എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, June 26, 2011

ചരിത്രം കാ.സഭയ്ക്ക് വേണ്ടി വളച്ചൊടിക്കുന്നു!

ഒടുവില്‍ കേരളത്തിലെ കാ.സഭയ്ക്ക് വേണ്ടി ലോക ചരിത്രത്തെ വികൃതമാക്കി ബാബു പോളും റെയ്മണും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്ന് മംഗളം വാര്‍ത്ത!

കേരളത്തിലെ കാ.സഭ പുരോഹിതരും, ബാബു പോളും, റെയ്മണും 2000 മാര്‍ച്ചില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞത് എന്തിനൊക്കെയായിരുന്നു എന്നത് ഇത് വരെ വായിച്ച് നോക്കിയിട്ടില്ല എന്നത് ദു:ഖകരം തന്നെ.

വിദഗ്ദ്ധ സമിതിയുടെ നിരീക്ഷണത്തില്‍ പാഠഭാഗങ്ങളില്‍ തെറ്റ് സംഭവിച്ചിട്ടില്ലെന്നും സഭയെ ബോധപൂര്‍വ്വം താറടിക്കുവാന്‍ ശ്രമിച്ചിട്ടില്ല എന്നും എന്നാല്‍ മാര്‍ക്സിയന്‍ വീക്ഷണത്തില്‍ ചരിത്രം വീക്ഷിച്ചത് കൊണ്ടാണ് അതെല്ലാം വന്നത് പോലും! 

സാമ്പത്തിക ബാധ്യത ഉണ്ടായപ്പോള്‍ സഭ ചെയ്ത പ്രവര്‍ത്തികള്‍ വസ്തുതകള്‍ നിലനിര്‍ത്തി “വികാരങ്ങളെ വ്രണപ്പെടുത്താതെ” എഴുതണം! പാപമുക്തി പത്രത്തെ കുറിച്ച് പറയുന്നിടം പരിഷ്കരിക്കണം. ചരിത്രത്തില്‍ നിന്ന് ഇവ എടുത്ത് കളയുവാന്‍ കഴിയില്ല എന്ന് ബാബു പോളിന് പോലും മനസ്സിലായി! സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ Indulgences വിറ്റ് കാശുണ്ടാക്കുവാന്‍ ശ്രമിച്ചു എന്ന ഭാഗമില്ലെങ്കില്‍ മാര്‍ട്ടിന്‍ ലൂഥര്‍ എന്ന ചരിത്ര പുരുഷനെയും പ്രൊട്ടസ്റ്റെന്റ് ഗ്രൂപ്പുകാര്‍ ഉദയം ചെയ്തതും എങ്ങിനെ വിവരിക്കും എന്ന് കൂടി ബാബു പോള്‍ പറയേണ്ടി വരുമായിരുന്നു!

എന്നാല്‍ ഇങ്ക്വിസിഷന്‍ എന്ന ഭാഗം മാറ്റണം പോലും! 

അപ്പോള്‍ അക്കാലത്ത് കാ.മതത്തില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞ് പോകുമെന്ന് ഭയന്ന് ഉണ്ടാക്കിയ ഈ സാധനം എന്തായിരുന്നു/എന്തിനായിരുന്നു (വിക്കി ലിങ്ക്) എന്ന് പറയേണ്ട ബാധ്യത ബാബു പോള്‍ നടത്തണ്ടയോ! ഒന്നുമില്ലേല്‍ ജോണ്‍ ഓഫ് ആര്‍ക്കിന്റെ “വധശിക്ഷ” കാ. സഭയെ മാത്രമല്ല തന്നെയും നോക്കി പരിഹസിച്ച് ചിരിക്കുമെന്ന് ബാബു പോളും മറക്കരുതായിരുന്നു! ഗലീലിയോമാരെ പോലെയുള്ളവരെ മരണത്തിലും അപമാനിച്ചവര്‍ക്ക് വേണ്ടി ബാബു പോള്‍ വാദിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ഇമേജ് തന്നെയാണ്.

2000 വര്‍ഷം കൊണ്ട് കാ. സഭ ചെയ്ത തെറ്റുകള്‍ ഏറ്റ് പറഞ്ഞ് ജോണ്‍ പോള്‍ രണ്ടാമന്‍ മാപ്പ് പറഞ്ഞ കാര്യങ്ങളില്‍ ഈ ഇങ്ക്വിസിഷനും ഉണ്ടെന്ന് ബാബു പോള്‍ എങ്കിലും മറക്കരുതായിരുന്നു. കേരളത്തിലെ കാ.സഭ പുരോഹിതര്‍ക്കും ബാബു പോളിനും വായിക്കുവാന്‍ വത്തിക്കാനിലെ സൈറ്റില്‍ തന്നെ ഇപ്പോഴും അവ കിടപ്പുണ്ട്. MEMORY AND RECONCILIATION:  THE CHURCH AND THE FAULTS OF THE PAST (ലിങ്ക്), "DAY OF PARDON" Sunday, 12 March 2000 (ലിങ്ക്)


കേരള സിലബസില്‍ മാത്രമല്ല സി.ബി.എസ്സ്.ഇ./ഐ.സി.എസ്സ്.ഇ. സിലബസില്‍ 10ആം ക്ലാസ്സില്‍ തന്നെ  ഇങ്ക്വിസിഷന്‍ എന്ത് എന്ന് പഠിപ്പിക്കുന്നുണ്ട്. ദാ ഒരു ലിങ്ക് വിടെ. അതില്‍ പേയ്ജ് 160-161 നോക്കുക. ആ സിലബസ്സില്‍ പഠിപ്പിക്കുന്ന ടീചര്‍മാര്‍ക്കുള്ള് മാനുവലില്‍ (Formative Assessment Manual for Teachers Social Science (Class X)) 21ആം പേയ്ജ് നോക്കുക. അതായത് കേരള സിലബസ്സ് മാത്രമേ കാ. പുരോഹിതര്‍ക്ക് പ്രശ്നമുള്ളൂ!!! അത് മാത്രമേ കമ്മ്യൂണിസ്റ്റ്കാര്‍ തയ്യാറാക്കിയതായുള്ളൂ!!! കേന്ദ്രന്മാര്‍ തയ്യാറാക്കുന്നതില്‍ ഇതേ സാധനം കണ്ടാല്‍ പ്രതികരിക്കുവാന്‍ മുട്ടിടിക്കുന്നത് എന്തിന്? എതിര്‍ക്കുമ്പോള്‍ എല്ലാം എതിര്‍ക്കണ്ടയോ?

ചുരുക്കത്തില്‍ ഇനി കേരള ജനത ന്യൂനപക്ഷമെന്ന് അവകാശപ്പെടുന്ന കാ.സഭയ്ക്ക് അടിമപ്പെട്ട് കഴിയണം. ഇത് തന്നെയായിരുന്നു മദ്ധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ സംഭവിച്ചതും. മദ്ധ്യകാലഘട്ടം കേരളത്തില്‍ ആവര്‍ത്തിപ്പിക്കുവാന്‍ ശ്രമിക്കുന്ന കാ.സഭയ്ക്ക് മൂക്ക് കയറിടുവാന്‍ മറ്റൊരു  മാര്‍ട്ടിന്‍ ലൂഥര്‍ പുനരവതരിക്കും വരെ കാത്തിരിക്കാം!

എന്തായാലും ഇനി 10ആം ക്ലാസ്സ് കഴിഞ്ഞ് പട്ടത്തിനായി വരുന്ന കുഞ്ഞാടുകളുടെ എണ്ണം കുറയില്ല എന്ന് പുരോഹിതര്‍ക്ക് ആശ്വസിക്കാം. പക്ഷേ ലോകചരിത്രത്തെ ഇത് പോലെ തോല്‍പ്പിച്ചിട്ട് ആയിരിക്കരുതായിരുന്നു!

10ആം ക്ലാസ്സ് കഴിയുന്നവര്‍ തങ്ങളുടെ കച്ചവട സ്ഥാപനത്തില്‍ (പ്രൊഫഷണല്‍ കോളേജ്) വന്നടിയുമെന്നും അതിനാല്‍ പിന്നീട് അവരുടെ ജീവിതത്തില്‍ യഥാര്‍ത്ഥ ചരിത്രം പഠിക്കില്ല എന്നും കാ.സഭയ്ക്കറിയാം!

Tuesday, June 21, 2011

ചികിത്സ കിട്ടാന്‍ $1 മോഷ്ടിക്കുമ്പോള്‍

അമേരിക്കയില്‍ ഒരാള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ ചികിത്സ കിട്ടുവാന്‍ വളരെ ബുദ്ധിമുട്ടാണ്. സ്വന്തം പോക്കറ്റില്‍ നിന്ന് ചികിത്സയ്ക്ക് കൊടുക്കേണ്ടി വരുന്നവര്‍ ഒടുവില്‍ പാപ്പര്‍ ഹര്‍ജി നല്‍കുന്നത് ഇടയ്ക്ക് സംഭവിക്കാറുണ്ട്. അങ്ങിനെയുള്ളവരെ രക്ഷിക്കുവാന്‍ ഒബാമ മെഡികെയര്‍ ബില്ല് പാസ്സാക്കിയെങ്കിലും 2014ഓടെ മാത്രമേ അതിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുകയുള്ളൂ. എന്നാല്‍ ഇതിനെതിരെ റിപ്പബ്ലിക്കന്മാര്‍ ശക്തമായി രംഗത്തുണ്ട്.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം. അതിനാല്‍ തന്നെ ഇന്‍ഷ്വറന്‍സ് എടുക്കുവാന്‍ സാധാരണക്കാര്‍ക്ക് കഴിയാതെ വരുന്നു.

എന്നാല്‍ ഈ മാസം ആദ്യം വളരെ വ്യത്യസ്തമായ ഒരു സംഭവം നടന്നു. ഒരാള്‍ ബാങ്കില്‍ കയറി ചെന്ന് ബാങ്ക് കൊള്ളയടിച്ചു. കൌണ്ടറില്‍ ചെന്ന് $1 തരണമെന്ന ചീട്ട് നല്‍കി. പണം എത്ര ചെറുതെങ്കിലും ഇത് ബാങ്ക് കൊള്ള തന്നെ ആയതിനാല്‍ ഉടനെ പോലീസിനെ വിളിച്ചു. പോലീസ് വരുന്നത് വരെ കക്ഷി സൌമ്യനായി അവിടെ ഇരുന്നു.

തന്റെ ആരോഗ്യം നല്ലതല്ലെന്നും എന്നാല്‍ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ കണ്ട മാര്‍ഗ്ഗമാണ് ബാങ്ക് കൊള്ളയടിക്കുക എന്നത്. ഇത് കേസ്സാകുമെന്നും ജയിലടക്കപ്പെടുമെന്നും അയാള്‍ക്ക് അറിയാം. അങ്ങിനെ ജയിലിലായാല്‍ ഗവണ്മെന്റ് അയാളുടെ ചികിത്സ നോക്കും. അതിനാണ് $1 മാത്രം ആവശ്യപ്പെട്ടത്! ഇപ്പോള്‍ കക്ഷി ജയിലില്‍ ചികിത്സയുമായി കഴിയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുള്ളി കൊക്കോ കോള വിതരണം ചെയ്യുന്ന ജോലിയായിരുന്നു. എന്നാല്‍ മാന്ദ്യത്തെ തുടര്‍ന്ന് അത് നഷ്ടപ്പെട്ടു. പിന്നീട് പാര്‍ട്ട് ടൈമില്‍ ഒരു കടയില്‍ കിട്ടി പക്ഷേ വയസ്സായതിനാല്‍ ശരീരം അതിന് വഴങ്ങാതെയായി. പുറം വേദനയും മറ്റ് രോഗങ്ങളും പിടി കൂടി. എന്നാല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ ചികിത്സിക്കാന്‍ മാര്‍ഗ്ഗമില്ലാതായി. കക്ഷി കണ്ടെത്തിയ മാര്‍ഗ്ഗമാണ് ബാങ്ക് കൊള്ള എന്നതിലൂടെ ചികിത്സയ്ക്കായി ജയിലില്‍ പോവുക എന്നത്!

പണക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന ടീ പാര്‍ട്ടി/റിപ്പബ്ലിക്കന്മാര്‍ക്ക് മുന്നില്‍ വലിയ ഒരു ചോദ്യ ഛിഹ്നമായി ഈ കക്ഷി നില്‍ക്കുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരുടെ പ്രതിനിധിയായി!

ചികിത്സയ്ക്ക് വേണ്ടി $1 കൊള്ളയടിച്ച് ജയിലില്‍ പോകേണ്ടി വരുന്ന അവസ്ഥ. അമേരിക്കയില്‍ ജയിലില്‍ പോയാലെങ്കിലും നല്ല ചികിത്സ കിട്ടും... ഇന്ത്യയിലോ?

ഇന്ത്യയിലും ഇത് പോലെ എത്ര ജീവിതങ്ങള്‍ പക്ഷേ റിപ്പബ്ലിക്കന്മാരെയും വെല്ലുന്ന ഇന്ത്യയിലെ മന്മോഹന്‍ സര്‍ക്കാരിന്റെ കണ്ണ് തുറക്കാന്‍.....!

Sunday, June 12, 2011

കെ.വി. തോമസ്സ് റോക്ക്സ്

കെ.വി. തോമസ്സ് വീണ്ടും “വളിച്ച തമാശ” പറഞ്ഞു. ഇപ്രാവശ്യം സ്വന്തം വാസ സ്ഥലമായ പശ്ചിമ കൊച്ചിക്കാരുടെ നെഞ്ചത്ത് പൊങ്കാലയിട്ടാണ്.

അരൂര്‍ ബൈപാസ് ടോള്‍ പിരിക്കും അത് കേന്ദ്ര നയമാണ് പോലും. ആയിക്കോട്ടെ പക്ഷേ 16 കി.മീ. കാറില്‍ സഞ്ചരിക്കുന്നവന്‍ 15രൂപ കൊടുക്കണം! 1 കി.മീ. ഓടാന്‍ 1 രൂപയോളം ടോള്‍!! തോപ്പും‌പടി പാലത്തില്‍ ചെയ്തത് പോലെ ഇനി ഇതിലൂടെ ഓടുന്ന ബസ്സുകാര്‍ യാത്രക്കാരനില്‍ നിന്ന് അത് പിരിക്കും എന്ന് ഉറപ്പ്! എറണാകുളത്തേയ്ക്ക് ജോലിക്കായി പോകുന്ന സെയിത്സ് ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ പോക്കറ്റ് തന്നെ അറുത്തെടുക്കണം!

പശ്ചിമ കൊച്ചിക്കാരന് എറണാകുളത്തേയ്ക്ക് വാഹനത്തില്‍ പോകണമെങ്കില്‍ ഗാമണ്‍ ഇന്ത്യയുടെ തോപ്പും‌പടി പാലത്തില്‍ ഒരു “ബിനാമി” നടത്തുന്ന ടോള്‍ ബൂത്തില്‍ കഴുത്തറുക്കാന്‍ വെച്ച് കൊടുക്കണം. ഇത് ഒഴിവാക്കി ഇടക്കൊച്ചി വഴി അരൂര്‍ പാലം കടന്ന് എറണാകുളത്തെ ആശ്രയിച്ചിരുന്നവര്‍ക്ക് ദാ ഇപ്പോള്‍ ഇരുട്ടടി പോലെ അവിടെയും തുടങ്ങിയിരിക്കുന്നു കഴുത്തറപ്പന്‍ ടോള്‍!

ഇനി പശ്ചിമ കൊച്ചിക്കാര്‍ക്ക് എറണാകുളത്തെത്താന്‍ എന്ത് വഴി? എവിടെയും ടോള്‍ റോഡിന് പകരം ടോള്‍ കൊടുക്കാതെ പോകുവാന്‍ മറ്റൊരു സംവിധാനം കാണും പക്ഷേ പശ്ചിമ കൊച്ചിക്കാര്‍ക്ക് മാത്രം അത് നിഷേധിച്ചിരിക്കുന്നു (ഗൂഗിള്‍ മാപ്പ്). അതും ഒരു കേന്ദ്രമന്ത്രി അവിടെ നിന്നും ഉണ്ടായിട്ട്....


എങ്കിലും എന്റെ തോമസ്സ് മാഷേ സ്വന്തം നാട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു... വോട്ടണ്ണലില്‍ അത് വരെ മുന്നില്‍ നിന്ന എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കി താങ്കള്‍ മുന്നിലെത്തി വിജയിച്ചത് പശ്ചിമ കൊച്ചിയിലെ വോട്ടെണ്ണല്‍ തുടങ്ങി അവസാനിച്ചപ്പോഴായിരുന്നു എന്ന കാര്യം മറന്ന് പോകല്ലേ!


16 കി.മീ. മാത്രമുള്ള അരൂര്‍-ഇടപ്പള്ളി റോഡ് വീതി കൂട്ടി പൂര്‍ത്തിയായപ്പോള്‍ അത് കടക്കുവാന്‍ 15രൂപ അപ്പോള്‍ എന്‍.എച്ച്.47 വീതി കൂട്ടി പൂര്‍ണമാകുമ്പോള്‍ തിരുവനന്തപുരത്ത് നിന്ന്  യാത്ര ചെയ്യുന്ന ഒരാള്‍ എത്ര രൂപ ടോള്‍ കൊടിക്കേണ്ടി വരും!

ടോളുകളിലെ ബിനാമികളെ (അതോ ബിനാമിയോ!) പറ്റി അന്വേഷിച്ചാല്‍ ഒരു പക്ഷേ കേന്ദ്ര സര്‍ക്കാരിന് ഒരു അഴിമതി കൂടി തൊപ്പിയില്‍ വെച്ച് അഭിമാനിക്കാം.

Monday, June 6, 2011

കാ.പുരോഹിതരെ കൊണ്ട് തോറ്റു!

ദാ പിന്നെയും വരുന്നു അവഹേളനം.. ഈ പ്രാവശ്യം ബി.എ. മലയാളത്തില്‍ ആണ് പോലും... ഒരു നാടകത്തില്‍.... അതും രചിച്ചിരിക്കുന്നത് എം.ജി.യു.വിലെ അദ്ധ്യാപകന്‍ ബാലചന്ദ്രന്‍ മാഷും... അതില്‍ സഭയ്ക്കും, ഇടയലേഖനത്തിനും എതിരെ വാചകങ്ങള്‍ ഉണ്ടത്രേ!  സഹിക്കുമോ കാ. പുരോഹിതര്‍!!

ബി.എ. മലയാളത്തില്‍ സിലബസില്‍ ഉള്ളത് മാത്രമേ വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും വായിക്കുകയും ഉള്ളൂ എന്ന് വിചാരിക്കുന്ന ഈ കാ. പുരോഹിതര്‍ ഇത്രയ്ക്ക് “ബുദ്ധിമാന്മാരോ”!!! അത്രയ്ക്ക് മത നിന്ദയായിരുന്നുവെങ്കില്‍ ആ പുസ്തകം ഇറങ്ങിയപ്പോള്‍ തന്നെ നിരോധിക്കുകയല്ലേ വേണ്ടിയിരുന്നത്... മലയാളം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്പോള്‍ പിന്നെ അവ വായിക്കുവാന്‍ കിട്ടില്ലല്ലോ!!!

തെറ്റുകള്‍ക്ക് ജോണ്‍ പോള്‍ രണ്ടാമന്‍ മാപ്പ് പറഞ്ഞിട്ടും ആ പഴയ യൂറോപ്പ്യന്‍ മിഡില്‍ ഏജിലെ പ്രേതങ്ങള്‍ കേരളത്തില്‍ ഇപ്പോഴും അലഞ്ഞ് നടക്കുന്നു!! 

Saturday, June 4, 2011

കോണ്‍ഗ്രസ്സ് ഇന്ത്യയെ നാണം കെടുത്തി വീണ്ടും

കള്ളപണത്തിനും അഴിമതിക്കുമെതിരെ സമാധാനപരമായി ഡെല്‍ഹിയില്‍ സമരം നടത്തിയിരുന്ന ആയിരക്കണക്കിന് ജനങ്ങളെ പാതിരാത്രിയില്‍ ടിയര്‍ ഗ്യാസും, ലാത്തിയും ഉപയോഗിച്ച് തുരുത്തി കൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി ലോകത്തിന്  മുന്‍പില്‍ വീണ്ടും ഇന്ത്യയുടെ മാനം കെടുത്തിയിരിക്കുന്നു. (വീഡിയോ ദൃശ്യങ്ങള്‍)

രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നെത്തിയ സ്ത്രീകളെ സുരക്ഷിതമായ പന്തലില്‍ നിന്ന്  പാതിരാത്രിയില്‍ ഡെല്‍ഹിയിലെ തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞവരെ എന്ത് പേരിട്ട് വിളിക്കണം? പാതിരാത്രിയില്‍ പരിചയമില്ലാത്ത ഡെല്‍ഹി തെരുവില്‍ സ്ത്രീകള്‍ പകച്ച് നിന്നപ്പോള്‍ സുഖമായി കിടന്നുറങ്ങിയ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയുടെ പ്രതികരിക്കണം എന്തായിരിക്കും?