എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Monday, January 17, 2011

17368 കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു

ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ചൈനയെയും കടത്തിവെട്ടും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ 2009ലെ ആത്മഹത്യ കണക്കുകള്‍ (ഔദ്യോഗികം) പുറത്ത് വന്നു.

ഇന്ത്യ വളര്‍ച്ചയിലേയ്ക്ക് എന്ന്  വീമ്പിളക്കുന്ന കേന്ദ്ര സര്‍ക്കാരിനെ നോക്കി അതിലെ അക്കങ്ങള്‍ കൊഞ്ഞനം കുത്തുകയാണ്.

കണക്കുകള്‍ പ്രകാരം 1999 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഏകദേശം 2 ലക്ഷം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്!

17,368 കര്‍ഷക ആത്മഹത്യകള്‍ (13.7%)  ആണ് 2009ല്‍ നടന്നത്! ബിസിനസ്സ്/ബിസിനസ്സിതര മേഖലയില്‍ സ്വയം തൊഴില്‍ ചെയ്തിരുന്ന 33,251 ആളുകള്‍ ഈ കാലയളവില്‍ ഇന്ത്യയില്‍ ജീവിതം അവസാനിപ്പിച്ചു.


2009ല്‍ 2872 കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തപ്പോള്‍ ആന്ദ്രയില്‍ 2414ഉം, കര്‍ണാടകയില്‍ അത് 2282ഉം ആണ്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത നഗരം ലഗ്നൌവ് ആണ്, 117 പേര്‍ 63.2%.

ഏകദേശം 50% ആത്മഹത്യകള്‍ക്ക് കാരണമായ “തുഗ്ലക്ക്” നയങ്ങള്‍ മാറ്റുവാന്‍ പക്ഷേ മന്മോഹന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറാകുന്നില്ല.

സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പഞ്ചാബില്‍ വിളവ് ശേഖരിച്ച് സൂക്ഷിക്കുവാന്‍ വേണ്ട സംവിധാനങ്ങള്‍ കേന്ദ്രം ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ട്  എക്കണോമിക്ക് വിദഗ്ദ്ധനായ പ്രധാനമന്ത്രിയുടെ നേതൃത്വം പുല്ല് വില പോലും നല്‍കിയില്ല എന്നതിനാല്‍ 3 കൊല്ലത്തിനുള്ളില്‍ 17 ലക്ഷം മെട്രിക്ക് ടണ്ണോളം ഗോതമ്പാണ് നശിച്ച് പോയത്. 90% ശേഖരണവും തുറസ്സായ സ്ഥലത്താണ് കിടക്കുന്നത്. ഉണ്ടായിരുന്ന ഗോഡൌണുകളില്‍ പലതും സ്വകാര്യ വല്‍ക്കരണത്തിന്റെ പേരില്‍ വിറ്റ് തുലച്ച കേന്ദ്ര സര്‍ക്കാരിന് ഇതൊക്കെ ശ്രദ്ധിക്കുവാന്‍ നേരമെവിടെ. അവര്‍ തങ്ങളെ കഴിഞ്ഞ തവണ താഴെ പോകാതെയും അത് കഴിഞ്ഞ് വന്ന തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുവാന്‍ “സഹായിച്ച“ വങ്കിടക്കാര്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുവാന്‍ വേണ്ട നെട്ടോട്ടത്തിലാണ്.

പാവം കര്‍ഷകരും ലോ-മിഡില്‍ ക്ലാസ്സുകാരും ഗതികെട്ട് ആത്മഹത്യയിലേയ്ക്ക്.... അവരുടെ ശവങ്ങള്‍ക്ക് മുകളില്‍ വിരലിലെണ്ണാവുന്ന വ്യവസായ പ്രമുഖരെ നിരത്തി നിര്‍ത്തി ഇന്ത്യയുടെ വളര്‍ച്ച ആഗോളതലത്തില്‍ പ്രതിഫലിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ആത്മനിര്‍വൃതി അടയും...

2 comments:

Manoj മനോജ് said...

“ജയ് ജവാന്‍ ജയ് കിസാന്‍” എന്ന മുദ്രാവാക്യം വലിച്ചെറിഞ്ഞ് കഴിഞ്ഞ കേന്ദ്രത്തിലെ ഭരണവര്‍ഗ്ഗത്തില്‍ നിന്ന് സാധാരണ ജനങ്ങള്‍ക്ക് എന്ത് കിട്ടാന്‍?

jayarajmurukkumpuzha said...

chinthaneeyamaya kaaryam thanne... aashamsakal....