എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Monday, June 28, 2010

ബെല്‍ജിയം പോപ്പിന് പാരയാകുമോ?

കാത്തലിക്ക് സഭയില്‍ കൊച്ച് കുട്ടികള്‍ക്ക് നേരെ നടന്ന ലൈംഗിക പീഡനത്തിന്റെ വിവരങ്ങള്‍ ഓരോ ദിവസവും ഏറിയും കുറഞ്ഞും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്നതിനിടയില്‍ അവരില്‍ ചിലരെ സംരക്ഷിച്ചു എന്നതിന് പോപ്പിന് നേരെ വരെ വിരല്‍ ചൂണ്ടപ്പെട്ട അവസ്ഥയും ഉണ്ടായതിന് ശേഷം വെറൂം രണ്ടാഴ്ച മുന്‍പാണ് ബെനഡിക്ട് 14ആമന്‍ പീഡിപ്പിച്ചവര്‍ക്ക് വേണ്ടി “ദൈവത്തിന്റെ മാപ്പ്” ചോദിച്ച് ചരിത്രം സൃഷ്ടിച്ചത്!!

തൊട്ട് പുറകേ ബെല്‍ജിയം പോലീസ് പീഡന കേസുകള്‍ കൈകാര്യം ചെയ്യുന്ന ബിഷപ്പുമാരുടെ കേന്ദ്രം റെയ്ഡ് നടത്തി അവിടെയുണ്ടായിരുന്ന അഞ്ഞൂറോളം രേഖകളും, കമ്പ്യൂട്ടറുകളും കസ്റ്റഡിയിലിടുത്തു. ഇത് മാത്രമല്ല 1926 മുതല്‍ 1979 വരെ ബെല്‍ജിയം പള്ളികളുടെ തലവന്മാരായി ഇരുന്ന രണ്ട് പ്രമുഖരുടെ കുഴിമാടത്തില്‍ തുളകളിട്ട് ക്യാമറ ഇറക്കി വല്ല രേഖകളും കല്ലറയില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നും നോക്കിയിരിക്കുന്നു! ജനുവരിയില്‍ രാജിവെച്ച ആര്‍ച്ച് ബിഷപ്പിന്റെ വസതിയിലും റെയ്ഡ് നടത്തി.

അതാത് രാജ്യങ്ങളിലെ നിയമ വ്യവസ്ഥയോട് സഹകരിക്കുമെന്ന് പറഞ്ഞിരുന്ന പോപ്പ് തന്റെ നിലപാടില്‍ നിന്ന് വ്യതി ചലിക്കുന്നതാണ് ഇന്നലെ കണ്ടത്. ബെല്‍ജിയം സംഭവം ഞെട്ടിക്കുന്നതും, തെറ്റായതുമായ സംഭവമായാണ് ബെല്‍ജിയം ബിഷപ്പ് ലിയനാര്‍ഡോവിന് പോപ്പ് എഴുതിയ കത്തില്‍ പറയുന്നത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഒരു പടി മുന്നില്‍ കടന്ന് ഇത് കമ്മ്യൂണിസ്റ്റ് കാലഘട്ടത്തേതിലും ഭീകരമാണെന്നാണ് പറഞ്ഞത്! 9 മണീക്കൂറോളമാണ് ബിഷപ്പുമാരെ ബെല്‍ജിയം പോലീസ് തടവില്‍ വെച്ചത് പോലും! റെയ്ഡില്‍ പ്രതിഷേധിച്ച് പീഡനം അന്വേഷിക്കുന്ന കാത്തലിക്ക് കമ്മറ്റി രാജി വെച്ചു പോലും!!! ഇപ്പോഴും കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് കമ്മറ്റിയിലെ കുട്ടികളുടെ സൌക്കാട്രിസ്റ്റിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാകുക! എന്നാല്‍ പള്ളി നിയമിച്ച കമ്മറ്റിക്ക് ശിക്ഷകള്‍ നല്‍കുവാനുള്ള അധികാരമില്ലെന്നും അതിനുള്ള അധികാരം ബെല്‍ജിയം പോലീസിനുമാണെന്ന് അതിന്റെ തലവന്‍ പറയുന്നു.

ഏപ്രിലിലാണ് ബെല്‍ജിയം ബിഷപ്പുമാരില്‍ സീനിയറായ റോഗര്‍, താന്‍ ബിഷപ്പ് ആകുന്നതിന് മുന്‍പും ആയ ശേഷവും പീഡിപ്പിച്ചു എന്ന് ഏറ്റ് പറഞ്ഞ് രാജി വെച്ചത്! കഴിഞ്ഞ മാസമാണ് ബെല്‍ജിയം ബിഷപ്പുമാര്‍ ചേര്‍ന്ന് പീഡനത്തിനരായവരോട് പീഡിപ്പിച്ചവര്‍ക്ക് ക്ഷമ കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. 

ബെല്‍ജിയം നിയമ മന്ത്രി പറയുന്നത് എല്ലാം നിയമം അനുസരിച്ച് വളരെ സമാധാനത്തോടെയായിരുന്നു എന്നാണ്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കാരനാണ് ബെല്‍ജിയം പ്രധാനമന്ത്രി (നിയമ മന്ത്രി പഴയ ക്രി.ഡെ. പാര്‍ട്ടിക്കാരനായിരുന്നു) എന്നതിനാല്‍ എന്തായിരിക്കാം ഈ റെയ്ഡിന്റെ പിന്നിലുള്ള ലക്ഷ്യം എന്ന് വരാനിരിക്കുന്ന ദിവസങ്ങളില്‍ വെളിവാകും. ബെല്‍ജിയം പോലീസിന് ലഭിച്ചിരിക്കുന്നത് പുറത്ത് വന്നാല്‍ ഒരു പക്ഷേ .......

Saturday, June 19, 2010

അമേരിക്കന്‍ ഇന്ത്യക്കാര്‍ രാഷ്ട്രീയത്തില്‍

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് അടുത്തു. കെനിയന്‍-അമേരിക്കക്കാരനായ ബറാക്ക് ഹുസൈന്‍ ഒബാമ പ്രസിഡന്റ് ആയതിന് ശേഷമാണെന്ന് തോന്നുന്നു ഈ പ്രാവശ്യം ഇന്ത്യന്‍-അമേരിക്കക്കാരുടെ എണ്ണം മുന്‍പത്തേതിലും കൂടിയിരിക്കുന്നു.

രാഷ്ട്രീയത്തില്‍ പിടിച്ച് നില്‍ക്കുവാന്‍ ഈയടുത്ത് വരെ പേര് മാറ്റി (ബോബി ജിണ്ടാല്‍, നിക്കി....) ക്രിസ്ത്യന്‍ മതത്തിലേയ്ക്ക് ചേരുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. റിപ്പബ്ലിക്കന്മാര്‍ക്ക് ക്രിസ്ത്യാനികളെയല്ലാതെ ദഹിക്കില്ല എന്നത് പരസ്യമായ രഹസ്യമാണ്.  എന്നാല്‍ ഇന്ന് പേര് മാറ്റാതെ മതം മാറാതെ രാഷ്ട്രീയത്തില്‍ പിടിച്ച് നില്‍ക്കുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ബോബി ജിണ്ടാലിനെ 2007ല്‍ ലൂസിയാന ഗവര്‍ണ്ണറായി തെരഞ്ഞെടുത്തു. അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഒരാളായാണ് പുള്ളിയെ കണക്ക് കൂട്ടുന്നത്.

ഈ വരുന്ന തെരഞ്ഞെടുപ്പില്‍ സൌത്ത് കാര്‍ലിനയില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കാണ് നിക്കി മത്സരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്റര്‍നെറ്റിലെ ഒരു ചര്‍ച്ചയില്‍ നിക്കിയുടെ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ എതിര്‍ പാളയത്തിലുള്ള  സെനറ്റര്‍ ജേക്ക് പുള്ളിക്കാരിയെ പറ്റി പറഞ്ഞത് “ഒരു തലേകെട്ട് വൈറ്റ് ഹൌസില്‍ ഇപ്പോഴേ ഉണ്ട് ഇനി മറ്റൊരു തലേകെട്ട് ഗവര്‍ണറുടെ വസിതിയില്‍ വേണമോ”എന്നാണ്. നിക്കി പണ്ട് സിക്ക് മത വിശ്വാസിയായിരുന്നു. ഇതില്‍ നിന്നും തന്നെ അമേരിക്കക്കാരില്‍ ചിലരുടെ മാനസിക അവസ്ഥ മനസ്സിലാക്കാം.

ഇത്തരക്കാര്‍ക്കിടയിലാണ് ഇന്ത്യന്‍-അമേരിക്കന്‍ പുതു തലമുറ പേരും മതവും മാറ്റാതെ രംഗത്തിറങ്ങിയിരിക്കുന്നത്. അവരില്‍ ചിലരാണ് കോണ്‍ഗ്രസ്സിലേയ്ക്ക് കാന്‍സാസില്‍ നിന്ന് ഡെമോക്രാറ്റ് ടിക്കറ്റിന് വേണ്ടി മത്സരിക്കുന്ന രാജ്, പെന്‍സില്വാനിയയില്‍ ത്രിവേദി, കാലിഫോര്‍ണിയയില്‍ നിന്ന് അമി, ലൂസിയാനയില്‍ നിന്ന് രവി, ന്യൂയോര്‍ക്കില്‍ നിന്ന് രേഷ്മ, ഒഹിയോയില്‍ സൂര്യ. ഒരു പകുതി ഇന്ത്യനായി  കാലിഫോര്‍ണിയയില്‍ കമലയും (അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ ആഫ്രിക്കക്കാരനും).

ഇവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറീയാന്‍ ഡിസമ്പര്‍ വരെ കാത്തിരിക്കാം.....

Monday, June 14, 2010

അല്‍ഗോറുകാര്‍ എവിടെ?

ആഗോള താപനത്തിന് കാരണമായ എണ്ണ ഉപയോഗത്തിനെതിരെ ഘോരം ഘോരം പ്രസംഗിച്ച അല്‍ഗോറിനെ സ്വന്തം നാട്ടില്‍ ദിവസം 40,000 ബാരല്‍ എണ്ണ ചോരുന്നതിനെതിരെയോ, ചോരുന്ന എണ്ണ കടലിനടിയില്‍ നിന്ന് കുഴല്‍ വഴി പുറത്തെടുത്ത് കത്തിക്കുന്നതിനെതിരെയോ രംഗത്ത് കാണുന്നില്ല. ഈ കത്തിക്കുന്നത് ശുദ്ധീകരിക്കാത്ത എണ്ണയാണെന്നുള്ളത് അപകടം പതിന്‍ മടങ്ങാക്കുന്നു. ഇത് എന്ന് നിര്‍ത്തുവാന്‍ കഴിയും? ആര്‍ക്കും അറീയില്ല..... കടലില്‍ മീന്‍ പിടിച്ച് ജീവിതം കഴിച്ചിരുന്നവരും ബീച്ചുകളോട് ചേര്‍ന്ന് ജീവിതം കരുപിടിപ്പിച്ചിരുന്നവരും ഗുരുതരമായ പ്രതിസന്ധിയില്‍.....

ഇതിനിടയില്‍ അങ്ങ് കനേഡിയന്‍ ആര്‍ട്ടിക്കില്‍ മഞ്ഞ് ഉരുകുന്നു... കാരണം ആഗോളതാപനം, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, 1000 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ഇത്രയും ചൂട്.... ബ്ലാ ബ്ലാ ബ്ലാ.....

കനേഡിയന്‍ ആര്‍ട്ടിക്കില്‍ ഈ ഉരുകിയ മഞ്ഞിനടിയില്‍ നിന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യര്‍ വേട്ടയ്ക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു എന്ന് വാര്‍ത്ത.

അല്‍ഗോര്‍മാരെ വിശ്വാസത്തിലെടുത്താല്‍ ഇപ്പോള്‍ കണ്ടെത്തിയവ പണ്ടത്തെ വേട്ടക്കാര്‍ മഞ്ഞ് തുരന്ന് കുഴിച്ചിട്ടതാകാനേ സാധ്യതയുള്ളൂ....

Tuesday, June 8, 2010

പന്നിപനിയിലെ അഴിമതി!

ഒരു കൊല്ലം മുന്‍പ് അവതരിച്ച എച്ച്1എന്‍1 പനി (പന്നി പനി) എന്ന “പകര്‍ച്ച വ്യാധി” വാക്സിന്‍ കമ്പനിക്കാരെ സഹായിക്കുവാനാണെന്ന് പണ്ടേ സംശയിച്ചിരുന്നു. ഇതാ പുതിയ വെളിപ്പെടുത്തല്‍. ഡബ്ലു.എച്ച്.ഓ.യിലുള്ളവര്‍ക്ക് മരുന്ന് കമ്പനികളുമായുള്ള “രഹസ്യ” ബന്ധമാണ് ഈ പനിയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത് അത്രേ. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ ആണ് ഇതിനെ സംബന്ധിച്ച അന്വേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയെ ഉപദേശിക്കുന്ന ശാസ്ത്രജ്ഞരില്‍ പലര്‍ക്കും മരുന്ന് കമ്പനിയില്‍ നിന്ന് ഫണ്ടും മറ്റും ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് പുറത്ത് വിടുവാന്‍ ലോകാരോഗ്യ സംഘടന ഇത് വരെ തയ്യാറാകുന്നില്ലത്രേ.

എന്നാല്‍ ഇത് ശരിയല്ല എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മറൂപടി കൊടുത്തിരിക്കുന്നു. താന്‍ കഴിഞ്ഞ കൊല്ലം പകര്‍ച്ച വ്യാധിയെന്ന് പ്രഖ്യാപിക്കുമ്പോള്‍ മരുന്ന് കമ്പനികളുടെ ഉപദേശം കേട്ടിരുന്നില്ല എന്ന് അവര്‍ പറയുന്നു. എന്നാല്‍ ലേഖനത്തില്‍ ചൂണ്ടികാട്ടിയ പ്രധാന വിഷയത്തിന് ഇപ്പോഴും വ്യക്തമായ ഒരു മറുപടി ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയം തന്നെ.


ഇതിനിടയില്‍ യൂറോപ്പില്‍ അവിടെ മരുന്ന് വാങ്ങി കൂട്ടിയതിനെ കുറിച്ച് അന്വേഷണം നടത്തിയ  Parliamentary Assembly of the Council of Europe (PACE) പറയുന്നതും വാക്സിന്‍ കമ്പനികള്‍ക്ക് വേണ്ടി ചിലര്‍ നടത്തിയ ചരട് വലികളാണ് ഡബ്ലു.എച്ച്.ഓ.യുടെ കഴിഞ്ഞ കൊല്ലത്തെ “പേടിപ്പിക്കല്‍”. പൊതുമുതല്‍ കൊണ്ട് പോയി കമ്പനികള്‍ക്ക് അടിയറ വെച്ചതിനെ റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

ലോകത്ത് പന്നി പനി പടരുന്നതിന് തൊട്ട് മുന്‍പ് കാലാവധി തീരാറായ വാക്സിനുകളെ കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. ഉടനെ തന്നെയാണ് മെക്സിക്കോയില്‍ പനി പടര്‍ന്ന് ആളുകള്‍ മരിക്കുന്നത്. പിന്നീട് അത്രയും മരണ സംഖ്യ എങ്ങും ഉണ്ടായതുമില്ല!! പുതിയ വൈറസ് രോഗത്തിന് നിലവിലുള്ള വാക്സിന്‍ മതിയെന്ന “കണ്ട് പിടുത്തവും” തുടര്‍ന്ന് നശീക്കാറായ വാക്സിന്‍ കൂമ്പാരം പോരാഞ്ഞിട്ട് വീണ്ടും പ്രൊഡക്ഷന്‍ വേണ്ടി വന്നിരുന്നു!!! 7 മുതല്‍ 10 ബില്ല്യണ്‍ ഡോളര്‍ വരെയാണ് ഈ വാക്സിന്‍ കമ്പനികള്‍ക്ക് നേട്ടമൂണ്ടായി എന്നാണ് ജെ.പി. മോര്‍ഗണ്‍ പറയുന്നതത്രേ.

ഇപ്പോള്‍ പന്നി പനിക്ക് ഉപകാരം എന്ന് പറഞ്ഞിറക്കിയിരിക്കുന്ന വാക്സിനുകള്‍ എടുത്തത് മൂലം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണണം. ഡബ്ലു.എച്ച്.ഓ.യുടെ “പേടിപ്പിക്കല്‍” ഉണ്ടായതിനാല്‍ സാധാരണ സ്ക്രീനിങ്ങുകളില്‍ ഇളവ് നല്‍കിയാണ് പുതിയ വാക്സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത് (“പേയ്സ്” റിപ്പ്പോര്‍ട്ടിലെ പേയ്ജ് 13 നോക്കുക). നിലവിലുണ്ടായിരുന്ന തമിഫ്ലൂ പോലും നേരാം വണ്ണം സ്ക്രീന്‍ ചെയാതെയാണ് മാര്‍ക്കറ്റില്‍ ഇറക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന എന്ന ഞെട്ടിക്കുന്ന വിവരമാണ് “പേസ്” നല്‍കുന്നത്!

ഇന്ത്യയില്‍ പന്നി പനി വാക്സിന്‍ കണ്ട് പിടിച്ചു എന്ന വാര്‍ത്ത വരുന്നതിന് തൊട്ട് മുന്‍പ് കേരളത്തില്‍ പന്നി പനി പടരുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കണ്ടിരുന്നു. ലോക രാജ്യങ്ങളില്‍ കെട്ടി കിടക്കുന്ന സ്റ്റോക്ക് ഇന്ത്യയില്‍ അല്ലാതെ എവിടെയാണ് ചെലവാകുക? ആരോഗ്യകാര്യത്തില്‍ നല്ല ശ്രദ്ധയുള്ള കേരളത്തില്‍ തന്നെ വേണമല്ലോ തുടങ്ങാന്‍!

25 മില്ല്യണ്‍ ഡോസാണ് 2010 അവസാനത്തോടെ കാലാവധി തീരുവാനായി ഫ്രാന്‍സിലെ ഷെല്‍ഫുകളില്‍ ഇരിക്കുന്നത്.... ബാക്കിയ്യുള്ള രാജ്യങ്ങളിലോ? അപ്പോള്‍ ഉടനെ മറ്റൊരു പനി പ്രതീക്ഷിക്കാം..... കേരളത്തില്‍ മാദ്ധ്യമങ്ങള്‍ തുടങ്ങി കഴിഞ്ഞു....

Saturday, June 5, 2010

ഒരു വെടിയുണ്ടയുടെ കഥ

ആളുകളെ “ജീവിക്കുവാനുള്ള മാര്‍ഗ്ഗം” ഉപദേശിക്കുന്ന രവിശങ്കറിന്റെ ബാംഗ്ലൂരിലെ “ആശ്രമത്തില്‍” ഒരു വെടിയുണ്ട പറന്ന് വന്നു. കുറച്ച് ദിവസങ്ങളായി എല്ലാവരും ഈ വെടിയുണ്ടയുടെ പുറകേയായിരുന്നു. താന്‍ കാറിലേയ്ക്ക് കയറുമ്പോഴായിരുന്നു വെടിയുണ്ട വന്നതെന്ന് രവിശങ്കര്‍... എന്നാല്‍ പോലീസ് പറഞ്ഞത് പുള്ളി പോയി കഴിഞ്ഞ് കുറച്ച് കഴിഞ്ഞാണ് വെടിയുണ്ട അവിടെ നിന്ന ഒരു “ഭക്തന്റെ” കാലിനെ ഉരുമി ലാന്റ് ചെയ്തത്. ഇന്ത്യയിലെ ഭീകരവാദികളെ ലക്ഷ്യം വെച്ച് ഇന്റര്‍വ്യൂകള്‍ നടത്തി വന്ന രവിശങ്കര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഇത് തന്നെ കൊല്ലാന്‍ തന്നെ. എന്നാലും താന്‍ വെടിയുണ്ടയുടെ ഉടമസ്ഥനോട് ക്ഷമിച്ചിരിക്കുന്നു പോലും. ജാതി മത ഭേദമന്യേ എല്ലാ പുരോഹിത ഉന്നതരും ഞെട്ടല്‍ രേഖപ്പെടുത്തി....

തൊട്ട് പുറകേ ദാ വരുന്നു നമ്മുടെ ചിതമ്പരത്തിന്റെ വാക്കുകള്‍.... ഇത് വധശ്രമം അല്ല എന്നും ആശ്രമ ജീവികള്‍ തമ്മിലുള്ള വഴക്കിന്റെ ബാക്കി പത്രമെന്നും ഇന്ത്യയുടെ ആഭ്യന്തര മന്ത്രി. സഹിക്കുമോ രവിശങ്കര്‍.. മന്ത്രി ഇങ്ങിനെ പറഞ്ഞ് ആളുകളെ തെറ്റ് ധരിപ്പിക്കാമോ.... തന്റെ ആശ്രമത്തില്‍ ഒരു തര്‍ക്കവുമില്ല എന്ന് രവിശങ്കര്‍.

ഒടുവില്‍ പ്രതിയെ കിട്ടി. ആശ്രമത്തിനരുകിലുള്ള ഫാമിന്റെ ഉടമ! ഇദ്ദേഹം വലിയ പുള്ളിയാ... അംബേദ്കര്‍ മെഡീക്കല്‍ & ഡെന്റല്‍ കോളേജ് ചീഫ്... പുള്ളി ഫാമില്‍ വെച്ച് തെരുവ് പട്ടികള്‍ക്കിട്ട് 3 വെടി വെച്ചു... ഒന്ന് ചെന്ന് ലാന്റ് ചെയ്തത് പാവം ആശ്രമജീവിയുടെ അടുത്ത്. അതും 2300 അടിയോളം സഞ്ചരിച്ച്.... വല്ല കാര്യവുമുണ്ടോ ആ ആശ്രമജീവിക്ക്.... വളവ് തിരിഞ്ഞ് വരുന്ന വെടിയുണ്ടയുടെ മുന്നില്‍ കയറി നില്‍ക്കുവാന്‍?

എന്തായാലും രവിശങ്കരന്‍ പറഞ്ഞ വധശ്രമം തെറ്റെന്ന് തെളീഞ്ഞു. അപ്പോള്‍ ഇന്ത്യയുടെ രഹസ്യങ്ങള്‍ പെട്ടെന്നറിയുന്ന ചിതമ്പരം പറഞ്ഞതോ? ഒരു ചെറീയ വെടിയുണ്ടയുടെ കാരണം ശരിക്കുമറിയാതെ പാവം രാവിശങ്കറിന്റെ ആശ്രമത്തില്‍ പ്രശ്നങ്ങള്‍ നടക്കുന്നു എന്ന് പറഞ്ഞ മന്ത്രിക്ക് തെറ്റ് പറ്റിയിട്ടുണ്ടോ?

അതോ വെടിയുണ്ടയ്ക്ക് കഥകള്‍ വല്ലതും പറയുവാനുണ്ടോ? പ്രത്യേകിച്ച് തെരുവ് പട്ടിക്കിട്ട് വെച്ച വെടിയുണ്ടയാണിതെന്ന് ലോകം അറിഞ്ഞയുടന്‍ ഈ ചെറിയ വെടിയുണ്ട മറന്ന് ഇന്ത്യയില്‍ മൂളിപറന്ന് നടക്കുന്ന മറ്റ് വെടിയുണ്ടകളെ കുറിച്ച് ചിന്തിക്കണം എന്നും 17 മാവോവാദികള്‍ തന്നെ വന്ന് കണ്ടിരുന്നു എന്നും (യൂ ട്യൂബ് വീഡിയോ) അവരോട് ചിതമ്പരത്തിന്റെ സമാധനത്തിന്റെ ഒലിവ് മരങ്ങള്‍ സ്വീകരിക്കുവാന്‍ താന്‍ പറഞ്ഞിട്ടുണ്ട് എന്നും  രവിശങ്കര്‍ പറയുമ്പോള്‍....

ചെറിയ വെടിയുണ്ടയ്ക്ക് എന്തൊക്കെയോ പറയുവാനുണ്ടെന്ന് തോന്നുന്നു..... എന്നെങ്കിലും ആരെങ്കിലും ഒരു ആത്മ കഥയെതുന്നത് വരെ കാത്തിരിക്കാം......