എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, January 10, 2012

കൊച്ചൌസേപ്പിന്റെ രംഗപ്രവേശനം എന്തിന്?

ഡാമിന്റെ പല ഭാഗത്തും തുരന്ന് പരീശോധിക്കുമ്പോള്‍ സുര്‍ക്കി കാണാനേയില്ല എന്ന വാര്‍ത്ത പുറത്ത് വന്ന ഉടനെ ആ ഡാം ബലപ്പെടുത്തി എടുക്കാം എന്ന് പറഞ്ഞ് കൊച്ചൌസേപ്പ് രംഗ പ്രവേശം ചെയ്തിരിക്കുന്നു!!! 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട് കമ്പിയും കോണ്‍ഗ്രീറ്റും കൊണ്ട് ബലപ്പെടുത്തിയതാണ് എന്ന് അവകാശപ്പെടുന്ന ഡാമിനെ വീണ്ടും 55 കോടിയോളം മുടക്കി കമ്പിയും കോണ്‍ഗ്രീറ്റും കൊണ്ട് തങ്ങള്‍ ബലപ്പെടുത്തുമെന്ന് “വി ഗാര്‍ഡന്‍”!!!!!! 5.5 കോടി എറിഞ്ഞാണ് പുള്ളി രംഗപ്രവേശനം ചെയ്തിരിക്കുന്നത്!
എന്തിന് ആര്‍ക്ക് വേണ്ടി കൊച്ചൌസേപ്പ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്? എവിടെയാണ് ചീഞ്ഞ് നാറുന്നത്? 
കുറച്ച് നാള്‍ മുന്‍പ് ആരൊക്കയോ എന്തിനോ വേണ്ടി സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തി. ആ ഓളത്തിലേയ്ക്ക് രാഷ്ട്രീയക്കാരും എടുത്ത് ചാടി തമിഴ്നാട്ടിലെ പാവം കൃഷിക്കാരെ (മലയാളികളും തമിഴരും) പട്ടിണിയിലാക്കി. ഒടുവില്‍ രാഷ്ട്രീയക്കാര്‍ തടി തപ്പി.
കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി വരുന്ന ഈ അവസരത്തില്‍ തന്നെ തമിഴ്നാട്ടില്‍ വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള ഒരാള്‍ കേരള വികാരത്തിന് എതിരായി പെട്ടെന്ന് രംഗത്ത് വരുന്നത് എന്തിനായിരിക്കും? തമിഴ്നാട്ടിലുള്ള സ്വന്തം വ്യവസായ സ്ഥാപനങ്ങള്‍ അക്രമിക്കപ്പെടാതിരിക്കുവാന്‍ വേണ്ടിയാണോ?

Sunday, January 8, 2012

ഇന്ത്യയും ചൈനയും തകര്‍ന്നടിയുന്നു?

2012ല്‍ ഇന്ത്യയും ചൈനയും തകര്‍ന്നടിയുവാന്‍ തുടങ്ങുമോ? ഒട്ടേറെ അനിശ്ചിതത്വങ്ങളോടെ 2012 കടന്ന് വന്നിരിക്കുന്നു......

അമേരിക്കയുടെ ഔട്ട് സോര്‍ഴ്സിങ് എന്ന മുദ്രാവാക്യത്തില്‍ ഏറെ സന്തോഷിച്ചത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആയിരുന്നു. അമേരിക്കയില്‍ ജോലിക്കാര്‍ക്ക് പണം നല്‍കി പിരിച്ച് വിട്ട് വില കുറഞ്ഞ ജോലിക്കാരെ തേടി അമേരിക്കന്‍ കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലേയ്ക്ക് ചേക്കേറി. അതിന്റെ പിന്‍ബലത്തില്‍ മൂന്നാം ലോക രാജ്യങ്ങള്‍ വളര്‍ന്ന് തുടങ്ങി.

എന്നാല്‍ പിരിഞ്ഞ് പോന്നപ്പോള്‍ കിട്ടിയ പണം വാള്‍ സ്ട്രീറ്റിലെ ചൂത് കളിയിലും റിയല്‍ എസ്റ്റേറ്റിലുമായി നിക്ഷേപിച്ച് വിശ്രമിച്ച അമേരിക്കക്കാരെ ചൂതാട്ട തലവന്മാര്‍ പറ്റിച്ചു. കണ്ണടച്ച് തുറക്കും മുന്‍പ് സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞു. സ്വാഭാവികമായും ഉള്ള ജോലികളും ഇല്ലാതെയായി എന്ന് മാത്രമല്ല പിരിഞ്ഞ് കിട്ടിയപ്പോള്‍ ലഭിച്ച പണവും വെള്ളത്തിലായി. ഇതിനിടയില്‍ തിവ്രവാദികളെ കൊല്ലാന്‍ എന്ന പേരില്‍ കോടികള്‍ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും മറ്റും വാരി എറിഞ്ഞു.

സാമ്പത്തിക രംഗം തകരുന്നു എന്ന് കണ്ടതോടെ വിദേശത്തുള്ള നിക്ഷേപകര്‍ ഇന്ത്യ, ചൈന പോലെയുള്ള സുരക്ഷിതമായ സ്ഥലങ്ങളിലെ ഷെയര്‍ മാര്‍ക്കറ്റുകളിലേയ്ക്ക് നിക്ഷേപങ്ങള്‍ മാറ്റി. ഇന്ത്യയും മറ്റും വെട്ടി തിളങ്ങുവാന്‍ തുടങ്ങി.

എന്നാല്‍ 2007ലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കയില്‍ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുകയായിരുന്നു. നഷ്ടം വരുത്തി വെച്ചവര്‍ക്ക് സര്‍ക്കാര്‍ വീണ്ടും പണം നല്‍കുകയും എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും ലഭിക്കാതെയുമുള്ള വിചിത്ര കാഴ്ച. ജനങ്ങള്‍ 99% എന്ന വാദവുമായി 2011ല്‍ സമര മുഖത്തേയ്ക്ക്.

2012ലെ റീ-ഇലക്ഷനില്‍ ജയിക്കണമെങ്കില്‍ ഒബാമയ്ക്ക് നന്നായി പണിപെടേണ്ട അവസ്ഥ. സുഖമായി ജയിക്കാമെന്ന് റിപ്പബ്ലിക്കന്മാരും. എന്നാല്‍ അവരുടെ പ്രതീക്ഷകളെ തകിടം മറിച്ച് അമേരിക്കക്കാരുടെ വിദേശ നിക്ഷേപങ്ങള്‍ പിന്വലിപ്പിച്ച് അമേരിക്കയില്‍ എത്തിക്കുവാന്‍ ഒബാമയ്ക്ക് കഴിഞ്ഞു കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ ജോലികള്‍ വന്ന് തുടങ്ങി. നിരാശരായ തൊഴില്‍ തേടാത്തവരെ കണക്കുകളില്‍ പെടുത്താതിനാല്‍ ഔദ്യോഗികമായി തൊഴിലില്ലായ്മ കുറഞ്ഞുവെങ്കിലും യഥാര്‍ത്ഥത്തില്‍ കുറവൊന്നും സംഭവിച്ചില്ല. ബിരുദധാരികളുടെ തൊഴിലില്ലായ്മ 20%ത്തിനടുത്താണ്! എന്നാല്‍ ഇന്ത്യയില്‍ രൂപയുടെ മൂല്യം മാസങ്ങള്‍ക്കുള്ളില്‍ ഡോളറുമായി 10രൂപയോളം തകരുന്നതാണ് കണ്ടത്!

ഇന്ത്യയിലെ ബി.പി.ഒ.കള്‍ക്ക് പാരയായി അമേരിക്കയില്‍ പുതിയ ബില്‍ പാസ്സാക്കുവാനുള്ള ശ്രമങ്ങള്‍ ശക്തമാകുന്നു.

മെയ്ഡ് ഇന്‍ അമേരിക്ക എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുവാന്‍ ശ്രമിച്ച് വിജയിച്ചു എന്നത് ചൈനയ്ക്കും തിരിച്ചടിയായിരിക്കുന്നു. കയറ്റ്മതിയെ ആശ്രയിച്ചിരുന്ന അവരുടെ സാമ്പത്തിക വളര്‍ച്ചയും കിതയ്ക്കുവാന്‍ തുടങ്ങിയിരിക്കുന്നു. കൂടെ ചൈനയിലെ ജോലിക്കാര്‍ ശമ്പളം കൂട്ടിയും ചോദിച്ച് തുടങ്ങി.

ഔട്ട്സോര്‍ഴ്സിങ്ങിലൂടെ പുറത്ത് പോയ ജോലികള്‍ തിരിച്ച് കൊണ്ടുവരുവാനാണ് ഇപ്പോള്‍ ഒബാമ ശ്രമിക്കുന്നത്. ഈ വരുന്ന ബുധനാഴ്ച വൈറ്റ് ഹൌസില്‍ പ്രമുഖരായ കമ്പനികളുമായി അതിന്റെ ചര്‍ച്ചയിലാണ്. ഇന്‍സോര്‍ഴ്സിങ് എന്ന മുദ്രാവാക്യം ഒബാമ ഉയര്‍ത്തി കഴിഞ്ഞു (വീഡിയോ). കോള്‍ സെന്ററുകളും, സോഫ്റ്റ്വെയറുകളും, രാസവസ്തു നിര്‍മ്മാണവും, ഫര്‍ണിച്ചര്‍ നിര്‍മ്മാണവും ഉള്‍പ്പെടെ എല്ലാം അമേരിക്കയിലേയ്ക്ക് തിരിച്ച് കൊണ്ടു വരുവാന്‍ ഒബാമ കിണഞ്ഞ് പരിശ്രമിക്കുന്നു.

ആവശ്യം ഒബാമയുടേതാണ്. നവമ്പറില്‍ നടക്കുവാനിരിക്കുന്ന റീ-ഇലക്ഷനില്‍ ജയിക്കേണ്ടതിനാല്‍ ലോക നന്മ എന്നതിനേക്കാള്‍ അമേരിക്കയുടെ നന്മ എന്നത് മാത്രമേ ലക്ഷ്യമുള്ളൂ.

ലോകം ചുരുങ്ങി ഒരു ഗ്രാമമാകുമെന്ന സങ്കല്പങ്ങള്‍ അസ്തമിച്ചു. മെയ്ഡ് ഇന്‍ അവനന്റെ രാജ്യമെന്ന മുദ്രാവാക്യത്തിലേയ്ക്ക് തിരിച്ച് പോകുന്നു. അമേരിക്കയില്‍ മാത്രമല്ല യൂറോപ്പിലും ഇത് തന്നെയാണ് നടപ്പിലായി കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇനിയുള്ള ആഴ്ചകള്‍ ഇന്ത്യയുടെയും ചൈനയുടെയും മറ്റും വിധി എഴുതുന്ന നാളുകളായിരിക്കും. തിളങ്ങുന്നു എന്ന് ഇവിടങ്ങളിലെ സര്‍ക്കാരുകള്‍ വീമ്പിളക്കുമ്പോഴും സാധാരണക്കാര്‍ക്ക് ജീവിക്കുവാന്‍ ബുദ്ധിമുട്ടായി കൊണ്ടിരിക്കുകയായിരുന്നു. അടുത്ത് തന്നെ ഇതിലും ഭീകരമാകുമെന്ന അവസ്ഥയില്‍ വന്നാല്‍‌!

ഏഷ്യയിലാണ് ഇനി നോട്ടമിടേണ്ടതെന്ന് ഒബാമ പറഞ്ഞ് കഴിഞ്ഞു. അമേരിക്കന്‍ പട്ടാളം ഇനി ഏഷ്യയില്‍ തമ്പടിക്കും. അതിനായി അമേരിക്ക ലക്ഷ്യമിടുന്നത് ഇന്ത്യയെ ആണ്.

സാമ്പത്തിക തകര്‍ച്ചയിലേയ്ക്ക് വീണ് കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് അമേരിക്കയെ പിന്തുണയ്ക്കാതെ തരമില്ലാതാകുന്നു. ഇന്ത്യയെ അമേരിക്കന്‍ താവളമാക്കി മാറ്റുവാന്‍ ബ്രിട്ടീഷുകാരും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയവും സമ്മതിക്കാതിരുന്നത് മാറ്റി മറിക്കുവാന്‍ അമേരിക്കയെ മന്മോഹന്‍ സര്‍ക്കാര്‍ സഹായിക്കുമോ? ഇതിനെല്ലാം ഉത്തരം 2012 നല്‍കുമായിരിക്കും!