എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, December 31, 2010

പെണ്‍കുട്ടികള്‍ ബാധ്യതയാണോ?

പെണ്‍കുട്ടികള്‍ ബാധ്യതയാണെന്ന് ഇന്ത്യയിലെ ഏക വനിത സുപ്രീം കോടതി ജഡ്ജി ബഹു. ഗ്യാന്‍ സുധ മിശ്ര പറഞ്ഞിരിക്കുന്നു. ജഡ്ജിമാര്‍ തങ്ങളുടെ സമ്പാദ്യ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യത്തെ തുടര്‍ന്നാണ് ബഹു. ജഡ്ജിയുടെ വിവരങ്ങള്‍ സുപ്രീം കോടതി വെബ്സൈറ്റില്‍ വരുന്നത്  (ഇവിടെ വായിക്കാം). അതില്‍ ഏറ്റവും അവസാനമായി ലയബളിറ്റീസ് എന്ന വിഭാഗത്തില്‍ മകള്‍ക്ക് വിദ്യാഭ്യാസ ലോണിന് ഗ്യാരന്റി നിന്നതിനൊപ്പം രണ്ട് പെണ്‍മക്കളെ കല്ല്യാണം കഴിക്കുവാനുണ്ട് എന്നതും രേഖപ്പെടുത്തിയിരിക്കുന്നു. അതിനൊപ്പം റിട്ടയര്‍മെന്റിനു ശേഷം താമസിക്കുവാനുള്ള വീട് നിര്‍മ്മാണവും ലയബളിറ്റീസില്‍ കൊടുത്തിരിക്കുന്നു‍.

ഇത് പുറത്ത് വന്നതോടെ പ്രതിഷേധവുമായി ആളുകള്‍ രംഗത്തിറങ്ങി. ചര്‍ച്ചകള്‍ നടക്കുന്നു. പെണ്‍കുട്ടികള്‍ ബാധ്യതയാണെന്ന് ഒരു ജഡ്ജിക്ക് അതും ഒരു സ്ത്രീക്ക് പറയാമോ?

ഞാനും ഈ വാര്‍ത്ത വായിച്ച് അതേ വാദം പറഞ്ഞപ്പോള്‍ എന്റെ വാമഭാഗം എന്നോട് ചില ചോദ്യങ്ങള്‍. ഇക്കാലത്ത് പെണ്‍കുട്ടികളെ കെട്ടിക്കുന്നത് ബാധ്യതയല്ലെന്ന് പറയുവാന്‍ കഴിയുമോ? ജഡ്ജിയെ കൊണ്ട് പറയിപ്പിച്ചത് ഇന്നത്തെ സാമൂഹിക സാഹചര്യം തന്നെയല്ലേ?

ഒരു നിമിഷം ഞാനും ആലോചിച്ചു. ശരിയല്ലേ.... ആ രണ്ട് പെണ്മക്കളെ നല്ല നിലയില്‍ കെട്ടിച്ച് വിടണമെങ്കില്‍ എത്ര തുക ആ മാതാപിതാക്കള്‍ മുടക്കണം. ജഡ്ജി എന്ന പേര് പറഞ്ഞിരുന്നാല്‍ ആരെങ്കിലും വെറുതെ അവരെ കെട്ടുമോ?

കഴിഞ്ഞ ഒരാഴ്ച എന്റെ ജീവിതത്തില്‍ സംഭവിച്ച രണ്ട് ഉദാഹരണം മാത്രം കുറിക്കുന്നു.

അതില്‍ ആദ്യത്തേത്. പെണ്ണ്കാണുവാന്‍ വന്നവര്‍ ചോദിച്ചത് 15 ലക്ഷം. ഒടുവില്‍ 10 ലക്ഷത്തിനാണെങ്കില്‍ ഉറപ്പിക്കാം എന്ന്. ഇനി 10 ലക്ഷം പെണ്വീട്ടുകാരുടെ കയ്യില്‍ ആകുമ്പോള്‍ നിശ്ചയവും കല്ല്യാണവും. നാട്ടില്‍ ഇപ്പോള്‍ ലക്ചര്‍മാരെ തെരഞ്ഞെടുക്കുന്ന അവസരമാണ്. ഞാന്‍ അന്വേഷിച്ചിട്ട് 15 ലക്ഷത്തില്‍ കുറഞ്ഞ ഒരു സ്ഥാപനവും ഇല്ല എന്നതിനാല്‍ ആ ഉദ്യമം ഉപേക്ഷിച്ചിരിക്കുന്ന അവസരത്തിലാണ് ഈ “കല്ല്യാണ” വാര്‍ത്ത കേള്‍ക്കുന്നത്!

രണ്ടാമത്തെ സംഭവം. എന്റെ അയല്വാസിയായ പെണ്‍കുട്ടി (കത്തോലിക്കക്കാരി) സ്നേഹിച്ച് വിവാഹം കഴിക്കുന്നു. ചെക്കന്‍ അങ്ങ് വിദേശത്ത്. പ്രേമമാണെങ്കിലും വീട്ടുകാര്‍ നടത്തി കൊടുക്കണം. സ്വര്‍ണ്ണം കൊടുക്കുവാന്‍ കുറച്ച് സ്ഥലം വില്‍ക്കുവാന്‍ പെണ്‍ വീട്ടുകാര്‍ തീരുമാനിച്ചു. ചെക്കന്‍ പറഞ്ഞു കുഴപ്പമില്ല സ്വര്‍ണ്ണം വേണ്ട സ്ഥലം വില്‍ക്കണ്ട എന്ന്. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ചെക്കന്റെ പെങ്ങള്‍ പറയുന്നു സ്വര്‍ണ്ണം വേണമെന്ന്. പെണ്ണ് കല്ല്യാണത്തിന് ഇട്ട് നില്‍ക്കണം. കല്ല്യാണത്തിന് ആഴ്ചകള്‍ മാത്രം. സ്ഥല വില്‍പ്പന നടക്കില്ല. ഒടുവില്‍ ബാങ്കില്‍ നിന്ന് കടം എടുത്ത് സ്വര്‍ണ്ണം വാങ്ങി ലോക്കറിലാക്കി. ചെക്കന്‍ വീട്ടുകാര്‍ പറങ്കി അഥവാ പുതിയ ഭാഷയില്‍ ആഗ്ലോ-ഇന്ത്യന്‍. കെട്ട് സമയത്ത് സ്വര്‍ണ്ണം ഇടില്ല. വെള്ള ഉടുപ്പേ ധരിക്കുവാന്‍ കഴിയൂ. റിസപെഷന് സാരിയും സ്വര്‍ണ്ണവും ഇടാന്‍ പെണ്ണ് തുനിഞ്ഞപ്പോള്‍ അമ്മായിമ്മ സമ്മതിക്കുന്നില്ല. ഉടുപ്പിട്ട് തന്നെ റിസപ്ഷന്‍. അപ്പോള്‍ പാട് പെട്ട് വാങ്ങിയ സ്വര്‍ണ്ണങ്ങള്‍! അതിന് ബാങ്ക് ലോക്കറില്‍ വിശ്രമം!

ബഹു. ജഡ്ജ്  തന്റെ രണ്ട് പെണ്മക്കളുടെ വിവാഹം ബാധ്യതയാണെന്ന് പറഞ്ഞത് തെറ്റായി പോയിയെന്ന് ഈ രണ്ട് അനുഭവത്തില്‍ നിന്ന് എനിക്ക് പറയുവാന്‍ കഴിയുമോ എന്ന എന്റെ വാമഭാഗത്തിന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ എന്നെ സഹായിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ?

സമൂഹമാണ് ആ ജഡ്ജിനെ കൊണ്ട് അത് പറയിപ്പിച്ചത്. സമൂഹം തന്നെയാണ് അത് തിരുത്തേണ്ടത്. അതിന് കഴിയൂന്നില്ലെങ്കില്‍ അവര്‍ക്കെതിരെ പ്രതികരിക്കുവാന്‍ ഈ സമൂഹത്തിന് അവകാശമില്ല. ആ ജഡ്ജ് തന്നെ “അസറ്റസ്” എന്ന വിഭാഗത്തില്‍ തനിക്ക് സ്ത്രീധനമായി കിട്ടിയത് ഗോള്‍ഡ് സെറ്റ് ആണെന്ന് പറഞ്ഞിട്ടുണ്ട്. അതിനെ പറ്റി ആരും മിണ്ടാതെ തൊട്ട് താഴെ കിടക്കുന്ന പെണ്‍കുട്ടികളുടെ വിവാഹം ബാധ്യതയാണെന്ന നഗ്ന സത്യത്തെ വലിച്ച് കീറി ആങ്ങന്നെ അല്ല എന്ന് കാണിക്കുവാനാണ് ലജ്ജയില്ലാത്ത ഞാന്‍ അടങ്ങുന്ന സമൂഹം വ്യഗ്രത കൊള്ളുന്നത്.

Monday, December 27, 2010

ചരിത്രം പല്ലിളിക്കുമ്പോള്‍

ഇന്ത്യയിലെ ഹിന്ദുമത ആചാരങ്ങളെ നോക്കി പടിഞ്ഞാറിന്റെ മക്കള്‍ പുഛിച്ചു. അനാചാരങ്ങളെ അവര്‍ ഇല്ലായ്മ ചെയ്യുവാന്‍ സഹായിച്ചു. പടിഞ്ഞാറിന്റെ ഫാഷന്‍ അനുകരിച്ച് പച്ചക്കറി തീനികള്‍ നോണ്‍ വെജുകളായി, മതങ്ങള്‍ നിഷ്കര്‍ഷിച്ച വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ്, മത ഛിഹ്നങ്ങള്‍ വലിച്ചെറിഞ്ഞ് പടിഞ്ഞാറിന്റെ സ്വാതന്ത്ര്യം ആസ്വദിച്ചു, അങ്ങിനെ പടിഞ്ഞാറിനെ മൊത്തമായി ഇങ്ങെടുത്തു നാം ജീവിക്കുന്നു...

കാലം കടന്ന് പോയിരിക്കുന്നു. ദാ പടിഞ്ഞാറില്‍ വിടരുന്ന പുതിയ കാഴ്ചകള്‍ കാണുക. ബിസിനസ്സിന് വേണ്ടി മതത്തിന്റെ മുന്നില്‍ ഓഛാനിക്കുന്ന പുതു പടിഞ്ഞാറന്‍ രീതി നാം പഠിക്കണം. അല്ല അവര്‍ നടപ്പാക്കും മുന്‍പേ സ്റ്റോക്കില്‍ ഇന്ത്യ നടപ്പാക്കി കഴിഞ്ഞുവല്ലോ!!!

യൂറോപ്പിന് പിന്നാലെ അമേരിക്കയിലും ജൂതന്മാരെ ലക്ഷ്യം വെച്ചുള്ള ബിസിനസ്സിന് പുറകേ മുസ്ലീമുകളെ ലക്ഷ്യം വെച്ചുള്ള വിപണികള്‍ സജീവമാകുന്നു.

ആര്‍ക്കാണു തെറ്റ് പറ്റിയത്‍? പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മതത്തിന്റെ പിടിയില്‍ നിന്ന് അകലം കാത്ത നമ്മുടെ പൂര്‍വ്വികര്‍ക്കോ? അതോ പുതു ബിസിനസ്സ് തന്ത്രത്തിന്റെ പേരില്‍ മതത്തിന്റെ മുന്നില്‍ അടിയറ പറയുന്ന പുതു തലമുറയ്ക്കോ?

രണ്ട് കൂട്ടര്‍ക്കും തെറ്റ് പറ്റിയിട്ടില്ല.... പണത്തിനും സുഖത്തിനും വേണ്ടി പഴയ തലമുറ മതത്തെ തള്ളി പറഞ്ഞപ്പോള്‍ പുതു തലമുറയും അത് തന്നെ ചെയ്യുന്നു. പക്ഷേ ഇന്ന് അവര്‍ മതത്തിന് കീഴടങ്ങുന്നു എന്നേ വ്യത്യാസമുള്ളൂ.... ബിസിനസ്സിന് പുറമേ വോട്ട് എന്ന ലക്ഷ്യം കൂടി ഇന്ന് കടന്നു വന്നിരിക്കുന്നു...

Sunday, December 26, 2010

സാന്ത നീ വരുമോ

ആദ്യമായി ഇവിടെയെത്തിയ ഡിസമ്പറില്‍ ഞാന്‍ ജോലി ചെയ്യുന്ന ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു ഇ-മെയില്‍ വന്നു. അക്കൊല്ലം ക്രിസ്തുമസ്സിന് ഡിപ്പാര്‍ട്ട്മെന്റ് ഒരു കുടുംബത്തെ “ദത്തെടുക്കുന്നു”. സഹായിക്കുവാന്‍ തയ്യാറുള്ളവര്‍ സെക്രട്ടറിയെ സമീപിക്കുക. തെല്ല് കൌതുകത്തോടെയാണ് ഞാന്‍ അത് കണ്ടത്. മറ്റൊന്നുമല്ല നാട്ടിലായിരുന്നപ്പോള്‍ ക്രിസ്തുമസ്സ് സമയത്ത് തൊട്ടടുത്തുള്ള ഡോണ്‍ബോസ്കോയില്‍ നിന്ന് പിരിവിനായി ആളുകള്‍ വരുമായിരുന്നു, കൂടാതെ അടുത്തുള്ള ഒരു പള്ളിയില്‍ നിന്ന് അവിടത്തെ അച്ചനും ക്രിസ്തുമസ്സ് സംഭാവനയ്ക്കായി എത്താറുണ്ട്‍. എല്ലാ കൊല്ലവും ഒരു ആശംസ കാര്‍ഡും ആ അച്ചന്റെ വക ലഭിക്കും. ഒരു തേര്‍ഡ് വേള്‍ഡ് രാജ്യത്ത് ഇത് പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഒരു ഡെവലപ്പഡ് രാജ്യത്ത് ആളുകളെ ദത്ത് എടുക്കേണ്ടി വരുമോ!

തുടര്‍ന്നുള്ള ഡിസമ്പറുകളിലും ഇതു പോലെ തന്നെ ഓരോ കുടുംബത്തെ ദത്തെടുക്കുവാന്‍ ഡിപ്പാര്‍ട്ട്മെന്റ് തയ്യാറായി. 2010 ഡിസമ്പര്‍ ആകുമ്പോള്‍ ഞാന്‍ മറ്റൊരു സ്ഥാപനത്തിലാണ്. പതിവ് പോലെ ഇവിടെയും ഡിപ്പാര്‍ട്ട്മെന്റ് ദത്തെടുക്കുന്നു. പക്ഷേ ഇക്കൊല്ലം ആ കുടുംബത്തില്‍ എത്ര അംഗങ്ങളുണ്ടെന്നും അവര്‍ക്ക് എന്തൊക്കെ ആവശ്യമെന്നും ഉള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. ഒരു അമ്മയും 5 മക്കളും. മക്കള്‍ക്ക് വേണ്ട വസ്ത്രങ്ങളുടെയും മറ്റും അളവുകളും, അവര്‍ക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും എല്ലാം ആ മെയിലിലെ അറ്റാറ്റ്മെന്റില്‍ ഉണ്ടായിരുന്നു. അമ്മയ്ക്ക് ഒരു ഗിഫ്റ്റ് കാര്‍ഡ് മാത്രം മതിയെന്ന് പ്രത്യേകം എഴുതിയിരുന്നു. ക്രിസ്തുമസ്സ് സമ്മാനങ്ങള്‍ ശേഖരിച്ച് അവരുടെ വീട്ടില്‍ എത്തിക്കുവാന്‍ തയ്യാറുള്ളവര്‍ മുന്നോട്ട് വരണമെന്നും എഴുതിയിരുന്നു.

ഇക്കൊല്ലം എന്റെ കുട്ടി പ്രീസ്കൂളില്‍ ചേര്‍ന്നു. വിടിന് അടുത്ത് തന്നെ. രക്ഷാകര്‍ത്താക്കള്‍ ചേര്‍ന്ന് നടത്തുന്ന ഒരു സ്ഥാപനമാണ്. അവരും ഇക്കൊല്ലം സമീപ പ്രദേശത്തുള്ള ആവശ്യക്കാരായ കുട്ടികള്‍ക്ക് വേണ്ടി സാധനങ്ങള്‍ ശേഖരിച്ചിരുന്നു.

ഈ അവസരത്തിലാണ് ഒരു വാര്‍ത്ത കാണുന്നത്. ഇക്കൊല്ലം സാന്തയ്ക്ക് ലഭിച്ച കത്തില്‍ ഭൂരിഭാഗവും അടിസ്ഥാന ആവശ്യങ്ങള്‍ ചോദിച്ച് കൊണ്ടുള്ളവയായിരുന്നു എന്ന്. സാധാരണ വര്‍ഷങ്ങളില്‍ കളിപ്പാട്ടങ്ങളും മറ്റും ചോദിച്ചാണ് കുട്ടികള്‍ സാന്തയ്ക്ക് കത്ത് അഴയ്ക്കുക. എന്നാല്‍ ഇക്കൊല്ലം തങ്ങള്‍ക്ക് ഒന്നും തന്നില്ലെങ്കിലും അമ്മയ്ക്ക് ഒരു വിന്റര്‍ കോട്ടോ, സഹോദരങ്ങള്‍ക്ക് വസ്ത്രങ്ങളോ, ഭക്ഷണമോ മറ്റും തരണമെന്ന് എഴുതിയവയായിരുന്നു കൂടുതല്‍. വലിയവരും സഹായം ചോദിച്ച് കത്തുകള്‍ അഴച്ചിരിക്കുന്നു എന്ന് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള പോസ്റ്റ് ഓഫീസ് പറയുന്നു.  സാമ്പത്തിക മന്ദ്യത്തിന്റെ അലയടികള്‍ എത്ര രൂക്ഷമെന്ന് ആ കത്തുകള്‍ ചൂണ്ടി കാട്ടുന്നു..... സര്‍ക്കാരിന്റെ നിര്‍ലോഭമായ സഹായം ലഭിച്ചിട്ടും ഇതാണ് അവസ്ഥ എങ്കില്‍ ഇന്ത്യയിലെ സര്‍ക്കാരിനെ പോലെ ഇവിടത്തെ സര്‍ക്കാര്‍ സാധാരണ ജനങ്ങളെ തിരിഞ്ഞ് നോക്കിയില്ലായിരുന്നു എങ്കില്‍!

1912ലോ മറ്റോ ആണ് “ഓപ്പറേഷന്‍ സാന്ത” എന്ന പേരില്‍ പോസ്റ്റ് ഓഫീസ് ഒരു പദ്ധതി തുടങ്ങിയത്. നോര്‍ത്ത് പോളിലുള്ള സാന്തയ്ക്ക് കുട്ടികള്‍ അഴയ്ക്കുന്ന കത്തുകള്‍ ശേഖരിച്ച് അവയ്ക്ക് മറുപടിയും ഒപ്പം ചെറിയ സമ്മാനങ്ങളും കൊടുത്ത് തുടങ്ങിയതാണിത്. ഇന്ന് സാമ്പത്തിക മാന്ദ്യത്തില്‍ ഉഴലുമ്പോള്‍ ആളുകള്‍ക്ക് പ്രതീക്ഷയുടെ പിടിവള്ളിയായി മാറിയിരിക്കുന്നു. കത്തുകള്‍ ദത്തെടുത്ത് സഹായിക്കുവാന്‍ നല്ല മനസ്സുള്ളവര്‍ മുന്നോട്ട് വരുന്നു.

സാന്ത നീ വരുമോ എന്ന ചോദ്യവുമായി ഉറങ്ങുവാന്‍ പോകുന്ന കുട്ടികളെ സന്തോഷിപ്പിക്കുവാന്‍ ഇക്കൊല്ലം സ്പോണ്‍സര്‍മാര്‍ കുറവാണെന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ പറയുന്നു.

ഇതൊന്നും അറിയാതെ സാന്ത സമ്മാനവുമായി വരുന്നത് പ്രതീക്ഷിച്ച് അവര്‍ ഉറങ്ങുന്നു......

Sunday, December 19, 2010

രാഹുല്‍ തന്റെ പാര്‍ട്ടിക്കെതിരെയോ‍!

കോണ്‍ഗ്രസ്സിന്റെ പ്ലീനറി യോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം വായിച്ചാല്‍ മനസ്സിലാകുക തന്റെ പാര്‍ട്ടിയുടെ ഇത്രയും കാലത്തെ ഭരണം പരാജയമായിരുന്നു എന്നാണ്.

“ആം ആത്മി” എന്നാല്‍  ആരാണ് എന്ന അദ്ദേഹത്തിന്റെ വരികള്‍ നോക്കുക:

1) Niyamgiriയില്‍ നിന്ന് പുറത്താക്കപ്പെട്ട ആദിവാസി കുട്ടി

കോണ്‍ഗ്രസ്സ് നടപ്പാക്കുന്ന വിവാദ എസ്.ഇ.ഇസഡ്. പദ്ധതിയിലൂടെ ഒറീസയിലെ Niyamgiriയില്‍ അലുമിനിയം കമ്പിനി വന്നതിനെ തുടര്‍ന്നാണ് ആദിവാസികള്‍ പുറത്താക്കപ്പെട്ടത്!

2) യു.പി.യിലെ ജാന്‍സിയിലെ സ്കൂളില്‍ പുറകിലെ ബഞ്ചില്‍ ഇരിക്കേണ്ടി വന്ന ദളിത് പയ്യന്‍

സ്വന്തം മണ്ഡലം സ്ഥിതി ചെയ്യുന്ന യു.പി.യിലെ കാര്യമാണ് രാഹുല്‍ പറയുന്നത്!

3) സ്വന്തം കുട്ടിയെ നല്ല സ്കൂളില്‍ അഴയ്ക്കുവാന്‍ സാധിക്കാത്ത ബാഗ്ലൂരിലെ പ്രൊഫഷണല്‍ വനിത
 ഇന്ത്യ സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും കുതിച്ച് ചാട്ടം നടത്തുന്നു എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ്സ് ഭരികുന്ന ഇന്ത്യയിലെ ചിത്രമാണിത്!

4) ഷില്ലോങ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒന്നാമനായി പുറത്ത് വന്നിട്ടും “വേണ്ടപ്പെട്ടവരി”ല്ലാത്തതിനാല്‍ ഒരു നല്ല ജോലി ലഭിക്കാന്‍ കഴിയാതെ ഇരിക്കുന്ന ഹതഭാഗ്യന്‍

ഇതാണ് മന്മോഹന്റെ തിളങ്ങുന്ന ഇന്ത്യയിലെ യുവത്വത്തിന്റെ ഗതികേട്!

5) തന്റെ ഭൂമിക്ക് ന്യായ വില ലഭിക്കുവാന്‍ കഴിയാത്ത അലിഗറിലെ കര്‍ഷകന്‍
 രാഹുലിന്റെ യു.പി.യില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി അദ്ദേഹത്തിന് പോലും പരിഹരിക്കുവാന്‍ കഴിയുന്നില്ല. എസ്.ഇ.ഇസഡ്., റോഡ് വികസനം എന്നിവയുടെ പേരില്‍ കര്‍ഷകരെയും മറ്റും “പിടിച്ച്”പുറത്താക്കുവാന്‍ സഹായിക്കുന്ന നിയമം നിര്‍മ്മിക്കുന്ന കോണ്‍ഗ്രസ്സിന്റെ എം.പി.യാണ് രാഹുല്‍ എന്നത് അദ്ദേഹം തന്നെ മറക്കുകയാണോ?

6) തനിക്ക് “വേണ്ടപ്പെട്ടവരെ” അറിയില്ല എന്നതിനാല്‍ തഴയപ്പെടുന്ന ഹൈദരാബാദിലെ ബിസിനസ്സ്കാരന്‍
കോണ്‍ഗ്രസ്സിന്റെ വെട്ടി തിളങ്ങുന്ന ഇന്ത്യയിലെ ഒരു ബിസിനസ്സ്കാരന്റെ ഗതികേട്. ആന്ദ്ര ഭരിക്കുന്നതോ കോണ്‍ഗ്രസ്സും!

7) രണ്ടറ്റവും കൂട്ടി മുട്ടിക്കുവാന്‍ കഷ്ടപ്പെടുന്ന വിദര്‍ഭയിലെ വിധവ

മഹാരാഷ്ട്രയിലെ ഭരണം കോണ്‍ഗ്രസ്സിന്റെ കയ്യിലുണ്ടായിട്ടും, സ്വന്തം കൂട്ടുകക്ഷി കൂടി കേന്ദ്രത്തില്‍ ഭരണത്തിലുണ്ടായിട്ടും വിദര്‍ഭയിലെ വിധവ ഇപ്പോഴും പട്ടിണിയുടെ ഭീഷണിയില്‍ തന്നെ!

8) സത്യസന്ധന്‍ എന്നതിനാല്‍ ഭീഷണിയുടെ നിഴലില്‍ കഴിയ്യേണ്ടി വരുന്ന ബ്യൂറോക്രാട്ട്

ബ്യൂറോക്രാട്ടുകള്‍ക്ക് പോലും കോണ്‍ഗ്രസ്സ് ഭരണത്തിന്‍ കീഴില്‍ രക്ഷയില്ല!

9) മെട്രോ പണിയുവാന്‍ വേണ്ടി രക്തം വിയര്‍പ്പാക്കിയിട്ടും അംഗീകാരം ലഭിക്കാത്ത സാധാരണ തൊഴിലാളി   

അത് നാം ഡെല്‍ഹിയില്‍ നടന്ന കോമണ്വെല്‍ത്ത് ഗെയിംസ് സമയത്ത് കണ്ടതാണ്.

10) മുബൈയിലെ ബസ്തിയില്‍ കഴിയുന്ന, ശരിയായ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്ത പാവപ്പെട്ട കാര്‍പ്പെന്റെര്‍

കോണ്‍ഗ്രസ്സ് പല തവണ ഭരിച്ചിട്ടും, ഇപ്പോഴും ഭരണത്തിലുണ്ടായിട്ടും മുബൈയിലെ ബസ്തിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുന്നില്ല.. മുബൈയിലെ മാത്രമല്ല ഇന്ത്യയിലും...


ഈ പറഞ്ഞ “ആം ആത്മിയെ” അംഗീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യാതെ, അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാതെ ഇന്ത്യ എന്ന രാജ്യത്തെ വാര്‍ത്തെടുക്കുവാന്‍ കഴിയില്ല. അതിനായി  യുവാക്കള്‍ രംഗത്തിറങ്ങണം എന്ന് പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിക്കുന്നത്.

അപ്പോള്‍ ഇന്ന് വരെ കോണ്‍ഗ്രസ്സ് ചെയ്തതെല്ലാം ആര്‍ക്ക് വേണ്ടിയായിരുന്നു? ഇനി യുവാക്കളായ വരും തലമുറ വേണം യഥാര്‍ത്ഥ ഇന്ത്യ കെട്ടിപ്പെടുക്കുവാന്‍. ചുരുക്കത്തില്‍ ഇന്ന് വരെയുള്ള കോണ്‍ഗ്രസ്സിന്റെ ഭരണം പരാജയമായിരുന്നു എന്ന വിലയിരുത്തലല്ലേ രാഹുല്‍ നടത്തിയത്!!!



രാഹുലിനെതിരെ തലമുതിര്‍ന്ന കോണ്‍ഗ്രസ്സ്കാര്‍ രംഗത്തിറങ്ങുമോ? അതോ രാഹുലിന്റെ ഉപദേശം കേട്ട് നാളെ മുതല്‍ കോണ്‍ഗ്രസ്സ് തങ്ങളുടെ ഭരണത്തില്‍ മാറ്റങ്ങള്‍ വരുത്തുമോ?

Tuesday, December 14, 2010

കുസാറ്റിലെ “നഗ്നത”

ഒരു കലാരൂപം മൂലം കുസാറ്റ് യൂണിവേഴ്സിറ്റിയിലെ സ്ത്രീ ജനങ്ങള്‍ അപമാനിതരാകുന്നുവത്രേ! 

അവിടെ പതിറ്റാണ്ടുകളായി ഉള്ള ചെടിയില്‍ തീര്‍ത്ത ഒരു സ്ത്രീ ശില്പത്തിന്റെ നഗ്നമായ മാറിടം തങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് “കുസാറ്റ് വുമണ്‍ അസോസിയേഷന്” ബോധ്യം വന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലെ ശില്പങ്ങളോ കലാ സൃഷ്ടികളോ കലാലയങ്ങള്‍ക്കടുത്ത് ഉണ്ടെങ്കില്‍ അവ എടുത്ത് കളയണമെന്ന് 2002ല്‍ ഒരു കോടതിവിധിയുണ്ടെന്ന് ഇപ്പോഴാണ് കുസാറ്റ് നാരീ മണികള്‍ക്ക് ബോധമുണ്ടായത്. കോടതി വിധിക്കെതിരാണെന്നും കാട്ടി പരാതി നല്‍കിയപ്പോള്‍ തന്നെ ആ ശില്പത്തിന്റെ മാറിടങ്ങള്‍ വെട്ടി മാറ്റാന്‍ രജിസ്ട്രാര്‍ ഉത്തരവിട്ടു. മാറിടങ്ങള്‍ മുറിച്ച് മാറ്റപ്പെട്ട് വികൃതമായ ആ കലാരൂപം “സാംസ്കാരിക കേരളത്തിന്” കാണേണ്ടി വന്നു.

വിവാദമായതോടെ പി.വി.സി.യായ ഗോഡ്ഫ്രേയെ ഏകാംഗ കമ്മീഷനായി നിയമിച്ചു. കലാരൂപം നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കഴിഞ്ഞ ദിവസം വി.സി. പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ പുറത്ത് വന്ന ഗോഡ്ഫ്രെയുടെ റിപ്പോര്‍ട്ടില്‍ കുസാറ്റിലെ നഗ്ന കലാരൂപങ്ങള്‍ എല്ലാം നശിപ്പിച്ച് കളയണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നു

എന്തായാലും ഗോഡ്ഫ്രെയുടെ “ഉത്തരവ്” നടപ്പാക്കും മുന്‍പ് വിശദമായി പഠിക്കുവാന്‍ 3 അംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇനി അവര്‍ എന്ത് പറയുമെന്ന് കാത്തിരിക്കാം.....

സാംസ്കാരിക കേരളത്തിന്റെ ഒരു ഗതികേട്......

കേരളത്തിലെ ചുവന്ന മഴയെ പറ്റി ഗവേഷണം നടത്തി അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം തെളിയിക്കുന്ന ഗോഡ്ഫ്രെയോട് ബഹുമാനമായിരുന്നു ഇത് വരെ. പക്ഷേ ഇപ്പോള്‍.........

Monday, December 13, 2010

വത്തിക്കാന്‍ വീണ്ടും പ്രശ്നത്തില്‍

വിവാദങ്ങള്‍ വത്തിക്കാനെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു....

വിക്കിലീക്സ് പുറത്ത് വിട്ടതില്‍ ഐര്‍ലന്റിലെ സര്‍ക്കാര്‍ പോപ്പിനെ അനുസരിച്ചില്ല എന്നതാണ് പുതിയ വിവാദങ്ങളില്‍ ഒന്ന്. ഐര്‍ലന്റിലെ പുരോഹിതര്‍ നടത്തിയ ബാല പീഡന കേസ്സ് അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വത്തിക്കാനോട് വിശദീകരണം ചോദിച്ചു എന്നത് വത്തിക്കാനെ ബഹുമാനിക്കാത്തതിന്റെ തെളിവാണെന്ന് വിലയിരുത്തി ഐര്‍ലന്റ് സര്‍ക്കാരുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടെടുത്തു എന്നാണ് വിക്കിലീക്സ് പുറത്ത് വിട്ട രേഖകകള്‍ ചൂണ്ടി കാട്ടുന്നത്.

“വത്തിക്കാന്‍ ബാങ്ക്” പ്രശ്നമാണ് ഇപ്പോള്‍ വത്തിക്കാന്‍ നേരിടുന്ന മറ്റൊരു തല വേദന. ഇറ്റാലിയന്‍ നിയമം അനുസരിച്ച് പണത്തിന്റെ ഉറവിടമോ ലക്ഷ്യമോ വത്തിക്കാന്‍ ബാങ്ക് നല്‍കിയിട്ടില്ല എന്നതിനാല്‍ $30 മില്ല്യണ്‍ ആണ് കണ്ട് കെട്ടിയിരിക്കുന്നത്. 194‍6ല്‍ പോപ്പ് പയസ്സ് 12ആമന്‍ സ്ഥാപിച്ച ഈ ബാങ്ക് പണ്ടേ സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കോടതി രേഖകള്‍ അനുസരിച്ച് “വത്തിക്കാന്‍ ബാങ്ക് ചില ബിസിനസ്സ് കള്ളന്മാര്‍ക്കും, മാഫിയകള്‍ക്കും വേണ്ടി money-laundering നടത്തിയെന്ന സംശയമാണ്”. എന്നാല്‍ തെറ്റിധാരണയുടെ പുറത്താണ് ഇപ്പോള്‍ ഇത് സംഭവിച്ചത് എന്നും ഉടനെ തന്നെ ഇതെല്ലാം മാറും എന്ന് വത്തിക്കാന്‍ പറയുന്നു. ഇതിനിടയില്‍ പണ്ട് ജൂത പീഡന സമയത്ത് നാസികള്‍ കൊള്ളയടിച്ചവ വത്തിക്കാന്‍ ബാങ്കില്‍ വന്ന് പെട്ടിട്ടുണ്ടെന്നും അത് തിരിച്ച് കിട്ടണമെന്നും ഉള്ള ജൂതന്മാരുടെ ആവശ്യം വീണ്ടും അവര്‍ ഉയര്‍ത്തി കൊണ്ട് വന്നിരിക്കുന്നു.

Pontifical Academy of Science ജി.എം. വിളകള്‍ നല്ലതാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ അത് വത്തിക്കാന്റെ ആശീര്‍വാദത്തോടെയാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കാതിരിക്കുവാന്‍ ഉടനെ തന്നെ വത്തിക്കാന്‍ അത് നിഷേധിച്ചു. പി.എ.എസ്സ്.ന്റെ 15 പേയ്ജുള്ള നിരീക്ഷണം അംഗീകരിച്ചാല്‍ എവലൂഷന്‍ തിയറിയെ അനുകൂലിക്കുന്നു എന്ന പ്രചരണം ഉണ്ടാകാം എന്നത് മുങ്കൂട്ടി കണ്ടാകണം വത്തിക്കാന്‍ ഉടന്‍ പ്രതികരിച്ചത്. എയിഡ്സും ഉറയും പ്രശ്നം ഉണ്ടാക്കിയ വിവാദത്തില്‍ നിന്ന് തലയൂരിയതേയുള്ളൂ...

Sunday, December 5, 2010

അമേരിക്ക ഞെട്ടി!

ആ വാര്‍ത്ത കേട്ട് അമേരിക്കക്കാര്‍ ഞെട്ടി.. കൂടെ ലോകവും....

തൊഴിലില്ലായ്മ 9.6%ല്‍ നിന്ന് 9.8%ല്‍ എത്തിയെത്രേ! 1,70,000 തൊഴില്‍ നവമ്പറില്‍ ലഭിക്കുമെന്ന് അമേരിക്കന്‍ എക്കണോമിസ്റ്റുകള്‍ പറഞ്ഞ സ്ഥാനത്ത് വെറും 36,000 തൊഴില്‍ മാത്രം! തൊഴില്‍ വിചാരിച്ചത് പോലെ ഉണ്ടായില്ല എന്ന് മാത്രമല്ല തൊഴിലാളികളെ പിരിച്ചും വിട്ടിരിക്കുന്നു.... എല്ലാവരും ഞെട്ടാതെ എന്ത് ചെയ്യും?

ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്ഡേ സെയിലുകള്‍ തകര്‍ത്ത് നടന്നു എന്ന വാര്‍ത്തകള്‍ക്ക് പുറകേയാണ് തൊഴില്ലില്ലായ്മ 0.2% കൂടി എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്....

എന്നാല്‍ റിപ്പോര്‍ട്ട് സൂക്ഷമമായി പരിശോധിച്ചാല്‍ രസകരമായ വിവരം മനസ്സിലാക്കാം. ഒക്ടോബറില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ (9.6%), ഫുള്‍ ടൈം തൊഴില്‍ കിട്ടാത്തതിനാല്‍ പാര്‍ട്ട് ടൈം ചെയ്യുന്നവര്‍, തൊഴില്‍ ഇനി കിട്ടില്ല എന്ന് ഉറച്ച് തൊഴില്‍ നോക്കാത്തവര്‍ എന്നിവര്‍ എല്ലാം ചേര്‍ന്നാല്‍ 17% ആയിരുന്നു. നവമ്പറില്‍ നോക്കിയാലും ഇവരുടെ എണ്ണം 17% തന്നെ. അപ്പോള്‍ പിന്നെ ഈ “ഞെട്ടല്‍” എന്തിനായിരിക്കും? 


ഇടതട്ടുകാര്‍ക്ക് മാത്രം ടാക്സ് ഇളവ് നല്‍കിയാല്‍ മതിയെന്ന ഒബാമയുടെ വാദത്തെ തള്ളി കളഞ്ഞ് ബുഷ് നടപ്പിലാക്കിയ മേല്‍തട്ടുകാര്‍ക്ക് ഉള്‍പ്പെടെ ഇളവ് എന്നത് നീട്ടണമെന്ന് റിപ്പബ്ലീക്കന്മാര്‍ ഭീഷണി മുഴക്കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക...

ഇനി ഇടനിലക്കാര്‍ക്ക് ഇളവ് കൊടുത്തില്ലെങ്കില്‍ അമേരിക്കന്‍ സാമ്പത്തിക സ്ഥിതി വശളാകുമെന്ന് ഉടനെ തന്നെ ഡെമോക്രാറ്റുകള്‍ വിളിച്ച് പറഞ്ഞു. എന്നാല്‍ ഇതേ റിപ്പോര്‍ട്ട് ചൂണ്ടി കാട്ടി കമ്പനി മുതലാളിമാര്‍ സാമ്പത്തിക വിഷമത്തിലായത് കൊണ്ടാണ് തൊഴില്‍ നലകുവാന്‍ സാധിക്കാത്തതെന്ന് റിപ്പബ്ലിക്കന്മാരും വാദിക്കുന്നു!

അമേരിക്കന്‍ സാമ്പത്തിക രംഗം തിരിച്ച് വരവിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്തുണ കിട്ടണമെങ്കില്‍ ഈ ഹോളിഡേ സീസണില്‍ അമേരിക്കക്കാര്‍ കാശിറക്കി എന്ന് തെളിയണം. അതിനുള്ള കണക്കില്‍ കണ്ണ് നട്ടിരിക്കുമ്പോഴാണ് “ഞെട്ടിക്കുന്ന” ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്!

ഇതിനിടയില്‍ തൊഴിലില്ലാതെ 99 ആഴ്ച പിന്നിടുന്ന ഏകദേശം 2 മില്ല്യണ്‍ പേര്‍ക്ക് തൊഴിലില്ലായ്മ വേതനം കിട്ടുന്നത് ഏതാനും ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കും. എല്ലാവരും ആകാംശയോടെ വാഷിങ്ടണ്‍ ഡി.സി.യിലേയ്ക്ക് നോക്കിയിരിക്കുന്നു.... കോണ്‍ഗ്രസ്സ് എന്താണ് തീരുമാനം എടുക്കുന്നത് എന്നറിയാന്‍...