എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, February 13, 2011

പാരസെറ്റമോള്‍ കുട്ടികളില്‍ ആസ്ത്മയുണ്ടാക്കും!

വേദനയ്ക്കും പനിയ്ക്കും സാധാരണ നാം ഉപയോഗിക്കുന്ന മരുന്നാണ് ക്രോസിന്‍, കാലിപ്പോള്‍ തുടങ്ങിയവ. ഇവയില്‍ അടങ്ങിയിരിക്കുന്നത് പാരസെറ്റമോള്‍ [പാര അസെറ്റൈല്‍ അമിനോ ഫിനോള്‍] എന്ന് വിളിക്കുന്ന രാസവസ്തുവും.

ആസ്പരിന്‍ എന്ന മരുന്നായിരുന്നു അതിന് മുന്‍പ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അത് തലച്ചോറിന് ക്ഷതമേല്‍പ്പിക്കുകയും, കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് കണ്ടതിനാല്‍ പാരസറ്റമോളിലേയ്ക്ക് തിരിയുകയായിരുന്നു. എന്നാല്‍ പാരസെറ്റമോള്‍ ആസ്ത്മയ്ക്ക് കാരണമാകുമെന്ന കണ്ടെത്തല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കുവാന്‍ കാരണമായി.

ഇന്റര്‍നാഷണല്‍ സ്റ്റഡി ഓഫ് ആസ്ത്മ ആന്റ് അലര്‍ജീസ് ഇന്‍ ചൈല്‍ഡ് ഹുഡ് (ഐ.എസ്സ്.എ.എ.സി.) കുട്ടികളിലെ ആസ്ത്മയെ പറ്റി പഠനം നടത്തുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെ ഏകദേശം 100 രാജ്യങ്ങളില്‍ ഇവര്‍ നിരീക്ഷണം നടത്തുന്നു. ഈ നിരീക്ഷണത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് കഴിഞ്ഞ അഴ്ച പുറത്ത് വന്നു.

പ്രബന്ധത്തില്‍ പാരസെറ്റമോളിന്റെ ഉപയോഗം 13-14 വയസ്സുള്ള കുട്ടികളില്‍ ആസ്ത്മയ്ക്ക് വഴി തെളിക്കുമെന്ന് പറയുന്നു.

ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് പിന്നീട് കുട്ടികളില്‍ ആസ്ത്മയുണ്ടാകുവാന്‍ കാരണമാകുമെന്ന് നേരത്തെ തന്നെ പഠന റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ ജനിച്ച്  6 മാസത്തിനുള്ളില്‍ പാരസെറ്റമോള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പിന്നീട് (3 വയസ്സിനുള്ളില്‍ അല്ലെങ്കില്‍ 6-7 വയസ്സില്‍‍) ആസ്ത്മയുണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.


1991 മുതല്‍ നടത്തിയ ക്ലിനിക്കല്‍ നിരീക്ഷണത്തില്‍ നിന്ന് മനസ്സിലാകുന്നത് ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, കുട്ടികള്‍, ടീനേജ്, മുതിര്‍ന്നവര്‍ എന്നിവര്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ ആസ്ത്മ ഉണ്ടാകുവാനുള്ള സാധ്യത കൂടുന്നു എന്നാണ്.

എന്താണ് ഇതിന് കാരണം.

അതിന് മുന്‍പ് ആസ്ത്മ എന്നത് എന്ത് എന്ന് നോക്കാം. ലോകത്ത് 300 മില്ല്യണ്‍ ജനങ്ങള്‍ ആസ്ത്മയാല്‍ കഷ്ടപ്പെടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. രണ്ടര ലക്ഷം പേരെങ്കിലും ഓരോ കൊല്ലവും മരണമടയുന്നു. മുതിര്‍ന്നവരില്‍ പെണ്ണുങ്ങളിലാണ് ആസ്ത്മ കൂടുതലായി കണ്ട് വരുന്നത്. എന്നാല്‍ കുട്ടികളില്‍ ആണ്‍കുട്ടികളിലാണ് ആസ്ത്മ കൂടുതലായി കണ്ട് വരുന്നത്. 70% ആസ്ത്മക്കാരിലും അലര്‍ജി ഒരു പ്രധാന പ്രശ്നമാണ്.

 ചിത്രത്തിന് കടപ്പാട് എന്‍.എച്ച്.എല്‍.ബി.ഐ.

ശ്വാസകോശ നാളികളില്‍ നീര്‍ക്കെട്ട് വരുന്നതിനാല്‍ വായു സഞ്ചാരം കുറയുന്നു. ശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുകയും വായുവിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഈ അവസ്ഥയെ ആസ്ത്മ എന്ന് വിളിക്കാം. ഏതെങ്കിലും തരത്തിലുള്ള അലര്‍ജി വസ്തുവുമായി (പൂമ്പൊടി, പാറ്റയുടെ ഗന്ധം, മൃഗങ്ങളുടെ സാന്നിദ്ധ്യം, പൊടി, തണുപ്പ്...) സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ആസ്ത്മ പ്രത്യക്ഷപ്പെടും. അല്ലാത്തപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെയും ഇരിക്കുന്നു.

ഇതിന് പുറകിലുള്ള മെക്കാനിസത്തെ പറ്റി പറയുകയാണെങ്കില്‍.... അന്യവസ്തുക്കള്‍ ശ്വാസകോശത്തില്‍ പ്രവേശിക്കുമ്പോള്‍ നമ്മുടെ ശരീരം അതിനെതിരെ പ്രവര്‍ത്തിക്കുന്നു. സാധാരണ ഗതിയില്‍ വെളുത്ത രക്താണുക്കളില്‍ പെടുന്ന “ടി ഹെല്‍പ്പര്‍” കോശങ്ങള്‍ മറ്റ് പ്രശ്നമൊന്നുമുണ്ടാകാതെ അവയെ നശിപ്പിക്കുന്നു. എന്നാല്‍ ആസ്ത്മ/അലര്‍ജിക്ക് സെന്‍സിറ്റീവ് ആയവരില്‍  “ടി ഹെല്‍പ്പര്‍” കോശങ്ങള്‍ “ടി എച്ച് 2” എന്ന കോശങ്ങള്‍ക്ക് വഴി തെളിക്കുന്നു. ഇവ ശരീരത്തില്‍ കൂടുമ്പോള്‍ അത് നീര്‍കെട്ട് കൂടുതലാക്കുകയും ശ്വാസകോശ നാളികള്‍ ചുരുങ്ങുകയും അങ്ങിനെ ആസ്ത്മയിലേയ്ക്ക് നയിക്കുന്നു.

നമ്മുടെ ശരീരത്തില്‍ മറ്റൊരു പ്രശ്നക്കാരനാണ് “ഫ്രീ റാഡിക്കളുകള്‍”‍. ഇവ പുറത്ത് നിന്ന് വരുന്ന “നുഴഞ്ഞ് കയറ്റക്കാര്‍ക്കെതിരെ” പ്രവര്‍ത്തിക്കുവാന്‍ അത്യാവശ്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇവയുടെ ഉല്‍പ്പാദനം കൂടുന്നു. അങ്ങിനെ ആയാല്‍ ആ റാഡിക്കലുകള്‍ ശരീരത്തിലെ പ്രോട്ടീനുകളെയും, ഡി.എന്‍.എ. തുടങ്ങിയവയെ ബാധിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യും. എന്നാല്‍ ശരീരത്തില്‍ തന്നെ ഇവയെ നശിപ്പിക്കുവാനുള്ള രാസവസ്തുക്കള്‍ ഉണ്ട്. അതിനൊരുദാഹരണമാണ് ഗ്ലൂട്ടാതയോണ്‍ എന്ന രാസവസ്തു. ഇവ ഫ്രീ റാഡിക്കലുകളെ നശിപ്പിച്ച് ശരീരത്തെ രക്ഷിക്കുന്നു. എന്നാല്‍ ആസ്ത്മ രോഗികളില്‍ ഗ്ലൂട്ടാതയോണ്‍ നശിപ്പിക്കപ്പെടുകയും അങ്ങിനെ “ഫ്രീ റാഡിക്കളുകളുടെ” സാന്ദ്രത കൂടുകയും ചെയ്യും. അത് നീര്‍കെട്ടിന് കാരണമാകുകയും “ടി എച്ച് 2” കോശങ്ങളുടെ ഉല്‍പ്പാദനം കൂട്ടുവാനും ഇടയാക്കുന്നു.

പാരസെറ്റമോള്‍ ഗ്ലുട്ടാതയോണിനെ വിഘടിപ്പിക്കുവാന്‍ ഇടയാക്കുകയും മുകളില്‍ പറഞ്ഞപോലെ നീര്‍ക്കെട്ടിലേയ്ക്ക് വഴി തെളിക്കുകയും ചെയ്യുമെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

ഇക്കൊല്ലം ജനുവരിയില്‍ പുറത്ത് വന്ന മറ്റൊരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഗര്‍ഭിണികള്‍ ശക്തികുറഞ്ഞ വേദന സംഹാരികള്‍ കഴിക്കുന്നത് പോലും ജനിക്കുന്ന ആണ്‍കുട്ടികളില്‍ ലൈംഗിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ്. വൃക്ഷണം സഞ്ചിയിലേയ്ക്ക് ഇറങ്ങാതിരിക്കുക, ബീജത്തിന്റെ കൌണ്ട് കുറയുക തുടങ്ങിയവയ്ക്ക് വഴി വെയ്ക്കും പോലും. ഗര്‍ഭകാലത്തിന്റെ 8-14 ആഴ്ചകളിലാണ് ആണ്‍കുട്ടികളുടെ ലൈംഗിക വേര്‍തിരിവ് നടക്കുന്നത്. ഇതിനെ സഹായിക്കുന്നത് ആന്‍ഡ്രൊജന്‍ എന്ന രാസ വസ്തുവും. എന്നാല്‍ വേദന സംഹാരികള്‍ ഈ രാസവസ്തുവിന്റെ ഉല്‍പ്പാദനത്തെ ബാധിക്കുകയും അങ്ങിനെ അത് ആണ്‍കുഞ്ഞുങ്ങളുടെ പ്രദ്യുല്‍പ്പാദനത്തിന് പ്രതികൂലമാകുകയും ചെയ്യുന്നു എന്ന് വിലയിരുത്തൂന്നു.  

ആസ്ത്മ മാത്രമല്ല ശരീരത്തിലെ തൊലി ഇളകി പോകുന്ന അവസ്ഥയ്ക്കും പാരസെറ്റമോളിന്റെ ഉപയോഗം കാരണമാകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു.


പ്രത്യേക അറിയിപ്പ്:
ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശാസ്ത്ര ജേര്‍ണലുകളില്‍ വന്ന വിവരങ്ങളാണ്. അതിനാല്‍ തന്നെ ഇതിലെ വിവരങ്ങള്‍ക്ക് കടപ്പാട് ലിങ്കിലുള്ള അതാത് പ്രബന്ധ രചിയതാക്കള്‍ക്ക് കൊടുക്കുന്നു.

8 comments:

Manoj മനോജ് said...

ഉപദ്രവകാരിയല്ല എന്ന് വിചാരിച്ചിരുന്ന പാരസെറ്റമോള്‍ എന്ന് വേദന സംഹാരിക്ക് കുട്ടികളിലും മുതിര്‍ന്നവരിലും ആസ്ത്മയുണ്ടാക്കുവാനുള്ള കഴിവുണ്ടെന്ന കണ്ടെത്തലുകളും Nonsteroidal anti-inflammatory വിഭാഗത്തില്‍ പെട്ടവയും പ്രശ്നക്കാരാണെന്ന കണ്ടെത്തലുകളും പിന്നെ വേദനയ്ക്ക് എന്ത് മരുന്ന് എന്ന ചോദ്യത്തില്‍ എത്തി നില്‍ക്കുന്നു.

ചുരുക്കത്തില്‍ ആധുനിക വൈദ്യശാസ്ത്രം മനുഷ്യന്റെ ആയുസ്സ് നീട്ടി തരുന്നു എന്ന വാദത്തിന് മറ്റൊരു തിരിച്ചടി കൂടി.....

Mist said...

വളരെ നന്ദി മനോജ്‌ ചേട്ടാ ......
വളരെ പ്രയോജനപ്രാദമായ അറിവാണ് ഇതില്‍ നിന്നും ലഭിച്ചത്.......
ഫ്രീ റാഡിക്കല്കളുടെ അമിത ഉത്പാദനം തടയുവാന്‍ ആന്റിഒക്സിടന്റ്സിനു സാധിക്കും എന്ന് കേട്ടിട്ടുണ്ട് ശരി ആണോ?.

Manoj മനോജ് said...

ശരിയാണ്.... വൈറ്റമിന്‍ സി ഒരു നല്ല ഉദാഹരണമാണ്. നമ്മുടെ ശരീരത്തില്‍ തന്നെ ചില പ്രോട്ടീനുകള്‍ ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ആസ്ത്മ രോഗികളില്‍ ഈ പ്രോട്ടീനുകള്‍ക്ക് കുറവ് അല്ലെങ്കില്‍ പ്രവര്‍ത്തനക്ഷമം അല്ലാതെ വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ പഠനം നടന്ന് വരുന്നു.

റ്റോംസ്‌ || thattakam .com said...

വളരെ നന്ദി മനോജ്‌ട്ടാ ഇത് പങ്കു വെച്ചതിനു...

പാര്‍ത്ഥന്‍ said...

കഴിഞ്ഞവർഷം വേറൊരു പഠനത്തിൽ, ചില കുട്ടികളിൽ കാണുന്ന നട്ട്സ് അലർജിക്ക് (പ്രത്യേകിച്ച് കശുവണ്ടി) കാരണം പാരസറ്റമോൾ ആണെന്ന് സൂചിപ്പിച്ചിരുന്നു.

യാത്രികന്‍ said...

"ചുരുക്കത്തില്‍ ആധുനിക വൈദ്യശാസ്ത്രം മനുഷ്യന്റെ ആയുസ്സ് നീട്ടി തരുന്നു എന്ന വാദത്തിന് മറ്റൊരു തിരിച്ചടി കൂടി."
ഇങ്ങിനെ ഒരു തീരുമാനത്തില്‍ എങ്ങിനെ എത്തി? ഇന്നത്തെ കാലത്ത് ആസ്മ രോഗിയുടെ ആയുസ്സ് വളരെ കുറവാണോ? യഥാര്‍ത്ഥത്തില്‍ ആധുനിക വൈദ്യ ശാസ്ത്രം അല്ലെ ആസ്മയെ പിടിച്ചു കെട്ടിയത്? പണ്ട് കാലത്ത് ആസ്മ രോഗികള്‍ അധിക കാലം ജീവിക്കാരില്ലായിരുന്നു. ശ്വാസം കിട്ടാതെ നരക യാതന അനുഭവിച്ചാണ് മരിക്കാര്.
പിന്നെ ഒരു 102 വരെ ഉള്ള ബോഡി temperature നു (3 ദിവസം വരെ) മരുന്ന് കൊടുക്കേണ്ട എന്നാണ് സാദാരണ പിള്ളേരുടെ ഡോക്ടര്‍ മാര്‍ പറയാറ്. കൊച്ചുങ്ങള്‍ ഒന്ന് ചുമക്കുംബോഴേക്കും മരുന്ന് കൊടുക്കുന്നത് മലയാളിയുടെ ഒരു ശീലം ആണെന്ന് തോന്നുന്നു. അതിനു വൈദ്യ ശാസ്ത്രത്തെ കുറ്റം പറയുന്നത് എന്തിനാ?

Manoj മനോജ് said...

"യഥാര്‍ത്ഥത്തില്‍ ആധുനിക വൈദ്യ ശാസ്ത്രം അല്ലെ ആസ്മയെ പിടിച്ചു കെട്ടിയത്?"

എവിടെ പിടിച്ച് കെട്ടി? ഇന്നും അതിനെ പിടിച്ച് കെട്ടുവാനുള്ള മള്‍ട്ടി ബില്ല്യണ്‍ ഗവേഷണങ്ങള്‍ നടന്ന് കൊണ്ടേയിരിക്കുന്നു... “ടി എച്ച് 2” കോശങ്ങള്‍ ആസ്തമ രോഗികളില്‍ കൂടുന്നതായി കാണുമെന്ന് അറിയാമല്ലാതെ യഥാര്‍ത്ഥത്തില്‍ എന്ത് കൊണ്ട് അവ കൂടുന്നു എന്ന് ഇന്നും അജ്ഞാതമായിരിക്കുമ്പോള്‍ ആ രോഗത്തെ പിടിച്ച് കെട്ടി എന്ന് പറയുവാന്‍ കഴിയുന്നതെങ്ങിനെയാണ്?

ആസ്തമ കുറയ്ക്കുവാന്‍ കഴിക്കുന്ന മരുന്നുകളുടെ സൈഡ് ഇഫക്റ്റ്!!!


പനിയുണ്ടെങ്കില്‍ തണുത്ത വെള്ളം ദേഹത്ത് ഒഴിക്കുവാനും നിര്‍ദ്ദേശിക്കാറുണ്ട്.... പനി വന്നാല്‍ 5 ദിവസം കാത്തിരിക്കുവാനും പറയാറുണ്ട്... പനി വന്നാല്‍ മരുന്ന് കഴിക്കാതിരുന്നാല്‍ ഒരാഴ്ച എടുത്തും എന്നാല്‍ മരുന്ന് കഴിച്ചാല്‍ വെറും 7 ദിവസം കൊണ്ടും മാറും എന്ന് പറയുന്നത് പോലെ... :)

ആ ഡോക്റ്റര്‍ മരുന്നൊന്നും കുറിച്ച് തരില്ല എന്ന് പറയുന്നവരും നമ്മുടെയിടയിലുണ്ടല്ലോ...

ഇന്ന് നല്ലതെന്ന് പറയുന്ന മരുന്നുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രശ്നങ്ങളുള്ളതായി കണ്ടെത്തുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു...

ഇവിടെ തന്നെ പാരസെറ്റമോളിന് പകരം കഴിക്കേണ്ടി വരുന്ന മരുന്നുകള്‍ വില കൂടിയവയായിരിക്കുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് താങ്ങുവാന്‍ കഴിയുമോ? അപ്പോള്‍ ആയുസ്സ് എങ്ങിനെ നീട്ടി കിട്ടും?

യാത്രികന്‍ said...

"എവിടെ പിടിച്ച് കെട്ടി?" പിടിച്ചു കെട്ടി എന്ന് പറഞ്ഞാല്‍ ആസ്മ ഉണ്ടെങ്ങിലും ആള് തട്ടി പ്പോകുക ഇല്ല എന്നാ ഒരു അവസ്ഥയില്‍ കൊണ്ട് എത്തിച്ചു.

"ആ ഡോക്റ്റര്‍ മരുന്നൊന്നും കുറിച്ച് തരില്ല എന്ന് പറയുന്നവരും നമ്മുടെയിടയിലുണ്ടല്ലോ..." അത് തന്നെ അല്ലെ ഞാനും പറഞ്ഞത്? ആധുനിക ശാസ്ത്രം പറയുന്നു 3 ദിവസം വരെ ഉള്ള സാദാരണ പനിക്ക് മരുന്നിന്റെ ആവശ്യം ഇല്ല എന്ന്. വിവര ദോഷികളായ ആളുകള്‍ (ഡോക്ടര്‍മാര്‍ അടക്കം) അത് അനുസരിക്കാതെ ശക്തിയേറിയ മരുന്നുകള്‍ ഗ്യാസ് മിട്ടായി തിന്നുന്ന ലാഖവതോടെ കഴിക്കുന്നു. ഇതില്‍ ആരാണ് പ്രതി?