എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, January 8, 2012

ഇന്ത്യയും ചൈനയും തകര്‍ന്നടിയുന്നു?

2012ല്‍ ഇന്ത്യയും ചൈനയും തകര്‍ന്നടിയുവാന്‍ തുടങ്ങുമോ? ഒട്ടേറെ അനിശ്ചിതത്വങ്ങളോടെ 2012 കടന്ന് വന്നിരിക്കുന്നു......

അമേരിക്കയുടെ ഔട്ട് സോര്‍ഴ്സിങ് എന്ന മുദ്രാവാക്യത്തില്‍ ഏറെ സന്തോഷിച്ചത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആയിരുന്നു. അമേരിക്കയില്‍ ജോലിക്കാര്‍ക്ക് പണം നല്‍കി പിരിച്ച് വിട്ട് വില കുറഞ്ഞ ജോലിക്കാരെ തേടി അമേരിക്കന്‍ കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലേയ്ക്ക് ചേക്കേറി. അതിന്റെ പിന്‍ബലത്തില്‍ മൂന്നാം ലോക രാജ്യങ്ങള്‍ വളര്‍ന്ന് തുടങ്ങി.

എന്നാല്‍ പിരിഞ്ഞ് പോന്നപ്പോള്‍ കിട്ടിയ പണം വാള്‍ സ്ട്രീറ്റിലെ ചൂത് കളിയിലും റിയല്‍ എസ്റ്റേറ്റിലുമായി നിക്ഷേപിച്ച് വിശ്രമിച്ച അമേരിക്കക്കാരെ ചൂതാട്ട തലവന്മാര്‍ പറ്റിച്ചു. കണ്ണടച്ച് തുറക്കും മുന്‍പ് സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞു. സ്വാഭാവികമായും ഉള്ള ജോലികളും ഇല്ലാതെയായി എന്ന് മാത്രമല്ല പിരിഞ്ഞ് കിട്ടിയപ്പോള്‍ ലഭിച്ച പണവും വെള്ളത്തിലായി. ഇതിനിടയില്‍ തിവ്രവാദികളെ കൊല്ലാന്‍ എന്ന പേരില്‍ കോടികള്‍ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും മറ്റും വാരി എറിഞ്ഞു.

സാമ്പത്തിക രംഗം തകരുന്നു എന്ന് കണ്ടതോടെ വിദേശത്തുള്ള നിക്ഷേപകര്‍ ഇന്ത്യ, ചൈന പോലെയുള്ള സുരക്ഷിതമായ സ്ഥലങ്ങളിലെ ഷെയര്‍ മാര്‍ക്കറ്റുകളിലേയ്ക്ക് നിക്ഷേപങ്ങള്‍ മാറ്റി. ഇന്ത്യയും മറ്റും വെട്ടി തിളങ്ങുവാന്‍ തുടങ്ങി.

എന്നാല്‍ 2007ലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കയില്‍ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുകയായിരുന്നു. നഷ്ടം വരുത്തി വെച്ചവര്‍ക്ക് സര്‍ക്കാര്‍ വീണ്ടും പണം നല്‍കുകയും എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും ലഭിക്കാതെയുമുള്ള വിചിത്ര കാഴ്ച. ജനങ്ങള്‍ 99% എന്ന വാദവുമായി 2011ല്‍ സമര മുഖത്തേയ്ക്ക്.

2012ലെ റീ-ഇലക്ഷനില്‍ ജയിക്കണമെങ്കില്‍ ഒബാമയ്ക്ക് നന്നായി പണിപെടേണ്ട അവസ്ഥ. സുഖമായി ജയിക്കാമെന്ന് റിപ്പബ്ലിക്കന്മാരും. എന്നാല്‍ അവരുടെ പ്രതീക്ഷകളെ തകിടം മറിച്ച് അമേരിക്കക്കാരുടെ വിദേശ നിക്ഷേപങ്ങള്‍ പിന്വലിപ്പിച്ച് അമേരിക്കയില്‍ എത്തിക്കുവാന്‍ ഒബാമയ്ക്ക് കഴിഞ്ഞു കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ ജോലികള്‍ വന്ന് തുടങ്ങി. നിരാശരായ തൊഴില്‍ തേടാത്തവരെ കണക്കുകളില്‍ പെടുത്താതിനാല്‍ ഔദ്യോഗികമായി തൊഴിലില്ലായ്മ കുറഞ്ഞുവെങ്കിലും യഥാര്‍ത്ഥത്തില്‍ കുറവൊന്നും സംഭവിച്ചില്ല. ബിരുദധാരികളുടെ തൊഴിലില്ലായ്മ 20%ത്തിനടുത്താണ്! എന്നാല്‍ ഇന്ത്യയില്‍ രൂപയുടെ മൂല്യം മാസങ്ങള്‍ക്കുള്ളില്‍ ഡോളറുമായി 10രൂപയോളം തകരുന്നതാണ് കണ്ടത്!

ഇന്ത്യയിലെ ബി.പി.ഒ.കള്‍ക്ക് പാരയായി അമേരിക്കയില്‍ പുതിയ ബില്‍ പാസ്സാക്കുവാനുള്ള ശ്രമങ്ങള്‍ ശക്തമാകുന്നു.

മെയ്ഡ് ഇന്‍ അമേരിക്ക എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുവാന്‍ ശ്രമിച്ച് വിജയിച്ചു എന്നത് ചൈനയ്ക്കും തിരിച്ചടിയായിരിക്കുന്നു. കയറ്റ്മതിയെ ആശ്രയിച്ചിരുന്ന അവരുടെ സാമ്പത്തിക വളര്‍ച്ചയും കിതയ്ക്കുവാന്‍ തുടങ്ങിയിരിക്കുന്നു. കൂടെ ചൈനയിലെ ജോലിക്കാര്‍ ശമ്പളം കൂട്ടിയും ചോദിച്ച് തുടങ്ങി.

ഔട്ട്സോര്‍ഴ്സിങ്ങിലൂടെ പുറത്ത് പോയ ജോലികള്‍ തിരിച്ച് കൊണ്ടുവരുവാനാണ് ഇപ്പോള്‍ ഒബാമ ശ്രമിക്കുന്നത്. ഈ വരുന്ന ബുധനാഴ്ച വൈറ്റ് ഹൌസില്‍ പ്രമുഖരായ കമ്പനികളുമായി അതിന്റെ ചര്‍ച്ചയിലാണ്. ഇന്‍സോര്‍ഴ്സിങ് എന്ന മുദ്രാവാക്യം ഒബാമ ഉയര്‍ത്തി കഴിഞ്ഞു (വീഡിയോ). കോള്‍ സെന്ററുകളും, സോഫ്റ്റ്വെയറുകളും, രാസവസ്തു നിര്‍മ്മാണവും, ഫര്‍ണിച്ചര്‍ നിര്‍മ്മാണവും ഉള്‍പ്പെടെ എല്ലാം അമേരിക്കയിലേയ്ക്ക് തിരിച്ച് കൊണ്ടു വരുവാന്‍ ഒബാമ കിണഞ്ഞ് പരിശ്രമിക്കുന്നു.

ആവശ്യം ഒബാമയുടേതാണ്. നവമ്പറില്‍ നടക്കുവാനിരിക്കുന്ന റീ-ഇലക്ഷനില്‍ ജയിക്കേണ്ടതിനാല്‍ ലോക നന്മ എന്നതിനേക്കാള്‍ അമേരിക്കയുടെ നന്മ എന്നത് മാത്രമേ ലക്ഷ്യമുള്ളൂ.

ലോകം ചുരുങ്ങി ഒരു ഗ്രാമമാകുമെന്ന സങ്കല്പങ്ങള്‍ അസ്തമിച്ചു. മെയ്ഡ് ഇന്‍ അവനന്റെ രാജ്യമെന്ന മുദ്രാവാക്യത്തിലേയ്ക്ക് തിരിച്ച് പോകുന്നു. അമേരിക്കയില്‍ മാത്രമല്ല യൂറോപ്പിലും ഇത് തന്നെയാണ് നടപ്പിലായി കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇനിയുള്ള ആഴ്ചകള്‍ ഇന്ത്യയുടെയും ചൈനയുടെയും മറ്റും വിധി എഴുതുന്ന നാളുകളായിരിക്കും. തിളങ്ങുന്നു എന്ന് ഇവിടങ്ങളിലെ സര്‍ക്കാരുകള്‍ വീമ്പിളക്കുമ്പോഴും സാധാരണക്കാര്‍ക്ക് ജീവിക്കുവാന്‍ ബുദ്ധിമുട്ടായി കൊണ്ടിരിക്കുകയായിരുന്നു. അടുത്ത് തന്നെ ഇതിലും ഭീകരമാകുമെന്ന അവസ്ഥയില്‍ വന്നാല്‍‌!

ഏഷ്യയിലാണ് ഇനി നോട്ടമിടേണ്ടതെന്ന് ഒബാമ പറഞ്ഞ് കഴിഞ്ഞു. അമേരിക്കന്‍ പട്ടാളം ഇനി ഏഷ്യയില്‍ തമ്പടിക്കും. അതിനായി അമേരിക്ക ലക്ഷ്യമിടുന്നത് ഇന്ത്യയെ ആണ്.

സാമ്പത്തിക തകര്‍ച്ചയിലേയ്ക്ക് വീണ് കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് അമേരിക്കയെ പിന്തുണയ്ക്കാതെ തരമില്ലാതാകുന്നു. ഇന്ത്യയെ അമേരിക്കന്‍ താവളമാക്കി മാറ്റുവാന്‍ ബ്രിട്ടീഷുകാരും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയവും സമ്മതിക്കാതിരുന്നത് മാറ്റി മറിക്കുവാന്‍ അമേരിക്കയെ മന്മോഹന്‍ സര്‍ക്കാര്‍ സഹായിക്കുമോ? ഇതിനെല്ലാം ഉത്തരം 2012 നല്‍കുമായിരിക്കും!

12 comments:

Manoj മനോജ് said...

ഔട്ട്സോര്‍ഴ്സിങ്ങിലൂടെ പുറത്ത് പോയ ജോലികള്‍ തിരിച്ച് കൊണ്ടുവരുവാനാണ് ഇപ്പോള്‍ ഒബാമ ശ്രമിക്കുന്നത്. ഈ വരുന്ന ബുധനാഴ്ച വൈറ്റ് ഹൌസില്‍ പ്രമുഖരായ കമ്പനികളുമായി അതിന്റെ ചര്‍ച്ചയിലാണ്. ഇന്‍സോര്‍ഴ്സിങ് എന്ന മുദ്രാവാക്യം ഒബാമ ഉയര്‍ത്തി കഴിഞ്ഞു. കോള്‍ സെന്ററുകളും, സോഫ്റ്റ്വെയറുകളും, രാസവസ്തു നിര്‍മ്മാണവും, ഫര്‍ണിച്ചര്‍ നിര്‍മ്മാണവും ഉള്‍പ്പെടെ എല്ലാം അമേരിക്കയിലേയ്ക്ക് തിരിച്ച് കൊണ്ടു വരുവാന്‍ ഒബാമ കിണഞ്ഞ് പരിശ്രമിക്കുന്നു.

ലോകം ചുരുങ്ങി ഒരു ഗ്രാമമാകുമെന്ന സങ്കല്പങ്ങള്‍ അസ്തമിച്ചു. മെയ്ഡ് ഇന്‍ അവനന്റെ രാജ്യമെന്ന മുദ്രാവാക്യത്തിലേയ്ക്ക് തിരിച്ച് പോകുന്നു.

അമേരിക്കയില്‍ മാത്രമല്ല യൂറോപ്പിലും ഇത് തന്നെയാണ് നടപ്പിലായി കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇനിയുള്ള ആഴ്ചകള്‍ ഇന്ത്യയുടെയും ചൈനയുടെയും മറ്റും വിധി എഴുതുന്ന നാളുകളായിരിക്കും.

chithrakaran:ചിത്രകാരന്‍ said...

വെറും ദുരഭിമാനങ്ങളും വിഢി വിശ്വാസങ്ങളും ഭൂരിപക്ഷം ജനങ്ങളുടെ അടിമത്വവും മാത്രം കൈമുതലായുള്ള ഇന്ത്യ തകര്‍ന്നടിഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു !

യരലവ said...

ഇന്ത്യന്‍ ബാങ്കില്‍ ഇപ്പോള്‍ ലോങ്ങ് ടേം നിക്ഷേപം നടത്തുന്നത് തെറ്റായിപ്പോകുമോ ?

Salim PM said...

എല്ലാവരും ശ്രദ്ധിക്കേണ്ട ഒരുപാടുകാര്യങ്ങള്‍ ചുരുക്കി ലളിതമായി പറഞ്ഞിരിക്കുന്നു. ഭാവുകങ്ങള്‍.

അനില്‍ഫില്‍ (തോമാ) said...

അമേരിക്ക തുറക്കാന്‍ പറഞ്ഞാലുടനെ നമ്മുടെ വിപണികളുടെ ബലമുള്ള വാതിലുകള്‍ പൊളിച്ചുകളയാന്‍ തന്നെ ഉത്സാഹം കാട്ടുന്ന നവ സാമ്പത്തിക വിദഗ്ദ്ധനും (?) പരിവാരങ്ങള്‍ക്കും നമ്മുടെ കയറ്റുമതി, സേവന, മനുഷ്യ വിഭവശേഷി തുടങ്ങിയ മേഘലകളില്‍ അമേരിക്കയും നിവര്‍ന്നു നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത ബ്രിട്ടനും അടക്കം ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ചെറുവിരല്‍ പോലും അനക്കാന്‍ കഴിവില്ലാതെ പുത്തന്‍ ആമ്പത്തിക / രാഷ്ട്രീയ അടിമത്തത്തില്‍ എത്തിച്ചിരിക്കുന്നു.

PrAThI said...

" മെയ്ഡ് ഇന്‍ സ്വന്തം രാജ്യം " നല്ല ആശയം തന്നെയെങ്കിലും എങ്ങനെ ഇത് പ്രാവര്‍ത്തികം ആകും?
വിദ്യാഭ്യാസം കഴിയുന്നതോടെ എല്ലാവരുടെയും സ്വപ്നം കടലുകള്‍ കടക്കുന്നു.
"പേര്‍ഷ്യയില്‍ വിയര്‍ത്തു പണിതാല്‍
കൈക്കുടന്നയോളം സ്വര്‍ണം നേടാം,
എന്നാല്‍ അത്രയും സ്വര്‍ണം കൊടുത്താല്‍
ഉരിയരി അവിടെ കിട്ടാനില്ല !" എന്ന്
പത്തിരുപതു കൊല്ലങ്ങള്‍ മുന്‍പ് പ്രവാസം തുടങ്ങിയവര്‍ പറഞ്ഞപ്പോ
വിശ്വസിക്കാന്‍ ആദ്യം പ്രയാസം ഉണ്ടായിരുന്നെങ്കിലും
പിന്നീട് അതെല്ലാം ശരിയാണെന്ന് കാലം തെളിയിച്ചു.
അന്നൊക്കെ ഗോതമ്പും അരിയും വരുന്ന കപ്പലുകള്‍ കാത്തു
വ്യാപാരികള്‍ തുറമുഖ പരിസരത്ത് കാത്തിരുന്ന ദിനങ്ങള്‍ ഏറെ!
മധ്യ പൌരസ്ത്യ രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കൊണ്ടു
മുന്നേറിയ സമയത്ത് ഇന്ത്യയെപ്പോലെ ഉള്ള രാജ്യങ്ങളില്‍ നിന്നും
പ്രവാസത്തിനെത്തിയവര്‍ സാമ്പത്തികമായി
അല്പം ഭേദപ്പെട്ട നിലയില്‍ എത്തി.
പക്ഷെ ഇത്രയും സമയം കൊണ്ടു ഈ പ്രവാസികള്‍ക്ക്
നഷ്ടമായത് സ്വന്തം രാജ്യത്ത് നിന്നുള്ള കയറ്റുമതിയും
അതിലൂടെയുള്ള വരുമാനവും.
ഇന്ന് മധ്യ പൌരസ്ത്യ രാജ്യങ്ങളില്‍ ഏറെയും
ഇറക്കുമതി കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും ആയി മാറി.
ദിനം ദിന ആവശ്യങ്ങളില്‍ ഏറെ വരുന്ന
അരി, ഗോതമ്പ്, പച്ചക്കറികള്‍, മുളക്, തേയില എന്നിവയും
വ്യാവസായിക ആവശ്യങ്ങളായ ഇരുമ്പു, റബ്ബര്‍, കടലാസ് തുടങ്ങിയവയും
ഇപ്പോള്‍ എത്തുന്നത് മറ്റു രാജ്യങ്ങളില്‍ നിന്നാണ്.
വരുമാനം കൂടുതല്‍ പ്രതീക്ഷിച്ചു
നമ്മുടെ ഏറ്റവും വലിയ സമ്പാദ്യമായ "മാനവ ശേഷി"
വെറും "കൂലിവേല" [ഔട്ട്‌ സോര്‍സിംഗ് എന്ന സുന്ദരമായ പേര് ] ആയി
മാറിയിരിക്കുന്നു.
കൃഷി, നിര്‍മാണ, വ്യവസായ സാമഗ്രികളുടെ ഉത്പാദനം
ഏതാണ്ട് നിലച്ച പോലെ തന്നെ ആയതു കൊണ്ടു
വരും വര്‍ഷങ്ങളിലെ വിദേശ നാണ്യം
ഭാരതത്തെ എങ്ങനെ ആക്കും എന്ന് പ്രവചിക്കാന്‍ ആവുന്നില്ല.
-----
മനോജ്‌ - താങ്കള്‍ ഇക്കാര്യം വളരെ നന്നായി പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍ !

സരസ്സന്‍ said...

നിലനില്പിന്റെ അടിസ്ഥാന ശില സാമ്പത്തികമെന്ന തൂണിനു ചുറ്റും കറങ്ങുംമ്പോൾ അത് സ്വായത്തമാക്കാൻ പറ്റുന്ന എന്തും കംമ്പോളത്തിൽ വിലപേശലിനിട്ടു കൊടുക്കും. അത് മാനവ വിഭവ ശേഷിയാവാം, അല്ലെങ്കിൽ മറ്റുല്പന്നങ്ങളാവാം. എന്നും മാനവശേഷിക്കു ക്മ്പോളത്തിൽ ഉയർന്ന മൂല്യം തരും എന്നുള്ളതുകൊണ്ടാണല്ലോ കാർഷിക-വ്യവസായിക ഉല്പന്ന നിർമ്മിതിയിൽ നിന്നും വികാരപരമായി വിപ്ലപൂർവം മാറിഉനിന്നു വിദേശമലയാളിയായി മാറിയത്. മാറുന്ന ക്മ്പോളത്തിൽ മിടുക്കുള്ള ഉരുക്കളാക്കാനാണല്ലൊ മലയാളി എഞ്ചി-മെഡി-കമ്പ്യു വംശാവലി വർദ്ധിപ്പിക്കൽ നടത്തുന്നത്.ഇതിലെ രാഷ്ട്രിയ നപുംസകങ്ങളുടെ വിപ്ലവ വിളയാടലുകൾ ആരും കാണാൻ ശ്രമിക്കതിരിക്കുക, ശ്രമിച്ചാൽ ഉണ്ടാക്കുന്നജാള്യത മറക്കാൻ ഒരു കൊടിശീലക്കും കഴിയാതെ വരുമ്.

നവ സാമ്പത്ത്ക ശീലങ്ങളെ സ്വന്തമാകി അത് സ്വന്തം കൂരക്കുല്ലിൽ എത്തിക്കാൻ, ഭ്രമം ഉള്ള ആരും അത് ചെയ്തിരിക്കും ഇന്നു അമേരിക്കയുടേയും നാളെ മറ്റൊരു രാജ്യത്തിന്റേതു ആകാവുന്ന സമ്പത്തിനെ, പുരോഗതിയുടെ അടയാളം സമ്പത്താണെങ്കിൽ, ഇന്ത്യയൊ ചൈനയൊ അത് ആശിപ്പിച്ചു കൊടുക്കുന്നതിൽ എന്തു തെറ്റ്. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും അല്ലെങ്കിൽ ഉല്ലിലുള്ള പഴയ വിപ്ലവ സൂക്തങ്ങൾ ഡോളറിനു മുമ്പിൽ മപ്പടിച്ച് നികുമ്പോൾ , അമേരിക്ക ഒരു ദിവസമെങ്കിൽ ഒരു ദിവസം പാപ്പരായി കാണണം എന്നു ത്രിസന്ധ്യയിൽ ഉൾവിളിയായി, ഈത്തവാറ്റി പുറത്തുവരുന്നു. നീണ്ടു നിവർന്നു കിടന്നു, സോഷ്യലിസമെന്നും കമ്യൂണിസമെന്നും വിളിക്കുന്ന പറൂദീസയുടെ സുഖങ്ങൾ,അഹൊരാത്രം ഉണ്ടുറങ്ങി സുഖിക്കാൻ ഭ്രമിക്കുന്ന വിഢ്ഢികൾ, എങ്ങിനെ അദ്ധ്വാനിച്ചു ജീവിക്കണം എന്ന തത്വം പഠിപ്പിക്കുന്ന ശഠിക്കുന അമേരിക്കയെ സഹിക്കും. അസൂയ എന്നു മയമായി മൊഴിയുന്നു.
അഞ്ചു നൂറ്റാണ്ടായി ലോകശക്തിയായി വിലസുന്ന അമേരിക്കയെ ആർക്കും എളുപ്പത്തിൽ തോല്പിക്കാനാവില്ല മക്കളെ.
മനോജ് ചിത്രീകരിച്ച "പണം വാള്‍ സ്ട്രീറ്റിലെ ചൂത് കളിയിലും റിയല്‍ എസ്റ്റേറ്റിലുമായി നിക്ഷേപിച്ച് വിശ്രമിച്ച അമേരിക്കക്കാർ" ല്പൽഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന ഉദ്പാദന വർദ്ധന എത്രയെന്നു ആർക്കും പ്രവചിക്കാനാവില്ല. അതിൽ നിന്നും ഉരുത്തിരിയുന്ന നവം നവങ്ങളായ ആശയങ്ങൾ എങ്ങിനെ ലോകത്തിനെ കീഴടക്കുൻ എന്നു ആർക്കും പ്രവചിക്കാൻ പറ്റില്ല. രാജ്യസ്നേഹം അത് അമേരിക്കക്കാരനിൽ നിന്നും പഠിക്കണം.

അല്ലാതെ ഡോളറിനു മുമ്പിൽമപ്പടിച്ച് നിൽകുന്ന പോളീറ്റ്ബ്യൂറോ വിപ്ലവ വായാടീത്തം അത് നാൽക്കവലകളിലെ കോളാമ്പികൾ വിസർജിക്കും.
അമേരിക്കയെന്നാൽ ഒബാമയൊ, ബുഷോ, അല്ലെങ്കിൽ ഡെമൊക്ക്രാറ്റ്-റിപബ്ലിക് എന്ന വർഗ സിദ്ധാന്തത്തിൽ വിശകലിക്കുമ്പോൽ കണക്കമ്പാടെ തെറ്റും. ജനതയെ ഏറ്റവും സ്വതന്ത്രമായ ചിന്താസരണികളിൽ വ്യാപരിക്കുവാൻ അനുവദിച്ചുകൊണ്ട്, രാജ്യത്തെ അതിന്റെ ഉന്നതമായ പദവിയിൽ കൺറ്റുകൊണ്ട് ജീവിക്കുന്ന അമേരിക്കക്കാരനെ അമേരിക്കയെ തോല്പിക്കുവാൻ ഒരു വർഗസിദ്ധാന്തവും ഇന്നുവരെ ജനിച്ചിട്ടില്ല.

കൊടുത്തതിൽ നിന്നും ഇരട്ടിയായി തിരിച്ചെത്തിക്കാൻ കഴിയുന്നതാണു അമേരിക്കയുടെ ശക്തി.
ശകതൻ വീണ്ടും ശക്തനാവുമ്പോഴാണു ചുറ്റുമുള്ള ബലഹീനർക്കും ബലം വയ്ക്കുന്നത്. ശക്തൻ നശിക്കുമ്പോൾ ചുറ്റും ഉള്ള തല്പരകക്ഷികൾ നരകയാതന അനുഭവിക്കേണ്ടി വരുന്നു. ഏറ്റവും നല്ല ഉദാഹരണം റഷ്യ.
അമേരിക്ക ശക്തമായി തിരിച്ചുവരുമ്പോൾ തീർച്ചയായും അതിന്റെ ഗുണം താല്പര്യ്ക്കാർക്കും ലഭിക്കുന്നു.

ഇന്ത്യ നിലനില്പിന്റെ പാത സ്വീകരിക്കുന്നു, ഇന്നലെ റഷ്യ, ഇന്നു അമേരിക്ക, നാളെ ചൈനയെങ്കിൽ ചൈന. ഈ രാഷ്റ്റ്രീയ വൈരുദ്ധ്യാത്മകതയെ ചേരി ചേരാ നയമെന്നു വിളിക്കുന്നു.നാലു പ്രാവശ്യം യുദ്ധം ചെയ്ത പാക്കിസ്താനും ഇന്നും ഇന്ത്യൻ വ്യാപാര ഘടനയിൽ ഫേവറബിൾ രാജ്യമാണു. അതും മറ്റൊരു വൈരുദ്ധ്യം, വർഗ്ഗ സിദ്ധാന്തങ്ങളിൽ ഇതിനു വ്യാഖ്യാനം ചമയ്ക്കാൻ കഴിയില്ല.

ദാസ് കാപ്പിറ്റലിനു എന്നും അമേരിക്കയിൽ നല്ലപോലെ വിറ്റുവരവുണ്ട്.

ChethuVasu said...

പ്രിയ മനോജ്‌ , താങ്കള്‍ ഇത് വളരെ വ്യക്തമാക്കി .

എങ്ങനെ കണക്കു കൂട്ടി നോക്കിയാലും ഇന്ത്യക്ക് ഒരു രക്ഷയുമില്ല .. വല്ലാത്ത പ്രതിസന്ധിയെയാണ് നമ്മള്‍ നേരിടുന്നത് . അത് കൂടുതല്‍ രൂക്ഷമാകാന്‍ പോകുന്നതെ ഉള്ളൂ..

1 . രൂപയുടെ ഇടിവ്
2 . വര്‍ധിച്ചു വരുന്ന ആളോഹരി പെട്രോളിയം ഉപഭോഗം
3 . ലോക വിപണിയില്‍ കുതിച്ചു ചാടാന്‍ ഒരുങ്ങുന്ന എന്നാ വില ( (2 ) X (3 ) ഒറ്റയടിക്ക് നമ്മുടെ നട്ടെല്ല് ഒടിക്കും . അത് (1 ) കൂടുതല്‍ കഷ്ടമാക്കും )
4 . വര്‍ധിച്ചു വരുന്ന ജന സംഖ്യ ( കഴിഞ്ഞ പത്തു വര്ഷം മാത്രം 18 കോടി ആളുകള്‍ കൂടി . ബ്രസീലിലെ മൊത്തം ജന സംഖ്യ 18 കോടിയാണ് ). അതിന്റെ ഉപഭോഗം .( അരിയുടെ കാര്യം മാത്രം എടുത്താല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ഫുഡ് സെക്യുരിറ്റി കമ്മി സോണില്‍ എത്തും )
5 . പേരിനു പറയാന്‍ എക്സ്പോര്‍ട്ട് ചെയ്യാന്‍ പറ്റിയ നല്ലൊരു പ്രോടക്റ്റ് പോലും ഇല്ല . അങ്ങനെ വരുമ്പോള്‍ ഇവിടത്ത ഉത്തപാടനവും ഉപഭോഗവും മാത്രം ആശ്രയം
6 .ഇന്റര്‍ നാഷണല്‍ പോളിടിക്സ് - ഒരു യുദ്ധം - അത് ഏതാനും വര്‍ഷങ്ങള്‍ ക്കുള്ളില്‍ നടന്നിരിക്കും . ഇന്ത്യ ആ യുദ്ധത്തില്‍ പങ്കാളി അല്ലെങ്കില്‍ പോലും നമ്മളുടെ സാമ്പത്തിക വ്യവസ്ഥയെ അത് തകര്‍ത്തു തരിപ്പണം ആക്കും .ഇവിടത്തെ സംമോഹ്യ രാഷ്ട്ര തന്ത്ര അവസ്ഥകള്‍ മാറി മറയാന്‍ അധികം സമയമില്ല - ഒപ്പം സാമൂഹ്യ അരക്ഷിതാവസ്ഥ വര്‍ദ്ധിക്കും .

ഇതൊന്നും മാനേജ് ചെയ്യാനുള്ള പോളിടികള്‍ മാന്ടെയ്റ്റ് ഒരു പാര്‍ട്ടിക്കും ഇല്ല എന്നതാണ് അവസ്ഥ .

Some people have made the hay in the last 20 years. Now we have entered the final hour.

Manoj മനോജ് said...

ഹോ എന്നതാ ഇത് സരസ്സാ ;)

അമേരിക്ക സാമ്പത്തിക ഞെരുക്കത്തിലായിട്ടും ജി.ഒ.പി. പ്രൈമറിയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന കക്ഷി ഇത് വരെ ചെലവാക്കിയത് വെറും 50 മില്ല്യണ്‍‌! ഇനിയും കിടക്കുന്നു പ്രൈമറി മത്സരം. 5ഓളം സ്ഥാനാര്‍ത്ഥി മോഹികള്‍ ഉണ്ട്. അത് കഴിഞ്ഞാണ് ഒബാമയുമായുള്ള ശരിക്കുമുള്ള മത്സരം, കാശ് ഇറക്കേണ്ട സമയം. ഇത്രയും പണം മുടക്കണമെങ്കില്‍ അമേരിക്ക എത്ര മാത്രം ശക്തമാണെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത് :)

ഇന്ന് കമ്പനികളുമായി നടന്ന ചര്‍ച്ചയില്‍ ഇന്‍സോര്‍ഴ്സ് ചെയ്യുന്നവര്‍ക്ക് ടാക്സ് ഇളവുകളും ഔട്ട്സോര്‍ഴ്സിങ്ങ്കാര്‍ക്ക് ടാക്സും ഏര്‍പ്പെടുത്തുമെന്ന് ഒബാമ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു മുന്‍പേ സ്റ്റേറ്റുകള്‍ ടാക്സ് റിലീഫുകള്‍ പ്രഖ്യാപിച്ചിരുന്നു എന്നും ഓര്‍ക്കുക.

പക്ഷേ അതേ സമയം തൊഴില്‍ റിക്രൂട്ട്മെന്റിലെ അവസ്ഥ നോക്കുക. വൈവിദ്ധ്യമായ എക്സ്പീരിയന്‍സുള്ളവരെയാണ് ഇപ്പോള്‍ റിക്രൂട്ട്മെന്റ് ഏജന്റുകള്‍ പരിഗണിക്കുന്നത്. ജോലി നഷ്ടപ്പെട്ടിട്ടും മറ്റ് കോഴ്സുകള്‍ക്ക് പോയവര്‍ രക്ഷപ്പെടും. സാമ്പത്തികമായി അമേരിക്ക കരകയറും. അതില്‍ അത്ഭുതമൊന്നും സംഭവിക്കുവാനില്ല.

എന്നാല്‍ ഇന്ത്യയും ചൈനയും ആയിരിക്കും യൂ ടേണ്‍ അടിക്കുവാന്‍ പോകുന്നത്. അതില്‍ കരുതലോടെ നീങ്ങിയില്ലെങ്കില്‍ ഇന്ത്യയായിരിക്കും പാടേ തകരുക.

ഇനി അമേരിക്കയെ വിട്ട് അമേരിക്കക്കാരനിലേയ്ക്ക് വരിക. 99% എന്ന മുദ്രാവാക്യം ഉയര്‍ന്നത് എന്ത് കൊണ്ട് എന്ന് നോക്കിയാല്‍ മതിയല്ലോ. വിദ്യാഭ്യാസ, ശാസ്ത്ര, സൈനിക മേഖലകളില്‍ വരുത്തിയിരിക്കുന്ന വന്‍ വെട്ടി കുറവുകള്‍ ഇനിയും തുടര്‍ന്നാല്‍ സരസന്‍ പറയുന്നത് പോലെ കാര്യങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കപ്പെടില്ല.

ഒബാമയുടെ ഇന്‍സോഴ്സിങ് വിജയിച്ചില്ലെങ്കില്‍ ഒരിക്കലും അമേരിക്കക്കാര്‍ക്ക് പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ച് പോകുവാന്‍ കഴിയില്ല. മറ്റൊരു പ്രഹരമായി ബേബി ബൂമുകള്‍ ഈ വരുന്ന വര്‍ഷങ്ങളില്‍ റിട്ടയറാകുകയാണ്. ഇന്നത്തെ നിലയില്‍ സോഷ്യല്‍ ടാക്സ് വരവ് കുറയുകയും പെന്‍ഷന്‍ കൂടുകയും ചെയ്യും! കൂടുതല്‍ ജോലി വരേണ്ടത് അത് കൊണ്ട് തന്നെ അത്യാവശ്യമാണ്.

ഒന്ന് കൂടി ജി.ഒ.പി.യില്‍ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന കക്ഷി റിപ്പബ്ലിക്കന്മാരിലെ ഡെമോക്രാറ്റ് ഛായയുള്ള ആളാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. ടീ പാര്‍ട്ടിയില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥി എന്ത് കൊണ്ട് മുന്നില്‍ വരുന്നില്ല എന്നതും ആലോചിക്കുക :) യഥാര്‍ത്ഥ റിപ്പബ്ലിക്കന്മാര്‍ 3 പേര്‍ വോട്ട് പങ്കിട്ടെടുക്കുന്നത് കൊണ്ട് അവസാനം വരെ കാത്തിരിക്കണം. ഇപ്പോഴത്തെ കക്ഷി തന്നെ വരുന്നതെങ്കില്‍ ഒബാമയ്ക്ക് എളുപ്പത്തില്‍ ജയിച്ച് കയറാം. ഡെമോയെയും റിപ്പബ്ലിക്കനെയും ആശ്രയിച്ച് തന്നെയാണ് അമേരിക്ക മുന്നേറുന്നത്. ഇല്ല എന്ന് പറഞ്ഞാല്‍ അത് കണ്ണടച്ച് ഇരുട്ടാക്കുന്നതാണെന്നേ ഞാന്‍ പറയുകയുള്ളൂ.

പിന്നെ രാജ്യങ്ങള്‍ തകരണമെന്ന വൃത്തികെട്ട ചിന്താഗതിയല്ല മറിച്ച് ജനങ്ങള്‍ക്ക് നന്നായി ജീവിക്കുവാന്‍ കഴിയണമെന്ന ആഗ്രഹം മാത്രമേയുള്ളൂ. ആദര്‍ശങ്ങള്‍ പറഞ്ഞ് വെറുതെ സമയം കളയുന്ന പണി പണ്ടേ ഇല്ലായിരുന്നു എന്നതിനാല്‍ സരസ്സന്റെ അത്തരം വാക്കുകള്‍ വേയ്സ്റ്റ് ബക്കറ്റിലേയ്ക്കേ പോവുകയുള്ളൂ ;)

Manoj മനോജ് said...

ചിത്രകാരന്‍‌,
ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ അവര്‍ പ്രതികരിക്കുമെന്ന് 2011 തെളിയിച്ചതല്ലേ.

യരലവ,
ക്രെഡിറ്റ് റേറ്റിങ്ങ് കൂട്ടിയിട്ടുണ്ട്. പക്ഷേ അത് കുറഞ്ഞ സമയ നിക്ഷേപങ്ങള്‍ക്ക് എന്നാണ് കണ്ടത്? എന്താകുമോ എന്തോ? :)

സലിം,
നന്ദി :)

അനില്‍‌,
വിദേശ നിക്ഷേപമാണ് ഇന്ത്യന്‍ സ്റ്റോക്കിനെ ഉയരത്തിലേയ്ക്ക് കൊണ്ടു പോകുവാന്‍ ആവശ്യം. അതല്ലാതെ ഇന്ത്യയ്ക്ക് മറ്റ് മാര്‍ഗ്ഗമില്ല. അതു കൊണ്ട് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായാലും താല്‍ക്കാലികമായ നേട്ടത്തിനായി, വരുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ കയറുക എന്ന ഇടുങ്ങിയ ചിന്താഗതി മാത്രം!

പ്രതി,
നന്ദി. പ്രവാസികളുടെ വേദന അറിയുവാന്‍ പ്രവാസികള്‍ക്കേ കഴിയൂ. എനിക്കറിയാവുന്ന ഒരു കക്ഷി, നാട്ടില്‍ അമേരിക്കക്കാരന്‍ വീട്ടില്‍ അടി പൊളി ജീവിതം എന്നാല്‍ അമേരിക്കയില്‍ വെച്ച് കണ്ടപ്പോള്‍ പുള്ളി പറഞ്ഞ സങ്കടങ്ങള്‍ കേട്ടപ്പോള്‍ കുറേ ഏറെ നൊന്തു :(

വാസു,
ശരിയാണ്. മനുഷ്യനെ മാത്രം എക്സ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്തിന് വിദേശ നിക്ഷേപം അല്ലാതെ മറ്റ് എന്താണ് മാര്‍ഗ്ഗമുള്ളത്? ഉള്ള കൃഷിയിടങ്ങള്‍ വ്യവസായത്തിനെന്ന പേരില്‍ നശിപ്പിക്കുന്നു! ഒരു യുദ്ധം കൂടി ഉണ്ടായാല്‍ പിന്നെ കാര്യങ്ങള്‍ പറയുകയും വേണ്ട! എങ്ങിനെയും വോട്ട് നേടി ഭരിക്കുവാന്‍ കയറുക എന്ന ഒറ്റ അജണ്ട മാത്രം ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യയെ രക്ഷിക്കുവാന്‍ എവിടെ താല്പര്യം?

മണ്ടൂസന്‍ said...

അവര് ഔട്ട് സോഴ്സിംഗ് വേണ്ടാ ന്ന് വച്ചാ പണി കിട്ടുമല്ലോ ദൈവമേ. ഞാൻ റെസ്റ്റ് കഴിഞ്ഞ് എറണാംകുളത്തെത്തുമ്പോ ജോലി ണ്ടാവില്ലേ, കാത്തോളണേ. ഒരു നല്ല കാര്യം. ആശംസകൾ.

മണ്ടൂസന്‍ said...

നല്ല കാര്യങ്ങൾ,നന്നായി പറഞ്ഞു. ഇനി റെസ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയാൽ കൊച്ചീല് ജോലി ണ്ടാവില്ല്യേ ? പേടിയുള്ള ആശംസകൾ.