എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, May 31, 2011

കാ. പുരോഹിതര്‍ ഇറങ്ങിയിട്ടുണ്ട്, വീണ്ടും!

പത്താം ക്ലാസ്സ് സാമൂഹ്യപാഠത്തിലെ ആദ്യ അദ്ധ്യായത്തില്‍ കാത്തലിക്ക് സഭയ്ക്കെതിരെ പരാമര്‍ശനം ഉള്‍പ്പെടുത്തിയെന്ന് പറഞ്ഞ് കാ. സഭ പുരോഹിതര്‍ ഉറഞ്ഞ് തുള്ളുവാന്‍ വീണ്ടും ശ്രമിക്കുന്നു!

പാഠ പുസ്തകത്തിലെ ഒന്നാം പാഠത്തില്‍ നവോത്ഥാനം (Renaissance) എന്നിടത്താണ് (അദ്ധ്യായത്തിന്റെ പി.ഡി.എഫ്. ലിങ്ക്) കാ.സഭയെ പറ്റി “തെറ്റ് ധരിപ്പിക്കുന്ന” പരാമര്‍ശം ഉള്ളത് പോലും.

ലോക ചരിത്രം വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകുന്നതാണ് മദ്ധ്യ കാലഘട്ടത്തില്‍ യൂറോപ്പില്‍ നടന്ന ഫ്യൂഡല്‍ ഭരണാധികാരികളുടെയും കാ. സഭ പുരോഹിതരുടെയും ഇരുണ്ട ചരിത്രം. യൂറോപ്പില്‍ അക്കാലത്ത് നടന്ന കൊലകളുടെയും അഴിമതികളുടെയും പരമ്പരകള്‍ സഹിക്ക വയ്യാതെ, അടിച്ചമര്‍ത്തലുകളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ നഗ്ന സത്യം കുട്ടികള്‍ അറിയെരുതെന്ന പിടി വാശിയുമായി കേരളത്തിലെ കാ.സഭ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നു. കാ.സഭയുടെ ഇരുണ്ട ചരിത്രം എഴുതിയത് ഇടത് ചിന്താഗതിക്കാര്‍ മാത്രമാണെന്ന തരത്തിലുള്ള തരം താണ പ്രചരണവുമായി പുരോഹിതര്‍ പതിവ് പോലെ രംഗത്തെത്തിയിരിക്കുന്നു. ഇതെല്ലാം വിശദമായുള്ള വിദേശ ചരിത്രകാരന്മാരുടെ പുസ്തകങ്ങളെ പറ്റി ഇവര്‍ ഒന്നും മിണ്ടുന്നുമില്ല! എന്തിന് കേരളത്തില്‍ തന്നെ കോളേജ് തലത്തില്‍ ഇതിലും “കൂടുതല്‍”  പഠിപ്പിക്കുന്നതിനെ പറ്റി പോലും പരാമര്‍ശിക്കുന്നില്ല.

പത്താം ക്ലാസ്സ് കഴിയുന്നവരില്‍ ചിലര്‍ വൈദിക പഠനത്തിനായി വരുമെന്നും അവര്‍ ഇത് വായിച്ചാല്‍ പ്രശ്നമാകുമെന്ന വിചിത്ര കാഴ്ചപ്പാട് ഒരു ബിഷപ്പ് പറയുന്നതായി കണ്ടു! സഭയ്ക്ക് വൈദിക പഠനത്തിന് ആളെ കിട്ടുവാന്‍ ചരിത്ര സത്യം പഠിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കണമെന്ന വാശി ഭയാനകം തന്നെ! മിഡില്‍ ഏജിലേയ്ക്കുള്ള തിരിച്ച് പോക്ക് കേരളത്തില്‍ വേണോ?

ഡിഗ്രിക്കും, പി.ജി.ക്കും മിഡില്‍ ഏജിലെ യൂറോപിലെ ഫ്യൂഡല്‍ ഭരണാധികാരികളുടെയും,  കാ.സഭയുടെയും “ചെയ്തികളെ” കുറിച്ച് വിശദമായി പഠിപ്പിക്കുന്നതില്‍ പ്രശ്നം കാണാത്തവര്‍ അതിന് മുന്‍പ് പത്താം ക്ലാസ്സില്‍ കുട്ടികള്‍ ഇതിനെ പറ്റി അറിഞ്ഞാല്‍ അത് കാ. സഭയെ അവഹേളിക്കലും, മത  നിന്ദയുമായി പോകുന്നു എന്ന കണ്ട് പിടുത്തത്തെ എന്താണാവോ വിളിക്കേണ്ടത്?


Indulgences വിറ്റ് കാശുണ്ടാക്കുവാന്‍ ശ്രമിച്ചു എന്നത് പത്താം ക്ലാസ്സിലെ പാഠ പുസ്തക രചിയതാക്കള്‍ കണ്ടെത്തിയ പുതിയ സംഭവമെന്ന മട്ടിലാണ് കാ. സഭ വിമര്‍ശ്നം!  അക്കാലത്ത് ദൈവ നിന്ദ നടത്തുവരെ വിചാരണ ചെയ്തിരുന്നത് എങ്ങിനെയെന്ന് കുട്ടികളും അറിയുന്നതില്‍ തെറ്റെന്താണ്? പ്രൊട്ടസ്റ്റന്റ് മതത്തിന് കാരണക്കാരനായ മാര്‍ട്ടിന്‍ ലൂഥറിനെ കുറിച്ചുള്ള ഭാഗങ്ങള്‍ കാ. സഭയ്ക്ക് സഹിക്കില്ല എന്നത് വാസ്തവം തന്നെ. പക്ഷേ ചരിത്രം അതായി പോയി.

മതം ഇല്ലാതെയും ആളുകള്‍ ജീവിക്കുന്നുണ്ടെന്ന് കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ വെകിളി പൂണ്ടവര്‍ ദാ ഇപ്പോള്‍ യൂറോപ്പില്‍ നടന്ന ചരിത്രം കുട്ടികളെ പഠിപ്പിക്കണ്ട എന്ന് പറഞ്ഞ് ഉറഞ്ഞ് തുള്ളുന്നു. അതും വൈദിക പഠനത്തിലേയ്ക്ക് ആളെ കിട്ടാതാകുമെന്ന ഭയം മൂലം!

പ്രശ്നത്തെ പറ്റി പഠിക്കുവാന്‍ പുതിയ ഗവണ്മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഉടനെ കമ്മറ്റിയെ നിയമിച്ചു. എം.ജി.എസ്സ്.നെ ക്ഷണിച്ചെങ്കിലും പുള്ളി എതിര്‍പ്പുമായി രംഗത്തെത്തി കഴിഞ്ഞു. കമറ്റിയുടെ തലപ്പത്ത് ചരിത്രകാരന് പകരം ബ്യൂറോക്രാറ്റിനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന ആരോപണം എം.ജി.എസ്സ്. ചൂണ്ടികാട്ടി കഴിഞ്ഞു. ഇക്കൊല്ലം കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളത് ഫലപ്രദമായ പാഠപുസ്തകമാണെന്നും പുള്ളി പറഞ്ഞ് വെച്ചു. കാ. സഭയ്ക്കെതിരെയുള്ള ഭാഗങ്ങള്‍ വന്നതിന് കാരണം ഇന്ത്യ പിന്തുടരുന്നത് ബ്രിട്ടീഷ്കാരെ ആയത് കൊണ്ടാണെന്നും കൂട്ടി ചേര്‍ത്തു. ഇടതില്‍ നിന്ന് ചാടി ബി.ജെ.പി.യില്‍ കുടി കയറിയ എം.ജി.എസ്സ്. ആണ് ഇത് പറയുന്നത് എന്നത് കാ. സഭ പുരോഹിതരുടെ തനി നിറം പുറത്ത് കൊണ്ടു വരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ ചരിത്രകാരന്മാരും കാ. സഭയുടെ അന്നത്തെ “പ്രവര്‍ത്തനങ്ങളെ” കുറിച്ച് മറിച്ച് പറയുന്നില്ല എന്നത് എം.ജി.എസ്സ്. മനപൂര്‍വ്വം വിട്ട് കളയുന്നു. 

തെറ്റ് ചെയ്യാത്തവര്‍ ആരും തന്നെയില്ല. കാ. സഭയും തെറ്റ് ചെയ്തിട്ടുണ്ട് എന്ന് ഏറ്റ് പറഞ്ഞ് മാപ്പിരുന്ന ജോണ്‍ പോള്‍ രണ്ടാമന് തോന്നിയ നന്മ കേരളത്തിലെ ചില കാ. സഭ പുരോഹിതര്‍ക്കില്ല എന്നത് ദു:ഖകരം തന്നെ. അവര്‍ക്ക് ഭയമാണ്... യൂറോപ്പിലെയും അമേരിക്കയിലെയും മറ്റും പോലെ ജനങ്ങള്‍ പുരോഹിതരുടെ “വലയത്തില്‍” നിന്ന് അകന്ന് പോകുമോ എന്ന ഭയം!

Friday, May 27, 2011

വയറ്റത്തടി കെ. ബാബുവിന്റെ വക

കുടിയന്മാരുടെ കുടുംബത്തിന്റെ വയറ്റത്തടിച്ച് കെ. ബാബുവും രംഗ പ്രവേശം ചെയ്യുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ബിവറേജസ് കോര്‍പ്പറേഷന്റെ 12 ഔട്ട് ലെറ്റുകള്‍ റദ്ദ് ചെയ്തു. പക്ഷേ അതിനോടൊപ്പം കൊടുത്ത 46 ബാര്‍ ലൈസന്‍സുകള്‍ റദ്ദ് ചെയ്യില്ല പോലും. 3 സ്റ്റാര്‍ പദവിക്ക് മുകളിലുള്ളവയ്ക്ക് എല്ലാം ലൈസന്‍സ് കൊടുക്കണമെന്നാണ് അബ്കാരി നിയമം അത് പറ്റിയാല്‍ തിരുത്തും പോലും!

കൂടാതെ കുടി കുറക്കുവാന്‍ ബിവറേജസിന്റെ സമയത്തില്‍ മാറ്റം വരുത്തുന്നു പോലും.

ചുരുക്കത്തില്‍ ബിവറേജസില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് സെക്കന്റ്സ് അടിച്ചിരുന്നവര്‍ക്ക് ഇനി ബാര്‍ ഹോട്ടലുകളില്‍ ചെന്ന് കൂടിയ വില നല്‍കി സെക്കന്റ്സ് അടിക്കണം. സെക്കന്റ്സ് വിറ്റ് കാശുകാരായി കൊണ്ടിരുന്ന ബിവറേജസിലെ “പാവം തൊഴിലാളികള്‍” പട്ടിണിയില്‍!! ഇനി അത് ബാറ് മുതലാളിമാരുടെ പോക്കറ്റില്‍!

വീട്ടമാര്‍ക്ക് കിട്ടിയിരുന്ന കാശില്‍ കുറവ് വരുത്തുമെന്നല്ലാതെ ഈ പരിഷ്കാരം കൊണ്ട് എന്ത് നേടാന്‍ പോകുന്നു? മദ്യ വിമുക്തമാക്കുവാന്‍ തുനിയുന്നുവെങ്കില്‍ അതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ് നടപ്പാക്കേണ്ടത്. അല്ലായെങ്കില്‍ ആന്റണിയുടെ ചാരായ നിരോധനം പോലെയാകും.

മദ്യ വിമുക്തമാക്കാന്‍ എന്ന പേരും പറഞ്ഞ് തെരഞ്ഞെടുപ്പില്‍ സഹായിച്ച ബാറ് മുതലാളിമാരെ സഹായിക്കാന്‍ ഇതിലും നല്ല ഒരു മാര്‍ഗ്ഗം വേറെ ഉണ്ടോ?

Wednesday, May 25, 2011

ജനങ്ങളുടെ വയറ്റത്തടിച്ച് തുടക്കം!

ശത്രുവിനോട് പക വീട്ടുന്നത് ജനങ്ങളുടെ വയറ്റത്തടിച്ച് ആയാലും വേണ്ടില്ല എന്ന് “മെഗാ ഫെയിം” തെളിയിക്കുന്നു. അധികാര വികേന്ദ്രീകരണത്തെ തകര്‍ത്ത് തരിപ്പണമാക്കിയാലും വേണ്ടില്ല തന്റെ ശത്രുവിന് മുഴുവന്‍ വകുപ്പും നല്‍കില്ല എന്നാണ് ഈ ജേതാവിന്റെ തീരുമാനം (വാര്‍ത്ത).

സാധാരണ ജനങ്ങളുടെ നെഞ്ചത്ത് പൊങ്കാലയിടുന്നവരെ വന്‍ഭൂരിപക്ഷത്തില്‍ തന്നെ വേണം ജയിപ്പിച്ച് വിടുവാന്‍... ഒരു നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ ചെയ്ത “ഉപകാരം” അനുഭവിക്കേണ്ടി വരുന്നത് കേരളത്തിലെ മൊത്തം സാധാരണ ജനങ്ങളാണെന്നുള്ളത് ദയനീയം തന്നെ!

Sunday, May 15, 2011

മനുഷ്യന്‍ നിസ്സഹായകനാകുന്നത്!

മഞ്ഞ് വീഴ്ചയ്ക്കും, പേമാരിയ്ക്കും, ടെര്‍ണാഡോകള്‍ക്കും, വമ്പന്‍ കാറ്റുകള്‍ക്കും പുറകേ അമേരിക്കയില്‍ മിസിസ്സിപ്പി നദി നിറഞ്ഞ് ഒഴുകുന്നു. എന്നാല്‍ വെള്ളം പതുക്കെയാണ് പൊങ്ങുന്നത് എന്നതിനാല്‍ ആളുകള്‍ക്ക് സാധനങ്ങളുമായി ഒഴിഞ്ഞ് മാറുവാന്‍ അവസരം ലഭിക്കുന്നു. നദിയെ തടഞ്ഞ് നിര്‍ത്തുവാന്‍ മൈലുകളോളം മണല്‍ ചാക്കുകള്‍ ഉയര്‍ത്തി നോക്കിയിട്ടും രക്ഷയില്ലാതായി. വലിയ പട്ടണങ്ങളെ രക്ഷിക്കുവാന്‍ ചെറിയ പട്ടണങ്ങളിലേയ്ക്ക് വെള്ളം തുറന്ന് വിടുന്നു.

ദിവസങ്ങളായി മനുഷ്യനെ നിസ്സഹായകനാക്കി കവിഞ്ഞ് ഒഴുകുന്ന മിസിസ്സിപ്പിയെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ കാണുവാന്‍:

Friday, May 13, 2011

രാഹുലിന്റെ വൃത്തികെട്ട നാടകം

ഗ്രെയിറ്റര്‍ നോയിഡയില്‍ ഭൂമി വിട്ട് കൊടുക്കുന്നതിനെ എതിര്‍ത്ത് കര്‍ഷകര്‍ സമരം ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ ലഹളയില്‍ പോലീസുകാരും കര്‍ഷകരും മരണമടഞ്ഞു. അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഈ തക്കം നോക്കി ബൈക്കിന്റെ പുറകില്‍  യാത്ര ചെയ്ത് നമ്മുടെ “അമൂല്‍ ബേബി” ആ സ്ഥലത്ത് കടന്ന് ചെന്ന് നിയമം ലംഘിച്ച് കര്‍ഷകരെ കൂട്ടി സമരം തുടങ്ങി. പോലിസ് പുള്ളിയെ അറസ്റ്റ് ചെയ്തു. കൊണ്ടു പോകും വഴി പുള്ളി ഒരു ഡയലോഗ്. അവിടെ ചെന്നപ്പോഴാണ് കര്‍ഷകരുടെ ദയനീയ സ്ഥിതി മനസ്സിലായതെന്നും യു.പി. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറണം എന്നും...

ഈ അമൂല്‍ ബേബി സമരം ചെയ്യേണ്ടത് ജനപഥ് 10 ന്റെ മുന്നിലാണ്. വ്യവസായ വികസനം എന്ന പേരിട്ട് വങ്കിട സ്വകാര്യന്മാര്‍ക്ക് വേണ്ടി കര്‍ഷകരില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും അവരുടെ ഭൂമി തട്ടി പറിക്കുവാന്‍ ഉത്തരവ് ആദ്യമിട്ടത് കേന്ദ്രത്തിലുള്ള സ്വന്തം പാര്‍ട്ടി തന്നെയെന്ന് ഇനിയെങ്കിലും അമൂല്‍ ബേബി തിരിച്ചറിയുക.

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ ഇത് പോലുള്ള തരം താണ കളി അമൂല്‍ ബേബിക്ക് ആവശ്യമുണ്ടോ?

കര്‍ഷകരോട് അത്ര സ്നേഹമെങ്കില്‍ ആദ്യം ജനപഥ് 10ല്‍ ചെന്ന് ജനവിരുദ്ധമായ എസ്സ്.ഇ.ഇസഡ്. എന്ന നിയമം നിര്‍ത്തലാക്കുവാന്‍ നോക്കൂ... ബഡ്ജറ്റില്‍ കൃഷിക്കായി ഇപ്പോള്‍ നീക്കി വെച്ചിരിക്കുന്ന 1.2% എന്ന നിസ്സാര സംഖ്യ ഒരു 12% എങ്കിലും ആക്കുവാനുള്ള തന്റേടം കാണിക്കൂ... അല്ലാതെ ഇത് പോലെയുള്ള വൃത്തികെട്ട നാടകം.. അയ്യേ...

Wednesday, May 11, 2011

മതത്തിന് സബ്സിഡി പട്ടിണിക്കോ?

പുണ്യ സ്ഥലങ്ങള്‍ സന്തര്‍ശിക്കുവാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് കോടിക്കണക്കിന് രൂപയാണ് സബ്സിഡി നല്‍കുന്നത്. ഇന്ത്യക്കാര്‍ നല്‍കുന്ന ടാക്സിന്റെ ചെറിയ ഒരു അംശം മാത്രമേ ഇത്തരത്തില്‍ ചെലവാക്കുന്നുള്ളൂ എന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

എന്നാല്‍ ആ ചെറിയ തുക എത്രയാണ്? ഹജ് തീര്‍ഥാടനത്തിന് 2011ല്‍ ചെലവാക്കുവാന്‍ ബഡ്ജറ്റില്‍ നീക്കി വെച്ചിരിക്കുന്നത് 600 കോടി! കൈലാസ് യാത്രയ്ക്ക് ഗവണ്മെന്റ് സബ്സിഡിയൊന്നും നേരിട്ട് കൊടുക്കുന്നില്ല എന്നാണ് ലോകസഭയിലെ രേഖകള്‍ പറയുന്നത്. എങ്കിലും 2010ല്‍ ഗവണ്മെന്റിന് കൈലാസ് യാത്രയുമായി ബന്ധപ്പെട്ട് 24 ലക്ഷത്തോളം ചെലവായി.

1999ല്‍ 123 കോടി സബ്സിഡി ഹജിനായി കൊടുത്ത സമയത്ത് ഇനി ഈ സബ്സിഡി പതുക്കെ ഇല്ലാതാക്കണമെന്ന് പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ 2011 എത്തിയപ്പോള്‍ തുക 600 കോടിയില്‍ എത്തി നില്‍ക്കുന്നു. 2009ല്‍ ആന്ദ്ര ഹൈകോടതി ക്രിസ്ത്യാനികള്‍ക്ക് പുണ്യ സ്ഥലം സന്തര്‍ശിക്കുന്നതിനായി 2 കോടി സബ്സിഡി നല്‍കുന്നത് ശരിയല്ല എന്ന് നിരീക്ഷിച്ചിരുന്നു.


ഇനി ഇന്ത്യയിലെ പാവപ്പെട്ടവന് വേണ്ടി ഇന്ത്യന്‍ ഗവണ്മെന്റ് ചെയ്യുന്നതോ?

അത് കാണണമെങ്കില്‍ ഈ ദൃശ്യങ്ങള്‍ കാണണം (ഐ.ബി.എന്‍. ലൈവ്). അതില്‍ അവസാന ഭാഗത്തുള്ള നമ്മുടെ തോമസ്സ് മാഷിന്റെ വാക്കുകള്‍ കേള്‍ക്കാതിരിക്കരുത്.

സൂക്ഷിക്കുവാന്‍ സ്ഥലമില്ലെങ്കില്‍ പട്ടിണിക്കാര്‍ക്ക് വെറുതെ കൊടുക്കണമെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് ശേഷവും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവന് വേണ്ടി ചെയ്ത ഉപകാരമാണ് ആ എരിഞ്ഞ് അടങ്ങുന്ന ടണ്‍കണക്കിന് അരി ചാക്കുകള്‍!

ആത്മീയ വളര്‍ച്ചയ്ക്ക് കോടികള്‍ സബ്സിഡി കൊടുക്കുവാന്‍ കാശുണ്ട് പക്ഷേ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവര്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഭക്ഷണം നശിച്ച് പോകാതെ ശേഖരിച്ച് വെയ്ക്കുന്ന കെട്ടിടങ്ങള്‍ പണിയാന്‍ ചില്ലി കാശില്ല, എങ്കില്‍ വെറുതെ കൊടുക്കുവാന്‍ പറഞ്ഞാലോ അതിനും ഉടക്ക് ന്യായങ്ങള്‍ ആവശ്യത്തിന്!

Tuesday, May 10, 2011

കൊച്ചി കീടനാശിനി ഫാക്റ്ററി പൂട്ടിച്ചു

ഒടുവില്‍ അത് സംഭവിച്ചു. ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡ് (എച്ച്.ഐ.എല്‍.) എന്ന സ്ഥാപനം വീണ്ടും പൂട്ടിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഇത്തവണ ഉത്തരവിട്ടത്. മലിനീകരണം നടത്തുന്നു എന്ന പേരില്‍ 2004ല്‍ സുപ്രീം കോടതി പൂട്ടിച്ചതിന് ശേഷം തുറന്ന് പ്രവര്‍ത്തിച്ച കമ്പനി വീണ്ടും നിയമം ലംഘിച്ചു എന്നതിനാലാണ് ഇപ്പോള്‍ ഈ നടപടി എന്നത് ഗൌരവം നിറഞ്ഞതാണ്.

ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചൂണ്ടി കാട്ടിയത് 2004ല്‍ സുപ്രീം കോടതി അംഗീകരിച്ചു.

ഏലൂര്‍ പുഴയില്‍ കീടനാശിനികളുടെ അംശം ഭീകരമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ആ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മാറാ രോഗങ്ങളും, ആരോഗ്യ പ്രശ്നങ്ങളും പിടിപ്പെട്ടിട്ടുണ്ട് എന്നും തെളിഞ്ഞിട്ടുണ്ട്. ഗ്രീന്‍ പീസ് എന്ന സംഘടന അപൂര്‍വ്വമായി നിയമിക്കുന്ന റിവര്‍ കീപ്പര്‍ ഏലൂരിലും ഉണ്ട്. "Global Toxic Hot spot" ആയ ഏലൂരില്‍ റിവര്‍ കീപ്പറായി (ലോകത്തെ രണ്ടാമത്തെ) വി.ജെ. ജോസിനെ 2002ലാണ് നിയമിക്കുന്നത്. കൊഴിക്കണ്ടം തോട്ടില്‍ നിന്ന് 111 തരത്തിലുള്ള രാസ വസ്തുക്കളാണ് അന്ന് കണ്ടെത്തിയത്. ഈ തോടിന്റെ അരികിലാണ് എച്ച്.ഐ.എല്‍., മെര്‍ക്കം തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍. 111ല്‍ 39 എണ്ണം പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊല്യൂട്ടന്റ് (പി.ഒ.പി.) വിഭാഗത്തില്‍ പെടുന്നവയായിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും അതിന് കുറവ് ഒന്നുമില്ല. ഇന്നും ഇടയ്ക്ക് ഈ പുഴ ചുവന്ന നിറത്തില്‍ ഒഴുകാറുണ്ട്.  മീനുകള്‍ കൂട്ടത്തോടെ ചത്ത് മലക്കാറുണ്ട്. പെരിയാറിനെ രക്ഷിക്കുവാന്‍ പല സമരങ്ങളും ഏലൂരിലും പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്.. നടക്കുന്നുണ്ട്.. ഇനിയും നടക്കും...

അധികാരികളുടെ കണ്ണുകള്‍ തുറക്കുവാന്‍ ഇപ്പോള്‍ ഒരു എന്‍ഡോസള്‍ഫാന്‍ പ്രശ്നം വേണ്ടി വന്നു!

മെയ് 10ആം തിയതി മലിനീകരണ ബോര്‍ഡ് ഇറക്കിയ ഓര്‍ഡറില്‍ പറയുന്നത് (പി.ഡി.എഫ്.) കമ്പനി പരിസരത്ത് ആരോഗ്യത്തിന് ഹാനികരമാക്കുന്ന വേയ്സ്റ്റ് കുഴികളില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല എന്നാണ്. ജൂണ്‍ 30, 2010ല്‍ നീക്കം ചെയ്ത് കുഴി നികത്തേണ്ടതായിരുന്നു. നോട്ടീസ് നല്‍കിയപ്പോള്‍ ഏപ്രില്‍ 30, 2011ല്‍ കുഴി മൂടുമെന്ന് അവസാനം കമ്പനി മറുപടി നല്‍കി. എന്നാല്‍ ഇക്കഴിഞ്ഞ 2ആം തിയതി പരിശോധിച്ചപ്പോള്‍ കമ്പനി ഒരു നടപടിയും കൈ കൊണ്ടിട്ടില്ല എന്ന് കണ്ടതിനാലാണ് ഇപ്പോള്‍ ഈ നിരോധന ഉത്തരവ് 10ആം തിയതി ഇറക്കിയിരിക്കുന്നത്.


2004ല്‍ എച്ച്.ഐ.എല്‍. ഉള്‍പ്പെടെ 200ഓളം കമ്പനികള്‍ കോടതി പൂട്ടിച്ചിരുന്നു. എച്ച്.ഐ.എല്‍.നെ പോലെ ആ കമ്പനികളും നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. വേണ്ട സംവിധാനങ്ങള്‍ ഉപയോഗിച്ച് പാഴ്ജലം ശുദ്ധമാണെന്ന് കമ്പനികള്‍ ഉറപ്പാക്കിയിട്ടാണ് പുഴയിലേയ്ക്ക് അവ തള്ളുന്നത് എന്ന് ബോര്‍ഡ് ഉറപ്പ് വരുത്തണം. അത് വരെ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കി കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്പിക്കണം.   

Sunday, May 1, 2011

ബാബയും പോപ്പും പിന്നെ വിമര്‍ശകരും

സായിബാബ പലതരത്തിലുള്ള രോഗികളെ സുഖപ്പെടുത്തിയെന്ന് അവകാശപ്പെട്ടിരുന്നു എന്നാല്‍ സ്വയം രോഗിയായപ്പോള്‍ എന്ത് കൊണ്ട് സ്വയം രക്ഷപ്പെടുത്തിയില്ല എന്ന നഗ്ന സത്യം ചൂണ്ടി കാട്ടി സോഷ്യല്‍ മീഡിയകളില്‍ ആളുകളുടെ പ്രവാഹമായിരുന്നു. ബാബയുടെ “മാജിക്കുകള്‍” തുറന്ന് കാട്ടുന്ന വീഡിയോകള്‍ക്ക് ലഭിക്കുന്ന ഹിറ്റ് കുത്തനെ ഉയര്‍ന്നു. ഇന്ത്യയിലെ പ്രമുഖ റാഷണലിസ്റ്റ് നേതാക്കള്‍ ടി.വി. ഷോകളില്‍ നിറഞ്ഞാടി. കള്ളത്തരത്തിലൂടെ വിശ്വാസികളെ പറ്റിക്കുന്നു എന്ന് പറഞ്ഞായിരുന്നു നിലവിളി. മരിച്ച് കഴിഞ്ഞും ഇവര്‍ രംഗത്ത് തന്നെ നിറഞ്ഞ് നിന്നു.

വത്തിക്കാന്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. മരിച്ച് പോയ പഴയ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഒരു കന്യാസ്ത്രീയുടെ പാര്‍ക്കിണ്‍സണ്‍ രോഗം ഒറ്റ രാത്രി കൊണ്ട് മാറ്റി കൊടുത്തത് ശരിയാണെന്ന് തെളിഞ്ഞെന്നും ശാസ്ത്ര ലോകത്തിന് ഇതിനെ വിശദീകരിക്കുവാന്‍ കഴിയില്ല എന്നും അതിനാല്‍ മെയ് 1ന് ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധിയിലേയ്ക്ക് ഉയര്‍ത്തുന്നു എന്നും.

പാര്‍ക്കിണ്‍സണ്‍ രോഗം വന്ന് മരിച്ച പോള്‍  രണ്ടാമന്‍ എന്ത് കൊണ്ട് സ്വയം രോഗ വിമുക്തനാകാന്‍ കഴിഞ്ഞില്ല എന്ന ചോദ്യവുമായി ഏതെങ്കിലും ഒരു റാഷണിലിസ്റ്റ് എങ്കിലും രംഗത്ത് വരുമെന്ന് വിചാരിച്ച് സോഷ്യല്‍ മീഡിയകള്‍ അരിച്ചു പെറുക്കി. ബാബയ്ക്കെതിരെ നിറഞ്ഞാടിയവര്‍ ഈ “അത്ഭുത”ത്തിനെതിരെ രംഗത്തെത്തി കണ്ടില്ല!

“സേയിന്റ് ഫാക്റ്ററി” എന്ന് കൂടി അറിയപ്പെടുന്ന ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ The Survivors Network of those Abused by Priests (SNAP) എന്ന കൂട്ടായ്മ പീഡനത്തിരയായ കുട്ടികളെ സംരക്ഷിക്കുവാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ഒന്നും ചെയ്തില്ല എന്ന് ഓര്‍മ്മിപ്പിച്ച് രംഗത്ത് വന്നത് മാധ്യമങ്ങള്‍  ചര്‍ച്ച ചെയ്തില്ല എന്നതും രസകരം തന്നെ! SNAP says that Vatican officials are “deepening the suffering of so many, by elevating a man who did almost nothing to stop bishops from ignoring and concealing heinous crimes.” (വിശദമായി ഇവിടെ)

വത്തിക്കാനില്‍ ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ കാത്തലിക്ക് പള്ളികള്‍ക്ക് പുറത്ത് പീഡനത്തിനരയായവര്‍ “കുട്ടികള്‍ക്കെതിരെ പീഡനം നടന്നു എന്ന് കണ്ടാല്‍ അപ്പോള്‍ തന്നെ അധികാരികളെ അറിയിക്കും” എന്ന് ഓര്‍മ്മപ്പെടുത്തുന്ന ലഘു രേഖകള്‍ വിതരണം ചെയ്യുമെന്ന് സ്നാപ്പ് പത്രകുറിപ്പിറക്കിയിരുന്നു.

ചുരുക്കത്തില്‍ ബാബ വിശ്വാസികളെ പറ്റിച്ച് ജീവിച്ചു എന്ന് തുറന്ന് കാട്ടുവാന്‍ സോഷ്യല്‍ മീഡിയകളില്‍ ആവേശത്താല്‍ ഇടിയായിരുന്നു എന്നാല്‍ വത്തിക്കാന്‍ അധികാരികള്‍ അതേ അടവ് പ്രയോഗിക്കുമ്പോള്‍ ആ ആവേശക്കാരെ മഷിയിട്ട് നോക്കിയിട്ട് കാണാനില്ല! ബാബ വിരുദ്ധ ചര്‍ച്ചകള്‍ നടത്തി ഇവരെല്ലാം ക്ഷീണിച്ച് ഉറക്കമാണെന്ന് തോന്നുന്നു.....