എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, October 14, 2011

വൈറ്റമിന്‍ Eയെ ആണുങ്ങള്‍ സൂക്ഷിക്കുക!

വൈറ്റമിന്‍ ഇ യുടെ ഉപയോഗം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന  വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു!!!
ശരീരത്തിലുണ്ടാകുന്ന ഫ്രീറാഡിക്കലുകളെ നശിപ്പിച്ച് ക്യാന്‍സറില്‍ നിന്നും മറ്റും സംരക്ഷിക്കുമെന്ന് വിശ്വസിച്ചിരുന്ന വൈറ്റമിന്‍ ഇ ഇപ്പോള്‍ വില്ലനായി മാറിയിരിക്കുന്നു. സൂര്യകാന്തി, പാം ഓയില്‍ തുടങ്ങിയ എണ്ണകളും, നട്ട്സ്, തവിടുള്ള ധാന്യങ്ങള്‍‌, തക്കാളി, ചതാവരി (ആസ്പരാഗസ്), പപ്പായ, അവക്കാഡ, സൊയാബീന്‍ തുടങ്ങിയവയാണ് വൈറ്റമിന്‍ ഇ യുടെ കലവറ. ക്യാന്‍സര്‍ കുറയ്ക്കുമെന്ന വിശ്വാസം ശരിയല്ല എന്നും എന്നാല്‍ പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണെന്നും ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.



5.5 കൊല്ലം തുടര്‍ച്ചയായി ദിവസേന 400 IU എന്ന അളവില്‍ വൈറ്റമിന്‍ ഇ നല്‍കുകയും പിന്നീട് അവരെ 1.5 വര്‍ഷം കൂടി നിരീക്ഷിക്കുകയും ചെയ്തതിന്റെ പുതിയ ഫലങ്ങളാണ് പുറത്ത് വിട്ടത്. സെലീനിയവും വൈറ്റമിന്‍ ഇ യും ഒരുമിച്ച് കഴിച്ചാല്‍ പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ചില ക്യാന്‍സറുകള്‍ കുറയ്ക്കാമെന്ന നിരീക്ഷണം ശരിയാണോ എന്ന് അറിയുവാന്‍ Selenium and Vitamin E Cancer Prevention Trial (SELECT) എന്ന പേരില്‍ നടത്തിയ 7 കൊല്ലത്തെ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമാണിത്.
 
കടപ്പാട്: SWOG

2008ല്‍ തന്നെ സെലീനിയവും വൈറ്റമിന്‍ ഇ യും ഒരുമിച്ചോ ഒറ്റയ്ക്കോ കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല എന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം ഈ പരീക്ഷണങ്ങള്‍ക്ക് വിധേയരായവരില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ് വൈറ്റമിന്‍ ഇ മാത്രം കഴിച്ചവരില്‍ പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാകുന്നത് മറ്റുള്ളവരില്‍ നിന്നും 17% കൂടുതലാണെന്ന് കണ്ടെത്തിയത്. പരീക്ഷണത്തിന് വിധേയരായ മുഴുവന്‍ പേരെയും തിരിച്ച് കൊണ്ടു വന്ന് നിരീക്ഷണം നടത്തുവാന്‍ ഇപ്പോള്‍ സെലെക്റ്റ് തയ്യാറായിരിക്കുന്നു.

11 comments:

Manoj മനോജ് said...

എന്ത് തിന്നും എന്ത് തിന്നാതിരിക്കും?

5.5 കൊല്ലം നിരീക്ഷിച്ചിട്ട് കുഴപ്പമില്ല എന്ന് കണ്ടത് 1.5 കൊല്ലം കൂടി കഴിഞ്ഞപ്പോള്‍ പ്രശ്നമായി മാറിയിരിക്കുന്നു!

ദീര്‍ഘകാല നിരീക്ഷണങ്ങളിലൂടെ മാത്രമേ ഒരു മരുന്ന് രോഗങ്ങള്‍ ഇല്ലാതാക്കുമോ അതോ വിപരീത ഫലമുണ്ടാക്കുമോ എന്ന് തിരിച്ചറിയുകയുള്ളൂ!!!!

Jishnu Chandran said...

നല്ല ചോദ്യമാണ്.എന്ത് തിന്നും എന്ത് തിന്നാതിരിക്കും?

ഒന്നും അമിതമായി കഴിക്കാതിരിക്കുക. ഒന്നിനേയും പൂര്‍ണ്ണമായി ഒഴിവാക്കാതിരിക്കുക.. പൂര്‍ണ്ണമായും നല്ലതും പൂര്‍ണ്ണമായും ചീത്തയും ആയ ഒരു സാധനവുമില്ല. പഠനങ്ങള്‍ നടക്കട്ടെ...

അനില്‍@ബ്ലോഗ് // anil said...

നാച്വറലായി ലഭിക്കുന്ന സാധനങ്ങൾ നാച്വറൽ ഡോസിൽ കഴിക്കുക.വൈറ്റമിൻ ഇ ഉരുട്ടി വിഴുങ്ങിയാലല്ലെ പ്രശ്ശ്നമുള്ളൂ.. :)

ഇനി എന്തെല്ലാം റിസൾട്ടുകൾ വരാനിരിക്കുന്നു.

Manoj മനോജ് said...

:) ജീവിതം പണ്ടത്തേതിലും വലിച്ച് നീട്ടുവാനല്ല മറിച്ച് ആധുനിക സയന്‍സ് വഴി ലഭിച്ച സാധനങ്ങളുടെ സൈഡ് ഇഫക്റ്റ് മാറ്റാനാണ് ഇപ്പോള്‍ ഗവേഷണം നടക്കുന്നത്!!

പ്ലാസ്റ്റിക്ക് വന്നപ്പോള്‍ ജീവിതം ലളിതമായി എന്ന് കരുതി. പക്ഷേ വരും തലമുറയ്ക്ക് വരെ ഹാനികരമായി ഭൂമിയില്‍ കിടക്കുമെന്ന് മാത്രമല്ല വരും തലമുറയുടെ ആരോഗ്യത്തെ വരെ ബാധിക്കുന്ന എന്തെല്ലാം വസ്തുക്കള്‍ പ്ലാസ്റ്റിക്ക് നിര്‍മ്മാണ സമയത്ത് ഇനിയും ഉണ്ടാകുന്നു എന്നത് ഗവേഷിച്ച് കണ്ട് പിടിച്ച് കൊണ്ടിരിക്കുന്നു!!!

നാനോ ടെക്നോളജി വളരുമ്പോഴും ഉള്ള പേടി അത് തന്നെ. നാനോ പാര്‍ട്ടിക്കിള്‍ ശരീരത്തില്‍ വരുത്തുവാന്‍ സാധ്യതയുള്ള ദോഷങ്ങളെ പറ്റി മള്‍ട്ടി ബില്ല്യണ്‍ ചെലവാക്കി അന്വേഷണം നടക്കുന്നു :(

നമുക്ക് ഇഷ്ടമില്ലാത്തവ നമ്മള്‍ കഴിക്കുവാനും ശ്വസിക്കുവാനും നിര്‍ബന്ധിതരാകുന്നു!!!

ഇവിടെ തന്നെ നോക്കുക ആന്റി-ഓക്സിഡന്റ് ആയി ഉപയോഗിക്കാവുന്ന ഒന്ന് എന്ന് വിചാരിച്ചിരുന്ന വസ്തു അങ്ങിനെ അല്ല നേരെ വിപരീതമായ ഫലമായിരിക്കും നല്‍കുക എന്ന് തെളിയുമ്പോള്‍‌!! കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് പാരസെറ്റമോളിന്റെ ഉപയോഗം കുട്ടികളില്‍ ആസ്തമ ഉണ്ടാക്കാം എന്ന് കണ്ടെത്തിയത്!!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ സാറെ പാരസെറ്റമോള്‍ പോലെ ഉള്ള സാധനങ്ങള്‍ കഴിച്ചാല്‍ കിഡ്നിയില്‍ ക്യാന്‍സര്‍ Renal Cell Carcinoma ഉണ്ടാകാന്‍ സാധ്യത ഉള്ളതൊക്കെ നമുക്കു മറക്കാം അല്ലെ

ചുമ്മാ വാരി തിന്നോളാനല്ലെ ചിലരൊക്കെ ഉപദേശിക്കുന്നത്‌

രോഗികള്‍ക്കാണെങ്കില്‍ ഫയങ്കര വിവരം.

തെര്‍മോമീറ്റര്‍ വീട്ടില്‍ വച്ച്‌ മണിക്കൂറു തോറും പരിശോധിക്കും . ഡോക്റ്ററെ 99 ഡിഗ്രി യാ പാരസെറ്റമോള്‍ കൊടുത്തു. എന്നിട്ടും കുറയുന്നില്ല (ഞങ്ങളെ വിളിച്ചു പറയുന്ന ഭാഷകളാണെ)

ഓരോരുത്തന്റെ തലവരയാ എന്നെ പറയാന്‍ പറ്റൂ.

അനുഭവിക്കാന്‍ ജനിച്ചവന്‍ അനുഭവിക്കും

Manoj മനോജ് said...

സര്‍ക്കാര്‍ സംവിധാനമോ ചെയ്യുന്നില്ല എന്നാല്‍ ഡോക്റ്റര്‍മാരുടെ സംഘടന(കള്‍ക്ക്) ബോധവത്ക്കരണം നടത്തുവാന്‍ കഴിയില്ലേ!

മരുന്നുകടകളിലെ കൌണ്ടറില്‍ നിന്ന് കുഴപ്പമുള്ള മരുന്നുകള്‍ വരെ കുറിപ്പില്ലാതെ കിട്ടുന്നു!

പനി വന്നാല്‍ ഉടനെ ഡോക്റ്ററെ കണ്ട് കുറഞ്ഞത് 5 തരത്തിലെ മരുന്ന് കഴിച്ചിരുന്ന ഞാന്‍ അമേരിക്കയില്‍ വന്നപ്പോള്‍ ആദ്യം ഒന്ന് ഞെട്ടി. പനി കുഴപ്പമില്ല 5 ദിവസം കാത്തിരുന്നിട്ട് കുറവില്ലെങ്കില്‍ ചെന്നാല്‍ മതി എന്ന ഡോക്റ്റര്‍ ഓഫീസില്‍ നിന്ന് കിട്ടിയ ഉപദേശമായിരുന്നു കാരണം!

എച്ച്1എന്‍1 ഭീകരത പടര്‍ത്തിയ സമയത്ത് പോലും ഇവിടത്തെ സര്‍ക്കാര്‍ പരസ്യത്തില്‍ പറഞ്ഞതും പനി കണ്ടാല്‍ വിശ്രമിക്കുക, 5 ദിവസം കാത്തിരിക്കുക എന്നതാണ്!! നമ്മുടെ നാട്ടില്‍ എന്തായിരുന്നു ബഹളം!!!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രോഗികളെ ബോധവല്‍ക്കരിക്കാനോ?

ഭേഷായി.

സംഘടനയ്ക്കൊക്കെ കാശൊണ്ടാക്കാനല്ലെ നേരമുള്ളു. അവര്‍ ചെയ്യും എന്നു പ്രതീക്ഷിക്കണ്ടാ. അവരുടെ നിലനില്‍പ്പ്‌ കാശിന്റെ പുറത്തല്ലെ

ഇനി ആരെങ്കിലും ഒരു ഡോക്റ്റര്‍ സ്വയം അതിനു ശ്രമിച്ചാല്‍ അവന്‍ പട്ടിണി കിടന്നു ചാകും അപ്പന്‍ സമ്പാദിച്ച മുതല്‍ ഇല്ലെങ്കില്‍.

പതിനചു മിനിറ്റിനുള്ളില്‍ പനികുറക്കുന്ന ആളാണ്‌ ഫയങ്കര ഡോക്റ്റര്‍.
അല്ലെന്നു പുറമെ ഒന്നു പറഞ്ഞു നോക്ക്‌ അപ്പൊ വിവരം അറിയാം :)

മണ്ടൂസന്‍ said...

ഇതൊക്കെ അറിയുമ്പോഴും വായിക്കുമ്പോഴും പേടിയാ. എന്താ ഇപ്പൊ തിന്ന്വാ? എന്താപ്പോ തിന്നാതിരിക്ക്വാ?

മണ്ടൂസന്‍ said...

ഹെന്റമ്മോ ഞാൻ ഞെട്ടിപ്പോയി കമന്റ്സ് കണ്ടിട്ട്,ഇത്രയും കമന്റ്സ് കിട്ടിയിട്ടാണല്ലേ പിന്നേം എന്നോട് കരഞ്ഞേ?

Manoj മനോജ് said...

@മണ്ടൂസന്‍
"ഇത്രയും കമന്റ്സ് കിട്ടിയിട്ടാണല്ലേ പിന്നേം എന്നോട് കരഞ്ഞേ?"

?????????????? ഒന്നും മനസ്സിലായില്ല :O

ശ്രീ said...

പോസ്റ്റ് നന്നായി