എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, November 30, 2010

ആണുങ്ങള്‍ ലാപ്പ്ടോപ്പ് ഉപയോഗിച്ചാല്‍!

ലാപ്പില്‍ ലാപ്പ്ടോപ്പ് ഉപയോഗിക്കുന്ന ആണുങ്ങള്‍ ശ്രദ്ധിക്കുക, പ്രത്യേകിച്ച് കുട്ടികളൊക്കെ വേണമെന്ന് സപ്നം കാണുന്നവര്‍. ഇത്തരത്തിലുള്ള ഉപയോഗം നിങ്ങളുടെ വൃഷണത്തിന്റെ താപനില ഉയര്‍ത്തും എന്ന് ഗവേഷകര്‍ പറയുന്നു (ലേഖനം ഇവിടെ).

ന്യൂയോര്‍ക്കിലെ ഈ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തില്‍ താപനില 1 ഡിഗ്രി സെത്ഷ്യസ് കൂടുവാന്‍ വെറും 11 മിനിറ്റ് മതിയെന്നാണ്. “ലാപ്പ് പാട്” ഉപയോഗിച്ചാല്‍ പോലും 15 മിനിറ്റിനുള്ളില്‍ 1 ഡിഗ്രി ആകും. എന്നാല്‍ കാലുകള്‍ 70 ഡിഗ്രി അകത്തി വെച്ച് ലാപ്പില്‍ ലാപ്പ് ടോപ്പ് ഉപയോഗിച്ചാല്‍ 28 മിനിറ്റോളം വേണം 1 ഡിഗ്രി കൂടുവാന്‍.

വൃഷണത്തിന്റെ താപ്പനില സാധാരണയിലും 1 ഡിഗ്രി കൂടിയാല്‍ അത് ബീജത്തിനെ ബാധിക്കും. എന്ന് പറഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാകുവാനുള്ള ചാന്‍സ് കുറയും......

അര്‍ജന്റീനയില്‍ നിന്നും ഉള്ള ശാസ്ത്രജ്ഞര്‍ പറയുന്നത് ലാപ്പ് ടോപ്പിന്റെ ഉപയോഗം ബീജത്തിന്റെ ചലനത്തെ കുറയ്ക്കുകയും, അവയുടെ ഡി.എന്‍.എ.യെ നശിപ്പിക്കുകയും ചെയ്യുന്നു എന്നാണ് (ലേഖനം ഇവിടെ). ശുക്ലം എടുത്ത് ലാപ്പ് ടോപ്പ് ഉപയോഗിച്ചും അല്ലാതെയും നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ട് പിടിച്ചിരിക്കുന്നത്!

അപ്പോള്‍ കൌമാരക്കാരും, മക്കള്‍ ഇനിയും വേണമെന്ന് ആഗ്രഹിക്കുന്ന ആണുങ്ങള്‍ ലാപ്പില്‍ ലാപ്പ്ടോപ്പ് ഉപയോഗിക്കുന്നത് സൂക്ഷിക്കുക.

ആണുങ്ങള്‍ ഇറുകിയ അടി വസ്ത്രം ധരിക്കരുത് എന്ന് പറയുന്ന കൂട്ടത്തില്‍ ഒന്ന് കൂടിയായി... ലാപ്പില്‍ ലാപ്പ്ടോപ്പ് ഉപയോഗിക്കരുത്..... :)

Sunday, November 28, 2010

കീടനാശിനി: അറിഞ്ഞിരിക്കേണ്ടത് ഭാഗം: 1

വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍ഡോസല്‍ഫാന്‍ പ്രശ്നം വീണ്ടും ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു. ഭക്ഷണം വേണോ കീടനാശിനികള്‍ കൂടിയേ തീരൂ എന്ന വിശ്വാസം സാക്ഷര കേരളത്തിന്റെ അബോധമനസ്സില്‍ കുടിയേറി കഴിഞ്ഞിരിക്കുന്നു. ചെറിയ തോതിലുള്ള രാസവസ്തുക്കള്‍ മനുഷ്യരില്‍ പ്രത്യേകിച്ച് ഒരു ദോഷവും ചെയ്യില്ല എന്ന അശാസ്ത്രീയ ചിന്ത കേരളിയരുടെ മനസ്സില്‍ ഉറച്ച് കഴിഞ്ഞു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഇവ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് കൊടുക്കാം കൂട്ടത്തില്‍ ഇവ തിരുത്തുവാന്‍ തുനിയാത്ത ശാസ്ത്രജ്ഞര്‍ക്കും.

കീടനാശിനികള്‍ എന്തെന്ന തിരിച്ചറിവ് നമുക്ക് വേണ്ടിയിരിക്കുന്നു. അവ മനുഷ്യരിലും അവന് ചുറ്റുമുള്ള ആവാസവ്യവസ്ഥയിലും എന്തെല്ലാം സ്വാധീനം ചെലുത്തും എന്ന് തിരിച്ചറിയണം.

ഭക്ഷണം സൂക്ഷിക്കണം, അതും കേട് കൂടാതെ കുറച്ച് കാലം, എന്ന ചിന്തയാണ് മനുഷ്യനെ ചുറ്റിലേയ്ക്കും കണ്ടോടിക്കുവാന്‍ പ്രേരിപ്പച്ചത്. പ്രകൃതിയില്‍ നിന്ന് അവന്‍ പാഠങ്ങള്‍ ഉള്‍കൊണ്ടു. എന്നാല്‍ മനുഷ്യരുടെ സംഖ്യ വര്‍ദ്ധിക്കുകയും വിവിധ ഭാഗങ്ങളിലായി ചിതറികിടന്നവര്‍ ഒന്നിക്കുവാന്‍ തുടങ്ങിയതോടെ അവന് കൂടുതല്‍ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുവാനും, സൂക്ഷിച്ച് വെയ്ക്കുവാനും വേണ്ട സംവിധാനങ്ങള്‍ ആവശ്യമായി വന്നു.

പതിനേഴാം നൂറ്റാണ്ടില്‍ പുകയിലയുടെ നീര്‍ കൃഷിയിടങ്ങളില്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. അതിന് മുന്‍പ് ബി.സി.ഇ.യില്‍ തന്നെ സള്‍ഫര്‍ പുക പൂപ്പല്‍ ഉണ്ടാകാതെ സൂക്ഷിക്കുവാന്‍ നല്ലതാണെന്ന് കണ്ടെത്തിയിരുന്നു. 15ആം നൂറ്റാണ്ടില്‍ ആര്‍സനിക്ക്, ലെഡ്(ഈയം), മെര്‍ക്കുറി(രസം) എന്നിവ കീടങ്ങളെ നിയന്ത്രിക്കുവാന്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഡി.ഡി.റ്റി. പ്രചാരത്തില്‍ ആകുന്നത് വരെ ആര്‍സനിക്ക് അടങ്ങിയ രാസവസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്. യുദ്ധ സമയത്ത് മലേറിയ പരത്തുന്ന കൊതുകില്‍ നിന്ന് സൈനികരെ രക്ഷിച്ചത് ഡി.ഡി.റ്റി.യുടെ ഉപയോഗമായിരുന്നു. അതിനാല്‍ തന്നെ മലേറിയ പരത്തുന്ന കൊതുകുകളെ ചെറുക്കുവാനുള്ള ഫലപ്രദമായ ഉപാദിയായി ഡി.ഡി.റ്റി. മാറി. അത് കൊണ്ട് തന്നെ അത് കണ്ട് പിടിച്ച മുള്ളര്‍ എന്ന ശാസ്തജ്ഞന് നോബല്‍ സമ്മാനവും ലഭിച്ചു.

ഡി.ഡി.റ്റി.യുടെ വരവോടെ പിന്നീട് കൃത്രിമ കീടനാശിനികളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി. എന്നാല്‍ 1962ല്‍ “സൈലന്റ് സ്പ്രിങ്” എന്ന ഒരു പുസ്തകം ലോക ശ്രദ്ധ ആകര്‍ഷിച്ചു. റേച്ചല്‍ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞയായിരുന്നു അതിന്റെ രചിയതാവ്. അതില്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ഡി.ഡി.റ്റി. ഉപയോഗിക്കുന്ന കൃഷിയിടങ്ങളുടെ സമീപത്തായുള്ള പക്ഷികള്‍ അപ്രത്യക്ഷമാകുന്നത് ശ്രദ്ധിച്ച റേച്ചല്‍ തന്റെ പുസ്തകത്തില്‍ ഇനി വരുവാനിരിക്കുന്നത് പക്ഷികളുടെ പാട്ട് കേള്‍ക്കാത്ത സ്പ്രിങ് ആണെന്നും അതിന് കാരണം ഡി.ഡി.റ്റി. ഉള്‍പ്പെടെയുള്ള കൃത്രിമ കീടനാശിനികളുടെ ഉപയോഗമാണെന്നും ഉദാഹരണ സഹിതം ചൂണ്ടി കാട്ടി. പതിവ് പോലെ അവ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ ഇവര്‍ക്കെതിരെ ശക്തമായി രംഗത്തെത്തി. എന്നാല്‍ റേച്ചല്‍ തുടങ്ങി വെച്ച പ്രചരണം വളരെ വേഗം വ്യാപിക്കുകയും അതിന്റെ ഫലമായി അമേരിക്കയില്‍ 1970ല്‍ “എന്വയോണ്മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇ.പി.എ.)” നിലവില്‍ വരികയും ചെയ്തു. അതിനെ തുടര്‍ന്നാണ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം വരികയും അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രം മാര്‍ക്കറ്റുകളിലേയ്ക്ക് വിടുകയും ചെയ്യുവാന്‍ തുടങ്ങിയത്.

ഒരു പക്ഷേ അമേരിക്കക്കാര്‍ കൂടുതല്‍ ആകുലരായത് അവരുടെ പക്ഷിയായ “ബാള്‍ഡ് ഈഗിള്‍” കുറഞ്ഞ് വരുന്നതിന് കാരണം ഡി.ഡി.റ്റി.യാണെന്ന്  തെളിഞ്ഞതിനാലാകാം.  ഡി.ഡി.റ്റി. വെള്ളത്തിലൂടെ മത്സ്യങ്ങളില്‍ എത്തി അങ്ങിനെയുള്ള മത്സ്യങ്ങളെ തിന്നുന്ന പരുന്തിന്റെ കാത്സ്യം വ്യവസ്ഥ തകരാറിലാകുകയും അത് അവയിടുന്ന മുട്ടയുടെ തോടിന്റെ ശക്തിയെ ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തി. അതിനാല്‍ ഈ മുട്ടയില്‍ പക്ഷി അടയിരിക്കുമ്പോള്‍ പൊട്ടി പോകുകയും അത് വഴി ഇവയുടെ വംശനാശത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു എന്ന കണ്ടെത്തല്‍ സാധാരണക്കാരിലേയ്ക്കും രാസവസ്തുക്കളുടെ ദോഷവശം തുറന്ന് കാട്ടുവാന്‍ കഴിഞ്ഞു. റേച്ചല്‍ ആരോപിച്ച ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളുടെ ഉറവിടമാണ് ഡി.ഡി.റ്റി. ഉള്‍പ്പെടെയുള്ളവ എന്നത് ശാസ്ത്ര ലോകത്തിന് പുതിയ ഒരു ഗവേഷണ മേഖല തുറന്ന് കിട്ടി.

എന്തായാലും 1972ല്‍ അമേരിക്കയില്‍ ഡി.ഡി.റ്റി. നിരോധിച്ചു. പുറകേ ഡബ്ലു.എച്ച്.ഒ.യും. പക്ഷേ ഇപ്പോഴും റേച്ചല്‍ വിമര്‍ശിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ ഒന്ന് മറക്കുന്നു. ഡി.ഡി.റ്റി.യുടെ തുടര്‍ച്ചയായ ഉപയോഗം മൂലം പലയിടത്തും കൊതുകുകള്‍ ഡി.ഡി.റ്റി.യെ പ്രതിരോധിക്കുവാന്‍ കഴിവുള്ളവയായി മാറിയിരിക്കുന്നു എന്നത്.

റേച്ചലിന്റെ പുസ്തകത്തെ തുടര്‍ന്നാണ് രാസവസ്തുക്കള്‍ ജീവജാലങ്ങള്‍ക്ക് പ്രശ്നമാകുമോ എന്ന് പരീക്ഷണങ്ങള്‍ക്ക് ആക്കം കൂടിയത്. ഇതില്‍ നിന്നും മിക്കവാറും എല്ലാ കൃത്രിമ കീടനാശിനികളും പ്രശ്നക്കാര്‍ തന്നെയാണെന്ന് കണ്ടെത്തി.

എവിടെയാണ് പ്രശ്നം?

കീടനാശിനികള്‍ വിഷമുള്ളവയാണ്. അത് മനുഷ്യരിലും പ്രശ്നമുണ്ടാക്കും. എന്നാല്‍ കുറഞ്ഞ അളവില്‍ അത് ഉപയോഗിച്ചാല്‍ മനുഷ്യര്‍ക്ക് പ്രശ്നമുണ്ടാകില്ല. ഇനി ഉണ്ടായാല്‍ തന്നെ ഇത് ഉപയോഗിച്ചില്ലെങ്കില്‍ നമ്മള്‍ പട്ടിണീ കിടക്കേണ്ടി വരും എന്ന ചിന്ത പലരിലും ഉണ്ട്. ഇത് തന്നെയാണ് കമ്പനിക്കാരുടെ വാദവും. എന്നാല്‍ ഇത് ശരിയാണോ എന്ന് ആരും ചിന്തിക്കുന്നില്ല.

ഇവരുടെ വാദത്തിന് പുറകിലെ അപകടം മനസ്സിലാകണമെങ്കില്‍ കീടനാശിനികളുടെ പ്രവര്‍ത്തനത്തെ കുറിച്ച് അറിയണം. ബയോ അക്വുമുലേശനും ബയോമാഗ്നിഫിക്കേശനും എന്തെന്ന് അറിഞ്ഞിരിക്കണം.

ഡി.ഡി.റ്റി., എന്‍ഡോസള്‍ഫാന്‍ എന്നിവ ഓര്‍ഗാനോ ക്ലോറൈഡ് വിഭാഗത്തിലാണ് പെടുന്നത്. അതായത് ഇവയില്‍ ക്ലോറിന്‍ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് എന്താണ് പ്രശ്നം? ഇവ വിഘടിച്ച് പോകുവാന്‍ എളുപ്പമല്ല എന്നത് തന്നെ. രാസപരമായും, ജൈവികപരമായും വിഘടിക്കപ്പെടാതെ നിലനില്‍ക്കുന്ന ഇവ വളരെ ദുരം സഞ്ചരിക്കുവാന്‍ കഴിയും. ഇത്തരം ഓര്‍ഗാനിക്ക് വസ്തുക്കളെ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊല്യൂട്ടന്റ് (പി.ഒ.പി.) എന്നാണ് പറയുക. ശരീരത്തില്‍ പ്രവേശിക്കുന്ന ഇവ വിഘടിച്ച് പുറത്ത് പോകാതെ  കൊഴുപ്പില്‍ ശേഖരിക്കപ്പെടുന്നു. ഇതിനെയാണ് ബയോ അക്വുമുലേഷന്‍ എന്ന് പറയുന്നത്.

ഇത് കൊണ്ടുള്ള കുഴപ്പം എന്താണ്? ഉദാഹരണത്തിന് മീനുകളില്‍ അടിഞ്ഞ് കൂടുന്ന ഇവയെ പക്ഷികളോ, മൃഗങ്ങളോ, മനുഷ്യരോ ഭക്ഷിക്കുന്നു അങ്ങിനെ അത് അവയുടെ ശരീരത്തിലും പ്രവേശിച്ച് അടിഞ്ഞ് കൂടുന്നു. അതായത് ഭക്ഷ്യ ശൃംഘലയില്‍ കയറുനു. ഈ ശൃംഘലയില്‍ മുകളിലേയ്ക്ക് പോകുന്തോറും ബയോ അക്വുമുലേഷന്‍ നടന്ന രാസവസ്തുവിന്റെ അളവും കൂടുന്നു. ഇതിനെ ബയോ മാഗ്നിഫിക്കേഷന്‍ എന്ന് പറയുന്നു. ചുരുക്കത്തില്‍ ഈ രാസ വസ്തുക്കള്‍ ഒരു ജീവിയില്‍ നിന്ന് മറ്റൊരു ജീവിയിലേയ്ക്ക് ഭക്ഷണത്തിലൂടെ മാത്രമല്ല മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലേയ്ക്കും കടന്ന് ചെല്ലുന്നു.  വളരെ കുറഞ്ഞ അളവില്‍ ശരീരത്തില്‍ പ്രവേശിച്ച് അടിഞ്ഞ് കൂടി അവയുടെ അളവ് കൂടുന്നു.

അത് കൊണ്ട് തന്നെ കുറഞ്ഞ അളവിലുള്ള രാസവസ്തുക്കളെ ഉപയോഗിക്കുന്നുള്ളൂ എന്ന് പറയാമെങ്കിലും ബയോഅക്വുമുലേഷനും, മാഗ്നിഫിക്കേഷനും വഴി അവയുടെ അളവ് കൂടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം കൂടിയ അളവില്‍ രാസവസ്തു എന്ത് ഉപദ്രവമാണോ ചെയ്യുന്നത് അത് ഉണ്ടാകുകയും ചെയ്യുന്നു. ഉദാഹരണമായി Apopka എന്ന നദിയിലെ മുതലകളില്‍ 10 വര്‍ഷത്തിന് ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ട് തുടങ്ങിയത്.

ബയോ അക്വുമുലേഷനും മാഗ്നിഫിക്കേഷനും കീടനാശിനികള്‍ക്ക് മാത്രമല്ല ഹെവി മെറ്റലുകള്‍ എന്നറീയപ്പെടുന്ന മെര്‍ക്കുറി, ലെഡ് തുടങ്ങിയവയും ഇത് പോലെ അടിഞ്ഞ് കൂടി പ്രശ്നമുണ്ടാക്കുന്നു. മെര്‍ക്കുറി പ്രശ്നത്തില്‍ അറിയപ്പെടുന്ന സംഭവമാണ് ജപ്പാനിലെ മീനമാറ്റ എന്ന മുക്കുവര്‍ താമസിക്കുന്ന സ്ഥലത്ത് നടന്നത്. അന്നും ചോദ്യമുയര്‍ന്നിരുന്നു എന്ത് കൊണ്ട് ഇവിടെ മാത്രം ഇത് സംഭവിക്കുന്നു എന്നുള്ളത്! 

കീടനാശിനികളിലേയ്ക്ക് തിരിച്ച് വരാം. ഇവ പ്രധാനമായും ശരീരത്തിലെ ഹോര്‍മോണ്‍ വ്യവസ്ഥയെയാണ് ബാധിക്കുക. ഇത് മൂലം ആണ്‍ വര്‍ഗ്ഗം പെണ്‍ വര്‍ഗ്ഗത്തെ പോലെ ആയി തീരുന്നു എന്ന് നിരീക്ഷണങ്ങള്‍ തെളിയിക്കുന്നു. ഇത് മാത്രമല്ല എന്‍ഡോക്രൈന്‍ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ലൈംഗിക തകരാറുകള്‍ക്കും, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ക്കും, ജനന വൈകല്യങ്ങള്‍ക്കും മറ്റും കാരണമാകുന്നു.

അവയെ കുറിച്ച് അടുത്ത പ്രാവശ്യം എഴുതാമെന്ന് കരുതുന്നു.....


ചില പ്രത്യേക സാഹചര്യത്താല്‍ ഈ പോസ്റ്റ് പെട്ടെന്ന് പബ്ലിഷ് ചെയ്യുന്നതിനാല്‍ ബാക്കി ഭാഗം പിന്നീട്....

Friday, November 26, 2010

ബ്ലാക്ക് ഫ്രൈഡേ

അങ്ങിനെ ഇക്കൊല്ലവും ബ്ലാക്ക് ഫ്രൈഡേ എത്തി. അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിയെന്ന് പലതവണയായി കേള്‍ക്കുന്നു. ജനങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് തെളിയിക്കുന്ന സമയം ആണിത്, ഹോളിഡേ സീസണ്‍.

ഇന്നലെ നവമ്പറിലെ 4ആമത്തെ വ്യാഴാഴ്ച.... അമേരിക്കക്കാര്‍ അന്നാണ് “താങ്ക്സ് ഗിവിങ് ഡേ” എന്ന് പറഞ്ഞ് ആഘോഷിക്കുന്നത്. ഹോളിഡേ സീസണിന്റെ തുടക്കമാണ് അന്ന്. കുടുംബത്തിലുള്ള ആളുകളും കുടുംബ സുഹൃത്തുക്കളും ഒത്ത് കൂടുന്ന ദിവസം. അന്ന് പ്രധാനമായും ടര്‍ക്കി കോഴിയായിരിക്കും ഭക്ഷണ മേശയില്‍.

ഇതിനാല്‍ തന്നെ ഷോപ്പിങ് സെന്ററുകളും വിമാന കമ്പനികളും മറ്റും ഇരയെ കിട്ടുവാന്‍ എന്തും ചെയ്യുന്ന സമയം. ഈ വ്യാഴത്തിന്റെ തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച “ബ്ലാക്ക് ഫ്രൈഡേ” എന്ന പേരില്‍ അറിയപ്പെടുന്നു. ഹോളിഡേ സീസണ്‍ തുടങ്ങിയതിനാല്‍ ആളുകളെ കൊണ്ട് സാധങ്ങള്‍ മേടിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ കച്ചവടക്കാര്‍ തുടങ്ങി വെച്ച ഒരു ദിനം. ഇതിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുവാന്‍ അന്ന് 5-6 മണീക്കൂര്‍ നേരത്തേയ്ക്ക് പല കടകളും ഡീലുകള്‍ നല്‍കുന്നു. രാവിലെ 5 മണിക്ക് തുടങ്ങുന്ന ഡീല്‍ പലയിടങ്ങളിലും രാവിലെ 11 മണിയോടെ തീരും. ഡീലുകള്‍ തലേന്ന് മാത്രമേ പുറത്ത് വിടാറുള്ളായിരുന്നു. എന്നാല്‍ ഇക്കൊല്ലം പല കച്ചവടക്കാരും തങ്ങളുടെ ഡീലുകള്‍ അവര്‍ തന്നെ ചോര്‍ത്തി കൊടുത്തു. 2008 മുതല്‍ ജനങ്ങള്‍ ഷോപ്പിങില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഇക്കൊല്ലം കണക്കുകളനുസരിച്ച് കഴിഞ്ഞ തവണത്തെ അത്രയും തന്നെയേ വരികയുള്ളൂ എന്നതായ്യിരിക്കാം കച്ചവടക്കാര്‍ ഇതിന് തുനിഞ്ഞത്.

ഡീലിലുള്ള സാധനം ഒരു കടയില്‍ 5-10 മാത്രമേ കാണുകയുള്ളൂ എന്നതിനാല്‍ ജനങ്ങള്‍ തലേന്ന് രാത്രി തന്നെ ക്യൂവില്‍ കാണും. ചിലര്‍ ഒരാഴ്ച മുന്നേ കുടില്‍ കെട്ടി താമസിച്ചു തുടങ്ങിയിരുന്നു! പ്രത്യേകത എന്താണ് എന്ന് ചോദിച്ചാല്‍ ഈ ദിവസങ്ങള്‍ തണുപ്പില്‍ പൊതിഞ്ഞവയാണ് എന്നുള്ളതാണ്. ഇന്നലെ രാത്രി ഇവിടെ പൂജ്യത്തിന് താഴെയായിരുന്നു! എന്നിട്ടും ജനങ്ങള്‍ ക്യൂവില്‍ നില്‍ക്കുന്നത് കാണണമെങ്കില്‍ ഇവിടെ ക്ലിക്കുക. ഇതിനിടയില്‍ പലയിടങ്ങളിലും തിരക്ക് മൂലമുള്ള അപകടങ്ങള്‍ നടക്കുവാറുണ്ട് (ഇവിടെ ഒരണ്ണം). 2008ലാണ് വാള്‍മാര്‍ട്ടിലെ ഒരു കടയില്‍ കട തുറന്ന തിരക്കില്‍ വാതിലിനിടയില്‍ ഒരു താല്‍ക്കാലിക തൊഴിലാളി ചതഞ്ഞ് മരിച്ചത്. അതിന് ശേഷം അവര്‍ വ്യാഴവും വെള്ളിയുമായി 48 മണിക്കൂര്‍ തുറന്നിടുന്നു കൂടാതെ മറ്റിടങ്ങളില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുവാന്‍ തുടങ്ങി.

അല്ലെങ്കില്‍ $400 ഓളം വിലയുള്ള ഒരു LCD HDTVക്ക് വെറും $198 മാത്രമേയുള്ളൂ എന്ന് കാണുമ്പോള്‍, ഒരു ബാര്‍ബി ഡോള്‍ $10ന് കിട്ടും എന്ന് കാണുമ്പോള്‍, $1000 ഉള്ള ഒരു സോഫ സെറ്റിന് അതിന്റെ പകുതി കൊടുത്താല്‍ മതിയെന്ന് വരുമ്പോള്‍ ആളുകള്‍ അത് കിട്ടുവാന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യും എന്ന് ഉറപ്പ്.സംഗതി നമ്മുടെ ഓണ-ക്രിസ്തമസ്സ് സെയില്‍ പോലെ വില കൂട്ടിയിട്ട് കുറച്ച് വില്‍ക്കുന്ന പരിപാടിയല്ല  ഇവിടെ. തികച്ചും മാന്യമായ രീതിയില്‍. പക്ഷേ എല്ലാ ഇനത്തിനും ഡീല്‍ ഇല്ല എന്നതിനാല്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ചിലപ്പോള്‍ ഇത്ര നേരം നിന്നതല്ലേ ഇതെങ്കില്‍ ഇത് എന്ന് പറഞ്ഞ് വാങ്ങി പോകുവാനുള്ള പ്രവണത അവര്‍ മുതലെടുക്കുന്നു എന്ന് കാണാം. കഴിഞ്ഞ 3 കൊല്ലമായിട്ട് ജനങ്ങള്‍ പക്ഷേ ഡീല്‍ കിട്ടിയില്ലെങ്കില്‍ വെറും കയ്യോടെ മടങ്ങുവാന്‍ തയ്യാറായിരുന്നു എന്നത് കച്ചവടക്കാരെ അത്ഭുതപ്പെടുത്തുക മാത്രമല്ല ആധിപിടിപ്പിക്കുകയും ചെയ്തിരുന്നു.... (കഴിഞ്ഞ കൊല്ലങ്ങളിലെ കണക്കുകള്‍ കാണുവാന്‍ പഴയ പോസ്റ്റിലേയ്ക്കുള്ള ലിങ്ക്)

ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങളനുസരിച്ച് കടകളില്‍ കഴിഞ്ഞ കൊല്ലത്തേക്കാളും തിരക്കായിരുന്നു. എത്ര വരുമാനം ലഭിച്ചു എന്ന് അടുത്ത ആഴ്ചയോടെ അറിയാം.  ഔദ്യോഗിക കണക്കനുസരിച്ച് 15 മില്ല്യണ്‍ ജനങ്ങള്‍ തൊഴിലില്ലാതെ നില്‍ക്കുമ്പോള്‍ കടന്ന് വരുന്ന ഈ ഹോളിഡേ സീസണില്‍ ഇനിയുള്ള ദിവസങ്ങള്‍ എങ്ങിനെ ആയിരിക്കും എന്നാണ് കച്ചവടക്കാര്‍ നോട്ടമിടുന്നത്.

കഴിഞ്ഞ കൊല്ലം ഹോളിഡേ സീസണിന്റെ ഏകദേശം 15%ത്തോളം വരുമാനം ബ്ലാക്ക് ഫ്രൈഡേ വീക്ക് എന്‍ഡില്‍ നിന്നും ലഭിച്ചിരുന്നു എന്നുള്ളത് വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ വില്‍പ്പന എത്രമാത്രമായിരിക്കും എന്നുള്ളത് കച്ചവടക്കാര്‍ക്ക് പ്രാധാന്യമാകുന്നു. അതിന് ശേഷം തിങ്കളാഴ്ച “സൈബര്‍ മണ്ഡേ”യാണ്. അന്ന് ഓണ്‍ലൈന്‍ ഡീലുകളാണുള്ളത്. ഇക്കൊല്ലം കൂടുതല്‍ കച്ചവടക്കാര്‍ ഓണ്‍ലൈന്‍ ഡീലില്‍ പങ്കെടുക്കുന്നു. തണുപ്പിലും മഴയത്തും പോകാതെ ഓഫീസിലും വീട്ടിലും ഇരുന്ന് കമ്പ്യൂട്ടറിലൂടെ ഡീല്‍ പിടിക്കാം എന്നത് മുതലാക്കി കച്ചവടക്കാര്‍ ഈ അടുത്ത് തുടങ്ങിയ ഒന്നാണ് ഇത്. തിങ്കളാഴ്ച ഇന്ന് നടന്നതിലും കൂടുതല്‍ കച്ചവടം നടക്കുമെന്നാണ് പ്രതീക്ഷ.

അതിനാല്‍ കച്ചവടക്കാരെ പോലെ തന്നെ എക്കണോമിസ്റ്റുകളും കണക്കുകള്‍ക്കായി കാത്തിരിക്കുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് തിരിച്ചു വന്നു എന്ന് പറയുമ്പോഴും ജനങ്ങള്‍ പഴയ പോലെ ഹോളിഡേ സീസണ്‍ അടിച്ച് പൊളിക്കുവാന്‍ തയ്യാറായിട്ടുണ്ടോ എന്ന് അറിയുവാന്‍.....

വാല്‍കഷണം:
മിക്ക സാധനങ്ങളും വാങ്ങി കഴിഞ്ഞ് നോക്കുമ്പോള്‍ കാണുക “Made in China" എന്നതായിരിക്കും.

Thursday, November 25, 2010

എന്‍ഡോസള്‍ഫാന്‍ കേരളം നിരോധിച്ചു

എന്‍ഡോസള്‍ഫാന്റെ ഉപയോഗം കേരളത്തില്‍ നിരോധിച്ച് കൊണ്ട് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. കഴിഞ്ഞ നവമ്പര്‍ 18ആം തിയതിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്! ഇത് ലംഘിക്കുന്നവര്‍ക്ക്   വര്‍ഷം തടവും പിഴയും ലഭിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

2008 മുതല്‍ 2010 വരെ ബോര്‍ഡ് നടത്തിയ പഠനത്തില്‍ കാസര്‍ഗോഡ് മേഖലയിലെ പ്രശ്ന പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയിരിiകുന്നു! ഷിരിയ പുഴയിലും അടുത്തുള്ള തോട്ടിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിട്ടുണ്ട്!

03-03-2001ലാണ് കാസര്‍ഗോഡ് പി.സി.കെ.യുടെ കീഴിലുള്ള സ്ഥലത്ത് ഹെലികോപ്റ്റര്‍ വഴിയുള്ള മരുന്ന് തളി ബോര്‍ഡ് തടഞ്ഞത്. 2004 ഡിസമ്പര്‍ 7ആം തിയതി കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിറുത്തി ബോര്‍ഡ് ഉത്തരവ് ഇറക്കിയിരുന്നു. വര്‍ഷങ്ങളായി മരുന്നടി നടന്നിട്ടില്ല എന്നതിനാല്‍ തന്നെ 2008-2010 കാലയളവില്‍ ബോര്‍ഡിന്റെ പഠനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഈ പ്രദേശങ്ങളില്‍ കണ്ടെത്തി എന്നത് ശ്രദ്ധ പതിപ്പിക്കേണ്ട ഒന്നാണ്.

എന്‍ഡോസള്‍ഫാനെതിരെയുള്ള ആദ്യപടിയായി. ഇനി.....

വാല്‍കഷണം:
എം.ജി. യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ പറ്റീ “Distance Between Brain and Heart” എന്ന ഡോക്യുമെന്ററി മുഴുവനായും യൂ ട്യൂബില്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, November 22, 2010

പോപ്പും ഉറയും... ഫോളോ അപ്പ്

പോപ്പ് ആഫ്രിക്ക സന്തര്‍ശിക്കുവാന്‍ പോകുന്ന വഴിയിലാണ് ഗര്‍ഭ നിരോധന ഉറകള്‍ എയിഡ്സ് കൂട്ടുന്നു എന്ന് പറഞ്ഞത്.

മാസങ്ങള്‍ അധികം കഴിഞ്ഞില്ല ദാ പോപ്പ് പറയുന്നു എയിഡ്സ് ബാധ കുറയ്ക്കാന്‍ ഉറ ഉപയോഗിക്കാം എന്ന്. ജര്‍മ്മന്‍ പത്രപ്രവര്‍ത്തകനായ പീറ്റര്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ 23ആം തിയതി പുറത്ത് ഇറങ്ങുന്ന Light of the World: The Pope, the Church and the Signs of the Times എന്ന പുസ്തകത്തിലാണ് ഈ പരാമര്‍ശം അത്രേ.

പക്ഷേ ഉറയുടെ ഉപയോഗം “വേശ്യന്മാര്‍ക്ക്” മാത്രം ബാധകം!


ഇത് കൊണ്ട് പോപ്പ് എന്താണ് ഉദ്ദേശിച്ചതെന്ന് പുള്ളിയോട് തന്നെ ചോദിക്കേണ്ടി വരും. വേശ്യകള്‍ക്ക് ഉറ ഉപയോഗിക്കാന്‍ കഴിയില്ല എന്നാണോ അതോ വേശ്യകളെ പ്രാപിക്കുന്നവര്‍ വേശ്യന്മാരാണെന്നാണോ! (ഇറ്റാലിയന്‍ ഭാഷയില്‍ ഇറങ്ങുന്ന പുസ്തകത്തില്‍ വേശ്യകളെ കുറിച്ചും പറയുന്നുണ്ട് എന്നാല്‍ ജര്‍മ്മനിയിലും, ഇംഗ്ലീഷിലും ഇറങ്ങുന്ന പുസ്തകത്തില്‍ വേശ്യന്മാരെ കുറിച്ച് മാത്രമേയുള്ളു)

അതോ വിവിധ രാജ്യങ്ങളിലായി “ജോലി” ചെയ്യുന്ന ചില പുരോഹിതര്‍ “വേശ്യന്മാരാണെന്ന” വാര്‍ത്തകള്‍ പുറത്ത് വന്നതിന്റെ അനന്തര ഫലമാണോ?


ഇനി അപ്പോള്‍ കൃത്രിമ അണ്ഡോല്‍പ്പാദനം, സ്റ്റെം സെല്‍ എന്നിവയൊക്കെ ആകാമെന്ന് പുറകേ കേള്‍ക്കുവാന്‍ കഴിയുമോ?

Wednesday, November 17, 2010

മെഡിക്കല്‍ സ്വകാര്യത!

കഴിഞ്ഞ കുറച്ച് മാസങ്ങളായിട്ട് ജോലിയുടെ ഭാഗമായി ആശുപത്രി സംബന്ധമായ നിയമങ്ങളുടെ ഊരാക്കുടുക്കില്‍ കൂടി നടക്കുകയാണ്.

ഇന്ന് ഒരു കൂടിചേരല്‍ ഉണ്ടായിരുന്നു. അതിന്റെ വിഷയം മെഡിക്കല്‍ രംഗത്തെ സ്വകാര്യതയെ പറ്റിയായിരുന്നു. അമേരിക്കന്‍ നിയമം അനുസരിച്ച് ഒരു രോഗിക്ക് തന്റെ സ്വകാര്യത നഷ്ടപ്പെടാതെയിരിക്കുവാന്‍ എന്തെല്ലാം നിയമങ്ങളാണ് അമേരിക്കന്‍ ഗവണ്മെന്റ് നല്‍കിയിരിക്കുന്നതും അത് ലംഘിക്കാതെ നോക്കേണ്ടത് എങ്ങിനെയെന്നും ആയിരുന്നു ചര്‍ച്ച.

കഴിഞ്ഞ മാസം ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ലാപ്പ് ടോപ്പും, കുത്തൂലി(ഫ്ലാഷ് ഡ്രൈവ്)യും മോഷണം പോയി. ആ കുത്തൂലിയില്‍ 300ഓളം രോഗികളുടെ ഡാറ്റയുണ്ടായിരുന്നു. അമേരിക്കന്‍ നിയമം അനുസരിച്ച് 50,000 ഡോളര്‍ എന്ന നിരക്കിലാണ് ഫൈന്‍ ലഭിക്കുവാന്‍ സാധ്യതയുള്ളത്. അതായത് ആ വിദ്യാര്‍ത്ഥിക്ക് ഒരു പക്ഷേ 1,50,00,000 ഡോളര്‍ പിഴ ലഭിക്കാം! എന്നാല്‍ നിയമജ്ഞരുടെ സഹായത്താല്‍ പ്രശ്നം രമ്യതയില്‍ തീര്‍ന്നു. ആ വിദ്യാര്‍ത്ഥിക്ക് 2 കൊല്ലം രോഗികളുമായി ഇടപെടുവാന്‍ കഴിയില്ല എന്ന ശിക്ഷയില്‍ ഒതുങ്ങി.

ഇതിനെ തുടര്‍ന്നാണ് പെട്ടെന്ന് ഈ കൂടിചേരല്‍ നടന്നത്.

HIPAA എന്നറിയപ്പെടുന്ന ഈ നിയമത്തില്‍ ഒരു രോഗിയുടെ പേര്‍, വിലാസം, ജനന തിയതി, രോഗ വിവരങ്ങള്‍, ചികിത്സ തിയതി തുടങ്ങി രോഗിയെ തിരിച്ചറിയുവാന്‍ കഴിയുന്ന ഒന്നും തന്നെ ഹോസ്പിറ്റല്‍ (ജോലി ചെയ്യുന്നവരും) മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കുവാന്‍ പാടില്ല. രോഗികളെ പറ്റിയുള്ള വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവരുടെ ചുമതലയാണ്. അത് ക്ലിനിക്കല്‍ മേഖലയിലായാലും, മെഡിക്കല്‍ ഗവേഷണ മേഖലയാണെങ്കിലും ശരി.

യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒരു ഹോസ്പിറ്റലിലേയ്ക്കുള്ള പറിച്ച് നടലില്‍ നിന്ന് ഒരു രോഗിയുടെ സ്വകാര്യതയെ പറ്റി പഠിക്കുന്നതില്‍ മാത്രമല്ല ഹോസ്പിറ്റലില്‍ നടപ്പാക്കേണ്ട ഓരോ കാര്യങ്ങളും കാണുമ്പോള്‍ ഇന്ത്യയിലെ രോഗികളുടെയും ഹോസ്പിറ്റലുകളുടെയും അവസ്ഥയാണ് ഓര്‍മ്മ വരുന്നത്.

ഇന്ത്യയില്‍ ഏത് അണ്ടനും അടകോടനും ചെന്ന് ഒരു വ്യക്തി ഒരു ഹോസ്പിറ്റലിലെ അല്ലെങ്കില്‍ ഒരു ഡോക്റ്ററിന്റെ പേഷ്യന്റാണോ എന്ന് ചോദിച്ചാല്‍ വിവരങ്ങള്‍ മുഴുവന്‍ ലഭിക്കും എന്ന അവസ്ഥ! ഇവിടെയാണെങ്കില്‍ സ്വന്തം ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ, മാതാപിതാക്കളുടെയോ, കുട്ടികളുടെയോ രോഗവിവരം കിട്ടണമെങ്കില്‍ “ക്ഷ” വരക്കണം. ഇനി നിങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വന്നു എന്ന് തോന്നിയാല്‍ നേരെ എഴുതി കൊടുക്കുക. തെളിഞ്ഞാല്‍ ലക്ഷങ്ങള്‍ പോക്കറ്റില്‍. പെട്ടെന്ന് ഓര്‍മ്മ വരുന്നത് ഒരു ഹിന്ദി പടത്തില്‍ ജാവേദ് ജാഫറി (അമേരിക്കയില്‍) ഹോസ്പിറ്റലിനെതിരെ കേസ്സ് ഫയല്‍ ചെയ്ത് പണം സമ്പാദിക്കുന്ന രംഗമാണ്!


ഇന്ത്യയില്‍ മെഡിക്കല്‍ എത്തിക്സ് നിയമം ഒക്കെ ഉണ്ടെങ്കിലും ആരും തന്നെ അത് പാലിക്കാറില്ല. ആരോഗ്യ മേഖലയില്‍ നിന്ന് പഠിച്ച് ഇറങ്ങുന്നവര്‍ക്ക് രോഗികളുടെ സ്വകാര്യത നോക്കണമെന്ന അറിവ് പകര്‍ന്ന് കിട്ടുവാനുള്ള അവസരമില്ല.

ഇവിടെ ഇത് കുറിക്കുവാന്‍ കാരണം അമേരിക്കയില്‍ എത്തിപെടാവുന്ന നേഴ്സുമാരും, മെഡിക്കല്‍ ഗവേഷകരും  അറിഞ്ഞിരിക്കേണ്ട ഒന്നായതിനാലാണ്. ഇന്ത്യയില്‍ നിന്ന് ഡിഗ്രിയെടുക്കുന്ന ഡോക്റ്റര്‍മാര്‍ക്ക് അമേരിക്കയില്‍ എത്തിപ്പെടുവാന്‍ ഒത്തിരി ബുദ്ധിമുട്ടാണ് എങ്കിലും അവര്‍ ഇത് ഇന്ത്യയില്‍ നടപ്പാക്കുവാന്‍ ശ്രമിക്കാവുന്നത് പ്രത്യേകിച്ച് മെഡിക്കല്‍ ട്യൂറിസം എന്ന ഒന്നുള്ളപ്പോള്‍.

Wednesday, November 10, 2010

കേന്ദ്രസര്‍ക്കാര്‍ വായിച്ച് പഠിക്കുവാന്‍

എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണോ എന്ന് നമ്മന്റെ ഗവണ്മെന്റ് ഇനി പഠിക്കുവാന്‍ പുതിയ കമ്മീഷനെ നിയമിക്കുവാന്‍ പോകുന്നതേയുള്ളൂ.

ഈ അമേരിക്കന്‍ ഭക്തന്മാര്‍ക്ക് എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ അമേരിക്ക എന്ത് പഠനം നടത്തി, അവര്‍ എന്ത് ചെയ്യുമെന്ന് ഒന്ന് നോക്കരുതോ... അതിന് നമ്മന്റെ കേന്ദ്രന്മാരെ കിട്ടില്ല... കാശ് പോക്കറ്റില്‍ തടയുന്ന കാര്യത്തില്‍ മാത്രമാണല്ലോ അമേരിക്കയെ വേണ്ടത്...

ഇവനെയൊക്കെ ചുമക്കേണ്ടി വരുന്ന ഇന്ത്യന്‍ വോട്ടര്‍മാരുടെ ഗതികേട്...

അമേരിക്ക കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാനില്‍ നടത്തിയ പഠനത്തെ കുറിച്ചുള്ള എല്ലാ വിവരവും ഇവിടെയുണ്ട്....

നമ്മന്റെ “തിരുത തോമ” ഉള്‍പ്പെടെയുള്ള ജനദ്രോഹികള്‍ ഇതൊക്കെ വായിച്ചിരുന്നുവെങ്കില്‍....  എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ല എന്ന് പൊതുവേദിയില്‍ പ്രസംഗിച്ചിട്ട് ഒടുവില്‍ വിവാദമായപ്പോള്‍ തനിക്ക് പറയാനുള്ളത് പാര്‍ലമെന്റില്‍ പറയാം എന്ന നാറിയ പ്രസ്താവന നടത്തുന്നവര്‍ക്ക് ഇതൊക്കെ വായിക്കുവാന്‍ എവിടെ നേരം?

2012 മുതല്‍ 2016 വരെ ഉള്ള വര്‍ഷങ്ങള്‍ കൊണ്ട് അമേരിക്ക എങ്ങിനെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തലാക്കുമെന്ന് അറിയാന്‍ ഇവിടെ ക്ലിക്കൂ...

ഇത് വരെയുള്ള അമേരിക്കന്‍ ഇ.പി.എ. റിപ്പോര്‍ട്ടുകള്‍ ഇവിടെ കാണാം..

നവമ്പര്‍ 10ന് ഇറക്കിയത് ഇവിടെ...

Monday, November 8, 2010

ഒബാമ പാര്‍ലമെന്റ് ലൈവ്

ലോകസഭ സൈറ്റ്
http://loksabha.nic.in/ls/audio/live_proceedings_of_lok_sabha.htm

റെഡിഫ് സൈറ്റ്
http://news.rediff.com/report/2010/nov/08/obama-visit-watch-obamas-speech-to-parliament-live.htm

Tuesday, November 2, 2010

ഒബാമയ്ക്ക് ഇലക്ഷനില്‍ തിരിച്ചടി

അമേരിക്കന്‍ ഇലക്ഷന്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങി.

സെനറ്റില്‍ ഒരു സീറ്റ് കൂടി കിട്ടിയാല്‍ 50 സീറ്റ് കിട്ടി നാണക്കേട് ഒഴിവാക്കാം. 2008ല്‍ 57 സീറ്റ് കിട്ടി ഭൂരിപക്ഷം കിട്ടിയിരുന്ന സ്ഥാനത്താണ് ഈ ദയനീയ സ്ഥിതി അതും 40 സീറ്റില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ചുരുക്കത്തില്‍ 7 സീറ്റ് നഷ്ടം.


ഹൌസില്‍ 2008ല്‍ 256 പേര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 200 തികയ്ക്കുമോ എന്ന് സംശയം!

ഗവര്‍ണര്‍മാരില്‍ 20008ല്‍ 2 പേരായിരുന്നു ഒബാമയുടെ പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്.

ഇലക്ഷന് തൊട്ട് മുന്‍പ് ബോംബ് ഭീഷണി വന്നത് ജനങ്ങള്‍ കാര്യമായിട്ടെടുത്തില്ല എന്നും അതിലും കൂടുതലായി ജനങ്ങളെ അലട്ടുന്നത് സാമ്പത്തിക അനിശ്ചിതത്വം തന്നെയെന്ന് ഈ ഇലക്ഷനും ചൂണ്ടി കാട്ടുന്നു. ഭരണത്തിലിരിക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ വോട്ട് ചെയ്യുന്നു....

കാലിഫോര്‍ണിയ ഗവര്‍ണറായിരുന്നു ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡിന്റെ പ്രവൃത്തി കൊണ്ട് അവിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഇബേയുടെ മുന്‍ സി.ഇ.ഒ. വിത്ത്മാന്‍ പുറകിലാണ്....

ടീ പാര്‍ട്ടിയുടെ 2 സ്ഥാനാര്‍ത്ഥികള്‍ വിജയം കണ്ടു.

അമേരിക്കന്‍ ഇലക്ഷന്‍ റിസള്‍ട്ട്

സാമ്പത്തിക മാന്ദ്യത്തിന്റെ അലയടിയില്‍ ഭരണം പിടിച്ച ഒബാമയുടെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി  2 വര്‍ഷങ്ങള്‍ കൊണ്ട് ചെയ്തത് അമേരിക്കക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്ന് ഇന്ന് വിധി എഴുതുന്നു. അമേരിക്കയുടെ കിഴക്കന്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് അവസാനിച്ച് കഴിഞ്ഞു.

ഡെമോക്രാട്ടിക്കുകള്‍ക്കും റിപ്പബ്ലിക്കനുകള്‍ക്കും പുറമേ ടീ പാര്‍ട്ടിയും (ഒബാമ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തീവ്രത പോര എന്ന് പറഞ്ഞ് ചിലര്‍ തുടങ്ങിയത്)  മത്സരിക്കുന്നു. റിപ്പബ്ലിക്കനുകളിലെ എക്സ്ട്രിമിസ്റ്റുകളായ ടീ പാര്‍ട്ടിക്കാര്‍ക്ക് ചില സ്ഥലങ്ങളില്‍ റിപ്പബ്ലിക്കന്‍ ടിക്കറ്റ് ലഭിച്ച് മത്സരിക്കുന്നുണ്ട്. ഇവരുടെ ഭാവിയും ഈ ഇലക്ഷനോടെ അറിയാം.

141മില്ല്യണ്‍ ഡോളറിന് മുകളീല്‍ സന്തം പോക്കറ്റില്‍ നിന്ന് മുടക്കി കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഈബേയുടെ പഴയ സി.ഇ.ഒ. മെഗ് വിത്ത്മാന് എന്ത് സംഭവിക്കും?

കഴിഞ്ഞ ദിവസം തീവ്രവാദികളുടെ ബോംബില്‍ നിന്ന് അമേരിക്കയെ രക്ഷപ്പെടുത്തിയ ഒബാമ സര്‍ക്കാരിന് അനുകൂലമായോ അതോ വാക്ക് കൊടുത്തത് പോലെ സാമ്പത്തിക മേഖല മികച്ചതാക്കാന്‍ കഴിയാത്തതിനാല്‍ ഒബാമ സര്‍ക്കാരിനെതിരായോ വിധി വരുമോ?

കാത്തിരിപ്പിന് അറുതി വരുത്തുവാന്‍ ഇനി ഏതാനും മണീക്കൂറുകള്‍ മാത്രം....

Monday, November 1, 2010

മൌദുദി ഭക്തന്റെ വെളിപ്പെടുത്തല്‍

ഗിലാനിയുടെ ഇന്റര്‍വ്യൂ റെഡ്ഫില്‍ വായിക്കാം.

മുസ്ലീമുകളെയും ഹിന്ദുക്കളെയും രണ്ട് വ്യത്യസ്ത രാജ്യങ്ങളായി തന്നെയാണ് കാണേണ്ടതെന്നാണ് മൌദുദി ഭക്തന്‍ വെളിപ്പെടുത്തുന്നത്! കാരണം മുസ്ലീങ്ങള്‍ ഏക ദൈവത്തിലാണ് വിശസിക്കുന്നത് എന്നാല്‍ ഹിന്ദുക്കളാകട്ടെ കോടിക്കണക്കിന് ദൈവങ്ങളെയാണ് ആരാധിക്കുന്നത്! കൂടാതെ ഇന്ത്യയില്‍ ഇസ്ലാമിന്റെ നിയമം അനുസരിച്ച് ജീവിക്കുവാനുള്ള സാഹചര്യമല്ലയുള്ളതെന്നും മദ്യവും, പലിശയും ഉള്ള ഒരു സ്ഥലത്ത് എങ്ങിനെ മുസ്ലീമുകള്‍ക്ക് കഴിയാനാകും എന്നാണ് ഗിലാനിയുടെ ചോദ്യം! ഇതു പോലുള്ള അമുസ്ലീം സംവിധാനം മുസ്ലീം സംസ്കാരത്തെ തകര്‍ക്കും പോലും!

ഇന്ന് ലോകത്ത് ഒരു രാജ്യവും യഥാര്‍ത്ഥ മുസ്ലീം വിശ്വാസത്തോടെ ജനാധിപത്യപരമായി ഭരിക്കുന്നില്ല എന്നും പുള്ളി വിലയിരുത്തുന്നുണ്ട്!

“യഥാര്‍ത്ഥ” ജനാധിപത്യത്തെ പറ്റി ഇപ്പോള്‍ വായ തോരാതെ പാടി നടക്കുന്ന മൌദുദി ഭക്തരുടെ ഹിഡന്‍ അജണ്ടയാണ് കൊടികുത്തിയ ഭക്തരായ ഗിലാനിമാരിലൂടെ പുറത്ത് വരുന്നത്!

വിശ്വാസികളെ വഴി തെറ്റിക്കുന്ന പുരോഹിത വര്‍ഗ്ഗങ്ങളാണ് ഇന്ന് കേരളം (ഇന്ത്യയും) നേരിടുന്ന ഭീഷണി.