എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, July 27, 2011

ഇന്ത്യയ്ക്ക് ഇത് പോലെ ഒരാളെ കിട്ടിയിരുന്നുവെങ്കില്‍‌!

“യെസ് വി കാന്‍” എന്ന് പറഞ്ഞും പറയിപ്പിച്ചും അധികാരത്തില്‍ ഏറിയ ഒബാമ. പ്രതികൂല സാഹചര്യങ്ങള്‍ മാത്രം ഉണ്ടായിട്ടും വന്‍ വിജയം നേടി അമേരിക്കയുടെ പ്രസിഡന്റ് ആയ ഒബാമ. മാസങ്ങള്‍ക്ക് മുന്‍പ് ഒബാമയുടെ ബഡ്ജറ്റ് എതിരാളികളായ റിപ്പബ്ലിക്കന്മാര്‍ അംഗീകരിക്കാഞ്ഞതിനാല്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനം തന്നെ നില്‍ക്കുമെന്ന ഘട്ടത്തില്‍ കുറച്ച് മാസങ്ങള്‍ കൂടി ഗവണ്മെന്റ് നടത്തുവാന്‍ അനുമതി നല്‍കി റിപ്പബ്ലിക്കന്മാര്‍ പിരിഞ്ഞു.

ഈ മാസം അവസാനിക്കുമ്പോള്‍ വീണ്ടും അതേ അവസ്ഥയില്‍ തന്നെ നില്‍ക്കുന്നു.

സാധാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി കൊണ്ട് ബില്ല്യണര്‍‌മാരില്‍ നിന്ന് അവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ടാക്സ് ആനുകൂല്യം ചിലത് താല്‍ക്കാലികമായി നിര്‍ത്തലാക്കി കൊണ്ടും മുന്നോട്ട് വെയ്ക്കുന്ന ഒബാമയുടെ ബഡ്ജറ്റിനെ പക്ഷേ റിപ്പബ്ലിക്കന്മാര്‍ ഇപ്പോഴും എതിര്‍ക്കുന്നു. സാധാരണക്കാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടി കുറച്ച് മുന്‍ നിരയിലുള്ള പണക്കാരെ തൊടാതെയുള്ള പണക്കാരെ അനുകൂലിക്കുന്ന ബഡ്ജറ്റ് തന്നെ വേണം എന്ന് റിപ്പബ്ലിക്കന്മാര്‍ വാശി പിടിക്കുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഒബാമ ഇത് വരെയുള്ള സംഭവ വികാസങ്ങള്‍ രാജ്യത്തോട് പങ്ക് വെയ്ക്കുകയും തന്റെ നിലപാട് എന്ത് എന്ന് വ്യക്തമാക്കുകയും ചെയ്തു. (യൂ ട്യൂബ് ലിങ്ക്).

പാവപ്പെട്ടവരുടെ പുരോഗതിക്കായി ഉറച്ച് നില്‍ക്കുന്ന ഒബാമയെ പോലെയുള്ള ഒരാള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നുവെങ്കില്‍‌! അമേരിക്കയിലെ റിപ്പബ്ലിക്കന്മാരെ പോലും നാണംകെടുത്തുന്നവരാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍‌. സ്വന്തം കീശ വീര്‍പ്പിക്കുക അതിനായി പണക്കാരെ വഴി വിട്ട് സഹായിക്കുക എന്ന ഒറ്റ അജണ്ടയുമായി നടക്കുന്നവരാണ് ഭൂരിപക്ഷവും.

എന്‍.ഡി.എ. ഭരിക്കുന്ന സമയത്ത് രാജ്യ പുരോഗതിക്ക് എന്ത് ചെയ്യണം എന്ന് വിലയിരുത്തുവാന്‍ “പ്രൈം മിനിസ്റ്റര്‍ കൌണ്‍സിലിന്” രൂപം നല്‍കി. കമ്മറ്റികളുടെ തലപ്പത്തിരുന്നത് ഇന്ത്യയിലെ ബിസിനസ്സ് മാഗ്നറ്റുകളായിരുന്നു. അതിനാല്‍ തന്നെ റിപ്പോര്‍ട്ടുകള്‍ എന്തായിരിക്കുമെന്ന് ഉറപ്പായിരുന്നു. വിചാരിച്ച പോലെ തന്നെ 2000ത്തില്‍ വിവിധ മേഖലകളെ അവലോകനം ചെയ്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ (റിപ്പോര്‍ട്ട് ലിങ്ക്) എല്ലാം തന്നെ ഒറ്റ വാക്കില്‍ വ്യവസായികളെ സഹായിക്കുക എന്നതായിരുന്നു.

വ്യവസായം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, കമ്മ്യൂണിക്കേഷന്‍, ഭക്ഷണ വിതരണം തുടങ്ങിയവയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നും അവ സ്വകാര്യന്മാരെ ഏല്‍പ്പിക്കണമെന്നുമായിരുന്നു അവര്‍ വിലയിരുത്തിയത്.

ഐ.ഐ.റ്റി.കള്‍ ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍ പണം മുടക്കരുതെന്നും പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ പണം കൊടുത്ത് പഠിക്കണമെന്നുമായിരുന്നു അംബാനി-ബിര്‍ള റിപ്പോര്‍ട്ട്. അതിലാണ് വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കണമെന്ന് വാദിക്കുന്നത്.

ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് സര്‍ക്കാര്‍ പണം കരുതി വെയ്ക്കണമെന്നാണ് ജി.പി. ഗോയങ്ക കമ്മറ്റി പറയുന്നത്. പൊതുമേഖലയെ വില്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ പണം ആരൊക്കെയാണ് കരുതി വെയ്ക്കുവാന്‍ തുടങ്ങിയതെന്ന് നാം കണ്ട് കഴിഞ്ഞു.

ആരോഗ്യമേഖലയെ പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ബിര്‍ള-അംബാനിമാര്‍ തന്നെ. പതിവ് പോലെ ആരോഗ്യ മേഖലയില്‍ സ്വകാര്യന്മാര്‍ വന്നാലെ ഇന്ത്യ രക്ഷപ്പെടൂ എന്ന നയം. അമേരിക്കയിലും മറ്റും കാണുന്നത് പോലെ ആരോഗ്യ മേഖലയെ സ്വകാര്യ ഇന്‍ഷ്വറന്‍സുകാര്‍ക്ക് പണയപ്പെടുത്തണം എന്ന ശക്തമായ ആവശ്യം ആ റിപ്പോര്‍ട്ടില്‍ കാണാം.

ഇങ്ങനെ പോകുന്നു ആ റിപ്പോര്‍ട്ടുകള്‍‌.

അവ ഉടനെ നടപ്പാക്കുവാന്‍ ബി.ജെ.പി.യുടെ എന്‍.ഡി.എ. ഗവണ്മെന്റ് അരയും മുറുക്കി ഇറങ്ങി. പതിവ് പോലെ ഇടത് പക്ഷം എല്ലാം പഠിച്ച് വന്നപ്പോഴേയ്ക്കും അടുത്ത ഭരണ മാറ്റമായി. ഇടത് പിന്തുണയോടെ വന്നതിനാല്‍ കോണ്‍ഗ്രസ്സിന് ആഗ്രഹമുണ്ടായിട്ടും ഈ റിപ്പോര്‍ട്ടുകള്‍ പലതും നടപ്പിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇടതിന്റെ പിന്തുണ ആവശ്യമില്ല എന്ന് വന്നതോടെ കോണ്‍ഗ്രസ്സ് തനി നിറം പുറത്തെടുത്തു. പലതും നടപ്പിലാക്കുവാന്‍ ചാടി ഇറങ്ങി. സോണിയാജിക്ക് ഉന്നജാതിക്കാരായ ഇടത് നേതാക്കളെയായിരുന്നു വിശ്വാസം (കടപ്പാട്: വിക്കിലീക്ക്സ്) എന്നത് പിന്നീട് വന്ന സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യ നശിച്ച് പോകാതിരിക്കുവാന്‍ സഹായിച്ചു.

ലോക സാമ്പത്തിക മാന്ദ്യ സുനാമിയില്‍ എല്ലാവരും തകര്‍ന്നു. നമ്മുടെ ബാങ്കുകള്‍ പൊതുമേഖലയിലായിരുന്നതിനാല്‍ മാത്രം ഇന്ത്യ രക്ഷപ്പെട്ടു. പൊതുമേഖല ബാങ്കുകള്‍ വിറ്റ് തുലയ്ക്കാനിരുന്ന കോണ്‍ഗ്രസ്സ് മന്ത്രി സഭ ഒടുവില്‍ മനസ്സില്ലാ മനസ്സോടെ താല്‍ക്കാലികമായി പിന്‍ വാങ്ങി. എങ്കിലും മന്ത്രിമാരുടെ സ്വന്തക്കാര്‍ വാഴുന്ന സ്വകാര്യ ബാങ്കിന് കരകയറുവാന്‍ എസ്.ബി.ഐ.നെ കൊണ്ട് കോടികള്‍ മുടക്കിക്കുന്നത് ഇന്ത്യക്കാര്‍ നോക്കിയിരുന്നു. തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയില്ല എങ്കിലും...

ഈ അടുത്ത് സി.എ.ജി. പുറത്ത് വിടുന്ന വാര്‍ത്തകള്‍ പലതും ചൂണ്ടി കാട്ടുന്നത് 2000ത്തില്‍ എന്‍.ഡി.എ. തുടങ്ങി വെച്ച വില്‍പ്പനകള്‍ രണ്ടാം വരവില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.എ. നിര്‍ബാധം തുടര്‍ന്നെന്നും പല മേഖലയിലും വന്‍ സാമ്പത്തിക നഷ്ടം വരുത്തി വെച്ചു എന്നുമാണ്. ഹിറ്റായിരിക്കുന്ന 2ജി ഇപ്പോള്‍ പ്രധാനമന്ത്രിക്ക് വരെ പ്രശ്നമായി മാറിയിരിക്കുന്നു. രാജ പറഞ്ഞ് വെയ്ക്കുന്നത് എന്‍.ഡി.എ. മന്ത്രി മുതല്‍ ഇങ്ങോട്ടുള്ളവര്‍ ചെയ്തത് താനും ചെയ്തു എന്നാണ്. അതും വേണ്ടപ്പെട്ടവര്‍ അറിഞ്ഞ് കൊണ്ടാണ് പോലും!

സാധരണക്കാരെ മറന്ന് പണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയക്കാര്‍ സ്വന്തം പോക്കറ്റും നിറയ്ക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും സ്വന്തമായ പൊതുമേഖല പണം സ്വിസ്സ് ബാങ്കുകളിലെ സ്വകാര്യ എക്കൌണ്ടില്‍ കുമിഞ്ഞ് കൂടുന്നു എന്ന വാര്‍ത്തകള്‍ ഭാവിയില്‍ നമുക്ക് ഒരു ഞെട്ടലും ഉണ്ടാക്കില്ല.

രാജ ഭരണകാലത്ത് കൂട്ടിയവ ഇന്ന് നിധിയായി കണ്ടെടുത്തത് കണ്ട് മഞ്ഞളിച്ച് നില്‍ക്കുന്ന നമ്മള്‍ ഭാവിയില്‍ സ്വിസ്സ് എക്കൌണ്ടുകള്‍ കണ്ട് എന്നാലും പണമൊന്നും നഷ്ടപ്പെടാതെ അവര്‍ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിച്ചില്ലേ എന്ന് പറയും....

ഇവിടെയാണ് ഒബാമ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാകുന്നു... പണക്കാരനും പാവപ്പെട്ടവനും എന്നുള്ള അന്തരം വര്‍ദ്ധിച്ചത് ഒബാമ തിരിച്ചറിഞ്ഞിരിക്കുന്നു. സ്വകാര്യ ഇന്‍ഷ്വറന്‍സ്, ക്രെഡിറ്റ് കാര്‍ഡുകാര്‍ ജനങ്ങളെ പിഴിയുന്നത് കണ്ടില്ല എന്ന് നടിക്കുവാന്‍ ഒബാമ തയ്യാറാകുന്നില്ല. അവര്‍ക്കൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിനൊപ്പം ടാക്സ് ആനുകൂല്യങ്ങള്‍ ആസ്വദിച്ച് കൂടുതല്‍ വീര്‍ക്കുന്ന പണക്കാരെ നിലയ്ക്ക് നിര്‍ത്തുവാനും ഒബാമ തുനിയുന്നു. എന്നാല്‍ ഇന്ത്യയിലെ ഭരണക്കര്‍ത്താക്കളാകട്ടെ ഇതെല്ലാം കണ്ടിട്ടും സാധാരണക്കാരെ പുറങ്കാലിന് തട്ടി തെറിപ്പിച്ച് പണക്കാര്‍ക്കൊപ്പം നടന്ന് നീങ്ങുന്നു.....

Saturday, July 16, 2011

ലീഗ് വീണ്ടും നാണം കെട്ടു

ഒത്തു തീര്‍പ്പുകള്‍ക്ക് വിരുദ്ധമായി കൂടുതല്‍ മന്ത്രിമാരെ ലീഗ് തന്നിഷ്ടത്തിന് പ്രഖ്യാപിച്ച് വിലസാമെന്ന് കരുതിയെങ്കിലും ഭരണം തൂങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ കൂടുതലായി ഒരു മന്ത്രിയെ നല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകാഞ്ഞത് ലീഗിന് കിട്ടിയ വലിയ അടിയായിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കുമ്പോള്‍ ആനയെ കിട്ടുമെന്ന് പ്രചരിപ്പിച്ചെങ്കിലും കുഴിയാനയെ പോലും കൊടുക്കുവാന്‍ സോണിയജി തയ്യാറായില്ല എന്നത് ലീഗിനുള്ള അടുത്ത പ്രഹരമായി.

ഇപ്പോള്‍ ഇതാ യു.ജി.സി. പറയുന്ന യോഗ്യത ഇല്ലാത്ത ഒരാളെ കാലിക്കറ്റ് വി.സി. ആയി നിയമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുന്നു!

While preparing the panel, the search committee must give proper weightage to academic excellence, exposure to the higher education system in the country and abroad, and adequate experience in academic and administrative governance” എന്നാണ് വി.സി. ആയി പരിഗണിക്കേണ്ട ആളിനെ കുറിച്ച് യു.ജി.സി. ചട്ടങ്ങളില്‍ പറയുന്നത് (പി.ഡി.എഫ്.).
 
പത്ത് വര്‍ഷത്തെ പരിചയം വേണമെന്ന യു.ജി.സി. ചട്ടം പോലും പാലിക്കാത്ത ലീഗിന്റെ ഈ നിലപാടിനെതിരെ കേരളത്തിലെ യൂണിവേഴ്സിറ്റി അധ്യാപക സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന സ്വരം മറ്റുള്ളവരും ഏറ്റെടുത്തതോടെ ഉമ്മന്‍ ചാണ്ടിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം ചവറ്റ് കൊട്ടയില്‍ തള്ളി കളയേണ്ടി വന്നു എന്നത് ലീഗിന് കിട്ടിയ ഏറ്റവും പുതിയ അടിയാണ്. കേരള സമൂഹത്തിന് മുന്‍പില്‍ ലീഗ് വീണ്ടും നാണം കെട്ടിരിക്കുകയാണ്!

വിദ്യാഭ്യാസം ലീഗിന് കൊടുത്തതിനെതിരെ അഴീക്കോട് എന്തോ പറഞ്ഞു എന്ന് പറഞ്ഞ് ബ്ലോഗുലകത്തും ഭൂലോകത്തും വെളിച്ചപ്പാടുകള്‍ ഉറഞ്ഞ് തുള്ളുകയായിരുന്നുവല്ലോ! മതവും ദേശവും എടുത്തിട്ടല്ലായിരുന്നോ അലക്ക്! എന്നാല്‍ അതിന് മുന്‍പേ ഇലക്ഷന്‍ റിസള്‍ട്ട് വന്നപ്പോള്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ്സ് ഏറ്റെടുക്കണമെന്ന് ഹൈബി പറഞ്ഞപ്പോള്‍ ഈ വെളിച്ചപ്പാടുകളുടെയെല്ലാം വായില്‍ ഭക്ഷണമായിരുന്നെന്ന് തോന്നി! ഇനി ഇപ്പോള്‍ അവര്‍ എന്ത് പുതിയ ന്യായം കണ്ടെത്തുമോ ആവോ?

Sunday, July 10, 2011

കോ.സര്‍ക്കാരും കാ.പുരോഹിതരും ഒരേ സ്വരത്തില്‍‌!

  • പ്രൊഫഷണല്‍ കോഴ്സുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഗവണ്മെന്റ് കോട്ടയില്‍ ചില പണക്കാര്‍ വരുന്നു, അവര്‍ക്ക് സൌജന്യം കൊടുക്കുവാന്‍ പാടില്ല. അത് കൊണ്ട് എല്ലാ സീറ്റിലും ഒരേ ഫീസ് ആക്കണം. ഫീസ് തങ്ങള്‍ നിശ്ചയിക്കും. തങ്ങള്‍ നിശ്ചയിക്കുന്ന ഫീസ് സര്‍ക്കാര്‍ റാന്‍ മൂളി കൊണ്ട് പാവപ്പെട്ടവര്‍ക്ക് ഫെല്ലോഷിപ്പായി നല്‍കണം എന്ന് അഭിനവ (പുരോഹിത‌) സ്വയാശ്രയമുതലാളിമാര്‍‌!

  • പണക്കാര്‍ക്കും സബ്സിഡിയായുള്ള ഗ്യാസ് കിട്ടുന്നു. അതിനാല്‍ ഇനി മുതല്‍ എല്ലാവര്‍ക്കും 4 കുറ്റി ഗ്യാസ് സിലിണ്ടര്‍ മാത്രം സബ്സിഡി നിരക്കില്‍ (ഇന്ത്യയില്‍ 60% ആളുകള്‍ 8 സിലണ്ടറുകള്‍ വരെ ഉപയോഗിക്കുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കിയവര്‍ തന്നെ പറയുന്നു!). എന്നാല്‍ സിലിണ്ടര്‍ വാങ്ങുമ്പോള്‍ എല്ലാ ജനങ്ങളും സബ്സിഡിയില്ലാത്ത മുഴുവന്‍ തുകയും (800 രൂപയോളം) ഏജന്‍സിക്ക് നല്‍കണം. അര്‍ഹമായ സിലിണ്ടറിനുള്ള സബ്സിഡി ജനങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ സര്‍ക്കാര്‍ ഡെപ്പോസിറ്റ് ചെയ്യും എന്ന് ഇന്ത്യന്‍ പെട്രോളിയം മന്ത്രാലയം!!!! ഇവിടെയും ഗ്യാസിന്റെ വില കമ്പനികള്‍ നിശ്ചയിക്കും, സര്‍ക്കാര്‍ അതിന് റാന്‍ മൂളും!!!

ചുരുക്കത്തില്‍ കുറച്ച് പണക്കാര്‍ അനര്‍ഹമായത് വാങ്ങുന്നത് ഒഴിവാക്കുവാന്‍ വേണ്ടി ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പള്ളയ്ക്കടിക്കുക എന്ന പോളസിയില്‍ ഇന്ത്യയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനും കാ.പുരോഹിതര്‍ക്കും  ഒരേ സ്വരം!!! 

ഗ്യാസ് സിലിണ്ടര്‍ പ്രശ്നത്തില്‍ പി.സി. ജോര്‍ജിന്റേതായി ദീപികയില്‍ തന്നെ വന്ന പ്രസ്താവന  അഭിനവ സ്വയാശ്രയമുതലാളിമാര്‍ കൂടി വായിച്ച് പഠിച്ചിരുന്നുവെങ്കില്‍‌!!!

Friday, July 8, 2011

എന്‍ഡോസള്‍ഫാന്‍: ഒടുവില്‍ ആ റിപ്പോര്‍ട്ടും വെളിച്ചം കണ്ടു

ഐ.സി.എം.ആര്‍‌. നടത്തിയ പഠനത്തില്‍ 2001ല്‍ സെയ്തിനെ കൂടാതെ 2003ല്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തിലും പഠനം നടത്തിയിരുന്നു എന്നും അവര്‍ 2006ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും അത് വെളിച്ചം കാണിക്കാതെ പൂഴ്ത്തി വെച്ചുമെന്ന് തെളിഞ്ഞിരിക്കുന്നു. (റിപ്പോര്‍ട്ടിന്റെ പി.ഡി.എഫ്. മാതൃഭൂമി വക).

ആണ്‍ കുട്ടികളില്‍ ലൈംഗിക വളര്‍ച്ചയ്ക്ക് താമസം നേരിടുന്നതിനെ പറ്റി സെയ്ത് 2003ല്‍ പറഞ്ഞ് വെച്ചതിന്റെ (പി.ഡി.എഫ്.) തുടര്‍ച്ചയാണ് ഈ റിപ്പോര്‍ട്ട്.

424 ആണുങ്ങളില്‍ നിന്നായി ശേഖരിച്ച രക്ത സാമ്പിളുകളില്‍ നിന്നും തെളിയുന്നത് പ്രശ്ന ബാധിത പ്രദേശത്തിന് പുറത്ത് താമസിക്കുന്നവരേക്കാള്‍ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്ത് താമസിക്കുന്നവരില്‍ ടെസ്റ്റോസ്റ്റിറോണും, എഫ്.എസ്സ്.എച്ച്.ഉം കുറവാണെന്നാണ്. കൂടാതെ ക്രോമസോമല്‍ അബറേഷനും കൂടുതലായും കണ്ടെത്തി. ഈ രണ്ട് നിരീക്ഷണങ്ങളും കാണിക്കുന്നത് ആ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പ്രത്യുല്‍പ്പാദന കുറവും, ശാരീരിക-മാനസിക വൈകല്യമുണ്ടാകുവാനും സാധ്യത കൂടുതലാണെന്നാണ്. 2003ല്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ പ്രശ്ന ബാധിത പ്രദേശത്തുള്ളവരില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിരുന്നു.

ഈ പഠനത്തിന് മുന്‍പ് നടന്ന സര്‍വേകളില്‍ പ്രശ്ന ബാധിത പ്രദേശത്ത് ക്യാന്‍സര്‍‌, ഗര്‍ഭമലസല്‍‌, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍‌,  നവജാതരില്‍ എല്ലുകള്‍ക്ക് വൈകല്യം എന്നിവ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുള്ളതായി ഈ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.   

ഇത്രയും ശക്തമായ തെളിവ് ലഭിച്ചിട്ടും അത് പുറത്ത് കാട്ടാതിരുന്നത് എന്തിന് വേണ്ടിയായിരുന്നു എന്ന് ഉത്തരം പറയേണ്ടത് കേന്ദ്ര ഗവണ്മെന്റാണ്. 8 ലക്ഷത്തോളം മുടക്കി 3 കൊല്ലം കൊണ്ട് പഠനം നടത്തിയ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക് ഓശാന പാടുന്ന സര്‍ക്കാര്‍ വീണ്ടും ഐ.സി.എം.ആര്‍‌.നെ കൊണ്ട് തന്നെ കൂടുതല്‍ പഠനത്തിനായി നിയോഗിച്ച് നാടകം കളിക്കുന്നത് എന്തിനെന്ന് പറയണം!