എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, December 21, 2011

അറബ് വസന്തം കോഴിവസന്ത പോലെയാകുമോ?

കൊട്ടി ഘോഷിക്കപ്പെട്ട അറബ് ഇന്റര്‍നെറ്റ് വിപ്ലവം ശരിക്കും ഉപദ്രവമായി മാറിയോ?

മിഡില്‍ ഈസ്റ്റിലുള്ള എണ്ണയുടെ മേലുള്ള പിടി അഴയാതിരിക്കുവാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ എന്തിനും തയ്യാറാകുമെന്ന് നാം കണ്ട് കൊണ്ടിരിക്കുന്നു. എന്നാല്‍ അമേരിക്കയ്ക്ക് കിട്ടിയ അടിയാണ് അറബ് വസന്തം അഥവാ മുല്ലപ്പൂ വിപ്ലവം. അവിടങ്ങളിലെ ഭരണകര്‍ത്താക്കള്‍ ഏകാധിപതികളും മറ്റും ആയിരുന്നുവെങ്കിലും അവിടെയുള്ള സ്ഥിരത അമേരിക്കയ്ക്കെന്ന പോലെ മറ്റ് ലോക രാജ്യങ്ങളും ആവശ്യമായിരുന്നു. എന്നാല്‍ ആ രാജ്യങ്ങളിലെ ജനങ്ങള്‍ നിശബ്ദമായി ഇതിനെ നേരിട്ട് കൊണ്ടിരുന്നത് ഗൌരവമായി അമേരിക്കയും മറ്റും കണ്ടില്ല എന്നതിന്റെ ബാക്കി പത്രമാണ് ചോര ചീന്താതെയുള്ള വിപ്ലവം.

വല്ല്യേട്ടന്‍ രാജ്യങ്ങള്‍ക്ക് എതിര്‍ക്കുവാന്‍ കഴിയുന്നില്ല എന്ന് കണ്ടതോടെ ആദ്യം അടുക്കുവാന്‍ മടിച്ച് നിന്ന ഇസ്ലാമിക എക്സ്ട്രിമിസ്റ്റുകള്‍ വിപ്ലവകാരികളുടെ കൂടെ കൂടി. ഇത് തന്നെയായിരുന്നു ലോക രാജ്യങ്ങളുടെയും പേടി. എന്നാല്‍ അറബ് വസന്തത്തിന്റെ പിടിയില്‍ നിന്ന് ബഹറൈന്‍ മുതലായവയെ സൌദിയെയും മറ്റും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കഴിഞ്ഞു. ഇറാക്കില്‍ അമേരിക്ക പിന്മാറിയ അന്ന് തന്നെ ഷിയ-സുന്നി വിഭാഗങ്ങള്‍ അടി തുടങ്ങി. ഇതേ അടി മറ്റ് രാജ്യങ്ങളിലും വരുവാനിരിക്കുന്നു. ഇതിനിടയില്‍ എക്സ്ട്രിമിസ്റ്റുകള്‍ അധികാരം ഏറ്റെടുത്ത് കടുത്ത മത നിയമങ്ങല്‍ നടപ്പിലാക്കുവാന്‍ ഇറങ്ങി കഴിഞ്ഞു.

എതിര്‍ക്കുന്നവരെ എന്ത് ചെയ്യുമെന്ന് ഈജിപ്റ്റിലെ കാവല്‍ അധികാരികള്‍ കാട്ടി തരുന്നു. സമരമുഖത്ത് ഉണ്ടായിരുന്ന ഒരു വനിതയുടെ ഉടുതുണി പറിച്ചെടുത്ത് മാറിടത്തിന് നടുവില്‍ ബൂട്ടിട്ട കാലുകള്‍ കൊണ്ട് ആഞ്ഞ് ചവിട്ടുകയും കൂട്ടത്തോടെ തല്ലി ചതയ്ക്കുകയും ചെയ്യുന്ന ദയനീയ രംഗം ലോകം ഞെട്ടലോടെ കണ്ടിട്ട് ദിവസങ്ങള്‍ അധികമാകുന്നില്ല. ബ്ലൂ ബ്രാ ഗേള്‍ സംഭവം എന്ന് വിളി പേരില്‍ അറിയപ്പെട്ട ഇതിനെതിരെ വനിതകള്‍ രംഗത്തെത്തിറങ്ങി. എന്നാല്‍ വോട്ടെടുപ്പില്‍ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന മുസ്ലിം ബ്രദര്‍ ഹുഡുകാര്‍ ഈ സമരത്തെ അനുകൂലിച്ചില്ല എന്നത് ഗൌരവമേറിയതാണ്.

വനിതകള്‍ മുന്നിട്ടിറങ്ങിയ അറബ് വിപ്ലവത്തില്‍ ഇപ്പോള്‍ വനിതകള്‍ക്ക് കൂച്ച് വിലങ്ങിടുന്നത് കണ്ട് തുടങ്ങി. ഈജിപ്റ്റ് വിപ്ലവ സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ട വനിതകളുടെ കന്യകാത്വം പരിശോധിച്ചതിനേക്കാള്‍ ഭീകരമായാണ് ഇപ്പോള്‍ അവിടെയുള്ള സമരമുഖത്തുള്ള വനിതകള്‍ നേരിടുന്നത്. ഈജിപ്റ്റില്‍ ഒരു വനിതയെ പട്ടാപകല്‍ തെരുവിലിട്ട് പട്ടാളക്കാര്‍ അപമാനിച്ചിട്ടും മുസ്ലീം ബ്രദര്‍ഹുഡ് അലപിക്കുന്നില്ല എന്നത് അവരുടെ എക്സ്ട്രിമിസം തുറന്ന് കാട്ടുന്നു!

അകത്തിരുന്നത് ഭീകരം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുന്ന വികസിത രാജ്യങ്ങള്‍ക്ക് അറബ് വസന്തം ശരിക്കും പുലി വാലായി മാറിയിരിക്കുന്നു!

Sunday, December 18, 2011

വിലാസിനി ടീച്ചറുടെ റിയാലിറ്റി ഷോ!

വിലാസിനി ടീച്ചര്‍ ഇന്ത്യാവിഷന്റെ താളത്തിന് നിന്ന് കൊടുത്ത് സ്വന്തം വില കളയരുതായിരുന്നു. എന്തിന് വേണ്ടിയായിരുന്നു ആശുപത്രിയില്‍ കിടക്കുന്ന അഴീക്കോടിനെ കാണുവാന്‍ വിലാസിനി ടീച്ചര്‍ ഈ റിയാലിറ്റി ഷോ നടത്തിയത്? (യൂ ട്യൂബ് ലിങ്ക്)

തനിക്ക് കാണണമെന്ന് പറഞ്ഞപ്പോള്‍ അതിന് അനുവദിച്ച അഴീക്കോടിനെ ടീച്ചര്‍ ഇങ്ങനെ അപമാനിക്കണമായിരുന്നോ?

Sunday, December 11, 2011

മുല്ലപെരിയാര്‍ പെണ്‍കുട്ടികളുടെ എണ്ണം കൂട്ടുമോ?

മുല്ലപെരിയാര്‍ ഡാമിനോട് അനുബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന ബഹളം പെണ്‍കുട്ടികളുടെ എണ്ണം കൂട്ടുവാന്‍ സഹായിക്കുമോ?

കഴിഞ്ഞ ആഴ്ച പുറത്ത് വന്ന പുതിയ പഠനം അതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്!

ഹ്യൂമണ്‍ റീപ്രൊഡക്ഷന്‍ ജേര്‍ണലിലൂടെ പുറത്ത് വന്ന പഠനം (ലിങ്ക്) ചിലിയില്‍ നടന്ന ഭൂകമ്പ സമയത്ത് (7.9 തീവ്രത) ആ പ്രദേശത്തുള്ള ഗര്‍ഭിണികളില്‍ അതുണ്ടാക്കിയ ഫലം പരിശോധിച്ചപ്പോള്‍ ഭൂകമ്പം ഉണ്ടായ സമയത്ത് രണ്ട്-മൂന്ന് മാസം ഗര്‍ഭിണി ആയിരുന്നവര്‍ നേരത്തെ പ്രസവിച്ചു എന്നും അവയില്‍ ഭൂരിപക്ഷം പെണ്‍കുട്ടികളും ആണെന്ന് തെളിഞ്ഞിരിക്കുന്നു. (പ്രെസ്സ് റിലീസ്)

സാധാരണ നേരത്തെ ജനിക്കുന്നവരില്‍ കൂടുതലായി ആണ്‍കുട്ടികളെയാണ് കണ്ട് വരിക. എന്നാല്‍ ചിലിയില്‍ ഈ സമയത്ത് നേരത്തെ ജനിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം സാധാരണയിലും കൂടുതലായി കണ്ടു. ആണ്‍ഭ്രൂണങ്ങള്‍ക്ക് പെണ്‍ഭ്രൂണങ്ങളെ അപേക്ഷിച്ച് വളരുവാന്‍ കൂടുതല്‍ ഊര്‍ജ്ജം വേണം. അതിനാല്‍ മാനസികമായ പിരിമുറുക്ക (സ്ട്രെസ്സ്) സമയത്ത് ആണ്‍ഭ്രൂണങ്ങള്‍ വളരാതെ അബോര്‍ട്ട് ആയി പോകുന്നു. ഇതാണ് ചിലിയില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ഉണ്ടായതിന് കാരണമായി ഈ പഠനത്തില്‍ പറയുന്നു. പ്ലാസന്റയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇവയ്ക്ക് കാരണം എന്ന് പറഞ്ഞ് വെയ്ക്കുന്നു.

സ്ട്രെസ്സും, സെക്സും, അബോര്‍ഷനും, പ്രീടേം ജനനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടിയിരിക്കുന്നു എന്ന് ഈ പഠനം വിലയിരുത്തുന്നു. മുല്ലപെരിയാര്‍ ഇഷ്യൂ മറ്റൊരു പഠനത്തിനുള്ള തുറുപ്പ് ചീട്ടാകുമോ?

Saturday, December 3, 2011

999ന്റെ കാലക്കേട്!

അങ്ങിനെ കേരളത്തിന് പുറകെ അമേരിക്കയിലും 999ന് കാലക്കേട്!

ഒബാമയ്ക്കെതിരെ 2012ല്‍ മത്സരിക്കുവാനുള്ള റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മത്സരിച്ചിരുന്ന 999 ഫെയിം ഹെര്‍മന്‍ കെയ്ന്‍ തല്‍ക്കാലം പ്രചരണം നിറുത്തി വെയ്ക്കുന്നു. അമേരിക്കയെ സാമ്പത്തിക കടത്തില്‍ നിന്ന് രക്ഷിക്കുവാന്‍ 9% നികുതി എന്ന ആശയവുമായി രംഗത്തെത്തി [9% business transaction tax; 9% personal income tax rate, and a 9% federal sales tax] റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുവാനുള്ള മത്സരത്തില്‍ മറ്റുള്ളവരെ പിന്തള്ളി മുന്നേറി കൊണ്ടിരുന്നപ്പോഴാണ് തുടര്‍ച്ചയായി വന്ന ലൈംഗിക ആരോപണങ്ങള്‍ കെയ്നിനെ ഉലച്ചത്.

ഏറ്റവും ഒടുവില്‍ 13 വര്‍ഷമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് ഒരു സ്ത്രീ രംഗത്തെത്തിയതോടെ ഗോഡ്ഫാദേര്‍ഴ്സ് പിസ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ഹെര്‍മ്മന്‍ കെയ്ന്‍ താന്‍ മത്സരത്തില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നു എന്ന് ശനിയാഴ്ച വെളിപ്പെടുത്തിയിരിക്കുന്നു.

ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കെയ്നിന്റെ സ്പോണ്‍സര്‍മാര്‍ പിന്മാറുമെന്ന തിരിച്ചരിവായിരിക്കാം ഈ തീരുമാനത്തില്‍ എത്തിച്ചത്. പ്രൈമറി എന്നറിയപ്പെടുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മോഹികളുടെ മത്സരത്തില്‍ പോലും ബില്ല്യണുകളാണ് ചെലവാക്കേണ്ടി വരിക. അത് സ്പോണ്‍സര്‍ ചെയ്യുന്നത് കേര്‍പ്പറേറ്റ് ഭീമന്മാര്‍ ഉള്‍പ്പെടെയുള്ളവരും. ലൈംഗിക ആരോപണം തുടര്‍ കഥയാകുമ്പോള്‍ അവയെല്ലാം നുണയാണെന്ന് പറയുമ്പോഴും സ്പോണ്‍സര്‍മാര്‍ക്ക് തങ്ങളുടെ കക്ഷിയുടെ വിജയത്തിലുള്ള വിശ്വാസം കുറയുമ്പോള്‍ സ്വാഭാവികമായും മറ്റൊരാളെ തിരയുമെന്നത് ബിസിനസ്സ്കാരനായ കെയ്നിന് മറ്റാരാളെക്കാളും അറിവുണ്ടാകും. അവരില്‍ നിന്ന് തുടര്‍ന്നും തനിക്ക് പിന്തുണ കിട്ടുമെന്ന് ഉറപ്പാകുവാന്‍ ഒരവസാന ശ്രമം നടത്തുകയായിരിക്കാം കെയ്ന്‍!

എന്തായാലും കേരളത്തില്‍ 999ല്‍ പിടിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് പുറകെ അമേരിക്കയിലും 999 ഫെയിം ഹെര്‍മന്‍ കെയ്നിനും പ്രശ്നങ്ങള്‍ ഒഴിയുന്നില്ല.