എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, October 27, 2010

മതഭ്രാന്തിന്റെ വിജയം!

കേരളത്തില്‍ നടന്ന ഇലക്ഷന്‍ ഫലം പുറത്ത് വന്നു. പതിവ് പോലെ ഇടവിട്ട് ഭരിക്കുവാന്‍ അവസരം നല്‍കുന്ന കേരളീയര്‍ ഇത്തവണ യു.ഡി.എഫി.ന് അവസരം നല്‍കിയിരിക്കുന്നു എന്ന് ഒറ്റ നോട്ടത്തില്‍ പറയുവാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഫലം നന്നായി വിശകലനം ചെയ്താല്‍ കേരളം നീങ്ങുന്നത് അപകടകരമായ ദിശയിലേയ്ക്കാണ് എന്ന് മനസ്സിലാക്കാം.

ഫലം പുറത്ത് വന്നതോടെ കെ.സി.ബി.സി. പ്രതിനിധി പറഞ്ഞത് ബിഷപ്പ് പറഞ്ഞതിനാലാണ് അല്ലെങ്കില്‍ ഇടയലേഖനം വായിച്ചതിന്റെ ഫലമാണ് എന്നാണ്! തങ്ങളുടെ ഇടയലേഖനത്തില്‍ രാഷ്ട്രീയമൊന്നുമില്ല എന്ന് വിമ്പിളക്കിയവരാണ് ഇപ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഛര്‍ദ്ധിച്ചിട്ടിരിക്കുന്നത്! പണ്ട് ജാലിയന്‍ വാലാഭാഗിനെ ന്യായീകരിച്ച വികൃത മനസ്സ് ഇപ്പോഴും ഈ പുരോഹിതര്‍ക്കുണ്ട് എന്നാണോ ഇവര്‍ പറയുവാന്‍ വെമ്പുന്നത്?

മറ്റൊന്ന് കൈ വെട്ടിയ പ്രതിയെന്നാരോപിക്കപ്പെടുന്നയാളുടെ വിജയമാണ്. പോള്‍ ചെയ്തതിന്റെ പകുതിയോടടുത്ത് വോട്ടാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്നതും രണ്ടാം സ്ഥാനക്കാരനും മൂന്നാം സ്ഥാനക്കാരനും കിട്ടിയ വോട്ട് കൂട്ടിയാല്‍ പോലും അതിനടുത്ത് എത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്ത് കൊണ്ട് അവിടത്തെ ജനങ്ങള്‍ ഇങ്ങനെ ചെയ്തു? അയാളെ നിര്‍ത്തിയ “പാര്‍ട്ടി”യുടെ തനി സ്വഭാവം എന്തെന്ന് വെളിവായിട്ടും അവര്‍ക്ക് ഒരു ഡസനിലേറേ സീറ്റുകള്‍ കിട്ടി എന്നതും കാണാതിരിക്കരുത്.

ബി.ജെ.പി. പലയിടങ്ങളില്‍ വിജയിച്ചു എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ ഭരിക്കേണ്ടത് ആര് എന്ന് നിശ്ചയിക്കുവാനുള്ള നിര്‍ണ്ണായക ഘടകമാകുവാനും കഴിഞ്ഞിരിക്കുന്നു.

മതഭ്രാന്തിന്റെ അലയൊലികള്‍ കേരളത്തില്‍ കേട്ട് തുടങ്ങിയിരിക്കുന്നു. വോട്ടിന് വേണ്ടി മത പ്രീണനം നടത്തുവാന്‍ ഇടതുകാരും കോണ്‍ഗ്രസ്സുകാരും ഇനിയും കളി നിര്‍ത്തേണ്ട സമയമായിരിക്കുന്നു. കൈ വിട്ട് പോകുന്നതിന് മുന്‍പ് ഇരു മുന്നണികളും ശക്തമായ തീരുമാനം എടുത്തില്ല എങ്കില്‍ കേരളം “മതഭ്രാന്തിന്റെ നാടായി” മാറും എന്ന് തീര്‍ച്ച.

Tuesday, October 26, 2010

കെ.വി.തോമസ്സിന്റെ വളിച്ച കോമഡി

കേന്ദ്രസഹ മന്ത്രി കെ.വി. തോമസ്സ് എന്‍ഡോസല്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്രത്തിന്റെ നയത്തെ ന്യായീകരിച്ചിരിക്കുന്നു. തോമസ്സ് മാഷിന് എന്‍ഡോസള്‍ഫാന്‍ കമ്പനിക്കാരുടെ സ്വരം! സര്‍ക്കാര്‍ നിയോഗിച്ച സമതികള്‍ ഒന്നും കണ്ടെത്തിയില്ല പോലും! ഒരു പ്രദേശത്ത് മാത്രം പ്രശ്നം വരുവാന്‍ കാരണം എന്താണാവോ എന്ന്!

ഈ സഹമന്ത്രി എന്‍ഡോസള്‍ഫാനെ കുറിച്ച് കേരളത്തില്‍ ആരൊക്കെ പഠനം നടത്തി എന്ന് ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍. ഒന്നുമില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഡിസീസ് ആന്റ് കണ്ട്രോള്‍ പ്രിവെന്‍ഷന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പഠനത്തിന്റെ റിസള്‍ട്ട് 2003ല്‍ Environ Health Perspectല്‍ പ്രസിദ്ധീകരിച്ചത് ഒന്ന് ഓടിച്ച് നോക്കിയിരുന്നുവെങ്കില്‍ ഈ ജനവിരുദ്ധ പ്രസ്താവന നടത്തില്ലായിരുന്നു.



കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടകയിലെ അതിര്‍ത്തിയിലും ദുരിതം അനുഭവിക്കുന്നവര്‍ ഉണ്ട്. അവിടെ കഴിഞ്ഞ ദിവസം ഒരു മരണം കൂടി നടന്നത് പത്രങ്ങളില്‍ വന്നത് തമാശകള്‍ മാത്രം വായിക്കുന്ന തോമസ്സ് മാഷ് അറിഞ്ഞില്ലായിരിക്കാം! തമിഴ്നാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മാഷിന്റെ കണ്ണില്‍ നിസ്സാരമായിരിക്കാം.


കുമ്പളങ്ങി തമാശകള്‍ എഴുതുന്ന പോലെ നിസ്സാരമായി എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ കാണുന്ന ഒരു കേന്ദ്ര സഹ മന്ത്രിയെ നമുക്ക് ആവശ്യമുണ്ടോ?

വി.എം. സുധീരന്‍ തോമസ്സിനെതിരെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞ പോലെ ജീവിക്കുന്ന രക്തസാക്ഷികളാണ് നമുക്ക് മുന്നിലുള്ളത്. അത് ഇനിയെങ്കിലും കാണുവാന്‍ കണ്ണ് തുറക്കുക. വങ്കിട കമ്പനിക്കാരെ സംരക്ഷിക്കുവാനല്ല ജനങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് മറക്കരുത്! 

Thursday, October 21, 2010

പ്രതിപക്ഷ നേതാവ് ഭാരമാവുമ്പോള്‍!

ഒരു പ്രദേശത്തിന്റെ അല്ലെങ്കില്‍ ഒരു ദേശത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനാണ് ജനങ്ങള്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ഭൂരിപക്ഷം കിട്ടുന്നവര്‍ക്ക് ഭരിക്കുവാന്‍ അവസരം കിട്ടുമ്പോള്‍ ജയിച്ചിട്ടും ഭൂരിപക്ഷമില്ലാത്തവര്‍ പ്രതിപക്ഷത്തും ഇരിക്കുന്നു. എന്നാല്‍ ഇവരെ ജനങ്ങള്‍ ജയിപ്പിച്ചത് രാഷ്ട്രീയം നോക്കാതെ ജനങ്ങള്‍ക്ക് നന്മ ചെയ്യുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുവാനാണ്. പക്ഷേ നമ്മുടെ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കണ്ടാല്‍ തോന്നും പുള്ളി പുറം ലോകത്ത് നിന്ന് പൊട്ടി വീണതാണെന്ന്!

സ്മാര്‍ട്ട് സിറ്റി പ്രശ്നത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കാം എന്ന പ്രസ്താവന നടത്തുമ്പോള്‍ പുള്ളിക്ക് കുറച്ചെങ്കിലും ലജ്ജ തോന്നണമായിരുന്നു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വെറും തറ രാഷ്ട്രീയക്കാരനല്ല എന്ന തിരിച്ചറിവ് പുള്ളിക്ക് വേണമായിരുന്നു.

ജനങ്ങളോട് കൂറുള്ളവനെങ്കില്‍ ഗീര്‍വാണം മുഴക്കിയ പോലെ സ്മര്‍ട്ട് സിറ്റി പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തിയിട്ട് അത് പത്ര സമ്മേളനത്തിലൂടെ പറയുവാനുള്ള മര്യാദ കാട്ടാമായിരുന്നു....

Monday, October 18, 2010

കേന്ദ്രസര്‍ക്കാര്‍ കൊലപാതകികളോ!

കഴിഞ്ഞ  ദിവസം സമാപിച്ച സ്റ്റോക്ക്ഹോം കണ്വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കൊലയാളി കീടനാശിനിയെ അനുകൂലിക്കുവാന്‍ ഇന്ത്യന്‍ പ്രതിനിധി മാത്രം! കേരളത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് അമേരിക്കന്‍ കമ്പനിക്ക് കൂട്ടികൊടുപ്പ് നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ പക്ഷേ അമേരിക്കന്‍ സര്‍ക്കാര്‍ എന്‍ഡോ സള്‍ഫാനെതിരെ നടപടിയെടുക്കുന്നത് കണ്ടില്ല എന്ന് നടിക്കുന്നു.

മനുഷ്യരില്‍ ന്യൂറോടോക്സിക്ക് ഫലം ഉളവാക്കുന്ന രാസവസ്തുവാണ് എന്‍ഡോസള്‍ഫാന്‍ എന്ന് അമേരിക്കയിലെ എന്വയോണ്മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജനസി വിലയിരുത്തുന്നതിന് മുന്‍പ് തന്നെ കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ കശുമാവിന്‍ തോട്ടത്തിനടുത്ത് താമസിക്കുന്ന ഗ്രാമത്തിലെ ജനങ്ങള്‍ ജീവിക്കുന്ന "സ്പെസിമന്‍" ആണെന്ന് ലോകം കണ്ടതാണ്. കര്‍ണാടകയിലും ഇതേ രാസവസ്തു കൊണ്ട് നരകിക്കുന്ന ഗ്രാമം ഉണ്ട്.  എന്നിട്ടും ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് വങ്കിട കമ്പനിയെ ബാധിക്കും എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊലപാതകിയുടെ വേഷം എടുത്തണിയുന്നു.

നിരുപദ്രവകാരിയാണെന്ന കമ്പനിയുടെ വാക്കുകള്‍ ഏറ്റ് പറഞ്ഞ് കണ്വെന്‍ഷനില്‍ ഇന്ത്യ നാണം കെട്ടു. രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനെതിരെ നിരന്നപ്പോള്‍ ജനങ്ങളെ തള്ളി പറഞ്ഞ് ഇന്ത്യ മാത്രം കീടനാശിനിയെ അനുകൂലിച്ചു!!!

ആ പ്രതിനിധിയെ (കേന്ദ്ര സര്‍ക്കാരിനെ തന്നെ) ഒരു മിനിറ്റ് കാസര്‍ഗോഡിലെ പദ്രയില്‍ എത്തിച്ചിരുന്നുവെങ്കില്‍ കണ്വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് വേണ്ടി നാവ് ഉയരില്ലായിരുന്നു....


പദ്രയെ പറ്റിയും അവിടെ നടത്തിയ പരീക്ഷണങ്ങളെ കുറിച്ചും ഇവിടെയും പുതിയ വിശേഷങ്ങളെ കുറിച്ച് ഇവിടെയും വായിക്കാം.


അവിടത്തെ ഒരു ചെറു വിവരണം കാണുവാന്‍ ദാ യൂ ട്യൂബില്‍ (രണ്ട് ഭാഗങ്ങള്‍ ഉണ്ട്).

ചത്ത് ജീവിക്കുന്ന പദ്ര നിവാസികള്‍ക്ക് വേണ്ടി ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍.....

Thursday, October 14, 2010

പോപ്പിന്റെ പുതിയ ശ്രമം

നോര്‍ത്ത്-സൌത്ത് അമേരിക്കയിലെ പോലെ തന്നെ യൂറോപ്പിലും കാത്തലിക്ക് വിശ്വാസികളെ പിടിച്ച് നിര്‍ത്തുവാനും കൊഴിഞ്ഞ് പോയവരെ തിരിച്ച് കൊണ്ട് വരുവാനും സഭ കിണഞ്ഞ് പരിശ്രമിക്കുകയാണ്.

പഴയ ക്രൈസ്തവ വിശ്വാസങ്ങളുടെ സ്ഥാനത്ത് പുതിയവയുടെ വരവ് കാ.സഭയെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇതിന്റെ കൂടെ പുരോഹിതരുടെ ബാല പീഡന വാര്‍ത്തകളും പുറത്ത് വന്നതോടെ സഭയിലുള്ള വിശ്വാസം കുറയുവാന്‍ ഇടയായി.

കൊഴിഞ്ഞ് പോയ വിശ്വാസികളെ തിരികെ കൊണ്ടു വരുവാനുള്ള പോപ്പിന്റെ ശ്രമങ്ങളുടെ ഒടുവിലത്തെ ഫലമാണ് കഴിഞ്ഞ ദിവസം വത്തിക്കാനില്‍ തുടങ്ങിയ പുതിയ ഓഫീസ്. കാ.സഭയുടെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട് പോയ “വിശ്വാസം” വീണ്ടെടുക്കുവാനുള്ള ഒരു ശ്രമം. ഓഫീസ് വാര്‍ത്ത പുറത്ത് വിട്ടത് ബെനഡിക്റ്റ് തന്റെ അപ്പോസ്റ്റലിക് ലെറ്ററിലൂടെയാണ്.

ശാസ്ത്ര-സാങ്കേതിക കുതിച്ച് ചാട്ടം, സമൂഹത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ച, വ്യക്തി സ്വാതന്ത്ര്യം, ദേശവും ഭാഷയും മാറിയുള്ള വിവാഹങ്ങള്‍, സാമ്പത്തിക പുരോഗതി തുടങ്ങിയവ ആളുകളില്‍ മതത്തെ പറ്റി മാറ്റി ചിന്തിക്കുകയും പലരും ദൈവമില്ലാതെ തന്നെ ജീവിക്കാം എന്ന തീരുമാനത്തില്‍ എത്തിയതും പോപ്പ് തന്റെ എഴുത്തില്‍ ചൂണ്ടി കാട്ടുന്നു (വത്തിക്കാന്‍ വെബ്സൈറ്റിലുള്ള ഈ എഴുത്തിന്റെ തര്‍ജ്ജിമ). അതോടൊപ്പം തന്നെ പണ്ട് മതവിശ്വാസം പ്രബലമായിരുന്ന “ഒന്നാം ലോക രാജ്യങ്ങളില്‍” ദൈവമില്ല എന്ന വിശ്വാസത്തിലേയ്ക്ക് ആളുകള്‍ എത്തിയിരിക്കുന്നു. പണ്ട് ക്രൈസ്തവ വിശ്വാസം വേരോടിയിരുന്ന പല സ്ഥലങ്ങളിലും മിക്കവാറും ആളുകള്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ അല്ലാതെ ആയിരിക്കുന്നു എന്ന ജോണ്‍ പോളിന്റെ 1988ലെ വചനങ്ങള്‍ ബെനഡിക്റ്റ് ഇവിടെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ഇവരെ തിരിച്ച് കൊണ്ട് വരുവാനായിട്ടാണ് പുതിയ “പോണ്ടിഫിക്കല്‍ കൌണ്‍സിലിന്” രൂപം നല്‍കുകയാണെന്നും അതില്‍ എന്തൊക്കെ വേണമെന്നും സെപ്തമ്പര്‍ 21ന് പുറത്തിറക്കിയ എഴുത്തില്‍ പറയുന്നു. അതില്‍ ആര്‍ട്ടിക്കിള്‍ 3ല്‍ നാലാമതായി പറയുന്നത് പ്രചരണത്തിനായി ആധുനിക ആശയവിനിമയ മേഖലകളെ പറ്റി കൌണ്‍സില്‍ പഠിക്കുകയും അത് പ്രയോജനപ്പെടുത്തുകയും വേണമെന്നാണ്!

കഴിഞ്ഞ ദിവസം മെഡിസിനുള്ള നൊബേല്‍ സമ്മാനം "കൃത്രിമ" മാര്‍ഗ്ഗത്തിലൂടെ ജീവന്‍ ഉണ്ടാക്കാം എന്ന കണ്ട് പിടുത്തത്തിന് കൊടുത്തതിനെ വത്തിക്കാന്‍ ശക്തമായി വിമര്‍ശിച്ചത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്! മാറിയ സാഹചര്യത്തിലും തങ്ങള്‍ പഴയവയില്‍ നിന്ന് ഒരടി പോലും മുന്നോട്ട് വെയ്ക്കില്ല എന്നതിന്റെ തെളിവാണ് സെപ്തമ്പര്‍ 21ന് ഇറക്കിയ എഴുത്തിന് ശേഷം നടന്ന ഈ സംഭവം.

കൂടാതെ എല്ലാ മേഖലയിലും വത്തിക്കാന്റെ വാക്കുകള്‍ പ്രചരിപ്പിക്കണം എന്ന് പറയുന്ന ഈ എഴുത്ത് എഴുതിയിരിക്കുന്നത് ഇറ്റാലിയന്‍, ലാറ്റിന്‍ ഭാഷകളില്‍ മാത്രമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് ഈ എഴുത്തിന്റെ ഉള്ളടക്കം എങ്ങിനെ വായിച്ചെടുക്കാം എന്നത് ഒരു ചോദ്യ ഛിഹ്നം തന്നെ... ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ എന്ന ആധുനിക മാധ്യമം ഉപയോഗിക്കാം എന്നതായിരിക്കാം ഇതിനുള്ള മറുപടി!

ചുരുക്കത്തില്‍ തകര്‍ന്ന് പോയ മുഖം തിരിച്ച് പിടിക്കുവാന്‍ വ്യക്തമായ ലക്ഷ്യത്തോടെയാണ് കാ.സഭ എന്ന് മനസ്സിലാക്കാം.

Sunday, October 3, 2010

ഒളിക്യാമറയുടെ രക്തസാക്ഷി

ഒളിക്യാമറ നമ്മുടെ നാട്ടില്‍ ഒരു വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു.

അമേരിക്കയിലെ ന്യൂയോര്‍ക്കിനടുത്തുള്ള ന്യൂജേര്‍ഴ്സി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം ജോര്‍ജ് വാഷിങ്ടണ്‍ പാലത്തില്‍ നിന്ന് നദിയില്‍ ചാടി ആത്മഹത്യ ചെയ്തു. അതിന് പിന്നില്‍ ഒളിക്യാമറ ആണെന്ന് പോലീസ്. ക്ലമന്റി എന്ന ആ വിദ്യാര്‍ത്ഥിയുടെ സഹമുറിയനായ ദരുണ്‍ രവി എന്ന ഇന്ത്യന്‍ വംശജനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ക്ലമന്റി തങ്ങളുടെ മുറി ഒരു ദിവസം വൈകുന്നേരത്തേയ്ക്ക്  സ്വന്തമായി വേണം എന്ന് രവിയോട് അഭ്യര്‍ത്ഥിച്ചു. ആ രാത്രി രവി മറ്റൊരു വിദ്യാര്‍ത്ഥിനിയായ മോളി വെയുടെ മുറിയില്‍ കൂടി. എന്നാല്‍ സ്വന്തം മുറിയിലുള്ള തന്റെ ലാപ്പ്ടോപ്പിലെ ക്യാമറ പ്രവര്‍ത്തിപ്പിച്ച് രവി മുറിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കി. ക്ലമന്റ് ഗസ്റ്റ് ആയി എത്തിയ ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗമാണ് രവിക്ക് കാണുവാന്‍ കഴിഞ്ഞതത്രേ. പിറ്റേന്ന് ട്വിറ്ററിലൂടെ ഐചാറ്റില്‍ വരുന്നവര്‍ക്ക് “രംഗങ്ങള്‍” ലൈവായി കാണിച്ച് തരാമെന്ന് രവി ട്വീറ്റി. താന്‍ വഞ്ചിക്കപ്പെട്ടെന്നും, ഒരു ഗേയാണെന്ന് പുറം ലോകം അറിഞ്ഞെന്നും മനസ്സിലായ ക്ലമന്റി താന്‍ പാലത്തില്‍ നിന്ന് ചാടുന്നു എന്ന് ഫേയ്സ് ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

സംഭവം ഇപ്പോള്‍ ഗേ ആക്റ്റിവിസ്റ്റുകള്‍ ഏറ്റെടുത്തു കഴിഞ്ഞു....


ഈ വിദ്യ ഇനി കേരളത്തിലുള്ളവര്‍ എന്നാണാവോ ഇറക്കുവാന്‍ പോകുന്നത്!!!