എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, April 30, 2010

അത് സംഭവിച്ചു ഇനി

അങ്ങനെ ഒടുവില്‍ അതും സംഭവിച്ചു... ഒരു കേന്ദ്രമന്ത്രി തന്നെ പ്രസ്താവിച്ചു....

ബി.ജെ.പി.യുടെ സാദാ മന്ത്രിയുടെ അവകാശവാദം ഇതിനടുത്ത് പോലും വരില്ല.

അടുത്ത “ആള്‍” എവിടെ? കടന്ന് വരൂ...... സമയം കളയല്ലേ.....

അതോ അതിന് മുന്‍പേ ഇറാനിലെ “വാക്യങ്ങള്‍” (boobquake) ആവര്‍ത്തിക്കുന്നത് കേള്‍ക്കേണ്ടി വരുമോ?


ഇന്ത്യയുടെ ഒരു ഭാഗ്യം.... ഇത്രയും “ജ്ഞാനം” ഉള്ളവരാല്‍ ഭരിക്കപ്പെടുകയെന്നു പറഞ്ഞാല്‍..... ഏത് ജനാധിപത്യ രാജ്യത്തിനുണ്ട് ഇത് പോലെയുള്ള മഹാ ഭാഗ്യം!

Tuesday, April 27, 2010

USലെ സ്കൂളുകളില്‍ സമരം‍!

അമേരിക്കയിലെ ന്യൂ ജേര്‍സിയില്‍ സ്കൂള്‍ ബഡ്ജറ്റില്‍ കുറവ് വരുത്തിയതിനെതിരെ ചൊവ്വാഴ്ച രാവിലെ സ്കൂള്‍ കുട്ടികള്‍ ക്ലാസ്സുകളില്‍ കയറാതെ സമരത്തിനിറങ്ങി. പ്രോപ്പര്‍ട്ടി ടാക്സില്‍ നിന്ന് സ്കൂളുകള്‍ക്ക് ഫണ്ടിങ്ങ് കൊടുക്കരുതെന്ന് 59% ആളുകള്‍ കഴിഞ്ഞാഴ്ച വോട്ട് ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് ഫണ്ടിങ്ങ് കുറയുമെന്ന അവസ്ഥയില്‍ അദ്ധ്യാപകരുടെ ജോലി വരെ ഭീഷണീയിലായിരിക്കുന്നു എന്ന് മാത്രമല്ല കുട്ടികള്‍ക്ക് എക്സ്ട്രാ കരിക്കുലര്‍ കാര്യങ്ങളും നഷ്ടപ്പെടും. കൂടാതെ മറ്റ് ഫീസുകളും ചുമത്തപ്പെടുമെന്ന് കരുതപ്പെടുന്നു. ഈ അവസരത്തിലാണ് കുട്ടികള്‍ സമരത്തിനിറങ്ങിയത്. ഫേസ്ബുക്കിലൂടെ വളരെ ആസൂത്രിതമായിട്ടാണ് സമരം സംഘടിപ്പിച്ചതെന്നതും പ്രത്യേകതയാണ്.

ഗവര്‍ണറുടെ ഓഫീസില്‍ നിന്നും സമരത്തിനെതിരെ ശക്തമായ നീക്കം ഉണ്ടായിട്ടും കുട്ടികള്‍ ക്ലാസ്സുകളില്‍ നിന്നിറങ്ങി സമരത്തില്‍ പങ്കെടുത്തു.

ന്യൂജേര്‍ഴ്സിയിലെ (ഇന്ത്യന്‍-ചൈനക്കാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്ന്) സ്കൂളുകളില്‍ പഠിക്കുന്ന ഇന്ത്യന്‍-ചൈനീസ് കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ ഭൂരിപക്ഷത്തിനും വോട്ടില്ലായിരുന്നു എന്നതും പ്രശ്നം സൃഷ്ടിച്ചു. പ്രൊട്ടക്ഷനിസം എന്നത് അമേരിക്കന്‍ ജനതയുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. തങ്ങള്‍ക്ക് ഗുണമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തില്‍ തങ്ങളുടെ ടാക്സ് ചെലവഴിക്കണ്ട എന്ന് അമേരിക്കന്‍ വോട്ടര്‍മാര്‍ നിശ്ചയിച്ചപ്പോള്‍ ന്യൂജേര്‍സിയില്‍ കഴിയുന്ന വോട്ടില്ലാത്ത ബഹുഭൂരിപക്ഷം ഇന്ത്യന്‍-ചൈനീസ് ആളുകള്‍ നല്‍കുന്ന പ്രോപ്പര്‍ട്ടി ടാക്സ് (അമേരിക്കക്കാര്‍ നല്‍കുന്ന അതേ അളവില്‍) തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നില്ല എന്നത് വളരെ ഏറെ കഷ്ടം തന്നെയാണ്. ന്യൂയോര്‍ക്കിന് അടുത്തായതിനാല്‍ ന്യൂയോര്‍ക്കില്‍ ജോലിയുള്ള ഭൂരിപക്ഷവും താമസിക്കുന്നത് ന്യൂജേര്‍ഴ്സിയിലാണ് എന്നതും പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കുന്നു.

സമരത്തിന്റെ വീഡീയോ ഇവിടെ ക്ലിക്കിയാല്‍ കാണാം.

കാലിഫോര്‍ണിയയില്‍ മാസങ്ങളായി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സമരത്തിലാണ്. ന്യൂജേര്‍ഴ്സിയില്‍ തന്നെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ അക്കാഡമിക്ക് സെഷനില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങി സമരം ചെയ്തിരുന്നു. എന്നാല്‍ യു.എസ്സ്.ല്‍ സ്കൂള്‍ കുട്ടികള്‍ സമരത്തിനിറങ്ങിയത് അത്ഭുതം തന്നെയാണ്. പ്രത്യേകിച്ച് പൊതുവായ ഒരു വിദ്യാര്‍ത്ഥി സംഘടന പോലുമില്ലാതെ.

Saturday, April 24, 2010

അമ്മയും ഐ.പി.എല്‍.ഉം

അമ്മയും ഐ.പി.എല്‍.ഉം ഒരേ പോലെയോ? പണത്തിന്റെ ഹുങ്കില്‍ എല്ലാം വെട്ടിപ്പിടിക്കുവാന്‍ ആര്‍ത്തി പൂണ്ട് നടക്കുന്ന ചില ജന്മങ്ങള്‍ നേതൃനിരയില്‍ വന്നാല്‍ ഇതല്ല ഇതിലപ്പുറവും കാണേണ്ടി വരും. മോഡിയുടെ കാര്യം ഏതാണ്ട് തീര്‍പ്പാകും പക്ഷേ അമ്മ എന്ന സംഘടനയിലെ "വില്ലന്മാരായ” “വയസ്സന്‍” നേതൃത്വത്തിന്റെ കാര്യമോ?

മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന ശ്രീനാഥ് എന്ന നടനെ അമ്മ അപമാനിച്ചതാണ് അദ്ദേഹം ജീവിതം അവസാനിപ്പിക്കുവാന്‍ കാരണമെന്ന വാര്‍ത്തയ്ക്ക് പുറകേ അദ്ദേഹത്തിന്റെ സഹോദരന്‍ ഈ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നു. വാര്‍ത്ത ശരിയെങ്കില്‍ “അമ്മ” എന്ന സംഘടനയെ “വില്ലത്തി‍” ആക്കി മാറ്റിയിരിക്കുന്നു എന്ന് വേണം കരുതുവാന്‍.

സിനിമ എന്ന കലയെ വെറും വ്യവസായമായമായും തന്നിഷ്ടത്തിന്റെ കൂത്തരങ്ങായും കാണുന്ന അത്യാഗ്രഹികളായ ചില “വയസ്സന്മാര്‍” നേതൃത്വം കൊടുക്കുന്ന സംഘടന പിരിച്ച് വിടണം. ഇനിയും ഒരു കലാകാരെനെയും അപമാനിക്കുവാന്‍ തോന്നാത്ത വിധത്തിലുള്ള അടി ഇവര്‍ക്ക് കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Sunday, April 18, 2010

ക്രി.-മു. തര്‍ക്കം ബ്ലോഗില്‍

ബ്ലോഗില്‍ മത “വിശ്വാസികള്‍” നിറഞ്ഞ് നില്‍ക്കുകയാണ്. ആരുടെ മതമാണ് കേമം എന്നും ആര് എഴുതിയ ഗ്രന്ഥമാണ് “ശുദ്ധം” എന്നും ചര്‍ച്ചിച്ച് എങ്ങും എത്താതെ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. പ്രധാനമായും ക്രി.-മു. “വിശ്വാസികള്‍” തമ്മിലാണ് ഈ ചെളിയേറ്. മതം ഉണ്ടാക്കുവാന്‍ എന്ത് ചെയ്യണം എന്നത് ഇവരുടെ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാം.

നിലവില്‍ ഇരിക്കുന്ന ഒരു മതത്തിനെ ഏറ്റെടുക്കുക എന്നിട്ട് തന്റേതായ ചില വ്യത്യാസങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്തി പുതിയ ഒരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുക. ശുഭം... ഇതാ ഒരു മതത്തിന്റെ പിറവിയായി. അധികാരത്തിലിരിക്കുന്നവരെ പുതിയ മതത്തിലേയ്ക്ക് ചേര്‍ത്താല്‍ പിന്നെ പ്രചരണം എളുപ്പം എന്ന് ചരിത്രം തെളിവ് നല്‍കുന്നു. “ആധുനിക” രീതിയില്‍ വേണമെങ്കില്‍ ഇന്ന് ഇന്ത്യയില്‍ കാണുന്ന “മനുഷ്യ ദൈവങ്ങളുടെ” മാര്‍ക്കറ്റിങ്ങ് കഴിവ് കൂടി ഉപയോഗിച്ചാല്‍ മതിയാകും.

ക്രി.-മു. ക്കാരുടെ തര്‍ക്കം അറിയണമെങ്കില്‍ അബ്രഹാമിക്ക് മതത്തിനെ കറിച്ച് അറീയണം. അബ്രഹാമിനെ അനുകൂലിക്കുന്ന മതക്കാരാണ് അബ്രഹാമിക്ക് മതത്തില്‍ വരുന്നത്. ഇതില്‍ ആദ്യം വരിക ജൂത മതമാണ്. ജൂതമതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി യേശുവിനെ കൂടി ഉള്‍പ്പെടുത്തിയ ക്രിസ്ത്യന്‍ മതത്തിലും, ജൂത-ക്രിസ്ത്യന്‍ സങ്കല്‍പ്പങ്ങളെ അംഗീകരിച്ച് കൊണ്ട് തന്നെ യേശുവിന് ശേഷം മുഹമ്മദിനെ പ്രതിഷ്ഠിച്ച മുസ്ലീം മതമായാലും, ഇവരെയെല്ലാം അംഗീകരിക്കുന്നതിനോടൊപ്പം ബഹായുള്ളയെ ഉള്‍പ്പെടുത്തിയ ബഹായി മതക്കാരായാലും, യേശുവിന് ശേഷം മുഹമ്മദിനെയും ബഹായിയെയും അംഗീകരിക്കാതെ മാറിനില്‍ക്കുന്ന രസ്തഫാരികളാണെങ്കിലും അംഗീകരിക്കുന്ന ഒരാളാണ് അബ്രഹാം.

ഇങ്ങനെ അതാത് കാലങ്ങളില്‍ അന്നുണ്ടായിരുന്ന മതങ്ങളില്‍ പുതിയ ആശയങ്ങള്‍ ചേര്‍ത്ത് പുതിയ മതങ്ങള്‍ ഉണ്ടാക്കിയവയാണ് അബ്രഹാമിക്ക് മതങ്ങള്‍. അതിജീവനത്തിനായി അവര്‍ തമ്മില്‍ ഉണ്ടായിരുന്ന സ്പര്‍ദ്ധ ഇന്നും തുടരുന്നു എന്നത് സ്വാഭാവികം. ആരുടെ മതമാണ് വലുതെന്ന് തര്‍ക്കിക്കേണ്ടത് അവരുടെ നിലനില്‍പ്പിന് അത്യാവശ്യം തന്നെയാണ്. തങ്ങളുടെ ഗ്രന്ഥങ്ങളില്‍ കൈ കടത്തലില്ല എന്ന് തെളിയിക്കേണ്ടത് അവരുടെ ആവശ്യമാണ്. എന്നാല്‍ മാറിനിന്ന് ചിന്തിക്കുന്ന ഒരാള്‍ക്ക് കൈകടത്തലുകളില്ല എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരിക സ്വാഭാവികം. കാരണം ആദ്യ കാലങ്ങളില്‍ മറ്റ് മതങ്ങളെ പോലെ തന്നെ അബ്രഹാമിക്ക് മതങ്ങളും (ബഹായി, രസ്തഫാരികള്‍ ഒഴികെ) വാമോഴിയായിട്ടായിരുന്നു പ്രചരണങ്ങള്‍ നടത്തിയിരുന്നത്. അതിനാല്‍ തന്നെ “ഗ്രന്ഥങ്ങള്‍” പിന്നീട് എഴുതപ്പെടുമ്പോള്‍ എഴുതുന്ന ആളുടെ “സ്വാധീനം” ആ ഗ്രന്ഥത്തില്‍ ഉണ്ടാകുമെന്നത് ആര്‍ക്കും മനസ്സിലാകും. വ്യാസ-ഗണപതി കഥ - വ്യാസന്‍ പറഞ്ഞത് അത് പോലെയല്ല ഗണപതി എഴുതുന്നത്, തന്റെ വീക്ഷണം കൂടി പറഞ്ഞ് വ്യാസനെ പലയിടത്തും ഗണപതി “തിരുത്തുന്നുണ്ട്” - ഇതിന് ഒരു ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. എന്തിന് ഏറെ വിദേശ ഭാഷയില്‍ എഴുതിയിരിക്കുന്നവ മലയാളത്തിലേയ്ക്ക് “ബ്ലോഗ്വിശാസികള്‍‍” തന്നെ “വ്യാഖ്യാനിക്കുമ്പോള്‍” അത് ഇങ്ങനെയും “വ്യാഖ്യാനിക്കാമെന്ന്” പറഞ്ഞ് ബ്ലോഗില്‍ തന്നെ ഒരേ മതത്തിലുള്ളവര്‍ തന്നെ പരസ്പരം അടി കൂടുന്നു!

ഇന്ത്യയിലെ ഹിന്ദു മതം എടുത്താലും അതിലും പ്രാദേശിക മതത്തിന്മേല്‍ അന്നുണ്ടായിരുന്ന മറ്റ് “വിദേശീയ” മതങ്ങള്‍ക്കും സ്വാധീനമുണ്ടായിരുന്നു എന്ന് കാണാം. ചുരുക്കത്തില്‍ ഏത് മതത്തിലും അന്ന് നിലവില്‍ ഉണ്ടായിരുന്ന മറ്റ് മതങ്ങളുടെ സ്വാധീനമുണ്ടായിട്ടുണ്ട് എന്നതിന് തെളിവാണ് അമ്മ-കുഞ്ഞ് സങ്കല്‍പ്പം, കന്യക പ്രസവം തുടങ്ങിയവ.... 


ഇപ്പോള്‍ ബ്ലോഗിലെ മത “ചര്‍ച്ചകള്‍” വെറും 1000-4000 വര്‍ഷത്തെ പഴക്കമുള്ള മതങ്ങളെ പറ്റിയാണ് എന്നുള്ളത് നാണക്കേടാണ്. അതിന് മുന്‍പ് ദൈവം ഇല്ലായിരുന്നോ! അതോ അന്ന് പറ്റിയ “പ്രവാചകര്‍” ജനിച്ചിരുന്നില്ലേ? ക്രി.-മു. വിശ്വാസത്തില്‍ നിന്ന് വിട്ട് മാറി ചിന്തിക്കുവാന്‍ ഇവര്‍ തയ്യാറല്ല എന്ന് മാത്രമല്ല അങ്ങിനെ ചിന്തിക്കുന്നവരെ നിങ്ങള്‍ ഈ ഗ്രൂപ്പില്‍ പെടില്ല എന്ന് പറഞ്ഞ് ഒഴിവാക്കുവാനും ചിലര്‍ തയ്യാറാകുന്നു.

അബ്രഹാമിക്ക് മതങ്ങള്‍ പറയുന്നത് “ദൈവം” ഒറ്റയ്ക്ക് ഈ കണ്ട പ്രപഞ്ചങ്ങളെയും മനുഷ്യരെയും സൃഷ്ടിച്ചു എന്നാണ് ഇവരുടെ ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാകുക. അവര്‍ തന്നെ പറയുന്നു ആദ്യ മനുഷന്‍ ആദമാണെന്ന്. ഇനി അബ്രഹാമിക്ക് മതങ്ങള്‍ വെച്ച് ആദത്തിന്റെ വയസ്സ് നോക്കിയാലോ ഭൂമിയില്‍ ആദിമ മനുഷ്യന്‍ ഉണ്ടായിട്ട് വെറും 5000ക്കണക്കിന് കൊല്ലങ്ങളേ ആകുന്നുള്ളൂ! എന്നിട്ടും പല മത ഗ്രന്ഥങ്ങളിലും ഇന്നത്തെ ശാസ്ത്ര കണ്ട് പിടുത്തങ്ങള്‍ ശരിവെയ്ക്കുന്ന “വരികള്‍” ഉണ്ടെന്ന് ബ്ലോഗില്‍ വീമ്പിളക്കുന്നത് കാണേണ്ടി വരുന്നു!

തങ്ങളുടെ നിലനില്‍പ്പിനായി മതങ്ങളെ ഉപയോഗിക്കുന്ന “പുരോഹിതരുടെ” കള്ളത്തരം പൊളിയുന്നത് പുറത്ത് കാട്ടാതെ ഇന്നത്തെ ശാസ്ത്രം പറയുന്നതെല്ലാം തന്നെ പണ്ട് തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നു. ഇവര്‍ മനപൂര്‍വ്വം മറക്കുന്നത് ഇന്ന് നാം പറയുന്ന ശാസ്ത്രത്തിനും മുന്‍പ് ഇതിലും കേമമായ “ശാസ്ത്രം” ലോകത്ത് ഉണ്ടായിരുന്നു എന്നും അതിജീവനത്തിന്റെ “ഇടപെടലുകള്‍” കൊണ്ട് അവ ഇന്ന് നമുക്ക് അന്ന്യമായെന്നുമുള്ളതാണ്.

ആദ്യ മതം എന്നായിരിക്കാം ഉണ്ടായത്? ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോമിനിഡ്സ് ആയിരിക്കുമോ അത് തുടങ്ങി വെച്ചത്?

ഉമേഷും, സൂരജും കൂടി ഗോപാലകൃഷ്ണന്റെ “ശാസ്ത്ര” ബ്ലണ്ടറുകള്‍ വായനക്കാര്‍ക്കായി നിരത്തിയിടുവാന്‍ ധൈര്യം കാട്ടി. എന്നാല്‍ ഗോപാലകൃഷ്ണനെയും കവച്ച് വെച്ച് ബ്ലോഗില്‍ തന്നെ ശാസ്ത്രവും മതവും കൂട്ടികലര്‍ത്തി നടക്കുന്ന നിലവാരം കുറഞ്ഞ മത “ചര്‍ച്ചകള്‍ക്കെതിരെ” ഒരു പരമ്പര ആരെങ്കിലും!!

Monday, April 12, 2010

ട്വിറ്റര്‍ ശശിക്ക് മോഡിയുടെ ട്വിസ്റ്റ്

ട്വിറ്ററിലൂടെ “പ്രശസ്തി” നേടി കൊണ്ടിരുന്ന നമ്മ ശശി അണ്ണന് ഐ.പി.എല്‍. “ഭീമന്‍” ലളിത് കുമാര്‍ മോഡിയുടെ വക ട്വിറ്ററിലൂടെ തന്നെ അടി.

കൊച്ചി ടീമിനെതിരെ പാര പണിത് കൊണ്ടിരിക്കുന്ന മോഡി ഐ.പി.എല്‍. നിയമാവലിക്കെതിരായി കൊച്ചി ടീമിന്റെ ഷെയര്‍ ഹോള്‍ഡേഴ്സിന്റെ ലിസ്റ്റ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നു. അതോടൊപ്പം ശശിയണ്ണന് ഷെയര്‍ വല്ലതുമുണ്ടോ എന്ന ഒരു ട്വീറ്റന്റെ ചോദ്യത്തിന് “എ ബിഗ്?” തുടര്‍ന്ന് തന്നോട് അണ്ണന്‍ 25% ഫ്രീ ഷെയറുള്ള "rendezvous"ന്റെ ആളുകളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കരുതെന്നും പ്രത്യേകിച്ച് അതിലെ അംഗമായ സുനന്ത പുഷ്കറിനെ കുറിച്ച് എന്ന് പറഞ്ഞുവത്രേ. എന്തിനിതെന്ന് മോഡി മുതലാളി ചോദിക്കുന്നു. (കൂടുതലറീയാന്‍ പടത്തില്‍ ക്ലിക്കുക).

സുനന്ത ആര്? ശശിയണ്ണന് അവരുമായുള്ള കണക്ഷന്‍ എന്ത്? അത് മുതലാളി പറയുന്നില്ല. അറിയണമെങ്കില്‍ കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിക്കേണ്ടി വരും (ഇവിടെ ക്ലിക്കിയാല്‍ കൂടുതല്‍ അറീയാം). എന്തായാലും ട്വിറ്റര്‍ ശശിക്ക് ട്വിറ്ററില്‍ നിന്ന് തന്നെ ടമാര്‍ പടാര്‍...

ഗുണപാഠം: ഫ്യൂസായി ട്വീറ്റിയാല്‍ ഏത് ട്വീറ്റനും സത്യം ട്വീറ്റും.

Friday, April 9, 2010

പുരോഹിതരുടെ ഒരു പുദ്ധിയേയ്

റവ. ഡോ. മാണി പുതിയയിടം ഡയറക്ടര്‍ ആയുള്ള  കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സി.എഫ്.ഐ.) വിദ്യാഭ്യാസ നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നു. നിയമത്തിലെ 13, 21, 38 വകുപ്പുകള്‍ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും അതിനാല്‍ ഈ “ന്യൂനപക്ഷവിരുദ്ധ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നും” അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്ന് ദീപിക.

“ന്യൂനപക്ഷ വിരുദ്ധമായ” ഈ വകുപ്പുകള്‍ എന്താണെന്ന് നോക്കുക.
  • 13ആം വകുപ്പ്; ക്യാപ്പിറ്റേഷന്‍ ഫീസ് മേടിക്കുന്നതിനെതിരെയും, കൊച്ച് കുട്ടികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും ഇന്റെര്‍വ്യൂ ചെയ്യുന്നതിനും എതിരെയുള്ളതാണ്.
  •  21ആം വകുപ്പ് ആകട്ടെ സ്കൂള്‍ മാനേജ്മെന്റ് കമറ്റിയെ നിയമിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമാണ്.
  • 38ആം വകുപ്പോ? ഗവണ്മെന്റുകള്‍ക്ക് വിദ്യാഭ്യാസ നിയമത്തെ പരിരക്ഷിക്കുവാന്‍ വേണ്ട നിയമങ്ങള്‍ ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമാണ്.

കാത്തലിക്ക് ബിഷപ്പ് കോണ്‍ഗ്രസ്സ് “നേതാക്കള്‍ക്ക്” പുറകേ എതിര്‍പ്പുമായി സി.എഫ്.ഐ. ഒരു പടി കൂടി മുന്നില്‍ ഇറങ്ങിയിരിക്കുന്നു. അവര്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ നോക്കിയാല്‍ തന്നെ മനസ്സിലാകും എന്തിനീ ബഹളങ്ങളൊക്കെ എന്ന്.

സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തലുകള്‍ ശരിയെന്ന് അടിവരയിടുന്ന ഈ പ്രസ്താവനകള്‍ ആരെയാണ് കൊഞ്ഞനം കുത്തുന്നത്?

Sunday, April 4, 2010

പിണറായിയുടെ അരുന്ധതി യുഎസ്സില്‍

പിണറായിയുടെ “മള്‍ട്ടിനാഷണല്‍ പ്രതിനിധി” ഏപ്രില്‍ 2ന് അമേരിക്കയിലെ എം.ഐ.ടി.യില്‍ നടത്തിയ സംവാദം ഒന്ന് കാണുക. പ്രത്യേകിച്ച് 20 മിനിറ്റ് മുതല്‍.


അരുന്ധതിക്ക് പുറകേ നോ ചോംസ്കിയുടെ പ്രസംഗവും ഈ വീഡിയോയില്‍ കാണാം.
കാണുവാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി, എം.ഐ.ടീ.യുടെ സൈറ്റില്‍.

ഇന്ത്യയിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം സ്വതന്ത്ര വ്യാപാരത്തിനായി തുറന്ന് കൊടുത്തതും ബാബറി മസ്ജിത്ത് തകര്‍ത്തും ആണത്രേ. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ എന്നിവടങ്ങളില്‍ ട്രൈബല്‍ ഏരിയയിലാണ് പ്രശ്നങ്ങള്‍ എന്നതും അതിന് ഒരൊറ്റ കാരണം അമേരിക്കയും ആണത്രേ!

ഇന്ത്യയെ മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇങ്ങനെ തുറന്ന് കാട്ടി നാണിപ്പിക്കുന്ന ഈ “മള്‍ട്ടിനാഷണല്‍ പ്രതിനിധി”യെ എന്താണ് ചെയ്യേണ്ടത്? അമേരിക്കയിലെ പ്രസിദ്ധമായ സ്ഥലത്ത് ചെന്ന് അമേരിക്കന്‍ നടപടികളെ വിമര്‍ശിക്കുന്ന ഇവരെ എങ്ങിനെ വിശ്വസിക്കുവാനാണ്? പാക്കിസ്ഥാനെയും ഇന്ത്യയെയും “ഷേയ്ക്ക്” ഒബാമയുടെ “ബീഗങ്ങള്‍” ആക്കി ചിത്രീകരിച്ച ഇവരെ എന്ത് ചെയ്യണം?  അല്ല നിങ്ങള്‍ തന്നെ ഒന്ന് പറഞ്ഞ് തരൂ!!!!

Friday, April 2, 2010

വിദ്യാഭ്യാസ ബില്ലില്‍ അപകടം?

ആഗസ്റ്റ് 27, 2009 ലാണ് “THE RIGHT OF CHILDREN TO FREE AND COMPULSORY EDUCATION ACT, 2009” എന്ന പേരില്‍ ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വിദ്യാഭ്യാസ ബില്ല് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ഈ കഴിഞ്ഞ ദിവസം മന്മോഹന്റെയും ബേബിയുടെയും പ്രസംഗങ്ങള്‍ വരുന്നത് വരെ ആരും ഇതെന്തെന്ന് നോക്കുവാന്‍ മെനക്കെട്ടില്ല.

ഈ നിയമത്തില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ബേബി പറയുന്നത്. ഇത് കൂടുതല്‍ പ്രൊട്ടകറ്റട് അദ്ധ്യാപകരെ ഉണ്ടാക്കുമെന്നും സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാക്കുമെന്നുമാണ് വാദം. കേട്ടപാതി ബേബിക്കെതിരെ കെ.എസ്സ്.യു. പിള്ളേര്‍ രംഗത്ത് എത്തി കഴിഞ്ഞു, രാഹുലിനെ പ്രീതിപ്പെടുത്തുന്നതിനുള്ള ഒരു ഫോട്ടോ ഒപ്പിക്കുവാന്‍ അവസരം നോക്കി നടക്കുകയാണല്ലോ അവര്‍. ചെന്നിതല പതിവ് പോലെ മന്മോഹന്‍-സോണിയാജി വിധേയത്വ പത്ര സമ്മേളനവും നടത്തി. ഈ നിയമം നടപ്പിലാക്കിയ കേന്ദ്ര ഭരണത്തിലെ അംഗമായ മുസ്ലീം ലീഗ് പറയുന്നത് ഇനി വേണം “വിശദമായി” പഠിക്കുവാനെന്ന്, അങ്ങേരില്‍ നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കുവാന്‍. ന്യൂനപക്ഷത്തെ ഹനിക്കുന്നതാണെന്ന് കാത്തലിക്ക് ബിഷപ്പ് കോണ്‍ഗ്രസ്സ് പറഞ്ഞ് കഴിഞ്ഞു. ചിലപ്പോള്‍ ഹനിക്കുന്നത് ആയിരിക്കാം എന്ന് എം.ഇ.എസ്സ്. ചുരുക്കത്തില്‍ ഇതെല്ലാം കാണുന്ന ജനങ്ങള്‍ക്ക് ഈ നിയമം എന്താണ് എന്ന് സംശയവും.

13 പേയ്ജുകളിലായി പരന്ന് കിടക്കുന്ന ഈ നിയമം എന്തെന്ന് പറഞ്ഞ് കൊടുക്കുവാന്‍ രാഷ്ട്രീയക്കാര്‍ക്കോ മാദ്ധ്യമങ്ങള്‍ക്കോ സമയം കിട്ടിയിട്ടില്ല എന്നു തോന്നുന്നു!!

6 മുതല്‍ 14 വയസ്സ് വരെയുള്ളവര്‍ക്ക് സൌജന്യ-നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കുന്ന ഈ നിയമത്തിലേയ്ക്ക് ഒരു എത്തി നോട്ടം.

വിദ്യാഭ്യാസ ഘടന
  • പതിവ് പോലെ ജമ്മു കാശ്മീരിനെ ഒഴിവാക്കി ഇന്ത്യയിലെ മറ്റെല്ലാ ഭഗങ്ങള്‍ക്കും ബാധകമാകുന്ന ഈ നിയമം നമ്മുടെ പതിവ് വിദ്യാഭ്യാസ ഘടനയെ ഉടച്ച് വാര്‍ക്കുന്നു.
  • ഇനി മുതല്‍ ഒന്നാം ക്ലാസ്സില്‍ ചേരണമെങ്കില്‍ 6 വയസ്സ് തികയണം. 1 മുതല്‍ 4 ക്ലാസ്സ് വരെ 5 മുതല്‍ 7 ക്ലാസ്സ് വരെ എന്നത് മാറി 1 മുതല്‍ 5 വരെയും 6 മുതല്‍ 8 വരെയും ആകും. അതായത് പല ജൂണിയര്‍ അദ്ധ്യാപകരും തഴോട്ട് ഇറങ്ങണം. പാവം പിള്ളാര്‍ ഇനി ഒരു വര്‍ഷം കൂടുതല്‍ വിദ്യാലയത്തില്‍ കഴിയണം‍.
  • പ്രീ-സ്കൂള്‍ വിദ്യാഭ്യസം (3-5 വയസ്സ് വരെ) സൌജന്യമായി ലഭിക്കുവാന്‍ വേണമെങ്കില്‍ സ്റ്റേറ്റ് ഗവണ്മെന്റിന് സൌകര്യം ഒരുക്കാം. അല്ലെങ്കില്‍ അണ്‍-എയിഡറ്റ്കാര്‍ പതിവ് പോലെ കാശ് ഉണ്ടാക്കി കൊള്ളും. 
സ്ക്കൂളുകള്‍/അദ്ധ്യാപകര്‍
  • ഇത് ബാധകമാകുന്നത് ഗവണ്മെന്റ് സ്കൂളുകളെ മാത്രമല്ല കേന്ദ്രീയ സ്കൂളുകളെയും, എയിഡറ്റ്, അണ്‍-എയിഡറ്റ് സ്കൂളുകളെയും കൂടെയാണ്. 
  • കേന്ദ്രീയ, അണ്‍-എയിഡറ്റ് സ്കൂളില്‍ 25% സീറ്റുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും “ഡിസ് അഡ്വാന്റേജ്” ഗ്രൂപ്പ്കാര്‍ക്കും നീക്കി വെയ്ക്കണം. ഇവരുടെ ഫീസ് സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. അത് സര്‍ക്കാര്‍ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് ചെലവാകുന്നതിലും കൂടുതല്‍ ആകരുത്. പാവം 75% അണ്‍-എയിഡറ്റ് പിള്ളേരുടെ രക്ഷിതാക്കള്‍ അവര്‍ 25%ത്തിന്റെ ബാക്കി ചെലവ് കൂടി താങ്ങണം, അല്ല അവര്‍ക്ക് അങ്ങിനെ തന്നെ വേണം എന്തിനാണ് സൌജന്യമായി കിട്ടുമ്പോള്‍ അവിടെ പോകുന്നത്.
  • എയിഡറ്റ് സ്കൂളിലാകട്ടെ സര്‍ക്കാര്‍ ഗ്രാന്റ് കിട്ടുന്നതിനനുസരിച്ചുള്ള %ആണ് ചേര്‍ക്കേണ്ടത്. ഇത് കുറഞ്ഞത് 25% ആയിരിക്കണം. ഇവിടെ അണ്‍-എയിഡറ്റിലെ പോലെയല്ല എല്ലാവര്‍ക്കും അഡ്മിഷന്‍ കൊടുക്കണം. ഇവിടെയും 75%ഓളം കുട്ടികളില്‍ നിന്നും കൂടുതല്‍ ഫീസ് മേടിക്കാമെന്ന് ആണോ?
  • ഒരു സ്കൂളും തലവരി പണം വാങ്ങുവാനോ, ഇന്റര്‍വ്യൂവോ നടത്തുവാനോ പാടില്ല. വാങ്ങിയാല്‍ 10 മടങ്ങായി സര്‍ക്കരിലേയ്ക്ക് ഫൈന്‍ അടക്കണം. ഇന്റര്‍വ്യൂ നടത്തിയാല്‍ ആദ്യം 25000, പിന്നെ 50000 ഫൈന്‍ അടയ്ക്കണം.
  • വയസ്സ് തെളിയിക്കുവാന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കിലും പ്രവേശനം കൊടുക്കണം. ഏത് സമയത്തും അഡ്മിഷനാകാം. ഇടയ്ക്ക് വന്ന് കയറുന്നവരുടെ പഠന നിലവാരം മറ്റുള്ളവരുടെ ഒപ്പമെത്തിക്കുവാന്‍ പ്രത്യേക പരിശീലനം കൊടുക്കുകയും വേണം. 
  • ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കിലും പ്രവേശനം കൊടുക്കണം.
  • ഒരാളും തോല്‍ക്കരുത്, പുറത്താക്കരുത്. കുട്ടികള്‍ക്ക് എന്ത് തോന്ന്യാസവും ചെയ്യാമോ?
  • കുട്ടികളെ ശാരീരികവും മാനസികവും ആയി പീഡിപ്പിക്കരുത്. പാവം അദ്ധ്യാപകര്‍.
  • ഇനി മുതല്‍ സ്കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ അനുവാദം വേണം.
  • സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി വേണം. അണ്‍-എയ്ഡറ്റ് ഒഴികെ എല്ലാ “സ്കൂളിനും” ഇത് ബാധകമാണ്. ഇതില്‍ അംഗങ്ങളാകേണ്ടത് ജനപ്രതിനിധികള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍. അതില്‍ 50% പേര്‍ സ്ത്രീകളായിരിക്കണം. പിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ രക്ഷിതാക്കളെ ഒഴിവാക്കരുത്. പഞ്ചായത്തുകാരെ കേരള സര്‍ക്കാര്‍ സ്കൂളില്‍ കയറ്റുവാന്‍ പോകുന്നു എന്ന് നിലവിളിച്ചവര്‍ ഇനി എന്ത് ചെയ്യുമോ ആവോ?
  • ഇവരാണ് സ്കൂളുകളുടെ അഭിവൃദ്ധിക്കും, സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകളെ സംബന്ധിച്ചും നോക്കേണ്ടത്. വെറുതെയാണോ ന്യൂനപക്ഷ “അവകാശ” ലംഘനമെന്ന കരച്ചില്‍ ഉയരുന്നത്. 
  • അദ്ധ്യാപകര്‍ പരിശീലനം ഉള്ളവരായിരിക്കണം. മുന്‍പ് പറഞ്ഞവയിലെല്ലാം അണ്‍-എയിഡറ്റിനെ ഒഴിവാക്കുന്നു എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇവിടെ സ്കൂളുകള്‍ എന്നാണ് പ്രയോഗം. വേണമെങ്കില്‍ അണ്‍-എയിഡറ്റിനെ ഇതിന്റെ പേരില്‍ സര്‍ക്കാരുകള്‍ക്ക് മൂക്ക് കയറിടാം.
  • അദ്ധ്യാപകര്‍ ട്യൂഷന്‍ എടുക്കരുത്. നാട്ടില്‍ കൂടുതല്‍ തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് സുവര്‍ണ്ണ അവസരം.
  • അദ്ധ്യാപകരെ കൊണ്ട് അദ്ധ്യാപകേതര പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കരുത്. പക്ഷേ അവര്‍ തെരഞ്ഞെടുപ്പ്, സെന്‍സസ്, ഡിസാസ്റ്റര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. ഇനി പഞ്ചായത്തില്‍ മിനിറ്റ്സ് എഴുതാന്‍ ആരെ വിളിക്കും?
  • 1 മുതല്‍ 5 ക്ലാസ്സ് വരെ 200 കുട്ടികളില്‍ കൂടുതല്‍ എങ്കില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:40ഉം ഒരു ഹെഡ് ടീച്ചറും
  • 6 മുതല്‍ 8 വരെ ക്ലാസ്സില്‍ 1:35
  • 1-5 ക്ലാസ്സില്‍ ഒരു വര്‍ഷം കുറഞ്ഞത് 200 പ്രവര്‍ത്തി ദിനങ്ങളും 800 മണിക്കൂറും, 6-8 ക്ലാസ്സിന് 220ഉം 1000 മണിക്കൂറും. കേരളത്തില്‍ കഴിഞ്ഞ കുറേ കാലമായിട്ട് 180നടുത്തേ പ്രവര്‍ത്തി ദിവസം ഉണ്ടായിട്ടുള്ളൂ എന്ന് കേന്ദ്ര ഗവണ്മെന്റ് കണ്ട് പിടിച്ചിട്ടുണ്ട്.
  • ആഴ്ചയില്‍ 45 മണിക്കൂര്‍ ഒരു അദ്ധ്യാപകന്‍ പ്രവര്‍ത്തിക്കണം. ഇത് പ്രിപ്പറേഷന്‍ ഉള്‍പ്പെടെയാണ്.
  • ഓരോ കുട്ടികളുടെയും കഴിവ് വിലയിരുത്തി അവരെ മറ്റുള്ളവരുടെ ഒപ്പം എത്തിക്കേണ്ടത് അദ്ധ്യാപകന്റെ കടമയാണ്. കൂടാതെ പതിവായി രക്ഷിതാക്കളുമായി കൂടികാഴ്ച നടത്തി കുട്ടിയുടെ പുരോഗതി ചര്‍ച്ച ചെയ്യണം.
ഗവണ്മെന്റുകള്‍
  • ഈ പദ്ധതി നടപ്പാക്കുവാന്‍ കേന്ദ്രവും സംസ്ഥാനവും ഒരു പോലെ ബാധ്യസ്തരാണ്.
  • കാലാകാലങ്ങളില്‍ കേന്ദ്രം  തുക എത്രയെന്ന് നിശ്ചയിക്കും. ഇവിടെയാണ് ബേബിയുടെ പ്രസ്താവനയ്ക്ക് പ്രാധാന്യം.
  • ഏതെങ്കിലും സംസ്ഥാനത്തിന് കൂടുതല്‍ വേണ്ടി വന്നാല്‍ കേന്ദ്രം പ്രസിഡന്റിനോട് ചോദിച്ച് കിട്ടുമെങ്കില്‍ കൊടുക്കണം
  • കേന്ദ്രം കരിക്കുലം നിശ്ചയിക്കും, അദ്ധ്യാപകരുടെ നിലവാരം നിശ്ചയിക്കും, വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്റ്റേറ്റിനും നല്‍കും
  • സ്റ്റേറ്റ് ഗവണ്മെന്റ് വേണ്ട സ്കൂളുകള്‍ ഉണ്ടോ, എല്ലാം ശരിക്കും നടക്കുന്നുണ്ടോ, 6ആം വയസ്സില്‍ ചേരുന്നവര്‍ 14 വയസ്സ് വരെ തുടര്‍ച്ചയായി പഠിക്കുന്നുണ്ടോ എന്നും, ചെലവുകളുടെ കണക്കുകള്‍ ശേഖരിക്കലും, റീ-ഇമ്പേഴ്സ്മെന്റ് ചെയ്യലും
  • ഏതെങ്കിലും കുട്ടികള്‍ മുന്‍പ് പറഞ്ഞ സ്കൂളുകളില്ലാതെ ചേര്‍ന്നതിന് ശേഷം റി-ഇമ്പേഴ്സിന് ശ്രമിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. എയിഡറ്റ്, അണ്‍-എയിഡറ്റ് സ്കൂളുകളെ വിശ്വസിക്കുവാന്‍ പറ്റില്ല എന്ന ധ്വനിയാണോ?
  •  പഞ്ചായത്തുകള്‍ തങ്ങളുടെ പരിധിക്ക് കീഴിലുള്ള സ്കൂളുകളുടെ നടത്തിപ്പ് നോക്കുകയും, അക്കാഡമിക്ക് കലണ്ടര്‍ നിര്‍മ്മികുകയും വേണം. ദേ പിന്നെയും ലോക്കല്‍ ഗവണ്മെന്റിന്റെ കൈ കടത്തല്‍. പഴയ അവകാശ സമരക്കാര്‍ ഇപ്പോള്‍ ആര്‍ക്കെതിരെ സമരം ചെയ്യുമോ ആവോ? 
  • രക്ഷിതാക്കള്‍ തൊട്ടടുത്തുള്ള സ്കൂളുകളില്‍ നിര്‍ബന്ധമായും കുട്ടികളെ പഠിക്കുവാന്‍ പറഞ്ഞ് വിടണം. കുറച്ച് അധികം വരുമാനം കുടുംബത്തിന് കിട്ടുമെന്നതിനാലാണ് കുട്ടികളെ ജോലിക്ക് അയക്കുന്നതിന് രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നത്. കുട്ടി സ്കൂളില്‍ പോയാല്‍ കുടുംബത്തിലെ വരുമാനം നഷ്ടപ്പെടാതിരിക്കുവാന്‍ കേന്ദ്രം എന്ത് വഴിയാണ് നിര്‍ദ്ദേശിക്കുവാനുള്ളത്. തൊഴിലുറപ്പ് പദ്ധതിയാണോ ചൂണ്ടി കാട്ടുവാനുള്ളത്?
കരിക്കുലം
  • കുട്ടിയുടെ പൂര്‍ണ്ണ വികസനത്തിനുള്ളതായിരിക്കണം
  • പഠനം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായിരിക്കണം. കുട്ടി പഠിക്കേണ്ടത് അനുഭവത്തിലൂടെയായിരിക്കണം (ആക്റ്റിവിറ്റീസ്, ഗവേഷണം, എക്സ്പ്ലൊറേഷന്‍)
  • പഠന മാധ്യമം കഴിവതും മാതൃഭാഷ തന്നെയായിരിക്കണം
  • കണ്ടിന്യുസ് വാല്യുവേഷന്‍. പഠിച്ചത് എങ്ങിനെ പ്രയോഗത്തില്‍ വരുത്താം എന്നത്.
  • 8ആം ക്ലാസ്സ് കഴിയുമ്പോള്‍ സര്‍ട്ടിഫിക്കറ്റ്. ഇക്കാലത്ത് 8 കഴിഞ്ഞവന് ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ട് എന്ത് കാര്യം?
കുട്ടികളുടെ അവകാശം സംരക്ഷിക്കുവാന്‍ കേന്ദ്ര-സംസ്ഥാന കമ്മറ്റികള്‍ രൂപീകരിക്കണം.


ചുരുക്കത്തില്‍ ഒറ്റ നോട്ടത്തില്‍ നല്ലതെന്ന് തോന്നുമെങ്കിലും പോരായ്മകള്‍ കൂടപ്പിറപ്പായ ഒരു നിയമം. ഇത് ഒരു തുറന്ന ചര്‍ച്ചയ്ക്ക് വിട്ടതിന് ശേഷം ആയിരുന്നുവെങ്കില്‍ ഇതിലും നന്നാക്കാമായിരുന്നു. പക്ഷേ മന്മോഹന്‍ ഗവണ്മെന്റ് എല്ലാം ഗോപ്യമായല്ലേ ചെയ്യൂ. അത് മന്മോഹന്റെ അമേരിക്കക്കാരെ കണ്ട് പഠിക്കുക. ഒബാമ ഒടുവില്‍ ഒപ്പിട്ട ആരോഗ്യ ബില്ലിനെ കുറിച്ച് മാദ്ധ്യമങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് അദ്ദേഹം തയ്യാറായി. അത് കൊണ്ട് തന്നെ ഈ ബില്ല് എന്തെന്ന് സാധാരണക്കാരോട് ചോദിച്ചാല്‍ ഇന്ത്യക്കാരെപ്പോലെ വായ് തുറന്നിരിക്കില്ല. അനുകൂലിച്ചോ എതിര്‍ത്തോ അവര്‍ക്ക് എന്തെങ്കിലും പറയുവാനുണ്ടാകും. അതിനാല്‍ തന്നെ തുടങ്ങിയപ്പോള്‍ ഉണ്ടായ ബില്‍ അല്ല ഒബാമ ഒപ്പിട്ടപ്പോള്‍. മാറ്റങ്ങള്‍ പലതും അതില്‍ വന്നു. ജനങ്ങളുടെ വികാരം മാനിച്ച് തന്നെയാണ് അമേരിക്കയില്‍ ബില്ലുകള്‍ പാസ്സാകുന്നത്. എന്നാല്‍ ഇന്ത്യയിലോ? ജനാധിപത്യമെന്ന പേരുണ്ടെങ്കിലും കേന്ദ്രം ഭരിക്കുന്ന ഏതെങ്കിലും തലയില്‍ ഉദിക്കുന്ന പമ്പര വിഢിത്തമാണെങ്കില്‍ പോലും അത് ഏകാധിപത്യത്തോടെ നടപ്പിലാക്കുന്ന പ്രവണതയാണ് ഈ അടുത്ത കാലത്തായി കണ്ട് വരുന്നത്.


2000ത്തിലെ ബി.ജെ.പി.യുടെ അപകടം നിറഞ്ഞ നയങ്ങള്‍ കോണ്‍ഗ്രസ്സ് മറ്റൊരു രൂപത്തില്‍ അവതരിപ്പിച്ച് കൊണ്ടേയിരിക്കുന്നു. അതിന്റെ ഒടുവിലെ ഉദാഹരണമാണ് സര്‍ക്കാരിന്റെ പ്രൈമറി തലത്തില്‍ സൌജന്യ-നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണം എന്നത്. അത് കൊണ്ട് തന്നെയല്ലേ 9, 10 ക്ലാസ്സുകള്‍ ഒഴിവായത്. അതോ ഇറ്റാലിയന്‍ മാതൃകയിലേയ്ക്ക് നമ്മളെ സോണിയാജി മാറ്റിയെടുത്തതോ? ഇറ്റലിയില്‍ 1-5, 6-8 എന്ന രീതിയാണ്. ഇനി വരാനിരിക്കുന്നത് വിദേശ സര്‍വ്വകലാശാലകളുടെ വരവാണ്. അതിന് പുറകേ ഐ.ഐ.ടി. ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യ മേഖലയ്ക്ക് വിട്ട് കൊടുത്തു കൊണ്ട് 2000ത്തിലെ ബി.ജെ.പി.യുടെ അംബാനി-ബിര്‍ള റിപ്പോര്‍ട്ട് പൂര്‍ണ്ണമായി നടപ്പിലാക്കും.


വിദ്യാഭ്യാസ ബില്ലിന്റെ ഗസറ്റ് വിജ്ഞാപനം ഇവിടെ ക്ലിക്കിയാല്‍ കിട്ടും.