെറും 40 മിനിറ്റ് കൊണ്ട് 9 പേരെ ഇന്റര്‍വ്യൂ നടത്തിയതിനെ ശക്തമായി തന്നെ എതിര്‍ക്കുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവര്‍ക്ക് ഒരു 15 മിനിറ്റ് വീതം പ്രസന്റേഷനെങ്കിലും നല്‍കേണ്ടതായിരുന്നു. സര്‍ട്ടിഫിക്കറ്റുകളുടെയും, എക്സ്പീരിയസിന്റെയും മുന്‍ ഗണന നോക്കി ഇന്റര്‍വ്യൂവിന് മുന്‍പ് തന്നെ ആരെ നിയമിക്കാം എന്ന് നിശ്ചയിക്കുവാന്‍ കഴിയും. അങ്ങിനെയെങ്കില്‍ പിന്നെ ഇന്റര്‍വ്യൂ നടത്തണമായിരുന്നുവോ? ഒരാള്‍ക്ക് 5 മിനിറ്റിന് താഴേ ഇന്റര്‍വ്യൂ നടത്തിയിട്ട് (തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിക്കും 5 മിനിറ്റില്‍ താഴെയേ ഇന്റെര്‍വ്യൂ ഉണ്ടായിരുന്നുള്ളൂ!) എന്ത് മാറ്റമാണ് ആ മെറിറ്റ് ലിസ്റ്റില്‍ വരുത്തുവാന്‍ ഇന്റര്‍വ്യൂ ബോര്‍ഡിന് കഴിയുമായിരുന്നത്? പഴഞ്ചന്‍ നിയമം പാലിച്ചു എന്ന് വരുത്തി തീര്‍ക്കുവാനോ?
സ്വദേശത്തും വിദേശത്തും നിന്നായി ലീവ് എടുത്താണ് പലരും ഇന്റര്‍വ്യൂവിന് വരുന്നത് എന്നതിനാല്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാറ്റിസ്ഫാക്ഷന്‍ കിട്ടുവാനെങ്കിലുമൊരു 15 മിനിറ്റ് പ്രസന്റേഷന്‍ അടുത്ത തവണയെങ്കിലും നല്‍കണമെന്ന് വി.സി.യോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ഐ.ഐ.റ്റി.കളിലും മറ്റും നോക്കുന്നത് പോലെ പരീക്ഷകളിലെ മാര്‍ക്കുകള്‍ക്കും എക്സ്പീരിയന്‍സിനും പുറമേ ഉദ്യോഗാര്‍ത്ഥിക്ക് നിയമനം ലഭിച്ചാല്‍ അദ്ധ്യാപന രംഗത്തും ഗവേഷണ രംഗത്തും പുതുതായി എന്ത് സംഭാവന ചെയ്യുവാനുള്ള കഴിവ് ഉണ്ട് എന്ന് കൂടി വിലയിരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിന് വെറും 5 മിനിറ്റ് ഇന്റര്‍വ്യൂ മതിയാകില്ല. ഐ.ഐ.റ്റി.കളിലും മറ്റും നടത്തുന്നത് പോലെയുള്ള ഇന്റര്‍വ്യൂകള്‍ തന്നെ വേണം. അതിന് പഴഞ്ചന്‍ നിയമങ്ങള്‍ കാറ്റിലെറിയണം. കഴിഞ്ഞ മാസം നടത്തിയത് പോലെ ഇന്റര്‍വ്യൂവിന് നാം എന്നും കാണുന്ന മേശയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് സോഫയ്ക്കരികില്‍ ഉദ്യോഗാര്‍ത്ഥിയെ എത്തിച്ച ധീരമായ നടപടി എടുക്കുവാന്‍ കഴിഞ്ഞ വി.സി. ഡോ. രാജന്‍ ഗുരുക്കള്‍ക്ക് ഇതിനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
അത് പോലെ തന്നെ ഇക്കൊല്ലം മെറിറ്റടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്തി ചങ്കുറപ്പ് കാട്ടിയ ഇടത് സര്‍ക്കാരിനും അഭിവാദ്യങ്ങള്‍.
Saturday, February 20, 2010
Subscribe to:
Posts (Atom)

