പിന്നീട് വന്ന തെരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ ടീ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഒഫീഷ്യല്‍ സ്ഥാനാര്‍ത്ഥികളെ കടത്തി വെട്ടി. എന്നാല്‍ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിചാരിച്ച വിജയം അവര്‍ക്ക് നേടുവാന്‍ കഴിഞ്ഞില്ല.
ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് തുടക്കമിട്ട കോര്‍പ്പറേറ്റ് ഭീമന്മാര്‍ പൊതുമുതല്‍ വാങ്ങി രക്ഷപ്പെട്ടു. എന്നാല്‍ മാന്ദ്യത്തിന്റെ ആഘാതം അനുഭവിക്കുന്നത് സാധാരണക്കാരും. മാന്ദ്യ സമയത്ത് സര്‍ക്കാര്‍ ആനുകൂല്യം വാങ്ങുവാന്‍ വന്‍ തുക മുടക്കി വാഷിങ്ടണ്‍ ഡി.സി.യില്‍ എത്തി തമ്പടിച്ചതും സാധാരണക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമ്പോഴും കമ്പനി എക്സിക്യൂട്ടീവുകള്‍ വന്‍ തുക ചെലവാക്കി സുഖവാസ കേന്ദ്രങ്ങളില്‍ അര്‍മാദിച്ചിരുന്നതും പ്രസിഡന്റ് ഒബാമയുടെ വിമര്‍ശനങ്ങള്‍ക്ക് വരെ കാരണമായി.
സാധാരണക്കാര്‍ക്ക് ഉപകാരമാകുന്നതും എന്നാല്‍ ധനികരെ ബാധിക്കുന്നതുമായ നിയമങ്ങള്‍ ഒബാമ കൊണ്ടു വരുമ്പോഴെല്ലാം റിപ്പബ്ലിക്കന്മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി തന്നെ നില്‍ക്കുമ്പോഴും കോര്‍പ്പറേറ്റ് ഭീമന്മാര്‍ പൊതു സ്വത്ത് കൊണ്ട് തങ്ങളുടെ സ്വത്ത് കൂട്ടുന്നത് കണ്ട് സഹിക്ക വയ്യാതെയാണ് ഒടുവില്‍ മാസങ്ങള്‍ക്ക് മുന്‍പ് “ഒക്യുപ്പൈ വാള്‍സ്ട്രീറ്റ്” സമരം ആരംഭിക്കുന്നത്. പണം കടമെടുത്ത് പഠിക്കുന്നവര്‍ പ്രതീക്ഷയോടെ പുറത്തിറങ്ങുമ്പോള്‍ ജോലി കിട്ടാതിരിക്കുന്നത് തങ്ങളുടെ കടം കൂട്ടുന്നത് തിരിച്ചറിഞ്ഞവര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു.
വാള്‍സ്ട്രീറ്റ് സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം “വി ആര്‍ ദി 99%” എന്നതാണ്. അമേരിക്കയുടെ സമ്പത്ത് 1% ആളുകളാണ് കയ്യടക്കി വെച്ചിരിക്കുന്നതെന്ന സത്യം അവര്‍ വിളിച്ച് പറയുന്നു. സാമ്പത്തിക അസമത്വം മുന്‍പുള്ളതിനേക്കാള്‍ കൂടിയിരിക്കുന്നു.
ഈ പുതിയ പ്രതിഷേധ സമരത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ദൂരം പാലിച്ചു. റിപ്പബ്ലിക്കന്മാര്‍ക്ക് പഴയ പോലെ ഹൈജാക്ക് ചെയ്യുവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കാരണം സമരം തങ്ങളുടെ കണ്ണിലുണ്ണികളായ വാള്‍സ്ട്രീറ്റിനെതിരെ ആണെന്നുള്ളത് തന്നെ. ഈ അവസരം മുതലെടുത്തത് തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്ന യൂണിയന്‍ സംഘടനകളാണ്. തങ്ങളുടെ ആവശ്യങ്ങള്‍ കൂടി അനുക്കൂലിച്ചാല്‍ സഹായം നല്‍കാമെന്ന വ്യവസ്ഥയില്‍ സമരം അമേരിക്കയില്‍ പച്ച പിടിച്ചു. യൂണിയനുകള്‍ മൂലം സമരത്തെ നാനാ തുറയിലുള്ളവര്‍ പിന്തുണച്ച് തുടങ്ങി.
സമരത്തെ വമ്പന്മാര്‍ പലരും അവഗണിച്ചുവെങ്കിലും കോര്‍പ്പറേറ്റ് ബാങ്കുകളെ ഒഴിവാക്കി ക്രെഡിറ്റ് യൂണിയന്‍ ബാങ്കുകളിലേയ്ക്ക് പണം മാറ്റുവാന്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ദിനം ഉപയോഗപ്പെടുത്തണം എന്ന സമരക്കാരുടെ ആഹ്വാനം ജനങ്ങള്‍ സ്വീകരിക്കുന്നു എന്ന് കണ്ടതോടെ വമ്പന്മാര്‍ രംഗത്തിറങ്ങി തുടങ്ങി. ബാങ്ക് സംഘടനകള്‍ “ഒക്യുപ്പൈ വാള്‍സ്ട്രീറ്റ്” സമരത്തെ തകര്‍ക്കുവാന്‍ രംഗത്ത് എത്തി കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയായി $8.5 ലക്ഷം ചെലവഴിക്കുവാന്‍ അവര്‍ തീരുമാനിച്ച് കഴിഞ്ഞു. ആഴ്ചകള്‍ക്ക് ശേഷം ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ പലയിടത്തും സമരക്കാരെ പൊതു സ്ഥലത്ത് നിന്ന് ബലമായി ഒഴിപ്പിച്ച് തുടങ്ങി.
ഇതിനിടയില്‍ ഞായറാഴ്ച ഫോര്‍ബ്സ് സൈറ്റില്‍ റോബര്‍ട്ട് ലെന്‍സ്നര്‍ എഴുതിയ ലേഖനം ഇന്നത്തെ അമേരിക്കയിലെ സ്വത്തിന്റെ അസമത്വത്തിന്റെ യാഥാര്‍ത്ഥ്യം തുറന്ന് കാട്ടുന്നു.ധനികരായ 0.1% ആളുകളില്‍ സമ്പാദ്യം കൂടുന്നത് “ക്യാപ്പിറ്റല്‍ ഗെയിന്‍”ല്‍ (ഷെയര്‍, ബോണ്ട്, റിയല്‍ എസ്റ്റേറ്റ്) നിന്നും ആണ്. ഇത് ഫോര്‍ബ്സ് 400ല്‍ വരുന്ന ധനികരുടെ വരുമാനത്തിന്റെ 60% വരുമത്രേ. ഇതിന് കാരണം ഇങ്ങനെയുള്ള സമ്പാദ്യത്തിന് സര്‍ക്കാര്‍ നല്‍കി വരുന്ന വന്‍ നികുതി ഇളവുകളാണ്. സാധാരണക്കരുടെ വരുമാനം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ശമ്പളത്തില്‍ നിന്നും ആണ്. അത് കാലത്തിന് അനുസരിച്ച് ഉയരുന്നില്ല എന്ന് മാത്രമല്ല നികുതി കൂടുന്നത് അനുസരിച്ച് കുറയുകയും ചെയ്യുന്നു. എന്നാല്‍ നികുതി ഇളവ് ലഭിക്കുന്നതിനാല്‍ 1% ധനികരുടെ സമ്പത്ത് കൂടി കൊണ്ടിരിക്കുന്നു. അവര്‍ക്ക് നഷ്ടം വരുമ്പോള്‍ ഗവണ്മെന്റ് പൊതുമുതലില്‍ നിന്ന് എടുത്ത് കൊടുക്കുന്നു! വരുമാനമുള്ള 300 മില്ല്യണ്‍ ജനങ്ങളില്‍ തന്നെ 0.1% വരുന്ന 3 ലക്ഷത്തിനടുത്ത് ജനങ്ങള്‍ക്കാണ് അമേരിക്കയുടെ സ്വത്തിന്റെ ഭൂരിഭാഗവും എന്നത് തന്നെ അമേരിക്കയില്‍ നടന്ന് വരുന്ന “ഒക്ക്യുപ്പൈ വാള്‍സ്ട്രീറ്റ്” സമരങ്ങള്‍ക്ക് പുതിയ മുഖം നല്‍കുന്നു.
രാജ്യത്തിന്റെ സ്വത്ത് ചെറിയ ഒരു കൂട്ടം ആളുകളുടെ കയ്യില്‍ കുമിഞ്ഞ് കൂടും അല്ലെങ്കില്‍ രാജ്യത്ത് ജനാധിപത്യം ഉണ്ടാകും എന്നാല്‍ ഇത് രണ്ടും ഒരുമിച്ച് നടക്കില്ല എന്ന മുന്‍ ജസ്റ്റിസ് ലൂയിസ് ഡി. ബ്രാന്‍ഡിസിന്റെ വാക്കുകള്‍ ചൂണ്ടി കാട്ടിയാണ് ലെന്‍സ്നര്‍ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ലേഖനത്തിന്റെ അവസാനം പറയുന്നത് പോലെ “ക്യാപിറ്റല്‍ ഗെയിന്‍” നികുതി കൂട്ടി അസമത്വത്തിന്റെ തോത് കുറയ്ക്കുവാന്‍ ഇരു രാഷ്ട്രീയ പാര്‍ട്ടിക്കാരും തയ്യാറാകേണ്ടിയിരിക്കുന്നു.
തങ്ങളുടെ നികുതി കൂട്ടുക എന്ന് പറഞ്ഞ് ധനികരില്‍ പലരും മുന്നോട്ട് വന്നിരിക്കുന്നു. ഒബാമയുടെ നിര്‍ദ്ദേശം ഇത് തന്നെയാണ്. എന്നാല്‍ റിപ്പബ്ലിക്കന്മാര്‍ക്ക് ഇത് ദഹിക്കുകയില്ല. അവര്‍ക്ക് സാധാരണ ജനങ്ങളെ പിഴിഞ്ഞ്, ജനങ്ങള്‍ക്ക് കൊടുക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടി കുറച്ച് വേണം രാജ്യത്തിന്റെ കടം കുറയ്ക്കുവാന്‍!
ഇതിനിടയില്‍ സാധാരണക്കാര്‍ന് ലഭിക്കുന്ന നികുതി ഇളവ് ഈ കൊല്ലം അവസാനത്തോടെ പുതുക്കിയില്ലെങ്കില്‍ അടുത്ത കൊല്ലം ശമ്പളത്തിലും, തൊഴില്ലാത്തവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യത്തിലും കുറവ് വരും.
വാള്‍സ്ട്രീറ്റ് സമരത്തിന് ഇനി എന്ത് സംഭവിക്കും? വന്നു ചേര്‍ന്നിരിക്കുന്ന തണുത്ത കാലാവസ്ഥ ഈ സമരത്തെ തണുപ്പിക്കുമോ അതോ കോര്‍പ്പറേറ്റ് ഭീമന്മാര്‍ നേരിട്ട് രംഗത്തിറങ്ങി ഈ സമരത്തെ ഇല്ലാതാക്കുമോ? അതോ കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ തങ്ങളുടെ ഉള്ള വരുമാനം കുറയുകയും കൂട്ടത്തില്‍ അവശ്യ സാധനങ്ങള്‍ക്ക് വില കൂടുകയും ചെയ്യുന്നത് കാണുമ്പോള്‍ കൂടുതല്‍ ആളുകള്‍ സമര മുഖത്തേയ്ക്ക് വരുമോ? കാത്തിരുന്ന് കാണാണേണ്ടിയിരിക്കുന്നു.


2 comments:
സാമ്പത്തിക അസമത്വം ഇന്ത്യയിലും നിറഞ്ഞാടുകയാണ്. എന്നാല്‍ അമേരിക്കയിലെ പോലെ ഒരു സമരത്തിന് ഇന്ത്യന്‍ ജനത തയ്യാറാകില്ല എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയാം. സമരത്തെ വഴി തിരിച്ച് വിടുവാന്‍ ഹസ്സാരയെയും, രാംദേവ്, രവിശങ്കര്‍, കൂടംങ്കുളം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കെടാതെ നോക്കുവാന്‍ ഭരണകൂടങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. എങ്കിലും എത്ര നാള്‍.....
ശരിയാണ് ,നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ ഇതിലും രൂക്ഷമാണ് .പക്ഷെ ആരും പ്രതികരിക്കുന്നില്ല.പ്രതികരിക്കാന്‍ വന്ന ഹാസാരെ പോലെയുള്ളവര്‍ അവരുടെ ഇടയിലെ തന്നെ തമ്മിലടി കാരണം നിര്‍ജീവവുമായി ..
വാള്‍സ്ട്രീറ്റ് വിഷയം അവിടെ ഇവിടെയായി വായിച്ചു എങ്കിലും കൂടുതലായി അറിയാന്‍ കഴിഞ്ഞു ...താങ്ക്സ് മനോജേട്ടന്‍ ..
Post a Comment