എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, April 24, 2011

എന്‍ഡോസള്‍ഫാന്‍: തിരിഞ്ഞ് നോട്ടം

പുതിയ പഠനങ്ങള്‍ നടന്നതിന് ശേഷം മാത്രമേ എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന വാശിയിലാണ് കേന്ദ്രസര്‍ക്കാര്‍. ഇടത് സര്‍ക്കാറിന്റെ പിന്തുണയോടെ ഭരിച്ചിരുന്ന സമയത്ത് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് കൊണ്ടാണ് പഠനത്തിന് തയ്യാറായത്. എന്ത് കൊണ്ട് ഇപ്പോള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അതു പോലെ നിരോധനം നടത്തിയിട്ട് പഠനം നടത്തുവാന്‍ തയ്യാറാകുന്നില്ല! നിരോധനം നടത്തിയ കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചക്കാര്‍ ഭരിക്കുന്ന ഈ സര്‍ക്കാര്‍ തന്നെയാണ് പി.ഒ.പി. സമേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ കൊണ്ട് പ്രശ്നമില്ല എന്ന് പറഞ്ഞതും ഇപ്പോള്‍ ആവര്‍ത്തിക്കുവാന്‍ തിനിയുന്നതും!

11 വര്‍ഷമായി കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഇന്ത്യയുടെ മുഖ്യ ധാരയിലെത്തിയിട്ട്. കാസര്‍ഗോഡ് മാത്രമല്ല തൊട്ടടുത്ത് കിടക്കുന്ന ദക്ഷിണ കര്‍ണാടകയിലുള്ള കശുവണ്ടി തോട്ട മേഖലയില്‍ താമസിക്കുന്നവര്‍ക്കും ഒരേ രോഗ ലക്ഷണങ്ങളാണ് ഉള്ളത്. രണ്ടിടത്തും എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. ഇവിടങ്ങളില്‍ ആകാശ മാര്‍ഗ്ഗമാണ് തളി നടന്നത്.

പതിറ്റാണ്ടുകള്‍ക്ക് മുന്നേ പദ്രയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ മോഹന കുമാര്‍ അവിടെ നടക്കുന്ന “ദുരിതത്തെ” ഡോക്റ്റര്‍മാരുടെ സംഘടനയുള്‍പ്പെടെയുള്ള വിദഗ്ദ്ധരുടെ മുന്നില്‍ എത്തിച്ചിരുന്നു. ജേര്‍ണലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ-പദ്രയും മാധ്യമങ്ങളിലൂടെ രംഗത്തിറങ്ങിയിരുന്നു.

1979ല്‍ ഒരു കര്‍ഷകന്‍ തന്റെ 3 കന്നുകാലി കുട്ടികളുടെ കാലുകള്‍ക്ക് സംഭവിച്ച വൈകല്യങ്ങളാണ് ആദ്യമായി ഈ പ്രദേശത്ത് കീടനാശിനികളുടെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 1981ല്‍ ശ്രീ-പദ്രയുടെ “കശുവണ്ടിക്ക് വേണ്ടി ജീവന്‍ നശിക്കുന്നവരെ” പറ്റിയുള്ള ലേഖനമായിരിക്കാം ഒരു പക്ഷേ ആദ്യമായി ഈ പ്രശ്നത്തെ പുറത്തറിയിക്കുന്നത്.

1984ല്‍ രണ്ട് പഞ്ചായത്തുകള്‍ ആകാശ മാര്‍ഗം മരുന്ന് തളിക്കുന്നതിനെതിരെ റെസലൂഷന്‍ പാസ്സാക്കി. പിന്നീട് ജലസേചന മന്ത്രിയായിരുന്ന സുബ്ബറാവു ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളി നിര്‍ത്തുവാന്‍ ഉത്തരവിട്ടു. രണ്ട് കൊല്ലത്തോളം ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളി നടന്നില്ല. എന്നാല്‍ അതിന് ശേഷം വീണ്ടും പഴയ പടിയായി. എന്നാല്‍ അത് വരെ നടന്നിരുന്നത് അളവില്ലാത്ത കീടനാശിനി പ്രയോഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടയില്‍ ലോക്കല്‍ ക്ലബുകളും സംഘടനകളും രംഗത്തെത്തി. 1994ല്‍ Kerala Sastra Sahithya Parishad (KSSP) അവരുടെ നിരീക്ഷണം പ്രസിദ്ധീകരിച്ചു. ആകാശ മാര്‍ഗ്ഗം മരുന്ന് തളിക്കുന്നതാണ് പ്രശ്നമെന്നും ഇത് നിര്‍ത്തേണ്ടതാണെന്നും അവര്‍ പറഞ്ഞു വെച്ചു.
 
1998ല്‍ മുന്‍സിഫ് കോര്‍ട്ടില്‍ പെരിയ കൃഷി ഭവനിലെ ജീവനക്കാരിയായ ലീല കുമാരിയും കര്‍ഷകനായ കിട്ടനും ബോര്‍ഡിനെതിരെ കേസ്സ് ഫയല്‍ ചെയ്തു. സ്ഥലം മാറി വന്ന തനിക്കും കുട്ടികള്‍ക്കും സംഭവിക്കുന്ന ആരോഗ്യ പ്രശ്നത്തിന്‍ കാരണം ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളിയാണെന്ന് തിരിച്ചറിഞ്ഞാണ് ലീല കുമാരി രംഗത്തെത്തുന്നത്. ലാഭം കിട്ടുവാന്‍ മനുഷ്യരുടെയും പ്രകൃതിയുടെയും ജീവന് വില കല്‍പ്പിക്കണ്ട എന്ന ബോര്‍ഡിന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അങ്ങിനെ 1999ല്‍ ബോര്‍ഡിന് മരുന്നടി നടത്തുവാന്‍ കഴിഞ്ഞില്ല. പക്ഷേ അവര്‍ ഹൈകോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു. ഇതിനിടയില്‍ ലോക്കല്‍ മാധ്യമങ്ങള്‍ ഈ പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.

അങ്ങിനെ 2000ത്തോടെയാണ് കേരളം ഈ പ്രദേശത്തെ ശ്രദ്ധിക്കുവാന്‍ തുടങ്ങിയത്.  2000 മാര്‍ച്ചിലെ പെസ്റ്റിസൈഡ്സ് ന്യൂസില്‍ INTACH (National Heritage)ലെ (തണല്‍) ഉഷ കേരളത്തിലെ ദുരിതം പ്രസിദ്ധീകരിച്ചു. ഉഷ നടത്തിയ സര്‍വേയ്ക്ക് മുന്‍പ് SEEK (The Society for Environmental Education in Keralam)  സര്‍വേ നടത്തിയിരുന്നു. ഉഷയുടെ നിരീക്ഷണത്തില്‍ ആകാശ മാര്‍ഗ്ഗം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതാണ് അവിടെ താമസിക്കുന്നവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം. 25-35 വയസ്സുള്ള ചെറുപ്പക്കാര്‍ കൌമാരക്കാരുടേത് പോലെയും എന്നാല്‍ ചെറുപ്പക്കാരികള്‍ പ്രായമായവരെ പോലെയും കാണപ്പെടുന്നു എന്ന് ഉഷ പറഞ്ഞ് വെയ്ക്കുന്നു. കൂടാതെ ആണ്‍കുട്ടികളില്‍ മുലകള്‍ വളരുന്നതായും, പ്രത്യുല്‍പ്പാദന ശേഷി കുറയുന്നതായും, സ്ത്രീകള്‍ക്ക് മാസമുറ കൃത്യമല്ലയെന്നും അവിടെയുള്ള ഡോക്റ്റര്‍മാര്‍ കണ്ടെത്തിയതായും പറയുന്നു. കൂടാതെ തൊലി പൊട്ടി പൊളിയുന്ന അസുഖവും സര്‍വ്വ സാധാരണമാണ് പോലും. ആകാശമാര്‍ഗ്ഗമുള്ള മരുന്ന് തളിയാണ് ഇതിനെല്ലാം കാരണം എന്ന് കാണാം. 

അതിന് ശേഷം 2000ത്തിന്റെ ഒടുവിലാണ് Centre for Science and Environment (CSE) ഈ പ്രശ്നത്തിലേയ്ക്ക് കടന്ന് വരുന്നത്. ശാസ്ത്രീയമായ പഠനം നടത്തുവാന്‍ അവര്‍ തീരുമാനിക്കുന്നു. 1999ല്‍ തളിക്കാന്‍ കഴിയാതിരുന്ന ബോര്‍ഡ് 2000 അവസാനം മരുന്ന് തളി നടത്തി. ഇത് നടന്ന് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സി.എസ്സ്.ഇ. അവിടെ നിന്നും വെള്ളം, മണ്ണ്, മനുഷ്യരില്‍ നിന്നും മൃഗങ്ങളില്‍ നിന്നും രക്തം, പാല് തുടങ്ങിയവ ശേഖരിച്ചു.

അവര്‍ പുറത്ത് വിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പ്ലാന്റേഷനില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാനാണ് ആ പ്രദേശങ്ങളിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നതിലേയ്ക്ക് ആദ്യമായി ശാസ്ത്രീയമായി വിരല്‍ ചൂണ്ടുന്ന ആ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ അവര്‍ Down To Earth എന്ന മാസികയില്‍ “എന്‍ഡോസള്‍ഫാന്റെ കുട്ടികള്‍” എന്ന തലകെട്ടോടെ 2001 ഫെബ്രുവരിയില്‍ ഒരു ലേഖനം  പ്രസിദ്ധീകരിച്ചു. കാണ്‍പൂര്‍ ഐ. ഐ.ടി.യിലും ഈ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. അവിടെ നിന്നുമുള്ള ഫലങ്ങളും സി.എസ്സ്.ഇ.യുടെ ഫലങ്ങളെ ശരിവെയ്ക്കുന്നവയായിരുന്നു.

Endosulfan Spray Protest Action Committee (ESPAC) യുടെയും മറ്റും പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ അന്നത്തെ ഇടത് സര്‍ക്കാര്‍ കൃഷി വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അച്ചുതന്‍ കമ്മിറ്റിയെ നിയമിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സാമ്പിളുകള്‍ എടുത്ത് ചെന്നൈയിലെ Fredrick Institute of Plant Protection and Toxicology ലാബില്‍ പരിശോധനയ്യ്ക്ക് അഴയ്ക്കുന്നു. ഒപ്പം കേരള കാര്‍ഷിക സര്‍വകലാശാലയും പഠനത്തിനായി ഇറങ്ങി. 2001 മാര്‍ച്ചില്‍ പി.സി.കെ.യോട് ആകാശ മാര്‍ഗമുള്ള തളിക്കല്‍ നിര്‍ത്തുവാന്‍ മലിനീകരണ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു.

ഇതിനിടയില്‍ ഭരണം മാറുന്നു. വലത് സര്‍ക്കാര്‍ അധികാരത്തില്‍.

തമിഴ്നാട്ടില്‍ നിന്നുമുള്ള റിപ്പോര്‍ട്ടില്‍ മനുഷ്യരിലും മൃഗങ്ങളിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയില്ല എന്നായിരുന്നു. ഇതിന്റെ ചില ഭാഗങ്ങള്‍ അവര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ തളി നടന്ന് 2-3 മാസം കഴിഞ്ഞ് ശേഖരിച്ച സാമ്പിളുകളില്‍ മണ്ണിലും, ഇലകളിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയെന്നത് ഗൌരവം നിറഞ്ഞതായി തുടര്‍ന്നു.

2001 ഓഗസ്റ്റില്‍ കാസര്‍ഗോഡ് ചില പ്രദേശങ്ങളില്‍ മരുന്ന് തളിക്കുന്നത് തല്‍ക്കാലത്തേയ്ക്ക് കളക്റ്റര്‍ നിരോധിച്ച് കൊണ്ട് ഉത്തരവിറങ്ങി.

മനുഷ്യ അവകാശ കമ്മീഷന്‍ സ്വയം ഏറ്റെടുത്ത്  Indian Council of Medical Researchനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിയമിച്ചു. അങ്ങിനെ ഐ.സി.എം.ആര്‍.ന്റെ കീഴിലുള്ള National Institute of Occupational Healthല്‍ നിന്നും 3 പേരെ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കായി നിയോഗിച്ചു.

കാര്‍ഷിക സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. അതില്‍ പക്ഷേ എന്‍ഡോസള്‍ഫാന്‍ കൊണ്ട് യാതൊരു പ്രശ്നവുമില്ല എന്നായിരുന്നു. എന്നാല്‍ ഈ പഠനം സ്പോണ്‍സര്‍ ചെയ്തത് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക സംഘടനയാണെന്നതിനാല്‍ വിശ്വസിക്കുക പ്രയാസമായി.

അച്ചുതന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടു. തെളിവെടുപ്പുകള്‍ക്ക് അവസാനം പദ്രയിലും പരിസര പ്രദേശത്തും കാണുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിനുള്ള തെളിവുകളില്ല എന്നും എന്നാല്‍ എന്‍ഡോസള്‍ഫാന്‍ കൊണ്ടല്ല ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുവാന്‍ കഴിയില്ല എന്നും ആയിരുന്നു നിരീക്ഷണം. അതിനാല്‍ ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളി നിര്‍ത്തണം എന്ന് കമ്മിറ്റി നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. കൂടാതെ പ്രശ്ന ബാധിത പ്രദേശത്ത് 5 കൊല്ലത്തേയ്ക്ക് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിക്കുവാനും ആവശ്യപ്പെട്ടു. പാവപ്പെട്ട രോഗ ബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം എന്നും പറഞ്ഞ് വെച്ച് അവര്‍ തലയൂരി.

2002 ജനുവരിയില്‍ എന്‍.ഐ.ഒ.എച്ച്. പഠനത്തിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ഇതില്‍ ആണ്‍ കുട്ടികളില്‍ പ്രായപൂര്‍ത്തിയാകുന്നത് താമസിക്കുന്നതും, പെണ്‍കുട്ടികള്‍ നേരത്തെ ധൃതുമതികളാകുന്നതും, കുട്ടികളില്‍ താഴ്ന്ന ഐ.ക്യു. തുടങ്ങിയവ പ്രശ്ന ബാധിത പ്രദേശത്തുണ്ട് എന്നായിരുന്നു. 2000ത്തില്‍ ഉഷ പ്രസിദ്ധീകരിച്ചതും ഇത് തന്നെയായിരുന്നു.

ഇതിനിടയില്‍ തണല്‍ എന്ന എന്‍.ജി.ഒ. തങ്ങളുടെ പഠന റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം പുറത്ത് വിട്ടു (പി.ഡി.എഫ്.). അതിലും മറ്റ് പ്രദേശത്തെ അപേക്ഷിച്ച് എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങള്‍ വഷളാണെന്നായിരുന്നു.

ഈ പ്രശ്നങ്ങള്‍ക്കിടയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം നീക്കുവാന്‍ കൃഷി മന്ത്രിയായ ഗൌരിയമ്മയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് നടക്കാതെ വന്നു. എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളുടെ സംഘടന ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും തന്നെ ഇത് വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് പത്ര സമ്മേളനങ്ങള്‍ നടത്തി! എന്നാല്‍ ലോകത്ത് ഒരിടത്തും ഇത് വരെ ജനങ്ങള്‍ ഇത് പോലെ കീടനാശിനിക്ക് വിധേയരായിട്ടില്ല എന്നത് അവര്‍ മനപൂര്‍വ്വം വിഴുങ്ങി!

അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്സ്. അച്ചുതാനന്ദന്‍ ശക്തമായ ഭാഷയില്‍ രംഗത്തെത്തി.

കേരള സര്‍ക്കാര്‍ നിരോധനത്തിനെതിരെ നിര്‍മ്മാതാക്കള്‍ കേരള ഹൈകോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ അച്ചുതന്‍ കമ്മിറ്റി റിപ്പോര്‍ട്ടും മറ്റും പഠിച്ച് വേണ്ടത് ചെയ്യുവാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന നിയമം വലത് സര്‍ക്കാര്‍ പിന്വലിച്ചു. പകരം പെരളയില്‍ 5 കൊല്ലത്തേയ്ക്ക് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിച്ചപ്പോള്‍ കേരളത്തിലെ മറ്റിടങ്ങളില്‍ ആകാശ മാര്‍ഗ്ഗം തളിക്കുന്നത് മാത്രം സര്‍ക്കാര്‍ നിരോധിച്ചു കൊണ്ട് പുതിയ ഉത്തരവിറക്കി.

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ എന്‍.ഐ.ഒ.എച്ച്. ആദ്യ പഠന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. അങ്ങിനെ ഡ്യുബെ കമ്മിറ്റി രൂപീകരിച്ചു.

ഈ സമയത്താണ് എന്‍.ഐ.ഒ.എച്ച്. അവരുടെ പൂര്‍ണ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് (പി.ഡി.എഫ്.).

തങ്ങളുടെ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച സ്ഥലത്തും അല്ലാത്ത സ്ഥലത്തും നിന്നുള്ള സാമ്പിളുകളില്‍ വ്യക്തമായ വ്യത്യാസം ഉണ്ടെന്നും അതിനാല്‍ പ്രശ്നബാധിത പ്രദേശത്തെ മാനസികമായ, ശാരീരികമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്  കാരണം എന്‍ഡോസള്‍ഫാന്‍ തന്നെ. പ്രശ്ന ബാധിത പ്രദേശത്തെ മനുഷ്യരില്‍ കാണുന്ന പ്രശ്നങ്ങള്‍ എല്ലാം തന്നെ മൃഗങ്ങളില്‍ ശാസ്ത്രജ്ഞന്മാര്‍ പരീക്ഷണം നടത്തി പ്രസിദ്ധീകരിച്ചവ പോലെ തന്നെയാണെന്നാണെന്ന് പറയുന്നു. സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിദ്ധ്യം ഉണ്ട് എന്നായിരുന്നു സി.എസ്സ്.ഇ. 2001ല്‍ പറഞ്ഞത്.

എന്‍.ഐ.ഒ.എച്ച്. റിപ്പോര്‍ട്ടില്‍ നിന്നുള്ള കുറച്ച് ഭാഗം [ആണ്‍ കുട്ടികളില്‍ ലൈംഗിക വളര്‍ച്ചയ്ക്ക് താമസം നേരിടുന്നതിനെ പറ്റി] Environmental Health Perspectives എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ 2003ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (പി.ഡി.എഫ്.).

2002 ആഗസ്റ്റില്‍ കേരള ഹൈകോടതി എന്‍ഡോസള്‍ഫാന്റെ ഉപയോഗം കേരളത്തില്‍ താല്‍ക്കാലികമായി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി (പി.ഡി.എഫ്.). തിരുവനന്തപുരം നേച്ചര്‍ ലവേഴ്സ് മൂവ്മെന്റ് എന്ന സംഘടനയാണ് കേസ്സ് ഫയല്‍ ചെയ്തിരുന്നത്. ഡ്യുബെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വരുന്നത് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതിനിടയില്‍ കേരളത്തില്‍ ശിവരാമന്റെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2003 ആഗസ്റ്റില്‍ (പി.ഡി.എഫ്.).  എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്ത് സാധാരണ പ്രദേശത്തേതിനേക്കാള്‍ ക്യാന്‍സര്‍, ശാരീരിക-മാനസിക പ്രശ്നങ്ങള്‍, വന്ദ്യത തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലാണെന്ന് ഈ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. കൂടാതെ വാണി നഗറില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് അസ്ഥികള്‍ക്ക് രൂപമാറ്റങ്ങളും, കേന്ദ്ര നാഡീ വ്യൂഹത്തില്‍ തകരാറുകളും പലരിലും കണ്ടെത്തി. ഈ സ്ഥലത്തെ കുട്ടികള്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നതും എന്ന് അവര്‍ പറയുന്നു. ഇതിനെല്ലാം കാരണം ആകാശ മാര്‍ഗ്ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതല്ലാതെ മറ്റൊരു കാരണവും കാണാനില്ല എന്നാണ് ശിവരാമന്‍ റിപ്പോര്‍ട്ട് പറയുന്നത്.

അതിനാല്‍ ആകാശം വഴിയുള്ള എന്‍ഡോസള്‍ഫാന്‍ തളി നിരോധിക്കണമെന്നും, രോഗ ബാധിതരായവര്‍ക്ക് വിദഗ്ദ്ധ ചികിത്സകളും മറ്റ് സഹായങ്ങളും നല്‍കുവാന്‍ വേണ്ട നടപടി എടുക്കണമെന്നും നിര്‍ദ്ദേശിച്ചു.

ഡ്യുബെ കമ്മിറ്റിയുടെ രഹസ്യ റിപ്പോര്‍ട്ട് വരുന്നത് 2003 മാര്‍ച്ചിലാണ്! അവര്‍ പറഞ്ഞ് വെച്ചത് എന്‍ഡോസള്‍ഫാന് പദ്രയില്‍ കാണുന്ന ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധമില്ല എന്നാണ്. എന്നാല്‍ ആകാശം വഴിയുള്ള തളിക്കല്‍ നിരോധിക്കണം എന്നും. കമ്മിറ്റിയിലെ പലരും ഡ്യൂബെയുടെ റിപ്പോര്‍ട്ടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഈ കമ്മിറ്റിയില്‍ നടന്ന തിരിമറികള്‍ പിന്നീട് “ഡൌണ്‍ ടു എര്‍ത്ത്” പുറത്ത് കൊണ്ട് വന്നിരുന്നു. എന്‍.ഐ.ഒ.എച്ച്.ന്റെ റിപ്പോര്‍ട്ട് പാടേ നിരാകരിച്ചു കൊണ്ടാണ് ഡ്യൂബെ അവസാന തീരുമാനത്തില്‍ എത്തുന്നത്. എന്നാല്‍ എന്‍.ഐ.ഒ.എച്ച്.ന്റെ അന്വേഷണ ഫലം അന്താരാഷ്ട്ര ജേര്‍ണല്‍ അംഗീകരിച്ചു എന്നത് തന്നെ ഡ്യൂബെ റിപ്പോര്‍ട്ടിലെ കള്ളത്തരം പുറത്ത് കൊണ്ട് വരുന്നു. 2003 ഒക്ടോബറില്‍ കേന്ദ്ര ഗവണ്മെന്റ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി നല്‍കി. ഡ്യൂബെ റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമാക്കിയെടുക്കുവാന്‍ പല തെളിവുകളും മറച്ച് വെച്ചു എന്ന് “ഡൌണ്‍ ടു എര്‍ത്ത്” തെളിവുകള്‍ നിരത്തി.


തുടര്‍ന്ന് കേന്ദ്രം മായി കമ്മിറ്റിയെ നിയോഗിച്ചു. എന്നാല്‍ അവരും മറുത്ത് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല! അപ്പോഴേയ്ക്കും 2004 കഴിഞ്ഞു. ഈ സമയത്താണ് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിരോധിക്കുന്നത്. ബി.ജെ.പി. സര്‍ക്കാര്‍ മാറി ഇടത് പിന്തുണയോടെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ വന്ന സമയമാണ് 2004 മെയ്.

കോടതിയുടെയും മറ്റും ഇടപെടല്‍ നടന്നതിനാല്‍ പഠനം നടത്തി തീരുന്നത് വരെ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിച്ച് 2005 ഡിസമ്പറില്‍ കേന്ദ്ര ഗവണ്മെന്റ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു (പി.ഡി.എഫ്.).

2006 മെയ് മാസത്തോടെ കേരളത്തിലും ഭരണം മാറി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് പിന്തുണ നല്‍കിയിരുന്ന വി.എസ്സ്. മുഖ്യ മന്ത്രി ആയതോടെ പ്രശ്നങ്ങള്‍ക്ക് വേഗം പരിഹാരമാകുമെന്ന് വിശ്വാസം എല്ലാവര്‍ക്കും. അവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുവാന്‍ തുടങ്ങിയെങ്കിലും വേണ്ടത് പോലെ ലഭിച്ചില്ല എന്നും കാണാം.

പിന്നീടുള്ള വര്‍ഷങ്ങളില്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ എതിരാളികളുമായി വാഗ്പയറ്റുകളും കേസ്സുകളുമായി മുന്നോട്ട് പോകുന്നതാണ് കണ്ടത്.

പിന്നീട് കേരള ജനത ഉണരുന്നത് 2010 ഒക്ടോബറില്‍ ജനീവയില്‍ നടന്ന പി.ഒ.പി. മീറ്റിങ്ങില്‍ ഇന്ത്യ മാത്രം എന്‍ഡോസള്‍ഫാനെ അനുകൂലിച്ച വാര്‍ത്ത പുറത്ത് വന്നപ്പോഴാണ്. തൊട്ട് പുറകേ കെ.വി. തോമസ്സിന്റെ വാക്കുകളും എന്‍ഡോസള്‍ഫാന്‍ പ്രശ്നം സജീവമാക്കി.

2010 നവമ്പറില്‍ മലിനീകരണ ബോര്‍ഡ് കേരളത്തില്‍ മൊത്തമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് ഉത്തരവിറക്കി (പി.ഡി.എഫ്.). 2008 മുതല്‍ 2010 വരെ മലിനീകരണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ കാസര്‍ഗോഡ് മേഖലയിലെ പ്രശ്ന പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയിരിക്കുന്നു! ഷിരിയ പുഴയിലും അടുത്തുള്ള തോട്ടിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിട്ടുണ്ട്!

2001ലാണ് കാസര്‍ഗോഡ് പി.സി.കെ.യുടെ കീഴിലുള്ള സ്ഥലത്ത് ആകാശ മാര്‍ഗമുള്ള മരുന്ന് തളി മലിനീകരണ ബോര്‍ഡ് തടഞ്ഞത്. 2004ല്‍ കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിറുത്തി മലിനീകരണ ബോര്‍ഡ് ഉത്തരവ് ഇറക്കിയിരുന്നു. പ്രശ്നബാധിത പ്രദേശത്ത് വര്‍ഷങ്ങളായി മരുന്നടി നടന്നിട്ടില്ല എന്നതിനാല്‍ തന്നെ 2008-2010 കാലയളവില്‍ ബോര്‍ഡിന്റെ പഠനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഈ പ്രദേശങ്ങളില്‍ കണ്ടെത്തി എന്നത് വളരെ ഗൌരവ പൂര്‍വ്വമായി എടുക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്റെ ഹാഫ് ലൈഫ് മാസങ്ങള്‍ മാത്രമാണ് എന്നതിനാല്‍ പണ്ട് തളിച്ച ഈ കീടനാശിനിയുടെ അളവ് എത്ര ഭീകരമായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നു.

കാസര്‍ഗോഡ് മാത്രമല്ല തൊട്ടടുത്ത് കിടക്കുന്ന കര്‍ണാടകയിലെ അതിര്‍ത്തി ജില്ലയിലും ഈ പ്രശ്നങ്ങളുണ്ട്. കര്‍ണാടക മാര്‍ച്ച് 15ന് എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് ഉത്തരവിറക്കി. എന്നാല്‍ ഇതിനെതിരെ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക സംഘടന കര്‍ണ്ണാടകയിലെ കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു കഴിഞ്ഞു.

കാസര്‍ഗോഡ് കാണുന്ന അതേ ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയാണ് അതിര്‍ത്തി ജില്ലയിലെ കശുമാവിന്‍ തോട്ടത്തിലും അതിനടുത്തും താമസിക്കുന്ന കര്‍ണ്ണാടകയിലും ഉള്ളത്. രണ്ടിടത്തും തളിച്ചത് എന്‍ഡോസള്‍ഫാന്‍. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ അല്ല ഈ പ്രശ്നങ്ങള്‍ക്ക് കാരണം എന്ന് കേന്ദ്രത്തിലെ ഭരണകര്‍ത്താക്കള്‍ വാദിക്കുമ്പോള്‍ 2000 കോടിക്ക് മുകളില്‍ കച്ചവടം നടക്കുന്ന ഈ കീടനാശിനിയുടെ “ബലം” മനസ്സിലാക്കാം!

അടുത്ത പി.ഒ.പി. മീറ്റിങ്ങ് അടുത്തെത്തിയിരിക്കുന്നു. ഈ വരുന്ന 25 മുതല്‍ 29 വരെയാണ്.  പക്ഷേ ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുക്കുമെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. അമേരിക്കയില്‍ കര്‍ഷകരില്‍ ചിലര്‍ക്ക് തലകറക്കവും, നാഡീ വ്യൂഹ സംബന്ധമായ താല്‍ക്കാലിക പ്രശ്നവും മാത്രമേ കണ്ടതുള്ളൂ എന്നാല്‍ മത്സ്യങ്ങളിലും, കാടുകളിലെ ജീവജാലങ്ങള്‍ക്കും, പക്ഷികള്‍ക്കും വംശനാശം സംഭവിക്കുന്നു എന്ന വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനാലും അവര്‍ അത് നിരോധിച്ചു, അവിടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കന്‍ കമ്പനിതന്നെ ആയിട്ട് പോലും. എന്നാല്‍ ഇന്ത്യയില്‍ കേരളത്തിലും കര്‍ണാടകയിലും ജീവിക്കുന്ന തെളിവുകള്‍ ഉണ്ടായിട്ടും മന്മോഹനും കൂട്ടര്‍ക്കും ഇനിയും തെളിവ് വേണം പോലും! ഇടതിന്റെ സഹകരണത്തില്‍ ഭരണം നടത്തിയ സമയത്ത് പഠനം നടത്തി തീരുന്നത് വരെ കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ച് ഉത്തരവിട്ടത് പോലെ ഇന്ത്യയിലും നിരോധിച്ച് ഉത്തരവിടുന്നതിന് എന്തിന് മടിക്കുന്നു എന്നതിന് ഉത്തരം പറയേണ്ടത് മന്മോഹനും കൂട്ടരുമാണ്.   


ഈ ബഹളങ്ങളൊക്കെ നടക്കുമ്പോഴും പണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന ദുരന്ത മുഖങ്ങള്‍ പലതും ഇല്ലാതായി. പുതിയ മുഖങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നു. എന്നാല്‍ ദുരിത ബാധിതര്‍ക്ക് വേണ്ട വിധത്തിലുള്ള സഹായം കേന്ദ്രത്തിന്റെ പിടിവാശി മൂലം നഷ്ടപ്പെട്ടിരിക്കുന്നു. ആകെയുള്ള ആശ്വാസം എന്‍.ജി.ഒ.കളും, ചില രാഷ്ട്രീയ സംഘടനകളും പിന്നെ കേരള സര്‍ക്കാരിന്റെ സഹായവും മാത്രം.

 കടപ്പാട്: ഡൌണ്‍ ടു എര്‍ത്ത്, സി.എസ്സ്.ഇ., തണല്‍, മറ്റ് റിപ്പോര്‍ട്ടുകള്‍

7 comments:

Manoj മനോജ് said...

എന്‍ഡോസള്‍ഫാന്‍ പ്രശ്നം ചൂടായി നില്‍ക്കുന്ന ഈ സമയത്ത് ആ പ്രശ്നത്തിന്റെ ചരിത്രത്തിലേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടം...

ഇന്ത്യയില്‍ കേരളത്തിലും കര്‍ണാടകയിലും ജീവിക്കുന്ന തെളിവുകള്‍ ഉണ്ടായിട്ടും മന്മോഹനും കൂട്ടര്‍ക്കും ഇനിയും തെളിവ് വേണം പോലും! ഇടതിന്റെ സഹകരണത്തില്‍ ഭരണം നടത്തിയ സമയത്ത് പഠനം നടത്തി തീരുന്നത് വരെ കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ച് ഉത്തരവിട്ടത് പോലെ ഇന്ത്യയിലും നിരോധിച്ച് ഉത്തരവിടുന്നതിന് എന്തിന് മടിക്കുന്നു എന്നതിന് ഉത്തരം പറയേണ്ടത് മന്മോഹനും കൂട്ടരുമാണ്.

സുനീഷ് said...

Manojetta...
Can I just circulate this article to my friends?

Manoj മനോജ് said...

ആളുകള്‍ അറിയുക എന്നതല്ലേ പ്രാധാന്യം :) പടം എടുത്താല്‍ ക്രെഡിറ്റ്സ് ഇതില്‍ പറഞ്ഞ സൈറ്റുകാര്‍ക്ക് കൊടുത്തേക്കണേ...

Amal said...

endosulfanu kozhappam illennu paranjavante annakkilekku tiruki vachu kodukkanam...

ശ്രീനാഥന്‍ said...

അവസരോചിതം!

mljagadees said...

നല്ല ലേഖനം.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

എൻഡൊസൾഫാൻ കീടനാശിനിമൂലം ജീവച്ചവങ്ങളായി ജീവിതം തള്ളിനീക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ, ഹൃദയഭേദകമായ കാഴ്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവരായി കഴിയുന്ന ആ മനുഷ്യ ജന്മങ്ങൾക്ക് മുമ്പിൽ എൻഡൊസൽഫാൻ എന്ന കൊടും ജീവനാശിനിയെ ഉയർത്തിപ്പിടിച്ച്, ന്യായീകരണങ്ങൾ നിരത്തി അതിനെ പുണ്യവത്ക്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്ക് അധീതമായി ശബ്ദിക്കുക.... എൻഡോ സൾഫാൻ ഇരകളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുക