എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Thursday, September 30, 2010

രാമന്റെ ജന്മ സ്ഥലം

ഇന്ത്യ മാത്രമല്ല ലോകം തന്നെ കാത്തിരുന്ന വിധി വന്നു.....

3 ജഡ്ജിമാരും പ്രശ്ന പരിഹാരത്തിന് വളരെ നല്ല ഒരു പോം വഴിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തര്‍ക്ക ഭൂമി തുല്ല്യമായി ഭാഗിക്കണമെന്ന് പറയുക വഴി ഒരു വലിയ പ്രതിസന്ധിയാണ് പരിഹരിച്ചിരിക്കുന്നത്.  രാജ്യം പ്രതീക്ഷിച്ച ഒരു വലിയ പൊട്ടിതെറി ഒഴിവായി, അതും കോമണ്വെല്‍ത്ത് ഗെയിം നടക്കുവാനിരിക്കുന്ന ഈ അവസരത്തില്‍......

കോടതി പറയുന്നു  വിവാദ സ്ഥലം രാമന്റെ ജന്മ സ്ഥലം ആണെന്ന്
“1. Whether the disputed site is the birth place of Bhagwan Ram?
The disputed site is the birth place of Lord Ram. Place of birth is a juristic person and is a deity. It is personified as the spirit of divine worshipped as birth place of Lord Rama as a child.
Spirit of divine ever remains present every where at all times for any one to invoke at any shape or form in accordance with his own aspirations and it can be shapeless and formless also.”

അതിനാല്‍  അത് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാകുന്നു.
“It is declared that the area covered by the central dome of the three domed structure, i.e., the disputed structure being the deity of Bhagwan Ram Janamsthan and place of birth of Lord Rama as per faith and belief of the Hindus, belong to plaintiffs (Suit-5) and shall not be obstructed or interfered in any manner by the
defendants.”

മറ്റ് രണ്ട് ജഡ്ജുമാരില്‍ നിന്നും വ്യത്യസ്തമായി പള്ളി പണിയുവാന്‍ അമ്പലം പൊളിച്ചിട്ടില്ല എന്ന് ജസ്റ്റിസ് ഖാന്‍  വിലയിരുത്തുമ്പോള്‍ തന്നെ “the portion beneath the Central dome where at present make sift temple stands will be allotted to the share of the Hindus” എന്ന് തന്നെയാണ് അദ്ദേഹത്തിന്റെയും അഭിപ്രായം.

അങ്ങിനെ രാമന്‍ എന്ന മിത്തോളജിക്കല്‍ ക്യാരക്റ്ററിന്  തന്റെ “ജന്മ സ്ഥലം” കിട്ടി!


എങ്കിലും പ്രതിക്ഷിച്ചത് പോലെ കേസ് സൂപ്രീം കോടതിയിലേയ്ക്ക് പോകും എന്ന് ഉറപ്പായതിനാല്‍ രാമന് ഇനിയും കാത്തിരിക്കേണ്ടി വരും.....

Tuesday, September 28, 2010

പള്ളുരുത്തിയിലെ തെരഞ്ഞെടുപ്പ്

കഴിഞ്ഞ ഞായറാഴ്ച എറണാകുളത്തെ പള്ളുരുത്തിയിലുള്ളവര്‍ക്ക് വാശിയേറിയ തെരഞ്ഞെടുപ്പ് കാണുവാന്‍ “ഭാഗ്യമുണ്ടായി”. പള്ളുരുത്തി ക്ഷേത്രത്തിലെ (നാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ഒന്ന്) ഭരണസമിതിയെ തെരഞ്ഞെടുക്കുവാന്‍ 4000ത്തോളം മാത്രം വരുന്ന വോട്ടര്‍മാര്‍ക്ക് പോലീസ് സംരക്ഷണത്തോടെ “രാജകീയമായി” വോട്ട് ചെയ്യുവാന്‍ കഴിഞ്ഞു (14 വര്‍ഷമായിട്ട് ഗുണ്ടാ നേതാക്കളുടെ സംരക്ഷണത്തിലായിരുന്നു ഈ വാര്‍ഷിക തെരഞ്ഞെടുപ്പ് നടന്നിരുന്നത്!). ഏതാനും ആഴ്ച മുന്‍പാണ് എസ്സ്.എന്‍.ഡി.പി. വോട്ടര്‍മാര്‍ക്ക് പോലീസ് സംരക്ഷണയില്‍ വോട്ട് ചെയ്യുവാന്‍ ഭാഗ്യമുണ്ടായത് . അന്ന് കൊല്ലത്ത് ജയിച്ച പാനല്‍ നേതാവിന്റെ മരുമകനാണ് ഇവിടെയും മത്സര രംഗത്തുണ്ടായത് എന്നതും രസകരമാണ്. എന്തായാലും അമ്മാവനെ പോലെ വിജയം “നേടിയെടുക്കുവാന്‍” കക്ഷിക്ക് കഴിഞ്ഞില്ല. 14 വര്‍ഷത്തെ തന്നിഷ്ട ഭരണത്തിന് ശേഷം അദ്യമായി പുറത്തേയ്ക്ക് “ടിക്കറ്റ്” കിട്ടിയത് അമ്മാവന് നേരിടേണ്ടി വന്ന അതേ പ്രതിസന്ധി തന്നെയായിരുന്നു, കൂടെയുണ്ടായിരുന്ന “വിശ്വസ്തര്‍” ദുര്‍ബലരായിരുന്ന പ്രതിപക്ഷത്തേയ്ക്ക് ചേക്കേറി.

വെറുതെയല്ല പ്ലസ്സ് ടൂ അഡ്മിഷന് “തലൈവരുടെ” ആളുകളെ വഴി വിട്ട് സഹായിച്ചില്ല എന്നതിനാല്‍ പ്രതിപക്ഷക്കാരനായ സ്കൂള്‍ മാനേജരുടെ കൈവിരലുകള്‍ വെട്ടിയെടുത്ത സംഭവം നടന്നിട്ടുള്ള സ്ഥലമാണ്.  ആ പഴയ മാനേജര്‍ തന്നെ “അമ്മാവന്റെ മരുമകനെ” തോല്പിച്ചു എന്നതും കാലത്തിന്റെ പകരം വീട്ടല്‍ തന്നെ...


കേരളം കാണാനിരിക്കുന്ന തദ്ദേശിയ തെരഞ്ഞെടുപ്പിനു പോലും ഇത്ര വാശിയും പണം എറിയലും കാണീല്ല. പ്രതിപക്ഷത്തിന്റെ നോട്ടീസിന് പകരം “അമ്മാവന്റെ മരുമകന്‍” കളര്‍ പേജുകളുള്ള ബുക്ക്ലെറ്റ് ആണ് രംഗത്തിറങ്ങിയത്!!!

എന്തായാലും പശ്ചിമ കൊച്ചിയിലെ വോട്ടര്‍മാര്‍ക്കും അവരെ ചാക്കിടുവാന്‍ നടന്നവര്‍ക്കും കുശാലായിരുന്നു‍. മനസ്സ് നിറച്ച് കൂടിച്ച് രസിക്കാന്‍ ലഹരി, വയറ് നിറച്ചും ഭക്ഷണം... എല്ലാം ഞായറാഴ്ച കൊണ്ട് അവസാനിച്ചു! ഇനി അടുത്ത കൊല്ലം....
 
പതിവ് പോലെ ഈ മത തെരഞ്ഞെടുപ്പിന്റെയും “സംരക്ഷണത്തിനായി” പൊതുജന സ്വത്തായ പോലീസിനെ വിട്ട് കൊടുക്കുവാനുള്ള ഉത്തരവ് അവര്‍ നേടിയെടുത്തു...... ഇത് പോലെയുള്ള “തെരഞ്ഞെടുപ്പ്” വന്നാല്‍ പോലീസുകാര്‍ക്ക് കുശാല്‍....

രാഷ്ട്രീയ കളരിയില്‍ മാത്രമല്ല മത സ്ഥാപനങ്ങളിലും വൃത്തികെട്ട കളികള്‍ നടക്കുന്നു.... അതിന് സംരക്ഷണം നല്‍കുവാന്‍ പോലീസിന്റെ സഹായം നിയമപരമായും നേടിയെടുക്കുന്ന അവസ്ഥയും....

Friday, September 24, 2010

മാന്ദ്യം തീര്‍ന്നു പോലും!

ഡിസമ്പര്‍ 2007ന് അമേരിക്കയെ ബാധിച്ച സാമ്പത്തിക മാന്ദ്യം ജൂണ്‍ 2009ന് തന്നെ തീര്‍ന്നതായി പ്രഖ്യാപനം! 18 മാസം മാത്രമേ മാന്ദ്യം ഉണ്ടായതുള്ളൂ.

2009 ലെ കണക്കനുസരിച്ച് അമേരിക്കയിലെ പട്ടിണിക്കാരുടെ എണ്ണം കൂടിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍. ഏഴില്‍ ഒരാള്‍ പട്ടിണിയെ നേരിടുന്നു! ഇതില്‍ 15.5 മില്ല്യണ്‍ കുട്ടികളാണ്. ലോകത്ത് പട്ടിണി കുറഞ്ഞു എന്ന് യു.എന്‍. അവകാശപ്പെടുമ്പോഴാണ് ഇത്! 8 മാസത്തിനുള്ളില്‍ അമേരിക്കയില്‍ 120ഓളം ബാങ്കുകളാണ് പൂട്ടിയത്.

ജനങ്ങള്‍ ജോലിക്കായി അലയുന്നു. സര്‍ക്കാരിന്റെ സഹായം കൊണ്ടാണ് ജനങ്ങള്‍ പിടിച്ച് നില്‍ക്കുന്നത്. അത് നീട്ടി കൊടുത്ത് കൊണ്ട് സര്‍ക്കാര്‍ പിടിച്ച് നില്‍ക്കുന്നു. ഫുഡ് ബാങ്കുകളും, കിച്ചനുകളും ജനങ്ങള്‍ക്ക് ആശ്വാസമാണ്. ഭക്ഷണം ദാനമായി കൊടുത്തിരുന്നവര്‍ തങ്ങള്‍ക്ക് സഹായം വേണമെന്ന് അപേക്ഷിക്കുന്ന സംഭവങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. കടം കയറി വീട് നഷ്ടപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. അമേരിക്കയുടെ കടം ദിവസേന കയറി കൊണ്ടേയിരിക്കുന്നു. എന്നിട്ടും സാമ്പത്തിക മാന്ദ്യം തീര്‍ന്നു എന്ന് വിദഗ്ദ്ധര്‍ അവകാശപ്പെടുന്നു! അമേരിക്കയില്‍ തെരഞ്ഞെടുപ്പ് അടുത്തതും എന്നത് മാന്ദ്യം അവസാനിച്ചതിനും ബന്ധമുണ്ടാകുമോ?

മാന്ദ്യം ഇന്ത്യയെ ബാധിച്ചില്ല എന്നും പിന്നീട് വളരെ കുറച്ചേ ബാധിച്ചുള്ളൂ പക്ഷേ തിരിച്ച് വന്നു എന്നും മാറ്റി പറഞ്ഞത് ലോകം കണ്ടതാണ്. ഇപ്പോള്‍ ഇന്ത്യയില്‍ വ്യവസായ മുന്നേറ്റം നടക്കുന്നു എന്ന് സര്‍ക്കാര്‍ വീമ്പിളക്കുന്നു. പക്ഷേ വ്യവസായ ലോകത്തിന് പോലും സര്‍ക്കാര്‍ കണക്കുകളില്‍ സംശയം തന്നെ. ചൈന രണ്ടാമത്തെ സാമ്പത്തിക ശക്തിയായി എന്നാല്‍ അവിടെയുള്ള സാധാരണ ജനങ്ങളുടെ അവസ്ഥയെന്താണ്? അമേരിക്കയിലും മറ്റും സര്‍ക്കാരുകളും മറ്റ് സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും ജനങ്ങളെ സഹായിക്കുവാനുണ്ട്. എന്നാല്‍ ഇന്ത്യയിലോ? തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും ജയിക്കുക, പണം ഉണ്ടാക്കുക അല്ലാതെ പട്ടിണി കിടക്കുന്നവരെ ഓര്‍ക്കുവാന്‍ പോലും അവര്‍ക്ക് സമയമില്ല. അത് സൂചിപ്പിച്ചാല്‍ ഉടനെ ഇന്ത്യയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടാണെന്ന് അലമുറയിടും....

എവിടെയും കണക്കുകള്‍ കൊണ്ട് വിജയിക്കുവാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ആര്‍ക്ക് വേണ്ടി?

Tuesday, September 14, 2010

ഇവരോ ദൈവത്തിന്റെ പ്രതിനിധികള്‍!

ആള്‍ ദൈവങ്ങളും, സ്വാമിമാരും പീഡിപ്പിക്കുന്നത് യാതൊരു ഞെട്ടലുമില്ലാതെ നമുക്ക് സ്വീകരിക്കുവാന്‍ കഴിയും. അല്ലെങ്കില്‍ അത് നമുക്കൊരു ആഘോഷമാണ്. ഒന്നുമില്ലേല്‍ ദേവദാസികള്‍ ഉണ്ടായിരുന്ന നാടല്ലേ...

പക്ഷേ ബെല്‍ജിയത്തില്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാര്‍ത്ത ഞെട്ടിക്കുന്നതാണ്. 2 വയസ്സുള്ള കുട്ടിയെ വരെ പീഡിപ്പിക്കുവാന്‍ ചില പുരോഹിതര്‍ക്ക് ദൈവഭയമില്ലായിരുന്നു പോലും. പീഡിപ്പിക്കപ്പെട്ട 13 പേരാണ് ആത്മഹത്യ ചെയ്തത്. 450 ഓളം കേസില്‍ 2/3 ഭാഗം ആണ്‍കുട്ടികളായിരുന്നു! വദനസുരതവും, ഗുദ ലൈംഗികവും മറ്റുമാണ് പുരോഹിതര്‍ നടത്തിയിരുന്നത് പോലും! ഇത് പുറത്ത് പറഞ്ഞവ. പുറത്ത് പറയാത്തവ എത്രയെണ്ണം ഇനിയും കാണും? 1960കള്‍ക്കും 80കള്‍ക്കും ഇടയിലുള്‍ലവയാണിത് അതായത് ഇപ്പോള്‍ കുട്ടികളായിരിക്കുന്നവര്‍ക്ക് പറയാനുള്ളത് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ലോകം അറിയൂ. പല രാജ്യങ്ങളിലും പുരോഹിതര്‍ക്കെതിരെ പീഡനം അനുഭവിച്ചവര്‍ രംഗത്ത് വന്നിരുന്നു, ഇനിയും വരുന്നുണ്ട്.

തന്റെ അനന്തരവനെ പീഡിപ്പിച്ചിരുന്നു എന്ന് പറഞ്ഞ് ഏപ്രിലില്‍ രാജിവെച്ച റോജര്‍ എന്ന ബിഷപ്പ് ഇപ്പോഴും പുരോഹിതനായി നിലനില്‍ക്കുന്നു എന്നത് തന്നെ വത്തിക്കാന്റെ നയം വ്യക്തമാക്കപ്പെടുന്നു! പീഡനം നടന്നത് അന്വേഷിക്കുന്ന ബെല്‍ജിയം പോലീസ് പള്ളിയുടെ കമ്മീഷന്‍ ഓഫീസ് റെയ്ഡ് ചെയ്ത ഉടനെ വത്തിക്കാന്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ 2 വയസ്സുള്ള കുട്ടിയെ വരെ പീഡിപ്പിച്ചു എന്ന് കമ്മീഷന്‍ തന്നെ പറഞ്ഞിട്ട് ഒന്ന് പ്രതികരിക്കുവാന്‍ വത്തിക്കാന് നേരമില്ലാതെ പോയി! തുറന്ന് മാപ്പ് പറഞ്ഞാല്‍ പിന്നെ അമേരിക്കയിലും മറ്റും കണ്ടത് പോലെ കോമ്പന്‍സേഷന്‍ ചോദിച്ച് കൊണ്ടുള്ള പ്രളയം ഉണ്ടാകുമോ എന്ന ഭയം ആണ് പോലും!

കോണ്ടത്തിനും, സ്വവര്‍ഗ്ഗ രതിക്കുമെതിരെ ശക്തമായി രംഗത്തുള്ള ഇപ്പോഴത്തെ വത്തിക്കാന്‍ ഭരണക്കാര്‍ക്ക് പക്ഷേ സ്വന്തം കൂട്ടത്തിലുള്ളവരുടെ സ്വവര്‍ഗ്ഗ രതിയെ കുറിച്ച് അറിയാമായിരുന്നിട്ടും അവര്‍ക്കെതിരെ പ്രതികരിക്കുവാന്‍ തയ്യാറായില്ല എന്ന വാര്‍ത്ത മുന്‍പ് വന്നതാണ് (യൂ ട്യൂബ്).

ദൈവമുണ്ടെന്നും ദൈവഭയം വേണമെന്നും നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന ഇവര്‍ക്കൊക്കെ ഇതിന് എങ്ങിനെ കഴിയുന്നു? കുട്ടികള്‍ ദൈവത്തിന് തുല്ല്യര്‍ എന്ന് പറയുന്നവരാണ് പിഞ്ചു കുട്ടികളെ പീഡിപ്പിച്ചതെന്ന് വരുമ്പോള്‍!

പാപം ചെയ്യരുതെന്ന് പ്രസംഗിക്കുന്നവരാണ് പാപികളായും പാപികളെ സംരക്ഷിക്കുന്നവരായും അധപതിക്കുന്നത്. സ്വവര്‍ഗ്ഗ രതിക്കെതിരെ പ്രസംഗിക്കുന്നവരാണ് ബാല പീഡകരെ സംരക്ഷിക്കുന്നത്! എന്നിട്ടും ഒന്നും സംഭവിക്കാത്തത് പോലെ തങ്ങളെ പീഡിപ്പിച്ചവര്‍ക്ക് മാപ്പ് കൊടുക്കണമെന്ന് പറയുന്നിടത്തോളം താഴുവാന്‍ അവര്‍ തയ്യാറാകുന്നു.


വീഡിയോയുടെ അവസാന ഭാഗത്ത് ചോദിക്കുന്നത് പോലെ ഇവര്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുമോ (വീഡിയോയിലെ 3 മിനിറ്റിനും 4 മിനിറ്റിനും ഇടയിലുള്ള ദൃശ്യം കാണാതെ പോകരുത്)? അവിടെയും കൈക്കൂലി കൊടുത്താല്‍ കടത്തി വിടുമായിരിക്കും! ദൈവത്തിന് അടുത്ത് നില്‍ക്കുന്നവര്‍ക്കാണല്ലോ അതൊക്കെ അറിയുവാന്‍ കഴിയുക!

Saturday, September 4, 2010

മത പുരോഹിതര്‍ക്ക് അഭിനന്ദനങ്ങള്‍

മനുഷ്യത്വത്തിന്റെ സംരക്ഷണഭടന്മാരാണ് തങ്ങളെന്ന് വീമ്പിളക്കുന്ന ക്രി. മത പുരോഹിതര്‍, മത ഭ്രാന്തന്മാരുടെ വെട്ടേറ്റ് തകര്‍ന്ന് കിടക്കുന്ന അദ്ധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. മനുഷ്യത്വത്തിന്റെ പേരില്‍ സര്‍വകലാശാല പോലും പുള്ളിക്ക് മാപ്പ് നല്‍കിയിരുന്നു. ആ കനിവ് പോലും പല തവണ മാപ്പിരന്ന ആ അധ്യാപകനോട് മാടപ്രാവിന്റെ ഹൃദയമുള്ളവര്‍ കാട്ടാഞ്ഞതില്‍ അഭിനന്ദനങ്ങള്‍.....

ഈ ഒരു ചങ്കുറ്റം ആ പാവം അഭയുടെ കൊലപാതികളോട് കാട്ടുവാനുള്ള ചങ്കുറപ്പ് മത പുരോഹിതര്‍ക്ക് കാണുമോ ആവോ? എവിടെ പീഡന പരമ്പര നടത്തുന്നവരെ സംരക്ഷിക്കേണ്ട ചുമതല സഭയ്ക്കാണെന്ന് ബാല പീഡന നടത്തിയ പുരോഹിതരെ സംരക്ഷിച്ച് കൊണ്ട് കേന്ദ്രം തന്നെ തെളിയിച്ചിരിക്കുമ്പോള്‍ കനത്ത ശിക്ഷ നല്‍കേണ്ടത് ഇത്തരം കുഞ്ഞാടുകള്‍ക്ക് ആകണമല്ലോ....

കൊള്ളേണ്ടിടത്ത് കൊള്ളുമ്പോള്‍

25% വോട്ട് ഗോപാലന്‍ നേടിയാല്‍ പരാജയം സമ്മതിക്കാമെന്ന് വീരവാദം മുഴക്കിയ വെള്ളപ്പള്ളി നടേശന്‍ പരാജയം മണക്കുന്നുവോ?

നടേശന്റെ പുതിയ പ്രസ്താവന യോഗത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അന്യസംസ്ഥാനക്കാരന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതെന്നാണ്. എസ്സ്.എന്‍.ഡി.പി. പിന്നെയെന്തിനാണാവോ അന്യ സംസ്ഥാനമായ ചെന്നൈയില്‍ തുടങ്ങിയത് എന്ന് ഈ ബുദ്ധിരാക്ഷസന്‍ പറഞ്ഞ് തരുമോ ആവോ? തെരഞ്ഞെടുപ്പ് ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് തടയാന്‍ നോക്കുന്നു എന്ന പ്രസ്താവന വാസവദത്തയുടെ പ്രസംഗം പോലെയാണെന്ന് കേരളീയര്‍ക്കറിയാം. പണ്ട് യോഗത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ വ്യക്തി യോഗത്തിന്റെ പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ ശ്രമിച്ച് വസ്ത്രങ്ങള്‍ കീറി പുറത്തേയ്ക്ക് വന്ന് കരഞ്ഞ ദൃശ്യം കേരളീയര്‍ കണ്ടതാണ്. അയാള്‍ ഇന്ന് തിരിച്ച് ആ ക്യാമ്പില്‍ എത്തിയിരിക്കുന്നു എന്നതും രസകരം തന്നെ...

ആവശ്യത്തിന് ഹോം വര്‍ക്ക് ചെയ്യാതെ കോടതിയില്‍ പോയ ഗോപാലന് കോടതി വിധി എതിരായി. കമ്പനി ആയി രെജിസ്റ്റര്‍ ചെയ്ത യോഗത്തിന്റെ പ്രതിനിധികളെ സെക്രട്ടറിക്ക് പിരിച്ച് വിടുവാന്‍ അധികാരമില്ല എന്ന് കൊച്ചി യൂണിയന്‍ ഭാരവാഹി നേടിയ വിധി നിലവിലിരിക്കേ ഗോപാലന് കോടതിയില്‍ ജയിക്കാനാകാഞ്ഞത് ക്ഷീണം തന്നെയാണ്.

പക്ഷേ അടിയൊഴുക്കുകള്‍ ശക്തമായി കൊണ്ടിരിക്കുന്നു. കൂടാതെ അംഗങ്ങള്‍ക്ക് ആരോഗ്യ രക്ഷയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദ്ധാനങ്ങളാണ് ഗോപാലന്‍ ഇറക്കിയിരിക്കുന്നത്. എന്നാല്‍ സാധാരണ അംഗങ്ങള്‍ക്ക് യോഗത്തില്‍ ഒരു സ്ഥാനവും ഇല്ല എന്നതാണ് സത്യം. വോട്ട് ചെയ്യാനായി തെരഞ്ഞെടുക്കുന്നത് സ്വന്തം ആളുകളെയാണെന്ന നഗ്ന സത്യം എല്ലാവര്‍ക്കും അറീയുകയും ചെയ്യാം. അതിനാല്‍ തന്നെ അവരെ മറിക്കുവാന്‍ കഴിയുന്നവര്‍ക്ക് വിജയം ഉറപ്പ്.

എന്തായാലും യോഗം തെരഞ്ഞെടുപ്പ് ഒരു പുതിയ അനുഭവമായി മാറുന്നു. നടേശന്‍ കഴിഞ്ഞ ദിവസം കുടുംബ വാഴ്ചയെ പറ്റി പറഞ്ഞത് രസകരമായ വാക്യങ്ങളാണ്. കുടുംബമുള്ളവര്‍ക്കേ കുടുംബവാഴ്ച നടത്തുവാന്‍ കഴിയുകയുള്ളൂ പോലും..... ഇനി രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചക്കാര്‍ക്ക് ഈ മഹത് വചനം ഏറ്റ് ചൊല്ലാം...

600 ഓളം പോലീസുകാരാണ് ഈ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് പോലും!!!! ജനങ്ങളുടെ നികുതി പണം അനാവശ്യമായി ചെലവഴിക്കുവാന്‍ മാത്രം പ്രാധാന്യമാണോ ഈ പ്രഹസന തെരഞ്ഞെടുപ്പ്!!!

ആത്മഹത്യ ചെയ്യുവാന്‍ അനുവദിക്കുക!

ചൈന സാമ്പത്തിക ശക്തികളില്‍ രണ്ടാം സ്ഥാനത്ത്. 2040ഓടെ ഇന്ത്യ ആ സ്ഥാനത്ത് എത്തും എന്ന് “വിദഗ്ദ്ധര്‍”. ഇപ്പോള്‍ ഇന്ത്യ സാമ്പത്തിക ശക്തിയായി മുന്നേറുന്നു....

സാമ്പത്തിക മുന്ന്നേറ്റം നടത്തുന്ന ഇന്ത്യയിലെ എം.പി.മാര്‍ക്ക് നക്ക്കാപിച്ച ശമ്പളമേയുള്ളൂ അത്രേ! ഇതില്‍ പരം നാണക്കേട് ഇനി വരുവാനുണ്ടോ? എന്നാല്‍ നമ്മുടെ പാര്‍ലമെന്റിലുള്ള എം.പി.മാരില്‍ 315 പേര്‍ കോടിപതികളാണ്. [2004ല്‍ 150ഓളം എം.പിമാരേ കോടിപതികളായി ഉണ്ടായിരുന്നുള്ളൂ]. അവര്‍ക്കാണ് കഴിഞ്ഞ ദിവസം കാശില്ലാത്തതിനാല്‍ ശമ്പളവും അലവന്‍സും കൂട്ടി കൊടുത്തത്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ മോന്ത എങ്ങിനെയാണിരിക്കുന്നത്?

പുതിയ മള്‍ട്ടി ഡയ്മെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സ് പ്രകാരം ഇന്ത്യയില്‍ 55.4% പേരാണ് പട്ടിണിയില്‍. എന്നാല്‍ ദിവസം $2 ലഭിക്കാത്ത 76% പേരാണ് ജീവിക്കുന്നത് [1990ല്‍ ഇത് 83% ആയിരുന്നു]. എന്നാല്‍ ഇന്ത്യന്‍ ഗവണ്മെന്റിന്റെ കണക്ക് പ്രകാരം മാസം $12 (550 രൂപ) ലഭിക്കാത്ത 29% ആളുകളേ ദാരിദ്ര രേഖയ്ക്ക് താഴേയുള്ളൂ എന്നാണ്. ഇന്ത്യന്‍ നഗരത്തില്‍ ജീവിക്കുവാന്‍ മാസം 551 രൂപ മതിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്! സര്‍ക്കാരുകള്‍ എന്നും കണക്കുകള്‍ കുറച്ചേ കാണിക്കുകയുള്ളൂ. അമേരിക്കയില്‍ തൊഴിലില്ലായ്മ 9.5% ആയി കുറഞ്ഞു എന്ന് അവകാശപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ 16% ആണ് തൊഴിലില്ലാത്തവരായി ഉള്ളത്. അതില്‍ പലരും തൊഴില്‍ അന്വ്വേഷണം നിറുത്തി എന്നതിനാലാണ് 9.5% ആയത്. ഇത് പോലെയാണ് ഭരിക്കുന്ന സര്‍ക്കാരുകള്‍ കണക്ക് നിരത്തുന്നത്. ചൈന രണ്ടാം സ്ഥാനത്ത് എത്തി. പക്ഷേ അവിടെയുള്ള ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ എന്ത് എന്ന് പറയുന്നുണ്ടോ?

കേരളത്തില്‍ 16% പേരെ ദിവസം $2 ലഭിക്കാത്തവരായുള്ളൂ എന്ന് ആശ്വസിക്കാം.....

സാമ്പത്തികമായി മുന്നേറുന്ന ഇന്ത്യയിലെ 2000ത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുവാന്‍ അനുവാദം നല്‍കണമെന്ന് പ്രസിഡന്റിനോട് അപേക്ഷിച്ചിരിക്കുന്നു!

$1.97 വിലയുള്ള സോപ്പ് ഡിസ്പെന്‍സറിന് $61 വിലയിട്ട് ജനങ്ങളുടെ പണം അടിച്ച് മാറ്റാന്‍ കൂട്ട് നീല്‍ക്കുന്ന ഭരണ കൂടത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുവാന്‍?