കൊട്ടി ഘോഷിക്കപ്പെട്ട അറബ് ഇന്റര്‍നെറ്റ് വിപ്ലവം ശരിക്കും ഉപദ്രവമായി മാറിയോ?
മിഡില്‍ ഈസ്റ്റിലുള്ള എണ്ണയുടെ മേലുള്ള പിടി അഴയാതിരിക്കുവാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ എന്തിനും തയ്യാറാകുമെന്ന് നാം കണ്ട് കൊണ്ടിരിക്കുന്നു. എന്നാല്‍ അമേരിക്കയ്ക്ക് കിട്ടിയ അടിയാണ് അറബ് വസന്തം അഥവാ മുല്ലപ്പൂ വിപ്ലവം. അവിടങ്ങളിലെ ഭരണകര്‍ത്താക്കള്‍ ഏകാധിപതികളും മറ്റും ആയിരുന്നുവെങ്കിലും അവിടെയുള്ള സ്ഥിരത അമേരിക്കയ്ക്കെന്ന പോലെ മറ്റ് ലോക രാജ്യങ്ങളും ആവശ്യമായിരുന്നു. എന്നാല്‍ ആ രാജ്യങ്ങളിലെ ജനങ്ങള്‍ നിശബ്ദമായി ഇതിനെ നേരിട്ട് കൊണ്ടിരുന്നത് ഗൌരവമായി അമേരിക്കയും മറ്റും കണ്ടില്ല എന്നതിന്റെ ബാക്കി പത്രമാണ് ചോര ചീന്താതെയുള്ള വിപ്ലവം.
വല്ല്യേട്ടന്‍ രാജ്യങ്ങള്‍ക്ക് എതിര്‍ക്കുവാന്‍ കഴിയുന്നില്ല എന്ന് കണ്ടതോടെ ആദ്യം അടുക്കുവാന്‍ മടിച്ച് നിന്ന ഇസ്ലാമിക എക്സ്ട്രിമിസ്റ്റുകള്‍ വിപ്ലവകാരികളുടെ കൂടെ കൂടി. ഇത് തന്നെയായിരുന്നു ലോക രാജ്യങ്ങളുടെയും പേടി. എന്നാല്‍ അറബ് വസന്തത്തിന്റെ പിടിയില്‍ നിന്ന് ബഹറൈന്‍ മുതലായവയെ സൌദിയെയും മറ്റും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കഴിഞ്ഞു. ഇറാക്കില്‍ അമേരിക്ക പിന്മാറിയ അന്ന് തന്നെ ഷിയ-സുന്നി വിഭാഗങ്ങള്‍ അടി തുടങ്ങി. ഇതേ അടി മറ്റ് രാജ്യങ്ങളിലും വരുവാനിരിക്കുന്നു. ഇതിനിടയില്‍ എക്സ്ട്രിമിസ്റ്റുകള്‍ അധികാരം ഏറ്റെടുത്ത് കടുത്ത മത നിയമങ്ങല്‍ നടപ്പിലാക്കുവാന്‍ ഇറങ്ങി കഴിഞ്ഞു.
എതിര്‍ക്കുന്നവരെ എന്ത് ചെയ്യുമെന്ന് ഈജിപ്റ്റിലെ കാവല്‍ അധികാരികള്‍ കാട്ടി തരുന്നു. സമരമുഖത്ത് ഉണ്ടായിരുന്ന ഒരു വനിതയുടെ ഉടുതുണി പറിച്ചെടുത്ത് മാറിടത്തിന് നടുവില്‍ ബൂട്ടിട്ട കാലുകള്‍ കൊണ്ട് ആഞ്ഞ് ചവിട്ടുകയും കൂട്ടത്തോടെ തല്ലി ചതയ്ക്കുകയും ചെയ്യുന്ന ദയനീയ രംഗം ലോകം ഞെട്ടലോടെ കണ്ടിട്ട് ദിവസങ്ങള്‍ അധികമാകുന്നില്ല. ബ്ലൂ ബ്രാ ഗേള്‍ സംഭവം എന്ന് വിളി പേരില്‍ അറിയപ്പെട്ട ഇതിനെതിരെ വനിതകള്‍ രംഗത്തെത്തിറങ്ങി. എന്നാല്‍ വോട്ടെടുപ്പില്‍ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന മുസ്ലിം ബ്രദര്‍ ഹുഡുകാര്‍ ഈ സമരത്തെ അനുകൂലിച്ചില്ല എന്നത് ഗൌരവമേറിയതാണ്.
വനിതകള്‍ മുന്നിട്ടിറങ്ങിയ അറബ് വിപ്ലവത്തില്‍ ഇപ്പോള്‍ വനിതകള്‍ക്ക് കൂച്ച് വിലങ്ങിടുന്നത് കണ്ട് തുടങ്ങി. ഈജിപ്റ്റ് വിപ്ലവ സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ട വനിതകളുടെ കന്യകാത്വം പരിശോധിച്ചതിനേക്കാള്‍ ഭീകരമായാണ് ഇപ്പോള്‍ അവിടെയുള്ള സമരമുഖത്തുള്ള വനിതകള്‍ നേരിടുന്നത്. ഈജിപ്റ്റില്‍ ഒരു വനിതയെ പട്ടാപകല്‍ തെരുവിലിട്ട് പട്ടാളക്കാര്‍ അപമാനിച്ചിട്ടും മുസ്ലീം ബ്രദര്‍ഹുഡ് അലപിക്കുന്നില്ല എന്നത് അവരുടെ എക്സ്ട്രിമിസം തുറന്ന് കാട്ടുന്നു!
അകത്തിരുന്നത് ഭീകരം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുന്ന വികസിത രാജ്യങ്ങള്‍ക്ക് അറബ് വസന്തം ശരിക്കും പുലി വാലായി മാറിയിരിക്കുന്നു!
Wednesday, December 21, 2011
Subscribe to:
Post Comments (Atom)


6 comments:
എന്ത് ചെയ്യണം എന്നറിയാതെ സമര മുഖത്ത് തന്നെ കുടുങ്ങി പോയ കുറേ ജന്മങ്ങളായി അറബ് വസന്തത്തിന്റെ സംരക്കാര്‍ മാറുമോ? അതോ അവരെ എന്നത്തെയും പോലെ ഒരു തെളിവ് പോലുമില്ലാതെ തുടച്ച് മാറ്റുമോ?
സ്ത്രീകള്‍ മുന്നിട്ടിറങ്ങിയ അറബ് വിപ്ലവത്തിന്റെ അനന്തര ഫലം സ്ത്രീകളുടെ ഉള്ള സ്വാതന്ത്ര്യം കവരുന്നതിലേയ്ക്ക് അധപതിച്ചു എന്നത് അപമാനകരം തന്നെ.
ഇറാന്‍ വിപ്ലവത്തിന് മനസ്സ് കൊണ്ടും ശരീരം കൊണ്ടും പിന്തുണ നല്‍കിയ കമ്യുനിസ്ടുകാര്‍ക്ക് മൂന്നു വര്ഷം കൊണ്ട് എന്ത് സംഭവിച്ചു എന്ന് ആലോചിക്കുന്നത് നന്നായിരിക്കും !!
ഒട്ടുമിക്ക സാമൂഹികമുന്നേറ്റങ്ങളും നിലവിലുള്ള സാമൂനികാന്തരീക്ഷത്തിനോടുള്ള ജനങ്ങളുടെ അസംതൃപ്തി മൂലമാണുണ്ടാകുന്നത്. തുടക്കത്തിൽ ചെറിയ സംഘങ്ങളോ (വ്യക്തികൾ തന്നെയോ) ആയിരിക്കും ഇത്തരം ആശയങ്ങൾ മുന്നോട്ടുവെയ്ക്കുന്നത് (അവരിൽ പലരും ക്രൂശിതരായേക്കാം).
കാലക്രമേണ അത് ഒരു tipping point-ൽ എത്തുമ്പോൾ കൂടുതൽ ജനസമ്മതിയാർജ്ജിക്കും, ജനം പങ്കാളിയായിത്തന്നെ മുന്നേറ്റം നടക്കും (വിപ്ലവം എന്ന് പേരിട്ടുവിളിക്കുന്ന പലതിനും ശക്തമായ അടിയൊഴുക്കുകൾ വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോരുന്നു എന്ന വസ്തുത പലരും ശ്രദ്ധിക്കാറില്ല എന്ന് തോന്നിയിട്ടുണ്ട്).
Now, to the trouble area.
ജനപങ്കാളിത്തം ഉണ്ട് എന്നു പറയുമ്പോൾ തന്നെ അതിൽ ജനങ്ങളുടെ റോൾ വെറും പാസീവ് ആണ്. ഒട്ടുമിക്കയാളുകളും ഒഴുക്കിനൊത്ത് നീന്തുക മാത്രമാണ് ചെയ്യുന്നത്. ആശയങ്ങൾ പ്രചരിപ്പിക്കാനും നായകത്വം വഹിക്കുവാനും ചുരുക്കം ചില നേതാക്കൾ ഉണ്ടാകും, ഭാവി പരിപാടികൾ തീരുമാനിക്കുന്നത് അവർ തന്നെയാകുകയും ചെയ്യും (ഇടയ്ക്ക് ഗാന്ധിയ്ക്ക് സംഭവിച്ചതുപോലെ ഒരു spent force ആയി നേതൃത്വത്തിൽ നിന്നും കൊഴിഞ്ഞുപോകാം ചിലർ). ഒഴുക്കിനൊത്ത് നീന്തിയിരുന്ന ജനം പുതിയ വഴിയേയും സ്വീകരിക്കും, പഴയതിനേക്കാൾ മെച്ചം എന്ന നിലയിൽ (മാത്രം). ഭാവി അജണ്ട, നടപടികൾ എല്ലാം തീരുമാനിക്കുന്നതും നടപ്പാക്കുന്നതും വഴികാട്ടിയാകുന്നതും എല്ലാം ഈ നായകരിൽ നിക്ഷിപ്തം.
ആദർശശുദ്ധി കൈമോശം വരാത്ത ഗ്രൂപ്പ് ആണിതെങ്കിൽ കുറച്ചുകാലത്തേക്കെങ്കിലും നല്ലരീതിയിൽ മാറ്റങ്ങൾ ദൃശ്യമാകാം, അവയുടെ positives നടപ്പിൽ വരാം. അതല്ല, ഒരു enemy-bashing മാത്രമാണിവരുടെ ലക്ഷ്യമെങ്കിൽ ഒരു ചൂഷകനുപകരം മറ്റൊരു ചൂഷകൻ എന്നുമാത്രമാകും വ്യത്യാസം. പുറംലോകത്തെ സാമൂഹികമാറ്റങ്ങളെക്കുറിച്ചുള്ള ധാരണകളോ വ്യക്തമായ കാഴ്ചപ്പാടുകളോ ഇല്ലാത്ത ഗ്രൂപ്പാണെങ്കിൽ ഒരു വിഭാഗം ജനം രക്ഷപ്പെടും മറ്റുള്ളവർ status quo തുടരും.
ഇതിലെവിടെ നിൽക്കുന്നു അറബ് വസന്തത്തിന്റെ നായകരെന്ന് കാലം തെളിയിക്കട്ടെ.
അപ്പോള്‍ തുണീഷ്യയിലോ? അവിടെയും എക്സ്റ്റ്രിമിസത്തിന്റെ വക്താക്കള്‍ തന്നെയല്ലോ ഭരണം കയ്യാളുന്നത്.സ്ത്രീജനങ്ങളെ അടിച്ചമര്‍ത്തുമെന്ന് സ്വപ്നം കണ്ട് അത് സംബന്ധമായി അച്ച് നിരത്താന്‍ കാത്ത് നിന്നവരെ നിരാശപ്പെടുത്തുന്നവിധമായി പോയി സ്ത്രീകള്‍ക്ക് അവിടെ ഭരണത്തില്‍ പങ്കാളിത്വം. അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നില്ലാ എന്ന് ഇത് വരെ പരാതി ഉണ്ടായിട്ടില്ല.
ബ്രദര്‍ഹൂഡ് അഭിപ്രായം പറഞ്ഞില്ലാ എന്നാണ് ഇപ്പോല്‍ പരാതി. ഈ ബ്രദര്‍ഹൂഡിനെയാണ് ഇപ്പോള്‍ ജനങ്ങള്‍ ഭൂരിപക്ഷവും ഭരണത്തിനു അര്‍ഹരായി തിരഞ്ഞെടുത്തത്; അതും അടുത്തകാലത്ത്.ജനാധിപത്യ വ്യവസ്തിതിയില്‍ അവരുടെ ഭൂരിപക്ഷം അംഗീകരിച്ചല്ലേ പറ്റൂ. അതോ അള്‍ജീരിയായില്‍ പണ്ട് കാണിച്ച വേല ഇറക്കുമോ?
അറബ് വസന്തം അടുത്ത കാലത്ത് ഉണ്ടായ പ്രതിഭാസമാണ്. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാഴ്ചപ്പാട് എടുക്കാന്‍ തക്ക സമയമായില്ലല്ലോ, അല്‍പ്പം കൂടി കാത്തിരുന്നു അഭിപ്രായം പറയുന്നതായിരുന്നു ഉത്തമം.
പ്രസക്തം.
ഈജിപ്റ്റിലെ സംഭവവികാസങ്ങൾ എല്ലാർക്കും ചില പാഠങ്ങൾ നൽകും എന്നത് നിശ്ചയം. അവയിലേതെല്ലാം ഉൾക്കൊള്ളപ്പെടും എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
ട്യുണീഷ്യയിൽ പണ്ട് മുതൽ തന്നെ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്ത്രീകൾക്ക് മുങ്കൈ എടുത്ത് വിവാഹ ബന്ധം വേർപ്പെടുത്തുവാൻ അവകാശമുണ്ടായിരുന്നു. എന്നാൽ ഈ ഇടയ്ക്ക് അവിടെ ഹിജബ് ധരിക്കുന്ന സ്ത്രീകളെ നിർബന്ധിച്ച് അത് അഴിപ്പിച്ചിരുന്നു! എന്തായാലും വിപ്ലവത്തിനു ശേഷം സ്ത്രീകൾക്ക് പഴയ പോലെയുള്ള സ്വാതന്ത്ര്യം ലഭിക്കുമോ എന്ന് അവിടത്തെ സ്ത്രീ സംഘടനകൾക്ക് ഭയം ഉണ്ട് എന്നത് എന്തിലേക്കാണു വിരൽ ചൂണ്ടുന്നത്?
ട്യുണീഷിയ മറ്റൊരു ഇറാൻ ആയി മാറാതിരിക്കട്ടെ :(
അമേരിക്കയിലെ നാഷണൽ പബ്ലിക്ക് റേഡിയോയിൽ ബ്രദർഹുഡ്കാരുടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. അതിൽ അവർ അവകാശപ്പെട്ടത് കഴിഞ്ഞ കുറേ വർഷങ്ങളായി അവർ യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയായിരുന്നു, ഒരു പരീക്ഷണം. ജഗതി പറഞ്ഞത് പോലെ കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ എന്ന മാർഗ്ഗം. അതിന്റെ അനന്തരഫലമാൺ ഇപ്പോൾ കാണുന്നത് പോലും.
ബ്ലൂ ബ്രാ സംഭവത്തിൽ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ഭൂരിപക്ഷം നേടി മുന്നിട്ട് നിൽക്കുന്ന പാർട്ടി എതിർപ്പൊന്നും പറയുന്നില്ല എന്നത് ഗൌരവമായി തന്നെയല്ലേ കാണേണ്ടത്? ആ സംഭവത്തിന്റെ യൂട്യൂബ് ദൃശ്യം കാണുന്ന സഹജീവി സ്നേഹിക്ക് എന്ത് വികാരമാണുണ്ടാകുക എന്ന് അത് കണ്ടാൽ മനസ്സിലാകും. ആ ഒരു വികാരം ബ്രദർഹുഡിനുണ്ടാകുന്നില്ല എന്നുണ്ടെങ്കിൽ അവരുടെ അജണ്ട എന്തായിരിക്കണം?
അപ്പൂട്ടൻ പറഞ്ഞത് പോലെ “ഇതിലെവിടെ നിൽക്കുന്നു അറബ് വസന്തത്തിന്റെ നായകരെന്ന് കാലം തെളിയിക്കട്ടെ” :)
എന്തായാലും എണ്ണയുടെ വില നിയന്ത്രിക്കുന്ന ഈ പ്രദേശം വികസിത രാജ്യങ്ങൾക്കൊപ്പം മറ്റ് രാജ്യങ്ങൾക്കും ഉറക്കമില്ലാത്ത രാത്രികളാണു നൽകിയിരിക്കുന്നത്.
Post a Comment